2025 ഡിസംബർ 12, വെള്ളിയാഴ്‌ച

10:24 ഗോവർദ്ധനപൂജ

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 24 

ഗോവർദ്ധനപൂജ

-----------------------------------------------------------------------------------------------

 

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജാവേ!, വൃന്ദാവനത്തിൽ തൻ്റെ സഹോദരനായ ബലദേവനോടൊപ്പം താമസിക്കവേ, ഇന്ദ്രന് വേണ്ടിയുള്ള ഒരു യാഗത്തിന് ഗോപാലന്മാർ തിടുക്കത്തിൽ ഒരുക്കങ്ങൾ ചെയ്യുന്നത് ശ്രീകൃഷ്ണഭഗവാൻ കാണാനിടയായി. സർവ്വജ്ഞനും പരമാത്മാവുമായ ഭഗവാൻ ശ്രീകൃഷ്ണന് കാര്യം മുൻപേ അറിയാമായിരുന്നെങ്കിലും, തൻ്റെ പിതാവായ നന്ദഗോപരുടെ നേതൃത്വത്തിലുള്ള മുതിർന്നവരോട് ഭഗവാൻ വിനയത്തോടെ അതിനെക്കുറിച്ചു അന്വേഷിച്ചു.

ശ്രീകൃഷ്ണൻ പറഞ്ഞു: അച്ഛാ, നിങ്ങളെല്ലാം ചേർന്ന് നടത്തുന്ന ഈ വലിയ ഒരുക്കങ്ങൾ എന്തിനുവേണ്ടിയാണെന്ന് എനിക്ക് ദയവായി വിശദീകരിച്ചു തന്നാലും. ഇത് എന്ത് ലക്ഷ്യം നേടുന്നതിന് വേണ്ടിയാണ്? ഇത് ഒരു ആചാരപരമായ യാഗമാണെങ്കിൽ, ആർക്ക് വേണ്ടിയാണ് ഇത് നടത്തുന്നത്, ഏത് മാർഗ്ഗത്തിലൂടെയാണ് ഇത് നടപ്പിലാക്കാൻ പോകുന്നത്? അച്ഛാ, അതിനെക്കുറിച്ച് എന്നോട് പറയുക. അറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്, തികഞ്ഞ ശ്രദ്ധയോടെ അത് കേൾക്കാൻ ഞാൻ തയ്യാറാണ്. തന്നെപ്പോലെ മറ്റെല്ലാവരെയും കാണുന്നവരും, 'എൻ്റേത്', 'മറ്റൊരാളുടേത്' എന്ന ചിന്തയില്ലാത്തവരും, മിത്രം, ശത്രു, എന്നീ ഭേദചിന്തകളില്ലാത്തവരുമായ സജ്ജനങ്ങൾ ഒരിക്കലും രഹസ്യങ്ങൾ സൂക്ഷിക്കാറില്ല. ചിലസമയത്ത്  ഉദാസീനനായ ഒരാളെ ശത്രുവിനെപ്പോലെകണ്ട് ഒഴിവാക്കാം, പക്ഷേ ഒരു സുഹൃത്തിനെ സ്വന്തം ആത്മാവിനെപ്പോലെ കരുതണം എന്നതാണ് സത്യം. ഈ ലോകത്തിൽ ആളുകൾ കർമ്മങ്ങൾ ചെയ്യുമ്പോൾ, ചിലർ അവർ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു, മറ്റു ചിലരാകട്ടെ, ഒന്നുമറിയാതെ എന്തൊക്കെയോ ചെയ്യുന്നു. തങ്ങൾ ചെയ്യുന്നതെന്തെന്ന് അറിയുന്നവർ തങ്ങളുടെ പ്രവൃത്തിയിൽ വിജയം നേടുന്നു, എന്നാൽ അജ്ഞാനികളായ കർമ്മികൾക്ക് അതിന് കഴിയുന്നില്ല. അങ്ങനെയെങ്കിൽ, അങ്ങയുടെ ഈ ആചാരപരമായ പ്രയത്നം എനിക്ക് വ്യക്തമായി വിശദീകരിച്ചു തരണം. ഇത് ശാസ്ത്രവിധിയിൽ അധിഷ്ഠിതമായ ചടങ്ങാണോ, അതോ സാധാരണ സമൂഹത്തിൻ്റെ ഒരു ആചാരം മാത്രമാണോ?

നന്ദ മഹാരാജാവ് മറുപടി പറഞ്ഞു: മകനേ!, മഴയുടെ അധിപനായ ഇന്ദ്രനാണ് മഴയെ നിയന്ത്രിക്കുന്നത്. മേഘങ്ങൾ അദ്ദേഹത്തിൻ്റെ പ്രതിനിധികളാണ്, അവ നേരിട്ട് വർഷം പ്രധാനം ചെയ്യുന്നു. അത് എല്ലാ ജീവജാലങ്ങൾക്കും സന്തോഷവും നിലനിൽപ്പും നൽകുന്നു. പ്രിയപ്പെട്ട മകനേ!, ഞങ്ങൾ മാത്രമല്ല, മഴ നൽകുന്ന മേഘങ്ങളുടെ അധിപനായ ഇന്ദ്രനെ മറ്റു പലരും ആരാധിക്കുന്നു. അങ്ങനെ ഇന്ദ്രൻ ചൊരിയുന്ന മഴയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ധാന്യങ്ങളും മറ്റ് പൂജാദ്രവ്യങ്ങളും ഞങ്ങൾ അദ്ദേഹത്തിന് സമർപ്പിക്കുന്നു. ഇന്ദ്രന് വേണ്ടിയുള്ള യാഗങ്ങളുടെ പ്രസാദം സ്വീകരിക്കുന്നതിലൂടെ, മനുഷ്യർക്ക് ജീവിതം നിലനിർത്താനും ധർമ്മം, സമ്പത്ത്, ഇന്ദ്രിയതൃപ്തി എന്നീ ലക്ഷ്യങ്ങൾ നേടാനും സാധിക്കുന്നു. അതിനാൽ, കഠിനാധ്വാനികളായ ജനങ്ങളുടെ കർമ്മഫലസിദ്ധിയുടെ കർത്താവ് ഇന്ദ്രദേവനാണ്. ഈ ധാർമ്മികതത്വം ശക്തമായ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കാമം, ശത്രുത, ഭയം, അത്യാഗ്രഹം എന്നിവ കാരണം ഇത് നിരാകരിക്കുന്ന ആർക്കും തീർച്ചയായും നല്ല ഭാഗ്യം നേടാൻ കഴിയില്ല. 

ശുകദേവ ഗോസ്വാമി പറഞ്ഞു: രാജാവേ!, തൻ്റെ പിതാവായ നന്ദൻ്റെയും വ്രജത്തിലെ മറ്റ് മുതിർന്നവരുടെയും വാക്കുകൾ കേട്ട ഭഗവാൻ ഇന്ദ്രദേവനിൽ കോപം ഉണർത്താനായി തൻ്റെ പിതാവിനോട് ഇപ്രകാരം സംസാരിച്ചു.

ശ്രീകൃഷ്ണൻ പറഞ്ഞു: കർമ്മത്തിൻ്റെ ശക്തിയാലാണ് ഒരു ജീവി ജനിക്കുന്നതും, കർമ്മം കൊണ്ട് മാത്രമാണ് അവൻ്റെ നാശവും സംഭവിക്കുന്നത്. അവൻ്റെ സന്തോഷം, ദുരിതം, ഭയം, സുരക്ഷിതത്വബോധം എന്നിവയെല്ലാം കർമ്മത്തിൻ്റെ ഫലങ്ങളായി ഉണ്ടാകുന്നതാണ്. എല്ലാവർക്കും അവരുടെ കർമ്മങ്ങളുടെ ഫലം നൽകുന്ന ഒരു നിയന്താവ് ഉണ്ടെങ്കിൽപോലും, പ്രവർത്തിയാണ് കർമ്മഫലത്തിന്റെ യാഥാർത്ഥഘടകം എന്നത്. കാരണം, കർമ്മങ്ങൾ ചെയ്തിട്ടില്ലെങ്കിൽ കർമ്മഫലം സാധ്യമല്ലല്ലോ. ഈ ലോകത്തിലെ ജീവികൾ തങ്ങളുടെ മുൻപുള്ള പ്രത്യേക കർമ്മങ്ങളുടെ ഫലങ്ങൾ അനുഭവിക്കാൻ നിർബന്ധിതരാണ്. ഒരു മനുഷ്യൻ്റെ സ്വഭാവത്തിൽ നിന്ന് ജനിക്കുന്ന വിധിയെ ഒരു തരത്തിലും ഇന്ദ്രന് മാറ്റാൻ കഴിയില്ലെങ്കിൽ, എന്തിനാണ് ആളുകൾ അദ്ദേഹത്തെ ആരാധിക്കുന്നത്? ഓരോ വ്യക്തിയും അവനവൻ്റെ സ്വഭാവത്തിന് വിധേയനാണ്, അതിനാൽ അവൻ ആ സ്വഭാവത്തെ പിന്തുടരണം. ഈ പ്രപഞ്ചം മുഴുവനും, അതിലെ ദേവന്മാരും, അസുരന്മാരും, മനുഷ്യരും എല്ലാം ജീവികളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കർമ്മമാണ് ഒരുവനെ ഉയർന്നതും താഴ്ന്നതുമായ ഭൗതിക ശരീരങ്ങൾ സ്വീകരിക്കാനും ഉപേക്ഷിക്കാനും കാരണമാകുന്നത്. അതിനാൽ, ഈ കർമ്മമാണ് അവൻ്റെ ശത്രുവും, മിത്രവും, നിഷ്പക്ഷ സാക്ഷിയും, ആത്മീയ ഗുരുവായിട്ടുള്ളതും, നിയന്ത്രിക്കുന്ന ഈശ്വരനും.

അതുകൊണ്ട്, കർമ്മത്തെത്തന്നെ ഗൗരവമായി ആരാധിക്കണം. ഒരാൾ തൻ്റെ സ്വഭാവത്തിന് അനുയോജ്യമായ സ്ഥാനത്ത് നിലകൊള്ളുകയും സ്വന്തം കർത്തവ്യം നിർവ്വഹിക്കുകയും വേണം. വാസ്തവത്തിൽ, നമ്മുക്ക് നന്നായി ജീവിക്കാൻ കഴിയുന്നത് എന്തിനെ ആധാരമാക്കിയിട്ടാണോ,  അതിനെയാണ് നമ്മൾ ആരാധിക്കേണ്ടത്. നമ്മുടെ ജീവിതത്തെ നിലനിർത്തുന്ന ഒന്നിനെവിട്ട് നമ്മൾ മറ്റൊന്നിൽ അഭയം തേടിയാൽ, നമുക്ക് എങ്ങനെ യഥാർത്ഥ ലക്ഷ്യം കൈവരിക്കാൻ കഴിയും? അങ്ങനെ ചെയ്യുന്ന പക്ഷം, നമ്മൾ പരപുരുഷന്മാരുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രയോജനം നഷ്ടമാക്കുന്ന അവിശ്വസ്തയായ ഒരു സ്ത്രീയെപ്പോലെയാകും. വേദങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ ബ്രാഹ്മണൻ തൻ്റെ ജീവിതം നിലനിർത്തുന്നു, ഭൂമിയെ സംരക്ഷിക്കുന്നതിലൂടെ ക്ഷത്രിയവർഗ്ഗത്തിൽപ്പെട്ടവർ, വ്യാപാരത്തിലൂടെ വൈശ്യൻ, മറ്റുള്ള വർഗ്ഗങ്ങളെ സേവിക്കുന്നതിലൂടെ ശൂദ്രൻ എന്നിവർ തങ്ങളുടെ ജീവിതം നയിക്കുന്നു. വൈശ്യൻ്റെ തൊഴിൽപരമായ കടമകൾ നാലായി തിരിച്ചിരിക്കുന്നു: കൃഷി, വാണിജ്യം, ഗോരക്ഷ, പണമിടപാട്. ഇതിൽ, ഒരു സമൂഹമെന്ന നിലയിൽ ഞങ്ങൾ എപ്പോഴും ഗോരക്ഷയിലാണ് ഏർപ്പെട്ടിരിക്കുന്നത്.

സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുടെ കാരണങ്ങൾ ഇവിടെ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ പ്രകൃതിയുടെ മൂന്ന് ഗുണങ്ങളാണ്. പ്രത്യേകിച്ചും, രജോഗുണമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ലൈംഗിക സംയോജനത്തിലൂടെ അതിനെ വൈവിധ്യപൂർണ്ണമാക്കുകയും ചെയ്യുന്നത്. ഭൗതികമായ രജോഗുണത്താൽ പ്രേരിതമായി മേഘങ്ങൾ എല്ലായിടത്തും മഴ ചൊരിയുന്നു, ഈ മഴയാൽ എല്ലാ ജീവജാലങ്ങൾക്കും അവയുടെ നിലനിൽപ്പ് ലഭിക്കുന്നു. ഈ ക്രമീകരണത്തിൽ മഹാനായ ഇന്ദ്രന് എന്ത് ചെയ്യാനുണ്ട്? 

പ്രിയപ്പെട്ട അച്ഛാ, നമ്മുടെ വീട് നഗരങ്ങളിലോ പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ അല്ല. വനവാസികളായ നമ്മൾ എപ്പോഴും വനത്തിലും മലകളിലുമാണ് താമസിക്കുന്നത്. അതുകൊണ്ട്, പശുക്കൾക്കും, ബ്രാഹ്മണർക്കും, ഗോവർദ്ധനഗിരിക്കും പ്രീതികരമായ ഒരു യാഗം ആരംഭിക്കട്ടെ! ഇന്ദ്രനെ ആരാധിക്കാൻ ശേഖരിച്ച എല്ലാ പൂജാദ്രവ്യങ്ങളോടും കൂടി ഈ യാഗം പകരം നടത്തണം. മധുരമുള്ള പാൽപായസം മുതൽ പച്ചക്കറി വിഭവങ്ങൾ വരെ പലതരം ഭക്ഷണങ്ങൾ പാചകം ചെയ്യട്ടെ! ചുട്ടെടുത്തതും വറുത്തതുമായ പലതരം പലഹാരങ്ങൾ തയ്യാറാക്കണം. ലഭ്യമായ എല്ലാ പാൽ ഉത്പന്നങ്ങളും ഈ യാഗത്തിനായി എടുക്കണം. വേദമന്ത്രങ്ങളിൽ അറിവുള്ള ബ്രാഹ്മണർ യാഗാഗ്നി വേണ്ടവിധം ജ്വലിപ്പിക്കണം. എന്നിട്ട് നിങ്ങൾ പുരോഹിതന്മാർക്ക് നന്നായി തയ്യാറാക്കിയ ഭക്ഷണം നൽകുകയും പശുക്കളും മറ്റ് ദാനങ്ങളും നൽകി അവർക്ക് പ്രതിഫലം നൽകുകയും വേണം. നായ്ക്കൾ, ചണ്ടാളന്മാർ തുടങ്ങിയ താഴ്ന്നവർക്ക് ഉൾപ്പെടെ മറ്റെല്ലാവർക്കും ഉചിതമായ ഭക്ഷണം നൽകിയ ശേഷം, നിങ്ങൾ പശുക്കൾക്ക് പുല്ല് നൽകുകയും തുടർന്ന് ഗോവർദ്ധന ഗിരിക്ക് നിങ്ങളുടെ ആദരവുള്ള വഴിപാടുകൾ സമർപ്പിക്കുകയും വേണം.

തൃപ്തിയോടെ ഭക്ഷണം കഴിച്ചശേഷം, നിങ്ങൾ എല്ലാവരും മനോഹരമായി വസ്ത്രം ധരിക്കുകയും അണിഞ്ഞൊരുങ്ങുകയും, ശരീരത്തിൽ ചന്ദനം പൂശുകയും, എന്നിട്ട് പശുക്കളെയും, ബ്രാഹ്മണരെയും, യാഗാഗ്നികളെയും, ഗോവർദ്ധനഗിരിയെയും പ്രദക്ഷിണം ചെയ്യുകയും വേണം. ഇതാണ് എൻ്റെ ആശയം, അച്ഛാ, ഇത് അങ്ങേയ്ക്ക് ഇഷ്ടമാണെങ്കിൽ നടപ്പിലാക്കാം. ഇങ്ങനെയുള്ള യാഗം പശുക്കൾക്കും, ബ്രാഹ്മണർക്കും, ഗോവർദ്ധന ഗിരിക്കും, അതുപോലെ എനിക്കും വളരെ പ്രിയപ്പെട്ടതായിരിക്കും.

ശുകദേവ ഗോസ്വാമി പറഞ്ഞു: ശക്തിമത്തായ കാലം തന്നെയായ ഭഗവാൻ ശ്രീകൃഷ്ണൻ ഇന്ദ്രൻ്റെ അഹങ്കാരം നശിപ്പിക്കാൻ ആഗ്രഹിച്ചു. ശ്രീകൃഷ്ണൻ്റെ വാക്കുകൾ കേട്ടപ്പോൾ നന്ദനും വ്രജത്തിലെ മറ്റ് മുതിർന്നവരും അത് ഉചിതമാണെന്ന് ചിന്തിച്ചറിഞ്ഞു. തുടർന്ന് ഗോപാലസമൂഹം ഭഗവാൻ നിർദ്ദേശിച്ചതെല്ലാം ചെയ്തു. അവർ മംഗളകരമായ വൈദിക മന്ത്രങ്ങൾ ചൊല്ലാൻ ബ്രാഹ്മണരെ ഏർപ്പെടുത്തി, ഇന്ദ്രയാഗത്തിനായി ഉദ്ദേശിച്ചിരുന്ന വസ്തുക്കൾ ഉപയോഗിച്ച്, ആദരവോടും ബഹുമാനത്തോടും കൂടി ഗോവർദ്ധനഗിരിക്കും ബ്രാഹ്മണർക്കും വഴിപാടുകൾ സമർപ്പിച്ചു. അവർ പശുക്കൾക്ക് പുല്ലും നൽകി. എന്നിട്ട്, പശുക്കളെയും, കാളകളെയും, കിടാക്കളെയും മുന്നിൽ നിർത്തി, അവർ ഗോവർദ്ധനത്തെ പ്രദക്ഷിണം ചെയ്തു.

നന്നായി അണിഞ്ഞൊരുങ്ങിയ ഗോപികമാർ കാളവണ്ടികളിൽ കയറി പിന്നാലെ പോകുമ്പോൾ, അവർ ശ്രീകൃഷ്ണൻ്റെ മഹത്വങ്ങൾ പാടികൊണ്ടിരുന്നു, അവരുടെ പാട്ടുകൾ ബ്രാഹ്മണരുടെ ആശീർവാദമന്ത്രങ്ങളുമായി ഇടകലർന്നു. തുടർന്ന്, ഗോപാലന്മാരിൽ വിശ്വാസം ഉറപ്പിക്കാനായി കൃഷ്ണൻ അഭൂതപൂർവമായ ഒരു വലിയ രൂപം സ്വീകരിച്ചു. "ഞാൻ ഗോവർദ്ധന പർവ്വതമാണ്!" എന്ന് പ്രഖ്യാപിച്ചുകൊണ്ട്, അദ്ദേഹം സമൃദ്ധമായ വഴിപാടുകൾ ഭക്ഷിച്ചു. വ്രജത്തിലെ ആളുകളോടൊപ്പം ഭഗവാൻ ഈ ഗോവർദ്ധനഗിരി രൂപത്തിന് മുൻപിൽ വണങ്ങി, അങ്ങനെ തന്നോടുതന്നെ നമസ്കാരം അർപ്പിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു, "ഈ മല എങ്ങനെയാണ് നേരിട്ട് പ്രത്യക്ഷപ്പെട്ട് നമ്മുക്ക് കാരുണ്യം ചൊരിഞ്ഞിരിക്കുന്നതെന്ന് കാണുക! "ഈ ഗോവർദ്ധനഗിരി, അത് ആഗ്രഹിക്കുന്ന ഏത് രൂപവും ധരിച്ചുകൊണ്ട്, അതിനെ അവഗണിക്കുന്ന വനവാസികളെ നശിപ്പിക്കും. അതുകൊണ്ട്, നമ്മുക്കും നമ്മുടെ പശുക്കൾക്കും വേണ്ടി നമുക്ക് അദ്ദേഹത്തിന് നമസ്കാരം അർപ്പിക്കാം."

അങ്ങനെ, വാസുദേവനായ ഭഗവാൻ്റെ പ്രചോദനത്താൽ ഗോവർദ്ധന ഗിരി, പശുക്കൾ, ബ്രാഹ്മണർ എന്നിവർക്കുവേണ്ടിയുള്ള യാഗം വേണ്ടവിധം നിർവ്വഹിച്ച ഗോപാലസമൂഹം ശ്രീകൃഷ്ണനോടൊപ്പം തങ്ങളുടെ ഗ്രാമമായ വ്രജത്തിലേക്ക് മടങ്ങി.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിനാലാമധ്യായം സമാപിച്ചു.


ഓം തത് സത്


<<<<<  >>>>>


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ