ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം അദ്ധ്യായം 2
മഹാദേവന് ദക്ഷപ്രജാപതിയുടെ ശാപം
വിദുരർ ചോദിച്ചു: ഹേ! “മൈത്രേയമഹാമുനേ!, മകളോടു ഏറെ സ്നേഹമുണ്ടായിട്ടും,
എന്തിനുവേണ്ടിയായിരുന്നു സർവ്വകല്യാണശീലനായ മഹാദേവനെ ദക്ഷപ്രജാപതി വെറുത്തിരുന്നത്?
ഏന്തിനായിരുന്നു അദ്ദേഹം ദേവി സതിയെ അവഗണിച്ചിരുന്നത്? മഹദേവൻ സകലചരാചരത്തിന്റേയും
ഗുരുവാണ്. ദേവാദിദേവനാണ്. അവിടുത്തേക്കെങ്ങെനെയാണ് ഈരേഴുലകിലും ഒരു ശത്രുവുണ്ടാകുക?
അവിടുന്നു അവിടുന്നിൽതന്നെ പരമസംതൃപ്തനുമാണ്. അങ്ങനെയിരിക്കെ എന്തായിരിക്കാം ദക്ഷന്
മഹാദേവനിൽ വൈരമുണ്ടാകാൻ കാരണം?. ഹേ! ഗുരോ! എങ്ങനെയാണ് ശിവനും ദക്ഷനുമിടയിൽ ഇത്തരമൊരു
വഴക്കുണ്ടായതെന്നും, സതീദേവിക്ക് തന്റെ പ്രാണൻ ഉപേക്ഷിക്കുവാനുള്ള സാഹചര്യമുണ്ടായതെന്നും
പറഞ്ഞുതന്നാലും.”
മൈത്രേയൻ പറഞ്ഞു: “പ്രിയ വിദുരരേ! പണ്ടു് പ്രജാപതിമാരെല്ലാം കൂടിചേർന്ന് ഒരിക്കൽ ഒരു മഹായാഗം അനുഷ്ഠിക്കുകയുണ്ടായി. അതിൽ സകല ഋഷികളും, പണ്ഢിതന്മാരും, ദേവന്മാരും, അഗ്നിദേവതകളുമെല്ലാം തങ്ങളുടെ പരിവാരങ്ങളടക്കം പങ്കെടുത്തിരുന്നു. യാഗം നടക്കുന്ന സമയം ദക്ഷപ്രജാപതി അവിടേക്കുവന്നു. സൂര്യനുദിച്ചുയർന്നതുപോലെയുള്ള അദ്ദേഹത്തിന്റെ തേജസ്സ് ആ യജ്ഞശാലയെ പ്രഭാപൂരിതമാക്കുകയും, മറ്റുള്ള അതിഥികൾ ആ അത്ഭുതതിളക്കത്തിൽ മങ്ങിപ്പോകുകയും ചെയ്തു. ദക്ഷന്റെ വരവിനെ മാനിച്ചു, ബ്രഹ്മദേവനും മഹാദേവനുമൊഴികെ സദസ്സിലുണ്ടായിരുന്ന സകലരും തങ്ങളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റുനിന്നു. തുടർന്നു ബ്രഹ്മദേവൻ ദക്ഷനെ യഥാവിധി സ്വാഗതം ചെയ്തു. ബ്രഹ്മാവിനെ നമസക്കരിച്ചതിനുശേഷം അദ്ദേഹത്തിന്റെ അനുവാദത്തോടെ ദക്ഷൻ ആസനസ്ഥനായി. പക്ഷേ, തന്നെ ആദരിക്കാതെ തന്റെ മുമ്പിലിരിക്കുന്ന ശിവനെ കണ്ടു അവഹേളിതനായ ദക്ഷൻ നിറഞ്ഞ സദസ്സിൽ കടുത്ത ഭാഷയിൽ മഹാദേവനെതിരെ ആക്ഷേപവാക്കുകൾ പറയാൻ തുടങ്ങി.”
“ഇവിടെ കൂടിയിരിക്കുന്ന സർവ്വരും എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക. ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നതു ലോകം അനുഷ്ഠിക്കേണ്ട ആചാര്യമര്യാദകളെക്കുറിച്ചാണ്. ഇത് അറിവില്ലായ്മകൊണ്ടോ മത്സരബുദ്ധികൊണ്ടോ ആണെന്നു ആരും തെറ്റിദ്ധരിക്കരുതു. ഇയാൾ ലോകപാലകന്മാരുടെ പേരും യശ്ശസ്സും നശിപ്പിച്ചിരിക്കുകയാണ്. ആചാരമര്യാദകളുടെ ഗതിതന്നെ ഇയാൾ കളങ്കപ്പെടുത്തിയിരിക്കുന്നു. നാണമില്ലാത്ത ഇയാൾക്ക് ഔചിത്യമെന്നതേ തീണ്ടിയിട്ടില്ല. അഗ്നിയേയും ബ്രാഹ്മണരേയും സാക്ഷി നിറുത്തി എന്റെ മകളെ വിവാഹം കഴിച്ചതുവഴി ഇയാൾ ആദ്യമേതന്നെ എന്റെ ശിഷ്യത്വം സ്വീകരിച്ചവനാണ്. സത്യസന്ധനായി അഭിനയിച്ചുവന്നു ഇയാൾ ഗായത്രിക്കു തുല്യയായ എന്റെ പുത്രിയെ മംഗല്യം കഴിച്ചു. മാൻമിഴിയാളായ മത്പുത്രിയെ മർക്കടന്റെ കണ്ണുള്ള ഇയാൾക്ക് ഞാൻ വിവാഹം കഴിച്ചുനൽകി. ആ ഒരു സ്മരണയിൽപോലും എന്നെ കണ്ടപ്പോൾ എഴുന്നേറ്റുനിന്നു ആദരിക്കുവാൻ ഇയാൾ കൂട്ടാക്കിയില്ല. മാത്രമല്ല, കേവലം ഭംഗിവാക്കുകളിലൂടെയെങ്കിലും എന്നെ സ്വാഗതം ചെയ്യാൻപോലും ഇയാൾക്കു തോന്നിയില്ല. സംസ്കാരമില്ലാത്ത ഇയാൾക്ക് എന്റെ മകളെ കൊടുക്കുവാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മര്യാദകളെ ലംഘിക്കുന്ന ഹീനനായ ഒരുവനു് ഞാൻ എന്റെ മകളെ നൽകിയത് സത്യത്തിൽ ശൂദ്രനെ വേദങ്ങൾ പഠിപ്പിച്ചതുപോലെയായി. ഇവൻ താമസിക്കുന്നത് ചുടലക്കാട്ടിലാണ്. കൂട്ടുകാർ ഭൂതങ്ങളും പ്രേതങ്ങളുമാണ്. ഇയാൾ ഒരു ഭ്രാന്തനെപ്പോലെ ചിലപ്പോൾ ചിരിക്കുന്നു, ചിലപ്പോൾ കരയുന്നു. ചുടലഭസ്മം വാരി ദേഹമാസകലം പൂശുന്നു. ദിവസവും സ്നാനം ചെയ്യാത്തവനാണിയാൾ. തലയോട്ടികളും എല്ലിൻ കഷണങ്ങളും കോർത്ത് മാലയാക്കി കഴുത്തിൽ ധരിക്കുന്നു. പേരിൽ മാത്രമാണ് ഇയാൾ ശിവൻ. യഥാർത്ഥത്തിൽ ഇവൻ ഒരു മുഴുഭ്രാന്തനും അങ്ങേയറ്റം ഹീനനുമാണ്. അജ്ഞാനികൾക്കും ഭ്രാന്തചിത്തന്മാർക്കും പ്രിയങ്കരനായ ഇയാൾ അവരുടെ നേതാവണ്. ബ്രഹ്മദേവന്റ താല്പര്യത്താലാണ് സുന്ദരിയായ എന്റെ മകൾ സതിയെ ഞാൻ ശുചിത്വമില്ലാത്തവനും കശ്മലചിത്തനുമായ ഇവന് വിവാഹം കഴിച്ചുകൊടുത്തുതു.”
ഒരു നീണ്ട നെടുവീർപ്പിനുശേഷം മൈത്രേയൻ തുടർന്നു. : “പിന്നീട് കരമുഖക്ഷാളനം ചെയ്തു ദക്ഷൻ തന്റെ വിദ്വേഷിയെന്നോണം എതിരെയിരിക്കുന്ന പരമേശ്വരനെ നോക്കി ശപിച്ചുകൊണ്ട് ഇത്തരം വാക്കുകൾ പറഞ്ഞു: “ഈ ദേവയജ്ഞത്തിൽ സകലദേവന്മാർക്കും ഹവിർഭാഗം കിട്ടുന്നതാണ്, എന്നാൽ ദേവഗണാധമനായ ഇയാൾക്ക് ഒന്നുംതന്നെ കിട്ടാൻ പാടുള്ളതല്ല.”
മൈത്രേയൻ പറഞ്ഞു: “വിദുരരേ! ഇങ്ങനെ മഹാദേവനെ ശപിച്ചതിനുശേഷം, ദക്ഷൻ സദസ്സിലുണ്ടായിരുന്ന സകലരുടേയും അപേക്ഷയെ അവഗണിച്ചുകൊണ്ട് അവിടെനിന്നിറങ്ങിപ്പോയി. മഹാദേവൻ ശപിക്കപ്പെട്ട വൃത്താന്തമറിഞ്ഞു നന്ദികേശ്വരൻ കോപാകുലനായി. അവന്റെ കണ്ണുകൾ ക്രോധത്താൽ ചുവന്നുതുടുത്തു. നന്ദികേശൻ ദക്ഷനും അയാളുടെ പരുഷമായ ശാപവാക്കുകൾ കേട്ടനങ്ങാതിരുന്ന മറ്റു ബ്രാഹ്മണർക്കും മറുശാപം കൊടുത്തു. “യാതൊരുവനാണോ ശത്രുത്വംകൊണ്ട് ശിവനെ അവഗണിച്ചുകൊണ്ട് ദക്ഷന് പ്രാധാന്യം കൊടുക്കുന്നത്, അവൻ ദൈതഭാവനിമഗ്നനായി തത്വാർത്ഥത്തെ നഷ്ടമാക്കുന്നു. ഭൌതിക ലാഭങ്ങളിലും അന്തഃസ്സാരമില്ലാത്ത വേദവാദങ്ങളിലും നിമഗ്നമായ കപടധാർമ്മികകുടുംബജീവിതം ഒരുവന്റെ ബുദ്ധിയെ അപഹരിക്കുകയും അതുവഴി അവൻ കാമ്യകർമ്മങ്ങളിൽ ആസ്തക്തനകുകയും ചെയ്യുന്നു. ദക്ഷൻ തന്റെ ശരീരത്തെ എല്ലാമായി കണ്ട് അതിന്റെ സുഖങ്ങളിൽ മാത്രം ആസക്തനായി ആത്മജ്ഞാനത്തെ ഇല്ലാതെയാക്കി. വളരെ പെട്ടെന്നുതന്നെ അവൻ ഒരു ആടിന്റെ മുഖത്തെ സ്വീകരിക്കുന്നതാണ്. ഭൌതികലാഭങ്ങൾക്കുവേണ്ടിയുള്ള ശിക്ഷണങ്ങളിലൂടെ ആത്മജ്ഞാനമകന്നു ജഢതുല്യരായവർ നിത്യവും കാമ്യകർമ്മാചരണങ്ങളിൽ മനസ്സുവയ്ക്കുന്നു. അവർ അറിഞ്ഞുകൊണ്ടുതന്നെ ശിവവൈരികളായിത്തീരുന്നു. അതിനാൽ വീണ്ടുംവീണ്ടും ജനിമൃതികൾ പൂണ്ടുഴറുകയും ചെയ്യുന്നു. ശിവദ്വേഷികൾ വേദങ്ങളിലെ മധുരവാഗ്ദാനങ്ങളാൽ ആകൃഷ്ടരായി മനസ്സുകൊണ്ട് ഉന്മത്തരായി സദാ കാമ്യകർമ്മങ്ങളിൽ പെട്ടുഴറുന്നു. ഈ ബ്രഹ്മണന്മാർ വിദ്യയും, ബ്രഹ്മചര്യയും, വ്രതങ്ങളുമൊക്കെ കേവലം ശാരീരികസുഖങ്ങൾക്കുവേണ്ടിയാണ് അനുഷ്ഠിക്കുന്നതു. എന്തു ഭക്ഷിക്കണമെന്നും എന്ത് ഭക്ഷിക്കരുതെന്നുമുള്ള വ്യത്യാസത്തെപ്പോലും അവർ മറന്നുപോകുന്നു. വെറും ശാരീരികസുഖസംതൃപ്തിക്കായി അവർ വീടുവീടാന്തരം ഇരന്നു ധനം സമ്പാദിക്കുന്നു.”
നന്ദീശ്വരനാൽ ബ്രാഹ്മണകുലം മുഴുവൻ ഇങ്ങനെ ശപിക്കപ്പെട്ടതു കണ്ടപ്പോൾ, പ്രസ്തുതശാപത്തിന്റെ പ്രതികരണമായി ഭൃഗുമുനി നന്ദീശ്വരാദിശിവസ്നേഹികളെ ഒന്നടങ്കം ഇപ്രകാരമുള്ള വചസ്സുകൾകൊണ്ടു പ്രതിശാപം ചെയ്തു. “യാതൊരുവനാണോ ശിവനെ സംതൃപനാക്കുവാൻ വ്രതമെടുക്കുന്നത്, അവൻ ഒരു നിരീശ്വരവാദിയായി അത്മജ്ഞാനനഷ്ടനായി നശിക്കാൻ ഇടവരട്ടെ!. യാതൊരുവനാണോ ശിവനെ പൂജിക്കുവാനായി വ്രതമെടുക്കുന്നതു, അവൻ പമ്പരവിഡ്ഢിയായി ശിവനെപ്പോലെതന്നെ ജടാഭസ്മാസ്ഥിധാരികളായി മുടിയും നീട്ടിവളർത്തി സുരാസവം സേവിച്ചു മന്ദബുദ്ധികളായി അലയുമാറാകട്ടെ!. മാത്രമല്ല, വേദഹിതകർത്താക്കളായ ഈ ബ്രാഹ്മണകുലത്തെ ശപിക്കുകകാരണം നിങ്ങൾ ഇതിനകം വേദവിദ്വേഷികളും നിരീശ്വരവാദികളുമായി മാറിക്കഴിഞ്ഞു. മനുഷ്യർക്ക് പരമഗതിയായ മോക്ഷത്തെ പ്രാപിക്കുവാനുതകുന്ന സനാതനധർമ്മത്തെ തരുന്നതാണ് വേദങ്ങൾ. അത് പുരാതനകാലം മുതൽക്കേ അനുസന്ധാനം ചെയ്തുപോരുന്നവയുമാണ്. ജനാർദ്ദനനായ ഭഗവാൻ ഹരി അതിന് പരമമായ തെളിവുമാണ്. സത്തുക്കളുടെ സന്മാർഗ്ഗവും, അങ്ങേയറ്റം പരിശുദ്ധവുമായ വേദങ്ങളെ നിന്ദിക്കുക വഴി നിങ്ങൾ ശിവഭക്തന്മാർ നിരീശ്വരവാദത്തിലേക്ക് തരംതാഴ്ത്തപ്പെടും. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട.”
മൈത്രേയൻ പറഞ്ഞു: “വിദുരരേ! സദസ്സിൽ ഇങ്ങനെ ശാപപ്രതിശാപങ്ങൾ നടന്നുകൊണ്ടിരിക്കെ മഹാദേവൻ ഒന്നും മിണ്ടാതെ നീരസത്തോടുകൂടി തന്റെ പരിവാരങ്ങളോടൊപ്പം യാഗശാല വിട്ടിറങ്ങി.
അങ്ങനെ, ഭഗവാൻ ഹരിയുടെ പ്രസാദത്തിനായി ആയിരം വർഷങ്ങൾ
നീണ്ടുനിന്ന ഒരു മഹാസത്രം ലോകത്തിലെ സകല പ്രജാപതികളും ചേർന്ന് നടത്തി. യജ്ഞത്തിൽ പങ്കെടുത്തവരെല്ലാം
യജ്ഞശേഷം ഗംഗയിലും യമുനയിലുമായി അവഭൃതസ്നാനം കഴിച്ചു ഹൃദയശുദ്ധിയോടുകൂടി തങ്ങളുടെ യഥാസ്ഥാനങ്ങളിലേക്ക്
യാത്രതിരിച്ചു.”
ഇങ്ങനെ ചതുർത്ഥസ്കന്ധം രണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.
daksha cursing lord shiva