2019, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

6.9 വിശ്വരൂപന്റെ വധവും, വൃത്രാസുരന്റെ വരവും, ദേവന്മാരുടെ ഭഗവദ്സ്തുതിയും.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 9
(വിശ്വരൂപന്റെ വധവും, വൃത്രാസുരന്റെ വരവും, ദേവന്മാരുടെ ഭഗവദ്സ്തുതിയും.)


ഹേ ഭാരത!, വിശ്വരൂപനു് സോമപാനത്തിനായും സുരാപാനത്തിനായും അന്നം ഭക്ഷിക്കുന്നതിനുമായി മൂന്നു് പ്രത്യേക ശിരസ്സുകളുണ്ടെന്നാണു് കേട്ടിട്ടുള്ളതു. യജ്ഞം നടത്തുമ്പോൾ അദ്ദേഹം തന്റെ പിതൃസ്ഥാനീയരായ ദേവന്മാർക്കുള്ള യജ്ഞവിഹിതം പ്രത്യക്ഷമായി നൽകിയതിനുശേഷം, ആരുമറിയാതെ മാതാവിനോടുള്ള സ്നേഹവശാൽ പരോക്ഷഭാവത്തിൽ അസുരന്മാർക്കും യജ്ഞവിഹിതത്തെ എത്തിക്കുക പതിവായിരുന്നു. ഒരിക്കൽ വിശ്വരൂപന്റെ ഈ കാപട്യം വ്യക്തമായപ്പോൾ പെട്ടെന്നുണ്ടായ കോപത്താൽ ഇന്ദ്രൻ അദ്ദേഹത്തിന്റെ ശിരസ്സുകൾ ചേദിച്ചുകളഞ്ഞു. അതിൽ സോമപാനം ചെയ്തിരുന്നതു് കപിഞ്ജലമെന്ന പക്ഷിയായും, സുരാപാനം ചെയ്തിരുന്നതു് കലവിങ്കമായും, അന്നം ഭക്ഷിച്ചിരുന്നതു് തിത്തിരിപുള്ളായും ഭവിച്ചു. അങ്ങനെ ഇന്ദ്രനാൽ ബ്രഹ്മഹത്യ സംഭവിച്ചു. പാപത്തെ ഇല്ലാതാക്കുവാൻ കഴിവുണ്ടായിരുന്നിട്ടും, ഇന്ദ്രൻ ഹസ്താഞ്ജലിയോടെ അതേറ്റുവാങ്ങി. ഒരു സംവത്സരം അനുഭവിച്ചതിനുശേഷം പാപവിമുക്തനായിക്കൊണ്ടു് ആ പാപഭാരത്തെ ഭൂമി, ജലം, വൃക്ഷം, സ്ത്രീ എന്നിവർക്കായി വീതിച്ചുനൽകി.

ഹേ രാജൻ!, കുഴിച്ച ഭാഗം താനേ നികന്നുവരണം എന്ന വരം വാങ്ങിക്കൊണ്ടു് ഭൂമി ആ പാപത്തിന്റെ നാലിലൊരുഭാഗം ഏറ്റെടുത്തു. അതിന്റെ ബാഹ്യലക്ഷണമായിട്ടു് ഇന്നും ഭൂമിയിൽ മലരാരണ്യങ്ങൾ കാണപ്പെടുന്നു. മുറിഞ്ഞ ഭാഗം താനേ മുളച്ചുവരണം എന്ന വരം വാങ്ങിക്കൊണ്ടു് വൃക്ഷവും ആ പാപത്തിന്റെ നാലിലൊന്നു് ഭാഗത്തെ സ്വീകരിച്ചു. തൽക്കാരണാൽ കറയുടെ രൂപത്തിൽ ആ പാപം ഇന്നും വൃക്ഷങ്ങളോടുചേർന്നുകിടക്കുന്നു. തങ്ങൾ എക്കാലവും കാമാസക്തരായിരിക്കണം എന്ന വരം ചോദിച്ചുകൊണ്ടു് സ്ത്രീകൾ ഇന്ദ്രന്റെ പാപത്തിന്റെ നാലിലൊന്നു് ഭാഗം ഏറ്റെടുത്തു. തന്മൂലം അവരിൽ ആ പാപലക്ഷണം ആർത്തവരൂപത്തിൽ മാസംതോറും പ്രത്യക്ഷമാകുന്നു. അതുപോലെ, ഏതുവസ്തുവിനോടു് ചേർന്നാലും അതു് സമൃദ്ധമാകണം എന്ന വരം ആവശ്യപ്പെട്ടുകൊണ്ടു് ഇന്ദ്രനിൽനിന്നും ബാക്കിവന്ന നാലിലൊരംശം ബ്രഹ്മഹത്യാപാപത്തെ ജലവും സ്വീകരിച്ചു. അതുവഴി ആ പാപലക്ഷണം നുരയും പതയുമായി ജലത്തോടും ചേർന്നുകിടക്കുന്നു.

രാജാവേ!, മകന്റെ മരണത്തിനുശേഷം, പ്രതികാരദാഹിയായ ത്വഷ്ടാവു് ഇന്ദ്രനെ ഹനിക്കുവാൻ തക്ക  ശക്തനായ ഒരു ഇന്ദ്രശത്രുവുണ്ടാകുന്നതിനായി ഹോമം നടത്തി. ഇന്ദ്രശത്രോ!, വളരുക!. വൈകാതെ ശത്രുവിനെ വധിക്കൂ! എന്നതായിരുന്നു ഹോമമന്ത്രം. കല്പാന്തത്തിൽ ലോകാന്തകനായ സംഹാരരുദ്രൻ അവതരിക്കുന്നതുപോലെ, യജ്ഞാഗ്നിയിൽനിന്നും അതിഘോരമായ ഒരു സത്വം പ്രത്യക്ഷമായി. നാലുപാടേയ്ക്കും തൊടുത്തുവിട്ട ശരങ്ങൾ ചീറിപ്പായുന്നതുപോലെ, ദിവസം തോറും അവന്റെ ശരീരം വളർന്നുവന്നു. വെന്തുകരിഞ്ഞ മലയ്ക്കുതുല്യം കറുത്തിരുണ്ടതും, സന്ധ്യാനേരത്തെ കാർമേഘനിരകളുടെ പ്രകാശം പോലെ ദ്യുതിയെഴുന്നതുമായിരുന്നു അവന്റെ ശരീരം. ചുട്ടുപഴുത്ത ചെമ്പിന്റെ നിറമായിരുന്നു അവന്റെ മീശയ്ക്കു്. നട്ടുച്ചസമത്തെ സൂര്യനെപ്പോലെ അവൻ ജ്വലിച്ചുനിന്നു. ഭൂമിയ്ക്കും ആകാശത്തിനുമിടയിലുള്ള അന്തരാളം അവൻ തന്റെ ത്രിശൂലത്തിൽ കോർത്തുനിർത്തി. ഉച്ചത്തിൽ അട്ടഹസിച്ചുകൊണ്ടും താണ്ഡവമാടിക്കൊണ്ടും അവൻ നാവുകൊണ്ടു് നക്ഷത്രങ്ങളെ നക്കുകയും, മൂലോകങ്ങളെ വിഴുങ്ങുകയും, നഭസ്ഥലത്തെ മോന്തുകയും ചെയ്തു. അത്തരത്തിൽ വിസ്തീർണ്ണമുള്ളതും രൌദ്രമായ ദംഷ്ട്രകളുള്ളതുമായ വായയിലൂടെ അവൻ ഇടയ്ക്കിടെ കോട്ടുവായിട്ടുകൊണ്ടിരുന്നു. ആ സത്വത്തെ കണ്ടു് ഭയന്നുവിറച്ച ലോകം പത്തുദിശകളിലേയ്ക്കും ഓടിയകന്നു. ത്വഷ്ടാവിൽനിന്നുമുണ്ടായ തമോഗുണാകാരമായ ആ ഉഗ്രരൂപത്താൽ സകലലോകങ്ങളും ആവൃതമായിരിക്കുന്നതിനാൽ അവനെ വൃത്രൻ ന്നു് വിളിച്ചു. ദേവന്മാർ ഒന്നടങ്കം അവന്റെ നേർക്കു് പാഞ്ഞടുക്കുകയും ഓരോരുത്തരും തങ്ങളുടെ ആയുധങ്ങളാൽ അവനെ പ്രഹരിക്കുകയും ചെയ്തു. എന്നാൽ, അവയെ മുച്ചൂടും വിഴുങ്ങിക്കൊണ്ടു് അവൻ ഉച്ചത്തിൽ അട്ടഹസിച്ചു. ശേഷം, തേജസ്സ് നഷ്ടപ്പെട്ട ദേവന്മാർ അത്യാശ്ചര്യത്തോടും അടക്കാനാകാത്ത ദുഃഖത്തോടും തങ്ങളുടെ ഉള്ളിൽ അന്തര്യാമിയായി കുടിയരുളുന്ന ആദിപുരുഷനെ ധ്യാനിച്ചു.

ദേവന്മാർ പറഞ്ഞു: പഞ്ചഭൂതങ്ങളും ബ്രഹ്മാവു് മുതാലായ ഞങ്ങൾ ദേവന്മാരും പേടിച്ചരണ്ടുകൊണ്ടു് അന്തകൻ പോലും ഭയപ്പെടുന്ന ഭഗവാനിൽ അഭയം പ്രാപിച്ചിരിക്കുകയാണു.  നിരഹങ്കാരനായി, രാഗദ്വേഷശൂന്യനായി, സ്വാത്മാനന്ദത്താൽ സകല ആഗ്രഹങ്ങളും നിവർത്തിച്ച, സർവ്വർക്കും സമനായ ആ പരമപുരുഷനെ വിട്ടു് യാതൊരുവർ അന്യശക്തിയെ ശരണം പ്രാപിക്കുന്നുവോ, അവൻ സത്യത്തിൽ നായയുടെ വാലിൽതൂങ്ങി സമുദ്രം കടക്കുവാനുദ്ദേശിക്കുന്നവനെപ്പോലെ മൂഢനാണു. പണ്ടു് സത്യവ്രതൻ എന്ന മനു ഭൂലോകമാകുന്ന തന്റെ തോണിയെ മത്സ്യരൂപിയായ ആ ഹരിയുടെ കൂറ്റൻ കൊമ്പിൽ കെട്ടിവച്ചായിരുന്നു തനിക്കു് വന്ന ദുർഘടത്തെ മറികടന്നതു. ആ അവൻതന്നെ ഈ വൃത്രനിൽനിന്നും ഞങ്ങളെ കാത്തുകൊള്ളും. അതുപോലെ, പ്രളയജലത്തിന്റെ തിരകൾ കൊടുംകാറ്റിൽ ആടിയുലഞ്ഞു് താൻ താമരയിൽനിന്നും വീഴുമെന്നായപ്പോൾ, ബ്രഹ്മദേവൻ നിസ്സഹായനായി ആ ഭയത്തിൽനിന്നും രക്ഷനേടാൻ സർവ്വേശരനെ മാത്രമായിരുന്നു ശരണം പ്രാപിച്ചിരുന്നതു. ഇന്നു് അവൻതന്നെ ഞങ്ങളേയും കാക്കുമാറകട്ടെ!. യാതൊരു ഭഗവാൻ ഞങ്ങളെ സൃഷ്ടിച്ചുവോ, യാതൊരുവന്റെ കാരുണ്യത്താൽ ഞങ്ങൾ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി നടത്തുന്നുവോ, അവൻ സദാ ഞങ്ങളുടെ ഹൃദയത്തിൽ കുടികൊണ്ടിട്ടും ഞങ്ങൾക്കവനെ കാണാൻ സാധിക്കുന്നില്ല. അതിനുകാരണം, സ്വയം ദേവന്മാരാണെന്നവിധം ഞങ്ങളിലുള്ള അഞ്ജാനമാണു. അവൻ തന്റെ ആത്മമായയാൽ പലേ രൂപങ്ങളും കൈക്കൊണ്ടു് ഇവിടെ ദേവന്മാർ, ഋഷികൾ, തിര്യക്കുകൾ, മനുഷ്യർ എന്നിവർക്കിടയിൽ അവതരിക്കുന്നു. യുഗങ്ങൾതോറും വന്നു് അസുരന്മാരുടെ ആക്രമണത്തിൽനിന്നും ദേവതകളെ രക്ഷിക്കുന്നു. ഈശ്വരനായി, വിശ്വാകാരനായി, പ്രപഞ്ചത്തിന്റെ പരമകാരണനായി, പ്രകൃതിയും പുരുഷനുമായി, ശരണാർഹനുമായിരിക്കുന്ന ആ ഭഗവാനെ ഇതാ ഞങ്ങൾ ശരണം പ്രാപിക്കുന്നു. മഹാത്മാവായ അവൻതന്നെ ഞങ്ങൾക്കു് ക്ഷേമമരുളുന്നതാണു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇപ്രകാരം ഹൃദയംഗമമായി സ്തുതിച്ചുകൊണ്ടുനിൽക്കുന്ന ദേവന്മാർക്കു് മുന്നിൽ ശംഖചക്രഗദാപത്മധാരിയായി ഭഗവാൻ ശ്രീഹരി പ്രത്യക്ഷനായി. ശ്രീവത്സവും കൌസ്തുഭവുമൊഴിച്ചു് ബാക്കി സകല ലക്ഷണങ്ങളുമൊത്തു് തങ്ങളുടെ മുന്നിൽ ആവിർഭവിച്ച ഭഗവാനുചുറ്റും അവനെപ്പോലെ മനോഹരന്മാരായ പതിനാറുപേർ വലംവച്ചുനിന്നു. വികസിച്ച താമരയുടെ അഴകൊത്ത നേത്രങ്ങളാൽ കാരുണ്യവർഷം ചൊരിഞ്ഞുകൊണ്ടു് തങ്ങളുടെ മുന്നിൽ നിന്നരുളുന്ന ഭഗവാന്റെ ദർശനത്താൽ വിവശരായ ദേവന്മാർ ഉടൻതെന്നെ ഭൂമിയിൽ വീണു് ദണ്ഡനമസ്കാരം ചെയ്തു. പിന്നീടു്‌, സാവകാശം എഴുന്നേറ്റുനിന്നു് അവർ ഭഗവാനെ സ്തുതിച്ചുതുടങ്ങി.

അവർ പറഞ്ഞു: യജ്ഞമാകുന്ന വീര്യത്തോടുകൂടിയവനും, കാലശക്തിയായി വർത്തിക്കുന്നവനും, ചക്രായുധത്തെ പ്രയോഗിക്കുന്നവനും, അനേകകോടി തിരുനാമങ്ങളോടുകൂടിയവനുമായ നിന്തിരുവടിയ്ക്ക് ഞങ്ങളുടെ നമസ്കാരം. ഹേ സൃഷ്ടാവേ!, ഗുണത്രയനിയന്താവായ അവിടുത്തെ ത്രിഗുണാധിഷ്ഠിതങ്ങളായ മൂന്നുവിധഗതികൾക്കും അധീതമായ ആ പദത്തെ സൃഷ്ടിയ്ക്കുശേഷമുണ്ടായിട്ടുള്ള ഞങ്ങൾ എങ്ങനെയറിയാൻ?. പരമഹംസന്മാരായ സന്യാസിമാർ അഷ്ടാംഗയോഗത്താൽ അവിടുത്തെ ഭക്തിയെ പരീശീലിക്കുകയും, ആയതിനാൽ അജ്ഞാനത്തിന്റെ മറ നീങ്ങി അവരുടെ ചിത്തത്തിൽ പ്രത്യഗാത്മരൂപത്തിൽ വ്യക്തമാകുന്ന ആനന്ദത്തിന്റെ അനുഭൂതിയായി അങ്ങു് നിറയുകയും ചെയ്യുന്നു. അങ്ങനെയുള്ള ഓംകാരമൂർത്തിക്കു് ഞങ്ങളുടെ നമസ്കാരം!. അവിടുത്തെ ലീലകൾ ലോകത്തിനറിയുവാൻ കഴിയുന്നില്ല. അശരണനായും അശരീരനായും അഗുണനായുമിരിക്കുന്ന അങ്ങു് ഞങ്ങളുടെ സഹയോഗമില്ലാതെതന്നെ മാറ്റമില്ലാത്ത അവിടുത്തെ സ്വരൂപത്താൽ ത്രിഗുണാത്മകമായ ഈ വിശ്വത്തെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു.

നിന്തിരുവടിയാകുന്ന ബ്രഹ്മസ്വരൂപം ത്രിഗുണാത്മകമയ ദേഹം സ്വീകരിച്ചുകൊണ്ടു് ഈ പ്രപഞ്ചത്തിൽ നാനാവിധ യോനികളിൽ പതിച്ചു് താൻ ചെയ്യുന്ന പുണ്യാപുണ്യങ്ങളുടെ ഫലങ്ങൾ പ്രകൃതിക്കധീനനായി അനുഭവിക്കുകയാണോ, അഥവാ, തന്നിൽത്തന്നെ രമിച്ചുകൊണ്ടു് പരമശാന്തനായും സർവ്വതിനും സാക്ഷിയായി, ഉദാസീനവത് ആസീനനായി വർത്തിക്കുകയാണോ എന്നൊന്നും ഞങ്ങൾക്കു് മനസ്സിലാകുന്നില്ല. നിന്തിരുവടിയിൽ ഇവ രണ്ടും പരസ്പരവിരുദ്ധങ്ങളാണെന്നു് പറയാനാകുന്നില്ല. അവിടുത്തെ മഹിമകൾ യാതൊരു ശക്തിയാലും അഗ്രാഹ്യമാണു. അങ്ങയുടെ യഥാർത്ഥസ്വരൂപത്തെ സ്പർശിക്കാത്തവിധത്തിലുള്ള സന്ദേഹങ്ങളും, യുക്തിചിന്തകളും, തീർപ്പുകളും, മുടന്തൻ ന്യായങ്ങളും, ദുസ്തർക്കങ്ങളും ചേർന്ന ശാസ്ത്രപരിശീലനം കൊണ്ടു് ദുഷിച്ച ബുദ്ധിയെ ഉപയോയിച്ചു് അബദ്ധധാരണയോടുകൂടി ചില പണ്ഡിതന്മാരാൽ നടത്തപ്പെടുന്ന വാദവിവാദങ്ങൾക്കു് അങ്ങൊരിക്കലും വിഷയീഭവിക്കുന്നില്ല. മായാമയമായി ഈ പ്രപഞ്ചം മുഴുവനും അങ്ങയിൽ അടങ്ങിയിരിക്കുന്നു. അങ്ങു് സർവ്വസ്വതന്ത്രനായ കേവലാത്മാവാണു. അങ്ങനെയുള്ള നിന്തിരുവടിയ്ക്കിവിടെ എന്താണു് അസംഭവ്യമായിട്ടുള്ളതു?. യഥാർത്ഥത്തിൽ ജീവത്വവും ബ്രഹ്മത്വവുമാകുന്ന രണ്ടു് സ്വരൂപങ്ങളും അങ്ങിൽ അസിദ്ധമാകുന്നുവെന്നതാണു് സത്യം.

കയറിൽ സർപ്പത്തെ കണ്ടുഭ്രമിക്കുന്നവനു് കയർ സർപ്പമായിത്തന്നെ തോന്നുന്നതുപോലെ, സമബുദ്ധികളുടേയും വിഷമബുദ്ധികളുടേയും തോന്നലുകൾക്കൊത്തു് നിന്തിരുവടി അനുസരിക്കുന്നു. അവിടുന്നു് എല്ലാ വസ്തുക്കളിലും സത്താമാത്രസ്വരൂപനായും, എല്ലാറ്റിനും ഈശ്വരനായും, ജഗത്തിന്റെ മുഴുവൻ കാരണങ്ങൾക്കും പരമകാരണനുമായി നിലകൊള്ളുന്നു. സമസ്തജീവരാശികളിലും അന്തര്യാമിയായി കുടിയരുളുന്ന നിന്തിരുവടിതന്നെ നാനാത്വങ്ങളിൽ നാനാത്വമായും അതുപോലെതന്നെ ഏകത്വമായും നിലകൊള്ളുന്നു. ഹേ മധുസൂദന!, അവിടുത്തെ മാഹാത്മ്യമാകുന്ന അമൃതരസസമുദ്രത്തിൽനിന്നു് ഒരു തുള്ളിയെങ്കിലും നുകരാൻ കഴിഞ്ഞാൽ അതുതന്നെ സർവ്വദാ ഹൃദയം കവിഞ്ഞൊഴുകുന്ന നിരന്തരസുഖമായി ഭവിക്കുന്നു. നിത്യമായ ആ പരമാനന്ദസുഖത്തിൽ ലൌകികതയുടെ അല്പസുഖങ്ങൾ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ സകലചരാചരങ്ങളുടേയും ഉറ്റസുഹൃത്തായി ആ ഹൃദയകമലങ്ങളിൽ കുടിയരുളുന്ന ഭഗവാനിൽ സദാ മനസ്സ് നിർവൃതികൊള്ളുന്നു. ഇങ്ങനെ, ഏകാന്തികളായും ഭക്തന്മാരായുമിരിക്കുന്ന ഈ സാധുക്കൾ സ്വാർത്ഥകുശലം നേടുന്നതിനും സ്വസുഹൃത്താകുവാനും പ്രാപ്തരാകുന്നു. അങ്ങനെയെങ്കിൽ പിന്നെ എങ്ങനെയാണു് ഈ സംസാരത്തിൽനിന്നും എന്നെന്നേയ്ക്കുമായി നിവൃത്തി വരുത്തുന്ന അവിടുത്തെ പദഭജനം വേണ്ടെന്നുവയ്കാൻ സാധിക്കുക?.

ഹേ മൂലോകങ്ങളിലും നിറഞ്ഞുവസിക്കുന്നവനേ!, ഹേ ത്രിവിക്രമ!, മൂന്നുലോകങ്ങളേയും നയിക്കുന്നവനേ!, ത്രിലോകങ്ങളുടേയും മനസ്സിനെ ഹരിക്കുന്ന മഹിമകളോടുകൂടിയ ഭഗവാനേ!, ഈ ദൈത്യന്മാരും ദാനവന്മാരും അവിടുത്തെ രൂപഭേദങ്ങളാണെങ്കിലും അവരുടെ മുന്നേറ്റത്തെ തടയുവാനുള്ള കാലമാണിതെന്നുള്ളതിനാൽ അവിടുത്തെ മായാശക്തിയാൽ, ദേവൻ, മനുഷ്യൻ, മൃഗം, മിശ്രരൂപം, ജലജന്തുക്കൾ എന്നീ ആകൃതിഭേദങ്ങളോടെ അവതരിച്ചു് ഹേ ദണ്ഡപാണേ!, അങ്ങു് ഇതിനുമുമ്പും ദണ്ഡനമുറ നിറവേറ്റിയിരുന്നതുപോലെ, ഉചിതമെന്നു് അവിടുന്നു് വിചാരിക്കുന്നുണ്ടെങ്കിൽ മാത്രം, ഈ വൃത്രാസുരനെക്കൂടി നിഗ്രഹിച്ചാലും!.

ഹേ പിതാവേ!, പിതാവിനും പിതാവായുള്ള അനഘ!, ഞങ്ങളെല്ലാവരും അവിടുത്തെ തൃച്ചേവടിയിൽ അഭയം പ്രാപിച്ചവരാണു. യഥാർത്ഥത്തിൽ അവിടുത്തെ പദതാരിണകളിൽ അടിയങ്ങളുടെ മനസ്സ് അനുരക്തമായിക്കഴിഞ്ഞിരിക്കുന്നു. ദയവായി അങ്ങു് അവതരിച്ചാലും!. ഞങ്ങളെ അവിടുത്തെ സേവകരായിക്കണ്ടു് ഞങ്ങളിൽ കാരുണ്യം തൂകിയാലും!. വാത്സല്യം തുളുമ്പുന്ന അവിടുത്തെ നോട്ടത്താലും, സന്തതം മധുരമായൊഴുകുന്ന അവിടുത്തെ വചാനാമൃത്താലുംതന്നെ വൃത്രാസുരനിൽനിന്നുമുള്ള ഭയവും ഉത്കണ്ഠയും ഞങ്ങളിൽനിന്നും അകന്നുപോകുന്നു. ഹേ ഭഗവാനേ!, അങ്ങു് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയഹേതുവാകുന്ന അവിടുത്തെ മായയാൽ സദാ വിനോദിച്ചുകൊണ്ടിരിക്കുന്നു. സകലജീവഭൂതങ്ങളുടേയും ഉള്ളിൽ ബ്രഹ്മസ്വരൂപനായും ചേതനാമൂർത്തിയായും, ബഹിർഭാഗങ്ങളിൽ പ്രകൃതിശക്തിയായും വർത്തിക്കുന്നതു അങ്ങുതന്നെയാണു. വിവിധകാലങ്ങളിൽ, വിവിധദേശങ്ങളിൽ, വിവിധശരീരങ്ങളോടുകൂടി അവതാരം ചെയ്യുന്നതും അങ്ങുതന്നെ. ആകാശംപോലെ സർവ്വവ്യാപകമായും, നിരുപാധികബ്രഹ്മമായും വർത്തിക്കുന്ന അവിടുത്തെ തിരുമുമ്പിൽ, അഗ്നിസ്ഫുലിംഗങ്ങൾക്കു് അഗ്നിയെ വെളിച്ചം കാണിക്കേണ്ടതില്ലെന്നുള്ളതുപോലെ, ഞങ്ങൾ എന്തു് വിവരമാണു് സർവ്വജ്ഞനായ അങ്ങേയ്ക്കു് നൽകേണ്ടതു? പാപകർമ്മങ്ങളുടെ ഫലമായുണ്ടാകുന്ന സംസാരദുഃഖത്തിനു് ഉപശാന്തിയേകുന്ന അവിടുത്തെ തൃപ്പാദപത്മഛായയിൽ അഭയം പ്രാപിച്ചിരിക്കുന്ന ഞങ്ങൾ എന്തിനുവേണ്ടിയാണോ നിന്തിരുവടിയുടെ മുന്നിൽ വന്നിരിക്കുന്നതു്, അങ്ങുതന്നെ കണ്ടറിഞ്ഞു് അതിനെ നിറവേറ്റിത്തരണം. ഹേ ഈശ്വരനായ കൃഷ്ണ!, മൂലോകങ്ങളേയും അതുപോലെ ഞങ്ങളുടെ അസ്ത്രങ്ങളേയും ആയുധങ്ങളേയുമെല്ലാം ഗ്രസിച്ചിരിക്കുന്ന ആ വൃത്രനെ പെട്ടെന്നുതന്നെ സംഹരിച്ചാലും. സർവ്വഭൂതഹൃദാകാശസ്ഥിതനായും, സർവ്വസാക്ഷിയായും, ആനന്ദരൂപനായും, കീർത്തിമാനായും, സത്തുക്കൾ ഉള്ളവണ്ണം അറിയുന്നവനുമായുമുള്ള അങ്ങയെ, സംസാരിയായവൻ ഭജിക്കുമ്പോൾ അവനു് പരമ ആശ്രയമാകുന്നവനും, ആർത്തീഹരനായി വർത്തിക്കുന്നവനുമായ അങ്ങേയ്ക്കു് നമസ്കാരം!.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ഇത്തരം ദേവകളുടെ സ്തുതികൾ കേട്ടു് പ്രസാദിച്ചുകൊണ്ടു് ഭഗവാൻ മഹാവിഷ്ണു അവരോടു് ഇപ്രകാരം പറഞ്ഞു: ഹേ ദേവപ്രമുഖന്മാരേ!, ആത്മാവിന്റെ സ്വരൂപത്തെ ഓർമ്മിപ്പിക്കുന്നതും, എന്നിൽ ഭക്തിയുണ്ടാക്കുന്നതുമായ നിങ്ങളുടെ സ്തുതിരൂപമായ ഈ ജ്ഞാനത്തിൽ ഞാൻ സമ്പ്രീതനായിരിക്കുന്നു. ദേവന്മാരേ!, എന്റെ പ്രസാദത്താൽ സാധ്യമാകാത്തതായി പ്രപഞ്ചത്തിൽ ഒന്നുംതന്നെയില്ലെന്നാകിലും, ഏകാന്തമതികളായിട്ടുള്ള തത്വജ്ഞാനികൾ എന്നിൽനിന്നും ഭക്തിയല്ലാതെ മറ്റൊന്നുംതന്നെ ആഗ്രഹിക്കാറില്ല. എന്നാൽ അജ്ഞാനികൾ വിഷയങ്ങളെ യാഥാർത്ഥ്യമായിക്കാണുന്നു. തന്റെ യഥാർത്ഥ ശ്രേയസ്സിനെ അറിയാതെ വിഷയങ്ങളെയാഗ്രഹിക്കുന്നവൻ മൂഢനാണു. അതിനെ പ്രദാനം ചെയ്യുന്നവനും അവനെപ്പോലെതന്നെ മതികെട്ടവനാണെന്നറിയുക. ആവശ്യപ്പെട്ടാൽകൂടി വിദ്വാനായ വൈദ്യൻ അപത്ഥ്യമായ ഔഷധം രോഗിയ്ക്കു് നൽകാത്തതുപോലെ, യഥാർത്ഥ ശ്രേയസ്സിനെ അറിയുന്നവൻ, അപേക്ഷിച്ചാൽകൂടി അജ്ഞാനികൾക്കു് കർമ്മമാർഗ്ഗത്തെ ഉപദേശിക്കുകയില്ല.

ഹേ ഇന്ദ്ര!, എല്ലാവർക്കും മംഗളം ഭവിക്കട്ടെ!. നിങ്ങൾ പെട്ടെന്നു് ചെന്നു് ഋഷിസത്തമനായ ദധീചിയെക്കണ്ടു്, ജ്ഞാനം, വ്രതം, തപസ്സ് ഇത്യാദികളുടെ സത്തയായിരിക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തെ യാചിക്കുക. അശ്വശിരസ്സ് എന്ന നാമത്തിൽ വിഖ്യാതമായ ബ്രഹ്മവിദ്യയെ അറിയുന്നവനാണു് ദധീചിമഹർഷി. അതിനെ ഒരിക്കൽ അദ്ദേഹം അശ്വിനിദേവകൾക്കുപദേശിക്കുകയും അവർ ജീവന്മുക്തരായി ഭവിക്കുകയും ചെയ്തു. മാത്രമല്ല, അഥർവ്വവേദജ്ഞനായ ദധീചിമുനി എന്റെ ശക്തിയുൾക്കൊള്ളുന്ന കവചത്തെ ധരിച്ചിരിക്കുന്നവനാണു. അതു് അദ്ദേഹം ത്വഷ്ടാവിനും, ത്വഷ്ടാവു് വിശ്വരൂപനും, വിശ്വരൂപൻ അങ്ങേയ്ക്കും ഉപദേശിച്ചതാണല്ലോ!. അശ്വിനീദേവകളോടൊപ്പം ചേർന്നു് യാചിക്കപ്പെട്ടാൽ ധർമ്മജ്ഞനായ ദധീചി തന്റെ ശരീരം നിങ്ങൾക്കു് തീർച്ചയായും ദാനം ചെയ്യും. അതുകൊണ്ടു് വൃത്രനെ വധിക്കാൻ ശക്തിയുള്ള ശ്രേഷ്ഠമായ ആയുധം വിശ്വകർമ്മാവിനാൽ വിശേഷേണ നിർമ്മിതമാകുകയും ചെയ്യും. ആ ആയുധം കൊണ്ടു് എന്റെ തേജസ്സിനാൽ ശക്തനായി വൃത്രന്റെ ശിരസ്സ് നിങ്ങൾക്കരിഞ്ഞുവീഴ്ത്താം. അതോടുകൂടി നിങ്ങൾക്കു് നഷ്ടപ്പെട്ട തേജസ്സിനേയും അസ്ത്രങ്ങൾ, ആയുധങ്ങൾ, സമ്പത്തുകൾ മുതലായവകളേയും വീണ്ടും പ്രാപിക്കാവുന്നതുമാണു. എന്റെ ഭക്തന്മാരെ ആർക്കുംതന്നെ ഹിംസിക്കുവാൻ കഴിയുകയില്ല. പോകുവിൻ!. നിങ്ങൾക്കു് നന്മയുണ്ടാകട്ടെ!.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next

Killing of Vishwaroopa, aapearance of Vrithrasura and prayer by gods to Hari

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ