2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

6.2 അജാമിളോപാഖ്യാനം – നാരായണനാമമാഹാത്മ്യം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 2
(അജാമിളോപാഖ്യാനം നാരായണനാമമാഹാത്മ്യം)


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, യമദൂതന്മാരുടെ വാക്കുകളെ കേട്ടതിനുശേഷം നീതിബോധമുള്ള ഭഗവദ്ദൂതന്മാർ അവരോട് ഇപ്രകാരം പ്രതിവചിച്ചു. അഹോ! കഷ്ടം!, ധർമ്മദൃഷ്ടിയുള്ളവരുടെ സഭയിൽ ഇതാ അധർമ്മസ്പർശമുണ്ടായിരിക്കുന്നു!. ധർമ്മികളായ ഇവർ നിഷ്പാപികളും ദണ്ഡ്യരല്ലാത്തവരുമായവരെ ശിക്ഷിക്കാനൊരുങ്ങിയിരിക്കുന്നു!. പിതൃതുല്യരും അനുശാസകരും സാധുക്കളും സമഭാവദൃക്കുകളുമായ ധർമ്മികളിൽ പോലും ഇങ്ങനെയുള്ള വൈഷമ്യമുണ്ടാകുന്നുവെങ്കിൽ, ജനങ്ങൾ ആരെയാണ് പിന്നെ അഭയം പ്രാപിക്കേണ്ടതു? ശ്രേഷ്ഠന്മാർ ചെയ്യുന്നതാണ് മറ്റുള്ളവർ ശീലമാക്കുന്നതു. അവർ പ്രമാണമായി സ്വീകരിക്കുന്നതിനെയാണ് ലോകവും അനുവർത്തിക്കുന്നതു. സാമാന്യലോകം മൃഗങ്ങളെപ്പോലെതന്നെ ധർമ്മത്തെയോ അധർമ്മത്തെയോ അറിയുന്നവരല്ല. അങ്ങനെയുള്ള അജ്ഞാനിജനം ആരുടെ മടിത്തട്ടിലാണോ തല ചായ്ച്ചുറങ്ങുന്നതു, അവൻ വിശ്വാസയോഗ്യരും കാരുണികന്മാരുമായിരിക്കേണ്ട അവസരത്തിൽ ഇങ്ങനെ തങ്ങളെ ആശ്രയിച്ച ബുദ്ധിശൂന്യരായ സാമാന്യജനത്തെ ഒരിക്കലും ദ്രോഹിക്കുവാൻ പാടുള്ളതല്ല.

കോടി ജന്മങ്ങളായി പാപമാചരിക്കുന്നവനാണെങ്കിലും ഇന്നിവൻ ആ പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തം ചെയ്തിരിക്കുന്നു. എങ്ങനെയെന്നാൽ, വിവശനായി ഇവൻ ഹരിയുടെ മോക്ഷദമായ തിരുനാമത്തെ ഉച്ചരിച്ചിരിക്കുന്നു. നാലക്ഷരം ചേർന്ന തിരുനാമത്താൽ നാരായണാ! വരൂ! എന്ന് ഇവൻ ഹൃദയം കൊണ്ട് വിളിച്ചതിലൂടെ ഇവന്റെ സകല പാപങ്ങൾക്കുമുള്ള പരിഹാരകൃത്യം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. കള്ളന്മാർ, മദ്യപാനികൾ, മിത്രങ്ങളെ ദ്രോഹിച്ചവൻ, ബ്രഹ്മഹത്യ ചെയ്തവൻ, ഗുരുപത്നിയുമായി വേഴ്ച നടത്തിയവൻ,  സ്ത്രീകളേയോ രാജാവിനേയോ മാതാപിതാക്കളേയോ പശുവിനേയോ കൊന്നിട്ടുള്ളവൻ, മറ്റുപാപങ്ങൾ ചെയ്തിട്ടുള്ളവൻ മുതലായ കൊടും പാതകികൾ ആരായിരുന്നാലും, ഭഗവദ്നാമോച്ചാരണം അവരുടെ സർവ്വപാപങ്ങൾക്കും പ്രായശ്ചിത്തമാകുന്നു. ആ തിരുനാമത്തിന്റെ ഉച്ചാരണമാത്രത്തിൽ ഭഗവാൻ ഹരിയിൽ അവരെ സംരക്ഷിക്കുവാനുള്ള താല്പര്യം ജനിക്കുന്നു. വേദോക്തങ്ങളായ ആചാരാനുഷ്ഠാനങ്ങൾകൊണ്ട് പാപം നശിക്കുന്നതുപോലെയല്ല തിരുനാമകീർത്തനത്താൽ അത് നിറവേറ്റപ്പെടുന്നതു. ഹരിയുടെ നാമോച്ചാരണം ഭഗവദൈശ്വര്യങ്ങളുടെ ജ്ഞാപകങ്ങൾ കൂടിയാകുന്നു. മറ്റുള്ള പ്രായശ്ചിത്തകർമ്മങ്ങൾ ചെയ്തതിനുശേഷവും മനസ്സ് വീണ്ടും ദുർമ്മാർഗ്ഗത്തിലേക്ക് നയിക്കപ്പെടുന്നതിനാൽ അത് ഒരിക്കലും പാപമുക്തിയ്ക്കയിട്ടുള്ള ഒരു ശാശ്വതപരിഹാരമല്ല. അതുകൊണ്ട്, പാപങ്ങളുടെ ആത്യന്തികമായ നാശം ആഗ്രഹിക്കുന്നവർക്ക് ശ്രീഹരിയുടെ ഗുണനാമസങ്കീർത്തനം മാത്രമാണു ഉത്തമോപാധിയെന്നറിയുക. ആകയാൽ, മരണമാഗതമായ നിമിഷം ഭഗവദ്നമത്തെ പൂർണ്ണമായും ജപിച്ചു പാപമുക്തനായ ഇവനെ നിങ്ങൾ കൊണ്ടുപോകാതിരിക്കുക.

മറ്റെന്തിനെയെങ്കിലും സൂചിപ്പിക്കുവാനായിട്ടോ, പരിഹാസമായോ, രസാവിഷ്കരണത്തിനിടയിലായോ, അവഹേളനരൂപാമായിട്ടോ ആണെങ്കിൽ കൂടിയും ശ്രീഹരിയുടെ തിരുനാമം ഉച്ഛരിക്കുന്നത് സർവ്വപാപങ്ങളേയും നശിപ്പിക്കുന്നുവെന്ന് മാഹാത്മാക്കൾ പറയുന്നു. പതിതനായാലും, വഴിയിൽ കാലിടറിയവനായാലും, പാമ്പിനാൽ ദംശനമേറ്റവനായാലും, പനി മുതലായവയിൽ ദുഃഖിക്കുന്നവനായാലും, ആയുധങ്ങളാൽ മുറിവേറ്റവനായാലും, യാതൊരുവൻ അവശനായി ഹരേ കൃഷ്ണാ! എന്നുച്ചരിക്കുന്നതോടെ അവൻ യാതൊരുവിധമായ യാതനകളേയും അർഹിക്കുന്നില്ല.  വലുതും ചെറുതുമായ പാപങ്ങളുടെ പ്രായശ്ചിത്തകർമ്മങ്ങൾ മഹർഷിമാർ അറിഞ്ഞുപറഞ്ഞിരിക്കുന്നു. തപസ്സ്, ദാനം, ജപം മുതലായവകൊണ്ട് തീർച്ചയായും പാപം നശിക്കുന്നു. എന്നാൽ, ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന അവയുടെ സംസ്കാരമാകട്ടെ, ഭഗവദ്പാദസേവയാൽ മാത്രമേ നശിക്കുന്നുള്ളൂ. അറിഞ്ഞും അറിയാതെയും ഉച്ചരിക്കപ്പെടുന്ന ഉത്തമശ്ലോകന്റെ തിരുനമത്താൽ മനുഷ്യന്റെ സകല പാപങ്ങളും, അഗ്നിയിൽ വിറകെന്നതുപോലെ, എരിഞ്ഞടങ്ങുന്നു. മരുന്നിന്റെ ശക്തിയെക്കുറിച്ചറിഞ്ഞായാലും അറിയാതെയാലും, അവയുടെ സേവനത്താൽ രോഗം ഭേദമാകുന്നതുപോലെയാണ് ഭഗവദ്നാമോച്ചാരണത്തിന്റെ കാര്യവും.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, അങ്ങനെ വിഷ്ണുപാർഷദന്മാർ ഭഗവദ്നാമത്തിന്റെ മാഹാത്മ്യത്തെ വർണ്ണിച്ചുകൊണ്ട് അജാമിളനെന്ന ആ ബ്രാഹ്മണനെ യമദൂതന്മാരുടെ പാശത്തിൽനിന്നും വേർപെടുത്തി മരണത്തിൽനിന്നും രക്ഷിച്ചരുളി. ഹേ ശത്രുനാശകാ!, ഇങ്ങനെ പിന്തിരിഞ്ഞുപോകേണ്ടിവന്ന യമകിങ്കരന്മാർ യധമർമ്മന്റെയടുക്കലെത്തി ഉണ്ടായ വൃത്താന്തങ്ങൾ അദ്ദേഹത്തെ പറഞ്ഞുകേൾപ്പിച്ചു. യമപാശത്തിൽനിന്നും മുക്തനായി പേടിയകന്നു സ്വപ്രകൃതിയെ വീണ്ടെടുത്ത അജാമിളനാകട്ടെ, ആഹ്ലാദഭരിതനായി വിഷ്ണുകിങ്കരന്മാരെ ശിരസ്സാ വണങ്ങി. ഹേ അനഘനായ മാഹാരാജൻ!, അജാമിളൻ തങ്ങളോട് എന്തോ പറയുവാനുദ്ദേശിക്കുന്നുവെന്ന് മനസ്സിലായ വിഷ്ണുദാസന്മാർ അയാൾ നോക്കിനിൽക്കേതന്നെ അവിടെനിന്നും അപ്രത്യക്ഷരായി. അജാമിളൻ യമന്റേയും വിഷ്ണുവിന്റേയും ദൂതന്മാരിൽനിന്ന് ധർമ്മത്തേയും വിശുദ്ധമായ ഭക്തിയോഗത്തേയും കേട്ടിട്ട് പെട്ടെന്നുതന്നെ ഭക്തോത്തമനായിത്തീരുകയും, ശ്രീഹരിയുടെ മഹിമകളുടെ ശ്രവണത്താൽ അശുഭമായ തന്റെ പൂർവ്വചരിത്രത്തെയോർത്ത് പശ്ചാത്തപിക്കുകയും ചെയ്തു.

അജാമിളനോർത്തു: അഹോ കഷ്ടം!, മനസ്സിനെ നിയന്ത്രിക്കുവാൻ കഴിയാതെ എനിക്ക് വലിയ കഷ്ടമാണ് സംഭവിച്ചതു. ബ്രാഹ്മണ്യത്തെ നഷ്ടമാക്കിക്കൊണ്ട് ഞാൻ ഒരു ശൂദ്രസ്ത്രീയുമായി സംഗം ചേർന്ന് അവളിൽ മക്കളെ ജനിപ്പിച്ചു. ദുഷ്കൃതം കാട്ടിയും വംശത്തിന് കളങ്കം സൃഷ്ടിച്ചും സത്തുക്കളാൽ വെറുക്കപ്പെട്ട ഞാൻ പതിവ്രതയായ ഒരു കൊച്ചുപെൺകുട്ടിയെ ഉപേക്ഷിച്ച് മദ്യപാനിയും വ്യഭിചാരിണിയുമായ ഒരുവളെ പ്രാപിക്കുകയും ചെയ്തു. കഷ്ടം!, വൃദ്ധരും അനാഥരും മറ്റ് ബന്ധുക്കളില്ലാത്തവരുമായ മാതാപിതാക്കൾക്ക് ഉപകാരമില്ലാത്തവനുമായ ഞാനിതാ ത്യജിക്കപ്പെട്ടിരിക്കുന്നു. ഞാൻ അതിഘോരമായ നരകത്തിൽ പതിക്കുമെന്നുള്ളതിന് അല്പം പോലും സംശയമില്ല. ആചാരത്തെ ഹനിച്ച് വിഷയത്തെ കാമിക്കുന്നവൻ യമലോകത്തിലെത്തി ക്രൂരമായ നരകയാതനകൾ അനുഭവിക്കുകതന്നെ ചെയ്യുന്നു.

കൈയ്യിൽ കയറുമായി ചിലർ വന്ന് എന്നെ പിടിച്ചുവലിക്കുകയുണ്ടായി. ഇപ്പോൾ അവർ എവിടെയാണു?. ഇവിടെ ഒരത്ഭുതം നടന്നിരിക്കുന്നു. ഇത് സ്വപ്നമോ? അതോ യാഥാർത്ഥ്യമോ? യമപാശത്താൽ ബന്ധിപ്പിച്ച് അധോലോകത്തിലേക്ക് കൊണ്ടുപോകാനൊരുങ്ങിയവരിൽനിന്നും എന്നെ മോചിപ്പിച്ച സുന്ദരരൂപികളായ ആ നാല് ദിവ്യപുരുഷന്മാർ എങ്ങുപോയി? എങ്കിലും നിർഭാഗ്യനായ എനിക്ക്, ഒരുപക്ഷേ, പൂർവ്വജന്മപുണ്യം കൊണ്ടായിരിക്കണം, ദേവതാദർശനം ലഭിച്ചിരിക്കുന്നു. അതുകൊണ്ടിതാ എന്റെ അന്തഃകരണം പ്രകാശിക്കുന്നു. അല്ലാത്തപക്ഷം, അശുചിയും വൃഷളീപതിയുമായ എനിക്ക് മരണാഗതസമയത്ത് നാവിൽ നാരായണമന്ത്രം ഉച്ചരിക്കുവാൻ തോന്നുമായിരുന്നില്ല. വഞ്ചകനും പാപിയും ബ്രഹ്മഘ്നനും നാണം കെട്ടവനുമായ ഞാനെവിടെ?, അതേസമയം, നാരായണ എന്ന പരമപവിത്രമായ ഭഗവദ്നാമമെവിടെ?. ഇനി ഞാൻ ആത്മാവിനെ കൂരിരുട്ടിൽ താഴ്ത്താതെ, മനസ്സും ഇന്ദ്രിയങ്ങളും പ്രാണനുമടക്കി മോക്ഷത്തിനായി യത്നിക്കാൻ പോകുകയാണു. ഭഗവദ്മായയാൽ അധമനാകപ്പെട്ട ഞാൻ ഒരു കളിമാനിനെപ്പോലെ ചതിക്കപ്പെട്ടിരിക്കുന്നു. അവിദ്യ, കാമം, കർമ്മം മുതലായവയിൽ നിന്നുണ്ടായ ഈ ബന്ധത്തെ ഇല്ലാതെയാക്കി, സർവ്വഭൂതങ്ങളുടേയും സുഹൃത്തായി, സ്നേഹവും കനിവും ശാന്തിയുമുള്ളവനായും, ആത്മനിഷ്ഠയുള്ളവനുമായിക്കൊണ്ട്, സ്ത്രീരൂപം പൂണ്ടുവന്നു മായ കൈക്കലാക്കിയ ആത്മാവിനെ മോചിപ്പിക്കുവാൻ പോകുകയാണു. സത്യമായ ഈശ്വരനിൽ ബുദ്ധിയുറപ്പിച്ച്, ദേഹം മുതലായവയിൽ ഞാനെന്നും എന്റേതെന്നുമുള്ള ഭാവത്തെ വിട്ട്, ഭഗവദ്നാമസങ്കീർത്തനാദികൾകൊണ്ട് മനസ്സിനെ അവനിൽ ഉറപ്പിക്കുവാൻ പോകുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ, വിഷ്ണുപാർഷദന്മാരുമായുള്ള അല്പനേരത്തെ സമ്പർക്കാത്താൽ വിരാഗിയായിത്തീർന്ന അജാമിളൻ സകലബന്ധങ്ങളുമുപേക്ഷിച്ച് ഗംഗാദ്വാരത്തിലെത്തിച്ചേർന്നു. അദ്ദേഹം ആ ദേവസദനത്തിൽ യോഗം ശീലിച്ച്, സകല ഇന്ദ്രിയങ്ങളേയും നിരോധിച്ച്, മനസ്സിനെ പരമാത്മാവിൽ ഉറപ്പിച്ചു. അനന്തരം, ഏകാഗ്രമായ മനസ്സാൽ ദേഹാദികളിൽനിന്ന് ആത്മാവിനെ മുക്തമാക്കി ആത്മാനന്ദമനുഭവിച്ചുകൊണ്ട് ബ്രഹ്മസ്ഥാനമാകുന്ന ഭഗവദ്ധാമത്തിൽ യോജിപ്പിച്ചു. ഭഗവാനിൽ രമിച്ച മനസ്സോടുകൂടി അജാമിളൻ തന്റെ മുന്നിൽ താൻ മുമ്പ് കണ്ട വിഷ്ണുപാർഷദന്മാരെ വീണ്ടും കണ്ട് ശിരസ്സ് നമിച്ചു. ശേഷം, തന്റെ ഭൌതികശരീരത്തെ ഗംഗാതീരത്തുപേക്ഷിച്ച് ഉടൻ തന്നെ വിഷ്ണുപാർഷദന്മാരുടെ സ്വരൂപത്തെ സ്വീകരിച്ചു. തുടന്ന്, വിഷ്ണുദൂതന്മാരോടൊപ്പം സ്വർണ്ണമയമായ വിമാനത്തിലേറി ലക്ഷ്മീപതി വാണരുളുന്നിടത്തെ ലക്ഷ്യമാക്കി പ്രയാണം ചെയ്തു. അങ്ങനെ, ധർമ്മഹീനനും വ്രതഹീനനും നിന്ദ്യകർമ്മിയും പതിതനും നരകത്തിൽ വീഴപ്പെടേണ്ടവനും വേശ്യയുടെ ഭർത്താവുമായ അജാമിളൻ, ഭഗവാന്റെ തിരുനാമമന്ത്രോച്ചാരണമാത്രത്താൽ സർവ്വപപങ്ങളിൽനിന്നും തീർത്തും മുക്തനായി.

ഹേ പരീക്ഷിത്തേ!, ഭഗവദ്ത്തിരുനാമങ്ങളേക്കാളുപരി മുമുക്ഷുക്കൾക്ക് തങ്ങളുടെ കർമ്മബന്ധത്തെ അറുത്തെറിയുവാനുള്ള ഉത്തമോപകരണമായി ഇവിടെ മറ്റൊന്നുമില്ലെന്നറിയുക. കാരണം, ഭഗവാനിൽ ഉറയ്ക്കുന്ന മനസ്സ് പിന്നീട് കർമ്മങ്ങളിൽ ആസക്തമാകുന്നില്ല. എന്നാൽ, മറ്റുമാർഗ്ഗങ്ങളിലൂടെ അതിന് ശ്രമിക്കുന്നപക്ഷം മനസ്സ് രജസ്തമോഗുണങ്ങളിൽ പെട്ട് കലുഷമായി കർമ്മങ്ങളിൽ വീണ്ടും സക്തമാകുന്നു. യാതൊരുവൻ ഇങ്ങനെ പരമരഹസ്യവും പാപനാശകവുമായ ഈ ഉപാഖ്യാനത്തെ ശ്രദ്ധയോടുകൂടി കേൾക്കുകയോ ഭക്തിയോടുകൂടി കീർത്തനം ചെയ്യുകയോ ചെയ്യുകയാണെങ്കിൽ അവൻ ഒരിക്കലും നരകത്തെ പ്രാപിക്കുകയോ, യമദൂതന്മാരുടെ നോട്ടം അവനിൽ പതിയുകയോ ചെയ്യുന്നില്ല. പാപിയായിരുന്നാൽ പോലും അവൻ വിഷ്ണുലോകത്തിൽ സം‌പൂജ്യനായിമാറുന്നു. മരണസമയം പുത്രന്റെ പേരായി ഹരിയുടെ നാമം ഉച്ചരിച്ച പാപിയായ അജാമിളൻ പോലും വൈകുണ്ഠധാമത്തെ പ്രാപിച്ചുവെങ്കിൽ ശ്രദ്ധാഭക്തിസമന്വിതം അത് കീർത്തിക്കുന്നവന്റെ കാര്യം പറയേണമോ?.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Ajamilopakhyanam

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ