bhagavatham 3-chapter-1 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
bhagavatham 3-chapter-1 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ജനുവരി 14, ചൊവ്വാഴ്ച

3.1 ഉദ്ധവരോട് വിദുരരുടെ ചോദ്യങള്‍

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 1

ശുകദേവന്‍ പറഞു: "ഹേ രാജന്‍!, സര്‍‌വ്വസമ്പത്സമൃദ്ധമായ തന്റെ വീടുപേക്ഷിച്ച് കാട്ടിലെത്തിയ ഭക്തോത്തമനായ വിദുരര്‍ മൈത്രേയമുനിയോട് ചോദിച്ചു.

അല്ലയോ മൈത്രേയമുനേ!, ദുര്യോധനാദികളെ അവഗണിച്ചുകൊണ്ടും, അവരുടെ ഗൃഹത്തില്‍ നിന്നകന്നുനിന്നുകൊണ്ടും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ പാണ്ഡവന്‍‌മാരുടെ മന്ത്രിപദം അലങ്കരിച്ചു. ഇനിയെന്താണ് അവരുടെ ഗൃഹത്തെക്കുറിച്ച് അങേയ്ക്കു പറയാനുള്ളത്?."

അപ്പോള്‍ പരീക്ഷിത്ത് മഹാരജാവ് ശ്രീശുകനോട് ചോദിച്ചു. "ഹേ ഗുരോ!, എവിടെ, എപ്പോഴാണ് ഇതൊക്കെ ചര്‍ച്ചചെയ്യുവാനായി വിദുരന്‍ മൈത്രേയനെ കണ്ടുമുട്ടിയത്? മഹാനും, ഭക്തോത്തമനുമായ വിദുരരുടെ ചോദ്യം അത്യന്തം ഉചിതവും, സദുദ്ദേശ്യപരവുമായിരിന്നു. അവയൊക്കെ ജ്ഞാനികളാല്‍ അങേയറ്റം സമ്മതവുമാണ്."

സൂതന്‍ പറഞു: ഋഷികളേ, മഹാപണ്ഡിതനായ ശ്രീശുകന്‍ തനിക്ക് ഏറെ പ്രിയം തോന്നിയ പരീക്ഷിത്ത് മഹാരാജാവിനോട് ആദ്ദേഹത്തിന്റെ ചോദ്യങള്‍ക്കുള്ള ഉത്തരങള്‍ കേട്ടുകൊള്ളുവാന്‍ ആവശ്യപ്പെട്ടു.

ശ്രീശുകന്‍ പറഞു: "ധൃതരാഷ്ട്രര്‍ തന്റെ മക്കളോടുള്ള അന്ധമായ സ്നേഹത്താല്‍ മനസ്സില്‍ അധാര്‍മ്മികമായ ഇച്ഛയെ വച്ചുകൊണ്ട് പാണ്ഡവരുടെ അരക്കില്ലത്തിന് തീവച്ചു. മഹാനായ യുധിഷ്ഠിരന്റെ പത്നി ദ്രൗപതിയെ തലമുടിക്ക് കുത്തിപ്പിടിച്ച് ദുഃശ്ശാസനന്‍ വലിച്ചിഴച്ചുകൊണ്ടുപോയി. കണ്ണുനീരൊഴുകിവീണ് അവളുടെ കുചകുങ്കുമത്തെ കഴുകിക്കളഞിട്ടും മക്കളോടുള്ള അന്ധമായ സ്നേഹത്തില്‍ ആ ദുഃഷ്പ്രവൃത്തിയെ ധൃതരാഷ്ട്രര്‍ എതിര്‍ത്തിരുന്നില്ല. അജാതശത്രുവായ യുധിഷ്ഠിരനെ കൗരവര്‍ അധാര്‍മ്മികദ്യൂതത്തില്‍ പരാജയപ്പെടുത്തി. പക്ഷേ, സത്യവാദിയായ അദ്ദേഹം വനവാസത്തിനായ്ക്കൊണ്ട് കാട്ടിലേക്കുപോയി. തിരികെവന്ന് തന്റെ ന്യായവിഹിതം ചോദിച്ച അദ്ദേഹത്തിന്, മായയില്‍ മുഴുകി വിവേകം നഷ്ടപ്പെട്ട് വ്യാമോഹിതനായ ധൃതരാഷ്ട്രര്‍ അത് നിഷേധിച്ചു. അര്‍ജ്ജുനന്റെ ആവശ്യപ്രകാരം അപേക്ഷയുമായി ചെന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാക്കുകള്‍ ഭീഷ്മാദികള്‍ക്ക് അമൃതമായിരുന്നുവെങ്കിലും, പുണ്യക്ഷയം അതിന്റെ മൂര്‍ദ്ധന്യസ്ഥിതിയിലായിരുന്ന രാജാക്കന്‍‌മാര്‍ക്ക് ജഗദ്ഗുരുവായ ഭഗവാന്റെ വാക്കുകള്‍ അങനെയായിരുന്നില്ല. ധൃതരാഷ്ട്രരുടെ ക്ഷണം സ്വീകരിച്ച് വിദുരര്‍ അവിടെയെത്തില്‍ വേണ്ട ഉപദേശങള്‍ നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങള്‍ സകലമന്ത്രിമാര്‍ക്കും സ്വീകാര്യമായിരുന്നു."

വിരുരര്‍ പറഞു: "ഹേ മഹാരാജന്‍!, യുധിഷ്ഠിരന് കിട്ടേണ്ടതായ ന്യായവിഹിതം അദ്ദേഹത്തിനു നിങള്‍ നല്‍കുകതന്നെ വേണം. തെറ്റ് നിങളുടെ പക്ഷത്തായിരുന്നപ്പോഴും അജാതശത്രുവായ യുധിഷ്ഠിരനാണ് സകലദുരിതങളും അനുഭവിച്ചിരുന്നത്. ഇപ്പോള്‍ ഭീമസേനന്‍ അത്യന്തം കോപാകുലനായി ദീര്‍ഘനിശ്വാസം വിടുകയാണ്. നിങള്‍ക്കവനെ ഭയക്കുക്കതന്നെവേണം. മാത്രമല്ല, പാണ്ഡവന്‍‌മാരെ ഇപ്പോള്‍ ഭഗവാന്‍ മുകുന്ദന്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. അവന് കൂട്ടായി ദ്വിജന്‍‌മാരും, രാജാക്കന്‍‌മാരും, അവന്റെ കുടുംബത്തോടൊപ്പം യഥുക്കളുടെ ഗൃഹത്തില്‍ കഴിയുകയാണിപ്പോള്‍. ഈ യഥുരാജാക്കന്‍‌മാര്‍ എത്രയോ രാജാക്കന്‍‌മാരെ വെന്ന് രാജ്യങള്‍ പിടിച്ചടക്കിയവരാണ്. അങാകട്ടെ, പാപത്തെ സമ്പാദിക്കുകയാണ്. അങയുടെ മകന്‍ ദുഷ്ടനും, ഭഗവാന്റെ വിരോധിയുമാണ്. അങനെയുള്ള ഒരു പുത്രനെയാണ് അങ് പരിപാലിക്കുന്നത്. അതിനാലത്രേ അങയുടെ സകലസൗഭാഗ്യങളും നശിച്ചുകൊണ്ടിരിക്കുന്നതും. ഈ ദൗര്‍ഭാഗ്യാവസ്ഥയില്‍ നിന്നും മോചിതനായി സ്വന്തം കുടുംബത്തിനുവേണ്ടി അങയാലാവത് ചെയ്യുക." 

"ഇത്രയും കേട്ടതും, ദുര്യോധനന്‍ ചാടിവീണലറി. ആരാധ്യനായ വിദുരരെ അയാള്‍ വല്ലാതെ അധിക്ഷേപിച്ചു. അയാള്‍ ദേഷ്യം കടിച്ചമര്‍ത്തി. അവന്റെ ചുണ്ടുകള്‍ വിറച്ചു. ദുര്യോധനന് കൂട്ടായി കര്‍ണ്ണനും, തന്റെ സഹോദരന്‍‌മാരും, പിന്നെ അമ്മാവന്‍ ശകുനിയുമുണ്ടായിരുന്നു. ദുര്യോധനന്‍ ആക്രോശിച്ചു. "ആരാണീ ദാസിയുടെ പുത്രനെ ഇവിടേയ്ക്ക് വിളിച്ചുവരുത്തിയത്?. ഉണ്ണുന്ന ചോറിനു ഉചിതം കാണിക്കാതെ ഇയാള്‍ ശത്രുപക്ഷത്തുനിന്നുകൊണ്ട് നമ്മെ ദ്രോഹിക്കുകയാണ്. ഈ നിമിഷം ശ്വാസം മാത്രം ബാക്കിനിറുത്ത് ഇയാളെ പിടിച്ച് പുറത്താക്കുക."

"ദുര്യോധനന്റെ പരുഷവാക്ശരങള്‍ വിദുരരുടെ കാതുകള്‍ തുളച്ച് ഹൃദയത്തില്‍ ചെന്ന് തറച്ചു. അദ്ദേഹം തന്റെ ധനുസ്സ് പടിവാതിലിലുപേക്ഷിച്ച് ധൃതരാഷ്ട്രരുടെ ഭവനം വിട്ടിറിങി. എല്ലാം ഭഗവത് മായയെന്ന ബോധത്തില്‍ വിദുരന്‍ ഒരിക്കലും ഈ സംഭവത്തില്‍ ഖേദിച്ചിരുന്നില്ല. ഭക്തനായ വിദുരര്‍ക്ക് ഈ സംഭവമൊരനുഗ്രഹമായിമാറി. ഹസ്തിനപുരത്തില്‍ നിന്നിറങിയതിനുശേഷം, ഭഗവത് പാദമെന്ന് അദ്ദേഹം മനസ്സിലുറക്കുന്ന തീര്‍ത്ഥസ്ഥാനങളെ ആശ്രയമാക്കി ജീവിതം മുന്നോട്ട് നീക്കി. ആത്മീയജീവിതം ലക്ഷ്യമിട്ടുകൊണ്ട് ഭഗവത് സാന്നിധ്യമുള്ള തീര്‍ത്ഥാടനകേന്ദ്രങളിലെല്ലാം ചുറ്റിക്കറങി. ഭഗവത് സ്മരണയില്‍ വിദുരര്‍ അയോദ്ധ്യ, ദ്വാരക, മധുര, തുടങിയ തീര്‍ത്ഥസ്ഥാനങളിലൂടെ ഏകനായി സഞ്ചരിച്ചു. അനഘമായ വായു, മലകള്‍, കായ്കനിത്തോട്ടങള്‍, നദികള്‍, സരസ്സുകള്‍, ആദിയായവകളെ സ്പര്‍ശിച്ച് വിദുരര്‍ തന്റെ യാത്ര തുടര്‍ന്നു. ഭഗവത് സാന്നിധ്യമുള്ള നിരവധി ക്ഷേത്രങളിലൂടെ അദ്ദേഹം തന്റെ തീര്‍ത്ഥാടനം കൊണ്ടാടി. തീര്‍ത്ഥാടനത്തിനിടയില്‍ വിദുരന്‍ തന്റെ ധര്‍മ്മം ശുദ്ധമായും, സ്വതന്ത്രമായും അനുഷ്ഠിച്ചു. ഭഗവാനെ പരിതോഷിപ്പിക്കുകയെന്നുള്ളതായിരുന്നു വിദുരരുടെ ജീവിതധര്‍മ്മം. പലേ തീര്‍ത്ഥങളില്‍ മുങി അദ്ദേഹം വീണ്ടും വീണ്ടും പരിശുദ്ധനായി. ശയിക്കാനുള്ള ഉപാധിപോലും കൂടാതെ ഒരു യാചകനെപ്പോലെ ഇങനെ സഞ്ചരിക്കുന്ന വിദുരരെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞില്ല. 

വിദുരന്‍ തന്റെ തീര്‍ത്ഥാടനത്തിനിടയില്‍ ഭാരതവര്‍ഷത്തിലുള്ള പ്രഭാസതീര്‍ത്ഥത്തിലെത്തി. ഈ സമയം, ഒരു കൊടിക്കീഴില്‍, ഒരു സേനയ്ക്കുപസ്ഥിതമായി, ഭാരതവര്‍ഷം യുധിഷ്ഠിരന്റെ അധീനതയിലായിരുന്നു. പ്രഭാസതീര്‍ത്ഥത്തിലെത്തിയ വിദുരര്‍ അവിടെവച്ച് ആ വാര്‍ത്തയറിഞു. മുളയുരസ്സിയുണ്ടായ കാട്ടുത്തിയില്‍പെട്ട് വനം വെന്ത് വെണ്ണീറാകുന്നതുപോലെ, അത്യാസക്തിയുടെ മൂര്‍ച്ഛയില്‍ തന്റെ ബന്ധുമിത്രാദികള്‍ ചത്തുനശിച്ചിരിക്കുന്നു. അവിടെനിന്നും അദ്ദേഹം അങ് പടിഞാറ് സരസ്വതീനദിയൊഴുകുന്നിടം ലക്‌ഷ്യമാക്കി നടന്നു. വിദുരന്‍ അവിടെയുണ്ടായിരുന്ന തീര്‍ത്ഥസ്ഥാനങളായ ത്രിത, ഉശനാ, മനു, പൃതു, അഗ്നി, അസിത, വായൂ, സുദാസ, ഗോ, ഗുഹ, സ്രാദ്ധദേവ, എന്നിങനെ പതിനൊന്ന് പുണ്യസ്ഥലങളും സന്ദര്‍ശിച്ച് സ്വയം തീര്‍ത്ഥീകരിച്ചു. അവിടെ പുണ്യാത്മാക്കള്‍ പ്രതിഷ്ഠിച്ച, ഭഗവത് സ്വരൂപങളുള്ള അനേഹം ദേവാലയങളുണ്ടായിരുന്നു. ഈ ദേവാലയങളില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിരവധി പ്രതിമകളും സ്ഥാപിച്ചിരുന്നു. അവയൊക്കെ ഭഗവാന്റെ ഓര്‍മ്മകളെ വാരം വാരം പ്രകീര്‍ത്തിച്ചുകൊണ്ടിരിന്നു. പിന്നീട് അദ്ദേഹം സൂരത്ത്, സൗവീര, മത്സ്യ, തുടങിയ പുണ്യസ്ഥലങളിലൂടെ നടന്ന് കുരുജംഗളത്തിലെത്തി അവിടെവച്ച് പരമഭക്തനായ ഉദ്ധവരെ കണ്ടുമുട്ടി. ഹൃദയം നിറഞൊഴുകിയ സ്നേഹത്തില്‍ വാസുദേവാനുചരനും, ഒരിക്കല്‍ ബ്രഹസ്പതിയുടേ ശിഷ്യനുമായിരുന്ന ഉദ്ദവരെ വിദുരര്‍ ഗാഡമായി ആലിംഗനം ചെയ്തു. വിദുരന്‍ ഉദ്ദവരോട് ഭഗവാന്റെ കുടുംബാംഗങളെക്കുറിച്ചുചോദിച്ചു."

"ഹേ ഉദ്ധവരേ!, കമലോത്ഭവനായ ബ്രഹ്മദേവന്റെ പ്രാര്‍ത്ഥനയാല്‍, ലോകമംഗളത്തിനഅയിക്കൊണ്ട്, ഇവിടെ ആ നാരായണന്‍ ശ്രീകൃഷ്ണനായും, ബലരാമനായും അവതാരങള്‍ കൈക്കൊണ്ടു. അവര്‍ ശൂരസേനന്റെ ഗൃഹത്തില്‍ സുഖമായിരിക്കുന്നുവോ?. കുരുവംശത്തിന്റെ ഉത്തമസുഹൃത്തും ഉദാരനുമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ സുഖമായിരിക്കുന്നുവോ?. അവന്‍ തന്റെ സഹോദരിമാര്‍ക്ക് അച്ചനെപ്പോലെയാണ്. തന്റെ ഭാര്യമാരെ വളരെയധികം സ്നേഹിക്കുകയും, സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഹേ ഉദ്ധവരേ!, അവിടുത്തെ പ്രധാനപടനയകനായ പ്രദ്യുംനന്‍ സന്തോഷവാനായിരിക്കുന്നുവോ?. അവന്‍ മുന്‍‌ജന്മത്തില്‍ ഒരു കാമദേവനായിരുന്നല്ലോ!, ഇന്നിതാ ബ്രാഹ്മണാനുഗ്രഹം കൊണ്ട് രുഗ്മിണിക്ക് ഭഗവാന്റെ പുത്രനായി പിറന്നിരിക്കുന്നു. സാത്വതന്‍‌മാര്‍ക്കും, വൃഷ്ണിവംശത്തിനും, ഭോജന്‍‌മാര്‍ക്കും, ദാശാര്‍ഹന്‍‌മാര്‍ക്കും, അധിപനായ ശൂരസേനനും സുഖം തന്നെയല്ലേ?. സര്‍‌വ്വതുമുപേക്ഷിച്ച് ദൂരെയെങോപോയ അദ്ദേഹത്തെ ഭഗവാനായിരുന്നുവല്ലോ തിരികെകൊണ്ടുവന്നത്. ഹേ ഉദ്ദവരേ!, പണ്ട്, അംബികയ്ക്ക് കാര്‍ത്തികേയനായിപ്പിറന്ന മകനാണല്ലോ ഇന്ന് ഭഗവാന്റെ പുത്രനുതുല്യം പ്രശോഭിച്ച്, വ്രതാദ്ധ്യയായ ജാംബവതിക്ക് പുത്രനായി പിറന്ന സാംബന്‍. അവനും സുഖമാണോ?. ഉദ്ധവരേ!, യുയുധാനന്‍ എങനെയുണ്ട്?. അവനാണല്ലോ അര്‍ജ്ജുനനില്‍ നിന്ന് സകലയുദ്ധകൗശലങളും പഠിച്ച്, ഒടുവില്‍ മഹാഋഷികള്‍ക്കുപോലും അപ്രാപ്യമായ അദ്ധ്യാത്മികസ്ഥാനത്തെത്തിച്ചേര്‍ന്നിരിക്കുന്നത്. 

അവിടെ മറ്റൊരാളുണ്ട്, ശ്വഫല്‍ക്കപുത്രനായ അക്രൂരന്‍. ഒരു തികഞ ഭവവത്പ്രേമി. ഒരുദിവസം, അകമഴിഞ ഭക്തിയില്‍ സ്വബോധം നഷ്ടപ്പെട്ട്, ഭഗവത് പാദാങ്കിതമാര്‍ഗ്ഗത്തില്‍ വീണുരുണ്ടാനന്ദിച്ച്. ആ പരമഭക്തനും സുഖം തന്നെയല്ലേ?. യജ്ഞകര്‍മ്മം വേദങളില്‍ അധിഷ്ഠിതമെന്നതുപോലെ, ദേവകഭോജരാജന്റെ മകളായ ദേവകിയുടെ ജഠരത്തില്‍ ആ പരമ്പുരുഷന്‍ ശ്രീകൃഷ്ണനായി അവതാരമെടുത്തു. അവള്‍ ദേവമാതാവായ അതിതിയെപ്പോലെ ഭഗവാന്റെ മാതാവായി മാറി. ആ സൗഭാഗ്യവതിക്കും സുഖം തന്നെയല്ലേ?. ഭക്താഭീഷ്ടപ്രദായകനായ അനിരുദ്ധന്‍ എന്തുപറയുന്നു. അവനാണല്ലോ ഋഗ്വേദത്തിനു വഴിയൊരുക്കിയതും,   മനസ്സിനെ സൃഷ്ടിച്ചതുമെല്ലാം. വിഷ്ണുതത്വത്തിന്റെ നാലാമന്‍ അവനാണെന്നാണ് പറയപ്പെടുന്നത്. ഹേ അനഘാ!, ഹൃദീകനും, ചാരുദേഷ്ണനും, ഗദനും, സത്യഭാമയുടെ പുത്രനുമെല്ലാം ഭഗവാനെ മനസ്സാ സ്വീകരിച്ച്, തങളുടെ ജീവന്റെ ജീവനായി കരുതി ആ ഭഗവാന്റെ പാദയെ മാത്രം പിന്തുടരുന്ന ഭക്തോത്തമന്‍‌മാരാണ്. അവരെല്ലാം സുഖമായിരിക്കുന്നുവോ?. യുധിഷ്ഠിരന്‍ തന്റെ രാജ്യത്തെ ധര്‍മ്മാനുസരണം പരിപാലിക്കുന്നുണ്ടോ?. ഭഗവാനും, അര്‍ജ്ജുനനും ചേര്‍ന്ന് സ്വന്തം കൈകളെന്നപോലെ യുധിഷ്ഠിരനെ പരിരക്ഷിച്ചതില്‍ ദുര്യോധനന്‍ എന്നും യുധിഷ്ടിരനോടുള്ള ശത്രുതയില്‍ എരിഞുനീറുകയായിരുന്നല്ലോ!. പാപികളോടുള്ള ഭീമസേനന്റെ ശൗര്യമൊക്കെയടങിയോ?. അവന്‍ ഒരു മൂര്‍ഖന്‍പാമ്പിനെപ്പോലെയായിരുന്നല്ലോ!. ഗദയും ചുഴറ്റിയുള്ള അവന്റെ നടത്തം ഭൂമീദേവിക്കുപോലും അസഹനീയമായിരുന്നു. ഗാണ്ഡീവധാരിയായ അര്‍ജ്ജുനന്‍, ഒരിക്കല്‍ വേഷം മാറിവന്ന ശ്രീപരമേശ്വരനുമായി യുദ്ധം ചെയ്തു. പരമശിവനെ അര്‍ജ്ജുനന്‍ തന്റെ അസ്ത്രൗഘങളാല്‍ പൊതിഞപ്പോള്‍ ഭഗവാന്‍ അവന്റെ യുദ്ധനൈപുണ്യത്തില്‍ അത്യന്തം സന്തുഷ്ടനായി. മഹാരഥിയായ അര്‍ജ്ജുനന്‍ ഇപ്പോള്‍ എന്തുചെയ്യുന്നു?. നകുലസകദേവന്‍‌മാര്‍ക്കും സുഖം തന്നെയല്ലേ?. കണ്‍പീലികള്‍ കൃഷ്ണമണിയെ കാക്കുന്നതുപോലെയാണ് പാണ്ഡവസഹോദരന്‍‌മാര്‍ ഇവരെ സം‌രക്ഷിക്കുന്നത്. ഇന്ദ്രവക്ത്രത്തില്‍ നിന്നും ഗരുഡന്‍ അമൃതം കരസ്ഥമാക്കിയതുപോലെ, ഈ കുന്തീപുത്രന്‍‌മാര്‍ തങള്‍ക്കവകാശപ്പെട്ട രാജ്യത്തെ ദുര്യോധനനില്‍ നിന്നും പിടിച്ചെടുത്തു. 

അല്ലയോ ഭഗവന്‍!, കുന്തീദേവി ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ?. പിതാവ് നഷ്ടപ്പെട്ട തന്റെ കുഞുങള്‍ക്കുവേണ്ടിയായിരുന്നു അവര്‍ ജീവിച്ചിരുന്നത്. അമ്പും വില്ലും മാത്രം ഉപയോഗിച്ച് നാലുദിക്കും ജയിച്ച വീരനായ പാണ്ഡുവിന്റെ അഭാവത്തില്‍ അരക്ഷിതരായ തന്റെ മക്കളുടെ സം‌രക്ഷണാര്‍ത്ഥമാണ് അവര്‍ ജീവിച്ചത്. ഉദ്ദവരേ!, തന്റെ അനുജന്റെ മരണത്തിനുശേഷവും അവരെ ജീവിക്കാനനുവദിക്കാത്ത ധൃതരാഷ്ട്രരെ ഓര്‍ത്ത് വിലപിക്കാന്‍ മാത്രമേ എനിക്ക് ഇപ്പോള്‍ കഴിയുന്നുള്ളൂ. ആത്മാര്‍ത്ഥതയോടെ ഒപ്പം നിന്ന എന്നെയും, തന്റെ മക്കളുടെ അധാര്‍മ്മികപ്രവൃത്തികള്‍ക്ക് കൂട്ടുനിന്നുകൊണ്ട്, അദ്ദേഹം ആട്ടിപുറത്താക്കി. എനിക്കിതില്‍ അല്പം പോലും ആശ്ചര്യം തോന്നുന്നില്ല. കാരണം, ഒരു മനുഷ്യനെപ്പോലെ കര്‍മ്മനിരതനായി ഇവിടെ സാധാരണമനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണനെ കണ്ട് ഈ ലോകം ആശ്ചര്യപ്പെടുമ്പോള്‍, ഞാന്‍ അവന്റെ മായയേയും, മഹിമയേയും, അറിയാന്‍ ശ്രമിക്കുന്നു. 

അഹങ്കാരം നിമിത്തം വഴിപിഴച്ചു സഞ്ചരിച്ച രാജാക്കന്‍‌മാര്‍ ഭൂമിയില്‍ തങളുടെ സേനാബലം കൊണ്ട് അനേകം അധര്‍മ്മങളെ ചെയ്തുവെങ്കിലും, സത്ജനപാലകനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇവരുടെ മരണത്തെ വളരെയധികം വിളംബപ്പെടുത്തി. ഈ ദുര്‍‌വിനീതന്‍‌മാരെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടിയാണ് ഭഗവാന്‍ ഇവിടെ അവതീര്‍ണ്ണനായിരിക്കുന്നത്. അവന്റെ അത്ഭുതലീലകളുടെ ഉദ്ദേശം ജനങളെ ബോധവാന്‍‌മാരാക്കുകയെന്നതാണ്. അല്ലെങ്കില്‍ പിന്നെ ത്രിഗുണാധീതനായ ഭഗവാന്‍ ഈ ഭൂമിയിലവതരിച്ചിട്ടെന്തുകാര്യം?.

അതുകൊണ്ട്, സുഹൃത്തേ!, അവന്റെ മഹിമകള്‍ വാനോളം വാഴ്ത്തുക. ഈ പുണ്യസ്ഥലങളിലെല്ലാം അവന്റെ കഥാമൃതങളാണ് വാഴ്ത്തപ്പെടേണ്ടത്. അവന്‍ ധര്‍മ്മതല്പ്പരരായ രാജാക്കന്‍‌മാര്‍ക്ക് കരുണയരുളിക്കൊണ്ട് ലോകത്തിന്റെ നാനായിടങളില്‍ അവതരിക്കുന്നു. അജനായ ആ പരമപുരുഷന്‍ ഇക്കാരണം കൊണ്ടാണ് യഥുക്കളുടെയിടയിലും പ്രത്യക്ഷനായത്.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.

ഓം തത് സത്