2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

3.30 കപിലോപദേശം (സകാമകർമ്മം, ഹാനീകരം)

ഓം
അദ്ധ്യായം - 30 (കപിലോപദേശം - സകാമകർമ്മം, ഹാനീകരം)

കപിലഭഗവാൻ പറഞ്ഞു: "അമ്മേ!, ശക്തനായ മഹാമാരുതൻ എപ്പോൾവേണമെങ്കിലും ആഞ്ഞടിക്കുവാൻ സാധ്യയുണ്ടെന്നറിയാതെ ആകാശത്തിൽ വിഹരിക്കുന്ന കാർമേഘാവലികളെപ്പോലെ, ഇവിടെ വിഷയസുഖങ്ങളിൽ വ്യാപൃതനായിരിക്കുന്ന മനുഷ്യൻ, തന്നെ കൊണ്ടുപോകാൻവരുന്ന ആ കാലസ്വരൂപന്റെ വരവിനെ അറിയാതെപോകുന്നു. വിഷയഭോഗാസക്തരായ അവർ സുഖത്തിനുവേണ്ടി വളരെ ക്ലേശിച്ചും കഷ്ടപ്പെട്ടും കൂട്ടിവയ്ക്കുന്ന സമ്പാദ്യമത്രയും ആ കാലപുരുഷൻ നിമിഷാന്തരത്തിൽ തട്ടിത്തെറിപ്പിക്കുന്ന അവസ്ഥ അവനെ അത്യന്തം ദുഃഖത്തിലാഴ്ത്തുന്നു. വിഷയി, അജ്ഞാനത്താൽ തന്റെ ശരീരം, ധനം, വീട്, സ്ഥലം മുതലായ അനിത്യവസ്തുക്കളെ നിത്യമെന്ന് വിശ്വസിക്കുന്നു. 

അമ്മേ!, ഈ ജീവൻ ഏതേതുയോനിയിൽ പിറന്നാലും അതാത് യോനിയിൽ അവ ഒരു പ്രത്യേകതരം നിർവൃതി കണ്ടെത്തുകയും അതിൽ എന്നെന്നേയ്ക്കുമായി ഒട്ടിനിൽക്കുകയും ചെയ്യുന്നു. നരകത്തിലായാലും, ദേവമായയാൽ ആ നിർവൃതിയിൽ അനുരക്തരായി അവർ ദേഹംവിട്ടൊഴിയാൻ തയ്യാറാകുന്നുമില്ല. തന്റെ ശരീരത്തിലും, പുത്രദാരാദികളിലും, ഗൃഹത്തിലും, വളർത്തുമൃഗങ്ങളിലും, ധനത്തിലും, ബന്ധുമിത്രാദികളിലും അവർക്കുള്ള അതിരൂഢമായ ആസക്തിയാണ് ഇത്ര തീവ്രമായ അനുരാഗം അവർക്ക് വിഷയങ്ങളിലുണ്ടാക്കുന്നത്. ഈ മായാബന്ധനത്തിൽപ്പെട്ട് സ്വരൂപവും, ജ്ഞാനവും മറന്ന് അവർ തനിക്കുവന്നുചേർന്ന മഹാഭാഗ്യത്തിൽ അത്യധികം അഭിമാനിക്കുകയുംചെയ്യുന്നു. സദാസമയവും ഇങ്ങനെ പുത്രദാരാദികളെയോർത്ത് വ്യാകുലചിത്തനായി, അവരുടെ ക്ഷേമാർത്ഥം ഒരിക്കലുമൊടുങ്ങാത്ത ആഗ്രഹങ്ങളുമായി, മൂഢരായ മനുഷ്യർ നിരന്തരം പാപകർമ്മങ്ങളിലേർപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിഷയി, ഇങ്ങനെ മായയിൽ മോഹിതനായി തന്റെ ഹൃദയവും ഇന്ദ്രിയങ്ങളും കുടുംബത്തിനായി ദാനംചെയ്യുന്നു. അവരുടെ ആശ്ലേഷങ്ങളിലും മധുരഭാഷണങ്ങളിലും അവന് നാൾതോറും രതി കൂടികൂടിവരുന്നു. തന്റെ മക്കളുടെ തേൻ ചോരുന്ന വാക്കുകളിൽ ആകൃഷ്ടനാകുന്നു. അങ്ങനെ നയതന്ത്രപരമായ സവിശേഷതകളോടെ ഒരു ഗൃഹസ്ഥാശ്രമി തന്റെ ഗൃഹത്തിൽ കഴിയുന്നു. തനിക്കും കുടുംബത്തിനും യഥാസമയം വന്നുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും തന്നാലാവുംവിധം തരണംചെയ്തുകൊണ്ട് അവൻ ജീവിതത്തിൽ മുന്നോട്ടുപോകുന്നു. കാലപ്രഭാവത്തിനെതിരെ അവൻ നടത്തുന്ന പ്രതിപ്രവർത്തനങ്ങളിൽ വിജയിക്കുന്നപക്ഷം സന്തോഷിക്കുകയും, അല്ലാത്തവേളയിൽ ദുഃഖിക്കുകയും ചെയ്യുന്നു. അവൻ ഹിംസിച്ചും പിടിച്ചുപറിച്ചും ആവുന്നത്ര ധനം തന്റെ കുടുമ്പത്തിന്റെ സുഖത്തിനുവേണ്ടി സമ്പാദിച്ചുകൂട്ടുന്നു. അതിന്റെ നേരിയ അംശം മാത്രമനുഭവിച്ചുകൊണ്ട്, താൻ ആർക്കുവേണ്ടിയാണോ ഇക്കണ്ടധനമൊക്കെ ആർജ്ജിച്ചത് അവർക്കുവേണ്ടിത്തന്നെ തന്റെ കർമ്മഫലപ്രാപ്തമായ നരകത്തിലേയ്ക്ക് ആണ്ടുപതിക്കുകയും ചെയ്യുന്നു. 

കുടുംബഭരണം കാര്യക്ഷമമാക്കാനുള്ള പരിശ്രമത്തിൽ പരാജിതനാകുമ്പോഴൊക്കെ അവൻ പൂർവ്വാധികം ശക്തിയോടെ വീണ്ടും അധാർമ്മികതയിലേക്ക് മുന്നേറുകയും ഒടുവിൽ ശാരീരികമായും മാനസീകമായും തീർത്തും തളരുന്ന അവസ്ഥയിൽ അത്യാഗ്രഹത്താൽ പരാർത്ഥം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ സ്വകുടുംബത്തെ വേണ്ടവിധം പരിപാലിക്കാൻ കഴിയാതെ ആ ഹതഭാഗ്യൻ തന്റെ സർവൈശ്വര്യങ്ങളും വൃഥാവിലാക്കുന്നു. അവൻ തന്റെ പരാജയത്തെ വീണ്ടും ഓർത്തോർത്ത് പരിതപിക്കുന്നു. ഈ സമയം, ജീവിതത്തിൽ പരാജിതനായ അവനെ, കായികശേഷി നശിച്ച കാളയെ കൃഷിക്കാർ ഉപേക്ഷിക്കുന്നതുപോലെ, പുത്രദാരാദിബന്ധുജനങ്ങൾ നിഷ്കരുണം അവഗണിച്ചുതുടങ്ങുന്നു. ഒരുകാലത്ത് തന്നാൽ ഭരിക്കപ്പെട്ടവൻ വർത്തമാനകാലത്ത് തന്നെ ഭരിക്കുമ്പോഴും ആ മൂഢൻ കുടുംബാസക്തിയിൽനിന്നും വിരക്തിനേടാൻ ശ്രമിക്കുന്നില്ല. 

ഒടുവിൽ ജരാനരകൾ ബാധിച്ച് വൈരൂപ്യനായി അവൻ മരണത്തെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നു. ശുനകനെപ്പോലെ അലക്ഷ്യമായി, കിട്ടുന്നതെന്തും ഭക്ഷിച്ച്, കിടക്കയുംവിടാതെ ഒരിടത്ത് ചുരുണ്ടുകൂടുന്നു. അജീർണ്ണം ബാധിച്ച് അല്പാഹാരനും അല്പചേഷ്ടിതനുമായി നാൾക്കൊന്നിന് ക്ഷയിച്ചുവരുന്നു. ആ അവസ്ഥയിൽ അവന്റെ കണ്ണുകൾ പുറത്തേക്കുതള്ളുന്നു. നാഡികളിൽ അങ്ങിങ്ങ് കഫം കട്ടപിടിക്കുന്നു. ശ്വാസോച്ഛ്വാസം പ്രയാസകരമായി ഭവിക്കുന്നു. ശ്വസിക്കുമ്പോൾ തൊണ്ടയിൽനിന്നും "ഗുരഗുര" എന്ന പ്രത്യേകശബ്ദമുതിർക്കുന്നു. ഈവിധം ശാരീരികവും മാനസീകവുമായ യാതനകളിലൂടെ മൃത്യുവിന്റെ പിടിയിലായ മനുഷ്യൻ ഒടുവിൽ സ്വജനങ്ങളുടേയും സുഹൃത്തുക്കളുടേയും കണ്മുന്നിൽവച്ച് തന്റെ ശരീരമുപേക്ഷിക്കുന്നു. കാലപാശത്താൽ ബന്ധിക്കപ്പെട്ട അവൻ ആഗ്രഹിച്ചിട്ടും ഒരുവാക്കുപോലും അവരോടുരിയാടാൻ കഴിയാതെ വിവശനാകുന്നു. കുടുംബഭരണമേറ്റെടുത്ത് അജിതേന്ദ്രിയനായി കാലം പോക്കുന്ന മനുഷ്യൻ സ്വജനമധ്യത്തിൽ കിടന്ന്, അവർ നെഞ്ചംതകർത്ത് വാവിട്ടലയ്ക്കുന്ന ദയനീയരംഗം അത്യന്തം വേദനയോടെ കണ്ടുകൊണ്ട് മൃത്യുവിന് വശംഗതനാകുന്നു. തന്റെമുന്നിൽ കോപാഗ്നി ജ്വലിപ്പിച്ച് തുറിച്ചകണ്ണുകളോടെ നിൽക്കുന്ന യമദൂതരെക്കണ്ടുഭയന്ന് അവൻ കിടക്കയിൽത്തന്നെ മലമൂത്രവിസർജ്ജനംചെയ്യുന്നു. 

രാജഭടന്മാർ കുറ്റവാളികളെ വരിഞ്ഞുകെട്ടികൊണ്ടുപോകുന്നതുപോലെ ദൂതന്മാർ അവനെ കരുത്തുറ്റ കയർ‌കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ബന്ധിച്ച് അവന്റെ സൂക്ഷ്മശരീരത്തെ ആവരണംചെയ്തുകൊണ്ട് ശിക്ഷിക്കുവാനായികൊണ്ടുപോകുന്നു. പോകുന്നവഴിയിൽ അവൻ അവരുടെ ബലിഷ്ഠമായ കൈകളിൽകിടന്ന് പരിഭ്രാന്തനായി വിറയ്ക്കുന്നു. നായ്ക്കൾ കുരച്ചുകൊണ്ടോടിയടുത്ത് അവന്റെ ശരീരത്തെ കടിച്ചുകീറുന്നു. ആ അവസരത്തിൽ മനുഷ്യൻ തന്റെ പൂർവ്വകാലവൃത്തികളെയോർത്ത് പരിതപിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ, കാട്ടുതീജ്വാലകളുടെ നടുവിലൂടെ, അഴൽപൊങ്ങുന്ന മണൽപരപ്പിലൂടെ അവൻ യമലോകത്തേക്ക് ചുവടുകൾവയ്ക്കുന്നു. വിശപ്പും ദാഹവുംകൊണ്ടവശനായി നടക്കാൻ കഴിയാതെ തളർന്നുവീഴാൻതുടങ്ങുന്ന അവന്റെമേൽ ചാട്ടവാറുകൾ ആഞ്ഞുപതിയുന്നു. ആ പെരുവഴിയിൽ കുടിക്കാൻ ജലമോ, വിശ്രമിക്കാൻ ഇടമോ, ആഹരിക്കാൻ അന്നപാനാദികളോ ലഭ്യമാകാതെ വലയുന്നു. ആ വിവശതയിൽ വഴിയിൽ അവൻ ബോധം നഷ്ടപ്പെട്ട് തളർന്ന് നിലം‌പതിക്കുന്നു. എന്നാൽ, നിർദ്ദയരായ യമദൂതന്മാർ അവനെ വീണ്ടും വലിച്ചെഴുന്നേൽപ്പിക്കുന്നു. അങ്ങനെ അവർ അവനെ യമരാജനുമുന്നിൽ ഹാജരാക്കുന്നു. 

മൂന്ന് മുഹൂർത്തംകൊണ്ട്, പാപിയായ മനുഷ്യൻ തൊണ്ണൂറ്റിയൊമ്പതിനായിരം യോജനദൂരം പിന്നിട്ട്, അവിടെയെത്തി, തനിക്കനുഭവിക്കേണ്ടതായ നരകയാതനകൾക്ക് തുടക്കം കുറിക്കുന്നു. ചിലപ്പോൾ അവനെ യമദൂതർ ആളിപ്പടരുന്ന തീജ്വാലയിലേക്കെടുത്തെറിയുന്നു. ചിലർക്ക് സ്വന്തമോ മറ്റുള്ളവരുടേയോ ചുട്ട ശരീരം ഭക്ഷിക്കേണ്ടിവരുന്നു. അവന്റെ കുടൽമാല കഴുകന്മാരും വേട്ടനായ്ക്കളും ചേർന്ന് കൊത്തിയും കടിച്ചും വെളിയിലെടുക്കുന്നു. താൻ സ്വയം കാൺകെ തന്റെ ശരീരത്തെ തേളുകളും, സർപ്പങ്ങളും, മശകങ്ങളുംചേർന്ന് പീഡിപ്പിക്കുന്നു. മറ്റുള്ള ജന്തുക്കൾ അവനെ കടിച്ചുമുറിവേൽപ്പിക്കുന്നു. പിന്നീടവന്റെ ശരീരം യമദൂതന്മാർ തുണ്ടംതുണ്ടമായി വെട്ടിമുറിക്കുന്നു. ആനകൾ അവനെ വലിച്ചുകീറുന്നു. മലമുകളിൽനിന്ന് പിന്നീടവനെ തൂക്കി താഴേക്ക് വീശിയെറിയുന്നു. ജലത്തിനടിയിലോ ഗുഹകൾക്കുള്ളിലോ തടഞ്ഞുവയ്ക്കുന്നു. നിഷിദ്ധമായ ശാരീരികസംഭോഗങ്ങൾ ചെയ്തുവന്ന മനുഷ്യരെ അവർ അവിടെ താമിശ്രം, അന്ധതാമിശ്രം, രൗരവം എന്നീനാമങ്ങളോടുകൂടിയ പ്രത്യേകനരകങ്ങളിലേക്ക് തള്ളുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ജീവഭൂതങ്ങളനുഭവിക്കുന്ന സ്വർഗ്ഗീയസുഖങ്ങളും നരകയാതനകളും നമുക്കീഭൂമിയിൽത്തന്നെ കാണാനാകും. പാപം ചരിച്ചവർ ഈ ശരീരമുപേക്ഷിച്ചതിനുശേഷവും പ്രസ്തുതകർമ്മമൊടുങ്ങുവോളം മറ്റൊന്ന് സ്വീകരിച്ചുകൊണ്ട് ഇവിടെ നരകയാതനകളനുഭവിക്കുന്നു. അങ്ങനെയുള്ളവർ നരകത്തിന്റെ ഏറ്റവും ഇരുൾമൂടിയ ഭാഗത്തേക്കെത്തപ്പെടുന്നു. സഹജീവികളെ ചതിച്ചും പറ്റിച്ചുമുണ്ടാക്കിയിട്ടുള്ള അന്യായാർജ്ജിതവിത്തമെല്ലാം അവിടേയ്ക്കുള്ള വഴിച്ചിലവിനായിമാത്രം ഉപകരിക്കപ്പെടുന്നു. ദൈവേച്ഛയാൽ ഇങ്ങനെ അവർ ചെയ്ത പാപവൃത്തികളുടെ ഫലമായി പലതരത്തിൽ അതികഠിനമായ യാതനകൾ അനുഭവിക്കേണ്ടിവരുന്നു. എന്നെന്നേയ്ക്കുമായി ധനം നഷ്ടപെട്ടവർ വിലപിക്കുന്നതുപോലെ അവർ വാവിട്ടലയ്ക്കുന്നു. 

വിധിക്കപ്പെട്ട കർമ്മങ്ങളുപേക്ഷിച്ച്, അധാർമ്മികവൃത്തികളിലേർപ്പെട്ട് തന്റെ കുടുംബം പോറ്റിയ മനുഷ്യനെ നരകത്തിലെ ഏറ്റവും ഇരുൾമൂടിയ ഇടമായ അന്ധതാമിശ്രത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നു. അവിടെ ഇക്കണ്ട നരകയാതനകളെല്ലാമനുഭവിച്ചതിനുശേഷം, എണ്ണമറ്റ നീചയോനികളിൽക്കൂടി ഒന്നൊന്നായിക്കടന്ന്, മർത്ത്യജന്മത്തിനുതൊട്ടുതാഴെയുള്ള യോനിയിൽ ജന്മമെടുക്കുന്നതോടെ അവന്റെ പാപഭാരം ഏറെക്കുറെ കാലഹരണപ്പെട്ടുപോകുന്നു. തത്‌ഫലമായി ജന്മാന്തരങ്ങൾകൊണ്ട്, അവൻ ഇവിടെ ഭൂമിയിൽ മനുഷ്യനായി പുനർജ്ജനിക്കുകയും ചെയ്യുന്നു.

ഇങ്ങനെ, ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം , മുപ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ