2019, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

6.11 വൃത്രാസുരന്റെ അദ്ധ്യാത്മവചനങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 11
(വൃത്രാസുരന്റെ അദ്ധ്യാത്മവചനങ്ങൾ.)


ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, മരണഭയത്താൽ മനസ്സുകൈവിട്ടു് ഭീരുക്കളായി ഓടിയകന്നുകൊണ്ടിരിക്കുന്ന അസുരന്മാരാകട്ടെ, ഇനി ഞാൻ പറയാൻ പോകുന്ന, വൃത്രന്റെ അത്ഭുതകരമായ വാക്കുകളെ കേൾക്കാൻ കൂട്ടാക്കിയില്ല. അല്ലയോ രാജൻ!, കാലാനുസൃതം പ്രവർത്തിക്കുന്ന ദേവന്മാരാൽ അനാഥരെന്നോണം നാലുപാടേയ്ക്കും ചിന്നിചിതറുന്ന തന്റെ സൈന്യത്തെക്കണ്ടു് ദുഃഖിച്ചുകൊണ്ടു്, അമർഷവും കോപവും അടക്കാനാകാതെ ഇന്ദ്രശത്രുവായ വൃത്രൻ ദേവന്മാരെ തടഞ്ഞുനിർത്തി ഇപ്രകാരം പറഞ്ഞു: ഹേ ദേവന്മാരേ!, മരണഭയത്താൽ ഹതരായി, പ്രാണരക്ഷാർത്ഥം ഓടിയകലുന്നവരും, മാതാവിന്റെ മലങ്ങളെപ്പോലുള്ളവരുമായ ഈ അസുരന്മാരുടെ പിറകേ ഓടിയിട്ടു് നിങ്ങൾക്കെന്തു് നേടുവാനാണു?. ഭീരുക്കളെ കൊല്ലുന്നതു് ധീരന്മാർക്കു് ശ്ലാഘനീയമോ സ്വർഗ്ഗപ്രാപ്തിയെ തരുന്നതോ ആയ കാര്യമല്ല. ഹേ അല്പന്മാരേ!, ധൈര്യമുണ്ടെങ്കിൽ എന്നോടു് യുദ്ധം ചെയ്യുക. അല്ലാത്തപക്ഷം നിങ്ങൾക്കിനിയും ലോകാനുഭവത്തിനാഗ്രഹമുണ്ടെന്നു് സാരം.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു്, ധീരനായ വൃത്രൻ രൂപംകൊണ്ടും ഭാവം കൊണ്ടും ദേവന്മാരെ ഭയപ്പെടുത്തിക്കൊണ്ടു് ഉച്ചത്തിൽ അലറി. അതുകേട്ടു് ലോകം പ്രജ്ഞ നശിച്ചവരായി ഭവിച്ചു. ആ അലർച്ചകേട്ട ദേവന്മാർ ഇടിവാളുകൊണ്ടു് പ്രഹരിക്കപ്പെട്ടതുപോലെ മൂർച്ചിച്ചു് നിലം പൊത്തി. ദുർമ്മദനായി, തന്റെ ത്രിശൂലം ഉയർത്തിപ്പിടിച്ചുകൊണ്ടു് വൃത്രൻ, ഭയത്താൽ മയങ്ങിവീണ ദേവസൈന്യത്തെ, മദയാന മുളങ്കാടിനെ എന്നതുപോലെ, ഭൂമി വിറയ്ക്കുമാറു് ശക്തിയിൽ തന്റെ കാല്പാദങ്ങളാൽ ചവുട്ടിമെതിച്ചു. അതുകാണ്ടു് അരിശം മൂത്ത ദേവേന്ദ്രനാകട്ടെ, തന്റെ നേർക്കു് പാഞ്ഞടുക്കുന്ന വൃത്രന്റെ നേർക്കായി ഒരു വലിയ ഗദയെ ചുഴറ്റിയെറിഞ്ഞു. പെട്ടെന്നുതന്നെ വൃത്രൻ തനിക്കുനേരേ പാഞ്ഞടുത്ത ആ ഗദയെ നിസ്സാരമായി തന്റെ ഇടതുകരംകൊണ്ടു് കടന്നുപിടിച്ചു. ശേഷം, ആ മഹാഗദയാൽത്തന്നെ കുപിതനായ വൃത്രൻ ഇന്ദ്രവാഹനമായ ഐരാവതത്തിന്റെ മസ്തകത്തിൽ ആഞ്ഞടിച്ചു. രാജാവേ!, വൃത്രന്റെ ആ നീക്കത്തെ എല്ലാവരും പ്രശംസിച്ചു. ആ പ്രഹരത്താൽ ക്ഷതമേറ്റ ഐരാവതം, വജ്രത്താൽ പ്രഹരമേറ്റ പർവ്വതമെന്നതുപോലെ, വട്ടംകറങ്ങി, മുറിവേറ്റ മുഖത്തോടുകൂടി ചോരയൊലിപ്പിച്ചുകൊണ്ടു്, ഇന്ദ്രനോടൊപ്പംതന്നെ ഏഴു് വിൽ‌പ്പാടകലെ തെറിച്ചുവീണു. എന്നാൽ, തളർന്ന വാഹനത്തോടുകൂടി വിഷണ്ണനായ ഇന്ദ്രനെ മഹാ‍മനസ്കനായ വൃത്രൻ വീണ്ടും പ്രഹരിച്ചില്ല. ആ സമയംകൊണ്ടു് ഇന്ദ്രൻ തന്റെ അമൃതൂറുന്ന കരങ്ങളാൽ സ്പർശിച്ചു് ഐരാവതത്തിന്റെ ശരീരപീഡയെ അകറ്റിയതിനുശേഷം, അല്പനേരം നിശബ്ദ്നായി നിന്നു.

ഹേ രാജാവേ!, തന്റെ സഹോദരനായ വിശ്വരൂപന്റെ കൊലപാതകിയയ ഇന്ദ്രൻ തന്റെ മുന്നിൽ വജ്രായുധമേന്തി നിൽക്കുന്നതു് കണ്ടിട്ടു്, അവന്റെ ക്രൂരമായ ആ പാപവൃത്തിയെ ഓർമ്മിച്ചു്, അതിൽനിന്നുണ്ടായ ദുഃഖം കൊണ്ടും മദാന്ധതകൊണ്ടും പുച്ഛത്തോടെ ചിരിച്ചുകൊണ്ടു് ദേവേന്ദ്രനോടു് ഇപ്രകാരം പറഞ്ഞു: നന്നായി!. ഹേ ദുഷ്ട!, ഗുരുഘാതകനും ബ്രഹ്മഘാതകനും ഭാതൃഘാതകനുമായ നീ ഇന്നെന്റെ മുന്നിൽ ശത്രുവായിവന്നുനിൽക്കുന്നു. കൊള്ളാം!. പെട്ടെന്നുതന്നെ എന്റെ ശൂലത്താൽ നിന്റെ ഹൃദയം കുത്തിപ്പിളർന്നുകൊണ്ടു് ഞാൻ എന്റെ ജ്യേഷ്ഠനോടുള്ള കടമ നിർവഹിക്കുവാൻ പോകുന്നു. ആത്മജ്ഞാനിയും ബ്രാഹ്മണനും ഗുരുവും പാപരഹിതനും ദീക്ഷിതനുമായ എന്റെ ജ്യേഷ്ഠനെ പറഞ്ഞുവിശ്വസിപ്പിച്ചു് പാട്ടിലാക്കി, അദ്ദേഹത്തിന്റെ ശിരസ്സുകളെ, സ്വർഗ്ഗാർത്ഥിയായ യാജകൻ ബലിമൃഗത്തിന്റേതെന്നതുപോലെ, നിഷ്കരുണായി വാളുകൊണ്ടു് വെട്ടിയറുത്തുകളഞ്ഞവനാണു നീ. ലജ്ജയും ഐശ്വര്യവും കീർത്തിയുമില്ലാതെ പാപകർമ്മത്തെ ചെയ്തു്, നരഭോജികൾ പോലും നിന്ദിക്കുന്ന നിന്റെ ശരീരത്തെ ഞാനെന്റെ ശൂലത്താൽ കുത്തിക്കീറി, അഗ്നിസ്പർശമേൽ‌പ്പിക്കാതെ, കഴുകന്മാർക്കു് കൊത്തിത്തിന്നുവാ‍നായി വലിച്ചെറിഞ്ഞുകൊടുക്കാൻ പോകുന്നു. ഇനി അജ്ഞരായ മറ്റാരെങ്കിലും ഇവിടെ ആയുധവുമായി എന്നോടെതിരിടാൻ വന്നാൽ അവരുടെ തലകളും ഈ ത്രിശൂലത്താൽ അറുത്തെടുത്തു് ഭൈരവാദി ഭൂതങ്ങൾക്കു് ഞാൻ കാഴ്ചവയ്ക്കുന്നതാണു. അതല്ല, വജ്രായുധത്താൽ ഇവിടെവച്ചു് എന്റെ തലയറുത്തെടുക്കാൻ ഹേ വീരനായ ഇന്ദ്ര!, നിനക്കു് കഴിഞ്ഞാൽ, അത്തരത്തിൽ കർമ്മബന്ധനത്തിൽനിന്നും രക്ഷപ്പെട്ടു് ശരീരത്തെ ബലിയർപ്പിച്ചു്, ധീരന്മാരുടെ പാദരജസ്സുകളെ ഞാൻ പ്രാപിച്ചുകൊള്ളാം. ഹേ ദേവേന്ദ്ര!, എന്തുകൊണ്ടാണു് ശത്രുവായി നിന്റെ മുന്നിൽനിക്കുന്ന എന്നിൽ നീ വജ്രായുധം പ്രയോഗിക്കാത്തതു?. മുമ്പു് നീ എനിക്കുനേരേ പ്രയോഗിച്ച ഗദപോലെയും, ലുബ്ദന്റെ അടുക്കൽ ധനാഭ്യർത്ഥന ചെയ്യുന്നതുപോലെയും, നിഷ്ഫലമാകുകയില്ല ഈ വജ്രായുധം. അതിൽ സംശയിക്കരുതു. ഹേ ഇന്ദ്ര!, നിന്റെ ഈ വജ്രായുധം ദധീചിയുടെ തപശക്തിയാലും ഭഗവാൻ ശ്രീഹരിയുടെ തേജസ്സിനാലും ശക്തിയാർജ്ജിക്കപ്പെട്ടതാണു. വിഷ്ണുവിനാൽ പ്രേരിതനായ നീ എന്നെ വധിക്കുക. എവിടെ ശ്രീഹരിയുണ്ടോ, അവിടെ വിജയവും ഐശ്വര്യവും നന്മയുമുണ്ടാകുന്നു. അത്തരം ശക്തിമത്തായ ആ വജ്രായുധത്താൽ ശിരസ്സും വിഷയബന്ധവുമറ്റവനായി ഭവിച്ചു്, ഭഗവാൻ സങ്കർഷണമൂർത്തിയുടെ തൃപ്പാദങ്ങളിൽ മനസ്സിനെയുറപ്പിച്ചു്, ആ ഭഗവാന്റെ ഉപദേശപ്രകാരം ഞാൻ സത്ഗതിയെ പ്രാപിക്കുന്നതാണു.

ഏകാന്തബുദ്ധിയോടുകൂടിയ അവന്റെ ഭക്തന്മാർക്കു് സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള യാതൊരു സുഖഭോഗങ്ങളും അവൻ നൽകുകയില്ല. കാരണം, അവയുടെ ലാഭം കൊണ്ടു് അവർക്കു് ദ്വേഷവും ഉദ്വേഗവും ആധിയും മദവും ക്രോധവും ദൂഃഖവും മനഃപ്രയാസവും മാത്രമാണുണ്ടാകുന്നതു. അല്ലയോ ഇന്ദ്ര!, ഞങ്ങളുടെ രക്ഷകനായ ഭഗവാൻ ധർമ്മാർത്ഥകാമങ്ങളെ നേടുവാനുള്ള ഞങ്ങളിലെ ത്വരയെ ഇല്ലാതെയാക്കുന്നു. അതാണവനു് ഞങ്ങളിലുള്ള കാരുണ്യം. അതു് സർവ്വസംഗപരിത്യാകികൾക്കുമാത്രം ഉപലബ്ദമായതും മറ്റുള്ളവർക്കു് ദുർലഭമായതുമായ ഒന്നാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ! ഇന്ദ്രനോടിങ്ങനെ പറഞ്ഞതിനുശേഷം, വൃത്രൻ തന്റെ ആരാധനാമൂർത്തിയായ ഭഗവാൻ സങ്കർഷണോടു് പ്രാർത്ഥിച്ചു: സർവ്വേശരാ!, അവിടുത്തെ പാദങ്ങളിൽ ആശ്രയം കൊണ്ടവരായ ദസന്മാരുടെ ദാസന്മാരുടെ ദാസനായിക്കൊണ്ടു് അവിടുത്തെ ഗുണങ്ങളിൽ എന്റെ മനസ്സുറയ്ക്കട്ടെ!. എന്റെ വാക്കുകൾ അവയെ കീർത്തിക്കുവാനായി മാത്രം ഉച്ചരിക്കപ്പെടട്ടെ!. എന്റെ ശരീരം അതിനുവേണ്ടി മാത്രം പ്രവർത്തിക്കട്ടെ!. ഹേ ഭഗവാനേ!, ഞാൻ അങ്ങയെ വിട്ടു് സ്വർഗ്ഗത്തേയോ, ബ്രഹ്മാവിന്റെ സ്ഥാനത്തേയോ, അധോലോകാധിപത്യത്തേയോ, യോഗസിദ്ധികളേയോ, മോക്ഷത്തേയോതന്നെ ആഗ്രഹിക്കുന്നില്ല. ഹേ വാരിജാക്ഷ!, ചിറകുമുളയ്ക്കാത്ത പക്ഷിക്കുഞ്ഞുങ്ങൾ തള്ളപക്ഷിയെ എന്നതുപോലെ, വിശന്നുവലയുന്ന പശുക്കിടാങ്ങൾ മുലപ്പാലിനെയെന്നതുപോലെ, വിരഹിതയായ പ്രിയതമ ദൂരസ്ഥനായ പ്രിയതമനെയെന്നതുപോലെ, എന്റെ മനസ്സ് അങ്ങയെ കാണാൻ കൊതിക്കുകയാണു. സ്വന്തം കർമ്മഫലമായി ഈ സംസാരത്തിലുഴന്നുകൊണ്ടിരിക്കുന്ന എനിക്കു് ഉത്തമശ്ലോകനായ നിന്റെ ഭക്തന്മാരിൽ സംഗമുണ്ടാകേണമേ!. ഹേ നാഥാ!, അവിടുത്തെ മായയുടെ പിടിയിലകപ്പെട്ടു് പുത്രന്മാരിലും ഭാര്യയിലും ഭവനത്തിലും ആസക്തചിത്തനായി ഭവിച്ചിരിക്കുന്ന എനിക്കു് അവയോടുള്ള ആസക്തി വീണ്ടുമുണ്ടാകാതിരിക്കട്ടെ!.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next

The transcendental speech by Vrithrasura

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ