2019, ഓഗസ്റ്റ് 18, ഞായറാഴ്‌ച

6.13 ഇന്ദ്രന്റെ പാപനിവൃത്തി.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 13
(ഇന്ദ്രന്റെ പാപനിവൃത്തി.)

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, വൃത്രൻ വധിക്കപ്പെട്ടതിൽ പിന്നെ, ദേവേന്ദ്രനൊഴികെ സകലത്രിലോകവാസികളുടേയും ദുഃഖവും ഭയമകന്നു് അവരുടെ മനസ്സിൽ സന്തോഷം നിറഞ്ഞു. അനന്തരം, ദേവന്മാർ, ഋഷികൾ, പിതൃക്കൾ, ഭൂതഗണങ്ങൾ, അസുരന്മാർ, ദേവാനുചരന്മാർ, ബ്രഹ്മദേവൻ, മഹാദേവൻ, ഇന്ദ്രൻ മുതലായവർ സ്വസ്ഥാനങ്ങളിലേക്കു് സ്വയം തിരിച്ചുപോയി.

പരീക്ഷിത്തു് രാജാവു് ചോദിച്ചു: ഹേ ഋഷിവര്യാ!, ദേവേന്ദ്രൻ കാരണമാണല്ലോ മൂലോകവാസികളും സന്തോഷവാന്മാരായതു. എങ്കിൽ പിന്നെ എന്തുകൊണ്ടാണു് ഇന്ദ്രനു് മാത്രം സന്തോഷിക്കാൻ കഴിയാഞ്ഞതു?. എന്തായിരുന്നു് അദ്ദേഹത്തിനുണ്ടായ സങ്കടം?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, വൃത്രന്റെ ശല്യം സഹിക്കവയ്യാതെ ദേവന്മാരും ഋഷികളും ഇന്ദ്രന്റെ കണ്ടു് അവനെ വധിക്കണമെന്നഭ്യർത്ഥിച്ചപ്പോൾ, ബ്രാഹ്മണവധത്തെ ഭയപ്പെട്ടിരുന്ന ഇന്ദ്രനാകട്ടെ, അതിനെ ആഗ്രഹിക്കുന്നില്ലായിരുന്നു. ആ സമയം, ഇന്ദ്രൻ അവരോടു് പറഞ്ഞു: ഹേ മഹാത്മാക്കളേ!, വിശ്വരൂപഗുരുവിനെ വധിച്ചതിലുള്ള ബ്രഹ്മഹത്യാമഹാപാപത്തെ അനുഗ്രഹമനോഭാവമുള്ള സ്ത്രീകൾ, ഭൂമി, ജലം, വൃക്ഷങ്ങൾ എന്നിവർ പങ്കിട്ടെടുക്കുകയുണ്ടായി. എന്നാൽ, വൃത്രനെ എനിക്കു് വധിക്കേണ്ടിവന്നാൽ ആ പാപം ഞാനെങ്ങനെയാണു് ഒടുക്കുക?.

ശ്രീശുകൻ തുടർന്നു: രാജൻ!, ഇതുകേട്ടപ്പോൾ, ഋഷികൾ അദ്ദേഹത്തോടു് പറഞ്ഞു: ഹേ ഇന്ദ്രാ!, അങ്ങു് ഭയക്കരുതു്. അതിനു് പോംവഴിയുണ്ടു്. അങ്ങയെ അശ്വമേധമഹായാഗത്താൽ ഞങ്ങൾ യജിപ്പിക്കാം. അതിലൂടെ സർവ്വപാപങ്ങളുമകന്നു് അങ്ങേയ്ക്കു് ശുഭം ഭവിക്കുന്നതാണു. അശ്വമേധയാഗത്താൽ പരമാത്മാവായ ശ്രീമന്നാരായണനാകുന്ന പരമപുരുഷനെ യജിക്കുന്നതുവഴി, ഈ ലോകസർവ്വത്തെത്തന്നെ കൊന്നൊടുക്കിയാലും അങ്ങയുടെ പാപം തീരുന്നതാണു. ബ്രാഹ്മണനെ കൊന്നവനാകട്ടെ, പിതാവിനെ കൊന്നവനാകട്ടെ, ഗുരുവിനെ കൊന്നവനാകട്ടെ, ഗോവിനെ കൊന്നവനാകട്ടെ, നീചചണ്ഡാളനായിരുന്നാൽകൂടിയും ഭഗവാൻ ഹരിയുടെ നാമസങ്കീർത്തനത്താൽ അവൻ സകലപാപങ്ങളിൽനിന്നും സംശുദ്ധനാകുന്നുവെങ്കിൽ, ശ്രദ്ധയോടും ഭക്തിയോടും കൂടി ഞങ്ങളാൽ നിർവ്വഹിക്കപ്പെടുന്ന അശ്വമേധയാഗത്തെ അങ്ങു് യജിക്കുന്ന പക്ഷം ബ്രാഹ്മണരുൾപ്പെടെയുള്ള സകല ചരാചരത്തെ കൊന്നൊടുക്കിയാലും അങ്ങേയ്ക്കു് പാപസ്പർശനമുണ്ടാകുകയില്ല. അങ്ങനെയിരിക്കെ, ഈ ദുഷ്ടനെ കൊല്ലുന്നതുകൊണ്ടു് അങ്ങേയ്ക്കെന്തു് അംഭവിക്കാൻ?.

ശ്രീശുകൻ തുടർന്നു: ഹേ രാജൻ!, ഇങ്ങനെ ഋഷികളാൽ പ്രേരിതനായി ഇന്ദ്രൻ തന്റെ ശത്രുവായ വൃത്രനെ വധിക്കുകയും, തത്ഫലമായ ബ്രഹ്മഹത്യാമഹാപാപം അദ്ദേഹത്തെ ബാധിക്കുകയും ചെയ്തു. അതിൽനിന്നുണ്ടായ സകല ദുഃഖത്തേയും ഇന്ദ്രനു് നേരിടേണ്ടിവന്നു. ലജ്ജിതനായ അദ്ദേഹത്തിനു് തന്റെ മറ്റു് ഗുണങ്ങൾ പോലും ആശ്വാസകരമായി ഭവിച്ചില്ല. ഹേ രാജൻ!, ബ്രഹ്മഹത്യാപാപമാകട്ടെ, ജര ബാധിച്ചു് വിറയ്ക്കുന്ന ശരീരത്തോടുകൂടിയ ഒരു ചണ്ഡാലസ്ത്രീയുടെ ഉടലെത്തു് ഇന്ദ്രനെ പിന്തുടർന്നു. ക്ഷയം പിടിച്ച അവളുടെ വസ്ത്രങ്ങളിലാകമാനം ചോര പുരണ്ടിരുന്നു. അഴിഞ്ഞുലഞ്ഞുകിടക്കുന്ന നരച്ച മുടിയിഴകൾ. ശ്വസ്സിക്കുമ്പോൾ മത്സ്യത്തിന്റെ ഗന്ധം. മാർഗ്ഗധൂഷണം നടത്തിക്കൊണ്ടും, നിൽക്കെടാ!, നിൽക്കു് എന്നാക്രോശിച്ചുകൊണ്ടും അവൾ അദ്ദേഹത്തിന്റെ പിന്നാലെ പാഞ്ഞുകൊണ്ടിരുന്നു. രാജാവേ!, ആകാശത്തിലുടനീളം ചുറ്റിക്കറങ്ങി ഒടുവിൽ ഇന്ദ്രൻ കിഴക്കുവടക്കുദിശയിലുള്ള മാനസസരസ്സിലേക്കു് എത്രയും വേഗം പ്രവേശിച്ചു. തനിക്കു് വന്ന ഈ ബ്രഹ്മഹത്യാപാപത്തിന്റെ നാശത്തെക്കുറിച്ചു് നിരന്തരം ചിന്തിച്ചുകൊണ്ടു് അദ്ദേഹം ആരുമറിയാതെ ഒരു താമരത്തണ്ടിന്റെ നൂലിലൂടെ ആ സരസ്സിൽ ആയിരത്താണ്ടോളം കാലം കഴിഞ്ഞുകൂടി. തന്റെ ദൂതനായ അഗ്നിയ്ക്കു് ജലത്തിൽ പ്രവേശിക്കുവാൻ കഴിയാത്തതിനാൽ അദ്ദേഹത്തിനു് ഇക്കാലമത്രയും ആഹാരം പോലും ലഭിച്ചിരുന്നില്ല.

രാജാവേ!, ഇന്ദ്രനു് ഒളിവിൽ കഴിയേണ്ടിവന്ന അത്രയും കാലം സ്വർഗ്ഗത്തെ ഭരിച്ചിരുന്നതു്, ജ്ഞാനം, തപസ്സ്, യോഗശക്തി, ബലം മുതലായവയാൽ ശ്രേഷ്ഠനായിരുന്ന നഹുഷൻ എന്ന രാജാവായിരുന്നു. സമ്പത്തു്, പ്രഭുത്വം എന്നിവയാൽ അഹങ്കാരിയായി മാറിയ നഹുഷൻ ഇന്ദ്രണിയെ ആഗ്രഹിക്കുകയും, അവളുടെ ബുദ്ധിശക്തിയാൽ ഒരു പെരുമ്പാമ്പായി ഭവിച്ചു് ഭൂമിയിൽ പതിക്കുകയും ചെയ്തു. ഭഗവദ്കാരുണ്യത്താൽ പാപനിവാരണം ചെയ്യപ്പെട്ടവനായി ഭവിച്ച ദേവേന്ദ്രനെ ബ്രഹ്മദേവൻ വിളിക്കുകയും, അദ്ദേഹം സ്വർഗ്ഗത്തിൽ വീണ്ടും എത്തപ്പെടുകയും ചെയ്തു. ദിഗ്ദേവതകളാൽ ശക്തി ക്ഷയിക്കപ്പെട്ട ബ്രഹ്മഹത്യാപാപത്തിനു് മാനസസരസ്സിലെ താമരയിൽ വസിച്ചിരുന്ന ശ്രീമഹാലക്ഷ്മിയാൽ സുരക്ഷിതനായ ഇന്ദ്രനെ സ്പർശിക്കുവാനേ കഴിഞ്ഞില്ല. രാജൻ!, പിന്നീടു്, ബ്രഹ്മർഷിമാർ അശ്വമേധയജ്ഞത്തിലൂടെ ഭഗവാൻ ശ്രീഹരിയെ പ്രസാദിപ്പിച്ചു് വേണ്ടവിധത്തിൽ ഇന്ദ്രനെ ദീക്ഷിപ്പിച്ചു. അശ്വമേധത്താൽ ബ്രഹ്മവാദികളാൽ യജിക്കപ്പെട്ട ഭഗവാൻ ശ്രീഹരിയാകട്ടെ, സൂര്യൻ മഞ്ഞിനെ എന്നതുപോലെ, വൃത്രനെ വധിച്ചതിലുണ്ടായ ഇന്ദ്രന്റെ അതിബൃഹത്തായ ബ്രഹ്മഹത്യാപാപത്തെ നിശ്ശേഷം ഇല്ലാതെയാക്കി. അങ്ങനെ, മരീചി മുതലായ മഹാഋഷികളാൽ ശാസ്ത്രോക്തവിധിപ്രകാരം യജിക്കപ്പെട്ട വാജിമേധത്താൽ അധിയജ്ഞനും പുരാണപുരുഷനുമായ തന്തിരുവടിയെ ആരാധിച്ചു് പാപമകന്ന ഇന്ദ്രൻ വീണ്ടും മഹത്വമുള്ളവനായി മാറുകയും ചെയ്തു.

ഹേ പരീക്ഷിത്തു് മഹാരാജാവേ!, ഞാനീപ്പറഞ്ഞ മഹാഖ്യാനം സമസ്തദുരിതങ്ങൾക്കുമുള്ള നിവാരണമാർഗ്ഗമാണു. കാരണം, ഇതിൽ തീർത്ഥപാദനായ ഭഗവാന്റെ അനുകീർത്തനം അടങ്ങപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇതു് ഭക്തിയുടെ ഔന്നിത്യത്താൽ ശ്രേഷ്ഠവും, ഇതിൽ ഭഗവദ്ഭക്തന്മാരെക്കുറിച്ചുള്ള പ്രതിപാദനങ്ങളുമടങ്ങിയിരിക്കുന്നു. കൂടാതെ ഇതു് ഇന്ദ്രന്റെ ജയത്തേയും പാപമോചനത്തേയും ആസ്പദമാക്കിയുള്ള ഒരു പുരാവൃത്തമാകുന്നു. മനഃശക്തിയേയും സമ്പത്തിനേയും യശസ്സിനേയും വർദ്ധിപ്പിക്കുന്നതും, സർവ്വപാപങ്ങളിൽനിന്നും ജീവനെ മുക്തമാക്കുന്നതും, ശത്രുക്കളിൽനിന്നും ജയമുണ്ടാക്കിത്തരുന്നതും, ദീർഘായുസ്സു് നൽകുന്നതുമായ ഈ ആഖ്യാനത്തെ വിബുധന്മാർ സദാ പഠിക്കുകയും അഥവാ, ഏറ്റവും കുറഞ്ഞതു് വിശേഷദിവസങ്ങളിലെങ്കിലും കേൾക്കുകയും ചെയ്യണം.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Indra being delivered of Brahmahatya

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ