ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 35
ഗോപികമാർ കൃഷ്ണമാഹാത്മ്യം പാടുന്നു
--------------------------------------------------------------------------------------------------------------
ഗോപിമാർ പറഞ്ഞു: മുകുന്ദൻ തന്റെ മൃദുവായ വിരലുകൾകൊണ്ട് ഓടക്കുഴുലിന്റെ സുഷിരങ്ങൾ അടച്ചുപിടിച്ച് ചുണ്ടുകളോട് ചേർത്ത് അത് വായിക്കുമ്പോൾ, തന്റെ ഇടത്തെ കവിൾതടം ഇടതുകൈയിൽ ചായ്ച്ചുവെച്ച് തന്റെ പുരികങ്ങളെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നു. ആ സമയത്ത് സിദ്ധന്മാർക്കൊപ്പം ആകാശത്തിലൂടെ സഞ്ചരിക്കുന്ന ദേവസ്ത്രീകൾ അത്ഭുതം കൂറുന്നു. ആ സംഗീതം കേൾക്കുമ്പോൾ, തങ്ങളുടെ മനസ്സ് ലൗകികമായ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നത് കണ്ട് ആ സ്ത്രീകൾ ലജ്ജിക്കുന്നു. ആ മനോവിഷമത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ അയയുന്നത് പോലും അവർ അറിയുന്നില്ല.
ഗോപികമാരേ!, ദുഖിതരുടെ സന്തോഷമാകുന്ന നന്ദകുമാരൻ, തന്റെ മാറിൽ സ്ഥിരമായ ശ്രീവത്സം വഹിക്കുകയും രത്നമാല പോലെയുള്ള പുഞ്ചിരി തൂകുകയും ചെയ്യുന്നു. അത്ഭുതകരമായ ഒരു കാര്യം നിങ്ങൾ കേൾക്കൂ. അവൻ ഓടക്കുഴൽ വായിക്കുമ്പോൾ, ദൂരെയുള്ള വ്രജത്തിലെ കാളകളും മാനുകളും പശുക്കളും ആ ശബ്ദത്തിൽ മയങ്ങിപ്പോകുന്നു. അവ വായിലിട്ട ഭക്ഷണം ചവയ്ക്കുന്നത് നിർത്തി ചെവികൾ വട്ടം പിടിക്കുന്നു. സ്തംഭിച്ചു നിൽക്കുന്ന അവ ഉറങ്ങുന്നതുപോലെയോ അല്ലെങ്കിൽ ഒരു ചിത്രത്തിലെ രൂപങ്ങൾ പോലെയോ കാണപ്പെടുന്നു. എന്റെ പ്രിയ ഗോപികേ!, ചിലപ്പോൾ മുകുന്ദൻ ഇലകളും മയിൽപീലിയും ചായക്കല്ലുകളുംകൊണ്ട് സ്വയം അലങ്കരിച്ച് ഒരു മല്ലനെപ്പോലെ വേഷമിടുന്നു. തുടർന്ന് ബലരാമന്റെയും ഗോപന്മാരുടെയും കൂടെ ചേർന്ന് പശുക്കളെ വിളിച്ചുവരുത്തുവാനായി ഓടക്കുഴൽ വായിക്കുന്നു. ആ സമയത്ത് നദികൾ നിശ്ചലമാകുന്നു. അവന്റെ പാദധൂളികൾ കാറ്റിലൂടെ വന്നെത്തുന്നതും കാത്തുനിൽക്കുന്ന ആവേശത്തിൽ അവ സ്തംഭിച്ചു പോകുന്നു. പക്ഷേ, നമ്മളെപ്പോലെതന്നെ ആ നദികളും അത്ര പുണ്യശാലികളല്ല, അതുകൊണ്ട് സ്നേഹംകൊണ്ട് വിറയ്ക്കുന്ന കൈകളോടെ അവർ വെറുതെ കാത്തുനിൽക്കുകയാണ്.
തന്റെ ലീലകൾ പ്രകീർത്തിക്കുന്ന സുഹൃത്തുക്കൾക്കൊപ്പം അവൻ വനത്തിലൂടെ നടക്കുന്നു. ആ സമയം അവൻ സർവ്വൈശ്വര്യയുക്തനായി കാണപ്പെടുന്നു. പശുക്കൾ മലഞ്ചെരിവുകളിലേക്ക് മേയാൻ പോകുമ്പോൾ ഭഗവാൻ ഓടക്കുഴൽ വിളിക്കുന്നു, ആ സമയം, ധാരാളം പൂക്കളും പഴങ്ങളും കൊണ്ട് നിറഞ്ഞുനിൽക്കുന്ന വനത്തിലെ ആ വൃക്ഷങ്ങളും വള്ളികളും അവ തങ്ങളുടെ ഹൃദയത്തിൽ വിഷ്ണുഭഗവാനെ വഹിക്കുന്നതുപോലെ തോന്നിക്കുന്നു. ഭാരം കൊണ്ട് അവയുടെ കൊമ്പുകൾ കുനിയുമ്പോൾ, ഭഗവാനോടുള്ള ഭക്തിയുടെ ആവേശത്തിൽ ആ മരങ്ങളുടെയും വള്ളികളുടെയും തണ്ടുകളിലെ മുകുളങ്ങൾ എഴുന്നു നിൽക്കുന്നു. വൃക്ഷങ്ങളും വള്ളികളും മധുരമായ തേൻ മഴ പൊഴിക്കുന്നു. കൃഷ്ണൻ ധരിച്ചിരിക്കുന്ന മാലയിലെ തുളസിപ്പൂക്കളുടെ ദിവ്യമായ മണത്തിൽ മതിമറന്ന് തേനീച്ചക്കൂട്ടങ്ങൾ അവനുവേണ്ടി ഉച്ചത്തിൽ പാടുന്നു. സുന്ദരനായ ഭഗവാൻ അവരുടെ പാട്ടിനെ നന്ദിയോടെ അഭിനന്ദിച്ചുകൊണ്ട് ഓടക്കുഴൽ വായിക്കുന്നു. ആ മനോഹരമായ സംഗീതം കൊക്കുകളുടെയും ഹംസങ്ങളുടെയും മറ്റ് പക്ഷികളുടെയും മനസ്സ് കവർന്നെടുക്കുന്നു. അവർ കൃഷ്ണന്റെ അടുത്തുചെന്ന് കണ്ണ് അടച്ച് മൗനമായിരുന്നുകൊണ്ട് ആഴത്തിലുള്ള ധ്യാനത്തിലൂടെ അവനെ ആരാധിക്കുന്നു.
വ്രജത്തിലെ അല്ലയോ ദേവിമാരേ!, ശ്രീകൃഷ്ണൻ ബലരാമനോടൊപ്പം മലഞ്ചെരിവുകളിൽ രസിക്കുമ്പോൾ, തലയിൽ പൂമാലകൾ അണിഞ്ഞ് ഓടക്കുഴൽനാദത്തിലൂടെ എല്ലാവരെയും അവൻ സന്തോഷിപ്പിക്കുന്നു. അങ്ങനെ ലോകത്തിന് മുഴുവൻ ആ കാരുണ്യമൂർത്തി ആനന്ദം നൽകുന്നു. ആ സമയത്ത് മേഘങ്ങൾ വളരെ പതുക്കെ തന്റെ പ്രിയ സുഹൃത്തായ കൃഷ്ണന് മുകളിൽ പൂക്കൾ വർഷിക്കുകയും ഒരു കുട പോലെനിന്നുകൊണ്ട് വെയിലിൽ ആ പരാമപുരുഷന് തണലേകുകയും ചെയ്യുന്നു. പുണ്യവതിയായ യശോദ മാതാവേ!, പശുക്കളെ മേയ്ക്കുന്ന കലയിൽ നിപുണനായ നിങ്ങളുടെ മകൻ ഓടക്കുഴൽ വായനയിൽ പല പുതിയ ശൈലികളും കണ്ടെത്തിയിരിക്കുന്നു. അവൻ തന്റെ ബിംബഫലം പോലെയുള്ള ചുവന്ന ചുണ്ടുകളിൽ ഓടക്കുഴൽ വെച്ച് വിവിധ രാഗങ്ങൾ വായിക്കുമ്പോൾ, ബ്രഹ്മാവും ശിവനും ഇന്ദ്രനും മറ്റ് ദേവന്മാരും ആ നാദം കേട്ട് അമ്പരന്നുപോകുന്നു. അവർ വലിയ പണ്ഡിതന്മാരാണെങ്കിലും ആ സംഗീതത്തിന്റെ സത്ത തിരിച്ചറിയാൻ കഴിയാതെ ഭക്തിയോടെ തല കുനിക്കുന്നു.
തന്തിരുവടി താമരയിതൾ പോലെയുള്ള തന്റെ പാദങ്ങൾകൊണ്ട് വ്രജത്തിലൂടെ നടക്കുമ്പോൾ, ധ്വജം, വജ്രം, താമര, അങ്കുശം എന്നീ അടയാളങ്ങൾ ഭൂമിയിൽ പതിപ്പിക്കുന്നു. പശുക്കളുടെ കുളമ്പുകൾ കൊണ്ട് ഭൂമിക്കുണ്ടായ വേദന അവൻ മാറ്റുന്നു. ഓടക്കുഴൽ വായിക്കുമ്പോൾ അവന്റെ ശരീരം ഒരു ആനയെപ്പോലെ ഗാംഭീര്യത്തോടെ ചലിക്കുന്നു. കൃഷ്ണൻ കളിയായി ഞങ്ങളെ നോക്കുമ്പോൾ കാമദേവനാൽ ചഞ്ചലരാകുന്ന ഞങ്ങൾ ഗോപികമാർ, മരങ്ങളെപ്പോലെ അനങ്ങാതെ നിന്നുപോകുന്നു. ഞങ്ങളുടെ മുടിയും വസ്ത്രവും അഴിഞ്ഞുവീഴുന്നത് പോലും ഞങ്ങൾ അറിയുന്നില്ല. ഇപ്പോൾ കൃഷ്ണൻ എവിടെയോനിന്ന് രത്നമാല ഉപയോഗിച്ച് തന്റെ പശുക്കളെ എണ്ണുകയാണ്. സുഗന്ധമുള്ള തുളസിമാല അവൻ കഴുത്തിൽ ധരിച്ചിരിക്കുന്നു. ഒരു ഗോപസുഹൃത്തിന്റെ തോളിൽ അവൻ കൈ വച്ചിരിക്കുകയാണ്. കൃഷ്ണൻ പാടുകയും കുഴൽ വായിക്കുകയും ചെയ്യുമ്പോൾ, ആ സംഗീതം കറുത്ത മാനുകളുടെ ഇണകളെ ആകർഷിക്കുന്നു. അവർ ആ സത്ഗുണസാഗരത്തിന് അരികിൽ വന്നിരിക്കുന്നു. ഞങ്ങളെപ്പോലെതന്നെ അവരും കുടുംബജീവിതത്തിലെ സന്തോഷത്തിലുള്ള പ്രതീക്ഷകൾ ഉപേക്ഷിച്ചിരിക്കുന്നു.
ഹേ അനഘയായ യശോദയേ!, നിങ്ങളുടെ പ്രിയപുത്രൻ മുല്ലപ്പൂമാല കൊണ്ട് തന്റെ വസ്ത്രത്തെ അലങ്കരിച്ച് യമുനാതീരത്ത് പശുക്കളോടും സുഹൃത്തുക്കളോടും കൂടിയിരുന്നു രസിക്കുന്നു. സുഗന്ധമുള്ള ഇളംകാറ്റ് അവനെ തഴുകിയൊഴുകുന്നു, ഉപദേവതകൾ ചുറ്റുംനിന്ന് സംഗീതവും സ്തുതികളും പാടി, ഉപഹാരങ്ങളും നൽകി അവനെ ആരാധിക്കുന്നു. വ്രജത്തിലെ പശുക്കളോടുള്ള വലിയ സ്നേഹംകൊണ്ട് കൃഷ്ണൻ ഗോവർദ്ധന പർവ്വതം തന്റെ കൈയ്യിലുയർത്തി. ദിവസാവസാനം പശുക്കളെ എല്ലാം ഒരുമിച്ചു കൂട്ടി അവൻ ഓടക്കുഴൽ വായിക്കുമ്പോൾ, അതുകണ്ടുനിൽക്കുന്ന ദേവന്മാർ അവന്റെ പാദങ്ങളെ ആരാധിക്കുന്നു. ഗോപവൃന്ദം അവന്റെ കീർത്തനങ്ങൾ പാടുന്നു. പശുക്കളുടെ കുളമ്പുകൾ ഉയർത്തിയ പൊടിപടലങ്ങൾകൊണ്ട് അവന്റെ മാല ധൂളിയണിഞ്ഞിരിക്കുന്നു. അവന്റെ സൗന്ദര്യം എല്ലാവരുടെയും കണ്ണുകൾക്ക് ഒരു ഉത്സവമാണ്. സുഹൃത്തുക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാനായി അവതരിച്ച തന്തിരുവടി യശോദയുടെ ഗർഭപാത്രത്തിൽ നിന്ന് ഉദിച്ച ചന്ദ്രനെപ്പോലെയാണ്.
കൃഷ്ണൻ തന്റെ സുഹൃത്തുക്കളെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുമ്പോൾ, മത്തുപിടിച്ചതുപോലെ അവന്റെ കണ്ണുകൾ പതുക്കെ കറങ്ങുന്നു. അവൻ പൂമാലകൾ ധരിച്ചിരിക്കുന്നു. സ്വർണ്ണ കമ്മലുകളുടെ തിളക്കവും മുഖത്തെ പ്രകാശവും അവന്റെ മൃദുവായ കവിളുകളുടെ ഭംഗി വർദ്ധിപ്പിക്കുന്നു. ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖത്തോടെ യദുകുലനാഥൻ ഒരു ഗജരാജന്റെ പ്രൗഢിയിൽ നടക്കുന്നു. വൈകുന്നേരം അവൻ മടങ്ങിവരുമ്പോൾ പകൽ വെയിലിൽനിന്ന് വ്രജത്തിലെ പശുക്കളെ രക്ഷിക്കുന്നു.
ശ്രീ ശുുകദേവൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ പകൽസമയത്ത് വൃന്ദാവനത്തിലെ സ്ത്രീകൾ കൃഷ്ണന്റെ ലീലകൾ നിരന്തരം പാടിക്കൊണ്ട് ആനന്ദം കണ്ടെത്തി. അവരുടെ മനസ്സും ഹൃദയവും അവനിൽ ലയിച്ച് വലിയ സന്തോഷത്താൽ നിറഞ്ഞു.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തിയഞ്ചാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ