2019, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

6.12 വൃത്രാസുരവധം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 12
(വൃത്രാസുരവധം.)


ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തേ!, ഇപ്രകാരം, യുദ്ധത്തിൽ വച്ചു് ഇന്ദ്രനാൽ വധിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവനും, വിജയത്തേക്കാൾ ശ്രേഷ്ഠമായി മരണത്തെ കാണുന്നവനുമായ വൃത്രൻ, പണ്ടു് പ്രളയസമയത്തു് കൈടഭൻ മഹാവിഷ്ണുവിനുനേരേയെന്നതുപോലെ, തന്റെ ത്രിശൂലവുമായി ദേവേന്ദ്രനുനേരേ പാഞ്ഞടുത്തു. തുടർന്നു്, കല്പാന്തത്തിലെ അഗ്നിക്കുതുല്യം തീഷ്ണമായ തന്റെ ശൂലത്തെ ശക്തിയോടെ ചുഴറ്റിയതിനുശേഷം, വൃത്രൻ കോപത്താൽ, എടാ പാപി!, നീ വധിക്കപ്പെട്ടു എന്നുപറഞ്ഞുകൊണ്ടു് അട്ടഹത്തോടെ അതു് ഇന്ദ്രനുനേരേ വലിച്ചെറിഞ്ഞു. ആകാശത്തിൽ വട്ടംചുറ്റി അത്യുജ്ജ്വലമായി പ്രകാശിച്ചുകൊണ്ടു് തനിക്കുനേരേ പാഞ്ഞടുക്കുന്ന കൊള്ളിനക്ഷത്രം പോലുള്ള ആ ശൂലത്തെ കണ്ടു് കണ്ണുചിമ്മിയെങ്കിലും ഭയപ്പെടാതെ ദേവേന്ദ്രൻ തന്റെ വജ്രായുധം കൊണ്ടു് അതിനെ ക്ഷണത്തിൽ ഛിന്നഭിന്നമാക്കിക്കളഞ്ഞു. ഒപ്പം, വാസുകിയെപ്പോലെ തടിച്ചുകൊഴുത്ത വൃത്രന്റെ വലതുകരവും അറത്തുമുറിച്ചു. കയ്യറ്റുപോയ ക്രുദ്ധനായ വൃത്രൻ മറുകരംകൊണ്ടു് ഒരു പരിഘത്താൽ ആദ്യം വജ്രായുധമേന്തിനിൽക്കുന്ന ഇന്ദ്രന്റെ കവിൾത്തടത്തിലും, പിന്നീടു് ഐരാവതത്തേയും ശക്തിയായി പ്രഹരിച്ചു. പെട്ടെന്നുണ്ടായ ആഘാതത്തിൽ ഇന്ദ്രന്റെ കൈയ്യിൽനിന്നും വജ്രായുധം നിലത്തുവീണു. വൃത്രന്റെ ആശ്ചര്യജനകമായ ആ മുന്നേത്തത്തെ ദേവന്മാരും അസുരന്മാരും സിദ്ധചാരണസംഘങ്ങളും അഭിനന്ദിച്ചു. അതുപോലെതന്നെ ഇന്ദ്രന്റെ ദയനീയമായ അവസ്ഥയെ കണ്ടിട്ടു് അവർ ഹാ! ഹാ! എന്നു് മുറവിളിക്കുകയും ചെയ്തു.

തന്റെ കയ്യിൽനിന്നും തെറിച്ചുപോയ വജ്രായുധത്തെ നാണക്കേടു് ഭയന്നു് ഇന്ദ്രൻ തിരിച്ചെടുക്കുവാൻ ശ്രമിച്ചില്ല. അതുകണ്ടു് വൃത്രൻ ഇന്ദ്രനോടു് പറഞ്ഞു: ഹേ ഇന്ദ്രാ!, ഇതു് വിഷമിക്കുവാനുള്ള സമയമല്ല; വജ്രായുധം എടുത്തു് നിന്റെ എതിരാളിയെ വധിക്കുക. സൃഷ്ടിസ്ഥിലയങ്ങളുടെ നിയന്താവും, സർവ്വജ്ഞനും, ആദ്യപുരുഷനും, സനാതനനുമായ ഒരുവനല്ലാതെ, സ്വാർത്ഥത്തിനായി യുദ്ധത്തിനുമുതിരുന്ന ആതതായികൾക്കു് വിജയം വല്ലപ്പോഴുമല്ലാതെ, എപ്പോഴും സാധ്യമാകുകയില്ല. വലയിൽ പെട്ട കിളികളെപ്പോലെ, കാലസ്വരൂപനായ ഈശ്വരനാൽ ഇവിടെ സർവ്വരും അവശരാണു. സകലയുദ്ധങ്ങളിലും അവൻ മാത്രമാണു് ജയപരാജയങ്ങൾക്കു് ഹേതുവായി നിലകൊള്ളുന്നതു. അജ്ഞാനിജനമാകട്ടെ, ഓജസ്സും മനഃശക്തിയും, ബലവും, ജീവിതവും മരണവുമെല്ലാം അവൻ മാത്രമാണെന്നു് മനസ്സിലാക്കാതെ, ജഡസ്വരൂപമായ ഈ ദേഹത്തെ തങ്ങളുടെ കർമ്മഹേതുക്കളായി അറിയുന്നു. ഹേ മഹേന്ദ്രാ!, തടികൊണ്ടുണ്ടാക്കിയ ഒരു സ്ത്രീപ്രതിമയോ, യന്ത്രമയമായ ഒരു മൃഗപ്രതിമയോ ഏതുവിധം താനേ ചലിക്കുന്നില്ലയോ, അതുപോലെ സകലഭൂതങ്ങളും ഈശ്വരൻ ഹേതുവായിമാത്രമാണു് ഇവിടെ പ്രവർത്തിക്കുന്നതെന്നു് ധരിക്കുക. പുരുഷനും പ്രകൃതിയും മഹതത്ത്വവും അഹങ്കാരവും പഞ്ചഭൂതങ്ങളും ഇന്ദ്രിയങ്ങളും ബുദ്ധിയും മറ്റു സകല തത്വങ്ങളും ആ സർവ്വേശ്വരന്റെ അനുഗ്രഹം കൂടാതെ ഈ ലോകത്തിന്റെ സൃഷ്ടി മുതലായവയിൽ യാതൊന്നിനും താനേ ശക്തമല്ലെന്നറിയുക. അജ്ഞാനികൾ അസ്വതന്ത്രനായ ജീവനെ ഈശ്വരനായി കാണുന്നു. എന്നാൽ, സർവ്വസ്വതന്ത്രനായ സാക്ഷാത് ഈശ്വരനാകട്ടെ, പ്രാണികളെക്കൊണ്ടു് പ്രാണികളെ സൃഷ്ടിക്കുകയും, അവയെക്കൊണ്ടുതന്നെ അവയെ ഗ്രസിപ്പിക്കുകയും ചെയ്യുന്നു. മരണം ആഗ്രഹിക്കാത്ത ഒരുവനു് അതാഗതമാകുന്ന സമയത്തു് തന്റെ ആയുസ്സും സമ്പത്തും യശ്ശസ്സും, ഐശ്വര്യവുമെല്ലാം ഉപേക്ഷിക്കേണ്ടിവരുന്നതുപോലെ, ഈശ്വരാനുഗ്രഹമുള്ള സമയത്തു് അവയെല്ലം ഒരുവനു് താനേ വന്നുചേരുകയും ചെയ്യുന്നു. അതുകൊണ്ടു്, കീർത്തിയിലും അകീർത്തിയിലും, വിജയത്തിലും പരാജയത്തിലും, സുഖത്തിലും ദുഃഖത്തിലും, അതുപോലെതന്നെ മരണത്തിലും ജീവിതത്തിലും ഒരുവൻ സമഭാവനയുള്ളവനായിരിക്കണം. സത്വം, രജസ്സ്, തമസ്സ് മുതലായവ പ്രകൃതിയുടെ ഗുണങ്ങളാണെന്നറിയുക. അവ ഒരിക്കലും ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവു് സർവ്വതിനും സാക്ഷിയായി നിലകൊള്ളുന്നുവെന്നറിയുന്നവൻ ഈവക ദ്വന്ദ്വങ്ങളാൽ ബദ്ധനാകുകയുമില്ല. ഹേ ഇന്ദ്രാ!, യുദ്ധത്തിൽ ആയുധങ്ങളും ഒരു കയ്യും നഷ്ടപ്പെട്ടവനായിട്ടും, നിന്നാൽ പരാജയപ്പെട്ടവനായിട്ടും, വീണ്ടും നിന്നെ ഇല്ലാതാക്കുവാനുള്ള ആഗ്രഹത്താൽ ആവുംവണ്ണം പരിശ്രമിക്കുന്ന എന്നെ നോക്കൂ!. ഈ യുദ്ധമെന്നതു് പണയപ്പെടുത്തിയ പ്രാണനോടും, ശരങ്ങളാകുന്ന പകിടകളോടും, വാഹനങ്ങളാകുന്ന ചൂതാട്ടപലകയോടും കൂടിയ ഒരു ദ്യൂതമാകുന്നു. ഇവിടെ ആർക്കാണു് ജയമെന്നോ ആർക്കാണു് പരാജയമെന്നോ പറയാനാകില്ല

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വൃത്രാസുരന്റെ വാക്കുകൾ കേട്ടു് അവനെ ബഹുമാനിച്ചുകൊണ്ടു് തന്റെ കൈയ്യിൽനിന്നും തെറിച്ചുപോയ വജ്രായുധത്തെ വീണ്ടെടുത്തു് ചിരിച്ചുകൊണ്ടു് അവനോടു് പറഞ്ഞു: ഹേ ദാനവാ!, ആശ്ചര്യമായിരിക്കുന്നു. ഈവിധം സത്ബുദ്ധിയുള്ള അങ്ങു് പരമജ്ഞാനിയാണു. സർവ്വലോകസുഹൃത്തും സർവ്വേശ്വരനുമായ ഭഗവാനെ, അസുരനായിരുന്നിട്ടുകൂടി, നിനക്കു് സർവ്വാത്മനാ ഭജിക്കാൻ കഴിയുന്നുവല്ലോ!. മനോമോഹിനിയായ ഭഗവദ്മായയെ അങ്ങു് മറികടന്നിരിക്കുന്നു. ആകയാൽ ആസുരഭാവത്തെ കളഞ്ഞു് ഭവാൻ മഹാപുരുഷനിലയിലേക്കുയർന്നിരിക്കുന്നു. പ്രകൃത്യാ രജോഗുണിയായിരിക്കേണ്ട താങ്കൾക്കു് സത്വഗുണാത്മകനായ ഭഗവാൻ വാസുദേവനിൽ ദൃഢമായ ശ്രദ്ധയുണ്ടായിരിക്കുന്നുവെന്നുള്ളതു് വളരെ അത്ഭുതാവഹമായ കാര്യംതന്നെ. മുക്തിപ്രദായകനായ ഭഗവാൻ ശ്രീഹരിയിൽ അടിയുറച്ച ഭക്തിയുള്ള താങ്കൾക്കു് സ്വർഗ്ഗം മുതലായവയിൽ എന്തു് കാര്യം. അമൃതസിന്ധുവിൽ വിഹരിക്കുന്നവനു് ചേറ്റുകുഴിയിലെ വെള്ളംകൊണ്ടു് എന്തു് പ്രയോജനം?.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ ധർമ്മജിജ്ഞാസയാൽ തമ്മിൽ തമ്മിൽ സംസാരിച്ചുകൊണ്ടു് വീര്യവാന്മാരായ ഇന്ദ്രനും വൃത്രനും തങ്ങളുടെ യുദ്ധം തുടരുകതന്നെ ചെയ്തു. ഹേ മാരിഷ!, വൃത്രൻ വീണ്ടും കാരിരുമ്പുകൊണ്ടുണ്ടാക്കിയ ഒരു പരിഘം തന്റെ വാമഹസ്തത്താലെടുത്തു് ഇന്ദ്രനുനേരേ ചുഴറ്റിയെറിഞ്ഞു. എന്നാൽ, ആനയുടെ തുമ്പിക്കൈപോലുള്ള അവന്റെ ഇടതുകൈയ്ക്കൊപ്പംതന്നെ ആ പരിഘത്തെ ഇന്ദ്രൻ തന്റെ വജ്രായുധത്താൽ ഒരേസമയം ഛേദിച്ചുകളഞ്ഞു. സമൂലം കരങ്ങൾ വെട്ടിയറുക്കപ്പെട്ടവനായി, ശരീരത്തിന്റെ ഇരുഭാഗത്തുനിന്നും ചോരയൊലിപ്പിച്ചുകൊണ്ടു്, ഇന്ദ്രന്റെ പ്രഹരമേറ്റ വൃത്രാസുരൻ ആകാശത്തുനിന്നും ചിറകറ്റുവീഴുന്ന ഒരു പർവ്വതം പോലെ പ്രശോഭിച്ചു. അതികായനായ വൃത്രൻ കീഴ്ത്താടിയെല്ലിനെ ഭൂമിയിലും, മേൽത്താടിയെല്ലിനെ ആകാശത്തും വച്ചു്, സർപ്പാകൃതിയിൽ പുറത്തേക്കുനീളപ്പെട്ട നാക്കിനോടും, കാലന്റേതുപോലെയുള്ള ഭീകരമായ ദ്രംഷ്ട്രകളോടും, ആകാശത്തോളം തുറന്നിരിക്കുന്ന വായകൊണ്ടു് മൂന്നുലോകങ്ങളേയും വിഴുങ്ങുമാറെന്നതുപോലെ, പർവ്വതങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ടു്, പാദചാരിയായി ഗിരിരാജനെപ്പോലെ നടനുനടന്നു് ഭൂമണ്ഡലത്തെ ഇടിച്ചുപൊടിച്ചുകൊണ്ടു്, വജ്രായുധമേന്തി നിൽക്കുന്ന ദേവേന്ദ്രന്റെയടുക്കലെത്തി അദ്ദേഹത്തെ തന്റെ വാഹനമായ ഐരാവതത്തോടൊപ്പമെടുത്തു് വിഴുങ്ങിക്കളഞ്ഞു. അതിഭീകരമായ സർപ്പം ആനയെ എന്നതുപോലെ, ഇന്ദ്രനെ വൃത്രൻ വിഴുങ്ങുന്നതുകണ്ട പ്രജാപതിമാരും മഹർഷിമാരും ദേവന്മാരും ഹാ! ഹാ! കഷ്ടം! എന്നിങ്ങനെ ദുഃഖത്തോടെ നിലവിളിച്ചു.

വൃത്രന്റെ വയറ്റിനുള്ളിൽ അകപ്പെട്ടുപോയെങ്കിലും, നാരായണകവചം ധരിച്ചിരുന്നതിനാലും, തന്റെ യോഗബലത്താലും മായാബലം കൊണ്ടും ഇന്ദ്രനു് മരണമുണ്ടായില്ല. പെട്ടെന്നു്, വജ്രായുധത്താൽ വൃത്രന്റെ കുക്ഷിയെ കീറിമുറിച്ചുകൊണ്ടു് പുറത്തുവരുകയും, ഒരു മഹാപർവ്വതത്തിന്റെ ശിഖരത്തെയെന്നതുപോലെ, ഇന്ദ്രൻ തന്റെ ശത്രുവിന്റെ ശിരസ്സിനെ ശക്തിയോടെ വെട്ടിയറുത്തു. അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരുന്ന വജ്രായുധം സൂര്യാദിജ്യോതിർഗ്ഗോളങ്ങളുടെ അയനഗതികൾക്കുവേണ്ടിവരുന്ന ഒരുവർഷത്തോളം കാലംകൊണ്ടു്, വൃത്രവധത്തിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയത്തുതന്നെ അവന്റെ കഴുത്തിനെ അറുത്തുതാഴെയിട്ടു. ആ സമയം ആകാശത്തിൽ സിദ്ധഗന്ധർവ്വാദികൾ ദുന്ദുഭിനാദം മുഴക്കി. വേദമന്ത്രങ്ങളാൽ അവർ ഇന്ദ്രനെ സ്തുതിക്കുകയും അവനുമേൽ സന്തോഷത്താൽ പുഷ്പവൃഷ്ടി ചൊരിയുകയും ചെയ്തു. ഹേ രാജൻ!, എല്ലാവരും നോക്കിനിൽക്കെ, വൃത്രാസുരന്റെ ശരീരത്തിൽനിന്നും നിഷ്ക്രമിച്ച ആത്മജ്യോതി ലോകാതീതനായ ഭഗവാൻ ഹരിയിലേക്കെത്തിച്ചേർന്നു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next


The death of Vrithrasura

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ