02 - അദ്ധ്യായം - 10 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
02 - അദ്ധ്യായം - 10 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ജനുവരി 8, ബുധനാഴ്‌ച

2.10 ശ്രീമദ് ഭാഗവതം - സകല ചോദ്യങള്‍ക്കുമുള്ള ഉത്തരം

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 10


ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, ശ്രീമദ് ഭാഗവതത്തില്‍ അദ്ധ്യാത്മികതത്വങളെ പത്തുലക്ഷണങളായി തരം തിരിച്ചിരിക്കുന്നു. സര്‍ഗ്ഗം (സൃഷ്ഠി), വിസ്സര്‍ഗ്ഗം (ഉപസൃഷ്ടി), സ്ഥാനം (ഗ്രഹങളുടെ ഘടന), പോഷണം (സം‌രക്ഷണം), ഊതയം (കര്‍മ്മ പ്രേരണ), മന്വന്തരം (മനുയുഗങള്‍), ഈശാനുകഥകള്‍ (ഭഗവദ് കഥകള്‍), നിരോധം (ഭഗവാനിലേക്കുള്ള തിരിച്ചുപോക്ക്), മുക്തി (ആത്മസാക്ഷാത്കാരം), ആശ്രയം (നിശ്രയസ്സ്) എന്നിങനെ അവ പ്രത്യേകം പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നു. ആശ്രയം എന്ന പത്താം ലക്ഷണത്തെ വേര്‍തിരിച്ചുകാണിക്കുന്നതിനുവേണ്ടി മഹാത്മാക്കള്‍ മറ്റുള്ള ഒമ്പത് ലക്ഷണങളെ ശ്രുതിക്കനുസരിച്ചോ, ആചാരങള്‍ മുഖേനയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍ ലഘൂകരിച്ചോ അതില്‍ വിവരിച്ചിരിക്കുന്നു. ഭൂമി, ജലം, അഗ്നി, വായൂ, ആകാശം എന്നിങനെ പഞ്ചഭൂതങളും, ശബ്ദം, രൂപം, രസം, ഗന്ധം, സ്പര്‍ശം എന്ന അവയുടെ മാത്രകളും, കണ്ണ്, മൂക്ക്, നാക്ക്, കാത്, ത്വക്ക് എന്ന അഞ്ച് ജ്ഞാനേന്ദ്രിയങളും, മനസ്സും ചേര്‍ന്ന് സര്‍ഗ്ഗം എന്നറിയപ്പെടുന്നു. അതുപോലെ പ്രകൃതിയുടെ തൃഗുണങളുടെ പരിണിതഫലമായി വരുന്നതിനെ വിസ്സര്‍ഗ്ഗമെന്നും പറയുന്നു. കരുണാമയനായ ഭഗവാന്റെ വൈകുണ്ഠപ്രാപ്തിയാണ് ലോകത്തിന്റെ പരമമായ സ്ഥാനം. വിധികള്‍ക്കനുസരിച്ച് ശാന്തിയോടെ അവന്റെ സം‌രക്ഷണവലയത്തില്‍ കഴിയുകയെന്നുള്ളതാണ് ലോകപോഷണം എന്നത്. മനുക്കളും അവരുടെ നിയമങളും ചേര്‍ന്ന് മന്വന്തരങളിലൂടെ ഉചിതമായ ജീവിതദിശകള്‍ തെളിച്ചുകാട്ടുന്നു. ഫലേച്ഛ വയ്ക്കുന്നതോടെ കര്‍മ്മം ചെയ്യാനുള്ള പ്രേരണയും ലഭിക്കുന്നു. ശ്രീമദ് ഭാഗവതപുരാണം ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരങളും, അവന്റെ ലീലകളും, കൂടാതെ ഭക്തോത്തമന്‍‌മാരുടെ ജീവിതമാഹാത്മ്യത്തേയും വരച്ചുകാട്ടുന്നു. നിരോധം എന്നത്, ജീവന്‍ തന്റെ സകലശക്തികളോടൊപ്പം ആ മഹാപുരുഷനില്‍ ചേരുന്നുവെന്നുള്ളതാണ്. എന്നാല്‍ മുക്തി എന്നത് സ്ഥൂലവും, സൂക്ഷ്മവുമായ സകലശരീരങളുമുപേക്ഷിച്ച് ഈ ജീവന്‍ ഭഗവാന്‍ ഹരിയില്‍ എന്നെന്നേയ്ക്കുമായി വിലയം ചെയ്യുന്നുവെന്നുള്ള പരമസത്യമാണ്. സകല പ്രാപഞ്ചിക ആവിര്‍ഭാവങള്‍ക്കും, അവയുടെ തിരിച്ചുപോക്കിനുമെല്ലാം കാരണം ആ പരമപുരുഷനാണ്. ആയതിനാല്‍ അവനാണ് സകല ജീവന്‍‌മാര്‍ക്കും ഏകാശ്രയമായിട്ടുള്ളത്.

ഇന്ദ്രിയാര്‍ത്ഥങളെ ലാളിക്കുന്നവന്‍ അദ്ധ്യാത്മികനെന്നും, ഇന്ദ്രിയങള്‍ക്ക് അധിദേവനായിരിക്കുന്നവന്‍ ആദിദൈവികന്‍ എന്നും പറയുന്നു. എന്നാല്‍ രണ്ടിനാലും വിച്ഛേദിക്കപ്പെട്ടു നില്‍ക്കുന്നവന്‍ ആദിഭൗതികന്‍ എന്ന് വിളിക്കപ്പെടുന്നു. മേല്‍പ്പറഞ മൂന്ന് വിഭാഗക്കാരും സര്‍‌വ്വസ്വതന്ത്രരാണ്. ഒന്നിനെകൂടാതെ മറ്റൊന്നിനെ മനസ്സിലാക്കാന്‍ അസാധ്യമാണ്. എന്നാല്‍ ആ പരമപുരുഷനാകട്ടെ, മൂന്നിനേയും അറിയുന്നവനാണ്. അതിനാല്‍ അവന്‍ ഈ മൂന്നിനും പരമ ആശ്രയമായി നിലകൊള്ളുന്നു.


ബ്രഹ്മാണ്ഡങള്‍ പ്രത്യേകം പ്രത്യേകം വിഭജിച്ചതിനുശേഷം, ആദ്യപുരുഷാവതാരം സംഭവിച്ച കാരണസമുദ്രത്തില്‍ നിന്നും പുറത്തുവന്ന മഹാവിഷ്ണു, ഈ ബ്രഹ്മാണ്ഡങളില്‍ പ്രവേശിച്ചു ഗര്‍ഭോദകങളില്‍ ശയിച്ചു. ആ പരമാത്മാവില്‍ നിന്നുത്ഭവിച്ച ഈ ഉദകത്തെ നാരം എന്നും, അതില്‍ അനേക ദിവ്യ സംവത്സരങള്‍ ശയിച്ച ഭഗവാനെ നാരായണന്‍ എന്നും വിളിക്കുന്നു. സര്‍‌വ്വ ഭൂതങളും, കര്‍മ്മവും, കാലവും, ജീവികളും, എല്ലാം നിലനില്‍ക്കുന്നത് ആ ഭഗവാന്റെ കരുണ്യം ഒന്നുകൊണ്ടുമാത്രം. ഒരിക്കല്‍ അവനുപേക്ഷിച്ചാല്‍ സകലവും അപ്രത്യക്ഷം. അങനെ പ്രപഞ്ചത്തില്‍ നാനാജീവികളുടെ സൃഷ്ടിക്കായ്ക്കൊണ്ട് തല്പ്പത്തില്‍ യോഗനിദ്രകൊള്ളുന്ന ഭഗവാന്‍ ഹരിയുടെ മായാശക്തിയാല്‍ അവനില്‍ നിന്നും സ്വര്‍ണ്ണവര്‍ണ്ണത്തില്‍ വീര്യം സ്രവിച്ചു.

ഹേ രാജന്‍!, ഇനി, ആ ഭഗവാനില്‍ നിന്നും അദ്ധ്യാത്മികവും, ആദിദൈവികവും, ആദിഭൗതികവുമായ ജീവന്‍‌മാര്‍ ഏതുവിധം തരം തിരിക്കപ്പെട്ടിരിക്കുന്നുവെന്നുള്ളതും എന്നില്‍ നിന്നുകേട്ടുകെള്ളുക. അവന്റെ ശരീരാന്തര്‍ഭാഗമായ ആകാശത്തില്‍ നിന്നും ഓജസ്സും, മനശക്തിയും, ശരീരബലവും, എല്ലാറ്റിനുമുപരിയായി പ്രാണനും ഉടലെടുത്തു. അനുയായികള്‍ രാജാക്കന്‍‌മാരെ പിന്തുടരുന്നതുപോലെ, യാതൊരു വസ്തു, അത് സര്‍‌വ്വതിനേയും വഹിച്ചുകൊണ്ടു ചലിക്കുമ്പോള്‍, അതിലധിഷ്ഠിതമായ സകലവസ്തുക്കളും അതിനോടൊപ്പം ചലിക്കുന്നു. എന്നാല്‍ സര്‍‌വ്വതിനേയും വഹിക്കുന്ന ആ പരമ വസ്തു നിലക്കുമ്പോള്‍, അതിലടങിയിരിക്കുന്ന സകലമാനവസ്തുക്കളും താനേ നിലക്കുന്നു. ആകാശത്തില്‍ നിന്നുമുണ്ടായ പ്രാണന്‍ അവനില്‍ വിശപ്പും ദാഹവുമുണ്ടാക്കി. ആ വിശപ്പും ദാഹവുമകറ്റാന്‍ ആ പരമ്പുരുഷന്‍ തന്റെ തിരുവായ് മലര്‍ വിരിയിച്ചു. അതില്‍ താലു ഉണ്ടായി. അതിനുശേഷം ജിഹ്വ സൃഷ്ടിക്കപ്പെട്ടു. തുടര്‍ന്ന് ഈ നാവിന് രുചിക്കുവാനായി വിവിധതരം സ്വാദുകളുണ്ടായി. അവന്‍ ഉരിയാടാനിച്ചിക്കവേ ഭാഷ നിലവില്‍ വന്നു. പിന്നീട് അതിന്നധിദേവതയായ അഗ്നി ഉത്പന്നമായി. പക്ഷേ അവന്‍ ജലധിശയനനാകവേ, ഇവയൊക്കെ വീണ്ടും വിളംബപ്പെട്ടുകിടന്നു.

മണക്കാനുള്ള ഇച്ഛയോടെ ഭഗവാന്‍ നാസയും മണവും നിര്‍മ്മിച്ചു. അതുവഴി അവന്‍ അതിന്നധിദേവതയായ ഗന്ധവാഹി വായുവിനെ ധൃതഗതിയില്‍ ശ്വസിച്ചു. കനത്ത കൂരിരുട്ടില്‍ തന്നേയും, തന്റെ സൃഷ്ടിയേയും നേരില്‍ കാണാനിച്ഛിച്ചുകൊണ്ട് അവന്‍ നയനങളും, ജ്യോതിയും, ദൃശ്യഗുണവും ഉണ്ടാക്കി. മഹാഋഷികള്‍ ഭഗവാനെ അറിയാന്‍ ആഗ്രഹിച്ചത് ഹേതുവായി ആ നാരായണന്‍ ചെവിയും, ശ്രോതശക്തിയും, അതിന്റെ അധിദേവതയേയും, ശബ്ദവും സൃഷ്ടിച്ചു. പിന്നീട് വസ്തുക്കളുടെ സ്വഭാവമായ മൃദുത്വം, കാഠിന്യം, ചൂട്, തണുപ്പ്, ലഘുത്വം, മഹത്വം, അനുഭൂതി, എന്നിവയറിയാന്‍ കൊതിച്ചുകൊണ്ട്, ത്വക്ക്, രോമകൂപം, രോമം, അവയുടെ അധിദേവതകള്‍, എന്നിവ നിര്‍മ്മിച്ചു. ത്വക്കിന് അകവും, പുറവുമായി ഒരു വാതാവരണം ചമച്ച്, വസ്തുക്കളുടെ ഗോചരത്വത്തെയറിയുവാനുള്ള ഉപാധിയുമുണ്ടാക്കി.

തതനന്തരം, കര്‍മ്മോത്സുകനായ ഭഗവാന്‍ ഇരുകരങളേയും, അവയുടെ അധിപനായ ഇന്ദ്രനേയും, തുടര്‍ന്ന് നാനാവിധ കര്‍മ്മങളേയും ഉത്പന്നമാക്കി. ചലനത്തെ കാംക്ഷിച്ച ഭഗവാന്‍ പാദങളുണ്ടാക്കി. അതിന്നധിപനായി ഭഗവാന്‍ സ്വയം യജ്ഞനായി അവതരിച്ച്, മനുഷ്യരാല്‍ വിവിധകര്‍മ്മങള്‍ ആചരിപ്പിച്ചു. പിന്നീട് മൈഥുനാമൃതരസാസക്തനായ ഭഗവാന്‍ സ്ത്രീപുരുഷന്‍‌മാരുടെ ജനനേന്ദ്രിയങളെ സൃഷ്ടിച്ചു. അവര്‍ക്കനുഭവിക്കാനായി കാമത്തേയും ഉളവാക്കി. അതിന്നധിദേവകളായ പ്രജാപതികളേയും ചമച്ചു. ധാതുമലം വിസര്‍ജ്ജിക്കാനിച്ചിച്ചുകൊണ്ട് ആ പരമപുരുഷന്‍ ഗുദവും, പായുവും, അതിന്നധിപനായ മിത്രനേയും തീര്‍ത്തു. ശരീരങള്‍ മാറിമാറി സ്വീകരിക്കാനുള്ള ഉപാധിയായി ഭഗവാന്‍ നാഭീദ്വാരത്തേയും, മരണത്തേയും, അപാനനേയും ഉണ്ടാക്കി. അങനെ നാഭി, മൃത്യുവിനും, അപാനനും ആശ്രയമായി മാറി. ആഹാരപാനീയങള്‍ക്കായി ആഗ്രഹിച്ച ഭഗവാന്‍ ഉദരവും, ആന്ത്രവും, നാഡികളും, നിര്‍മ്മിച്ചു. അവയുടെ തുഷ്ടിയേയും, പുഷ്ടിയേയും, നദികളും, സമുദ്രങളും ചേര്‍ന്നു കാക്കുന്നു.

പിന്നീടവന്‍ തന്റെ ആത്മമായയെക്കുറിച്ച് ചിന്തിച്ചു. തുടര്‍ന്ന് ഹൃദയവും, മനസ്സുമുണ്ടായി. അവയ്ക്കധിപനായി ചന്ദ്രനുമുണ്ടായി. തുടര്‍ന്ന് അവയ്ക്കാധാരമായ സകല സങ്കല്പ്പങളും ആഗ്രഹങളുമുണ്ടായി. ഭൂമിയേയും, ജലത്തേയും, അഗ്നിയേയും ചേര്‍ത്തുവച്ച് ശരീരത്തിന്റെ ഏഴു ധാതുക്കളായ ത്വക്ക്, ചര്‍മ്മം, മാംസം, രക്തം, മേധസ്സ്, മജ്ജ, അസ്ഥി, എന്നിവയുണ്ടായി. പിന്നീട് ആകാശവും, ജലവും, വായുവും ചേര്‍ന്ന് പ്രാണനും ഉടലെടുത്തു. അഹങ്കാരത്തില്‍ നിന്നും ഉല്പ്പന്നമായ പ്രകൃതിയുടെ തിഗുണങളുമായി ഇന്ദ്രിയങള്‍ ചേര്‍ന്നുനില്‍ക്കുമ്പോള്‍, മനസ്സ് സുഖ-ദുഃഖസമ്മിശ്രമായ നാനാവിധ ലൗകികാനുഭവങള്‍ക്ക് വശം‌വദമായി നില്‍ക്കുന്നു. അതുപോലെ ബുദ്ധിയും മനസ്സിന്റെ ഒരു ദീര്‍ഘാവലോകനം മാത്രമാണ്.

ഹേ മഹാരാജന്‍!, ഇവയെല്ലാം ചേര്‍ത്തുനോക്കുമ്പോള്‍, ആ പരമപുരുഷന്റെ ബാഹ്യമായ ഘടന നാനാലോകങള്‍ പോലുള്ള പ്രാപഞ്ചികരൂപങള്‍ ചേര്‍ന്ന് നിലകൊള്ളുന്നു. ഇത് ഞാന്‍ അങേയ്ക്ക് പറഞുതന്നതാണ്. എന്നാല്‍ അവന്റെ അദ്ധ്യാത്മികരൂപം തികച്ചും വ്യത്യസ്ഥമാണ്. അത് അതിസൂക്ഷമാണ്. അവ്യക്തമാണ്. ആദിമധ്യാന്തരഹിതമാണ്. അത് വാക്കിനും, മനസ്സിനും അതീതമാണ്. മുമ്പ് വാക്കുകളാല്‍ വര്‍ണ്ണിക്കപ്പെട്ട അവന്റെ സ്ഥൂലരൂപത്തെ അവനെ അറിഞിട്ടുള്ള ജ്ഞാനികള്‍ കാര്യമാക്കുന്നില്ല. ആ പുരുഷോത്തമന്‍ തന്റെ അദ്ധ്യാത്മികമായ നാമത്തോടും, ഗുണത്തോടും, ലീലകളോടും, പരിവാരങളോടും, നാനാവിധ വേഷത്തില്‍ തന്റെ അവതാരങള്‍ കൈക്കൊള്ളുന്നു. അവന്‍ സര്‍‌വ്വസ്വതന്ത്രനാണെങ്കിലും, ഇത്യാദി ഗുണങളില്‍ വ്യാപൃതനെന്നപോലെ തോന്നപ്പെടുന്നു.

ഹേ രാജന്‍!, സകല ജീവന്‍‌മാരും അവരവരുടെ കര്‍മ്മങള്‍ക്കനുസരിച്ച് ഈ ഭഗവാനാല്‍ ജാതമാകുന്നു. ബ്രഹ്മാവ്, ദക്ഷന്‍, വൈവസ്വതമനു, ഇന്ദ്രന്‍, ചന്ദ്രന്‍, വരുണന്‍, മാഹാഋഷി ഭൃഗു, വ്യാസന്‍, വസിഷ്ഠന്‍, പിതൃലോകവാസികളായ സിദ്ധചാരണഗന്ധര്‍‌വ്വവിദ്ധ്യാധരാദികള്‍, അസുരന്‍, യക്ഷര്‍, കിന്നരര്‍, അപ്സരസ്സുകള്‍, ഇഴജന്തുക്കള്‍, കപിരൂപരായ കിം‌പുരുഷന്‍‌മാര്‍, മനുഷ്യര്‍, മാതൃലോകവാസികള്‍, രാക്ഷസര്‍, പിശാചുക്കള്‍, പ്രേതങള്‍, ഭൂതങള്‍, ഉന്മാദന്‍‌മാര്‍, വേതാളങള്‍, യാതുധാനന്‍‌മാര്‍, ഗ്രഹങള്‍, പക്ഷികള്‍, മൃഗങള്‍, ഗൃഹവാസിമൃഗങള്‍, വൃക്ഷങള്‍, കൊടുമുടികള്‍, രാജാക്കന്‍‌മാര്‍, ഉരഗങള്‍, ദ്വിവിധങളായ ചരാചരജീവികള്‍, ഭ്രൂണം, അണ്ഡം, വിയര്‍പ്പ്, വിത്ത്, എന്നിവയില്‍ നിന്നും ജനിച്ചിട്ടുള്ള ചതുര്‍‌വിധജീവജാലങള്‍, കൂടാതെ, ജലത്തിലായാലും, ആകാശത്തിലായാലും, സന്തോഷത്തിലോ, സന്താപത്തിലോ, ഇനി രണ്ടുംചേര്‍ന്ന അവസ്ഥയിലോ ഉള്ള മറ്റനേകം ജീവജാലങളെല്ലാം അവയ്ക്കുദാഹരണങളാണ്. ഇവയെല്ലാം തങളുടെ പ്രാരാബ്ദങള്‍ക്കനുസരിച്ച് ഉചിതമായ യോനികളില്‍ ജന്മം കൊള്ളുന്നു. ഹേ രാജന്‍!, പ്രകൃതിയുടേ സത്വരജസ്തമോഭേദങള്‍ക്കനുസരിച്ച് ഇവിടെ ദേവ-മനുഷ്യ-നാരകാദി ജീവജാലങള്‍ പ്രത്യക്ഷമാകുന്നു. ഏതൊരു പ്രത്യേകഗുണവും മറ്റുള്ള രണ്ടുമായി ചേര്‍ന്നതിനുശേഷം മൂന്നായി പിരിയുന്നു. അങനെ ഓരോ ജീവിയും അന്യഗുണങള്‍ക്കധീതരായി അതാത് ഗുണങളുടെ സ്വഭാവവിശേഷങള്‍ സ്വീകരിക്കുന്നു.

സൃഷ്ടിക്കുശേഷം സര്‍‌വ്വലോകപാലകനും, ധര്‍‌മ്മരൂപദൃക്കുമായ ഭഗവാന്‍ വിവിധ അവതാരങളെടുത്ത് പ്രത്യക്ഷമാകുന്നു. അങനെ നര-ദേവ-തിര്യക് ജീവന്‍‌മാരെ വീണ്ടും, ഫലവത്താക്കി മാറ്റുന്നു. ഓടുവില്‍ കല്പ്പാന്തത്തില്‍ ആ ഭഗവാന്‍ തന്നെ രുദ്രനായി വന്ന് സകലസൃഷ്ടികളേയും നിര്‍മ്മൂലമാക്കുന്നു. വിജ്ഞാനവാദികള്‍ അവന്റെ ലീലകളെ ഈവിധം വര്‍ണ്ണിക്കുമ്പോള്‍, അവന്റെ ഭക്തോത്തമന്‍‌മാരാകട്ടെ, ഇതിനുമൊക്കെയപ്പുറം മഹത്വമേറിയ അവന്റെ അത്ഭുതലീലകള്‍ നേരില്‍ കാണാന്‍ യോഗ്യരാകുന്നു.

ഹേ പരീക്ഷിത്ത് രാജന്‍!, സൃഷ്ടിസ്ഥിതിസംഹാരാദികളില്‍ ആ ദിവ്യപുരുഷന് യാതൊരുവിധത്തിലും കര്‍ത്തൃത്വമില്ല. അതേസമയം അവന്റെ കര്‍ത്തൃത്വത്തെക്കുറിച്ച് സ്മൃതികളില്‍ പറഞിട്ടുള്ളതെല്ലാം തന്റെ മായയായ മൂലപ്രകൃതിയുടെ കര്‍ത്തൃത്വഭാവത്തെ കുറിക്കാനാണ്. ഹേ രാജന്‍!, ഞാന്‍ ഇവിടെ പറഞതെല്ലാം ഈ പ്രപഞ്ചാദികളുടെ ഉല്പ്പത്തിയെക്കുറിച്ചുള്ള പരമസത്യങളാണ്. ബ്രഹ്മകല്പ്പത്തില്‍ അവയുടെ സൃഷ്ടിയും, വികല്പ്പത്തില്‍ അവയുടെ പ്രലയവും, സംബന്ധിക്കുന്ന വ്യവസ്ഥാപിതവിധിവിഹിതങളെ ഉദാഹരിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ഇവിടെ ഇവയെയൊക്കെ വലുതാക്കി അങയോട് പ്രതിപാദിച്ചത്. അല്ലയോ രാജന്‍!, കാലത്തിന്റെ സ്ഥൂലവും, സൂക്ഷ്മവുമായ പരിമാണത്തെക്കുറിച്ചും, അവയുടെ ലക്ഷണങളെക്കുറിച്ചും ഞാന്‍ അങേയ്ക്ക് വഴിയേ പറഞുതരുന്നതുണ്ട്. എന്നാല്‍ ഇപ്പോള്‍ പാത്മകല്‍പ്പത്തെക്കുറിച്ച് കേട്ടുകൊള്ളുക."

സൃഷ്ടിയെ കുറിക്കുന്ന ഇച്ചൊന്ന കാര്യങളെല്ലാം കേട്ടതിനുശേഷം ശൗനകന്‍ സൂതനോട് ചോദിച്ചു. എന്തെന്നാല്‍, തന്റെ ബന്ധുമിത്രാദികളെയൊക്കെ ഉപേക്ഷിച്ച്, അതിലുണ്ടായ കഠിനവിരഹത്തോടുകൂടി, വിദുരര്‍ക്ക് എങനെ തന്റെ വീടും കൂടുമുപേക്ഷിക്കാന്‍ കഴിഞു.

ശൗനകന്‍ ചോദിച്ചു: ഹേ സൂതമുനേ!, വിദുരരുടേയും മൈത്രേയരുടേയും സം‌വാദത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ഞങളാഗ്രഹിക്കുന്നു. എന്തെല്ലാമാണ് വിദുരര്‍ മൈത്രേയരോട് തിരക്കിയതെന്നും, അതിന് മൈത്രേയമുനി ചൊന്ന മറുപടി എന്തൊക്കെയാണെന്നുമറിയാന്‍ ഞങളിച്ചിക്കുകയാണ്. കൂടാതെ എന്തിനായി വീടുപേക്ഷിച്ചെന്നും, പിന്നീടെന്തിന് തിരികെവന്നുവെന്നും, ഇതിനിടയില്‍ തീര്‍ത്ഥടനസമയത്ത് എന്തൊക്കെ അദ്ദേഹം ചെയ്തുവെന്നും ഞങള്‍ അറിയാനാഗ്രഹിക്കുന്നു.

സൂതന്‍ പറഞു: ഹേ ശൗനകാദിഋഷികളെ!, പരീക്ഷിത്തുരാജന്റെ തുടര്‍ന്നുള്ള ചോദ്യങള്‍ക്ക് ശ്രീശുകന്‍ എങനെ ഉത്തരം നല്‍കിയെന്നുള്ളത് ഞാന്‍ നിങളോട് പറയാം. അതിനെ ശ്രദ്ധയോടെ ഭവാന്‍‌മാര്‍ കേട്ടുകൊള്ളുക.

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ദം പത്താമധ്യായം സമാപിച്ചു.

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  സാമാപ്തം.

ഓം തത് സത്