lord kapila എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
lord kapila എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

3.29 കപിലോപദേശം (ഭക്തിയോഗം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 29
(കപിലഭഗവാൻ ദേവഹൂതിക്ക് ഭക്തിയോഗം ഉപദേശിക്കുന്നു)

ദേവഹൂതി പറഞു: "ഭഗവാനേ!, സാംഖ്യമതമനുസരിച്ച് മൂലപ്രകൃതിയേക്കുറിച്ചും, അവളുടെ വിവിധ ലക്ഷണങളെ‌ക്കുറിച്ചും, ആദ്യനായ പരമപുരുഷനെക്കുറിച്ചും, അവന്റെ അനന്തമായ മാഹാത്മ്യത്തെപറ്റിയൊക്കെ അടിയന് അവിടുന്നു ഇതിനകം പറഞുതന്നു. ഭഗവാനേ! ഇനി അവിടുന്ന് സർവ്വയോഗങളുടേയും അവസാനവാക്കായ ഭക്തിയോഗത്തെപറ്റി അടിയനെ ബോധവതിയാക്കിയാലും. ഹേ ഭഗവൻ!, തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജനനമരണപൂർണ്ണമായ ഈ സംസാരത്തെക്കുറിച്ചും അടിയനോട് സംസാരിച്ചാലും. അത് കേട്ട് എനിക്കും, ഈ ലോകത്തിന് മുഴുവനും ദുരന്തദായകമായ ഈ സംസാരവൃത്തികളിൽ ജനങ്ങൾക്ക് വിരക്തിയുണ്ടാകട്ടെ!. 

ഭഗവാനേ! അങ്ങയുടെ പ്രതിരൂപമായ കാലത്തെക്കുറിച്ചു പറഞാലും. അതിന്റെ പ്രഭാവത്തിൽനിന്നും രക്ഷനേടാനാണല്ലോ മനുഷ്യൻ പുണ്യവൃത്തികളെ ചെയ്യുന്നത്. ഭഗവാനേ!, അങ്ങു് ആദിത്യനെപ്പോലെ ജ്വലിച്ചുകൊണ്ട് ജീവഭൂതങ്ങളുടെ മനസ്സിന്റെ അന്തകാരത്തെ അകറ്റുന്നു. അങ്ങയിൽ അഭയം പ്രാപിക്കാതെ, അകകണ്ണ് തുറക്കാതെ, അവർ ദീർഘകാലമായി അജ്ഞാനാന്താകാരം നിറഞ ഇരുട്ടറയിൽ ഉറങ്ങുകയാണ്. ആയതിനാൽ അവർ ഇക്കാലമത്രയും അർത്ഥശൂന്യമായ ഭൗതികകർമ്മങ്ങളിലേർപ്പെട്ട് തളർന്നുവലയുന്നു."

മൈത്രേയൻ പറഞു: "അല്ലയോ കുരൂത്തമാ!, ഉത്തമയായ തന്റെ അമ്മയുടെ വാക്കുകളിൽ അകമഴിഞ്ഞ കപിലഭഗവാൻ ഇപ്രകാരം പറഞു: "അമ്മേ! ഇവിടെ മനുഷ്യൻ തന്റെ സ്വഭാവഗുണങ്ങൾക്കനുസരിച്ച് പലേവിധത്തിൽ ഭക്തിമാർഗ്ഗം സ്വീകരിച്ചിരിക്കുന്നു. ദംഭം കൊണ്ടും, മാത്സര്യം കൊണ്ടും,അഹങ്കാരം കൊണ്ടും, ഹിംസാത്മകമായും, കോപാകുലരായും, ചില ഭിന്നദൃക്കുകൾ അവലംബിച്ചിരിക്കുന്ന ഭക്തിമാർഗ്ഗം താമസ്സികമാണു്. എന്നാൽ അവർ ഭൗതികലാഭം കൊതിച്ചും, പ്രശസ്തിക്കുവേണ്ടിയും, ക്ഷേമങ്ങൾക്കുവേണ്ടിയും ഒരു ക്ഷേത്രം പണികഴിപ്പിച്ച്, അതിൽ ഒരു വിഗ്രഹത്തെ പ്രതിഷ്ഠിച്ച്, അതിൽ ദൈവത്തെക്കണ്ടാരാധിക്കുന്നത് രാജസികമായി ഗണിക്കപ്പെടുന്നു. പക്ഷേ, ഒരുവൻ തന്റെ കർമ്മബന്ധങ്ങളിൽനിന്നും മുക്തമാകുവാൻ, കർമ്മങ്ങളെ ഭഗവദ്പാദാരവിന്ദത്തിലർപ്പിക്കുവാനുള്ള ഉപാധിയായിക്കണ്ട്, ആ പരമപുരുഷനെ ഏകാശ്രയമായി ആരാധിക്കുമ്പോൾ, അത് സാത്വികമായ ആരാധനയാകുന്നു. ഒരുവന്റെ ഹൃദയത്തിൽ സർവ്വഭൂതഹൃദിസ്ഥനായ ആ കരുണാമയന്റെ നാമകഥാശ്രവണങ്ങളുടെ രതി നിറയുമ്പോൾ, അവനിൽ അകളങ്കിതമായ ഈ സാത്വികാരാധന നിറയുന്നു. ഗംഗ അനന്തസാഗരത്തിലേക്ക് ഒഴുകിപതിക്കുന്നതുപോലെ, ആ നിർവൃതി ഒരു തടസ്സവും കൂടാതെ ഭഗവാനിലേക്കൊഴുകുന്നു. അങ്ങനെയുള്ള ഒരു ജീവന് ഭഗവദനുഗ്രഹമായി ലഭിക്കുന്ന സായൂജ്യാദിമോക്ഷത്തിൽപോലും ഇച്ഛയുണ്ടാകുന്നില്ല. ഇങ്ങനെ, ഭക്തിയുടെ പാരമ്യതയിലെത്തിയിട്ടുള്ള ജീവന്മാർ അനായാസേന പ്രകൃതിയുടെ ത്രിഗുണങ്ങളെ മറികടക്കുന്നു. ഭഗവാനുതുല്യം ഭഗവത്ധാമത്തിൽ വിരാജിക്കുന്നു. 

ഒരുവൻ തന്നിൽ നിയതവും മഹത്വപൂർണ്ണവുമായ തന്റെ കർമ്മങ്ങളെ അതിന്റെ ഭൗതികഫലങ്ങളിലുള്ള ഇച്ഛയെ ത്യജിച്ച് നിരഹങ്കാരിയായി വർത്തിച്ചുകൊണ്ടു് ഭഗവദ്പാദാരവിന്ദത്തിലർപ്പിക്കണം. ഭക്തൻ നിത്യവും ക്ഷേത്രദർശനം നടത്തുകയും, ഭഗവത്പാദങ്ങളിൽ ആത്മസമർപ്പണം ചെയ്ത് അവനെ ആരാധിക്കുകയും വേണം. വിഷയങ്ങളിലുള്ള പൂർണ്ണവിരക്തിയോടെ സന്യാസഭാവേന, സത്വഗുണിയായി എന്നെ സർവ്വഭൂതങ്ങളിലും ദർശിച്ച് കഴിയണം. എന്റെ ഉത്തമഭക്തൻ തന്റെ ഗുരുക്കന്മാരിലും ആചാര്യന്മാരിലും പരമമായ ഭക്തിയുള്ളവരായിരിക്കണം. അവൻ പാവങ്ങളിൽ കരുണയുള്ളവനായിരിക്കണം. ആചാരാനുഷ്ഠാനങ്ങളിൽ തന്നോടൊപ്പം പോന്നവരോട് സൗഹൃദം കൂടുകയും, അവരോടൊപ്പം ചേർന്ന് ചിത്തേന്ദ്രിയങ്ങളെ സം‌യമനം ചെയ്തു, തന്റെ കർത്തവ്യകർമ്മങ്ങൾ യഥോചിതം നിറവേറ്റുകയും വേണം.ഭക്തൻ സദാസമയം ഭഗവദ്ചിന്തകളിൽ മുഴുകി അദ്ധ്യാത്മതത്വങ്ങളെ നിരന്തരം അനുസന്ധാനം ചെയ്യുകയും, അവന്റെ തിരുനാമങ്ങളെ ഉരുവിട്ടു കഴിയുകയും ചെയ്യുന്നവനായിരിക്കണം. അവൻ ആർജ്ജവമുള്ളവനായിർക്കണം. അവൻ സർവ്വഭൂതങ്ങളുടേയും മിത്രമാണെങ്കിൽകൂടി, ഭഗവദ്ദ്വ്വേഷികളായുള്ളവരിൽനിന്നും അകലം പാലിക്കുകയും വേണം. എന്നെ വേണ്ടവിധം അറിഞ്ഞ്, ബുദ്ധിയും മനസ്സും തികച്ചും ശുദ്ധമാകുന്ന അവസ്ഥയിൽ, എന്റെ നാമങ്ങളുടേയോ മഹിമകളുടേയോ ശ്രവണമാത്രയിൽതന്നെ അനായാസേന എന്റെ ഭക്തന് എന്നിൽ രതിയുണ്ടാകുന്നു. കാറ്റ് വഹിച്ചുകൊണ്ടുവരുന്ന യാതൊരു ഗന്ധവും ഘ്രാണേന്ദ്രിയം നിമിഷമാത്രത്താൽ പിടിച്ചെടുക്കുന്നതുപോലെ, സർവ്വഭൂതാശയസ്ഥിതനായ ആ പരമാത്മാവിനെ യോഗാഭ്യാസനങ്ങളിലൂടെ മനുഷ്യന്റെ ബോധം താമസംവിനാ പിടിച്ചെടുക്കുന്നു. അമ്മേ! ഞാൻ സകലഭൂതങ്ങളിലും സർവ്വദാ പരമാത്മരൂപത്തിൽ കുടികൊള്ളുന്നു. സർവ്വത്ര നിറഞ്ഞരുളുന്ന എന്നെയറിയാതെ ക്ഷേത്രങ്ങൾതോറും അന്യദേവതകളെ ഉപാസിക്കുന്നത് തികച്ചും വിഡംബനം മാത്രമാണ്. ഇങ്ങനെ, സർവ്വഭൂതഹൃദിസ്ഥനായ എന്നെ അജ്ഞാനത്താൽ ദേവാലയങ്ങളിൽമാത്രം ദർശിക്കുന്നവൻ, ഭസ്മത്തിൽ ഹോമം ചെയ്യുന്നവനെപ്പോലെ മൂഢനെന്നറിഞ്ഞുകൊള്ളുക. അതുപോലെ, എന്നെ ആരാധിക്കുകയും, അതേസമയം അന്യഭൂതങ്ങളിൽ ഭിന്നത ദർശിച്ച് അവയെ ദ്വേഷിക്കുകയും ചെയ്യുന്നവനും ശാന്തിയെ നേടുന്നില്ല. അമ്മേ!, അവർ സകലദ്രവ്യങ്ങൾകൊണ്ടും, സകലവിധിപ്രകാരംതന്നെയും എന്നെ യജിക്കുന്നുവെന്നിരിക്കിലും, എന്റെ അഖിലഭൂതസാന്നിധ്യം അറിയാതെപോകുന്നവൻ ഒരിക്കലും ഒന്നുകൊണ്ടും സന്തുഷ്ടനാകുന്നില്ല. ആയതിനാൽ തന്നിലും അന്യഭൂതങ്ങളിലും ഒരേവേളകുടികൊള്ളുന്ന എന്നെയറിയുന്നകാലംവരെ അവർക്ക് സർവ്വകർമ്മങ്ങളുംകൊണ്ട് ആരാധിക്കേണ്ടതുണ്ട്. തനിക്കും പരനുമിടയിൽ ഭേദഭാവമുള്ളവർക്കുമുന്നിൽ മൃത്യുവായിവന്ന് നാം അവരിൽ ഭയം ജനിപ്പിക്കുന്നു. ആയതുകൊണ്ട്, ഭൂതസർവ്വങ്ങളിൽ ദയയും, കാരുണ്യവും, ശ്രദ്ധയും വച്ചുകൊണ്ട്, അവയിലെല്ലാം ഹൃദിമധ്യേ സർവ്വസമനായി കുടികൊള്ളുന്ന നമ്മെ തൃപ്തനാക്കുക.

അമ്മേ!, ചരരൂപികൾ അചരരൂപികളെ അപേക്ഷിച്ച് ശ്രേഷ്ഠരാണെന്നറിയുക. അവയിൽവച്ച്, പ്രാണസ്പന്ദം മാത്രമുള്ള ജീവികളേക്കാൾ സചേതസ്സുകൾ കൂടുതൽ ശുഭരാണ്. അവയിൽ വീണ്ടും ഇന്ദ്രിയവിത്തുക്കൾ അതിശ്രേഷ്ഠർ എന്നറിഞ്ഞുകൊള്ളുക. ഇന്ദ്രിയവിത്തുക്കളിൽ, കേവലം സ്പർശനഗ്രാഹിയുള്ളവരേക്കാൾ ശ്രേഷ്ഠരാണ് രസഗ്രാഹിയുള്ളവർ. ഇവരേക്കാൾ ശ്രേഷ്ഠർ ഗന്ധഗ്രാഹിയുള്ളവരും, ഇവർക്കുമേൽ ശ്രവണഗ്രാഹിയുള്ളവരും ശ്രേഷ്ഠരാകുന്നു. ഇനിയും ഇവർക്കുമുകളിൽ രൂപഭേദഗ്രഹണശേഷിയുള്ളവരും, അവർക്കുമുകളിൽ, വായിൽ മുകളിലും താഴെയും ദന്തങ്ങളുള്ളവരും, ഇവർക്കും മുകളിൽ ബഹുകാലികളും, തന്മേൽ നാൽക്കാലികളും ശ്രേഷ്ഠരാകുന്നു. അമ്മേ!, ഇവർക്കെല്ലാം മേലേയാണ് ഇരുകാലികളായ മനുഷ്യന്റെ സ്ഥാനം.

ഇനി, മനുഷ്യസമൂഹത്തിൽവച്ച്, ഗുണകർമ്മികളായി തരംതിരിക്കപ്പെട്ടിട്ടുള്ളവർ ഒന്നിനുമേൽ മറ്റൊന്നായി മേന്മ പുലർത്തുന്നു. അവർക്കിടയിൽ ബ്രാഹ്മണർ ശ്രേഷ്ഠർ. വേദാധ്യായനം ചെയ്തവർ അതിലും ശ്രേഷ്ഠരാകുന്നു. എന്നാൽ, വേദാഭ്യാസികളായ ഇവർക്കുമുകളിലത്രേ വേദങ്ങളുടെ അന്തഃസത്തയെ ഉൾക്കൊണ്ടുജീവിക്കുന്ന ബ്രാഹ്മണരുടെ സ്ഥാനം. ഇവർക്കുമുകളിൽ സകലസംശയങ്ങളും നിവാാണം ചെയ്യാൻ കഴിവുള്ള പണ്ഡിതബ്രാഹ്മണന്മാരാകുന്നു. തുടർന്ന്, ഇവർക്കുമുകളിൽ സ്വധർമ്മമാചരിക്കുന്നവരും, അതിന്മീതേയുള്ളവർ വിഷയങ്ങളിൽ മുക്തസംഗരുമായി നിലകൊള്ളുമ്പോൾ, നിഷ്കാമികളായ എന്റെ ശുദ്ധഭക്തർ സർവ്വോത്തമന്മാരായി പരമോന്നതസ്ഥാനമലങ്കരിക്കുന്നു.

അമ്മേ!, അതുകൊണ്ട്, എന്നെമാത്രം ശരണം പ്രാപിച്ചവനേക്കാളും, സർവ്വകർമ്മങ്ങളും നിരന്തരം എന്നിലർപ്പിച്ചവനേക്കാളും, എനിക്കായി ആത്മസമർപ്പണം ചെയ്തവനേക്കാളും ശ്രേഷ്ഠനായി ഒരുവനെ ഞാൻ ഇവിടെ കാണുന്നില്ല. അങ്ങനെയുള്ള എന്റെ ഭക്തന്മാർ പ്രപഞ്ചത്തിലെ സകലചരാചരങ്ങളേയും നമസ്ക്കരിക്കുന്നു, ബഹുമാനിക്കുന്നു. കാരണം, നാം സർവ്വഭൂതാശയസ്ഥിതനാണെന്ന സത്യം, നാം സകലഭൂതങ്ങൾക്കും ഈശ്വരനും നിയന്താവുമാണെന്ന സത്യം അവരിൽ ജ്ഞാനംകൊണ്ടുറഞ്ഞുചേർന്നിരിക്കുന്നു. അല്ലയോ മാനവീ!, ഭക്തിമാർഗ്ഗംകൊണ്ടായാലും യോഗമാർഗ്ഗംകൊണ്ടായാലും, ഇവയിലേതെങ്കിലുമൊന്നനുഷ്ഠിക്കുന്നവർ ആ പരമപുരുഷനെ സുകരം പ്രാപിക്കുന്നു. അവൻ അദ്ധ്യാത്മസ്വരൂപനാണ്. അവനെ ബ്രഹ്മമെന്നും പരമാത്മാവെന്നും വിളിക്കുന്നു. പ്രധാനപുരുഷനായ അവന്റെ ചേഷ്ടിതങ്ങളും അദ്ധ്യാത്മികമാകുന്നു. 

അമ്മേ!, ബ്രഹ്മദേവൻ മുതലായ ജീവഭൂതങ്ങളുടെയെല്ലാം രൂപഭേദങ്ങൾക്ക് കാരണം ഇവിടെ ആ ജഗദീശ്വരന്റെ പ്രതിരൂപമായ കാലമാണെന്നറിയുക. അങ്ങനെയുള്ള കാലസ്വരൂപൻ ഹരിതന്നെയെന്നനറിയാത്തവർക്ക് കാലം എന്നത് ഭയദായകമാകുന്നു. അധിയജ്ഞനായ ഈ കാലപുരുഷൻ സർവ്വത്തിനും ഗുരുവാണ്. അവൻ സർവ്വഭൂതഹൃദയങ്ങളിലും പ്രവിഷ്ടനാണ്. ഒന്ന് മറ്റൊന്നിനാൽ ഇല്ലാതാകുന്നതും അവൻ കാരണമാണ്. അവന് പ്രിയനായും, അപ്രിയനായും, ബന്ധുവായും ഇവിടെ ആരുംതന്നെയില്ല. എന്നാൽ അവനെ ഹൃദയകമലത്തിൽ കുടിവച്ചവർക്ക് അവനെല്ലാമാണുതാനും. അല്ലാത്തവർക്ക് അന്തകനും. അവനെ ഭയന്നത്രേ വായു വീശുന്നതും, സൂര്യൻ പ്രകാശിക്കുന്നതും, ഇന്ദ്രൻ മഴ ചൊരിയുന്നതും, സ്വർഗ്ഗവാസികൾ ഭാസിക്കുന്നതുമെല്ലാം. അവനെ ഭയന്നത്രേ മരങ്ങളും, ലതകളും, ഔഷധികളും, കാലാകാലങ്ങളിൽ പുഷ്പിക്ക്കുന്നതും, ഫലം തരുന്നതും. അവനെ ഭയന്നത്രേ നദികൾ പ്രവഹിക്കുന്നതും, സമുദ്രം നിറഞ്ഞുതുളുമ്പാത്തതും, അഗ്നി ജ്വലിക്കുന്നതും, ഭൂമി തന്റെ സ്ഥാവരജംഗമങ്ങളോടൊപ്പം ജലത്തിലേക്ക് മുങ്ങിത്താഴാത്തതും. 

അമ്മേ!, ആ സർവ്വശക്തന്റെ ആജ്ഞയാലത്രേ ആകാശത്തിൽ, സകലഗ്രഹങ്ങളും തങ്ങളുടെ ജീവഭൂതങ്ങൾക്കൊപ്പം നിലകൊണ്ടുചലിക്കുന്നതും, ഈ വിശ്വം അതിന്റെ സപ്താവരണങ്ങളോടൊപ്പം വിസ്തൃതിപ്രാപിച്ചുകൊണ്ടിരിക്കുന്നതും. അവനോടുള്ള ഭയംകാരണമാണമ്മേ!, ത്രിഗുണാധിപതികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ യുഗങ്ങളായി സൃഷ്ടിസ്ഥിതിസംഹാരകർത്തവ്യങ്ങൾ നടത്തിവരുന്നതും. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും ത്രിഗുണങ്ങൾക്കടിപ്പെട്ട് അവന്റെ ഗുണരൂപികളായ ഈ ത്രിമൂർത്തികൾക്ക് അധീനരായിക്കഴിയുന്നു. 

അമ്മേ!, കാലത്തെക്കുറിച്ചറിയാൻ അവിടുന്ന് ആഗ്രഹിച്ചല്ലോ!. കാലമെന്ന പ്രതിഭാസം അദ്യന്തരഹിതമാണ്. അത് അവ്യയനായ ഹരിയുടെ പ്രതിരൂപമാണ്. അത് ഈ പ്രപഞ്ചത്തെ ചമയ്ക്കുന്നു. അത് ഒന്നിൽനിന്നും മറ്റൊന്നിനെ നിർമ്മിക്കുന്നു. യമരാജനടക്കമുള്ള സൃഷ്ട്യൗഘങ്ങളെ ഇല്ലാതാക്കിക്കൊണ്ട് കാലം ഈ പ്രപഞ്ചത്തിന് ഒരുനാൾ നാശംവിതയ്ക്കുന്നു. 

ഇങ്ങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്