2019, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

5.26 നരകവർണ്ണനം.


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അദ്ധ്യായം ‌ 26
(നരകവർണ്ണനം)പരീക്ഷിത്ത് രാജാവ് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു: ഹേ ഗുരോ!, ലോകത്തിൽ ജീവഭൂതങ്ങൾക്കിടയിൽ ഈവിധത്തിലുള്ള ഭോഗാനുഭവവൈവിധ്യങ്ങൾ എങ്ങനെയാണുണ്ടാകുന്നതു?

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ലോകത്തിൽ കർമ്മങ്ങൾ ത്രിഗുണാനുസൃതമായി മൂന്നുവിധത്തിൽ സംഭവിക്കുന്നു. ജീവഭൂതങ്ങൾ ഇവിടെ സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങൾക്ക് വിധേയരായി കർമ്മങ്ങളനുഷ്ഠിക്കുന്നു. ആയതിനാൽ, അവയുടെ ഫലങ്ങളും വ്യത്യസ്ഥങ്ങളായിരിക്കുന്നു. സത്വഗുണത്തിൽ അധിഷ്ഠിതരായി പുണ്യകർമ്മങ്ങൾ ചെയ്യുന്നവർ വിവിധങ്ങളായ സ്വർഗ്ഗങ്ങളെ പ്രാപിക്കുന്നു. അതുപോലെ തമോഗുണികളായി പാപവൃത്തികളിലേർപ്പെട്ട ജീവന്മാർ വിവിധ നരകങ്ങളേയും പ്രാപിക്കുന്നു. ഈ നരകങ്ങളിൽ പ്രധാനപ്പെട്ടവ ഞാൻ ഇനി വിസ്തരിച്ച് പറയാം.

അപ്പോൾ പരീക്ഷിത്ത് ശുകനോട് ചോദിച്ചു: ഹേ മഹാനായ ഋഷേ!, ഈ നരകങ്ങൾ ഭൂമിയിൽതന്നെയാണോ?, അതോ ഈ പ്രപഞ്ചത്തിനുപുറത്തുള്ളവയാണോ?, അതോ ഇനി ഭൂമിയിൽ നിന്നുവിട്ട് ബ്രഹ്മാണ്ഡാവരണങ്ങൾക്കിടയിലുള്ളവയാണോ? എന്നു പറഞ്ഞരുളിയാലും!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, നരകലോകങ്ങളെല്ലാംതന്നെ ബ്രഹ്മാണ്ഡാവരണങ്ങൾക്കിടയിൽതന്നെയാണുള്ളതു. അവ ഈ പ്രപഞ്ചത്തിന്റെ തെക്ക് ഭാഗത്ത്, ഭൂമണ്ഡലത്തിനു താഴെയായും ജലവിതാനത്തിൽനിന്ന് മീതെയായും നിലകൊള്ളുന്നു. പിതൃലോകങ്ങളും അവിടെയാണുള്ളതു. ഇവിടെ അഗ്നിഷ്വാത്തൻ മുതലായ പിതൃദേവഗണങ്ങൾ ആശ്ശിസ്സുകളെ കാമിച്ചുകൊണ്ട് ഭഗവാനെ ധ്യാനിക്കുന്നു. പിതൃക്കളുടെ രാജാവായ യമധർമ്മൻ തന്റെ കിങ്കരന്മാരോടൊപ്പം പിതൃലോകത്തിൽ വസിക്കുന്നു. ഭഗവദ്നിർദ്ദേശാനുസരണം, യമകിങ്കരന്മാർ പരേതാത്മാക്കളെ യമധമ്മസന്നിധിയിലെത്തിക്കുകയും, തുടർന്ന്, അവരിൽ പാപകർമ്മികളായവരെ അവരുടെ കർമ്മങ്ങൾക്കനുസരിച്ച് വിവിധ നരകങ്ങളിലേക്കയയ്ക്കുകയും ചെയ്യുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഇരുപത്തിയൊന്ന് നരകങ്ങളാണുള്ളതു. എന്നാൽ, ചിലർ ഇരുപത്തിയെട്ടുണ്ടെന്നും പറയുന്നുണ്ടു. അവയെ ഞൻ അവയുടെ നാമരൂപലക്ഷണങ്ങളോടൊപ്പം അങ്ങേയ്ക്കുവേണ്ടി വിസ്തരിക്കാം. മേൽപറഞ്ഞ നരകങ്ങളുടെ നാമങ്ങൾ താമിസ്രം, അന്ധതാമിസ്രം, രൌരവം, മഹാരൌരവം, കുംഭീപാകം, കാലസൂത്രം, അസിപത്രവനം, സൂകരമുഖം, അന്ധകൂപം, കൃമിഭോജനം, സന്ദംശം, തപ്തസൂർമി, വജ്രകണ്ടകശാൽമലി, വൈതരണി, പൂയോദം, പ്രാണരോധം, വിശസനം, ലാലാഭക്ഷം, സാരമേയാദനം, അവീചി, യഃപാനം, ക്ഷാരകർദമം, രക്ഷോഗണഭോജനം, ശൂലപ്രോതം, ദന്ദശൂകം, അവടനിരോധനം, പര്യാവർത്തനം, സൂചീമുഖം എന്നിവയാണു. ഇവയെല്ലാം ജീവഭൂതങ്ങൾക്ക് തങ്ങളുടെ ദുഃഷ്കർമ്മങ്ങളുടെ ഫലങ്ങളെ പ്രദാനം ചെയ്യുവാനായിട്ടുള്ളവയാകുന്നു.

ഹേ പരീക്ഷിത്ത് രാജൻ!, പരന്റെ ഭാര്യയേയോ കുട്ടികളേയോ ധനത്തിനേയോ അപഹരിക്കുന്നവനെ യമദൂതർ മരണാനന്തരം കാലപാശത്താൽ വരിഞ്ഞുകെട്ടി താമിസ്രം എന്ന നരകത്തിലേക്കെടുത്തെറിയുന്നു. ഇരുളടഞ്ഞ ഈ നരകത്തിൽ അവർ അവനെ അതിക്രൂരമായി മർദ്ദിക്കുകയും ഭർത്സിക്കുകയും ചെയ്യുന്നു. ജലപാനം പോലുമില്ലാതെ അവൻ അവിടെ പട്ടിണികിടക്കേണ്ടിവരുന്നു. കാരുണ്യം ലവലേശമില്ലാത്ത യമദൂതന്മാരുടെ ആക്രമണത്തിൽ ചിലനേരം അവൻ ബോധരഹിതനാകുന്നു.

പരന്റെ ഭാര്യയേയും മറ്റും ചതിയിലൂടെ വലവീശിപ്പിടിച്ചനുഭവിക്കുന്നവൻ അന്ധതാമിസ്രം എന്ന നരകലോകത്തിൽ അടയ്ക്കപ്പെടുന്നു. അവിടെ അവൻ കടമുറിച്ച് വീഴ്ത്തപ്പെടുന്ന മരം പോലെ നിലം പൊത്തുന്നു. അന്ധതാമിസ്രനരകത്തിലെത്തുന്നതിനുമുന്നേതന്നെ ഇങ്ങനെയുള്ളവർ മറ്റനേകം ശിക്ഷകൾക്ക് വിധേയരാകുന്നു. ഈ അഴലിൽ അവന് തന്റെ ബുദ്ധിയും കാഴ്ചയും നഷ്ടപ്പെട്ടുപോകുന്നു. ആയതിനാലാണ് ഈ നരകത്തെ പണ്ഡിതർ അന്ധതാമിസ്രമെന്ന് വിളിക്കുന്നതു.

ശരീരം തനാണെന്ന് തെറ്റിദ്ധരിക്കുന്നവൻ രാപ്പകലില്ലാതെ അതിനേയും അതുമായി ബന്ധപ്പെട്ട മറ്റു ശരീരങ്ങളേയും നിലനിർത്തുവാനും പോഷിപ്പിക്കുന്നതിനുമായി കഷ്ടപ്പെടുന്നു. ശ്രമത്തിനിടയിൽ അവൻ മറ്റുള്ളവരെ ദ്രോഹിക്കുന്നു. അങ്ങനെയുള്ളവർ മരണമെത്തുമ്പോൾ തന്റെ ശരീരത്തേയും കുടുംബത്തേയും ഉപേക്ഷിച്ച്, മറ്റുള്ളവരെ ആക്രമിച്ചതുവഴി സമ്പാദിച്ച കർമ്മഫലവുമായി രൌരവം എന്ന നരകത്തിലേക്ക് തള്ളപ്പെടുന്നു. ഈ ജന്മത്തിൽ അവർ അനേകം ജീവഭൂതങ്ങളെ ദ്രോഹിക്കുന്നു. ദേഹാവസാനത്തിൽ അവർ യമരാജനുമുന്നിൽ സമർപ്പിതരാകുന്നു. അവിടെ അവനാൽ ദ്രോഹിക്കപ്പെട്ട ജീവാത്മാക്കൾ രുരുക്കൾ എന്ന മൃഗങ്ങളുടെ വേഷത്തിൽ അവനെ കടിച്ചുകീറുവാനായി ഒരുങ്ങിനിൽക്കുന്നു. പണ്ഡിതന്മാർ ഈ നരകത്തിനെ രൌരവം എന്നു വിളിക്കുന്നു. രുരുക്കൾ നാഗങ്ങളേക്കാൾ പകയുള്ളവരാണു. അതുപോലെതന്നെ തന്റെ ശരീരത്തെ മാത്രം നിലർത്തുന്നതിനായി മറ്റുള്ളവരെ ദ്രോഹിക്കുന്ന പാപാത്മാക്കൾ മഹാരൌരവം എന്ന നരകത്തിലെത്തപ്പെടുന്നു. അവിടെ ക്രവ്യാദമെന്ന രുരുക്കൾ മാംസദാഹികളായി അവനെ കീറിപ്പിളർന്ന് മാംസത്തെ ഭുജിക്കുന്നു.

സ്വശരീരത്തെ പോഷിപ്പിക്കുന്നതിനും നാവെന്ന ഇന്ദ്രിയത്തിനെ തൃപ്തമാക്കുന്നതിനുംവേണ്ടി നാൽക്കാലികളേയും പറവകളേയും ജീവനോടെ ചുട്ടുകരിച്ചു നിഷ്കരുണം ഭുജിക്കുന്നവൻ നരഭോജികളേക്കാൾ അധമന്മാരായി വിശേഷിപ്പിക്കപ്പെടുന്നു. അവർ മരണാനന്തരം കുംഭീപാകം എന്ന നരകത്തിലെത്തി അവിടെ തിളപ്പിച്ച എണ്ണയിൽ വീണു വെന്തുരുകുന്നു. അച്ഛനമ്മമാരേയും ബ്രാഹ്മണരേയും വേദത്തേയും ദ്രോഹിക്കുന്ന പാപാത്മാക്കൾ കാലസൂത്രമെന്ന നരകത്തിൽ വീഴുന്നു. ഈ നരകം പതിനായിരം യോജന ചുറ്റളവുള്ളതും ചെമ്പിൽ തീർത്തതുമാണു. ഈ ചെമ്പ് പ്രതലം കീഴിൽനിന്നും അഗ്നിയാലും മുകളിൽനിന്ന് സൂര്യനാലും ചുട്ടുപഴുത്തികിടക്കുന്നു. അങ്ങനെ ബാഹികമായും ആന്തരികമായും ദുരാത്മാക്കൾ അതിൽ വെന്തുരുകുന്നു. വിശപ്പും ദാഹവും അവനെ ആന്തരികമായി ദുഃഖിപ്പിക്കുമ്പോൾ, സൂര്യതാപത്തൽ അവന്റെ ശരീരം നീറിപ്പുകയുകയും ചെയ്യുന്നു. ആ യാതന സഹിക്കുവാനാകാതെ അവൻ ചിലപ്പോൾ ഇരിക്കുകയും, ചിലപ്പോൾ കിടക്കുകയും, പിന്നെ ചിലപ്പോൾ ഉരുളുകയും, മറ്റുചിലപ്പോൾ എഴുന്നേറ്റ് പരക്കം പായുകയും ചെയ്യുന്നു. ഒരു മൃഗത്തിന്റെ ശരീരത്തിലുള്ള രോമങ്ങളുടെ എണ്ണത്തിനത്ര ആയിരത്താണ്ടുകൾ അവർക്ക് ഈ പീഡനം അനുഭവിക്കേണ്ടിവരുന്നു.

ആപത്ഘട്ടങ്ങളിലല്ലാതെ, വേദോക്തകർമ്മഗതികളെ മറികടന്നു വർത്തിക്കുന്നവരെ മരണാനന്തരം യമകിങ്കരന്മാർ അസിപത്രവനം എന്ന നരകത്തിലടച്ച്, അവിടെവച്ച് അവരെ അവർ ചാട്ടകൊണ്ടടിക്കുന്നു. വേദനകൊണ്ട് നാലുപാടുമോടുമ്പോൾ, യമദൂതർ അവരെ ഇരുതലമൂർച്ഛയുള്ള വാളുകൾ പോലുള്ള കരുമ്പനകാട്ടിലെ ഓലകൾകൊണ്ട് ശരീരത്തിലാകമാനം മുറിവേൽപ്പിക്കുന്നു. അടിക്കടി തളർന്നുവീഴുന്ന അവർ അയ്യോ ഞാൻ ചത്തേ! എന്ന് നിലവിളിക്കുന്നു. സ്വധർമ്മം വെടിഞ്ഞ ദുർമാർഗ്ഗികൾ അസിപത്രവനമെന്ന നരകത്തിൽ ഇങ്ങനെ ദുഃഖിക്കുന്നു.

ഈ ജന്മത്തിൽ രാജാവായിരിക്കെ, അഥവാ രാജാവിന്റെ പ്രതിപുരുഷനായിരിക്കെ, നിരപരാധികളെ ശിക്ഷിക്കുകയോ, ബ്രാഹ്മണരെ ദണ്ഡിക്കുകയോ ചെയ്യുന്നവൻ സൂകരമുഖമെന്ന നരകത്തിൽ നിപതിക്കുന്നു. അവിടെ യമകിങ്കരർ അവന്റെ ശരീരത്തെ കരിമ്പിൻ ദണ്ഡെന്നപോലെ ഞെക്കിപ്പിഴിയുന്നു. വേദനയിൽ അവൻ ഇടയ്ക്കിടെ ബോധംകെട്ടുവീഴുന്നു. ഇങ്ങനെ നിരപരാധികളെ ശിക്ഷിക്കുന്നവർക്കുള്ള ശിക്ഷ മരണാനന്തരം സൂകരമുഖമെന്ന നരകത്തിൽ വിധിക്കപ്പെടുന്നു.

ഭഗവദ്വിധിയാൽ ജന്മം കൊണ്ട കൊതുകുകൾ പോലുള്ള ജീവജാലങ്ങൾ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്നു. അവരുടെ ഈ പ്രവൃത്തി മറ്റുള്ളവർക്ക് വേദനയുണ്ടാക്കുന്നുവെന്ന സത്യം ആ നീചജീവികൾ അറിയുന്നില്ല. എന്നാൽ, ബോധവാന്മാരായ ഊർദ്ദ്വജീവഭൂതങ്ങൾക്ക് മരണവേദനയെ അറിയാൻ പ്രയാസമില്ല. അതുകൊണ്ട് അത്തരം പ്രാണികളെ ഹിംസിക്കുന്നതിലൂടെ മനുഷ്യൻ പാപം നേടുകതന്നെ ചെയ്യുന്നു. അങ്ങനെയുള്ള ആത്മാക്കളെ യമദൂതർ അന്ധകൂപമെന്ന നരകത്തിലേക്കെടുത്തെറിയുന്നു. അവിടെ അവനാൽ ഉപദ്രവിക്കപ്പെട്ട പശുക്കൾ, മറ്റുമൃഗങ്ങൾ, പക്ഷികൾ, ഇഴജന്തുക്കൾ മുതലായ ജീവികൾ അവനെ ആക്രമിക്കുന്നു. അങ്ങനെ നാലുപാടുനിന്നും നേരിടുന്ന ആക്രമണത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട് അവൻ കുത്സിതമായ ശരീരത്തിൽ ജീവാത്മാവെന്നപോലെ ആ അന്ധതയിൽ ദുഃഖിച്ചുഴലുന്നു.

തനിക്ക് കിട്ടിയ യാതൊരു ഭോജനമാകട്ടെ, അത് പങ്കിടാതെയോ, ഗൃഹസ്ഥന്മാർക്ക് വിധിച്ചിട്ടുള്ള പഞ്ചയജ്ഞത്തെ ചെയ്യാതെയോ, വെറും കാക്കകളെപ്പോലെ തനിയേ ഭുജിക്കുന്ന പക്ഷം, ആ പാപാത്മാവ് മരണാനന്തരം കൃമിഭോജനം എന്ന കൊടും നരകത്തിലെത്തി അവിടെ നൂറായിരം യോജന വിസ്തൃതിയിൽ പരന്നുകിടക്കുന്ന പുഴുക്കുണ്ടിൽ ഒരു പുഴുവായി ജന്മം നേടി, മറ്റുള്ള പുഴുക്കളാൽ ഭക്ഷിക്കപ്പെട്ടും അതുപോലെ മറ്റു പുഴുക്കളെ ഭക്ഷിച്ചും തങ്ങളുടെ പാപം തീരുന്നതുവരെ അതിൽ ഉഴറുവാനിടവരുന്നു.

ഹേ രാജൻ!, യാതൊരുവൻ ഇഹലോകത്തിൽ വച്ച്, ബ്രാഹ്മണന്റേയോ, അഥവാ മറ്റാരുടേതെങ്കിലുമോ പൊന്നും പണവും മോഷണമായോ, ബലാത്കാരമായോ അപഹരിക്കുകയാണെങ്കിൽ, അവൻ സന്ദംശം എന്ന നരകത്തിലടക്കപ്പെടുന്നു. അവിടെ അവനെ അന്തകകിങ്കരന്മാർ അഗ്നിയിൽ ഉരുക്കിപ്പഴുപ്പിച്ച പിണ്ഡങ്ങൾ കൊണ്ട് അവന്റെ ശരീരത്തിൽനിന്നും ത്വക്കിനെ വലിച്ചുകീറിയെടുക്കുന്നു.

അവിഹിതബന്ധത്തിലൂടെ യാതൊരു പുരുഷൻ പരസ്ത്രീയേയും, യാതൊരു സ്ത്രീ പരപുരുഷനേയും പ്രാപിക്കുന്നുവോ, അവർ ദേഹാവസാനത്തിൽ തപ്തസൂർമി എന്ന നരകത്തിലെത്തി, അവിടെ യമദൂതരിൽനിന്നും ചാട്ടവാറിനാൽ അടികൊണ്ട് പുളയുകയും, തുടർന്ന്, ചുട്ടുപഴുപ്പിച്ച സ്ത്രീയുടെ ലോഹപ്രതിമയിൽ പുരുഷനെക്കൊണ്ടും, അതുപോലെ പുരുഷന്റെ പ്രതിമയിൽ സ്ത്രീയെക്കൊണ്ടും കെട്ടിപ്പിടിപ്പിക്കുന്നു. യാതൊരുവൻ മനുഷ്യമൃഗാദിഭേദമെന്യേ സകലസ്ത്രീരൂപങ്ങളേയും ലൈംഗികകാമപൂർത്തിക്കായി പ്രാപിക്കുന്നുവോ, അവനെ യമകിങ്കരന്മാർ വന്ന് വജ്രകണ്ടകശാൽമലി എന്ന നരകത്തിൽ കൂട്ടികൊണ്ടുപോയി, വജ്രം പോലെ കൂർത്ത മുള്ളുകളുള്ള ഇലവുമരത്തിന്മേലിരുത്തി വലിച്ചിഴയ്ക്കുന്നു.

രാജവംശത്തിൽ പിറന്നവരോ, രാജാവിന്റെ പ്രതിനിധികളോ ആയവർ, തങ്ങളുടെ നിയതമായ ധർമ്മമര്യാദകളെ കൈവെടിഞ്ഞു ജീവിക്കുന്നപക്ഷം, അവരെ യമകിങ്കരർ മരണാനന്തരം വൈതരണി എന്ന നരകപ്പുഴയിലേക്കെടുത്തെറിയുന്നു. ആ നരകത്തിന്റെ കിടങ്ങായ ഈ പുഴയിൽ ധാരാളം ഹിംസ്രജലജന്തുക്കൾ വസിക്കുന്നു. ഒരു പാപാത്മാവിനെ ഇതിലേക്ക് വലിച്ചെറിയുമ്പോൾ, അവ കൂട്ടത്തോടെ പാഞ്ഞെത്തി അവനെ ഭക്ഷിക്കാൻ തുടങ്ങുന്നു. എന്നാൽ, അവന്റെ പാപത്തിന്റെ കാഠിന്യം കൊണ്ട് ഉടലിൽനിന്നും ജീവൻ വേർവിടാതെ പ്രാണേന്ദ്രിയങ്ങളോടുകൂടി തങ്ങളുടെ പാപകർമ്മങ്ങൾ അനുസ്മരിച്ചുകൊണ്ട്, മലം, മൂത്രം, ചലം, രക്തം, മുടി, എലുമ്പ്, കൊഴുപ്പ്, മജ്ജ, മാംസം, മുതലായ മാലിന്യങ്ങളാൽ നിറഞ്ഞൊഴുകുന്ന ആ നദിയിലകപ്പെട്ട് പീഡിതരാകുന്നു.

ഇഹലോകത്തിൽ ചിലർ ദാസിമാരുടെ ഭർത്താക്കന്മാരായിരുന്നുകൊണ്ട് വൃത്തിയും വെടിപ്പും ആചാരങ്ങളും അനുഷ്ഠാനങ്ങളുമില്ലാതെ മൃഗങ്ങളെപ്പോലെ ജീവിക്കുന്നു. അവരാകട്ടെ, മരിച്ചതിനുശേഷം, പൂയോദം എന്ന മഹാനരകത്തിലേക്കെറിയപ്പെടുന്നു. അവിടെ ദുർനീരും മലവും മൂത്രവും കഫവും മറ്റഴുക്കുകളും നിറഞ്ഞ കൊടുംകടലിൽ പതിച്ച്, അത്യന്തം ജുഗുപ്സാവഹമായ ഇവയെത്തന്നെ ഭക്ഷിക്കേണ്ടിയും വരുന്നു.

ബ്രാഹ്മണക്ഷത്രിയാദി ഉന്നതകുലങ്ങളിൽ പിറന്നിട്ട്, നായ്ക്കളേയും കഴുതകളേയും വീട്ടിൽ വളർത്തി, മൃഗയാവിനോദത്തിനായി കാട്ടിലെത്തി ശാസ്തവിധിപ്രകാരമല്ലാതെ പാവം മൃഗങ്ങളെ കൊന്നൊടുക്കുന്നപക്ഷം, മരണശേഷം അവരെ യമദൂതന്മാർ പ്രാണരോധം എന്ന നരകത്തിൽ കൊണ്ടുചെന്ന് അവിടെവച്ച് അവരുടെ ശരീരത്തെ ലക്ഷ്യമാക്കി കൂരമ്പുകൾ എയ്ത് അതിനെ കീറിപിളർക്കുന്നു. പ്രതാപം കാട്ടി ഞെളിഞ്ഞ് തങ്ങളുടെ ഭള്ള് പ്രകടിപ്പിക്കുവാനായി ധാരാളം യജ്ഞങ്ങൾ നടത്തി അതിൽ ബലിമൃഗങ്ങളെ കൊന്നുതള്ളുന്ന മഹാപാപികൾ വിശസനം എന്ന നരകത്തിൽ തള്ളപ്പെടുന്നു. അവിടെ അവരെ നരകാധികാരികൾ വീർപ്പുമുട്ടിച്ച് പീഡിപ്പിക്കുന്നു.

യാതൊരു ബ്രാഹ്മണനാണോ കാമത്താൽ ബുദ്ധിഭ്രമിച്ച് ഇവിടെ പത്നിയെക്കൊണ്ട് തന്റെ രേതസ്സിനെ കുടിപ്പിക്കുന്നത്, അവൻ യമദൂതരാലാലാഭക്ഷം എന്ന നരകത്തിലെത്തി, രേതസ്സ് നിറഞ്ഞ നരകത്തോട്ടിൽനിന്നും അതിനെ മൂക്കുമുട്ടെ കുടിക്കുവാൻ നിർബന്ധിതനാകുന്നു. ചില രാജാക്കന്മാരും രാജഭടന്മാരും കൊള്ളയും തീവെയ്പ്പും വിശം കൊടുത്തു കൊല്ലലും സ്വഭാവമാക്കി, കമ്പോളങ്ങളേയും വ്യാപാരിജനങ്ങളേയും ദ്രോഹിക്കുന്നു. അങ്ങനെയുള്ള പാതകികളെ മരണശേഷം യമകിങ്കരന്മാർ സാരമേയാദനം എന്ന നരകത്തിൽ തള്ളിയിടുന്നു. അവിടെ, വജ്രം കണക്ക് തേറ്റയുള്ള യമദൂതന്മാരായ എഴുനൂറ്റിയിരുപത് നായ്ക്കൾ ഓടിയടുത്ത് വട്ടംകൂടി അവരെ കടിച്ചുകുടയുന്നു.

സാക്ഷിപറയുന്നതിലും ക്രയവിക്രയം ചെയ്യുന്നതിലും ദാനത്തിലും നുണ പറയുന്നവൻ യമകിങ്കരന്മാരാൽ വളരെ ക്രൂരമായി ശിക്ഷിക്കപ്പെടുന്നു. അവനെ അവർ നൂറ് യോജന ഉയരമുള്ള മലമുകളിൽനിന്നും തലകീഴായി അവീചിമത്ത് എന്ന നരകത്തിലേക്ക് വലിച്ചെറിയുന്നു. ഈ നരകം നീർപ്പരപ്പുപോലെ തോന്നുമെങ്കിലും കരുത്തുറ്റ പാറകൾ കൊണ്ടുണ്ടാക്കിയിട്ടുള്ളതാണു. ജലം അല്പം പോലുമില്ലാത്തതിനാലത്രേ ഈ നരകത്തെ അവീചിമത്ത് എന്ന് വിശേഷിപ്പിക്കുന്നതു. തുടർച്ചയായി താഴേക്കെറിയപ്പെടുന്ന ദുരാത്മാക്കളുടെ ശരീരങ്ങൾ ആ കൂറ്റൻ പാറകളിൽത്തട്ടി ചെറുകഷണങ്ങളായി ചിന്നിച്ചിതറിത്തെറിക്കുമ്പോഴും ജീവൻ വേർപെട്ടുപോകാതെ അവതന്റെ ശിക്ഷ അനുഭവിക്കുന്നു.

ഇവിടെ ബ്രാഹ്മണനോ, അവന്റെ പത്നിയോ, വ്രതാനുഷ്ഠാനത്തിലിരിക്കുന്ന മറ്റാരെങ്കിലുമോ, മദ്യപാനം ചെയ്യുകയാണെങ്കിൽ; അതുപോലെ, ക്ഷത്രിയനോ, വൈശ്യനോ പ്രമാദത്താൽ സോമരസം പാനം ചെയ്യുകയാണെങ്കിൽ, യമദൂതർ വന്നു മരണശേഷം അയഃപാനം എന്ന നരകത്തിൽ കൂട്ടിക്കൊണ്ടുപോകുകയും, അവിടെ         അവന്റെ മാറിൽ ചവുട്ടിക്കയറിനിന്നുകൊണ്ട് വായിലേക്ക് അഗ്നിയിൽ തിളച്ചുമറിയുന്ന കാരിരുമ്പിന്റെ രസം ഒഴിച്ചുകൊടുക്കുന്നു.

ഒരുവൻ സ്വയം നീചനായിരുന്നുകൊണ്ട് താൻ കേമനാണെന്ന് ഭാവിച്ച്, ജന്മം കൊണ്ടും തപസ്സുകൊണ്ടും ജ്ഞാനം കൊണ്ടും വർണ്ണാശ്രമധർമ്മാനുഷ്ഠാനങ്ങൾകൊണ്ടും തന്നേക്കാൾ ശ്രേഷ്ഠനായവനെ ആദരിക്കാതെ നിന്ദിക്കുന്നുവോ, അങ്ങനെയുള്ള മഹാപാപി മരണാസന്നനാണെങ്കിലും, മരണാനന്തരം, യമദൂതരാൽ തലകീഴായി ക്ഷാരകർദമം എന്ന നരകത്തിലേക്ക് തള്ളപ്പെട്ട്, അവിടെ അവൻ അതിരറ്റ യാതനകൾക്ക് വിധേയനാകുന്നു. ഇഹലോകത്തിൽ ചില സ്ത്രീപുരുഷന്മാർ നരമേധം ചെയ്ത് ദുർദേവതകളെ ആരാധിച്ചുകൊണ്ട് നരബലി നടത്തി, ആ നരമാംസത്തെ ഭക്ഷിക്കുന്നു. അങ്ങനെയുള്ള പാപാത്മാക്കൾ രക്ഷോഗണഭോജനമെന്ന നരകത്തെ മരണാനന്തരം പ്രാപിക്കുകയും, അവിടെ തങ്ങൾ കൊന്നൊടുക്കിയ മനുഷ്യർ രാക്ഷസരായി ഭവിച്ച് അവരെ സ്വന്തം ആയുധങ്ങൾകൊണ്ട് കശാപ്പുകാരെന്നപ്പോലെ കുത്തിപ്പിളർക്കുകയും ചെയ്യുന്നു. ഏതുവിധം ആ നരഭുക്കുകൾ അവരുടെ ചോര കുടിച്ചുകൊണ്ട് ആർത്തുല്ലസിച്ചിരുന്നോ, അതേവിധം ഈ രക്ഷോഗണങ്ങൾ അവരെ കഠിനമായി വേദനിപ്പിച്ചുകൊണ്ട് അവരുടെ ചോരയും കുടിച്ച് ആടുകയും പാടുകയും ചെയ്യുന്നു.

ചില അവസരങ്ങളിൽ പക്ഷിമൃഗാദികളെ വിശ്വസനീയോപായങ്ങളിൽ ഇണക്കി തങ്ങളുടെ പാട്ടിലാക്കി കൂടെ കൂട്ടുകയും, കുറെ കഴിയുമ്പോൾ അവയെ കൂർത്ത കോലിന്മേലോ ചരടിന്മേലോ കോർത്തുബന്ധിച്ച് കളിപ്പാട്ടമായി ഉപയോഗിച്ചുകൊണ്ട് അവയ്ക്ക് അസഹനീയമായ വേദന സമ്മാനിക്കുകയും ചെയ്യുന്നു. മരണശേഷം, അങ്ങനെയുള്ളവർ യമദൂതരാൻ ശൂലപ്രോതം എന്ന നരകത്തിലെത്തി, അവിടെ ശൂലം മുതലായ ആയുധങ്ങൾ അവരുടെ ഉടലിൽ കുത്തിയിറക്കുന്നു. ക്ഷുത്തൃഢാദികളാൽ പീഡിതരായ അവരെ കങ്കം, വടം, മുതലായ പക്ഷികൾ തലങ്ങും വിലങ്ങും കൊത്തിവലിക്കുന്നു. ആ സമയം അവർ തങ്ങൾ ചെയ്തുകൂട്ടിയ മഹാപാതകങ്ങളെ ഓർത്ത് പരിതപിക്കുന്നു. ചിലർ വിഷജന്തുക്കളെപ്പോലെ അന്യജീവികൾക്ക് ദുഃഖം പ്രാദാനം ചെയ്യുന്നു. അങ്ങനെയുള്ളവരും മരിച്ചശേഷം, ദന്ദശൂകം എന്ന നരകത്തിലടയ്ക്കപ്പെടുന്നു. ഹേ രാജൻ!, അവിടെ അഞ്ചും ഏഴും തലകളുള്ള വിഷപ്പാമ്പുകൾ ഇഴഞ്ഞെത്തി, അളകളിലിരിക്കുന്ന എലികളെയെന്നപോലെ, അവരെ വിഴുങ്ങുകയും ചെയ്യുന്നു.

ഈ ലോകത്തിൽ വന്നുപിറന്നതിനുശേഷം, ചില പാപാത്മാക്കൾ ജീവഭൂതങ്ങളെ അന്ധകൂപങ്ങളിലും ഗുഹകളിലും ഗുദാമുകൾപോലെയുള്ള മറ്റ് ഇരുളടഞ്ഞിടങ്ങളിലും തടഞ്ഞുവയ്ക്കുന്നു. അങ്ങനെയുള്ളവർ അതേവിധം അവടനിരോധനം എന്ന നരകക്കുണ്ടിൽ വീണ് വിഷജ്വാലയുള്ള അഗ്നിയാലും പുകയാലും വീർപ്പുമുട്ടി ദുഃഖിക്കുവാനിടവരുന്നു. അതുപോലെ, ഈ ലോകത്തിലിരിക്കെ വീട്ടിൽ വരുന്ന അഗതികളേയോ അഗന്തുകന്മാരെയോ കോപത്താൽ രൌദ്രമായ കണ്ണുകളാൽ ദഹിപ്പിക്കുവാനെന്നോണം നോക്കുന്നപക്ഷം, മരണശേഷം, പര്യാവർത്തനം എന്ന നരകത്തിൽ വച്ച് കൊക്കുകളും കാക്കകളും പരുന്തുകളും കടന്നാക്രമിച്ച് വിക്രിച്ച ആ കണ്ണുകളെ കൊത്തിപ്പിളർന്നെടുക്കുന്നു.

ധനാഢ്യനെന്ന അഭിമാനത്താൽ ഗർവ്വിച്ചുകൊണ്ടും, സർവ്വത്ര കുടിലദൃഷ്ടിയോടെ വീക്ഷിച്ചുകൊണ്ടും, സർവ്വരിലും സംശയം കൊണ്ടും, ധനം ചെലവഴിക്കുന്നതിലുള്ള ദുഃഖത്തിൽ മനസ്സും മുഖവും വാടിത്തളർന്നും അസന്തുഷ്ടനായി, മുതൽ കാക്കുന്ന ഭൂതം പോലെ ഇരിക്കുന്നവൻ, ഇത്യാദിദുഃഷ്കൃതത്താൽ പിടികൂടപ്പെട്ട് മരണം സംഭവിക്കുന്നതിനുശേഷം, സൂചീമുഖം എന്ന നരകത്തിൽ വീണ്, യമഭടർ ആ പാപാത്മാവിനെ തുന്നൽപ്പണിക്കാരെപ്പോലെ സൂചികൾകൊണ്ട് ശരീരമാസകലം നൂലുകൾ കോർത്ത് തുന്നിക്കെട്ടുന്നു.

ഹേ രാജൻ!, ഇങ്ങനെ, നൂറുകണക്കിന് ആയിരിക്കണക്കിന് നരകങ്ങൾ യമപുരിയിൽ ഉണ്ടെന്നറിയുക. മേൽ വിവരിക്കപ്പെട്ടതും അല്ലാത്തതുമായ പാപകർമ്മികൾ ഈ കൊടുംനരകങ്ങളിൽ മുറപോലെ പ്രവേശിക്കുന്നു. അതുപോലെതന്നെ പുണ്യകർമ്മികളാകട്ടെ, സ്വർഗ്ഗം മുതലായ പുണ്യലോകങ്ങളിലും മരണാനന്തരം എത്തപ്പെടുന്നു. എന്നാൽ, ഇക്കൂട്ടർ രണ്ടും തങ്ങളുടെ പാപപുണ്യഫലങ്ങൾ അനുഭവിച്ചതിനുശേഷം വീണ്ടും ഭൂമിയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

ഹേ പരീക്ഷിത്തേ! സർവ്വസംഗപരിത്യാഗരൂപമായ സന്യാസയോഗത്തെക്കുറിച്ച് മുമ്പ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതാണു. ബ്രഹ്മാണ്ഡത്തിന്റെ ഉള്ളടക്കമെന്നത്, പതിനാല് വിഭാഗങ്ങളായി പുരാണങ്ങളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു. തിനെ സാക്ഷാത് വിരാട്പുരുഷരൂപമായും സ്വയോഗമായാഗുണവികാരരൂപമായുമുള്ള ശ്രീമൻ നാരായണന്റെ സ്ഥൂലരൂപമായും അറിയുക. ആ വർണ്ണനത്തെ യാതൊരാൾ ആദരവോടുകൂടി ശ്രദ്ധാഭക്തിസമന്വിതം പാരായണം ചെയ്യുകയോ, കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നുവോ, നിർമ്മലബുദ്ധിയായ അവൻ, ഇന്ദ്രിയഗ്രാഹ്യമല്ലെങ്കിൽത്തന്നെയും, പരമാത്മാവിന്റെ വേദാന്തശാസ്ത്രോക്തമായ ഭഗവദ്രൂപത്തെ അറിയുകതന്നെ ചെയ്യുന്നു. ആ പരമപുരുഷന്റെ സ്ഥൂലവും സൂക്ഷ്മവുമായ രൂപങ്ങളെ ഉള്ളവണ്ണം കേട്ടറിഞ്ഞ് മനസ്സിനെ സംയമിപ്പിച്ച യോഗി സ്ഥൂലരൂപത്തിൽ ഉറച്ചുകഴിഞ്ഞ തന്റെ മനസ്സിനെ പതുക്കെ പതുക്കെ സൂക്ഷ്മരൂപത്തിലേക്ക് നയിക്കേണ്ടതുണ്ടു. ഹേ രാജൻ!, ഇങ്ങനെ, അത്യാശ്ചര്യകരവും സകലജീവരാശികളുടെ ആസ്ഥാനവുമായ ഈശ്വരന്റെ സ്ഥൂലശരീരമാകുന്ന ഭൂമി, അതിലുള്ള വിവിധ ദ്വീപുകൾ, വർഷങ്ങൾ, നദികൾ, സമുദ്രങ്ങൾ, അന്തരീക്ഷം, പാതാളം, ദിക്കുകൾ, നരകങ്ങൾ, നക്ഷത്രരാശികൾ, ഇത്യാദികളടങ്ങുന്ന ലോകത്തിന്റെ സ്ഥിതിവിശേഷം ഞാൻ ഇതിനകം അങ്ങയോട് ചൊന്നുകഴിഞ്ഞിരിക്കുന്നു.  

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം ഇരുപത്തിയാറാമദ്ധ്യായം സമാപിച്ചു.

പഞ്ചമസ്കന്ധം സമാപിച്ചു.

ഓം തത് സത്.

Previous    NextDescription of Hells

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ