2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

3.32 കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 32 
കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഗൃഹമേധികളായ മനുഷ്യർ അർത്ഥകാമങ്ങളുടെ ലാഭത്തിനായിമാത്രം സ്വധർമ്മമാചരിക്കുന്നു. അവർ ഒരേ കർമ്മപഥത്തിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചുകൊണ്ട്, ഗൃഹപാലനതല്പരരായി, സുഖഭോഗികളായി ഗൃഹാന്തഃകൂപത്തിൽത്തന്നെ ജന്മാന്തരങ്ങൾ കഴിച്ചുകൂട്ടുന്നു. ആയതിനാൽ, വിഷയേച്ഛുക്കളായ ഇവർക്ക് എന്നിൽ ഒരുകാലത്തും ഭക്തിയുണ്ടാകുന്നില്ല. അന്യഥാ ഇവർ അനേകം യജ്ഞങ്ങൾചെയ്ത് ദേവന്മാരേയും പിതൃക്കളേയും തൃപ്തരാക്കി അർത്ഥകാമങ്ങൾനേടി അതനുഭവിക്കുന്നതിൽ മനസ്സുറപ്പിക്കുന്നു. അനന്തരം, ദേഹാവസാനത്തിൽ ചന്ദ്രലോകം പ്രാപിച്ച് അവിടെ സോമരസാസ്വാദകരായി അല്പകാലംകഴിച്ച്, വീണ്ടും ഇവിടേയ്ക്കുതന്നെ മടങ്ങിവരുന്നു.

അമ്മേ!, ഭഗവാൻ നാരായണൻ, തന്റെ അനന്തശേഷതല്പത്തിന്മേൽ ശയിക്കുവാനാരംഭിക്കുമ്പോൾ, ചന്ദ്രലോകമടക്കമുള്ള സകലസ്വർല്ലോകങ്ങളും ഇല്ലാതെയാകുന്നു. ആസമയം ബുദ്ധിമാന്മാരും ശുദ്ധചിത്തരുമായുള്ള ധീരയതികൾ എന്റെ സ്മരണയിലേർപ്പെട്ടുകഴിയുന്നു. ത്രിഗുണാധീതരായി അവർ ഇന്ദ്രിയങ്ങളെ സംയമിപ്പിച്ചടക്കി ഭഗവതർപ്പണമായി സ്വധർമ്മമാചരിക്കുന്നു. ഇങ്ങനെ, നിവൃത്തിധർമ്മനിരതരായി, നിരഹങ്കാരരായി, നിർമ്മമരായി സ്വധർമ്മമനുഷ്ഠിക്കുന്നവർ ക്രമേണ ചിത്തം ശുദ്ധമാക്കി എന്റെ ധാമത്തിലെത്തിച്ചേരുന്നു. അവർ സൂര്യമണ്ഡലപഥത്തിലൂടെ, ഇഹപരലോകങ്ങൾക്ക് നാഥനും, അവയുടെ ഉത്ഭവനാശാദികൾക്ക് പരമകാരണനുമായ ഭഗവാൻ ഹരിയെ പ്രാപിക്കുന്നു. എന്നാൽ, ഭഗവാന്റെ ഹിരണ്യഗർഭകലയെ ആശ്രയിക്കുന്നവരാകട്ടെ!, ബ്രഹ്മദേവന്റെ ജന്മാവസാനത്തോളം, രണ്ട് പരാർദ്ധങ്ങളുടെ അന്ത്യംവരെ സത്യലോകത്തിലോ മറ്റേതെങ്കിലും ഊർദ്ദ്വലോകങ്ങളിലോ തുടരേണ്ടതായിവരുന്നു. ദ്വിപരാർദ്ധം നീളുന്ന ബ്രഹ്മായുസ്സ് അവസാനിക്കുന്നതോടെ വിധാതാവ്, ഭൂമി, ജലം, വായു, അഗ്നി, ആകാശം, മനസ്സ്, അഹങ്കാരം മുതലായ പ്രകൃതിതത്വങ്ങളാൽ സമാവൃതമായ ഭൗതികലോകത്തെ അഴിക്കുകയും, തുടർന്ന് ഭഗവാനിൽ ലീനനാകുകയുംചെയ്യുന്നു. ഇങ്ങനെ, വിഷയഭോഗങ്ങളിൽനിന്നകന്ന്, പ്രാണായാമാദിസാധനകളോടെ, ചിത്തവൃത്തിനിരോധനംചെയ്ത്, വിദേഹമുക്തിയടയുന്ന യോഗികൾ ഇഹലോകത്തെവെടിഞ്ഞ് ബ്രഹ്മലോകത്തെത്തുകയും, തുടർന്ന് ബ്രഹ്മശരീരത്തിൽ പ്രവേശിക്കുകയും, അനന്തരം വിരിഞ്ചൻ ഭഗവാൻ നാരായണനിൽ ലയിക്കുന്നവേളയിൽ ഒപ്പം ഈ യോഗികൾ ഹരിയിൽ ലീനരാകുകയുംചെയ്യുന്നു.

അതുകൊണ്ട്, അമ്മേ!, സർവ്വഭൂതങ്ങളുടേയും ഹൃദ്പത്മനിവാസിയായ ആ ജഗദീശ്വരനിൽ അഭയം പ്രാപിച്ചുകൊള്ളുക!. മാതേ!, ബ്രഹ്മാദികൾ, സനകാദിഋഷികൾ, മരീചിമുമ്പായ മുനിമുഖ്യന്മാർ തുടങ്ങിയവർപോലും ഭഗവാൻ സൃഷ്ടിക്കൊരുങ്ങുമ്പോൾ ഇവിടെ പുനർജ്ജനിക്കുന്നു. സൃഷ്ട്യർത്ഥം ത്രിഗുണങ്ങൾ വികാരവിധേയമാകുന്നവേളയിൽ പ്രപഞ്ചത്തിന്റെ രക്ഷിതാവും വേദവേദാന്തസ്വരൂപനുമായ ബ്രഹ്മദേവനും, അദ്ധ്യാത്മമാർഗ്ഗദർശികളായ ഋഷിവര്യരും ആ മഹാപുരുഷന്റെ കാലതത്വത്തിനധീനരായി ഇവിടെ ജന്മമെടുക്കുന്നു. കല്പാന്തത്തിൽ നിഷ്കാമകർമ്മനിരതരായ ഇവർ ഹരിയോടുചേരുന്നുവെങ്കിലും, കല്പാദിയിൽ സൃഷ്ടികർമ്മാചരണത്തിനുവേണ്ടി ഇവർക്ക് ജന്മം സ്വീകരിച്ചെങ്കിലേ മതിയാകൂ.

സകാമകർമ്മാസക്തരായ ജനങ്ങളും തങ്ങളുടെ കർമ്മങ്ങൾ ഇവിടെ വേണ്ടവിധം ശ്രദ്ധയാതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അവർ നിത്യനിരന്തരം സ്വധർമ്മം അതിന്റെ ഫലത്തെയിച്ഛിച്ചുകൊണ്ട് നിർവ്വഹിക്കുന്നു. അങ്ങനെയുള്ളവർ തങ്ങളാലസംയതമായ മന‌സ്സോടുകൂടി രജോഗുണപ്രേരിതമായി പലേതരം ഉത്കണ്ഠയിലാണ്ടുകഴിയുന്നു. ഇന്ദ്രിയസുഖങ്ങൾക്കുവേണ്ടി അവർ അറ്റമില്ലാതുള്ള ആഗ്രഹങ്ങളുമായി പരക്കംപായുന്നു. പിതൃക്കളെ യജിച്ച് അഹോരാത്രം കുടുംബപരിപാലനാർത്ഥം ധനം സമ്പാദിക്കുവാനായി നെട്ടോട്ടമോടുന്നു. അങ്ങനെയുള്ളവരെ ത്രൈവർഗ്ഗികരെന്ന് ശാസ്ത്രം സംബോധനചെയ്യുന്നു. എന്തുകൊണ്ടെന്നാൽ, അവർ എപ്പോഴും ധർമ്മാർത്ഥകാമങ്ങൾക്കായി സ്വധർമ്മമനുഷ്ഠിക്കുകയും, മോക്ഷപ്രദായകനായ സർവ്വേശ്വരനിൽ വിമുഖരായും നിലകൊള്ളുന്നു. അവർ ആ ഉരുവിക്രമന്റെ ലീലകൾക്ക് കാതോർക്കുന്നില്ല. ആ ഉത്തമശ്ലോകന്റെ ചരിതാമൃതങ്ങൾക്ക് മുഖംതിരിഞ്ഞുവർത്തിച്ചുകൊണ്ട് ഇക്കൂട്ടർ ഭഗവദ്ദ്വേഷികളായി കാലംപോക്കുന്നു. സൂകരങ്ങൾ ചെളിയിൽ കുതറിത്തിമർത്ത് ആഹ്ലാദിക്കുന്നതുപോലെ, അവർ ഭഗവന്നാമങ്ങളുച്ചരി‌ക്കാതെ ഭൗതികലാഭാർത്ഥം പ്രഭുക്കന്മാരെ പ്രകീർത്തിച്ചുകൊണ്ട് കൃപണന്മാരായി ജീവിക്കുന്നു. തല്ഫലമായി അർക്കന് ദക്ഷിണപാദസ്ഥമായ പിതൃലോകത്തിലെത്തി വീണ്ടും ഇഹലോകത്തിൽവന്ന് സ്വകുടുംബത്തിൽത്തന്നെ പിറന്ന് അതേ സകാമകർമ്മങ്ങളിൽപെട്ട് ജനനം‌മുതൽ ശ്മശാനഗമനംവരെയുള്ള കാലം കഴിച്ചുകൂട്ടുന്നു. വീണ്ടും പുറപ്പെട്ട് സുകൃതം ക്ഷയിക്കുമ്പോൾ ദൈവേച്ഛയാൽ മുന്നേപോലെ ജീവന് യാതൊരു ഊർദ്ദ്വഗതിയും സംഭവിക്കാതെ ജനിമൃതി തുടർന്നുകൊണ്ടേയിരിക്കുന്നു. മാതേ!, അതുകൊണ്ട്, ആ ഉത്തമശ്ലോകനെ ഭജിച്ചുകൊണ്ട്, ആ പരമേഷ്ഠിയുടെ തൃപ്പാദത്തിൽ സർവ്വാത്മനാ ശരണം പ്രാപിച്ചുകൊള്ളുക!. അവൻ ഒരുകാലത്തും അമ്മയെ കൈവിടുകയില്ല. അമ്മേ!, വാസുദേവനിൽ ശരണാഗതി പ്രാപിക്കുന്ന ഒരുവന് കാലാന്തരത്തിൽ ജ്ഞാനവൈരാഗ്യാദികളുണ്ടാകുന്നു. അതിലൂടെ അവന് ബ്രഹ്മദർശനവും സുലബ്ദമാകുന്നു. കാരണം, ഭക്തഹൃദയം സദാ ഭൗതികവിഷയങ്ങളിൽ സമചിത്തതപുലർത്തുന്നു. അവർ അപ്രിയസുപ്രിയദ്വന്ദങ്ങൾക്ക് പരരായിവർത്തിക്കുന്നു. തന്മൂലം അവർ തങ്ങളെ വിഷയങ്ങളിൽ വിലിപ്തമാകാതെ, ഉച്ഛനീചത്വദ്വൈതമനോഭാവങ്ങൾ വർജ്ജിച്ച്, ഭഗവാൻ ഹരിയുടെ ഗുണഗണങ്ങളെ തങ്ങൾക്കുള്ളിലും നിറയ്ക്കുന്നു.

അമ്മേ!, ഇവിടെ സത്യത്തിൽ ജഗത്സർവ്വത്തിനും സാക്ഷിയായി, നിയന്താവായി, ഈശ്വരനായി, സർവ്വഭൂതങ്ങൾക്കും താങ്ങായി, തണലായി ആ ബോധസ്വരൂപൻ ഒരുവനേയുള്ളൂ. എന്നാൽ ഭക്തഹൃദയങ്ങളുടെ വ്യത്യസ്ഥഭാവങ്ങളാൽ അവൻ ഏകനായ പരമാത്മാവായും അനേകനായ അവതാരങ്ങളായും പ്രത്യക്ഷനാകുന്നു. സകലയോഗങ്ങളുടേയും ഉദ്ദേശലക്ഷ്യം വിഷയങ്ങളിൽ വൈരാഗ്യം ജനിപ്പിച്ച് ജ്ഞാനം സമ്പാദിക്കുകയെന്നതാണ്. സർവ്വയോഗങ്ങൾകൊണ്ടും അത് സാധ്യമാണ്. എന്നാൽ, ഭഗവദ്ദ്വേഷികളായുള്ളവർ ഭഗവാനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഊഹാപോഹങ്ങളെ നിമിത്തമാക്കിക്കൊണ്ടത്രേ!. അവരുടെ തെറ്റായ സങ്കല്പംമൂലം കാണുന്നതെല്ലാം അവർക്ക് ആപേക്ഷികങ്ങളായിത്തോന്നുന്നു. അമ്മേ!, എന്റെ ആദ്യാശക്തിയായ മഹത്തത്ത്വത്തിൽനിന്നും ഞാൻ അഹങ്കാരം, സത്വാദിത്രിഗുണങ്ങൾ, പഞ്ചഭൂതങ്ങൾ, വ്യക്തിഗതബോധം, പതിനൊന്നിന്ദ്രിയങ്ങൾ, ജീവഭൂതശരീരം തുടങ്ങിയ ഉപതത്ത്വങ്ങൾ സുവ്യക്തമാക്കി. അതുപോലെ, സകലലോകങ്ങളും ആ മഹായോനിയിൽനിന്നുടലെടുത്തവയാണ്.

മാതേ!, ഈ ജ്ഞാനം ഒരുപോലെയുണ്ടാകാൻ സാധ്യമല്ല. അതുണ്ടാകണമെങ്കിൽ ജീവന് ജഗദീശ്വരനായ നാരായണനിൽ ശ്രദ്ധാസമന്വിതവും അചഞ്ചലിതവും, തീവ്രവൈരാഗ്യപൂർണ്ണവുമായ ഭക്തിയുണ്ടായിരിക്കണം. സദാ അവൻ ആ കരുണാമയനിൽ മഗ്നനായിരിക്കണം. അവൻ വിഷയങ്ങളിൽനിന്നും പൂർണ്ണമായി അകന്നവനുമായിരിക്കണം. അമ്മേ!, ഞാനിന്നവിടുത്തോട് ബ്രഹ്മത്തെയറിയുവാനുള്ള ഉത്തമോപാധിയെക്കുറിച്ചാണ് പ്രതിപാദിച്ചത്. ഇതിലൂടെ ഒരു ജീവന് പ്രകൃതിയേയും പുരുഷനേയുംകുറിച്ച് വേർതിരിച്ചറിയുവാനും, അവരുടെ പരസ്പരസംയോഗത്തെ നന്നായി മനസ്സിലാക്കുവാനും കഴിയും. മാതേ!, ഭക്തിയോഗമാണ് ഭഗവത്പ്രാപ്തിക്ക് ഉത്തമമായ ഉപാധി. എന്നാൽ ജ്ഞാനയോഗത്തിലൂടെയും ജീവന്മാർ അതിന്റെ പരമകാഷ്ഠയിലേക്ക് കുതിച്ചുയരുന്നു. എങ്ങനെയെന്നാൽ, ഒരിക്കൽ ജ്ഞാനയോഗം കൊണ്ട് അവനെയറിയാൻ തുടങ്ങുമ്പോൾ പ്രകൃതിയുടെ സത്വാദി ത്രിഗുണങ്ങളിൽനിന്നും മനുഷ്യൻ മുക്തമാകുന്നു. അതോടെ അവനിൽ ഈശ്വരപ്രേമമുദിക്കുകയും ഹരിയിൽ ഇളക്കമറ്റ ഭക്തി വർദ്ധിക്കുകയും ചെയ്യുന്നു. ആയതിനാൽ, ജ്ഞാനയോഗംകൊണ്ടും ഭക്തിയോഗംകൊണ്ടും ജീവൻ എത്തപ്പെടുന്നത് ആ ഭഗവദ്ധാമത്തിൽത്തന്നെയെന്നറിയുക.

അമ്മേ!, ഒരേ പദാർത്ഥംതന്നെ, അതിന്റെ വ്യത്യസ്ഥസവിശേഷതകളാൽ വ്യത്യസ്ഥ ഇന്ദ്രിയങ്ങൾ ദ്വരാ പലേവിധത്തിൽ മനസ്സിലാക്കപ്പെടുന്നതുപോലെ, ഏകനായ ഈശ്വരനെ വ്യത്യസ്ഥശാസ്ത്രങ്ങൾവഴി വ്യത്യസ്ഥരൂപനായി ഗ്രഹിക്കപ്പെടുന്നു. സകാമകർമ്മംകൊണ്ടും, വെവ്വേറെയായ യജ്ഞങ്ങളെയനുഷ്ഠിച്ചും, പലവിധദാനധർമ്മങ്ങൾചെയ്തുകൊണ്ടും, ബ്രഹ്മചര്യമനുഷ്ഠിച്ചുകൊണ്ടും, സ്വാധ്യായനം ചെയ്തുകൊണ്ടും, ജ്ഞാനയോഗംകൊണ്ടും, ചിത്തേന്ദ്രിയങ്ങളെ സംയമിപ്പിച്ചും, സന്ന്യാസം സ്വീകരിച്ചുകൊണ്ടും, സ്വധർമ്മമാചരിച്ചുകൊണ്ടും, വ്യത്യസ്ഥ അംഗങ്ങളോടെ യോഗാസനമുറകളഭ്യസിച്ചുകൊണ്ടും, ഭക്തിയോഗംകൊണ്ടും, പ്രവൃത്തിനിവൃത്തിമാർഗ്ഗം അവലംബിച്ചുകൊണ്ടും, ആത്മതത്വം ഉൾക്കൊണ്ടുകൊണ്ടും, വൈരാഗ്യമാർജ്ജിച്ചുകൊണ്ടും വ്യത്യസ്ഥമാർഗ്ഗാവലംബനങ്ങളിലൂടെ നാനാതരമുമുക്ഷുക്കൾ ജന്മാന്തരങ്ങൾകൊണ്ട് ഭഗവത്പ്രാപ്തിയെ കൈവരിക്കുന്നു. കാരണം, അവൻ ഒരേസമയം സാകാരനായും നിരാകാരനായും, സഗുണനായും നിർഗ്ഗുണനായും നിലകൊള്ളുന്നു. അമ്മേ!, ഇങ്ങനെ ഭക്തിയോഗത്തിന്റെ നാല് വ്യത്യസ്ഥസ്വരൂപങ്ങളെക്കുറിച്ചും, ജീവന്മാർക്കഗോചരമെങ്കിൽകൂടി കാലത്തിന് അവന്റെ മേലുള്ള ആധിപത്യത്തെക്കുറിച്ചും ഞാൻ അമ്മയെ ബോധിപ്പിച്ചുകഴിഞ്ഞു. മാതേ!, അവിദ്യയാൽ അജ്ഞാനംകൊണ്ട് തന്റെ സ്വരൂപത്തെമറന്നുചെയ്യുന്ന സകാമകർമ്മങ്ങളുടെ ഫലമായി ജന്മാന്തരങ്ങളോളം ജീവന് പലവിധസംസാരത്തിൽ കഴിയേണ്ടിവരുന്നു. ഇങ്ങനെ, അജ്ഞാനത്താൽ സ്വസ്വരൂപം മറക്കയാൽ അവന് തന്റെ ഗതിയെക്കുറിച്ച് അറിയാൻകഴിയാതെയുംപോകുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഈ ജ്ഞാനം എന്നിൽ അസൂയാലുക്കളായുള്ളവർക്കും, സംശയാലുക്കൾക്കും, ധിക്കാരികൾക്കും, കുടിലബുദ്ധികൾക്കും, സ്തബ്ധന്മാർക്കും, ഉപദേശിക്കാൻ പാടുള്ളതല്ല. മാത്രമല്ലാ, ഈ പരമജ്ഞാനം ലോലുപന്മാർക്കും, ഗൃഹാരൂഢചേതസ്സന്മാർക്കും, അഭക്തന്മാർക്കും, എന്നിലും മത്ഭക്തന്മാരിലും ദ്വേഷം വച്ചുപുലർത്തുന്നവർക്കും ഒരുകാലത്തും ഉപദേശിക്കാൻ  പാടില്ല.

എന്നാൽ, സത്ച്ചിതാനന്ദദമായ ഈ ജ്ഞാനത്തെ ശ്രദ്ധാവാന്മാർക്കും, ഭക്തന്മാർക്കും, വിനീതന്മാർക്കും, അനസൂയന്മാർക്കും, സർവ്വഭൂതങ്ങളോടും മൈത്രീഭാവമുള്ളവർക്കും, ഇതിൽ മതിയുള്ളവർക്കും പ്രദാനം ചെയ്യുക. ഈ ജ്ഞാനം ഉത്തമഗുരുക്കന്മാരാൽ ഭഗവദ്പ്രേയസ്സന്മാർക്കും, നിർമ്മത്സരന്മാർക്കും, അന്തഃക്കരണവിശുദ്ധിയുള്ളവർക്കും, ഭഗവാനൊഴിഞ്ഞ് മറ്റൊന്നിലും അനുരക്തരല്ലാത്തവർക്കും ഉപദേശിക്കപെടാവുന്നതാണ്.

യാതൊരുവൻ എന്നിൽ മനസ്സൂന്നി ശ്രദ്ധാഭക്തിസമന്വിതം ഇതിനെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുവോ, അവൻ സർവ്വകൽമഷങ്ങളുമകന്ന് എന്റെ ധാമപ്രാപ്തിക്ക് അർഹനായിത്തീരുന്നു.

ഇങ്ങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം മുപ്പത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്