2019, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

6.10 വൃത്രനും ഇന്ദ്രനുമായുള്ള ദേവാസുരയുദ്ധം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 10
(വൃത്രനും ഇന്ദ്രനുമായുള്ള ദേവാസുരയുദ്ധം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, തപസ്വിയായ ദധീചിയെ കണ്ടു് അദ്ദേഹത്തിന്റെ ദിവ്യശരീരം ഭിക്ഷായായി ആവശ്യപ്പെടുവാൻ ദേവന്മാരെ ഉപദേശിച്ചുകൊണ്ടു് വിശ്വഭാവനനായ ഭഗവാൻ മഹാവിഷ്ണു അവർ ആശ്ചര്യത്തോടെ നോക്കിനിൽക്കെ അവിടെനിന്നും മറഞ്ഞരുളി. ദധീചിമഹർഷിയെ കണ്ടു് ദേവന്മാർ തങ്ങളുടെ മനോഗതമറിയിച്ചപ്പോൾ അഥർവ്വവേദജ്ഞനായ അദ്ദേഹം കളിയാക്കി ചിരിച്ചുകൊണ്ടു് അവരോടു് ഇപ്രകാരം മറുപടി പറഞ്ഞു: ഹേ വൃന്ദാരകന്മാരേ!, ശരീരികൾക്കു് മരണസമത്തു് അനുഭവപ്പെടുന്ന ദുസ്സഹവും ചേതനാപഹവുമായ വേദനയെ നിങ്ങൾ അറിയിന്നില്ലെന്നാണോ?. ജീവിക്കാനാഗ്രഹിക്കുന്ന യാതൊരു പ്രാണികൾക്കും സ്വന്തം ശരീരം അത്യന്തം പ്രീയപ്പെട്ടതാണു. ഇനി സാക്ഷാത് മഹാവിഷ്ണുതന്നെ നേരിട്ടുവന്നു് ചോദിച്ചാലും ആരാണതിനെ കൊടുക്കാൻ തയ്യാറാകുക?.

ശ്രീശുകൻ പറഞ്ഞു: ദധീചിമഹർഷിയുടെ ഈ വാക്കുകൾ കേട്ട ദേവന്മാർ പറഞ്ഞു: ഹേ ബ്രഹ്മജ്ഞ!, സഹജീവികളിൽ അനുകമ്പയുള്ളവനും സത്കീർത്തിമാ‍നും മഹാത്മാവുമായ അങ്ങയെപ്പോലുള്ളവർക്കു് എന്താണിവിടെ ഉപേക്ഷിക്കാൻ പറ്റാത്തതായുയുള്ളതു?. സ്വാർത്ഥമതികൾ ഒരിക്കലും മറ്റുള്ളവരുടെ ദുഃഖത്തെക്കുറിച്ചോർക്കാറില്ല. അതറിയുന്നവരാകട്ടെ, ഒരിക്കലും യാജിക്കാറുമില്ല. അതുപോലെ, കഴിവുള്ള ഒരു ദാനി ഒരിക്കലും യാജകരോടു് ഇല്ലെന്നുപറയുകയുമില്ല.

ദധീചിമഹർഷി പറഞ്ഞു: നിങ്ങളിൽനിന്നും ധർമ്മം ശ്രവിക്കുവാനായി മാത്രമായിരുന്നു ഞാൻ നിങ്ങളുടെ അപേക്ഷയെ നിരാകരിച്ചതു. എന്നാൽ, എന്നെങ്കിലുമൊരുനാൾ തീർച്ചയായും കൈവിട്ടുപോകുന്നതായതും എനിക്കിപോൾ ഏറെ പ്രീയമായതുമായ ഈ ശരീരത്തെ നിങ്ങളുടെ ശ്രേയസ്സിനുവേണ്ടി ഇതാ ഞാൻ ത്യജിക്കുകയാണു. ഹേ ലോകനാഥന്മാരേ!, ജീവഭൂതങ്ങളിൽ കാരുണ്യത്തോടെ അനിത്യമായ ഈ ശരീരം കൊണ്ടു് ധർമ്മവും യശ്ശസ്സും കാക്കാത്ത മനുഷ്യർ സ്ഥാവരങ്ങളായ വൃക്ഷാദികളെക്കാൾ പോലും ശോചനീയരാകുന്നു. സഹജീവികളുടെ സന്തോഷത്തിലും സന്താപത്തിലും സ്വയം സന്തോഷിക്കുകയും സന്തപിക്കുകയും ചെയ്യുന്നവനാണിവിടെ യഥാർത്ഥത്തിൽ അവ്യയമായ ധർമ്മത്തെ ചരിക്കുന്നവനെന്നു് പുണ്യചരിതന്മാർ പ്രകീർത്തിക്കുന്നു. മരണം പ്രക്ത്യാതന്നെ സ്വഭാവമായിട്ടുള്ളതും, തനിക്കായി യാതൊരുവിധത്തിലുള്ള ഉപകാരവുമില്ലാത്തതുമായ ഈ ശരീരവും അതുമായി ബന്ധപ്പെട്ട സകല സമ്പത്തുകളും അന്യന്റെ ഉപകാരത്തിനു് പാത്രമാകുന്നില്ലെങ്കിൽ, അഹോ കഷ്ടം!, അതു് തികച്ചും ദയനീമായ അവസ്ഥയാണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, കൃതനിശ്ചയനായിട്ടു്, ഭഗവദ്പാദങ്ങളിൽ ആത്മാവിനെ ലീനമാക്കിക്കൊണ്ടു് അഥർവ്വജ്ഞാനിയായ ദധീചിമുനി തന്റെ പഞ്ചഭൂതാത്മകമായ ഭൌതികശരീരത്തെ ദേവന്മാർക്കായി ഉപേക്ഷിച്ചു. ഇന്ദ്രിയങ്ങളേയും മനസ്സിനേയും ബുദ്ധിയേയും നിയന്ത്രിച്ചു്, ആത്മസാക്ഷാത്കാരത്തെ വരിച്ചുകൊണ്ടു്, സംസാരബന്ധനത്തിൽനിന്നും വേരറുക്കപ്പെട്ടുപോയ ദധീചിമുനി യോഗമാർഗ്ഗത്താൽ തന്റെ ശരീരത്തെ ത്യജിച്ചതു് അദ്ദേഹം അറിഞ്ഞതുകൂടിയില്ലായിരുന്നു. ഉടൻ‌തന്നെ ദധീചിമഹർഷിയുടെ അസ്ഥികൾകൊണ്ടു് വിശ്വകർമ്മാവിനാൽ വജ്രായുധം നിർമ്മിക്കപ്പെട്ടു. അതും ഉയർത്തിപ്പിടിച്ചു്, സകല ദേവസംഘത്താലും പരിവൃതനായി, ഭഗവദ്തേജസ്സിയന്നുകൊണ്ടു്, ഋഷിഗണങ്ങളാൽ സ്തുതിക്കപ്പെട്ടവനായി, മൂന്നുലോകങ്ങളേയും സന്തോഷിപ്പിച്ചുകൊണ്ടു്, ഇന്ദ്രൻ ഐരാവതത്തിന്റെ ഉപരി പ്രശോഭിതനായി ഇരുന്നു.

ഹേ രാജൻ!, പെട്ടെന്നു്, ക്രോധാകാരിയായ രുദ്രൻ അസുരസൈന്യത്താൽ പരിവൃതനായ വൃത്രനെ അരിഞ്ഞുതള്ളുവാനായി, അന്തകന്റെ നേർക്കെന്നതുപോലെ, ശക്തിയോടെ പാഞ്ഞടുത്തു. അതോടുകൂടി, നർമ്മദാനദിയുടെ തീർത്തുവച്ചു് ത്രേതായുഗത്തിന്റെ ആരംഭത്തിൽ ദേവന്മാരും വൃത്രാസുരനുമായുള്ള യുദ്ധം ആരംഭിച്ചു. രുദ്രന്മാർ, വസുക്കൾ, ആദിത്യന്മാർ, അശ്വിനിദേവകൾ, പിതൃക്കൾ, മരുത്തുക്കൾ, ഋഭുക്കൾ, സാധ്യന്മാർ, വിശ്വദേവന്മാർ മുതലായവരുടെ സ്വഭാവകാന്തിയിൽ പ്രകാശിതനായി വജ്രായുധമേന്തി രണാംഗണത്തിൽ നിൽക്കുന്ന ദേവേന്ദ്രനെ കണ്ടിട്ടു്, വൃത്രാദികളായ അസുരന്മാർക്കു് ആ ഉജ്ജ്വലപ്രകാശത്തെ സഹിക്കുവാൻ കഴിഞ്ഞില്ല.

നമുചി, ശംബരൻ, അനർവ്വാവു്, ദ്വിശിരസ്സ്, ഋഷഭൻ, അംബരൻ, ഹയഗ്രീവൻ, ശങ്കുശിരസ്സ്, വിപ്രചിത്തി, അയോമുഖൻ, പുലോമാവ്, വൃഷപർവാവ്, പ്രഹേതി, ഹേതി, ഉത്കലൻ, എന്നീ പ്രമുഖയോദ്ധാക്കളും, മറ്റനേകായിരം ദൈത്യന്മാരും ദാനവന്മാരും അസുരന്മാരും യക്ഷരക്ഷസ്സുകളും, സുമാലി, മാലി മുതലായവർ കാർത്തസ്വരങ്ങളണിഞ്ഞുകൊണ്ടും ദുർമ്മതന്മാരായും, അന്തകനുപോലും പ്രാപിക്കാൻ പറ്റാത്ത ഇന്ദ്രന്റെ സേനയെ സിംഹനാദത്താൽ വിറപ്പിച്ചു. ഗദകൾ, പരിഘങ്ങൾ, ബാണങ്ങൾ, പ്രാസം, മുദ്ഗരം, തോമരം, ശൂലം, കോടാലി, ഖഡ്ഗം, ശതഘ്നി, ഭുശുണ്ഡി എന്നിവയാലും അസ്ത്രശസ്ത്രങ്ങൾകൊണ്ടും അവർ ദേവന്മാരെ എല്ലായിടത്തുനിന്നും ആക്രമിച്ചു. മേഘങ്ങളാൽ ജ്യോതിർഗ്ഗോളങ്ങൾ എന്നതുപോലെ, തുടരെത്തുടരെയുള്ള ശരവർഷത്താൽ ദേവഗണങ്ങളെ കാണാൻ കഴിയാതെയായി. എന്നാൽ, ആകാശത്തുനിന്നും ആയിരക്കണക്കിനു് പതിനായിരക്കണക്കിനു് പെയ്തിറങ്ങുന്ന ആ അസ്ത്രശസ്ത്രങ്ങൾക്കൊന്നുംതന്നെ ദേവന്മാരെ സ്പർശിക്കുവാൻ കഴിഞ്ഞില്ല. കാരണം, ആകാശത്തിൽ വച്ചുതന്നെ സകല ആയുധങ്ങളേയും ദേവന്മാർ ഛിന്നഭിന്നമാക്കിക്കളഞ്ഞു. അനന്തരം, ആയുധങ്ങൾ അവശേഷിക്കാതെവന്നപ്പോൾ അസുരന്മാർ മലകളുടെ ശിഖരങ്ങളും മരങ്ങളും പാറകളും കൊണ്ടു് ദേവസൈന്യത്തെ ആക്രമിച്ചു. അവയേയും ദേവന്മാർ മുന്നേപോലെ എയ്തുമുറിച്ചുകളഞ്ഞു. തങ്ങളുടെ അസ്ത്രശസ്ത്രങ്ങൾ മുഴുവൻ ഉപയോഗിച്ചിട്ടും വൃക്ഷങ്ങൾ, ഗിരിശൃംഗങ്ങൾ, കല്ലുകൾ മുതലാവകൊണ്ടു് ആക്രമിച്ചിട്ടും യാതൊരു അപായങ്ങളും സംഭവിച്ചിട്ടില്ലാത്ത ദേവസമൂഹത്തെ കണ്ടു് വൃത്രാദികളാ‍യ അസുരന്മാർ അമ്പരന്നുനിന്നു.

ഹേ രാജാ‍വേ!, മഹാത്മാക്കളിൽ അല്പന്മാർ പ്രയോഗിക്കുന്ന വൃത്തികെട്ട അപവാദങ്ങളെന്നതുപോലെ, ഭഗവദനുഗ്രമുള്ള ദേവന്മാരെ ആക്രമിക്കുവാനുള്ള അസുരന്മാരുടെ സകലശ്രമങ്ങളും നിഷ്ഫലമായി പരിണമിച്ചു. ഭഗവാൻ മഹാവിഷ്ണുവിൽ ഭക്തിഹീനന്മാരായ അസുരന്മാരുടെ സകല പ്രയത്നങ്ങളും വിഫലമാകുന്നതുകണ്ടു്, തങ്ങൾ തോൽക്കുമെന്നായപ്പോൾ മനോധൈര്യം നഷ്ടപ്പെട്ട അസുരന്മാർ വൃത്രനെന്ന തന്റെ നേതാവിനെ ഉപേക്ഷിച്ചു് പോർക്കളത്തിൽനിന്നും പലായനം ചെയ്യാൻ തീരുമാനിച്ചു.

അനുയായികൾ ഓടിയകലുന്നതും തന്റെ സൈന്യബലം ഇല്ലാതാകുന്നതും കണ്ടിട്ടു് വീരനും ശൂരനുമായ വൃത്രൻ സന്ദർഭത്തിനുചേർന്നവിധം ചിരിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: അല്ലയോ വിപ്രചിത്തി!, നമുചി!, പുലോമാവേ!, ഹേ മയ!, അനർവാവേ!, ശംബര!, എന്റെ വാക്കുകളെ നിങ്ങൾ കേൾക്കുക. ജനിച്ചവർ ഒരിക്കൽ മരിക്കുമെന്നുള്ളതു് സുനിശ്ചിതമാണു. അതിനായി യാതൊരു പ്രതിക്രിയയും ഇന്നുവരെ ഒരിടത്തും സംഭവിച്ചിട്ടില്ല. ആ മരണം കാരണമായി പുണ്യലോകവും യശസ്സും സംഭവവിക്കുമെങ്കിൽ, ആ മരണത്തെ വരിക്കുവാൻ ആരാണു് തയ്യാറാകാത്തതു?. പഞ്ചപ്രാണന്മാരെ സംയമിപ്പിച്ചു്, യോഗസാധനയിലൂടെ ജീവാത്മാവിനെ പരമാത്മാവിൽ വിലയനം ചെയ്തുകൊണ്ടു് ശരീരത്തെ ത്യജിക്കുകയെന്നതും, യുദ്ധത്തിൽ അഗ്രണിയായി നിന്നു് പിന്തിരിഞ്ഞോടാതെ യുദ്ധം ചെയ്തു് ശരീരത്തെ ത്യജിക്കുയെന്നുള്ളതുമായ ഈ രണ്ടു് മരണങ്ങൾ സ്വീകരിക്കുകയെന്നതു് അത്യന്തം ദുർലഭമാകുന്നുവെന്നതാണു് ശാസ്ത്രങ്ങൾ സമ്മതിക്കുന്നതു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next
War between Vrithrasura and Demigods

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ