2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

6.17 ചിത്രകേവിനു് പാർവ്വതീദേവിയുടെ ശാപം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 17
(ചിത്രകേവിനു് പാർവ്വതീദേവിയുടെ ശാപം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ മഹാരാജാവേ!, ഭഗവാൻ സങ്കർഷണമൂർത്തി മറഞ്ഞരുളിയ ദിശയിലേക്കു് നോക്കി നമസ്ക്കാരം ചെയ്തതിനുശേഷം, വിദ്യാധരനായ ചിത്രകേതു ആകാശമാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. മുനിമാരാലും സിദ്ധചാരണന്മാരാലും അദ്ദേഹം സ്തുതിക്കപ്പെട്ടവനായി. വിദ്യാധരസ്ത്രീകളെക്കൊണ്ടു് ഭഗവാൻ ഹരിയുടെ ഗുണഗാനങ്ങൾ അദ്ദേഹം ചെയ്യിച്ചു. സങ്കല്പമാത്രത്താൽതന്നെ അദ്ദേഹത്തിനു് സർവ്വതും സിദ്ധമാകുമായിരുന്നു. അങ്ങനെ യോഗിവര്യനായി ഭവിച്ച ചിത്രകേതു അനേകലക്ഷം വർഷക്കാലത്തോളം ഉറച്ച ദേഹേന്ദ്രിയശക്തികളോടുകൂടി കുലഗിരികളുടെ താഴ്വാരത്തിൽ വിഹരിച്ചു.

ഒരിക്കൽ വിഷ്ണുദത്തമായ തന്റെ വിമാനത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ സിദ്ധന്മാരാലും ചാരണന്മാരാലും പരിസേവ്യനായി വിളങ്ങുന്ന മഹാദേവനെ കാണാനിടയുണ്ടായി. പാർവ്വതീദേവി ആ സംയത്തു് മുനിമാരുടെ സാന്നിധ്യത്തിൽ മഹാദേവന്റെ ലാളനകളേറ്റുവാങ്ങിക്കൊണ്ടു് ആ തിരുമടിയിൽ വിശ്രമിക്കുകയായിരുന്നു. അതുകണ്ട ചിത്രകേതു ദേവി കേൾക്കത്തന്നെ മഹാദേവനെ പരിഹസിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: ഇദ്ദേഹം ശരീരികൾക്കു് ധർമ്മമുപദേശിക്കുന്ന സാക്ഷാത് ജഗദ്ഗുരുവത്രേ!. അതേസമയം, ഇന്നിതാ പ്രധാനികളുടെ സദസ്സിൽ വച്ചു് ഭാര്യയെ ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നു. മഹാതപസ്വിയും ബ്രഹ്മവാദിയും ഋഷികളുടെ പതിയുമായ ഇദ്ദേഹം പ്രാകൃതനായി പെണ്ണിനേയും മടിയിൽ വച്ചു് നാണമില്ലാതെയിരിക്കുന്നു. പ്രാകൃതരായ മനുഷ്യർ പോലും ഏകാന്തതയിൽ മാത്രം ചെയ്യുന്ന ഈ പ്രവൃത്തി ബ്രഹ്മചര്യനിഷ്ഠയുള്ള ഇദ്ദേഹം ഇതാ നിറഞ്ഞ സഭയിൽ വച്ചു് കാട്ടുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇതുകേട്ടു് ഭഗവാൻ നന്നായൊന്നു് ചിരിച്ചതിനുശേഷം, മൌനിയായിത്തന്നെ ഇരുന്നു. മാത്രമല്ലാ, സഭയിലെ മറ്റുള്ളവരും അതുതന്നെ ചെയ്തു. എന്നാൽ, ഭഗവാന്റെ മഹിമയെ ഉള്ളവണ്ണമറിയാതെ തന്തിരുവടിയെ അപാമാനിച്ചുകൊണ്ടുനിൽക്കുന്നവനും ജിതേന്ദ്രിയനെന്നു് സ്വയം അഭിമാനിക്കുന്നവനുമായ ചിത്രകേതുവിനോടു് കോപത്തോടെ ദേവി പറഞ്ഞു: ഇവനാണോ ഇപ്പോൾ ദുഷ്ടരും നിർല്ലജ്ജരുമായ ലോകത്തിനു് ശാസിതാവും ശിക്ഷാധികാരിയും ഈശ്വരനായുമൊക്കെ നിയമിക്കപ്പെട്ടവൻ?. ബ്രഹ്മാവും ഭൃഗുവും നാരദരും സനത്കുമാരന്മാരും മനുവുമൊക്കെ ഇപ്പോൾ ധർമ്മത്തെ അറിയുന്നില്ലെന്നാണോ? ശാസ്ത്രാനുചാരിയല്ലാത്ത ശിവനെ അവരാരും വിരോധിക്കാത്തതെന്തു്?. അരുടെ പദതാരിണകളാണോ അവർ നിത്യവും ധ്യാനിക്കുന്നതു്, മംഗളമൂർത്തിയായ ആ ലോകഗുരുവിനെ ക്ഷത്രിയനായ ഒരുത്തൻ വന്നു് സ്വയം ഊറ്റം കൊണ്ടുകൊണ്ടു് തരം താഴ്ത്തി ഗുണദോഷിക്കുന്നു. ആയതിനാൽ ഇവൻ ശിക്ഷാർഹൻതന്നെ. അഹങ്കാരിയും ദുർമ്മതിയുമായ ഇവൻ, സത്തുക്കളാൽ ഉപാസിതമായ ഹരിയുടെ ചെന്താരടികളെ പ്രാപിക്കാൻ ഒട്ടുംതന്നെ യോഗ്യനല്ല. അതുകൊണ്ടു് ഹേ ദുർമതേ!, നീ പോയി പാപമേറിയ അസുരയോനിയിൽ ജനിക്കുക. മകനേ!, ആയതിലൂടെ നീ ഇനിയൊരിക്കലും മഹാത്മാക്കൾക്കുനേരേ വിരൽചൂണ്ടാതിരിക്കട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, അനന്തരം, ചിത്രകേതു, താൻ ശപിക്കപ്പെട്ടതുകേട്ടു് വിമാനത്തിൽനിന്നുമിറങ്ങിവന്നു് ദേവിയുടെ തിരുമുമ്പിൽ നമസ്ക്കരിച്ചുകൊണ്ടു് അവളെ പ്രസാദിപ്പിച്ചു. അമ്മേ!, അങ്ങരുളിയ ശാപത്തെ ഞാൻ തൊഴുകൈയ്യോടെ സ്വീകരിക്കുന്നു. കാരണം, ദേവന്മാരിൽനിന്നും മനുഷ്യർക്കുണ്ടാകുന്ന സുഖദുഃഖങ്ങൾ അവന്റെ കർമ്മഫലമായാണു് സംഭവിക്കുന്നതു. ആത്മജ്ഞാനമില്ലാത്ത ജീവന്മാർ ഇങ്ങനെ സംസാരത്തിലുഴന്നുകൊണ്ടു് സുഖദുഃഖങ്ങളെ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. സുഖദുഃഖങ്ങളുടെ കർത്താക്കൾ താനോ പരനോ അല്ല. സുഖദുഃഖങ്ങളുടെ കർതൃത്വം സ്വയം എറ്റെടുക്കുകയോ പരനിൽ ആരോപിക്കുകയോ ചെയ്യുന്നതു് അജ്ഞാനികളാണു. ത്രിഗുണങ്ങളുടെ കുത്തൊഴുക്കാകുന്ന ഈ സംസാരത്തിൽ ശാപമെന്തു്? അനുഗ്രഹമെന്തു്?; സ്വർഗ്ഗമേതു്? നരകമേതു്?; സുഖമെന്തു് ദുഃഖമെന്തു്?. ഏകനായ ഈശ്വരൻ തന്റെ മായാശക്തിയാൽ ഭൂതങ്ങളെ സൃഷ്ടിക്കുന്നു. ആ മാ‍യയ്ക്കധീനമായി അവയ്ക്കു് ബന്ധവും, മോക്ഷവും, സുഖവും, ദുഃഖവും ഉണ്ടാകുന്നു. എന്നാൽ, ഈശ്വരനാകട്ടെ, ദ്വന്ദ്വാതീതനായി നിലകൊള്ളുകയും ചെയ്യുന്നു. എല്ലാറ്റിലും സമനായിരിക്കുന്ന അവനു് പ്രിയനായോ, അപ്രിയനായോ, ബന്ധുവായോ, ശത്രുവായോ, പരനായോ, സ്വകീയനായോ ആരുംതന്നെയില്ല. സുഖത്തിൽ അവനു് ആശയുമില്ല. അങ്ങനെയെങ്കിൽ ദ്വേഷം എങ്ങനെയുണ്ടാവാനാണു?. എന്നിരുന്നാലും, അവന്റെ മായാശക്തിയാലുണ്ടാകുന്ന പ്രാരബ്ദകർമ്മങ്ങൾ ഭൂതങ്ങൾക്കു് സുഖദുഃഖങ്ങളും ഇഷ്ടാനിഷ്ടങ്ങളും ബന്ധമോക്ഷങ്ങളും ജനനമരണങ്ങളും ഉണ്ടാകുവാൻ കാരണമാകുന്നു. അതുകൊണ്ടു്, അല്ലയോ ഭാമിനീ!, ശാപമോക്ഷം ആഗ്രഹിക്കുന്നില്ലെങ്കിലും, ഭവതിയെ ഞാൻ പ്രസാദിപ്പിച്ചുകൊള്ളുന്നു. എന്റെ വാക്കുകൾ ദേവിയെ പ്രകോപിപ്പിച്ചുവെങ്കിൽ, പതിവ്രതാരത്നമായ അമ്മേ!, അവിടുന്നു് അതു് പൊറുക്കുമാറാകണം.

ശ്രീശുകൻ പറഞ്ഞു: ഹേ അരിന്ദമാ!, ഇങ്ങനെ ചിത്രകേതു മാപ്പപേക്ഷിച്ചുകൊണ്ടു് പാർവ്വതീപരമേശ്വരന്മാരെ സമ്പ്രീതരാക്കി. അത്ഭുതപാരവശ്യത്തോടുകൂടി അവരിരുവരും നോക്കിനിൽക്കെ, ചിത്രകേതു തന്റെ വിമാനത്തിൽ കയറി അവിടെനിന്നും യാത്രയായി. അതിനുശേഷം, മഹാദേവൻ, ദേവർഷിമാരും, അസുരന്മാരും, സിദ്ധന്മാരും, പാർഷദന്മാരും മറ്റും കേൾക്കെത്തന്നെ ദേവിയോടു് ഇങ്ങനെ അരുളിച്ചെയ്തു: ഹേ ദേവീ!, സ്വർഗ്ഗത്തേയും നരകത്തേയും മോക്ഷത്തെതന്നെയും തുല്യമായി കാണുന്ന ഹരിഭക്തന്മാർ ഒരിക്കലും ഒന്നിനാലും ഭയക്കുന്നവരല്ല. ശരീരികൾക്കു് ദേഹസംയോഗംകൊണ്ടു്, ഈശ്വരമായയാൽ സുഖദുഃഖങ്ങൾ, ജനനമരണങ്ങൾ, ശാപാനുഗ്രഹങ്ങൾ മുതലായ ദ്വന്ദ്വങ്ങൾ വന്നുഭവിക്കുന്നു. സ്വപ്നത്തിൽ സുഖദുഃഖങ്ങളനുഭവിക്കുന്നതുപോലെയോ, പൂമാലയിലും മറ്റും സർപ്പത്തെ ദർശിക്കുന്നതുപോലെയോ, അജ്ഞാനം നിമിത്തം, സുഖം, ദുഃഖം മുതലായ അനുഭവങ്ങളിൽ ജീഭഭൂതങ്ങൾ ഗുണവും ദോഷവും നോക്കിക്കാണുന്നു. ഭഗവദ്ഭക്തന്മാർക്കും, അതുപോലെ, ജ്ഞാനം, വൈരാഗ്യം മുതലായ ഗുണങ്ങളുടെ ബലമുള്ളവർക്കും ഈ ലോകത്തിൽ പ്രത്യേകിച്ചു് നേടേണ്ടതായ ഒന്നുംതന്നെയില്ല. ഭഗവാൻ ഹരിയുടെ മഹിമയെ ഞാനോ, ബ്രഹ്മദേവനോ, സനത്കുമാരരോ, നാരദരോ, മുനിമാരോ, ഋഷിവര്യരോ, ദേവരോ പോലും അറിയുന്നില്ല അങ്ങയെങ്കിൽ, അവിടുത്തെ അംശാംശങ്ങളായിരിക്കെ, സ്വയം ഈശ്വരരെന്നു് വിശ്വസിക്കുന്നവരുടെ കഥ എന്തുപറയാനാണു?. ശ്രീഹരിക്കു് പ്രിയനായോ, അപ്രിയനായോ, സ്വന്തക്കാരനായോ, അന്യനായോ ഇവിടെ ആരുംതന്നെയില്ല. എന്നാൽ, അവനാകട്ടെ, സകല പ്രാണികളുടേയുമുള്ളിൽ പരമാത്മാവായി വർത്തിച്ചുകൊണ്ടു് അവർക്കെല്ലാം പ്രിയങ്കരനായുമിരിക്കുന്നു. മഹാഭാഗനായ ഈ ചിത്രകേതു ശ്രീഹരിയുടെ ദാസനാണു. ആയതിനാൽ അവന്റെ മനസ്സ് സദാ ശാന്തവും സമദൃക്‌കുമായിരിക്കുന്നു. അതുപോലെ, ഞാനും ആ പരമപുരുഷന്റെ പ്രീതി നേടിയവനാകുന്നു. ആയതിനാൽ, സമദർശികളും ശാന്തസ്വഭാവികളും ശ്രീഹരിയുടെ ഭക്തന്മാരുമായിരിക്കുന്ന മഹാത്മാക്കളിൽ കോപം പ്രകടിപ്പിക്കുവാൻ പാടില്ല.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, മഹാദേവന്റെ ഈ ഉപദേശത്താൽ കോപമടക്കി ദേവി ശാന്തസ്വരൂപിണിയായി ഭവിച്ചു. തിരിച്ചു് ശപിക്കുവാൻ ശക്തനായിരുന്നിട്ടുകൂടി ഭക്തോത്തമനായ ചിത്രകേതു ദേവിയുടെ ശാപത്തെ ശിരസ്സാവഹിക്കുകയാണുണ്ടായതു. രാജൻ!, ആതാണു് സാധുക്കളുടെ ലക്ഷണം എന്നു് മനസ്സിലാക്കുക. അങ്ങനെയായിരുന്നു, ജ്ഞാനവിജ്ഞാനസംയുക്തനായ ചിത്രകേതു ദാനവയോനിയെ അവലംബിച്ചു് വൃത്രൻ എന്ന പേരിൽ വിഖ്യാതനായി ത്വഷ്ടാവിന്റെ യജ്ജവേദിയിലെ അഗ്നിയിൽ പിറന്നതു. ആസുരയോനിയിൽ പിറന്ന അവനു് എങ്ങനെയായിരുന്നു ഭഗവാനിൽ ഭക്തിയുണ്ടായതു് എന്ന ആങ്ങയുടെ ചോദ്യത്തിനുത്തരം ഇതോടുകൂടി ഞാൻ പറഞ്ഞുകഴിഞ്ഞു. ഹേ രാജൻ!, മഹാത്മാവായ ചിത്രകേതുവിന്റെ ചരിതത്തേയും, ഭഗവദ്ഭക്തന്മാരുടെ മാഹാത്മ്യത്തേയും കേൾക്കുന്നവൻ സംസാരത്തിൽനിന്നും മോചിക്കപ്പെടുന്നതാ‍ണു. ദിനവും പ്രഭാതത്തിലെഴുന്നേറ്റു് ശ്രീഹരിയെ ധ്യാനിച്ചുകൊണ്ടു് ഈ ചരിതം പാരായണം ചെയ്യുന്നവൻ പരമമായ ഗതിയെ പ്രാപിക്കുന്നതാണു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനേഴാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next


Devi Parvathi curses Chitraketu

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ