ഓം
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം 4
(ഹിരണ്യകശിപു ദേവന്മാരെ ദ്രോഹിക്കുന്നതും, പ്രഹ്ലാദമഹിമയും.)
നാരദർ പറഞ്ഞു: “ഹേ രാജാവേ! ഹിരണ്യകശിപുവിന്റെ
തപസ്സിലും സ്തുതിയിലും പ്രീതനായ ബ്രഹ്മദേവൻ അവനാവശ്യപ്പെട്ട സകലവരങ്ങളും ക്ഷണത്തിൽത്തന്നെ
പ്രദാനം ചെയ്തുകൊണ്ടു് അവനോടു് പറഞ്ഞു: “മകനേ!, വരിക്കുവാൻ
അത്യന്തം സുദുർലഭമായതാണെങ്കിൽകൂടി നീ ചോദിച്ചതായ വരങ്ങളെല്ലാം ഞാനിതാ നിനക്കായി തരുകയാണു.”
നാരദർ തുടർന്നു: “രാജൻ!, അതിനുശേഷം, ഹിരണ്യാക്ഷനാൽ
ആരാധിതനായും, മരീചി മുതലായ പ്രജാപതിമാരാൽ സ്തുത്യനായിക്കൊണ്ടും
വിരിഞ്ചൻ അവിടെനിന്നും മറഞ്ഞരുളി. ബ്രഹ്മദേവന്റെ അനുഗ്രഹത്താൽ
കരുത്തും വരവുമാർജ്ജിച്ച ഹിരണ്യകശിപു തന്റെ സഹോദരന്റെ മരണത്തെയോർത്തുകൊണ്ടു്
പ്രതികാരദാഹിയായി വിഷ്ണുവിൽ വിരോധം പ്രകടമാക്കുവാൻ തുടങ്ങി. അവൻ സകല ദിക്കുകളും മൂന്നു് ലോകങ്ങളേയും ജയിച്ചുവന്നു. ദേവന്മാർ, മനുഷ്യന്മാർ, ഗന്ധർവ്വന്മാർ,
ഗരുഡന്മാർ, നാഗദേവതകൾ, സിദ്ധന്മാർ,
ചാരണന്മാർ, വിദ്യാധരന്മാർ, ഋഷികൾ, പിതൃക്കൾ, മനുക്കൾ,
യക്ഷന്മാർ, രക്ഷസ്സുകൾ, പിശാചുക്കൾ,
ഭൂതങ്ങൾ, പ്രേതങ്ങൾ, എന്നുവേണ്ടാ
സകല ജീവഭൂതങ്ങളുടേയും തലവന്മാരെ അവൻ നിഷ്‌പ്രയാസം കീഴടക്കി,
തന്റെ സ്വാധീനത്തിലാക്കുകയും, വിശ്വത്തെ മുഴുവൻ
ജയിച്ചു് സകലലോകപാലകന്മാരേയും അവരുടെ തേജസ്സിനൊപ്പം അപഹരിക്കുകയും ചെയ്തു. ഉടൻതന്നെ അവൻ സ്വഗ്ഗലോകത്തെ പിടച്ചടക്കി. വിശ്വകർമ്മാവിനാൽ നിർമ്മിതമായ സകലൈശ്വര്യങ്ങളും സർവ്വസമ്പദ്സമൃദ്ധിയുമുള്ള ദേവേന്ദ്രന്റെ ഭവനത്തിൽ താമസമാരംഭിച്ചു.
സ്വർഗ്ഗത്തിലെ സോപാനങ്ങൾ പവിഴക്കല്ലുകൾകൊണ്ടു് നിർമ്മിച്ചതായിരുന്നു. അകത്തളങ്ങളിൽ മരതകക്കല്ല്ലുകൾ
പതിച്ചിരിക്കുന്നു. ഭിത്തികളാകട്ടെ, സ്ഫടികങ്ങളാൽ നിർമ്മിതമാണു. വൈഢൂര്യനിർമ്മിതങ്ങളായ തൂണുകൾ നിരനിരയായി
നിൽക്കുന്നു. ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട മേൽകൊട്ടികൾ,
പദ്മരഗമണിമയങ്ങളായ ഇരിപ്പിടങ്ങൾ, പാൽനുരപോലുള്ള
പട്ടുമെത്തകൾ, മുത്തുമാലകൾ കൊണ്ടുള്ള തൊങ്ങൽ വിതാനങ്ങൾ,
എന്നിവയെല്ലാം ഇന്ദ്രമന്ദിരത്തിന്റെ പ്രത്യേകതകളായിരുന്നു. അതിനിടയിൽകൂടി
ചിലങ്കകളുടെ കൊഞ്ചലോടെ നടന്നുപോകുന്ന ദേവസ്ത്രീകൾ
തങ്ങളുടെ മുഖങ്ങൾ അങ്ങിങ്ങായി പതിപ്പിച്ചിട്ടുള്ള കണ്ണാടിയിൽ കണ്ടാനന്ദിച്ചിരുന്നു.
അങ്ങനെയുള്ള ഇന്ദ്രന്റെ രാജധാനിയിൽ ഹിരണ്യാക്ഷൻ ഏകാധിപതിയായി വാഴുവാൻ
തുടങ്ങി. അവൻ തന്റെ പ്രതാപം ദേവന്മാരിൽ അടിച്ചേൽപ്പിച്ചു. അവന്റെ ആജ്ഞയാൽ ദേവന്മാർ ആ പാദങ്ങളിൽ നമസ്ക്കാരമർപ്പിക്കേണ്ടതായിവന്നു.
രാജാവേ!, തപോബലം, യോഗബലം,
ദേഹബലം, ഇന്ദ്രിയബലം മുതലായവയാൽ ഹിരണ്യകശിപു
അവർക്കെല്ലാം സ്വാമിയായി സുഖിച്ചു. ത്രിമൂർത്തികളൊഴികെ
മറ്റു് സകല ലോകപാലകന്മാരും അവനെ ഉപഹാരങ്ങളുമായി വന്നു സേവിച്ചു. ഹേ പാണ്ഡുപുത്രാ!, എന്നോടൊപ്പം, വിശ്വാവസുവും തുംബുരുവും ഗന്ധർവ്വന്മാരും സിദ്ധന്മാരും മുനികളും വിദ്യാധരന്മാരും
അപ്സരസ്സുകളും അവനു് സ്തുതിപാടിയിരുന്നു. വർണ്ണാശ്രമധർമ്മകർത്താക്കളാൽ യജ്ഞങ്ങൾകൊണ്ടു് യജിക്കപ്പെട്ടു് സ്വതേജസ്സിനാൽ
അവയുടെ ഹവിർഭാഗം അവൻ സ്വീകരിച്ചിരുന്നു. ഭൂമിയാകട്ടെ,
കാമധേനുവിനെപ്പോലെ കൃഷികൂടാതെതന്നെ അവനു് വിഭവങ്ങൾ നൽകി. ആകാശം വിവിധതരം അത്ഭുതവസ്തുക്കളെക്കൊണ്ടു് അലംകൃതമാകപ്പെട്ടു. സപ്തസാഗരങ്ങളും നദികളും തിരയടിച്ചുകൊണ്ടു് വിവിധയിനം രത്നങ്ങളെ അവനു്
പ്രദാനം ചെയ്തു. മലകളുടെ താഴ്വരകൾ അവന്റെ ക്രീഡാസങ്കേതങ്ങളായി.
വൃക്ഷങ്ങൾ സർവ്വകാലങ്ങളിലും ഫലപുഷ്പാദികൾ പ്രദാനം ചെയ്തു. സകല ലോകപാലകന്മാരുടേയും ധർമ്മങ്ങളെ ഹിരണ്യകശിപു തനിയേ നിർവ്വഹിച്ചു.
സകലദിക്കുകളേയും ജയിച്ചു് സർവ്വസുഖഭോഗങ്ങളേയും
സ്വയം അനുഭവിച്ചു. എന്നാൽ, ഇന്ദ്രിയങ്ങളെ
മാത്രം ജയിക്കാത്തവനാകയാൽ യാതൊരു ഭോഗങ്ങളിലും അവനു് സംതൃപ്തിയുണ്ടായില്ല. സനകാദികളുടെ ശാപത്താൽ അസുരനായി മാറിയ ഹിരണ്യകശിപു ഐശ്വര്യത്താൽ മതികെട്ടവനും
അഹങ്കാരിയും മര്യാദകളെ ലംഘിക്കുന്നവനുമായി കാലമൊരുപാടു് കടന്നുപോയി. രാജാവേ!, ഹിരണ്യകശിപുവിന്റെ അതിക്രൂരമായ ശാസനമുറകളാൽ
ദുഃഖിതരായ ലോകവാസികൾ മറുഗതിയില്ലാതെ തങ്ങളുടെ തലവന്മാരോടൊപ്പം മഹാവിഷ്ണുവിൽ അഭയം പ്രാപിച്ചു. യാതൊരിടത്തിൽ ഒരിക്കൽ എത്തപ്പെട്ടാൽ
പിന്നീടു് തിരിച്ചുവരവില്ലയോ, യാതൊരിടത്തിൽ ഭഗവാൻ
ശ്രീഹരി വസിക്കുന്നുവോ, ആ ധാമത്തിനായ്ക്കൊണ്ടു് അവർ നമസ്ക്കാരമർപ്പിച്ചു.
ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു്, സമാഹിതമായ
ബുദ്ധിയോടുകൂടി, നിർമ്മലഹൃദയത്തോടുകൂടി, വായുമാത്രം ഭക്ഷിച്ചുകൊണ്ടും ഉറക്കമില്ലാതെയും അവർ നാരായണനെ കീർത്തിക്കുവാൻ തുടങ്ങി. ആ സമയം, ഹേ രാജൻ!,
ഇടിമുഴക്കത്തിന്റെ ഒച്ചയോടുകൂടി ദിക്കുകളെ മറ്റൊലി കൊള്ളിച്ചുകൊണ്ടു്,
ആ സാധുജനങ്ങളുടെ ഭയത്തെ
ഹനിച്ചുകൊണ്ടു്, പെട്ടെന്നവിടെ ഒരശരീരി മുഴങ്ങി. “ഹേ ദേവോത്തമന്മാരേ!, നിങ്ങൾ ഭയപ്പെടാതിരിക്കുക!. എന്നെ സാക്ഷാത്കരിക്കുവാനായി
യന്തിക്കുന്ന നിങ്ങൾക്കു് സർവ്വമംഗളങ്ങളും ഭവിക്കുന്നതാണു. ദുഷ്ടനായ
ഈ അസുരാധമന്റെ ചെയ്തികൾ ഞാനറിയുന്നുണ്ടു. കുറച്ചുകാലം കൂടി കാത്തിരിക്കുക!.
വേണ്ടതു് ഉടൻതന്നെ ചെയ്തുകൊള്ളാം. ദേവന്മാരെയും വേദങ്ങളേയും ഗോക്കളേയും
ബ്രാഹ്മണരേയും ധർമ്മത്തേയും എന്നേയും ദ്വേഷിക്കുന്നവൻ ആരായിരുന്നാലും അവനു് സർവ്വനാശം
സംഭവിക്കുകതന്നെ ചെയ്യും. ഏതുസമയത്താണോ അവൻ സ്വന്തം പുത്രനായ
പ്രഹ്ലാദനെ ദ്രോഹിക്കുവാൻ തുടങ്ങുന്നതു, ആ സമയം, ഏതുവരം ലഭിച്ചവനാണെങ്കിൽകൂടി ഞാൻ അവനെ വധിച്ചിരിക്കും.”
നാരദർ പറഞ്ഞു: “ഭഗവാന്റെ അശരീരിവാക്യം കേട്ടു് ദുഃഖമകന്ന ദേവന്മാർ തന്തിരുവടിയെ നമസ്ക്കരിച്ചുകൊണ്ടും, ഹിരണ്യകശിപുവിന്റെ മരണം ഉറപ്പിച്ചുകൊണ്ടും അവിടെനിന്നും മടങ്ങിപ്പോയി.
ഹേ രാജൻ!, അസുരാധിപനായ ഹിരണ്യകശിപുവിനു് ലക്ഷണയുക്തരായ
നാലു് പുത്രന്മാരുണ്ടായിരുന്നു. അതിൽ പ്രഹ്ലാദനെന്നു് പുകഴ്കൊണ്ടവൻ
സത്ഗുണസമ്പന്നനും മഹത്തുക്കളെ ആദരിക്കുന്നവനുമായിരുന്നു. മാത്രമല്ല,
അവൻ ബ്രാഹ്മണഭക്തനും സത്ഗുണശീലസമ്പന്നനും സത്യസന്ധനും
ജിതേന്ദ്രിയനും അതുപോലെ സർവ്വപ്രാണികൾക്കും സ്വന്തം
ആത്മാവിനെപോലെ പ്രിയങ്കരനും അവരുടെ സുഹൃത്തുമായിരുന്നു. പ്രഹ്ലാദൻ എപ്പോഴും സത്തുക്കളെ ആദരിക്കുന്നവനായിരുന്നു. മാതാപിതാക്കൾക്കു്
മക്കളോടെന്നതുപോലെ, അവനു് സഹജീവികളോടും അങ്ങേയറ്റം വാത്സല്യമുണ്ടായിരുന്നു. ഗുരുജനങ്ങളെ അവൻ
ഈശ്വരനെപ്പോലെ കണ്ടു് ബഹുമാനിച്ചിരുന്നു. ജന്മകൊണ്ടും വിദ്യകൊണ്ടും
രൂപം കൊണ്ടും സമ്പന്നനായിരുന്ന പ്രഹ്ലാദൻ അഭിമാനാഹങ്കാരങ്ങൾ കൈവെടിഞ്ഞവനായിരുന്നു.
കണ്ടതും കേട്ടതുമായ സകലവിഷയങ്ങളും അസത്യമാണെന്നറിഞ്ഞിരുന്ന പ്രഹ്ലാദൻ ഒരിക്കലും അവയിൽ ആസക്തനായിരുന്നില്ല. ദേഹേന്ദ്രിയാദികളെ
നിയന്ത്രിച്ചു്, ആഗ്രഹങ്ങൾക്കു് കടിഞ്ഞാണിട്ട അവൻ അസുരവംശത്തിൽ
ജനിച്ചുവെങ്കിലും ആസുരഗുണം തീണ്ടിയിട്ടുള്ളവനായിരുന്നില്ല. അവന്റെ
ഗുണഗണങ്ങളെ ഇന്നും പണ്ഡിതന്മാർ കീർത്തിച്ചുകൊണ്ടേയിരിക്കുന്നു. സർവ്വൈശ്വര്യനിധിയായ ഭഗവാനിൽ സർവ്വഗുണങ്ങളും നിറഞ്ഞിരിക്കുന്നതുപോലെ പ്രഹ്ലാദനിലും
അവ എക്കാലുവും നിറഞ്ഞിരിക്കുന്നു. ആകായാൽ അവന്റെ മഹിമകളെ ഇപ്പോഴും
പണ്ഡിതന്മാർ കീർത്തിച്ചുകൊണ്ടുമിരിക്കുന്നു. ഭഗവദ്ഭക്തന്മാരെക്കുറിച്ചു്
സംസാരിക്കുന്ന ഏതൊരു സഭയിലും, ശത്രുവാണെങ്കിൽകൂടി, ദേവന്മാർ പോലും അസുരവംശജനായ പ്രഹ്ലാദനെ ഉത്തമഭക്തനായി ഉദാഹരിച്ചുകൊണ്ടു് അവന്റെ
മഹിമകളെ വാനോളം പുകഴ്ത്താറുണ്ടു. പിന്നെ അങ്ങയെപ്പോലുള്ളവരെക്കുറിച്ചെന്തു്
പറയാൻ?. എണ്ണമറ്റതായ അവന്റെ മഹിമകൾ അവർണ്ണനീമത്രേ!. ഇനി ഞാൻ, ഭഗവാനിലുള്ള നൈസർഗ്ഗികമായ
അവന്റെ പ്രേമത്തെക്കുറിച്ചു് പറയാം.
കൊച്ചുകുട്ടിയായിരുന്നപ്പോൾ പോലും അവനു് കളിയിലോ കളിപ്പാട്ടങ്ങളിലോ ഒട്ടുംതന്നെ
അഭിരുചിയുണ്ടായിരുന്നില്ല. ഭഗവാനിൽ മനസ്സുറപ്പിച്ചുകൊണ്ടു്
അവൻ സകലതും ത്യജിച്ചു് നിസ്സംഗനായും ജഡവത്തായും ജീവിച്ചു. ഭഗവദ്നിമഗ്നനായ
പ്രഹ്ലാദൻ വിഷയാസക്തമായ ഈ ലോകത്തെക്കുറിച്ചു് യാതൊന്നുംതന്നെ അറിഞ്ഞിരുന്നില്ല.
അവന്റെ ഹൃദയം സദാ ഭഗവാനിൽ ലീനമായി. ഗോവിന്ദനാൽ പരിരംഭിതനായ പ്രഹ്ലാദൻ തന്റെ ദൈനംദിനകർമ്മങ്ങൾ എപ്രകാരം എപ്പോൾ നടക്കുന്നുവെന്നുപോലുമറിയുന്നുണ്ടായിരുന്നില്ല. ആ ആനന്ദനിർവൃതിയിൽ അവൻ ചിലപ്പോൾ കരയുകയും,
ചിലപ്പോൾ ചിരിക്കുകയും, മറ്റുചിലനേരങ്ങളിൽ ആനന്ദമത്തനായി
ഉറക്കെ പാടുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ അവൻ ഉച്ചത്തിൽ കൂവുകയും,
ചിലപ്പോൾ ലജ്ജയില്ലാതെ നൃത്തം കുതിക്കുകയും, ചിലപ്പോൾ,
ആശ്ചര്യമെന്നോണം, തന്മയീഭാവത്തോടെ ഭഗവദ്ലീലകൾ അനുകരിക്കുകയും ചെയ്തു. ചിലപ്പോളവൻ ഭഗവാനെ തൊട്ടുരുമ്മുന്ന
ഭാവനയാൽ നിർവൃതികൊള്ളുമായിരുന്നു. ചിലപ്പോൾ പുളകമണിയുകയും,
ചിലപ്പോൾ പ്രേമാനന്ദത്താലുതിരുന്ന അശ്രുകണങ്ങളോടുകൂടി പാതിയടഞ്ഞ കണ്ണുകളാൽ
ഒരിടത്തു് മിണ്ടാതിരിക്കുകയും ചെയ്യുമായിരുന്നു. സത്തുക്കളുമായുള്ള
സംഗംകൊണ്ടു് പ്രഹ്ലാദന്റെ ഹൃദയം ഭഗവദ്പാദാരവിന്ദങ്ങളിലുറച്ചിരുന്നു. അതിൽനിന്നും നിത്യനിരന്തരമായി താനനുഭവിച്ചുകൊണ്ടിരിക്കുന്ന ആ പരമാനന്ദരസത്താൽ
അവൻ അജ്ഞാനികളെക്കൂടി ശുദ്ധമാക്കിക്കൊണ്ടിരുന്നു. അല്ലയോ രാജാവേ!,
എങ്കിലും, നാരായണഭക്തനായ പ്രഹ്ലാദനിൽ സ്വാഭാവികമായും
ഹിരണ്യകശിപുവിനു് വിദ്വേഷം ജനിച്ചു.”
ധർമ്മപുത്രർ പറഞ്ഞു: “ഹേ ദേവർഷേ!, ശുദ്ധനും സാധുവുമായ സ്വന്തം പുത്രന്റെ
നേർക്കു് ഹിരണ്യകശിപുവിനു് വിദ്വേഷമുണ്ടായി എന്ന ആശ്ചര്യകരമായ
വസ്തുതയെ അങ്ങയിൽനിന്നറിയുവാനായി ഞാൻ ആഗ്രഹിക്കുകയാണു. അല്ലയോ
ഋഷേ!, അനുസരണയില്ലാത്ത പുത്രന്മാരെ ശിക്ഷിച്ചുകൊണ്ടു് അവരുടെ
പിതാക്കന്മാർ അവരെ അധിക്ഷേപിക്കുന്നതു് സ്വാഭാവികമാണെങ്കിലും,
അവർക്കുനേരേ ശത്രുവെപ്പോലെ ദ്രോഹം ചെയ്യാൻ ആർക്കുംതന്നെ
മനസ്സുവരികയില്ല. ആ സ്ഥിതിയ്ക്കു്, അനുസരണയുള്ളവനും,
സാധുവും, പിതാവിനെ ദൈവമായിക്കണ്ടാരാധിക്കുന്നവനുമായ
പ്രഹ്ലാദനെക്കുറിച്ചെന്തു് പറയാൻ?. മകനോടു് തോന്നിയ
പിതാവിന്റെ ഈ വിരോധംതന്നെ ആ പിതാവിന്റെ മരണത്തിനു് കാരണമായി.
ഈ കൌതുകത്തെ ദയവായി അങ്ങു് നീക്കിത്തന്നാലും!.”
ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Hiranyakashipu attacks demigods and the qualities of Prahlada