bhagavatham 3-chapter-2 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
bhagavatham 3-chapter-2 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ജനുവരി 17, വെള്ളിയാഴ്‌ച

3.2 ഉദ്ധവരുടെ ഭഗവത്സ്മരണ

ഓം

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  അദ്ധ്യായം - 2

ശ്രീശുകന്‍ പറഞു: "ആകാംശാഭരിതനായി ഇങനെ അനേകം ചോദ്യങള്‍ വിദുരര്‍ ഉദ്ധവരോട് ചോദിച്ചു. പക്ഷേ ഭഗവത് സ്മൃതിയുടെ അതിരേകത്തിലുണ്ടായ ഹൃദയത്തുടിപ്പില്‍ തന്നെതന്നെ മറന്നുപോയ ഉദ്ധവര്‍ക്ക് ആ ചോദ്യങള്‍ക്കൊന്നും ഉടനെ ഉത്തരം പറയാന്‍ കഴിഞില്ല. കുട്ടിക്കാലത്ത് അഞ്ചുവയസ്സുള്ളപ്പോല്‍ പോലും ഉദ്ധവര്‍ ഭഗവത് പ്രേമത്തില്‍ അലിഞുപോകുമായിരുന്നു. മാതാവ് പ്രഭാതഭക്ഷണത്തിനുവിളിച്ചാല്‍ പോലും അദ്ദേഹം ഭഗവാനില്‍ മതിമറന്ന് അത് ഉപേക്ഷിക്കുമായിരുന്നു. ചെറുപ്പകാലം മുതല്‍ക്കേയുള്ള കൃഷ്ണപ്രേമം വയസ്സായ അവസ്ഥയിലും തീവ്രമായിരുന്നതിനാല്‍ ഭഗവാനെക്കുറിച്ച് കേട്ടനിമിഷം തന്നെ ഉദ്ധവരുടെ മനസ്സില്‍ ഭഗവാനുമായുള്ള സകല സ്മൃതികളുമുണര്‍ന്നു. ഒരുനിമിഷത്തേക്ക് ഉദ്ധവര്‍ ശരീരമിളകാതെ സ്തബ്ദനായി നിന്നു. ഭഗവദ്പാദപങ്കജങളെ സ്മരിച്ചുണ്ടായ ഹര്‍ഷോന്മാദത്തില്‍ അദ്ദേഹം അലിഞുചേര്‍ന്നു. അതില്‍ അദ്ദേഹം കൂടുതല്‍ ആഴ്ന്നിറങുന്നതുപോലെ വിദുരര്‍ക്കുതോന്നി. ഉദ്ധവരുടെ അംഗങള്‍തോറുമുണ്ടായ അത്യുത്കൃഷ്ടമായ ചലനങള്‍ കണ്ടപ്പോള്‍, കൃഷ്ണനോടുള്ള അദ്ദേഹത്തിന്റെ തീവ്രസ്നേഹം പ്രസരിച്ച് സം‌പ്ലുതമായ അനുഭൂതിയെ വിദുരര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞു. വിദുരര്‍ ഉദ്ധവരുടെ കണ്ണുനീര്‍ തുടച്ചു. ഉദ്ധവര്‍ ക്രമേണ ഭഗവദ് ധാമാനുഭൂതിയില്‍നിന്നും താഴെ നരലോകത്തിലേക്കിറങിവന്നു. കവിളില്‍കൂടിയൊഴുകിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഭഗവാനും താനുമായുള്ള തന്റെ സ്മൃതികളില്‍ ഓരോന്ന് ചികഞെടുത്ത് അത്യന്തം ആനന്ദത്തോടെ വിദുരരോട് പറയുവാന്‍ തുടങി."

ഉദ്ധവര്‍ പറഞു: "പ്രിയവിദുരരേ!, നമ്മുടെ ക്ഷേമത്തെപറ്റിയിനിയെന്തുപറയാന്‍. ലോകത്തിന്റ മുഴുവനും സൂര്യനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ മറഞു. ഗൃഹമാകട്ടെ കാലമാകുന്ന സര്‍പ്പത്താല്‍ വിഴുങപ്പെടുകയും ചെയ്തു. കൂടെയുണ്ടായിരുന്നിട്ടും, ജലത്തിനടിയില്‍നിന്നും മത്സ്യം ചന്ദ്രനെ അറിയുന്നതുപോലെയല്ലാതെ, അതിനപ്പുറം ഭഗവാന്‍ ഹരിയെ മനസ്സിലാക്കാന്‍ ഈ യഥുക്കള്‍ക്ക് കഴിഞിട്ടില്ല. അതിനാല്‍ ഇവര്‍ ശരിക്കും ദൗര്‍ഭാഗ്യരാണ്. എന്തിനുപറയാന്‍, ഈ പ്രപഞ്ചം തന്നെ ഭാഗ്യം നശിച്ചതായി മാറിയിരിക്കുന്നു. യഥുക്കള്‍ പ്രൗഡിയുള്ളവരും ആത്മജ്ഞാനികളുമായിരുന്നെങ്കിലും, അവര്‍ ഭഗവാനെ അറിഞിരുന്നത് തങളെക്കാല്‍ ഉയര്‍ന്ന്, എല്ലായിടവും വര്‍ത്തിക്കുന്ന ഒരുവനായി മാത്രമായിരുന്നു. പക്ഷേ ശരണാഗതരുടെ ബുദ്ധിയെ ഒരുകാലത്തും, മായാബദ്ധമായ ഒരു ശക്തിക്കും, ഭഗവത് പ്രേമത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ സാധ്യമല്ല. ഭഗവാന്‍ കൃഷ്ണന്‍ തന്റെ അദ്ധ്യാത്മികരൂപത്തെ ലോകസമക്ഷം കാഴ്ച്ചവച്ചതിനുശേഷം, തുടര്‍ന്ന് തന്നെ കാണാന്‍ അയോഗ്യരായവരുടെ കണ്മുന്നില്‍ നിന്നും അപ്രത്യക്ഷനായി. അവന്‍ തന്റെ അദ്ധ്യാത്മലീലകള്‍ കാട്ടാനായി മര്‍ത്ത്യരൂപം പൂണ്ട് ഇവിടെ അവതരിച്ചു. അതിലൂടെ തന്റെ യോഗമായയേയും, ഐശ്വര്യത്തേയും, എല്ലാറ്റിനുമുപരി സകല ആഭരണങളുടേയും ആഭരണമായ ആ നിര്‍മ്മലപാദത്തേയും ജനങള്‍ക്ക് കാട്ടികൊടുത്തു. മഹാരാജാവ് യുധിഷ്ഠിരന്‍ നടത്തിയ രാജസൂയമഹായജ്ഞത്തില്‍ മൂന്നുലോകങളിലുമുള്ള ദേവതകള്‍ പങ്കെടുത്തു. ഭഗവാനെ ദര്‍ശിച്ച മാത്രയില്‍ തന്നെ, ബ്രഹ്മദേവന്റെ സൃഷ്ടിപ്രാവീണ്യത്തില്‍ അങേയറ്റം മഹത്തായ ആ കളേബരഭംഗിയില്‍ അവര്‍ മതിമറന്നു. 

രാസലീല കഴിഞ് ഭഗവാന്‍ മടങിപ്പോയതിലുണ്ടായ വിരഹം വ്രജത്തിലെ ഗോപികമാര്‍ക്ക് അത്യന്തം മനോവേദനയുണ്ടാക്കി. അവര്‍ ഗൃഹത്തിലെ വേലകളിലൊന്നും മനസ്സുവയ്ക്കാതെ സ്തബ്ദബുദ്ധികളായിമാറി. അവരുടെ കണ്ണുകള്‍ എല്ലായിടവും ഭഗവാനുവേണ്ടി പരക്കം പാഞു. സര്‍‌വ്വപരാവരങളിലും അനുകമ്പയുള്ള ഭഗവാന്‍ അജനെന്നിരിക്കിലും, തന്റെ ഭക്തന്‍‌മാര്‍, തൃഗുണന്‍‌മാരായവരില്‍ നിന്ന് ക്ലേശം അനുഭവിക്കുമ്പോള്‍, മഹത് തത്വത്തെ പിന്തുടര്‍ന്ന് അഗ്നിയുണ്ടാകുന്നതുപോലെ, അവര്‍ അവിടെ അവതീര്‍ണ്ണനാകുന്നു. ജന്‍‌മരഹിതനായ അവന്‍ കാരാഗൃഹത്തില്‍ വസുദേവര്‍ക്ക് മകനായി എങനെ പിറന്നു?. തന്റെ പിതാവിന്റെ സം‌രക്ഷണയില്‍നിന്നും വ്രജത്തിലേക്ക് പുറപ്പെട്ട് അവിടെ ശത്രുക്കളെ ഭയന്ന് എന്തിനുവേണ്ട് വേഷം മാറി ജീവിച്ചു. സര്‍‌‌വ്വശക്തനായിട്ടും, അവന്‍ എന്തിനുവേണ്ടി മധുരയില്‍ നിന്നും പലായനം ചെയ്തു. അമ്പരപ്പിക്കുന്ന ഈ സംഭവങളെല്ലാമോര്‍ക്കുമ്പോള്‍ എനിക്ക് അസഹനീയമായ ദുഃഖമാണ് തോന്നുന്നത്. കംസനോടുള്ള ഭയത്താല്‍ തന്റെ മാതാപിതാക്കളോടൊപ്പം ജീവിച്ച് അവരെ വേണ്ടവിധം പരിചരിക്കുവാന്‍ കഴിയാത്തതിലുള്ള പശ്ചാത്താപത്താല്‍ ഭഗവാന്‍ അവരോട് മാപ്പിനിരന്നു. - "മാതാവേ!, പിതാവേ!, നിങളുടെ സം‌രക്ഷണം ഉറപ്പുവരുത്തുന്നതില്‍ നിസ്സഹായനായ എനിക്കും, ബലദേവനും അവിടുന്ന് മാപ്പാക്കണം." - ഇങനെയുള്ള അവന്റെ ചെയ്തികളൊക്കെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 

ഒരിക്കല്‍ യാതൊരുവന്‍ അവന്റെ പാദസരോജരേണുവിന്റെ സൗരഭ്യം അനുഭവിച്ചിട്ടുണ്ടോ, അവന്‍ അനുഭൂതിയെ പിന്നീടൊരിക്കലും മറക്കുന്നില്ല. ആ ഭഗവാന്റെ പുരികങളുടെ ചലനമാത്രയില്‍ ഭൂദ്രോഹികള്‍ക്ക് അവന്‍ മൃത്യുദണ്ഡനമേകുന്നു.  ഹേ വിദുരരേ!, ഭഗവാന്റെ ശത്രുവായിരുന്നിട്ടുകൂടി, ചേദിയുടെ രാജാവയ ശിശുപാലന്‍ യോഗചര്യയുടെ പാരമ്യതിയിലെത്തിയിരുന്നു. ഈ സ്ഥാനമാണ് മഹാത്മക്കളായ യോഗികള്‍ പോലും കൊതിക്കുന്നത്. അങനെയിരിക്കെ ആര്‍ക്കാണ് കരുണാമയനായ അവനെ പിരിഞിരിക്കുവാന്‍ സാധിക്കുന്നത്?. കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തുകൊണ്ടിരുന്ന അനേകം യോദ്ധാക്കള്‍ അര്‍ജ്ജുനന്റെ അസ്ത്രങളുടെ കടന്നാക്രമണത്തിന് വിധേയരായി. പക്ഷേ, നയനസായൂജ്യമാകുന്ന ഭഗവാന്റെ പുഞ്ചിരി തിളങിയ മുഖകമലദര്‍ശനത്താലൊന്നുകൊണ്ടുമാത്രം അവര്‍ക്കെല്ലാം അവന്റെ ധാമപ്രാപ്തിയുണ്ടായത് അങ് നേരിട്ടു കണ്ടനുഭവിച്ചതാണല്ലോ!. ഭഗവാന്‍ ശ്രീകൃഷ്ണന്‍ മൂന്ന് ലോകങളുടേയും ഈശ്വരനാണ്. അവന്‍ സര്‍‌വ്വസ്വതന്ത്രനും, സര്‍‌വ്വൈശ്വര്യങളുടെ നാഥനുമായ പരമപുരുഷനാണ്. സകലലോകപാലകന്‍‌മാരും തന്റെ സര്‍‌വ്വവിധ സൗഭാഗ്യങളും അവന്റെ തിരുമുന്നില്‍ കാഴ്ച്ചവച്ച്, തങളുടെ കിരീടടങള്‍ അവന്റെ തൃപ്പാദത്തില്‍ മുട്ടിച്ച് അവനെ ആരാധിക്കുന്നു."

സിംഹാസനസ്ഥിതനായ ഉഗ്രസേനമഹാരാജാവിന്റെ മുന്നില്‍ നിന്നുകൊണ്ട് ആ നാരായണന്‍ പറഞു - "ഹേ പ്രഭോ!, ഒരപേക്ഷ അങയെ അറിയിക്കുവാനുണ്ട്" - ഇക്കാര്യമോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തേങുകയാണ്. സ്തനത്തില്‍ വിഷം തേയ്ച്ച് വിഷപ്പാല്‍ കുടിപ്പിച്ച് ആ പരമാത്മാവിനെ ഇല്ലാതാക്കാന്‍ വന്ന പൂതനയ്ക്ക് മാതൃസ്ഥാനം നല്‍കിയ അവനേക്കാള്‍ കരുണാമയനായ ആരെയാണ് നാം ഇന്നാശ്രയിക്കേണ്ടത്?. ഭഗവാനോട് ശത്രുതവച്ചുപുലര്‍ത്തുന്ന അസുരന്‍‌മാരെയാണ് ഞാന്‍ ഭക്തന്‍‌മാരെക്കാളും വലുതായിക്കാണുന്നത്. കാരണം, മനസ്സില്‍ ശത്രുതയുടെ മൂര്‍ത്തിമദ്ഭാവവുമായി അവര്‍ അവനോട് യുദ്ധത്തിനടുക്കുമ്പോള്‍, ഗരുഡോപരി, സുദര്‍ശനചക്രം ധരിച്ച് നില്‍ക്കുന്ന ഭഗവാനെ അവര്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കുന്നു. 

ബ്രഹ്മാവ് അര്‍ത്ഥിക്കയാല്‍, ലോകമംഗളത്തിനായ്ക്കൊണ്ട്, വസുദേവരുടെ പുത്രനായി, ദേവകിയുടെ ജഠരത്തില്‍, ഭോജന്റെ കാരാഗൃഹത്തില്‍ ആ പരമാത്മാവ് പിറവിയെടുത്തു. ഉടന്‍തന്നെ കംസനെ ഭയന്ന് വസുദേവര്‍ അവനെ നന്ദഗോപരുടെ വ്രജത്തിലേക്ക് കൊണ്ടുവന്നു. അവിടെ അവന്‍ ഒരു ഗൂഡാഗ്നിയെപ്പോലെ പതിനൊന്നുവര്‍ഷക്കാലം സോദരന്‍ ബലരാമനോടൊപ്പം ജീവിച്ചു. അവന്‍ ഗോക്കളോടും, ഗോപാലന്‍‌മാരോടുമൊപ്പം കളിച്ചുവളര്‍ന്നു. യമുനയുടെ തീരത്തുകൂടിയും, ഇടതൂര്‍ന്ന കായ്കനിത്തോട്ടങളിലൂടെയും ആനന്ദിച്ച് സഞ്ചച്ചു. പക്ഷികളുടെ കൂജനം അവിടെമാകെ മാറ്റൊലികൊണ്ടു. വൃന്ദാവനവാസികള്‍ അവന്റെ ബാലലീലകള്‍ കണ്ടാനന്ദിച്ചു. ഒരു ബാലനെപ്പോലെ ചിലപ്പോള്‍ അവന്‍ കരഞും, ചിലപ്പോള്‍ ചിരിച്ചും, അവരുടെ പ്രീയപുത്രനായി ഒരു സിംഹക്കുട്ടിയെപ്പോലെ അവന്‍ വളര്‍ന്നു. സര്‍‌വ്വൈശ്വര്യങളുടേയും നായകനായ കൃഷ്ണന്‍ ഗോക്കളെ മേയ്ച്ചുനടക്കുന്നതിനിടയില്‍ അരയില്‍ തിരുകിയിരുന്ന ഓടക്കുഴലെടുത്ത് ചുണ്ടോട് ചേര്‍ത്ത് മധുരമായി പാടുമായിരുന്നു. ആ അലൗകികസംഗീതത്തില്‍ തന്റെ ഗോപക്കൂട്ടുകാരെ അവന്‍ ആനന്ദിപ്പിക്കുമായിരുന്നു. 

അവന്റെ പ്രാണനെ ഹനിക്കുവാന്‍ ഭോജാധിപനായ കംസന്‍ നിരവധി മായാവികളെ അയച്ചു. എന്തിനും ശക്തരായ ഈ മാന്ത്രികരെ കൃഷ്ണന്‍ കളിപ്പാട്ടം പൊട്ടിച്ചെറിയുന്ന ലാഘവത്തില്‍ തകര്‍ത്തെറിഞു. യമുനാനദിയില്‍ കാളിയന്‍ എന്ന ഒരു വിഷസര്‍പ്പം വിഷം വമിച്ച് ജലത്തെ ദുഷിപ്പിച്ചതില്‍ വൃന്ദാവനവാസികള്‍ അതീവദുഃഖത്തിലായി. പക്ഷേ കൃഷ്ണന്‍ കാളിയനെ വേണ്ടവിധം ശിക്ഷിച്ച് യമുനാജലത്തെ പരിശുദ്ധമാക്കി. പിന്നീടത് ഗോക്കള്‍ യഥേഷ്ടം കുടിച്ചു. യമുന മുന്നേപോലെ ശുദ്ധമായതില്‍ വ്രജവാസികള്‍ സന്തോഷിച്ചു."

പിന്നീടൊരിക്കല്‍ ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുന്നതിനും, നന്ദന്റെ ധനത്തിന്റെ ഉചിതമായ വ്യയം ഉറപ്പുവരുത്തുന്നതിനായും, ബ്രാഹ്മണരുടെ സഹായത്താല്‍ ഭഗവാന്‍ വ്രജത്തില്‍ ഗോപൂജ നടത്തുവാന്‍ അച്ഛനോടാവശ്യപ്പെട്ടു. ഹേ അനഘനായ വിദുരരേ!, ഇന്ദ്രന്റെ വിഹിതം മുടങിയപ്പോള്‍ അദ്ദേഹം ചെയ്തതെന്താണെന്നറിയേണ്ടേ?, വൃന്ദാവനത്തില്‍ ഇന്ദ്രന്‍ അഹോരാത്രം തുടര്‍ച്ചയായി പേമാരി പെയ്യിച്ചുകൊണ്ട് ഗോപന്‍‌മാരെ ദുഃഖത്തിലാഴ്ത്തി. എന്നാല്‍ സര്‍‌വ്വശക്തനായ കൃഷ്ണനാകട്ടെ, ഗോവര്‍ദ്ധനാചലത്തെ തന്റെ വിരല്‍തുമ്പില്‍ കുടയായി ഉയര്‍ത്തിപ്പിടിച്ച് തനിക്കുചുറ്റും തന്റെ ഭക്തരെ സം‌രക്ഷിച്ച്.  അങനെ ആ കൊടും പേമാരിക്കുമേല്‍ അവന്‍ തന്റെ കാരുണ്യവര്‍ഷം പൊഴിച്ചു. പിന്നീട് നിലാവുള്ള ഒരു ശരത്ക്കാലരാത്രിയില്‍ അവന്‍ ഒരു സുന്ദരപുരുഷനായി ഗോപസ്ത്രീകളാല്‍ ചുറ്റപ്പെട്ട്, അതിമധുരതരം മുരളീഗാനം പൊഴിച്ചുകൊണ്ട്, ആ ഗോപികാഹൃയങളെ പരം‌പൊരുളായ തന്നിലേക്കാകര്‍ഷിച്ചു. 

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം  രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്