2019, ഓഗസ്റ്റ് 18, ഞായറാഴ്‌ച

6.14 ചിത്രകേതൂപാഖ്യാനം 1


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 14
(ചിത്രകേതൂപാഖ്യാനം 1)


പരീക്ഷിത്തു് ചോദിച്ചു: ഹേ ബ്രഹ്മർഷേ!, ജന്മനാലും കർമ്മണാലും രാജസ്സവും താമസവുമായ ഗുണങ്ങളുണ്ടാകേണ്ടവനും പാപവാനുമായ വൃത്രനു് ഭഗവാൻ നാരായണനിൽ അടിയുറച്ച ഈ ബുദ്ധി എങ്ങനെയുണ്ടായി?. ശുദ്ധസത്വന്മാരും നിർമ്മലാത്മാക്കളുമായ ദേവന്മാർക്കും, എന്തിനുപറയാൻ, ഋഷിസത്തമന്മാർക്കുപോലും മുകുന്ദപാദത്തിൽ ഇങ്ങനെയുള്ള ഭക്തിയുണ്ടാവുക എന്നതു്, വളരെ ദുർല്ലഭമാണു. ഈ ഭൂമിയിൽ മൺ‌തരികളുടെ സംഖ്യയ്ക്കു് തുല്യമായ ജീവഭൂതങ്ങളുണ്ടു. എന്നാൽ, അതിൽ മനുഷ്യാദികളിൽ പോലും ചുരുക്കം ചിലർ മാത്രമേ ധർമ്മത്തെ ചെയ്യുന്നുള്ളൂ. അവർക്കിടയിൽ ചിലർ മാത്രമേ മോക്ഷത്തെ ആഗ്രഹിക്കുന്നുള്ളൂ. ആയിരം മോക്ഷാർത്ഥികൾക്കിടയിൽ ഒരുത്തൻ മാത്രമേ സിദ്ധിയടയുന്നുമുള്ളൂ. അങ്ങനെ മുക്തരായിത്തീർന്ന അനേകകോടികളിൽ ഒരുവനായിരിക്കും നാരായണനിൽ ഈവിധം ഭക്തിയുൾക്കൊണ്ടിരിക്കുന്നതു. അത്രയും സുദുർല്ലഭമാണു് ഭഗവദ്ഭക്തന്മാരുടെ കൂട്ടം. എന്നാൽ മൂലോകങ്ങൾക്കും ദുഃഖം വിതച്ചവനും, പാപിയുമായിരുന്ന ആ വൃത്രൻ എങ്ങനെയായിരുന്നു യുദ്ധമധ്യത്തിൽവച്ചു് തന്തിരുവടിയിൽ ഇത്രയും ഭക്തിയുള്ളവനായി ഭവിച്ചതു?. അവൻ യുദ്ധത്തിനിടയിൽ തന്റെ ശത്രുവായ ഇന്ദ്രനെപ്പോലും സന്തോഷവാനാക്കുകയുണ്ടായി. ഹേ മഹാത്മൻ!, ഇക്കാര്യത്തിൽ ഞങ്ങൾക്കു് അത്യധികം സംശയങ്ങളുണ്ടു. അതിനെക്കുറിച്ചു് കേൾക്കുവാൻ എത്രയും കൌതുകവും.

സൂതൻ പറഞ്ഞു: അല്ലയോ മുനിമാരേ!, ശ്രദ്ധാലുവായ പരീക്ഷിത്തിന്റെ ഇങ്ങനെയുള്ള ചോദ്യം കേട്ടു് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടു് സർവ്വജ്ഞനായ ശ്രീശുകബ്രഹ്മമഹർഷി അദ്ദേഹത്തോടു് ഇപ്രകാരം മറുപടി പറഞ്ഞു: രാജൻ!,                                ഇനി ഞാൻ പറയാൻ പോകുന്ന ഈ ഇതിഹാസത്തെ ശ്രദ്ധയോടെ കേട്ടുകൊണ്ടാലും.!. ഇതു് വേദവ്യസനാലും നാരദരാലും ദേവലമുനിയാലും പറയപ്പെട്ടതാകുന്നു. ഹേ രാജാവേ!, ശൂരസേനം എന്ന ഒരു രാജ്യത്തിലെ അധിപതിയായി ചിത്രകേതു എന്നു് വിഖ്യാതനായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നിൽ ഭൂമീദേവി എന്നും ആശിച്ചതെല്ലാം ചുരന്നുകൊടുക്കുന്ന ഒരു കാമധേനുവായിരുന്നു. എന്നാൽ, ഒരു കോടിയിലധികം വരുന്ന ഭാര്യമാരുണ്ടായിരുന്നിട്ടും അദ്ദേഹത്തിനു് സന്താഭാഗ്യമുണ്ടായിരുന്നില്ല. സൌന്ദര്യം, ദാനശീലം, യുവത്വം, വംശമഹിമ, വിദ്യ, പ്രഭുത്വം, സമ്പത്തു് തുടങ്ങിയ സകല സൌഭാഗ്യങ്ങളുമുണ്ടായിരുന്ന അദ്ദേഹം വന്ധ്യകളുടെ പതിയായതിനാലും പുത്രനില്ലാത്തതിനാലും അത്യധികം ചിന്താധീനനായി മാറി. ഇത്തരത്തിലുള്ള ഐശ്വര്യങ്ങളോ സുന്ദരികളായ ഭാര്യമാരോ കാമധേനുവായി നിൽക്കുന്ന ഈ ഭൂമിതന്നെയോ അദ്ദേഹത്തിന്റെ മനസ്സിനു് സംതൃപ്തി നൽകിയില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം സർവ്വജ്ഞനായ അംഗിരസ്സുമഹാമുനി ലോകപര്യടനത്തിനിടയിൽ യാദൃശ്ചികമായി ചിത്രകേതുവിന്റെ കൊട്ടാരത്തിലെത്തി. ചിത്രകേതു മുനിയെ സർവ്വസത്കാരബഹുമതികളൊടെ ആദരിച്ചിരുത്തി. ശേഷം, സന്തുഷ്ടനായ മുനിയെ സമീപിച്ചു് അദ്ദേഹത്തിന്റെ അരികിലിരുന്നു. ഹേ രാജൻ!, വിനയാന്വിതനായി തന്റെയടുക്കൽ വെറുംനിലത്തിരിക്കുന്ന ചിത്രകേതുമഹാരാജാവിനെ പ്രത്യാദരിച്ചിട്ടൂ് അദ്ദേഹത്തെ അഭിസംബോധനം ചെയ്തുകൊണ്ടു് അംഗിരസ്സുമഹാമുനി ഇങ്ങനെ പറഞ്ഞു: ഹേ രാജാവേ!, അങ്ങേയ്ക്കും പ്രജകൾക്കും മറ്റു് രാജ്യാംഗങ്ങൾക്കുമെല്ലാം ക്ഷേമം തന്നെയല്ലേ?. എന്തായാലും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. ജീവാത്മാക്കളെല്ലാം എവ്വിധം പഞ്ചഭൂതങ്ങൾ, മഹത്തത്വം, അഹങ്കാരം മുതലായവയാൽ ഗോപനം ചെയ്യപ്പെട്ടിരിക്കുന്നുവോ, രാജാക്കന്മാരും, അതേവിധംതന്നെ, പുരോഹിതൻ, മന്ത്രിമാർ, സുഹൃത്തുക്കൾ, ഖജനാവു്, പ്രജകൾ, കോട്ടകൾ, സൈന്യങ്ങൾ എന്ന സപ്തപ്രകൃതികളാൽ ഗോപനം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു രാജാവു് എപ്പോഴും പ്രജകളുടെ ക്ഷേമത്തിനായി വർത്തിച്ചുകൊണ്ടു് രാജ്യസുഖത്തെ അനുഭവിക്കുന്നു. അതുപോലെതന്നെ, പ്രജകളും രാജാവിനാൽ ഉറപ്പുവരുത്തപ്പെട്ടിട്ടുള്ള ക്ഷേമത്താൽ ശ്രേയസ്സിനെ അനുഭവിക്കുന്നു. ഹേ രാജൻ!, പത്നിമാർ, പ്രജകൾ, അമാത്യന്മാർ, ഭൃത്യന്മാർ, വ്യവസായിജനങ്ങൾ, മന്ത്രിമാർ, പൌരന്മാർ, നാട്ടിൻ‌കൂട്ടങ്ങൾ, നാട്ടുരാജാക്കന്മാർ, കൂടാതെ സ്വന്തം മക്കൾ എന്നിവരെല്ലാം അങ്ങയുടെ സ്വാധീനത്തിൽ വർത്തിക്കുന്നുവെന്നു് വിശ്വസിക്കട്ടെ!. ഒരു രാജാവിന്റെ മനസ്സു് സ്വയം നിയന്ത്രിതമാണെങ്കിൽ, ഇപ്പറഞ്ഞവരെല്ലാംതന്നെ അദ്ദേഹത്തിന്റെ സ്വാധീനവലയത്തിൽത്തന്നെയായിരിക്കുകയും, നാടുവാഴികളുൾപ്പടെയുള്ള സകലരും തങ്ങളുടെ ധർമ്മത്തെ വേണ്ടവിധിത്തിൽ ആചരിക്കുകയും ചെയ്യും. അങ്ങിൽ സന്തോഷം അല്പം പോലും ഞാൻ കാണുന്നില്ല. ഉള്ളിൽനിന്നോ വെളിയിൽനിന്നോ സാധിക്കാത്തതായ എന്തോ ആഗ്രഹം അങ്ങയെ അലട്ടുന്നതായി തോന്നുന്നു. അങ്ങയുടെ മുഖം വിചാരത്താൽ വിവർണ്ണമായിരിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, സർവ്വജ്ഞനായ മുനിയാൽ ആശങ്കയോടെ ഈവിധം ചോദിക്കപ്പെട്ട പുത്രകാമിയായ ചിത്രകേതു അദ്ദേഹത്തോടു് ഇപ്രകാരം മറുപടി പറഞ്ഞു: ഹേ എല്ലാമറിയുന്ന മുനേ!, തപസ്സും ജ്ഞാനവും സമാധിയും കൊണ്ടു് പാപമകന്നവരായ അങ്ങയെപ്പോലുള്ള സന്യാസിശ്രേഷ്ഠന്മാർക്കു് ഞങ്ങൾ മനുഷ്യരുടെ അകത്തും പുറത്തുമുള്ള വിഷയങ്ങളെക്കുറിച്ചു് എന്താണറിയാത്തതായിട്ടുള്ളതു?. സർവ്വജ്ഞനായ അങ്ങു് ചോദിച്ചതു് പ്രകാരം, അങ്ങയുടെ ആജ്ഞായാൽത്തന്നെ ഉള്ളിലെ വിചാരത്തെ ഞാൻ പറയാം. ഹേ മുനേ!, ആഹാ‍രം കിട്ടാതെ വലയുന്നവനു് അവന്റെ മറ്റു് സൌഭാഗ്യങ്ങളൊന്നുംതന്നെ സന്തോഷം കൊടുക്കാത്തതുപോലെ, ലോകപാലകന്മാർ പോലും ആഗ്രഹിക്കുന്ന വിധത്തിലുള്ള സാമ്രാജ്യത്തിനും ഐശ്വര്യത്തിനും സമ്പത്തിനും നാഥനായ എന്നെ, പുത്രനില്ലാത്ത ദുഃഖം സദാ അലട്ടിക്കൊണ്ടിരിക്കുന്നു. ഞാനും എന്റെ പൂർവ്വപിതാക്കന്മാരും ദുസ്തരമായ നരകത്തിലേക്കു് പതിച്ചുകൊണ്ടിരിക്കുകയാണു. പുത്രലാഭത്തിലൂടെ അതിൽനിന്നും രക്ഷപെടുവാനായി ഞങ്ങളെ അനുഗ്രഹിക്കണം.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, രാജാവിന്റെ ദുഃഖത്തെക്കേട്ടു് മനസ്സലിഞ്ഞ ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ്സ് ഹവിസ്സിനെ പാകം ചെയ്തു് ഹോമിച്ചുകൊണ്ടു് ത്വഷ്ടാവിനെ ആരാധിച്ചു. ഹേ ഭരതകുലോത്തമാ!, ചിത്രകേതുവിന്റെ പത്നിമാരിൽ മൂത്തവളും തമ്മിൽ ശ്രേഷ്ഠയായിരുന്നവളുമായ കൃതദ്യുതി എന്നു് പേരുള്ളവൾക്കു് അംഗിരസ്സ് യജ്ഞോച്ഛിഷ്ടത്തെ കൊടുത്തു. തുടർന്നു്, ചിത്രകേതുവിനു് ഒരു പുത്രൻ ജനിക്കുമെന്നും, അവൻ അദ്ദേഹത്തിനു് സന്തോഷവും സന്താപവും പ്രദാനം ചെയ്യുമെന്നും പറഞ്ഞുകൊണ്ടു് അംഗിരസ്സുമുനി അവിടെനിന്നും യാത്രയായി. യജ്ഞശിഷ്ടം സേവിച്ചതിനുശേഷം, അഗ്നിദേവനിൽനിന്നും കൃത്തികാദേവി എന്നതുപോലെ, ചിത്രകേതുവിൽനിന്നും കൃതദ്യുതി ഗർഭം ധരിച്ചു. ഹേ രാജൻ!, ശൂരസേനാധിപതിയായ ചിത്രകേതുവിന്റെ തേജസ്സിൽനിന്നുമുണ്ടായ ആ ഗർഭം വെളുത്തപക്ഷത്തിലെ ചന്ദ്രനെന്നതുപോലെ ദിനംപ്രതി വളർന്നുവന്നു. പിന്നീടു് സമയമായപ്പോൾ, കേട്ടവർക്കെല്ലാം ആഹ്ലാദത്തെ ജനിപ്പിച്ചുകൊണ്ടു് കൊട്ടാരത്തിൽ ഒരു കുമാരൻ പിറന്നു. സന്തുഷ്ടനായ രാജാവു് കുളിച്ചുശുദ്ധനായി സർവ്വാഭരണവിഭൂഷിതനായി വന്നു്, ബ്രാഹ്മണരെക്കൊണ്ടു് കുട്ടിക്കു് ജാതകർമ്മങ്ങൾ ചെയ്യിപ്പിച്ചു. തുടർന്നു്, രാജാവു് അവർക്കു് സ്വർണ്ണവും വെള്ളിയും വസ്ത്രങ്ങളും ആഭരണങ്ങളും ഗ്രാമങ്ങളും കുതിരകളും ആനകളും ആറു് കോടി പശുക്കളേയും ദാനം ചെയ്തു. ബാലന്റെ ആയുസ്സിനും യശസ്സിനും വേണ്ടി രാജാവു് സർവ്വർക്കും അവർ ആഗ്രഹിച്ചതിനൊയൊക്കെ, കാർമേഘം മഴ ചൊരിയുന്നതുപോലെ, ദാനം ചെയ്തു. വളരെ ആശിച്ചും പ്രയാസപ്പെട്ടും ലഭ്യമായ പുത്രനിൽ, നിർദ്ധനനു് കഷ്ടപ്പാടിലൂടെ ധനം കിട്ടുമ്പോൾ ആനന്ദം വളരുന്നതുപോലെ, രാജാവിനു് അനുദിനം സ്നേഹം വളർന്നുവന്നു. പുത്രലാഭത്താൽ കൃതദ്യുതിക്കു് അതിരറ്റ ആനന്ദവും, അതേസമയം, ചിത്രകേതുവിന്റെ ഇതര ഭാര്യമാർക്കു് അത്രകണ്ടു് ദുഃഖവും ദിനംതോറും പെരുകിവന്നു.

ഹേ രാജൻ!, തനിക്കു് ഒരു പുത്രനെ സമ്മാനിച്ച കൃതദ്യുതിയിൽൽ രാജാവിനു് സ്നേഹം കൂടുകയും, മറ്റുള്ളവരിൽ അതു് കുറയുകയും ചെയ്തു. അസൂയ വളർന്നും, മക്കളില്ലാത്ത സങ്കടത്താലും, രാജാവിന്റെ അവഗണകൊണ്ടും അദ്ദേഹത്തിന്റെ മറ്റുള്ള പത്നിമാർ തങ്ങളെത്തന്നെ പഴിച്ചുകൊണ്ടു് സ്വയം ദുഃഖിതരായി. കുട്ടികളില്ലാത്ത പാപിയും, തന്മൂലം ഭർത്താവിന്റെ വെറുപ്പിനു് പാത്രമായിത്തീർന്നവളും, അതുപോലെ, സന്താനഭാഗ്യമുള്ള പത്നിമാരാൽ വേലക്കാരിയെപ്പോലെ തിരസ്കരിക്കപ്പെട്ടവളുമായ സ്ത്രീ നീചയാണെന്നു് അവർ സ്വയം വിധിയെഴുതി. ദാസിമാർക്കുപോലും തങ്ങളുടെ സ്വാമിമാരാൽ വേണ്ടത്ര പരിചരണം ലഭിച്ചു് ദുഃഖമൊഴിയുന്നു. എന്നാൽ, നമ്മളാകട്ടെ, ദാസിമാർക്കും ദാസിമാരെപ്പോലെ ഭാഗ്യം കെട്ടവരായി ഭവിച്ചിരിക്കുന്നു. കൃതദ്യുതിയുടെ സന്താനഭാഗ്യത്താൽ മനസ്സെരിയുന്നവരും രാജാവിന്റെ അനാദരവിനു് പാത്രീഭവിച്ചവരുമായ ആ പത്നിമാരുടെ വിദ്വേഷമാകട്ടെ, ദിവസംതോറും വർദ്ധിച്ചുവന്നു. അങ്ങനെ, ബുദ്ധി ഭ്രമിച്ച ക്രൂരമനസ്കരായ ആ സ്ത്രീകൾ രാജാവിനോടുള്ള ദേഷ്യത്താൽ ഒരു ദിവസം ആ ബാലനു് വിഷം കൊടുത്തു.

ആ സ്ത്രീകളുടെ കൊടും പാതകത്തെപറ്റിയറിയാതിരുന്ന കൃതദ്യുതി കുഞ്ഞു് ഉറങ്ങുകയാണെന്നു് വിചാരിച്ചു് വീടിനുള്ളിൽ തന്റെ വേലയിൽ മുഴുകി. കുറെ സമയത്തിനുശേഷം, ബുദ്ധിമതിയായ അവൾ ഏറെ നേരമായി ഉറങ്ങിക്കൊണ്ടിരിക്കുന്ന തന്റെ മകനെ കൊണ്ടുവരുവാനായി ആയയോടു് ഉത്തരവിട്ടു. ആയയാകട്ടെ, കുട്ടി കിടന്നിരുന്നിടത്തെത്തിയപ്പോൾ, കണ്ണുകളുന്തി, ശ്വാസഗതിയും ഇന്ദ്രിയങ്ങളും ജീവചൈതന്യവും നിലച്ച കുഞ്ഞിനെ കണ്ടു്, അയ്യോ! ഞാൻ നശിച്ചേ! എന്നു് നിലവിളിച്ചുകൊണ്ടു് നിലത്തുവീണു. ഇരുകരങ്ങൾ കൊണ്ടും നെഞ്ചത്തടിച്ചു് നിലവിളിക്കുന്ന അവളുടെ ഒച്ച കേട്ടു് രാജ്ഞി അതിവേഗത്തിൽ മകന്റെയടുത്തേക്കു് ഓടിയടുത്തു. മരിച്ചുകിടക്കുന്ന മകനെക്കണ്ടുണ്ടായ ദുഃഖത്താൽ അവൾ ഭൂമിയിൽ കുഴഞ്ഞുവീണു. കരച്ചിൽ കേട്ടു് അന്തഃപുരനിവാസികളായ സകലരും അവിടെ ഓടിയെത്തി. മരിച്ചുകിടക്കുന്ന കുഞ്ഞിനെ നോക്കി അവരും തീരാദുഃഖത്താൽ നിലവിളിച്ചു. സർവ്വതിനും കാരണക്കാരായ രാജാവിന്റെ മറ്റു് പത്നിമാരും ദുഃഖം അഭിനയിച്ചുകൊണ്ടു് മുതലക്കണ്ണീരൊഴുക്കി.

ഹേ രാജൻ!, മരണകാരണം പോലുമറിയാതെ ചിത്രകേതുവിന്റെ ബോധം നഷ്ടപ്പെട്ടു. വേച്ചുനടന്നുകൊണ്ടും, പുത്രസ്നേഹത്തിൽനിന്നും വർദ്ധിച്ചുവരുന്ന ദുഃഖത്താൽ അടിയ്ക്കടി മോഹാലസ്യപ്പെട്ടുവീണുകൊണ്ടും, മന്ത്രിമാരും ഋഷികളുമായി താങ്ങപ്പെട്ടു് അദ്ദേഹം മരിച്ചുകിടക്കുന്ന തന്റെ മകന്റെ ശരീരത്തിനടുത്തെത്തി ആ പിഞ്ചുപാദത്തിൽ തളർന്നുവീണു. കണ്ണീർ കെട്ടിനിന്നു് കണ്ഠമിടറിയ അദ്ദേഹത്തിനു് ദീർഘമായി നിശ്വസ്സിക്കുവാനല്ലാതെ യാ‍തൊന്നും സംസാരിക്കുവാൻ കഴിഞ്ഞില്ല. ദുഃഖത്താൽ തളർന്നുവീണ ഭർത്താവിനേയും, നിശ്ചലനായി കിടക്കുന്ന പുത്രനേയും കണ്ടു് പതിവ്രതയായ കൃതദ്യുതി നോക്കിനിൽക്കുന്നവർക്കും മനോവേദനയുണ്ടാകുന്ന വിധത്തിൽ വിലപിച്ചു. കുങ്കുമച്ചാറിന്റെ നറുമണത്താൽ അലംകൃതമായ അവളുടെ സ്തനങ്ങൾ കണ്മഷി കലർന്ന കണ്ണുനീരിനാൽ നനഞ്ഞു. കൊഴിഞ്ഞുവീഴുന്ന പൂമാലകളാൽ അലങ്കരിക്കപ്പെട്ടിരുന്ന കേശഭാരത്തെ ചിന്നിചിതറിച്ചുകൊണ്ടു് അവൾ തലതല്ലി അലമുറയിട്ടു് കരഞ്ഞു.                                                    ഹേ വിധാതാവേ!, അങ്ങു് സൃഷ്ടികാര്യത്തിൽ എത്രയും അജ്ഞനായിരിക്കുന്നു. അങ്ങയുടെ സൃഷ്ടിയ്ക്കുതന്നെ പ്രതികൂലമായി അങ്ങു് പ്രവർത്തിക്കുന്നു. മുൻപു് ജനിച്ചവൻ ജീവിച്ചിരിക്കവേ, പിന്നീടു് ജനിച്ചവനു് മരണം സംഭവിക്കുന്നതു് വളരെ കഷ്ടമാണു. അങ്ങു് സത്യത്തിൽ ഈ ജീവഭൂതങ്ങളുടെ ശത്രുവാണു. ഈ ലോകത്തിൽ ജനനമരണങ്ങൾക്കു് നിശ്ചിതമായ ക്രമമില്ലെങ്കിലും, അവ ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ചാണു് സംഭവിക്കുന്നതെങ്കിലും, അങ്ങയുടെ സൃഷ്ടിയുടെ വളർച്ചയ്ക്കുവേണ്ടിത്തന്നെ ജീവഭൂതങ്ങളെ തമ്മിൽ ബന്ധിച്ചിട്ടുള്ള സന്താനവാത്സല്യമാകുന്ന പാശത്തെപ്പോലും അങ്ങു് സ്വയം അറുത്തുകളഞ്ഞിരിക്കുന്നു.

ശ്രീശുകൻ തുടർന്നു: രാജാവേ!, ഇങ്ങനെ ബ്രഹ്മദേവനെ പഴിച്ചതിനുശേഷം, തന്റെ മകനോടായി പറഞ്ഞു: കുഞ്ഞേ!, ദീനയും അനാഥയുമായ എന്നെ നീ കൈവിട്ടുപോകരുതു. നിന്നെയോർത്തു് ഹൃദയമുരുകുന്ന നിന്റെ അച്ഛനെ ഒന്നുനോക്കൂ!. സന്താനസൌഭാഗ്യമില്ലാത്തവർക്കു് തരണം ചെയ്യേണ്ടതായ ആ കൂരിരുളിൽനിന്നും നിന്നിലൂടെ ഞങ്ങൾ രക്ഷ പ്രാപിക്കട്ടെ!. അരുതു് മകനേ!, അല്പം പോലും കാരുണ്യമില്ലാത്ത ആ കാലന്റെ കൂടെ നീ ഞങ്ങളെവിട്ടു് ദൂരെ പോകരുതു. എഴുന്നേൽക്കൂ കുഞ്ഞേ!, ഹേ രാജകുമാരാ!, നിന്റെ കൂട്ടുകാർ നിന്നെ കളിയ്ക്കാൻ വിളിക്കുന്നു. ഒരുപാടുനേരം ഉറങ്ങിയില്ലേ?. നിനക്കു് വിശക്കുന്നുണ്ടാകും, എഴുന്നേറ്റു് ഭക്ഷണം കഴിക്കൂ!. പാലു് കുടിക്കൂ ഉണ്ണീ!, ഉറ്റവരായ ഞങ്ങളെ ദുഃഖിപ്പിക്കാതിരിക്കൂ!. മകനേ!, ഭാഗ്യംകെട്ട എനിക്കു് നിന്റെ പുഞ്ചിരിച്ച മുഖവും അതിലെ സന്തുഷ്ടമായ കണ്ണുകളേയും കാണാൻ കഴിയുന്നില്ല. നിന്റെ മധുവൂറുന്ന വാണികൾ എനിക്കിപ്പോൽ കേൾക്കാൻ കഴിയുന്നില്ല. നിർദ്ദയനായ കാലനോടൊപ്പം ഇനി ഒരിക്കലും തിരിച്ചുവരാത്തിടത്തേയ്ക്കു് നീ എത്തപ്പെട്ടു അല്ലേ?.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ പുത്രദുഃഖത്താൽ പലവിധം ദീനമായി വിലപിക്കുന്ന ഭാര്യയെ കണ്ടു് ദുഃഖം ഇരച്ചുകയറിയ ഹൃദയത്തോടെ ചിത്രകേതുവും ഉറക്കെ നിലവിളിച്ചു. തീരാദുഃഖത്താൽ വിലപിക്കുന്ന ആ ദമ്പതികളെ കണ്ടു് ചുറ്റും നിന്നവരും കരഞ്ഞുതുടങ്ങി. ഇങ്ങനെ കടുത്ത ദുഃഖത്താൽ ബോധം നഷ്ടപ്പെട്ടു് നാഥരില്ലാതായ ശൂരസേനരാജ്യത്തെക്കുറിച്ചറിഞ്ഞ അംഗിരസ്സ് ആ സമയം നാരദരോടൊപ്പം അവിടേയ്ക്കു് വന്നു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next





King Citraketu’s Lamentation

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ