2019, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

6.3 യമരാജൻ തന്റെ ഭൃത്യന്മാർക്ക് ഹരിനാമമാഹാത്മ്യമുപദ്ദേശിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 3
(യമരാജൻ തന്റെ ഭൃത്യന്മാർക്ക് ഹരിനാമമാഹാത്മ്യമുപദ്ദേശിക്കുന്നു.)


പരീക്ഷിത്ത് രാജാവു് ശ്രീശുകബ്രഹ്മമഹർഷിയോടു ചോദിച്ചു: ഹേ മഹർഷേ!, യമധർമ്മരാജന്റെ അധീനതയിലാണല്ലോ ഇക്കണ്ട ലോകം തന്നെയുള്ളതു? അങ്ങനെയിരിക്കെ, ആ യമദേവൻ തന്റെ ഭടന്മാർ പറഞ്ഞതു കേട്ടതിനുശേഷം ഭഗവദ്പാർഷദന്മാരാൽ തടയപ്പെട്ട തന്റെ ദൂതന്മാരോട് എന്തായിരുന്നു മറുപടി പറഞ്ഞതു? അല്ലയോ ഋഷേ!, യമദേവന്റെ ദണ്ഡനത്തിന് ഭംഗം വന്നതായി മുമ്പെങ്ങും കേട്ടിട്ടുള്ള കാര്യമല്ല. ഇപ്പോഴിതാ അങ്ങനെയും സംഭവിച്ചിരിക്കുന്നു. ഹേ മുനേ!, ലോകത്തിന്റെ ഈ സംശയം മാറ്റിത്തരുവാൻ അങ്ങല്ലാതെ മറ്റാരും പ്രാപ്തനല്ലെന്നു ഞാനറിയുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, വിഷ്ണുപാർഷദന്മാരാൽ തിരിച്ചയയ്ക്കപ്പെട്ടതിനുശേഷം യമദൂതന്മാർ സംയമിനി എന്ന കാലപുരിയിലെത്തി തങ്ങളുടെ സ്വാമിയോട് ഇപ്രകാരം പറഞ്ഞു: ഹേ പ്രഭോ!, മനസ്സ്, വാക്ക്, ശരീരം മുതലായവ ഹേതുവായി കർമ്മം ചെയ്തുകൊണ്ടിരിക്കുന്ന ഈ ജീവലോകത്തിന്റെ ശാസ്താക്കളായും, അവരുടെ കർമ്മഫലത്തെ പ്രഖ്യാപിക്കുവാൻ കാരണക്കാരായും ഇവിടെ എത്രപേരാണുള്ളതു? ഒന്നിലധികം അധികാരികൾ പ്രസ്തുതകർമ്മത്തിനുണ്ടാകുന്നപക്ഷം, എങ്ങനെയാണ് സുഖവും ദുഃഖവും കർമ്മികൾക്ക് യഥായോഗ്യം വിധിക്കപ്പെടുന്നതു? കർമ്മികളെപ്പോലെ ശാസ്താക്കളും അധികം പേരുണ്ടായാൽ വിവിധ മണ്ഡലവർത്തികളെപ്പോലെ ശാസ്തൃത്വവും വെറും ഉപചാരത്തിനുമാത്രമുള്ളതായിമാറും. അങ്ങനെയാകാതിരിക്കണമെങ്കിൽ, ദേവന്മാരുൾപ്പെടെയുള്ള സകലഭൂതങ്ങൾക്കും അധീശ്വരനായും, ശുഭാശുഭങ്ങളെ വിവേചനം ചെയ്യാൻ കഴിവുള്ളവനായും ഇവിടെ അവിടുന്ന് ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അവിടുത്തെ ദണ്ഡനവിധി ലോകത്തിലെങ്ങും ഒരിക്കലും തടസ്സപ്പെട്ടതായി മുമ്പെങ്ങും കേട്ടിട്ടില്ല. എന്നാൽ, ഇപ്പോഴിതാ നാല് സിദ്ധന്മാരാൽ അത്ഭുതാവഹമായി അതും സംഭവിച്ചിരിക്കുന്നു. ഇന്ന്, അവിടുത്തെ നിയോഗത്താൽ ഒരു മഹാപാപിയെ യാതനാഗൃഹത്തിലേക്ക് കൊണ്ടുപോകാൻ തുടങ്ങുമ്പോൾ കയറുകളെ ബലാൽക്കാരമായി അറുത്തുകളഞ്ഞിട്ട് അവനെ അവർ മോചിപ്പിച്ചിരിക്കുന്നു. നാരായണ എന്ന് അവൻ ഉച്ചരിച്ചനേരം പേടിക്കേണ്ട എന്ന് പറഞ്ഞുകൊണ്ട് അവർ ക്ഷണത്തിൽ അവിടെ പ്രത്യക്ഷരായി. ഒരുപക്ഷേ, ഞങ്ങൾ അർഹരാണെന്ന് അങ്ങേയ്ക് തോന്നുന്നുവെങ്കിൽ അവരെക്കുറിച്ച് അങ്ങയിൽനിന്നറിയുവാൻ ഞങ്ങളാഗ്രഹിക്കുകയാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, യമദൂതന്മാരുടെ വാക്കുകളെ കേട്ടതിനുശേഷം, ജീവരാശികളുടെ നിയന്താവായ യമധർമ്മൻ അത്യന്തം സന്തോഷത്തോടുകൂടി ഭഗവാൻ ഹരിയെ മനസ്സിൽ സ്മരിച്ചുകൊണ്ട് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: ഹേ ദൂതന്മാരേ!, ചരാചരങ്ങൾക്കധീശനായിട്ട് എന്നിൽനിന്നും അന്യനായി മറ്റൊരാളുണ്ടെന്നറിയുക. വസ്ത്രത്തിൽ ഊടും പാവുമെന്നതുപോലെ ഈ പ്രപഞ്ചം അവനാൽ നിറയപ്പെട്ടിരിക്കുന്നു. അതിന്റെ ഉല്പത്തിക്കും നിലനിൽപ്പിനും നാശത്തിനനും വേണ്ടി അവന്റെ അംശമായ ത്രിമൂർത്തികൾ ഉണ്ടായിരിക്കുന്നു. ഈ ലോകം മൂക്കുകയറിട്ട കാളയെപ്പോലെ അവന്റെ അധീനതയിലാണെന്നറിയുക. കയറുകൾകൊണ്ട് കന്നുകാലികളെ ബന്ധിച്ചിരിക്കുന്നതുപോലെ, അവൻ തന്റെ വേദവചനങ്ങളാൽ ബ്രാഹ്മണാദി വിവിധ പേരുകളിൽ ജനങ്ങളെ ബന്ധിച്ചിരിക്കുന്നു. അവർ നാമങ്ങളുടേയും കർമ്മങ്ങളൂടേയും നിബന്ധനകൾക്ക് വിധേയരായും ഭയചകിതന്മാരായും അവനെ ആരാധിക്കുകയും ചെയ്യുന്നു. ഞാനും ഇന്ദ്രനും നിഋതിയും വരുണനും ചന്ദ്രനും അഗ്നിയും ഈശാനനും വായുവും സൂര്യനും വിരിഞ്ചനും വിശ്വദേവന്മാരും വസുക്കളും സാധ്യന്മാരും മരുത്ഗണങ്ങളും രുദ്രഗണങ്ങളും സിദ്ധദേവന്മാരും പ്രജാപതിമാരും ദേവഗുരുക്കന്മാരായ ഭൃഗു മുതലായവരും അതുപോലെയുള്ള സകലരുംതന്നെ, രജസ്സ്തമോഗുണങ്ങൾ സ്പർശിച്ചിട്ടില്ലാത്തവരായിട്ടുകൂടിയും സത്വഗുണികളായിട്ടുകൂടിയും മായാസ്പർശനമുള്ളതിനാൽ ആ പരമപുരുഷന്റെ ഇംഗിതത്തെ അറിയുന്നില്ല. പിന്നെ എങ്ങനെ മറ്റുള്ളവരറിയാൻ?

ശരീരത്തിലെ യാതൊരംഗങ്ങളും അതിലെ നേത്രത്തെ കാണാത്തതുപോലെ, ജീവാത്മാക്കളുടെ ഹൃദയത്തിൽ പരമാത്മാവായി കുടികൊള്ളുന്ന അവനെ പ്രാണികൾ ഇന്ദ്രയങ്ങളാലോ, പ്രാണങ്ങളാലോ, മനസ്സാലോ, ഹൃദയത്താലോ, വാക്കുകൾകൊണ്ടോ അറിയുന്നില്ല. ആത്മതന്ത്രനും സർവ്വാധീശനും മായാധിപതിയും പരമാത്മാവും പരനുമായ ഭഗവാൻ ഹരിയുടെ ദൂതന്മാർ അവിടുത്തെ രൂപവും ഭാവവുമുള്ളവരായി മനോഹരസ്വരൂപികളായി ഈ ലോകത്തിലെങ്ങും സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവർ ദേവന്മാരാൽ ആരാധിക്കപ്പെടുന്നവരും അഗോചരന്മാരും അത്യന്തം ആശ്ചര്യം ജനിപ്പിക്കുന്നവരുമാണു. അങ്ങനെയുള്ള ഈ വിഷ്ണുപാർഷദഗണങ്ങൾ ഭഗവദ്ഭക്തന്മാരെ മറ്റുള്ളവരിൽനിന്നും എന്നിൽനിന്നും അതുപോലെ എല്ലാത്തിൽനിന്നും സർവ്വദാ കാത്തുരക്ഷിക്കുന്നു. ഭഗവദ്പ്രണീതമായ ധർമ്മത്തെ ഋഷികളോ, ദേവന്മാരോ, സിദ്ധന്മാരോ അറിയുന്നില്ല. പിന്നെങ്ങനെയാണ് അസുരന്മാരും മനുഷ്യന്മാരും വിദ്യാധരചാരണാദികളും മറ്റും അറിയുന്നതു?.

സ്വയഭൂവായ വിധാതാവും ശ്രീനാരദരും മഹാദേവനും സനൽകുമാരന്മാരും കപിലനും സ്വായംഭുവമനുവും പ്രഹ്ലാദരും ജനകമഹാരാജാവും ഭീഷ്മരും മഹാബലിയും ശ്രീശുകനും ഞാനുമടങ്ങുന്ന പന്ത്രണ്ടുപേർ, ഗുഹ്യവും പാവനവും അറിയാൽ പ്രയാസമേറിയതും ഭഗവദ്പ്രണീതവുമായ ആ ധർമ്മത്തെ അറിഞ്ഞിട്ടുണ്ടു. അല്ലയോ ഭടന്മാരേ!, അതിനെ അറിഞ്ഞാൽ സംസാരത്തിൽനിന്നും മുക്തി ലഭിക്കുന്നു. ആ പരമപുരുഷന്റെ നാമസങ്കീർത്തനാദികളാൽ അവനിൽ ഭക്തിയുൾക്കൊള്ളുക എന്നതുമാത്രമാണ് മനുഷ്യജന്മത്തിന്റെ പമമായ ധർമ്മം എന്നോർക്കുക. ആ തിരുനാമോച്ചാരണത്താൽ അജാമിളൻ പോലും മൃത്യുപാശത്തിൽനിന്നും മോചിതാനായി. അതിലൂടെ, കുട്ടികളേ!, നിങ്ങൾ ഭഗവദ്നാമഗുണത്തെ കണ്ടറിയുക. ആ കരുണാമയന്റെ മഹിമകളേയും നാമങ്ങളേയും വിധിപ്രകാരം കീർത്തിച്ചാൽ മാത്രമേ പാവനിവൃത്തിയുണ്ടാകൂ എന്ന് ശങ്കിക്കേണ്ടാ. കാരണം, മരണം ആഗതമായ സമയത്ത് പാപിയായ അജാമിളൻ തന്റെ പുത്രനെ ഉദ്ദേശിച്ചുമാത്രമയിരുന്നു നാരായണ എന്ന് ചൊല്ലി നിലവിളിച്ചതു. എങ്കിലും അയാൾക്ക് മോക്ഷം തന്നെ സിദ്ധിച്ചുവല്ലോ

ഇക്കണ്ട മഹാജനങ്ങളിൽ പലരും ഭക്തിയോഗത്തിന്റെ പൊരുൾ അറിയുന്നില്ല. ഭഗവദ്മായയാൽ വിമോഹിതരായ സാധാരണജനങ്ങൾ തേനൂറുന്നമാതിരി വികസിച്ചുനിൽക്കുന്ന വേദത്തിൽ മതികെട്ട് മുഴുകിക്കൊണ്ട് ദ്രവ്യമന്ത്രാദികളാആഡംബരപൂർവ്വം ബൃഹത്തായ കർമ്മമാർഗ്ഗത്തിൽ പെട്ടുപോയിരിക്കുന്നു. എന്നാൽ, സത്ബുദ്ധികളാകട്ടെ, വേദോക്തമായ കർമ്മകാണ്ഡത്തിന്റെ നിസ്സാരതയെ മനസ്സിലാക്കി അനന്തനായ ഭഗവാനിൽ സർവ്വാത്മനാ ഭക്തികൈക്കൊള്ളുന്നു. ആയതിനാൽ അവർ എന്റെ ദണ്ഡനവിധിയെ അർഹിക്കുന്നില്ല. ഇനി അവർ പാപികളാണെങ്കിൽകൂടി ആ പാപത്തെ ഭഗവദ്നാമം ഇല്ലാതെയാക്കുന്നു. സമദർശികളും ഭഗവാനിൽ അഭയം പ്രാപിച്ചവരുമായ സാധുക്കൾ ദേവന്മാരാലും സിദ്ധന്മാരാലും സ്തുതിക്കപ്പെട്ടവരാകുന്നു. അവർക്കുചുറ്റും ഭഗവാന്റെ ഗദായുധം സംരക്ഷണവലയം സൃഷ്ടിച്ചിരിക്കുന്നു. അവരെ നിങ്ങൾ സമീപിക്കുവാൻ പാടുള്ളതല്ല. ഇവർക്ക് ദണ്ഡനം വിധിക്കുവാൻ നമുക്കോ കാലത്തിനോ കഴിയുകയില്ലെന്നറിയുക. പകരം, നിങ്ങൾ നിഷ്കിഞ്ചനനമാരും രസജ്ഞന്മാരും പരമഹംസന്മാരും സദാ ആസ്വദിക്കുന്ന മുകുന്ദപാദാരവിന്ദമകരന്ദരസത്തിൽ വിമുഖരായവരേയും, അതുപോലെ നരകത്തിലേക്കുള്ള പെരുവഴിയായ ഗൃഹത്തിൽ ആസക്തരായവരേയും കൊണ്ടുവരുവിൽ. യാതൊരുവന്റെ നാവ് ഒരിക്കലെങ്കിലും ഭഗവദ്നാമമുച്ചരിച്ചിട്ടില്ലയോ, യാതൊരുവന്റെ മനസ്സ് ആ തിരുവടിയുടെ തൃപ്പാദങ്ങളെ സ്മരിക്കുന്നില്ലയോ, യാതൊരുവന്റെ ശിരസ്സാകട്ടെ, ശ്രീകൃഷ്ണപരമാത്മാവിനുനേരേ കുനിയുന്നില്ലയോ, യാതൊരുവൻ വൈഷ്ണവധർമ്മത്തെ ആചരിച്ചിട്ടില്ലയോ, അങ്ങനെയുള്ള അസത്തുക്കളെ നിങ്ങൾ കൊണ്ടുവരുവിൽ.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, തന്റെ ഭൃത്യന്മാരെ ഇപ്രകാരം ഉപദേശിച്ചതിനുശേഷം, അവരുടെ തെറ്റിനെ പൊറുത്തരുളുവാനായി യമധർമ്മൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു: ആദ്യരഹിതനായ ഹേ പരമപുരുഷ!, തൊഴുകൈകളോടെ നിൽക്കുന്ന അടിയന്റെ ഈ ഭൃത്യജനങ്ങളാൽ ചെയ്യപ്പെട്ട അനീതിയെ അങ്ങ് പൊറുത്തരുളേണമേ!, ക്ഷമാഗുണയുക്തനായി എങ്ങും നിറഞ്ഞുനിൽക്കുന്ന ആത്മസ്വരൂപനായ അങ്ങേയ്ക്ക് ഞങ്ങളുടെ നമസ്കാരം!.

ശ്രീശുകൻ പറഞ്ഞു:         ഹേ കുരുവംശജനായ രാജാവേ!, ഈ കഥയിലൂടെ ശ്രീമഹാവിഷ്ണുവിന്റെ തിരുനാമസങ്കീർത്തനം ലോകകല്യാണകരവും കൊടിയ പാപങ്ങളെ പോലും ഉന്മൂലനാശം വരുത്തുന്ന പ്രായശ്ചിത്തവുമാണെന്നറിഞ്ഞുകൊള്ളുക. അന്തഃകരണത്തെ സുഗമമായി പരിശുദ്ധമാക്കാൻ ശ്രീഹരിയുടെ നിസ്സീമങ്ങളായ മഹിമാകഥനശ്രവണങ്ങളെപ്പോലെ മറ്റൊരു വ്രതങ്ങൾക്കും സാധ്യമല്ല. ശ്രീകൃഷ്ണപരമാത്മാവിന്റെ തൃപ്പാദത്തിലൂറുന്ന മധുവുണ്ടവൻ തന്നാലൊരിക്കൽ ഉപേക്ഷിക്കപ്പെട്ട പാപദായകമായ മായാഗുണങ്ങളിൽ പിന്നീട് രമിക്കുകയില്ലെന്നറിയുക. എന്നാൽ, മറ്റുള്ളവർ കാമത്താൽ ഹനിക്കപ്പെട്ടവനായി തന്റെ പാപമുക്ത്യർത്ഥം വീണ്ടും കർമ്മം തന്നെ ചെയ്യാൻ തുടങ്ങുന്നു. ആ കർമ്മങ്ങളിലൂടെ വീണ്ടും പാപംതന്നെ നേടുകയും ചെയ്യുന്നു. അങ്ങനെ, ഹേ രാജൻ!, യമധർമ്മനാൽ സത്യം ബോധിക്കപ്പെട്ടതിൽ യമകിങ്കരന്മാർക്ക് തെല്ലുപോലും വിസ്മയം തോന്നിയില്ല. അന്നുമുതൽ, ഭഗവാനിൽ ആശ്രയം കൊണ്ടിട്ടുള്ള ഭക്തരെ കാണുവാൻപോലും അവർ പേടിച്ചുതുടങ്ങി. ഈ ഇതിഹാസത്തെ ഭഗവാൻ അഗസ്ത്യമുനി മലയപർവ്വതത്തിൽവച്ച് ഹരിഭജനം ചെയ്തുകൊണ്ടിരിക്കെ പറഞ്ഞതാകുന്നു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം മൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next


Yamadharama advises him servants

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ