2026 ജനുവരി 16, വെള്ളിയാഴ്‌ച

10:43 കൃഷ്ണൻ കുവലയാപീഡം എന്ന ആനയെ വധിക്കുന്നു

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 43

കൃഷ്ണൻ കുവലയാപീഡം എന്ന ആനയെ വധിക്കുന്നു


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ശത്രുനാശകനായ ഹേ പരീക്ഷിത്തേ!, ആവശ്യമായ എല്ലാ ശുദ്ധീകരണ കർമ്മങ്ങളും പൂർത്തിയാക്കിയ ശേഷം, ശ്രീകൃഷ്ണനും ബലരാമനും മല്ലയുദ്ധക്കളത്തിൽ നിന്നുള്ള ദുന്ദുഭികളുടെ നാദം കേട്ടു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാനായി അവർ അങ്ങോട്ട് പുറപ്പെട്ടു. ഭഗവാൻ കൃഷ്ണൻ രംഗവേദിയുടെ പ്രവേശന കവാടത്തിൽ എത്തിയപ്പോൾ, പാപ്പാൻ്റെ നിർദ്ദേശപ്രകാരം തന്റെ വഴി തടഞ്ഞു നിൽക്കുന്ന കുവലയാപീഡം എന്ന ആനയെ കണ്ടു. തന്റെ വസ്ത്രങ്ങൾ മുറുക്കിക്കെട്ടിയും ചുരുളൻ മുടിക്കെട്ടുകൾ ഒതുക്കിവെച്ചും, മേഘഗർജ്ജനം പോലെ ഗംഭീരമായ ശബ്ദത്തിൽ ഭഗവാൻ കൃഷ്ണൻ ആ ആനപ്പപ്പാനോട് സംസാരിച്ചു.

ഭഗവാൻ കൃഷ്ണൻ പറഞ്ഞു: ഹേ പാപ്പാനേ!, ഉടൻ വഴിമാറി ഞങ്ങളെ കടന്നുപോകാൻ അനുവദിക്കൂ! അല്ലാത്തപക്ഷം ഇന്നുതന്നെ നിന്നെയും നിന്റെ ആനയെയും ഞാൻ യമപുരിക്കയക്കും!

ഭഗവനുയർത്തിയ ആ ഭീഷണി കേട്ട ആനപ്പപ്പാൻ കോപിഷ്ഠനായി. കാലനും മൃത്യുവിനും യമരാജനും തുല്യമായി തോന്നിച്ച തന്റെ ആനയെ അയാൾ കൃഷ്ണനെ ആക്രമിക്കാനായി പ്രേരിപ്പിച്ചു. ഗജരാജൻ കൃഷ്ണന് നേരെ കുതിച്ചെത്തുകയും തന്റെ തുമ്പിക്കൈകൊണ്ട് അവിടുത്തെ ബലമായി പിടിക്കുകയും ചെയ്തു. എന്നാൽ കൃഷ്ണൻ അവിടെനിന്ന് വഴുതിമാറുകയും ആനയ്ക്ക് ഒരു പ്രഹരം നൽകി അതിന്റെ കാലുകൾക്കിടയിൽ മറയുകയും ചെയ്തു. ഭഗവാൻ കേശവനെ കാണാൻ കഴിയാത്തതിൽ പ്രകോപിതനായ ആന, തന്റെ ഘ്രാണശക്തി ഉപയോഗിച്ച് അദ്ദേഹത്തെ തിരഞ്ഞു. കുവലയാപീഡം വീണ്ടും ഭഗവാനെ തുമ്പിക്കൈ കൊണ്ട് പിടികൂടിയെങ്കിലും, ഭഗവാൻ അതിൽ നിന്നും സ്വയം മോചിതനായി. തുടർന്ന് ഭഗവാൻ കൃഷ്ണൻ ശക്തനായ കുവലയാപീഡത്തിന്റെ വാലിൽ പിടിച്ചു. ഗരുഡൻ ഒരു പാമ്പിനെ വലിച്ചിഴക്കുന്നതുപോലെ ഇരുപത്തിയഞ്ച് വില്ല് ദൂരത്തോളം അവിടുന്ന് ആ ആനയെ തന്റെ ലീലകളാടിക്കൊണ്ട് വലിച്ചിഴച്ചു.

അച്യുതൻ വാലിൽ പിടിച്ചു വലിക്കുമ്പോൾ, ആന ഇടത്തോട്ടും വലത്തോട്ടും കുതറി മാറാൻ ശ്രമിക്കുണ്ടായിരുന്നു. പശുക്കിടാവിനെ വാലിൽ പിടിച്ചു വലിക്കുന്ന ഒരു കൊച്ചുബാലനെപ്പോലെ ഭഗവാൻ ആനയുടെ നീക്കങ്ങൾക്ക് വിപരീത ദിശയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. പിന്നീട് കൃഷ്ണൻ ആനയുടെ മുന്നിലെത്തി അതിനെ അടിക്കുകയും ഓടിമാറുകയും ചെയ്തു. കുവലയാപീഡം ഭഗവാനെ പിന്തുടർന്നു, ഓരോ ചുവടിലും അദ്ദേഹത്തെ സ്പർശിക്കാൻ ആ ആന ശ്രമിച്ചു. എന്നാൽ കൃഷ്ണൻ ആനയെ കബളിപ്പിക്കുകയും അതിനെ തട്ടിവീഴ്ത്തുകയും ചെയ്തു. കൃഷ്ണൻ അങ്ങുമിങ്ങും വെട്ടിച്ചുമാറുന്നതിനിടയിൽ ലീലയാടിക്കൊണ്ട് നിലത്തു വീഴുകയും പെട്ടെന്നുതന്നെ എഴുന്നേൽക്കുകയും ചെയ്തു. കൃഷ്ണൻ താഴെ വീണുവെന്ന് കരുതിയ ആന തന്റെ കൊമ്പുകൾ കൊണ്ട് അദ്ദേഹത്തെ കുത്താൻ ശ്രമിച്ചെങ്കിലും കൊമ്പുകൾ മണ്ണിലാണ് ആഴ്ന്നത്.

തന്റെ കരുത്ത് പരാജയപ്പെട്ടപ്പോൾ കുവലയാപീഡം നിരാശയാൽ പ്രകോപിതനായി. എന്നാൽ പാപ്പാന്മാർ അതിനെ വീണ്ടും പ്രേരിപ്പിക്കുകയും അത് കൃഷ്ണന് നേരെ അതിശക്തമായി കുതിക്കുകയും ചെയ്തു. മധുസൂദനനായ ഭഗവാൻ ആക്രമിച്ചു വന്ന ആനയെ നേരിട്ടു. ഒരു കൈകൊണ്ട് അതിന്റെ തുമ്പിക്കൈയിൽ പിടിച്ച കൃഷ്ണൻ അതിനെ നിലത്തടിച്ചു. ഒരു സിംഹത്തെപ്പോലെ അനായാസമായി ഭഗവാൻ ഹരി ആനയുടെ മുകളിൽ കയറി അതിന്റെ കൊമ്പ് പിഴുതെടുത്തു. ആ കൊമ്പ് കൊണ്ട് ആനയെയും അതിന്റെ പാപ്പാന്മാരെയും അദ്ദേഹം വധിച്ചു. 

ചത്തുവീണ ആനയെ അവിടെ ഉപേക്ഷിച്ച്, പിഴുതെടുത്ത ആനക്കൊമ്പും കൈയിലേന്തി കൃഷ്ണൻ മല്ലയുദ്ധക്കളത്തിലേക്ക് പ്രവേശിച്ചു. തോളിൽ വെച്ചിരുന്ന കൊമ്പും, ശരീരത്തിൽ തളിക്കപ്പെട്ട ആനയുടെ രക്തത്തുള്ളികളും, വിയർപ്പുതുള്ളികൾ നിറഞ്ഞ താമരപ്പൂവ് പോലുള്ള മുഖവും ചേർന്ന് ഭഗവാൻ അതീവ സുന്ദരനായി ശോഭിച്ചു. 

പ്രിയപ്പെട്ട രാജാവേ!, ആനക്കൊമ്പുകൾ ആയുധമാക്കി ഭഗവാൻ ബലദേവനും ജനാർദ്ദനനും ഗോപബാലന്മാരോടൊപ്പം രംഗവേദിയിൽ പ്രവേശിച്ചു. ജ്യേഷ്ഠനോടൊപ്പം പ്രവേശിച്ച കൃഷ്ണനെ അവിടെയുണ്ടായിരുന്ന വിവിധ ജനവിഭാഗങ്ങൾ പല രീതിയിലാണ് ദർശിച്ചത്. മല്ലന്മാർ അദ്ദേഹത്തെ ഇടിമിന്നലായും, മഥുരയിലെ പുരുഷന്മാർ പുരുഷോത്തമനായും, സ്ത്രീകൾ സാക്ഷാൽ കാമദേവനായും, ഗോപാലന്മാർ തങ്ങളുടെ ബന്ധുവായും കണ്ടു. ദുഷ്ടരായ ഭരണാധികാരികൾ ശിക്ഷകനായും, മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞായും, ഭോജരാജാവായ കംസൻ തന്റെ മൃത്യുവായും കൃഷ്ണനെ കണ്ടു. അറിവില്ലാത്തവർ ഭഗവാൻ്റെ വിശ്വരൂപമായും, യോഗികൾ പരമസത്യമായും, വൃഷ്ണികൾ തങ്ങളുടെ പരമദൈവമായും അദ്ദേഹത്തെ ദർശിച്ചു.

കുലവയാപീഡം കൊല്ലപ്പെട്ടതും അതുപോലെ, രാമകൃഷ്ണന്മാർ അജയ്യരാണെന്നും കണ്ട കംസൻ അതീവ ഉത്കണ്ഠാകുലനായി. വിവിധ ആഭരണങ്ങളും മാലകളും വസ്ത്രങ്ങളും ധരിച്ച ആ രണ്ടു പരാക്രമശാലികൾ, വേഷമിട്ട രണ്ട് നടന്മാരെപ്പോലെ രംഗവേദിയിൽ പ്രശോഭിച്ചു. തങ്ങളുടെ തേജസ്സുകൊണ്ട് അവർ കാണികളുടെ മനസ്സിനെ കീഴടക്കി. രാജാവേ!, ആ ദേശത്തെ പൗരന്മാരും ദൂരദേശങ്ങളിൽ നിന്ന് വന്നവരും ആ രണ്ട് പരമപുരുഷന്മാരെ നോക്കിനിന്നു. സന്തോഷാധിക്യത്താൽ അവരുടെ കണ്ണുകൾ വിടരുകയും മുഖങ്ങൾ വികസിക്കുകയും ചെയ്തു. തൃപ്തി വരാതെ വീണ്ടും വീണ്ടും  അവർ ഭഗവാൻ്റെ മുഖം കണ്ടു ആസ്വദിച്ചു. ജനങ്ങൾ തങ്ങളുടെ കണ്ണുകൾകൊണ്ട് കൃഷ്ണനെയും ബലരാമനെയും പാനം ചെയ്യുന്നതായും, നാവുകൊണ്ട് രുചിക്കുന്നതായും, മൂക്കുകൊണ്ട് മണക്കുന്നതായും, കൈകൾ കൊണ്ട് ആശ്ലേഷിക്കുന്നതായും തോന്നി. ഭഗവാന്റെ സൗന്ദര്യം, സ്വഭാവം, വശ്യത, വീര്യം എന്നിവയെക്കുറിച്ച് അവർ പരസ്പരം സംസാരിക്കാൻ തുടങ്ങി.

ജനങ്ങൾ പറഞ്ഞു: വസുദേവരുടെ ഭവനത്തിൽ വന്ന്  ഈ ഭൂമിയിലേക്ക് അവതരിച്ച പരമപുരുഷനായ നാരായണന്റെ അംശങ്ങളാണ് ഈ രണ്ട് ബാലന്മാരും. കൃഷ്ണൻ ദേവകിയിൽ ജനിച്ച് ഗോകുലത്തിൽ വളർന്നവനാണ്. നന്ദഗോപരുടെ വീട്ടിൽ ഇത്രയും കാലം ഒളിവിൽ കഴിഞ്ഞാണ് ഇവൻ വളർന്നത്. പൂതനയെയും തൃണാവർത്തനെയും ഇവൻ വധിച്ചു, മരുത് മരങ്ങളെ പിഴുതെറിഞ്ഞു, ശംഖചൂഡൻ, കേശി, ധേനുകൻ തുടങ്ങിയ അസുരന്മാരെയും കൊന്നു. കാട്ടുതീയിൽ നിന്നും ഇവൻ പശുക്കളെയും ഗോപാലന്മാരെയും രക്ഷിച്ചു, കാളിയനെ ദമിപ്പിച്ചു. ഗോവർദ്ധനപർവ്വതം ഒരു കൈകൊണ്ട് ഒരാഴ്ചയോളം താങ്ങിനിർത്തി ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുകയും ഗോകുലവാസികളെ മഴയിൽ നിന്നും കാറ്റിൽ നിന്നും രക്ഷിക്കുകയും ചെയ്തു.

പുഞ്ചിരി നിറഞ്ഞ ആ മുഖം ദർശിക്കുന്നതിലൂടെ ഗോപികമാർ തങ്ങളുടെ എല്ലാ ദുഃഖങ്ങളും മറന്ന് പരമാനന്ദം അനുഭവിച്ചു. ഇവന്റെ സംരക്ഷണത്തിൽ യദുവംശം അത്യന്തം പ്രശസ്തമാകുമെന്നും ഐശ്വര്യവും കീർത്തിയും ശക്തിയും കൈവരിക്കുമെന്നും പറയപ്പെടുന്നു. ഈ ജ്യേഷ്ഠൻ, ബലരാമൻ എല്ലാ ഐശ്വര്യങ്ങളുടെയും അധിപനാണ്. പ്രലംബൻ, വത്സകൻ, ബകൻ തുടങ്ങിയ അസുരന്മാരെ വധിച്ചത് ഇദ്ദേഹമാണ്.

ജനങ്ങൾ ഇപ്രകാരം സംസാരിച്ചുകൊണ്ടുനിൽക്കെ വാദ്യമേളങ്ങൾ മുഴങ്ങി.  ആ സമയം, ചാണൂരൻ എന്ന മല്ലൻ കൃഷ്ണനെയും ബലരാമനെയും അഭിസംബോധന ചെയ്തു. ചാണൂരൻ പറഞ്ഞു: നന്ദകുമാരാ!, ഹേ രാമാ!, നിങ്ങളിരുവരും ധീരന്മാരാൽ ബഹുമാനിക്കപ്പെടുന്നവരും മല്ലയുദ്ധത്തിൽ നൈപുണ്യമുള്ളവരുമാണല്ലോ. നിങ്ങളുടെ വീര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് രാജാവ് നിങ്ങളെ നേരിട്ട് കാണാനായി ഇങ്ങോട്ട് വിളിപ്പിച്ചതാണ്. രാജാവിനെ തന്റെ ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന പ്രജകൾക്ക് ഭാഗ്യം സിദ്ധിക്കും. അല്ലാത്തവർക്ക് വിപരീതഫലമായിരിക്കും ലഭിക്കുക. ഗോപബാലന്മാർ കാടുകളിൽ പശുക്കളെ മേയ്ക്കുമ്പോൾ എപ്പോഴും സന്തോഷവാന്മാരാണെന്നും അവർ പരസ്പരം മല്ലയുദ്ധം ചെയ്യാറുണ്ടെന്നും എല്ലാവർക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ട് നമുക്ക് രാജാവിന്റെ ആഗ്രഹം നിറവേറ്റാം. രാജാവ് എല്ലാ ജീവജാലങ്ങളുടെയും പ്രതിനിധിയായതിനാൽ അത് എല്ലാവരെയും സന്തോഷിപ്പിക്കും.

ഇതുകേട്ട ഭഗവാൻ കൃഷ്ണൻ, മല്ലയുദ്ധത്തെ ഇഷ്ടപ്പെടുകയും ആ വെല്ലുവിളിയെ സ്വീകരിക്കുകയും ചെയ്തുകൊണ്ട് സമയത്തിനും സന്ദർഭത്തിനും അനുയോജ്യമായ രീതിയിൽ മറുപടി നൽകി. ഭഗവാൻ കൃഷ്ണൻ പറഞ്ഞു: ഞങ്ങൾ വനവാസികളാണെങ്കിലും ഭോജരാജാവിന്റെ പ്രജകളാണ്. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ ഞങ്ങൾ നിറവേറ്റേണ്ടതുണ്ട്. അത്തരം പെരുമാറ്റം ഞങ്ങൾക്ക് വലിയ ഗുണം ചെയ്യും. ഞങ്ങൾ കൊച്ചു കുട്ടികളാണ്, അതുകൊണ്ട് തുല്യശക്തിയുള്ളവരുമായി മാത്രമേ മത്സരിക്കാവൂ. സദസ്സിലെ മാന്യവ്യക്തികൾക്ക് അധർമ്മമെന്ന് തോന്നാത്തവിധം വേണം മല്ലയുദ്ധം നടക്കാൻ.

അത് കേട്ട ചാണൂരൻ പറഞ്ഞു: നീയോ ബലരാമനോ വെറും കുട്ടികളല്ല. ആയിരം ആനകളുടെ കരുത്തുള്ള ആനയെ വെറും ലീലകളാടി കൊന്നവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങൾ കരുത്തരായ മല്ലന്മാരോട് തന്നെ പോരാടണം. അതിൽ അനീതിയില്ല. വൃഷ്ണിവംശജനായ നീ എന്നോടും, ബലരാമൻ മുഷ്ടികനോടും പൊരുതട്ടെ.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം നാല്പത്തിമൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ