ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 21
ശ്രീകൃഷ്ണൻ്റെ ഓടക്കുഴൽ ഗാനത്തെ ഗോപികമാർ വാഴ്ത്തുന്നു
കാമദേവന്റെ സ്വാധീനം ഉണർത്തുന്നതായ കൃഷ്ണൻ്റെ ഓടക്കുഴൽ ഗാനം കേട്ടപ്പോൾ, ഗോപാല ഗ്രാമത്തിലെ യുവതികൾ തങ്ങളുടെ സഖിമാരോട് രഹസ്യമായി കൃഷ്ണൻ്റെ ഗുണങ്ങൾ വർണ്ണിക്കാൻ തുടങ്ങി. ഗോപികമാർ കൃഷ്ണനെക്കുറിച്ച് സംസാരിച്ചുതുടങ്ങി. എന്നാൽ, കൃഷ്ണൻ്റെ ലീലകൾ ഓർമ്മിച്ചപ്പോൾതന്നെ, കാമദേവന്റെ ശക്തി അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി, അതിനാൽ അവർക്ക് തുടർന്ന് സംസാരിക്കാൻ കഴിഞ്ഞില്ല.
മയിൽപ്പീലി ശിരസ്സിൽ ചൂടിയും, കാതുകളിൽ നീല കർണ്ണികാര പുഷ്പങ്ങളണിഞ്ഞും, സ്വർണ്ണം പോലെ തിളങ്ങുന്ന മഞ്ഞ വസ്ത്രം ധരിച്ചും, വൈജയന്തി മാല അണിഞ്ഞും, നർത്തകന്മാരിൽ വെച്ച് ഏറ്റവും മികച്ചവനായ ഭഗവാൻ കൃഷ്ണൻ തൻ്റെ ദിവ്യരൂപം പ്രദർശിപ്പിച്ചുകൊണ്ട്, പാദമുദ്രകളാൽ വനത്തെ കൂടുതൽ മോഹനമാക്കി, വൃന്ദാവനത്തിൽ പ്രവേശിച്ചു. ഓടക്കുഴലിന്റെ സുഷിരങ്ങളിൽ തൻ്റെ അധരാമൃതം നിറച്ച് അവൻ നാദമുയർത്തി, ഗോപാലബാലന്മാർ അവിടുത്തെ കീർത്തികൾ പാടി. രാജാവേ!, എല്ലാവരുടെയും മനസ്സിനെ ആകർഷിക്കുന്ന കൃഷ്ണൻ്റെ ഓടക്കുഴൽ നാദം കേട്ടപ്പോൾ, വ്രജത്തിലെ യുവതികളെല്ലാം പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് അതിനെക്കുറിച്ച് വർണ്ണിക്കാൻ തുടങ്ങി.
ഗോപികമാർ പറഞ്ഞു: “സഖിമാരേ, നന്ദമഹാരാജാവിൻ്റെ പുത്രന്മാരുടെ സുന്ദരമായ മുഖങ്ങൾ കാണുന്ന കണ്ണുകൾ തീർച്ചയായും ഭാഗ്യമുള്ളവയാണ്. ഈ രണ്ടു പുത്രന്മാർ, തങ്ങളുടെ സഖാക്കളാൽ ചുറ്റപ്പെട്ട്, പശുക്കളെ മുൻപോട്ടു തെളിച്ച്, ഓടക്കുഴൽ വായിച്ചുകൊണ്ട് വനത്തിലേക്ക് പ്രവേശിക്കുമ്പോൾ, വൃന്ദാവനനിവാസികൾക്കുനേരെ സ്നേഹപൂർണ്ണമായ കടാക്ഷങ്ങൾ നൽകുന്നു. കണ്ണുകളുള്ളവർക്ക് ഇതിലും വലിയ കാഴ്ച മറ്റെന്തുണ്ട്?”
മനോഹരമായ വസ്ത്രങ്ങൾ ധരിച്ചും, മാലകൾ അണിഞ്ഞും, മയിൽപ്പീലി, താമര, ആമ്പൽ, പുതുതായി വിരിഞ്ഞ മാമ്പൂക്കൾ, മൊട്ടുകൾ എന്നിവയാൽ സ്വയം അലങ്കരിച്ചും, കൃഷ്ണനും ബലരാമനും ഗോപാലന്മാരുടെ സദസ്സിൽ ശ്രേഷ്ഠരായ നർത്തകരെപ്പോലെ നാടകവേദിയിൽ വിരാജിക്കുന്നു; ചിലപ്പോഴൊക്കെ അവർ പാടുകയും ചെയ്യുന്നു. എൻ്റെ പ്രിയ ഗോപികമാരെ, നമുക്കുവേണ്ടി നിശ്ചയിക്കപ്പെട്ട ആ അധരാമൃതം സ്വതന്ത്രമായി ആസ്വദിക്കാൻ ഈ ഓടക്കുഴൽ എന്തുമാത്രം പുണ്യകർമ്മങ്ങളായിരിക്കും ചെയ്തിട്ടുണ്ടാവുക! ഓടക്കുഴലിൻ്റെ പൂർവ്വികരായ മുളകൾ ആനന്ദക്കണ്ണീർ പൊഴിക്കുന്നു. ആ മുള പിറന്ന നദിയാകട്ടെ, സന്തോഷത്താൽ രോമാഞ്ചമണിയുന്നു, അതിനാലാണ് അവിടെ വിരിഞ്ഞ താമരപ്പൂക്കൾ രോമം പോലെ നിവർന്നുനിൽക്കുന്നത്! സഖീ!, ദേവകീപുത്രനായ കൃഷ്ണൻ്റെ താമരപ്പാദങ്ങളുടെ സമ്പത്ത് ലഭിച്ച വൃന്ദാവനം ഭൂമിയുടെ കീർത്തി പരത്തുന്നു. ഗോവിന്ദൻ്റെ ഓടക്കുഴൽ നാദം കേട്ട് മയിലുകൾ ഭ്രാന്തമായി നൃത്തമാടുന്നു, മറ്റു ജീവജാലങ്ങൾ മലമുകളിൽ നിന്ന് അത് കാണുമ്പോൾ സ്തബ്ധരായി നിന്നുപോകുന്നു.
നന്ദമഹാരാജാവിൻ്റെ പുത്രനെ സമീപിച്ചിട്ടുള്ള ഈ മാനുകളെല്ലാം അനുഗ്രഹിക്കപ്പെട്ടവയാണ്. കൃഷ്ണൻ മനോഹരമായി അണിഞ്ഞൊരുങ്ങി ഓടക്കുഴൽ വായിക്കുകയാണ്. തീർച്ചയായും, പേടയും മാനും സ്നേഹപൂർണ്ണമായ നോട്ടങ്ങളാൽ ഭഗവാനെ ആരാധിക്കുന്നു. കൃഷ്ണൻ്റെ സൗന്ദര്യവും സ്വഭാവവും എല്ലാ സ്ത്രീകൾക്കും ഒരുത്സവമാണ് സമ്മാനിക്കുന്നത്. ഭർത്താക്കന്മാരോടൊപ്പം വിമാനത്തിൽ പറന്നുപോകുന്ന ദേവസ്ത്രീകൾ കൃഷ്ണനെ കാണുകയും, ആ ഓടക്കുഴൽനാദം കേൾക്കുകയും ചെയ്യുമ്പോൾ, അവരുടെ ഹൃദയങ്ങൾ കാമദേവനാൽ ഇളകിപ്പോകുകയും അവർ അമ്പരന്നുപോകുകയും ചെയ്യുന്നതിനാൽ അവരുടെ മുടിക്കെട്ടുകളിൽനിന്ന് പൂക്കൾ കൊഴിഞ്ഞുപോവുകയും അരപ്പട്ടകൾ അഴിഞ്ഞുപോവുകയും ചെയ്യുന്നു.
പശുക്കൾ തങ്ങളുടെ ഉയർത്തിയ ചെവികൾ പാത്രങ്ങൾ പോലെ ഉപയോഗിച്ച്, കൃഷ്ണൻ്റെ ചുണ്ടിൽനിന്ന് ഒഴുകുന്ന ഓടക്കുഴൽ നാദമാകുന്ന ആ അമൃത് കുടിക്കുന്നു. അമ്മപ്പൈയ്‌ക്കളുടെ അകിടുകളിൽനിന്നും ചുരന്ന പാൽ വായ്ക്കുള്ളിലാക്കിയ കിടാങ്ങൾ, കണ്ണീരോടെ ഗോവിന്ദനെ കണ്ണുകൾ കൊണ്ട് ഉള്ളിലേക്ക് ആവാഹിക്കുകയും ഹൃദയത്തിൽ ആലിംഗനം ചെയ്യുകയും ചെയ്തുകൊണ്ട് അനങ്ങാതെ നിൽക്കുന്നു. കൂട്ടുകാരേ!, ഈ വനത്തിലെ പക്ഷികളെല്ലാം കൃഷ്ണനെ കാണാനായി മരങ്ങളുടെ മനോഹരമായ ചില്ലകളിൽ വന്നിരിക്കുന്നു. കണ്ണുകളടച്ച്, ഓടക്കുഴലിൻ്റെ മധുരമായ ശബ്ദം മാത്രമാണ് അവർ നിശബ്ദമായി കേൾക്കുന്നത്, മറ്റൊരു ശബ്ദത്തിലും അവർക്ക് ശ്രദ്ധയില്ല. തീർച്ചയായും ഈ പക്ഷികൾ മഹർഷിമാർക്ക് തുല്യരാണ്. കൃഷ്ണൻ്റെ ഓടക്കുഴൽനാദം കേൾക്കുമ്പോൾ, നദികളുടെ മനസ്സിൽ കൃഷ്ണനുവേണ്ടിയുള്ള ആഗ്രഹമുണരുകയും, അങ്ങനെ അവരുടെ ഒഴുക്ക് തകരുകയും ജലം ചുഴികളായി കലങ്ങുകയും ചെയ്യുന്നു. അപ്പോൾ തിരമാലകളാകുന്ന കൈകളാൽ നദികൾ മുരാരിയുടെ താമരപ്പാദങ്ങളെ ആലിംഗനം ചെയ്യുകയും, അവയിൽ പിടിച്ചുകൊണ്ട് താമരപ്പൂക്കൾ കാഴ്ചവെക്കുകയും ചെയ്യുന്നു.
ബലരാമനോടും ഗോപാലബാലന്മാരോടും ഒപ്പം, കൃഷ്ണൻ വേനൽക്കാലത്തെ കൊടുംചൂടിൽപോലും വ്രജത്തിലെ എല്ലാ മൃഗങ്ങളെയും മേയ്ക്കുന്നതിനിടയിൽ തുടർച്ചയായി ഓടക്കുഴൽ മുഴക്കുന്നു. ഇത് കണ്ടിട്ട്, ആകാശത്തിലെ മേഘം സ്നേഹത്താൽ വികസിക്കുകയും, ഉയർന്നുയർന്ന്, തൻ്റെ സുഹൃത്തിനുവേണ്ടി, പുഷ്പതുല്യമായ ജലത്തുള്ളികളോടുകൂടിയ സ്വന്തം ശരീരം കൊണ്ട് ഒരു കുട നിർമ്മിക്കുകയും ചെയ്യുന്നു. വൃന്ദാവനത്തിലെ വനവാസികളായ സ്ത്രീകൾ, കൃഷ്ണൻ്റെ താമരപ്പാദങ്ങളുടെ നിറത്തോട് കൂടിയ, അവിടുത്തെ പ്രിയപ്പെട്ടവരുടെ മാറിടങ്ങളെ അലങ്കരിച്ചിരുന്ന ചുവന്ന കുങ്കുമപ്പൊടി പുല്ലിൽ പതിഞ്ഞുകിടക്കുന്നത് കാണുമ്പോൾ കാമം കൊണ്ട് അസ്വസ്ഥരാകുന്നു. അവർ ആ പൊടി തങ്ങളുടെ മുഖത്തും മാറിടത്തും പുരട്ടുമ്പോൾ, അവർക്ക് പൂർണ്ണ തൃപ്തി അനുഭവപ്പെടുകയും എല്ലാ ആശങ്കകളും ഉപേക്ഷിക്കുകയും ചെയ്യുന്നു.
എൻ്റെ കൂട്ടുകാരേ!, എല്ലാ ഭക്തരിലും വച്ച് ഈ ഗോവർദ്ധനപർവ്വതം ഏറ്റവും ശ്രേഷ്ഠനാണ്! കുടിക്കാനുള്ള വെള്ളം, മൃദലമായ പുല്ല്, ഗുഹകൾ, പഴങ്ങൾ, പൂക്കൾ, പച്ചക്കറികൾ എന്നിങ്ങനെ കൃഷ്ണനും ബലരാമനും, അവരുടെ കിടാങ്ങൾക്കും പശുക്കൾക്കും ഗോപാലന്മാർക്കും ആവശ്യമായതെല്ലാം ഈ പർവ്വതം നൽകുന്നു. ഇപ്രകാരം ഈ മല ഭഗവാനെ ആദരിക്കുന്നു. കൃഷ്ണൻ്റെയും ബലരാമൻ്റെയും താമരപ്പാദങ്ങൾ സ്പർശിച്ചതിനാൽ ഗോവർദ്ധനഗിരി അത്യധികം സന്തോഷവാനായി കാണപ്പെടുന്നു. എൻ്റെ പ്രിയ സഖിമാരേ!, കൃഷ്ണനും ബലരാമനും തങ്ങളുടെ ഗോപാലസഖാക്കളോടൊപ്പം പശുക്കളെ തെളിച്ചുകൊണ്ട് വനത്തിലൂടെ കടന്നുപോകുമ്പോൾ, പാൽ കറക്കുന്ന സമയത്ത് പശുക്കളുടെ പിൻകാലുകൾ ബന്ധിക്കാനായുള്ള കയറുകൾ കയ്യിൽ കൊണ്ടുപോകുന്നു. ഭഗവാൻ കൃഷ്ണൻ ഓടക്കുഴൽ വായിക്കുമ്പോൾ, ആ മധുര സംഗീതം ചലിക്കുന്ന ജീവികളെ സ്തംഭിപ്പിക്കുകയും ചലനമില്ലാത്ത മരങ്ങളെ ആനന്ദത്താൽ വിറപ്പിക്കുകയും ചെയ്യുന്നു. ഈ കാഴ്ചകൾ തീർച്ചയായും അത്യധികം അത്ഭുതകരമാണ്.
ഇപ്രകാരം, വൃന്ദാവനത്തിലൂടെ വിഹരിക്കുന്ന പരമപുരുഷൻ്റെ ലീലാവിനോദങ്ങൾ പരസ്പരം വർണ്ണിച്ചുകൊണ്ട്, ഗോപികമാർ പൂർണ്ണമായും അവിടുത്തെ ചിന്തകളിൽ മുഴുകി.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തൊന്നാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>
.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ