2025 ഡിസംബർ 28, ഞായറാഴ്‌ച

10:38 വൃന്ദാവനത്തിൽ അക്രൂരന്റെ ആഗമനം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 38

വൃന്ദാവനത്തിൽ അക്രൂരന്റെ ആഗമനം


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, അങ്ങനെ, കംസന്റെ നിർദ്ദേശമനുസരിച്ച് ആ രാത്രി മഥുരയിൽ ചിലവഴിച്ചതിനുശേഷം, ഉദാരമനസ്കനായ അക്രൂരൻ തന്റെ രഥത്തിലേറി നന്ദമഹാരാജാവിന്റെ ഗോകുലത്തിലേക്ക് യാത്ര തിരിച്ചു. താൻ യാത്ര ചെയ്യുന്ന വഴിയിൽ, മഹാത്മാവായ അക്രൂരൻ താമരക്കണ്ണനായ ഭഗവാനോട് തനിക്കുള്ള പരമമായ ഭക്തിയെ ഓർത്തുകൊണ്ട് ഇപ്രകാരം ചിന്തിക്കാൻ തുടങ്ങി.

ശ്രീ അക്രൂരൻ ചിന്തിച്ചു: ഇന്ന് എനിക്ക് കേശവനെ ദർശിക്കാൻ സാധിക്കണമെങ്കിൽ കഴിഞ്ഞ ജന്മങ്ങളിൽ ഞാൻ എത്ര പുണ്യകർമ്മങ്ങൾ ചെയ്തിട്ടുണ്ടായിരിക്കണം? എത്ര കഠിനമായ തപസ്സുകൾ അനുഷ്ഠിച്ചിട്ടുണ്ടാകും? എത്ര ആരാധനകളും ദാനധർമ്മങ്ങളും നടത്തിയിട്ടുണ്ടാകും? കേവലം ഇന്ദ്രിയസുഖങ്ങളിൽ മുഴുകിയിരിക്കുന്ന ഭൗതികവാദിയായ എന്നെപ്പോലൊരാൾക്ക് ഉത്തമശ്ലോകനായ ഭഗവാനെ ദർശിക്കാനുള്ള ഈ അവസരം ലഭിക്കുക എന്നത്, ഒരു ശൂദ്രന് വേദമന്ത്രങ്ങൾ ചൊല്ലാനുള്ള അനുവാദം ലഭിക്കുന്നതുപോലെ അത്യന്തം ദുഷ്കരമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ അത്തരം ചിന്തകൾ ഇനി മതിയാക്കാം! എന്നെപ്പോലെ അധപതിച്ച ഒരു ആത്മാവിനും അച്യുതനായ ഭഗവാനെ ദർശിക്കാൻ അവസരം ലഭിച്ചേക്കാം. കാലപ്രവാഹത്തിൽ ഒഴുകിപ്പോകുന്ന ഒരു ജീവാത്മാവിന് എപ്പോഴെങ്കിലും കരയണയാൻ സാധിക്കുമല്ലോ. ഇന്ന് എന്റെ പാപങ്ങളെല്ലാം നശിച്ചിരിക്കുന്നു, എന്റെ ജന്മം സഫലമായിരിക്കുന്നു. കാരണം, യോഗിവര്യന്മാർ ധ്യാനിക്കുന്ന ഭഗവദ്പാദാരവിന്ദങ്ങളിൽ വണങ്ങാൻ എനിക്കിന്ന് സാധിക്കും.

തീർച്ചയായും, ഇന്ന് കംസരാജാവ് എന്നോട് അങ്ങേയറ്റം കരുണ കാണിച്ചിരിക്കുന്നു. ഈ ലോകത്ത് അവതരിച്ചിരിക്കുന്ന ഹരിഭഗവാന്റെ പാദാരവിന്ദങ്ങൾ ദർശിക്കാൻ അദ്ദേഹം എന്നെ അയച്ചിരിക്കുന്നു. അവിടുത്തെ നഖകാന്തിയാൽ മാത്രം പണ്ട് അനേകം ആത്മാക്കൾ അജ്ഞാനമാകുന്ന അന്ധകാരത്തെ മറികടന്ന് മുക്തി നേടിയിട്ടുണ്ട്. ബ്രഹ്മാവും ശിവനും മറ്റ് ദേവന്മാരും ലക്ഷ്മീദേവിയും മഹർഷിമാരും വൈഷ്ണവരുമെല്ലാം ആ പാദങ്ങളെ ആരാധിക്കുന്നു. ആ പാദങ്ങൾകൊണ്ട് ഭഗവാൻ തന്റെ കൂട്ടുകാരോടൊപ്പം പശുക്കളെ മേയിച്ച് വനത്തിലൂടെ നടക്കുന്നു. ആ പാദങ്ങളിൽ ഗോപികമാരുടെ കുങ്കുമം പുരണ്ടിരിക്കുന്നു. തീർച്ചയായും ഞാൻ മുകുന്ദന്റെ മുഖം ദർശിക്കും, കാരണം എന്റെ വലതുവശത്തുകൂടി കടന്നുപോകുന്ന ഈ മൃഗങ്ങൾ അതിനായിട്ടുള്ള ശുഭലക്ഷണമാണ് വിളിച്ചോതുന്നത്. ചുരുളൻ മുടികളാൽ ചുറ്റപ്പെട്ട അവിടുത്തെ ആ മുഖം മനോഹരമായ കവിളുകളാലും മൂക്കിനാലും പുഞ്ചിരിതൂകുന്ന നോട്ടത്താലും താമരയിതൾ പോലുള്ള ചുവന്ന കണ്ണുകളാലും അതിസുന്ദരമാണ്. ഭൂമിയുടെ ഭാരം കുറയ്ക്കാനായി സ്വന്തം ഇഷ്ടപ്രകാരം മനുഷ്യരൂപം സ്വീകരിച്ചിട്ടുള്ള സൗന്ദര്യത്തിന്റെ ഇരിപ്പിടമായ മഹാവിഷ്ണുവിനെയാണ് ഞാൻ ഇന്ന് കാണാൻ പോകുന്നത്. അതിനാൽ എന്റെ കണ്ണുകൾ അവയുടെ ജന്മസാഫല്യം നേടുമെന്ന കാര്യത്തിൽ സംശയമില്ല.

അവിടുന്ന് പ്രപഞ്ചത്തിന്റെ കാരണത്തിനും കാര്യത്തിനും സാക്ഷിയാണ്, എങ്കിലും അവയിൽനിന്നൊക്കെ അവിടുന്ന് മുക്തനുമാണ്. തന്റെ മായാശക്തിയാൽ ഭഗവാൻ ഭേദബുദ്ധിയുടെയും ഭ്രമത്തിന്റെയും അന്ധകാരത്തെ അകറ്റുന്നു. തന്റെ മായാശക്‌തിയിലേക്ക് അവൻ ഒന്ന് കണ്ണെറിയുമ്പോൾ ഈ ലോകത്ത് പ്രത്യക്ഷപ്പെടുന്ന ജീവാത്മാക്കൾ, തങ്ങളുടെ പ്രാണൻ, ഇന്ദ്രിയങ്ങൾ, ബുദ്ധി എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ ഭഗവാനെ പരോക്ഷമായി തിരിച്ചറിയുന്നു. ആ പരമപുരുഷന്റെ ഗുണങ്ങളും ലീലകളും അവതാരങ്ങളും ഇവിടെ എല്ലാ പാപങ്ങളെയും നശിപ്പിക്കുകയും സകല സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുകയും ചെയ്യുന്നു. അവന്റെ ലീലകൾ പാടുന്നതിലൂടെയും അവ കേൾക്കുന്നതിലൂടെയും ലോകം ചൈതന്യവത്താകുകയും അത് ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. മറിച്ചുള്ള വാക്കുകൾ ശവത്തെ അലങ്കരിക്കുന്നതുപോലെ വ്യർത്ഥമാണ്. ഭഗവാൻ സൃഷ്ടിച്ച ധർമ്മതത്വങ്ങൾ പാലിക്കുന്ന ദേവന്മാരെ സന്തോഷിപ്പിക്കാനായി അവിടുന്ന് സാത്വതവംശത്തിൽ അവതരിച്ചിരിക്കുന്നു. വൃന്ദാവനത്തിൽ വസിച്ചുകൊണ്ട് അവിടുന്ന് തന്റെ കീർത്തി പരത്തുന്നു. ദേവന്മാർ പാടിപ്പുകഴ്ത്തുന്ന ആ കീർത്തി എല്ലാവർക്കും മംഗളം നൽകുകയും ചെയ്യുന്നു. മഹാത്മാക്കളുടെ ലക്ഷ്യവും അവരുടെ ഗുരുവുമായ തന്തിരുവടിയെ ഞാൻ ഇന്ന് തീർച്ചയായും ദർശിക്കും. ഭഗവാനെ കാണുന്നത് കണ്ണുള്ളവർക്കെല്ലാം സന്തോഷം നൽകുന്നു, കാരണം അവിടുന്ന് പ്രപഞ്ചത്തിന്റെ യഥാർത്ഥ സൗന്ദര്യമാണ്. ലക്ഷ്മീദേവി പോലും ആശ്രയിക്കുന്ന രൂപമാണത്. ആ ദിവ്യപുരുഷന്റെ ദർശനഭാഗ്യം ലഭിക്കുന്നതോടുകൂടി ഇന്ന് എന്റെ ജന്മം ഇതാ സഫലമാകാൻ പോകുന്നു. 

രഥത്തിൽ നിന്നിറങ്ങി ഞാൻ ഭഗവാൻ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും പാദങ്ങളിൽ വീണ് നമസ്കരിക്കും. ആത്മസാക്ഷാത്കാരത്തിനായി ശ്രമിക്കുന്ന യോഗികൾ ഹൃദയത്തിൽ ധ്യാനിക്കുന്ന അതേ പാദങ്ങളാണവ. ഭഗവാന്റെ കൂട്ടുകാരായ ഗോപബാലന്മാരെയും സകല വൃന്ദാവനവാസികളെയും ഞാൻ വണങ്ങും. ഞാൻ അവിടുത്തെ പാദങ്ങളിൽ വീഴുമ്പോൾ സർവ്വശക്തനായ ഭഗവാൻ തന്റെ താമരക്കൈ എന്റെ തലയിൽ വെക്കും. കാലമാകുന്ന സർപ്പത്തിന്റെ ഭയത്താൽ വലയുന്നവർക്ക് അഭയം നൽകുന്ന ആ കൈകൾ എല്ലാ ഭയത്തെയും അകറ്റുന്നു. ആ കൈകളിലേക്ക് സ്വയത്തെതന്നെ ദാനം നൽകിയതിനാലാണ് പുരന്ദരനും ബാലിയും ഒക്കെ ഇന്ദ്രപദവി നേടിയത്. രാസലീലാവേളയിൽ ഗോപികമാരുടെ വിയർപ്പൊപ്പിയപ്പോൾ അവരുടെ മുഖസ്പർശമേറ്റ് ആ കൈകൾ സുഗന്ധപൂരിതമായി മാറി. അതൊക്കെയാണ് ആ തൃക്കൈകളുടെ ഐശ്വര്യം. കംസൻ തന്റെ ദൂതനായി അയച്ചതാണെങ്കിലും അച്യുതനായ ഭഗവാൻ എന്നെ ഒരു ശത്രുവായി കാണില്ല. സർവ്വജ്ഞനായ ഭഗവാൻ ഈ ശരീരമാകുന്ന ക്ഷേത്രത്തെ അറിയുന്നവനാണ്. തന്റെ പരിപൂർണ്ണമായ ദൃഷ്ടിയാൽ ജീവാത്മാവിന്റെ ഹൃദയത്തിലെ എല്ലാ പരിശ്രമങ്ങളെയും അവിടുന്ന് പുറമെ നിന്നും അകമേ നിന്നും വീക്ഷിക്കുന്നു. കൈകൾ കൂപ്പി ആ പാദങ്ങളിൽ വീണുകിടക്കുന്ന എന്നെ അവിടുന്ന് പുഞ്ചിരിയോടെ സ്നേഹപൂർവ്വം നോക്കും. അപ്പോൾ എന്റെ ഹൃദയത്തിലെ എല്ലാ മാലിന്യങ്ങളും നീങ്ങുകയും സംശയങ്ങൾ മാറി ഞാൻ പരമാനന്ദം അനുഭവിക്കുകയും ചെയ്യും. എന്നെ ഒരു ഉറ്റസുഹൃത്തായും ബന്ധുവായും അംഗീകരിച്ചുകൊണ്ട് കൃഷ്ണൻ തന്റെ കരുത്തുറ്റ കൈകളാൽ എന്നെ കെട്ടിപ്പിടിക്കും. അത് ഉടൻതന്നെ എന്റെ ശരീരത്തെ ശുദ്ധീകരിക്കുകയും കർമ്മബന്ധങ്ങളിൽ നിന്നുള്ള എന്റെ ഭൗതികമായ കെട്ടുപാടുകളെ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും.

എല്ലാവരാലും സ്തുതിക്കപ്പെടുന്ന കൃഷ്ണനാൽ ആശ്ലേഷിക്കപ്പെടുമ്പോൾ ഞാൻ വിനയത്തോടെ തല കുനിച്ചുനിൽക്കും. അപ്പോൾ ഭഗവാൻ "പ്രിയപ്പെട്ട അക്രൂരാ!" എന്ന് എന്നെ വിളിക്കും. ആ നിമിഷം എന്റെ ജീവിതലക്ഷ്യം സഫലമാകും. ഭഗവാൻ അംഗീകരിക്കാത്ത ഒരാളുടെ ജീവിതം തീർച്ചയായും കഷ്ടമാണ്. ഭഗവാന് ആരോടും പ്രത്യേക താൽപ്പര്യമോ വിദ്വേഷമോ ഇല്ല. ആരെയും അവിടുന്ന് അവഗണിക്കുന്നുമില്ല. എങ്കിലും, തന്നെ ആരാധിക്കുന്ന ഭക്തർക്ക് കൽപ്പവൃക്ഷം പോലെ അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് അവിടുന്ന് അനുഗ്രഹം നൽകുന്നു. തുടർന്ന് യദുശ്രേഷ്ഠനായ ബലരാമൻ കൈകൾ കൂപ്പി നിൽക്കുന്ന എന്നെ കെട്ടിപ്പിടിക്കുകയും വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യും. അവിടെ അവിടുന്ന് എന്നെ ആചാരപൂർവ്വം സ്വീകരിക്കുകയും കംസൻ കുടുംബാംഗങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് അന്വേഷിക്കുകയും ചെയ്യും.

ശ്രീശുകബ്രഹ്മർഷി തുടർന്നു: ഹേ രാജാവേ!, ശ്വഫൽക്കന്റെ പുത്രനായ അക്രൂരൻ വഴിയിലുടനീളം ഇപ്രകാരം ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട് ഏതാണ്ട് സൂര്യൻ അസ്തമിക്കാറായപ്പോൾ ഗോകുലത്തിലെത്തി. പ്രപഞ്ചത്തിലെ എല്ലാ ലോകപാലകരും തങ്ങളുടെ കിരീടത്തിൽ ചൂടുന്ന ആ പാദധൂളികളാൽ പവിത്രമായ സ്ഥലത്ത് അക്രൂരൻ ഭഗവാന്റെ പാദമുദ്രകൾ കണ്ടു. താമര, യവം, അങ്കുശം തുടങ്ങിയ അടയാളങ്ങളാൽ മനോഹരമായ ആ പാദമുദ്രകൾ ആ മണ്ണുകൾക്ക് ശോഭ നൽകി. ഭഗവാന്റെ പാദമുദ്രകൾ കണ്ടപ്പോൾ അക്രൂരൻ ഭക്തിലഹരിയാൽ വികാരാധീനനായി. ദേഹം പുളകം കൊള്ളുകയും കണ്ണുകൾ നിറയുകയും ചെയ്തു. അദ്ദേഹം രഥത്തിൽ നിന്ന് ചാടിയിറങ്ങി "ഹാ, ഇത് എന്റെ നാഥന്റെ പാദധൂളികളാണ്!" എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഭഗവാന്റെ പാദമുദ്രകൾ പതിഞ്ഞ ആ പൂഴിയിൽ കിടന്നുരുണ്ടു. കംസന്റെ ആജ്ഞ ലഭിച്ചപ്പോൾ മുതൽ അഭിമാനവും ഭയവും ദുഃഖവുമെല്ലാം മാറ്റിവെച്ച് ഭഗവാനെ കാണാനും കേൾക്കാനും സ്മരിക്കാനും തുടങ്ങിയ അക്രൂരൻ അനുഭവിച്ച ഈ പരമാനന്ദമാണ് എല്ലാ ജീവജാലങ്ങളുടെയും ജീവിതലക്ഷ്യം. 

അക്രൂരൻ തുടർന്ന് വ്രജഭൂമിയിൽ കൃഷ്ണനെയും ബലരാമനെയും കണ്ടു. കൃഷ്ണൻ മഞ്ഞവസ്ത്രവും ബലരാമൻ നീലവസ്ത്രവുമാണ് ധരിച്ചിരുന്നത്. അവരുടെ കണ്ണുകൾ ശരത്കാലത്തിലെ താമരകൾ പോലെയായിരുന്നു. ലക്ഷ്മീദേവിയുടെ അഭയസ്ഥാനമായ ആ യുവാക്കളിൽ ഒരാൾ കറുത്ത നിറത്തിലും മറ്റൊരാൾ വെളുത്ത നിറത്തിലുമായിരുന്നു. അവരുടെ മുഖം അതിസുന്ദരമായിരുന്നു. മദയാനകളെപ്പോലെ നടക്കുന്ന അവർ തങ്ങളുടെ പാദമുദ്രകളാൽ ഗോകുലത്തെ മനോഹരമാക്കി. രത്നമാലകളും വനമാലകളും അണിഞ്ഞ അവർ സർവ്വലോകങ്ങളുടെയും നാഥന്മാരാണ്. ഭൗമഭാരം കുറയ്ക്കാൻ കേശവനായും ബലരാമനായും അവതരിച്ച ആ രണ്ട് മഹദ് വ്യക്തിത്വങ്ങൾ, ആകാശത്തിലെ അന്ധകാരത്തെ മാറ്റുന്ന മരതക പർവ്വതത്തെയും വെള്ളി പർവ്വതത്തെയും പോലെ ശോഭിച്ചു. സ്നേഹാധിക്യത്താൽ അക്രൂരൻ വേഗത്തിൽ രഥത്തിൽ നിന്നിറങ്ങി കൃഷ്ണന്റെയും ബലരാമന്റെയും പാദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്തു. ഭഗവാനെ കണ്ട സന്തോഷത്താൽ അക്രൂരന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി. ദേഹം മുഴുവൻ പുളകം കൊണ്ടു. വികാരാധിക്യത്താൽ താനാരാണെന്ന് പറയാൻ പോലും അദ്ദേഹത്തിന് സാധിച്ചില്ല. അക്രൂരനെ തിരിച്ചറിഞ്ഞ ഭഗവാൻ കൃഷ്ണൻ അദ്ദേഹത്തെ കൈപിടിച്ചുയർത്തി ആലിംഗനം ചെയ്തു. ശരണാഗതരായ ഭക്തരോട് എന്നും കരുണ കാണിക്കുന്നവനായ ആ കാരുണ്യമൂർത്തി അങ്ങേയറ്റം സന്തോഷിച്ചു.

അക്രൂരൻ തലകുനിച്ചു നിന്നപ്പോൾ ബലരാമൻ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. യാത്രയെക്കുറിച്ച് അന്വേഷിച്ചശേഷം അദ്ദേഹത്തിന് ഇരിക്കാൻ ഇരിപ്പിടം നൽകുകയും ശാസ്ത്രവിധിപ്രകാരം പാദങ്ങൾ കഴുകി മധുപർക്കം നൽകി ആദരിക്കുകയും ചെയ്തു. സർവ്വശക്തനായ ബലരാമൻ അക്രൂരന് ഒരു പശുവിനെ ദാനം നൽകി. അദ്ദേഹത്തിന്റെ ക്ഷീണം മാറ്റാൻ പാദങ്ങൾ തടവുകയും ഭക്തിപൂർവ്വം സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം ബലരാമൻ അദ്ദേഹത്തിന് സുഗന്ധദ്രവ്യങ്ങളും പൂമാലകളും നൽകി. ഇപ്രകാരം അക്രൂരൻ ഒരിക്കൽ കൂടി പരമാനന്ദം അനുഭവിച്ചു.

നന്ദമഹാരാജാവ് അക്രൂരനോട് ചോദിച്ചു: ഹേ ദശാർഹവംശജനായ അക്രൂരാ!, ആ ക്രൂരനായ കംസൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് സമാധാനത്തോടെ അവിടെ കഴിയുന്നത്? ഒരു കശാപ്പുകാരന്റെ കയ്യിലകപ്പെട്ട ആടുകളെപ്പോലെയല്ലേ നിങ്ങൾ? സ്വന്തം സഹോദരിയുടെ കൈക്കുഞ്ഞുങ്ങളെ അവരുടെ കരച്ചിൽ പോലും വകവെക്കാതെ കൊന്നുതള്ളിയ ക്രൂരനാണവൻ. അങ്ങനെയുള്ളവന്റെ പ്രജകളായ നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ഞങ്ങൾ എന്തിന് ചോദിക്കണം?

നന്ദമഹാരാജാവിന്റെ സത്യസന്ധവും ഹൃദ്യവുമായ വാക്കുകളാൽ ആദരിക്കപ്പെട്ട അക്രൂരൻ തന്റെ യാത്രയുടെ എല്ലാ ക്ഷീണവും മറന്നു.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം പതിനാറാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ