2025 ഡിസംബർ 25, വ്യാഴാഴ്‌ച

10:33 രാസക്രീഡ

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 33

രാസക്രീഡ

ശുകദേവൻ പറഞ്ഞു: ഭഗവാൻ ശ്രീകൃഷ്ണന്റെ മനോഹരമായ സംസാരം കേട്ടപ്പോൾ ഗോപികമാർ അവിടുത്തെ വേർപാടിലുണ്ടായ ദുഃഖമെല്ലാം മറന്നു. ഭഗവാന്റെ ദിവ്യമായ അംഗങ്ങളിൽ സ്പർശിച്ചപ്പോൾ തങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമായതായി അവർക്ക് അനുഭവപ്പെട്ടു. യമുനാതീരത്ത്, സ്ത്രീരത്നങ്ങളായ ഭക്തരായ ഗോപികമാരോടൊപ്പം ഭഗവാൻ ഗോവിന്ദൻ രാസലീല ആരംഭിച്ചു. അവർ സന്തോഷത്തോടെ കൈകോർത്തു നിന്നു. ഗോപികമാർ വട്ടത്തിൽ അണിനിരന്നതോടെ ഉത്സവപ്രതീതി ഉണർത്തുന്ന രാസനൃത്തം ആരംഭിച്ചു. കൃഷ്ണൻ പലതായി മാറി, ഓരോ ഈരണ്ട് ഗോപികമാർക്കിടയിലും പ്രത്യക്ഷപ്പെട്ടു. ആ യോഗേശ്വരൻ തങ്ങളുടെ കഴുത്തിലൂടെ കൈകൾ ചുറ്റിയപ്പോൾ, തന്നോടൊപ്പം മാത്രമാണ് കൃഷ്ണൻ നിൽക്കുന്നതെന്ന് ഓരോ ഗോപികയും കരുതി. ഈ രാസനൃത്തം കാണാനുള്ള ആകാംക്ഷയോടെ ദേവന്മാരും അവരുടെ പത്നിമാരും തങ്ങളുടെ വിമാനങ്ങളിൽ ആകാശത്ത് ഒത്തുചൂടി. ആകാശത്ത് ദുന്ദുഭികൾ മുഴങ്ങി, പുഷ്പവൃഷ്ടിയുണ്ടായി. ഗന്ധർവ്വമുഖ്യന്മാരും തങ്ങളുടെ പത്നിമാർക്കൊപ്പം കൃഷ്ണന്റെ പരിശുദ്ധമായ കീർത്തനങ്ങൾ ആലപിച്ചു.

രാസനൃത്തത്തിനിടയിൽ കൃഷ്ണനോടൊപ്പം ഗോപികമാർ നൃത്തം ചെയ്തപ്പോൾ, അവരുടെ വളകളുടെയും പാദസരങ്ങളുടെയും അരഞ്ഞാണങ്ങളുടെയും കിലുക്കം വലിയ ശബ്ദമായി ഉയർന്നു. നൃത്തം ചെയ്യുന്ന ഗോപികമാർക്കിടയിൽ ഭഗവാൻ ശ്രീകൃഷ്ണൻ, സ്വർണ്ണാഭരണങ്ങൾക്കിടയിലെ ഇന്ദ്രനീലം പോലെ അതിശോഭയോടെ വിളങ്ങി. ഗോപികമാർ കൃഷ്ണനെ സ്തുതിച്ചു പാടുമ്പോൾ അവരുടെ പാദങ്ങൾ ചലിച്ചു, കൈകൾ മുദ്രകൾ കാട്ടി, പുഞ്ചിരിയോടെ പുരികങ്ങൾ ഇളകി. വിയർത്ത മുഖങ്ങളും, ഇളകുന്ന കമ്മലുകളും, വസ്ത്രങ്ങളും ആഭരണങ്ങളുമായി നൃത്തം ചെയ്ത ഗോപികമാർ മേഘങ്ങൾക്കിടയിലെ മിന്നൽപിണരുകൾ പോലെ ശോഭിച്ചു. ഭഗവാനെ പ്രാപിക്കാനുള്ള ആഗ്രഹത്താൽ അവർ ഉച്ചത്തിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. കൃഷ്ണന്റെ സ്പർശനത്താൽ ആനന്ദഭരിതരായ അവർ പാടിയ പാട്ടുകൾ പ്രപഞ്ചം മുഴുവൻ നിറഞ്ഞു. ഒരു ഗോപിക കൃഷ്ണന്റെ സ്വരത്തിനൊപ്പം ചേർന്ന് അതിനേക്കാൾ ഉയർന്ന ശ്രുതിയിൽ മനോഹരമായി പാടി. ഇതിൽ പ്രസന്നനായ കൃഷ്ണൻ "കൊള്ളാം! കൊള്ളാം!" എന്ന് പറഞ്ഞ് അവളെ അഭിനന്ദിച്ചു. മറ്റൊരു ഗോപിക അതേ രാഗം വ്യത്യസ്തമായ താളത്തിൽ പാടിയപ്പോഴും ഭഗവാൻ അവളെയും പുകഴ്ത്തി.

നൃത്തം ചെയ്ത് തളർന്ന ഒരു ഗോപിക തന്റെ അരികിൽ നിന്നിരുന്ന കൃഷ്ണന്റെ തോളിൽ പിടിച്ചു. നൃത്തം കാരണം അവളുടെ വളകളും തലയിലെ പൂക്കളും അഴിഞ്ഞു വീണിരുന്നു. മറ്റൊരു ഗോപികയുടെ തോളിൽ കൃഷ്ണൻ കൈവെച്ചു. ചന്ദനത്തിന്റെയും നീലോല്പലത്തിന്റെയും സുഗന്ധം കലർന്ന ആ കൈയുടെ ഗന്ധം ആസ്വദിച്ചപ്പോൾ അവൾ രോമാഞ്ചം കൊള്ളുകയും ഭഗവാന്റെ കൈയിൽ ചുംബിക്കുകയും ചെയ്തു. ഒരു ഗോപിക തന്റെ കവിൾ കൃഷ്ണന്റെ കവിളോടു ചേർത്തു. അവളുടെ തിളങ്ങുന്ന കമ്മലുകൾ ആ കവിളുകളെ കൂടുതൽ മനോഹരമാക്കി. കൃഷ്ണൻ താൻ ചവച്ചുകൊണ്ടിരുന്ന വെറ്റില അവൾക്ക് നൽകി. മറ്റൊരു ഗോപിക പാടിയും ആടിയും തളർന്നപ്പോൾ, തന്റെ അരികിൽ നിന്നിരുന്ന ഭഗവാൻ അച്യുതന്റെ താമരപ്പൂവ് പോലുള്ള കൈകൾ തന്റെ മാറോട് ചേർത്തുപിടിച്ചു. ലക്ഷ്മീദേവിയുടെ നാഥനായ അച്യുതനെ തങ്ങളുടെ പ്രിയതമനായി ലഭിച്ചപ്പോൾ ഗോപികമാർ അതിയായ സന്തോഷം അനുഭവിച്ചു. അവിടുന്ന് തങ്ങളുടെ കഴുത്തിലൂടെ കൈകൾ ചുറ്റിപ്പിടിച്ചപ്പോൾ അവർ ഭഗവാന്റെ മഹിമകൾ പാടി. കാതിലെ താമരപ്പൂക്കളും, അലസമായി കിടക്കുന്ന മുടിയിഴകളും, വിയർപ്പുതുള്ളികളും ഗോപികമാരുടെ മുഖകാന്തി വർദ്ധിപ്പിച്ചു. വളകളുടെയും പാദസരങ്ങളുടെയും താളത്തിനൊപ്പം വണ്ടുകൾ മൂളുന്നതുപോലെ അവർ ഭഗവാനൊപ്പം രാസലീലയിൽ ആറാടി.

രാജൻ!, ഇപ്രകാരം ആദിനാഥനായ നാരായണൻ വ്രജത്തിലെ സുന്ദരിമാരോടൊപ്പം പുഞ്ചിരിച്ചും ആലിംഗനം ചെയ്തും രസിച്ചു. ഇത് ഒരു കുട്ടി തന്റെ പ്രതിബിംബത്തോടൊപ്പം കളിക്കുന്നത് പോലെയായിരുന്നു. ഭഗവാന്റെ സാമീപ്യത്താൽ ആനന്ദവിവശരായ ഗോപികമാർക്ക് തങ്ങളുടെ മുടിയും വസ്ത്രങ്ങളും ആഭരണങ്ങളും അഴിഞ്ഞുവീഴുന്നത് തടയാനായില്ല. ആകാശത്തിൽ ഉപസ്ഥിതരായി കൃഷ്ണന്റെ ഈ ലീലകൾ കണ്ട ദേവസ്ത്രീകൾ മോഹിതരായി. ചന്ദ്രനും നക്ഷത്രങ്ങളും പോലും ആശ്ചര്യപ്പെട്ടുപോയി. ഓരോ ഗോപികയ്ക്കും ഒപ്പം ഓരോ കൃഷ്ണന്മാരായി ഭഗവാൻ സ്വയം മാറുകയായിരുന്നു. ആത്മസംതൃപ്തനായ ഭഗവാൻ അവർക്കായി ആ നൃത്തത്തിൽ പങ്കുചേർന്നു. ഒടുവിൽ ഗോപികമാർ തളർന്നുവെന്നുകണ്ട കരുണാനിധിയായ കൃഷ്ണൻ തന്റെ കൈകൾകൊണ്ട് അവരുടെ മുഖം തുടച്ചുകൊടുത്തു. ഗോപികമാർ പുഞ്ചിരിയോടെ തങ്ങളുടെ പ്രിയതമനെ നോക്കി. അവിടുത്തെ സ്പർശനത്താൽ ആനന്ദം അനുഭവിച്ച അവർ ഭഗവാന്റെ മംഗളകരമായ ലീലകളെ വാഴ്ത്തി പാടി.

രാസലീലയ്ക്ക് ശേഷം കൃഷ്ണൻ ഗോപികമാരുടെ തളർച്ച മാറ്റാനായി യമുനാ നദിയിൽ ഇറങ്ങി. വണ്ടുകൾ കൂടെപ്പാടി. ഒരു ഗജരാജൻ തന്റെ പത്നിമാരോടൊപ്പം വെള്ളത്തിൽ ഇറങ്ങുന്നതുപോലെയായിരുന്നു അത്. ശക്തനായ ഒരാന പാടത്തെ വരമ്പുകൾ തകർക്കുന്നത് പോലെ ഭഗവാൻ ലൗകികമായ എല്ലാ നിയമങ്ങൾക്കും അതീതനായി പ്രവർത്തിച്ചു. ജലത്തിൽ വച്ച് ഗോപികമാർ തന്തിരുവടിക്കുനേരെ വെള്ളം തെറിപ്പിച്ചുകളിച്ചു. ദേവന്മാർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തി. ഭഗവാൻ ആ കളിയിൽ ആനന്ദം കണ്ടെത്തി. പിന്നീട് ഭഗവാൻ യമുനാതീരത്തെ പൂക്കൾ നിറഞ്ഞ വനത്തിലൂടെ നടന്നു. സുന്ദരിമാരായ ഗോപികമാർക്കും വണ്ടുകൾക്കുമൊപ്പം കൃഷ്ണൻ ഒരു മദയാനയെപ്പോലെ ശോഭിച്ചു. ഗോപികമാർക്ക് കൃഷ്ണനോട് അതിയായ അനുരാഗമുണ്ടായിരുന്നെങ്കിലും, ഭഗവാൻ ലൗകികമായ കാമവികാരങ്ങൾക്ക് അതീതനായിരുന്നു. എങ്കിലും തന്റെ ദിവ്യലീലകൾക്കായി ആ ശരത്കാല രാത്രികൾ ഭഗവാൻ ഉപയോഗിച്ചു.

പരീക്ഷിത്ത് മഹാരാജാവ് ചോദിച്ചു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠ!,  അധർമ്മം നശിപ്പിക്കാനും ധർമ്മം പുനഃസ്ഥാപിക്കാനുമാണ് ഭഗവാൻ അവതരിച്ചത്. ധർമ്മസംരക്ഷകനായ അവിടുന്ന് എങ്ങനെയാണ് പരസ്ത്രീകളെ സ്പർശിച്ചുകൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്തത്? ഞങ്ങളുടെ സംശയം തീർത്തുതന്നാലും. ആത്മസംതൃപ്തനായ ഭഗവാൻ എന്തിനാണ് ഇപ്രകാരം പെരുമാറിയത്?

ശുകദേവൻ മറുപടി നൽകി: ശക്തരായ നിയന്താക്കൾ ചെയ്യുന്ന ചില കാര്യങ്ങൾ സാധാരണക്കാർക്ക് തെറ്റായി തോന്നാമെങ്കിലും അത് അവരെ ബാധിക്കില്ല. സർവ്വവും ദഹിപ്പിക്കുന്ന അഗ്നിയെ മാലിന്യങ്ങൾ ബാധിക്കാത്തതുപോലെയാണത്. സാധാരണക്കാരൻ ഒരിക്കലും ഇത്തരത്തിലുള്ള പ്രവൃത്തികൾ അനുകരിക്കാൻ പാടില്ല. പരമശിവൻ കാളകൂടവിഷം കുടിച്ചതുപോലെയാണത്. മറ്റാരെങ്കിലും അത് ചെയ്താൽ നശിച്ചുപോകും. ഭഗവാന്റെ വാക്കുകൾ സത്യമാണ്, അവിടുത്തെ നിർദ്ദേശങ്ങൾ പാലിക്കുകയാണ് ബുദ്ധിമാന്മാർ ചെയ്യേണ്ടത്. അഹങ്കാരമില്ലാത്ത മഹാത്മാക്കൾക്ക് പുണ്യപാപങ്ങൾ ബാധകമല്ലെങ്കിൽ, സർവ്വചരാചരങ്ങളുടെയും നാഥനായ ഭഗവാനെ എങ്ങനെ പാപം ബാധിക്കും? ഭഗവാന്റെ പാദസേവ ചെയ്യുന്ന ഭക്തരെ പോലും കർമ്മഫലങ്ങൾ ബാധിക്കില്ലെങ്കിൽ, തന്റെ ഇഷ്ടപ്രകാരം രൂപം എടുക്കുന്ന ഭഗവാനെ എങ്ങനെ കർമ്മം ബാധിക്കാനാണ്? ഗോപികമാരിലും അവരുടെ ഭർത്താക്കന്മാരിലും സകല ജീവികളിലും സാക്ഷിയായി ഇരിക്കുന്നത് ഈ ഭഗവാനാണ്. അവിടുന്ന് തന്റെ ദിവ്യലീലകൾക്കായി രൂപം കൊള്ളുന്നു എന്ന് മാത്രം. ഭക്തരോടുള്ള കരുണ കാരണമാണ് ഭഗവാൻ മനുഷ്യരൂപത്തിൽ വരുന്നത്. ഇത്തരം ലീലകൾ കേൾക്കുന്നവർക്ക് ഭഗവാനിൽ ഭക്തി വർദ്ധിക്കും. 

കൃഷ്ണന്റെ മായയാൽ ഗോപികമാരുടെ ഭർത്താക്കന്മാർ തങ്ങളുടെ പത്നിമാർ അരികിൽ തന്നെയുണ്ടെന്ന് വിശ്വസിച്ചു. അതിനാൽ അവർക്ക് അസൂയ തോന്നിയില്ല. രാത്രി അവസാനിച്ചപ്പോൾ ഭഗവാന്റെ നിർദ്ദേശപ്രകാരം ഇഷ്ടമില്ലാതിരുന്നിട്ടും ഗോപികമാർ വീട്ടിലേക്ക് മടങ്ങി.

വൃന്ദാവനത്തിലെ ഗോപികമാരും കൃഷ്ണനും തമ്മിലുള്ള ഈ ദിവ്യലീലകൾ ഭക്തിയോടെ കേൾക്കുകയോ വിവരിക്കുകയോ ചെയ്യുന്നവർക്ക് ഭഗവാനിൽ ശുദ്ധഭക്തി ലഭിക്കും. അവർ ഹൃദയരോഗമായ കാമത്തെ അതിജീവിച്ച് സമാധാനം കണ്ടെത്തും.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തിമൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ