2019, ഓഗസ്റ്റ് 25, ഞായറാഴ്‌ച

6.19 പുംസവനവ്രതാനുഷ്ഠാനവിധി.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 19
(പുംസവനവ്രതാനുഷ്ഠാനവിധി.)


പരീക്ഷിത്തു് മഹാരാജാവു് പറഞ്ഞു: ഹേ ബ്രഹ്മർഷേ!, ദിതിയ്ക്കു് കശ്യപനാൽ ഉപദേശിക്കപ്പെട്ട പുസംവനം എന്ന വ്രതത്തെക്കുറിച്ചു് അങ്ങു് പറയുകയും, ഞാൻ അതു് കേൾക്കുകയും ചെയ്തു. വിഷ്ണുപ്രീത്യർത്ഥമുള്ള ആ മഹാവ്രതത്തിന്റെ അനുഷ്ഠാനവിധികളെക്കുറിച്ചുകൂടിയറിയാൻ അടിയനാഗ്രഹിക്കുന്നു.

ശീശുകൻ പറഞ്ഞു: ഹേ രാജൻ!, ഈ വ്രതം സകല അഭീഷ്ടങ്ങളേയും നേടിത്തരുന്നതാണു. സ്ത്രീ ഭർത്താവിന്റെ അനുവാദത്തോടെ മാർഗശീർഷമാസത്തിലെ വെളുത്തപക്ഷത്തിൽ തുടക്കം മുതൽ ഈ വ്രതം, മരുത്തുകളുടെ കഥയെ വായിച്ചറിഞ്ഞതിനുശേഷം, ബ്രഹ്മണരുടെ നിർദ്ദേശപ്രകാരം അനുഷ്ഠിക്കണം. പ്രഭാതത്തിലുണർന്നു്, പല്ലുതേച്ചുകുളിച്ചതിനുശേഷം, വെണ്മയുള്ള വസ്ത്രങ്ങളണിഞ്ഞു്, പ്രാതലിനുമുമ്പായി ലക്ഷ്മീഭഗവതിയോടുകൂടി ശ്രീമന്നാരായണനെ പൂജിക്കണം. തുടർന്നു്, ഈ മന്ത്രത്തെ ഉരുവിടുക.

[നിഷ്കാമനും നിരപേക്ഷനും സർവ്വേശ്വരനുമാ‍യ നിന്തിരുവടിയ്ക്കു് നമസ്ക്കാരം!. സർവ്വൈശ്വര്യങ്ങളുടെ നായകനും, സകലസിദ്ധികളുമുള്ള അവിടുത്തേയ്ക്കു് നമസ്ക്കാരം!. ഈശ്വരാ!, കാരുണ്യവും ഐശ്വര്യവും ഓജസ്സും തേജസ്സും മഹിമയും തുടങ്ങിയ സകലഗുണങ്ങളുമടങ്ങിയ അങ്ങു് സകലചരാചരത്തിന്റേയും നാഥനാണു.

ശ്രീഹരിപ്രിയേ!, മഹാമായേ!, മഹാപുരുഷനായ ശ്രീഹരിയെപോലെ സകലൈശ്വര്യങ്ങളുമുള്ളവളായ ദേവീ!, സുഭഗേ!, ലോകമാതാവേ!, നിന്തിരുവടിയ്ക്കു് നമസ്ക്കാരം!. അങ്ങു് അടിയങ്ങളിൽ പ്രസാദിക്കേണമേ!. ഹേ മഹാ‍നുഭാവാ!, സർവ്വൈശ്വര്യങ്ങളുടേയും നാഥാ!, ഭഗവാനേ!, മഹാപുരുഷനായ അങ്ങയെ അവിടുത്തെ സർവ്വപരിവാരസമേതം പൂജിച്ചുകൊള്ളട്ടെ!.”]

ശ്രീശുകൻ തുടർന്നു: രാജൻ!, ഈ പറഞ്ഞ മന്ത്രത്താൽ എന്നും മഹാവിഷ്ണുവിനെ ആവാഹിക്കുകയും, തുടർന്നു്, അർഘ്യം, പാദ്യം, ആചമനം, സ്നാനം, വസ്ത്രം, യജ്ഞവിഹിതം, ആഭരണങ്ങൾ, ചന്ദനം, പുഷ്പം, ദീപം, ധൂപം, നിവേദ്യം മുതലായവകളാൽ ശ്രദ്ധാഭക്തിസമന്വിതം ആരാധിക്കുകയും വേണം. ശേഷം, ഓം നമോ ഭഗവതേ മഹാപുരുഷായ മഹാവിഭൂതിപതയേ സ്വാഹാ എന്ന മന്ത്രം ചൊല്ലി, നൈവേദ്യത്തിന്റെ ശിഷ്ടഭാഗത്തെ അഗ്നിയിൽ പന്ത്രണ്ടു് പ്രാവശ്യം ആഹൂതികളായി ഹോമിക്കണം. സർവ്വാഭീഷ്ടസിദ്ദിയ്ക്കുവേണ്ടി ഇങ്ങനെ ലക്ഷ്മീഭഗവതിയേയും ശ്രീമഹാവിഷ്ണുവിനേയും ദിവസവും പൂജിക്കണം. ഭക്തിയുടെ നിറവുള്ള ഹൃദയത്തോടുകൂടി നിലത്തുവീണു് ദണ്ഡനകസ്ക്കാരമർപ്പിക്കുക. തുടർന്നു്, മേൽ‌പറഞ്ഞ മൂലമന്ത്രത്തെ പത്തുപ്രാവശ്യം ജപിച്ചതിനുശേഷം, ഇനി ഞാൻ ജപിക്കാൻ പോകുന്ന ഈ മന്ത്രത്തേയും ചൊല്ലുക.

[ഹേ ശ്രീമഹാലക്ഷ്മീ!, ഹേ നാരായണാ!, സകലചരാചരങ്ങളുടേയും പരമകാരണമെന്നതു്, സർവ്വവ്യാപ്തമായ നിങ്ങളിരുവരും മാത്രമാണു. അമ്മേ!, അതിസൂക്ഷ്മവും ദുരത്യയവുമായ ഈ പ്രകൃതിയായി പ്രതിഭാസിക്കുന്നതും അവിടുന്നുതന്നെ. ഹേ നാരായണാ!, ആ മായാശക്തിയുടെ നിയന്താവു് പരമാത്മാവായ അങ്ങുമാത്രമാണു. യജ്ഞങ്ങളെല്ലാം അങ്ങും, അവയുടെ സമാപ്തി ഈ ദേവിയുമാകുന്നു. ഈ ഭഗവതി കർമ്മങ്ങളാകുമ്പോൾ, അവിടുന്നു് അവയുടെയെല്ലാം ഫലത്തെ ഭുജിക്കുന്നവനുമാകുന്നു. ഈ മഹാമായ ത്രിഗുണങ്ങളുടെ മൂർത്തീഭാവമാകുമ്പോൾ, അങ്ങാകട്ടെ, കാലശക്തിയായിക്കൊണ്ടു് അവയെ പ്രകാശിപ്പിക്കുകയും ആ ഗുണകാര്യങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. ദേവി ദേഹേന്ദ്രിയങ്ങളുടെ സ്വരൂപമായി വർത്തിക്കുമ്പോൾ, അങ്ങു് നിത്യവും അതിനെ ചൈതന്യവത്താക്കിവയ്ക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിൽ വിവിധ നാമരൂപങ്ങളായി ഈ ദേവി വർത്തിക്കുമ്പോൾ അങ്ങു് സദാ അവയ്ക്കാധാരശക്തിയായിരുന്നുകൊണ്ടു് അവയെ പ്രകാശിപ്പിക്കുന്നു. നിങ്ങളിരുവരും ചേർന്നു് മൂലോകത്തിനും സർവ്വാഭീഷ്ടങ്ങളും സാധിതമാക്കുന്നതുപോലെ, ഹേ ഉത്തമശ്ലോകാ!, ഹേ ലക്ഷ്മീഭഗവതീ!, ഞങ്ങളുടെ ആഗ്രഹങ്ങളും സാധിക്കുമാറാകേണമേ!.]

ഹേ രാജൻ!, ഇപ്രകാരം ലക്ഷ്മീനാരായണന്മാരെ സ്തുതിച്ചതിനുശേഷം, നൈവേദ്യം തുറന്നുവച്ചു് ജലവും പുഷ്പവും കൊണ്ടു് അതിനെ അവർക്കായി നിവേദിക്കണം. ഭക്തിസാന്ദ്രമായ മനസ്സോടെ അവരെ സ്തുതിച്ചതിനുശേഷം, പ്രസാദത്തെ കൈക്കൊള്ളുക. തുടർന്നും ഹരിയെ അർച്ചിക്കുക. ഈശ്വരനാണെന്ന ചിന്തയോടുകൂടി ഭക്തിയാൽ ഭർത്താവിനേയും ഭാര്യ പൂജിക്കേണ്ടതുണ്ടു. ഭർത്താവും സ്നേഹത്തോടെ ഭാര്യയുടെ സകല അഭീഷ്ടങ്ങളേയും സാധിപ്പിക്കണം. ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്കുമാത്രമേ ഇതനുഷ്ഠിക്കാൻ കഴിഞ്ഞുള്ളുവെങ്കിലും ഫലം രണ്ടാൾക്കും സിദ്ധിക്കുന്നു. ഭാര്യ അനുഷ്ഠാനത്തിനു് അർഹയല്ലാത്ത സമയങ്ങളിൽ ഭർത്താവു് ശ്രദ്ധയോടുകൂടി ഇതിനെ അനുഷ്ഠിക്കുക. ഈ വൈഷ്ണവ്രതത്തെ തുടങ്ങിക്കഴിഞ്ഞാൽ ഒരു കാരണവശാലും മുടക്കം വരുത്തരുതു. ബ്രാഹ്മണരേയും സുമംഗലികളായ സ്ത്രീകളേയും പൂമാല, ചന്ദനം നൈവേദ്യം അലങ്കാരം മുതലായവകളാൽ സേവിക്കണം. ഇങ്ങനെ നിഷ്ഠയോടെ ഈ വ്രതം ആരാധിക്കുന്നവർക്കു് സർവ്വാഭീഷ്ടസിദ്ധി കൈവരുന്നു. ഭഗവാനെ പ്രസാദിപ്പിച്ചുവരുത്തി അവനായി നിവേദിക്കപ്പെട്ട ആ നൈവേദ്യത്തിന്റെ പ്രസാദത്തെ മനഃശുദ്ധിക്കും സർവ്വാഭീഷ്ടസിദ്ധിക്കും വേണ്ടി ആഹരിക്കുക. പതിവ്രതയായ സ്ത്രീ ഈവിധം പൂജാവിധികളാൽ പുംസവനമെന്ന ഈ മഹാവ്രതത്തെ പന്ത്രണ്ടുമാസങ്ങളടങ്ങിയതും അധിമാസം വരാത്തതുമായ ഒരുവർഷക്കാലം അനുഷ്ഠിക്കണം. പിന്നീടു് കാർത്തികമാസത്തിലെ അവസാനനാളിൽ വ്രതം അവസാനിപ്പിക്കാവുന്നതാണു.

പിറ്റേന്നും പ്രാഭാതത്തിൽ കുളിച്ചു് ശുദ്ധരായി, വിഷ്ണുപൂജയെ കഴിച്ചു്, പാലിൽ പാകം ചെയ്ത ഹവിസ്സിനെ നെയ്യോടൊപ്പം ഭർത്താവുതന്നെ യഥാവിധി പന്ത്രണ്ടു് ആഹൂതികളാൽ അഗ്നിയിൽ ഹോമിക്കണം. സന്തുഷ്ടരായ ബ്രാഹ്മണരുടെ അനുഗ്രഹവചസ്സുകൾക്കു് പാത്രമായി അവരെ ശിരസ്സാ പ്രണമിച്ചു് അവരുടെ അനുവാദത്തോടുകൂടി ഭക്ഷണം ആഹരിക്കുക. ഒരാചാര്യന്റെ തിരുമുമ്പിലിരുന്നുകൊണ്ടു്, ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ, ഹവിസ്സിന്റെ ശേഷഭാഗം സത്പുത്രലാഭത്തിനും സൌഭാഗ്യവതിയായിരിക്കുന്നതിനും വേണ്ടി ഭർത്താവു് ഭാര്യയ്ക്കു് നൽകുക. വിഷ്ണുപ്രീത്യർത്ഥമുള്ള ഈ വ്രതത്തെ പുരുഷൻ വിധിപോലെ അനുഷ്ഠിക്കുന്നപക്ഷം അഭീഷ്ടം സാധിതമാകുന്നു. അതുപോലെ, ഇതിനെ വിധിയാംവണ്ണം അനുഷ്ഠിക്കുന്ന സ്ത്രീകൾക്കു് സകലസൌഭാഗ്യങ്ങളും സർവ്വൈശ്വര്യങ്ങളും സത്സന്തതികളും ദീഘായുസ്സുള്ള ഭർത്താവും യശസ്സും നല്ല ഭവനവും ലഭിക്കുന്നു. കന്യകയായവൾക്കു് ലക്ഷണയുക്തനായ ഭർത്താവിനേയും, വിധവയ്ക്കു് പാപവിമുക്തിയും, സന്താനനാശം ഭവിച്ചവൾക്കു് ദീർഘായുസ്സുള്ള സന്തതികളും, ധനമുണ്ടായിരുന്നിട്ടും ദുർഭാഗ്യവതിയായവൾക്കു് സകലസൌഭാഗ്യങ്ങളും, വൈരൂപ്യമുള്ളവൾക്കു് സൌന്ദര്യവും, രോഗഗ്രസ്തനു് രോഗവിമുക്തിയും ദൃഢശരീരവും, ശ്രാദ്ധകർമ്മങ്ങളിൽ ദേവന്മാരേയും പിതൃക്കളേയും ആരാധിക്കുന്നവർക്കു് അവരുടെ അനുഗ്രഹവും, പുംസവനമെന്ന ഈ മഹാവ്രതത്തിന്റെ അനുഷ്ഠാനത്താൽ സിദ്ധിക്കുന്നു. ഈ ഹോമം വിധിയാംവണ്ണം സമാപിക്കുന്നതോടെ അഗ്നിദേവനും ലക്ഷ്മീഭഗവതിയും ശ്രീമഹാവിഷ്ണുവും പ്രസാദിക്കപ്പെട്ടു്, അവർ യാജകരുടെ സർവ്വാഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നു. അല്ലയോ പരീക്ഷിത്തുരാജൻ!, ഇങ്ങനെ, ദിതിയാൽ പുംസവനം എന്ന മഹാവ്രതത്തിന്റെ അനുഷ്ഠാനത്തിലൂടെ അവൾക്കു് സത്പുത്രന്മാരായ മരുത്തുകളെ മക്കളായി ലഭിച്ചതും, അതിന്റെ അനുഷ്ഠാനവിധിക്രമങ്ങളും ഞാൻ അങ്ങയോടു്‌ ആവുംവിധം പറഞ്ഞുകഴിഞ്ഞു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ത്തൊമ്പതാമദ്ധ്യായം സമാപിച്ചു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം സമാപിച്ചു.

ഓം തത് സത്.
Previous    Next

Performing the Puṁsavana Ritualistic Ceremony, 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ