ഓം
ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം 18
(യയാതിയുടെ
ചരിതം)
ശ്രീശുകബ്രഹ്മർഷി
പറഞ്ഞു: “രാജാവേ!, ജീവന്ന് ഇന്ദ്രിയങ്ങൾ എന്നതുപോലെ നഹുഷൻ
എന്ന രാജാവിന് യതി, യയാതി, സംയാതി,
ആയതി, വിയതി, കൃതി എന്നീ
നാമങ്ങളിൽ ആറ് പുത്രന്മാരുണ്ടായിരുന്നു. ആത്മജ്ഞാനിയായിരുന്നതിനാൽ
അദ്ദേഹത്തിന്റെ മൂത്ത പുത്രൻ യതി പിതാവ് ആവശ്യപ്പെട്ടിട്ടും രാജ്യഭാരം ഏറ്റെടുത്തിരുന്നില്ല.
ഒരിക്കൽ ഇന്ദ്രാണിയിൽ ആകൃഷ്ടനാകകൊണ്ട് അഗസ്ത്യൻ മുതലായ മഹർഷിവര്യന്മാരാൽ
സ്വർഗ്ഗത്തിൽ നിന്നും സ്ഥാനഭ്രഷ്ടനാകപ്പെട്ട നഹുഷൻ അവിടെ നിന്നും നിപതിക്കുകയും,
പിന്നീട് ഒരു പെരുമ്പാമ്പിന്റെ രൂപത്തെ പ്രാപിക്കുകയും ചെയ്തു.
തതദവസരത്തിൽ നഹുഷന്റെ രണ്ടാമത്തെ പുത്രനായ യയാതി രാജ്യത്തെ ഏറ്റെടുത്ത്
ഭരണം ആരംഭിച്ചു. യയാതി തന്റെ നാല് ഇളയ സഹോദരന്മാരെ ദിക്പാലകരാക്കി
നിയമിച്ചു. തുടർന്ന്, ശുക്രാചാര്യരുടെ പുത്രി
ദേവയാനിയേയും, വൃഷപർവ്വാവിന്റെ മകൾ ശർമിഷ്ഠയേയും അദ്ദേഹം
വിവാഹം കഴിച്ച് രാജ്യപാലനവും ചെയ്തുപോന്നു.
രാജൻ!, ഇത്രയും
കേട്ടുകഴിഞ്ഞപ്പോൾ പരീക്ഷിത്ത് ചോദിച്ചു: “ഗുരോ!, ശുക്രാചാര്യൻ
ബ്രഹ്മർഷിയും യയാതി ക്ഷത്രിയവംശജനുമായിരുന്നല്ലോ!. പിന്നെങ്ങനെയായിരുന്നു
ജാത്യാചാരങ്ങൾക്ക് വിരുദ്ധമായി ഈ മംഗല്യങ്ങൾ സംഭവിച്ചതു?.”
ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ ശർമ്മിഷ്ഠയും ദേവയാനിയും
മറ്റനേകം തോഴിമാരോടൊപ്പം ഉപവനത്തിൽ ഉലാത്തുകയായിരുന്നു. ആ സുന്ദരിമാർ
തങ്ങളുടെ പട്ടുവസ്ത്രങ്ങൾ തടാകക്കരയിൽ അഴിച്ചുവച്ചതിനുശേഷം അതിലിറങ്ങി പരസ്പരം വെള്ളം
തേവിയൊഴിച്ചുകൊണ്ട് രസിക്കുവാൻ തുടങ്ങി. ആ സമയത്ത്, ശ്രീപാർവ്വതീദേവിയോടൊപ്പം
കാളപ്പുറത്ത് സഞ്ചരിക്കുകയായിരുന്ന മഹാദേവനെ കാണുകയും, നാണത്താൽ
പെട്ടെന്ന് അവർ തടാകത്തിൽനിന്ന് കരയ്ക്കുകയറി വസ്ത്രങ്ങൾ എടുത്തുടുക്കുകയും ചെയ്തു.
പക്ഷേ, ശർമ്മിഷ്ഠ വെപ്രാളത്തിനിടയിൽ തന്റേതെന്ന
തെറ്റിദ്ധാരണയിൽ ദേവയാനിയുടെ വസ്ത്രമായിരുന്ന് ധരിച്ചതു. അതിൽ
നീരസപ്പെട്ട ദേവയാനി ഇപ്രകാരം പറഞ്ഞു: “കഷ്ടം!, ദാസിയായ ഇവളുടെ പ്രവൃത്തി നോക്കൂ!.
യാഗത്തിലെ ഹവിസ്സിനെ നായ്ക്കൾ കട്ടെടുക്കുന്നതുപോലെ,
ഞാനുടുക്കേണ്ട വസ്ത്രം ഇവൾ എടുത്തണിഞ്ഞിരിക്കുന്നു.
ഈ വിശ്വത്തെ തങ്ങളുടെ തപഃശക്തികളാൽ സൃഷ്ടിച്ചവരും, പരമപുരുഷന്റെ തിരുമുഖത്തുനിന്നും ഉത്ഭവിച്ചവരും, ഈ ലോകത്തിൽ
ബ്രഹ്മതേജസ്സിനെ ധരിക്കുന്നവരും, മംഗളവൃത്തികളെ ഈ ലോകത്തിന് കാട്ടിക്കൊടുക്കുന്നവരും,
ഇന്ദ്രാദിദേവതകളാലും ഭഗവാൻ ശ്രീനാരായണനാൽപോലും നമിക്കപ്പെട്ടവരുമാണ് ഞങ്ങൾ
ബ്രാഹ്മണർ. മാത്രമല്ല, ഞങ്ങൾ ഭൃഗുവംശജരുമാണ്. എന്നാൽ, ഇവളുടെ പിതാവായവൻ ഒരഅസുരനും ഞങ്ങൾ ബ്രാഹ്മണരുടെ ശിഷ്യനുമാണ്.
ശൂദ്രൻ വേദമന്ത്രത്തെ ഗ്രഹിക്കുന്നതുപോലെ, ഞാൻ
ധരിക്കേണ്ടതായ വസ്ത്രത്തെ എടുത്ത് ധരിച്ചിരിക്കുന്നു.”
രാജൻ!, ഈവിധം തന്നെ നിന്ദിച്ചുകൊണ്ടിരുന്ന ദേവയാനിയോട് ദേഷ്യത്താൽ ചുണ്ടുകൾ
കടിച്ചമർത്തിപ്പിടിക്കുകൊണ്ട് ഒരു പെരുമ്പാമ്പിനെപ്പോലെ ചീറിക്കൊണ്ട് ശർമ്മിഷ്ഠ പറഞ്ഞു:
“ഹേ പിച്ചക്കാരീ!, സ്വന്തം സ്ഥിതിയെ വേണ്ടവിധം മനസ്സിലാക്കാതെ, നീ എന്തൊക്കെയോ പുലമ്പുന്നല്ലോ!. ബലി കൊത്തിത്തിന്നാൽ
കാത്തിരിക്കുന്ന കാക്കയെപ്പോലെ ഞങ്ങളുടെ വീട്ടുപടിക്കൽ കാത്തിരിക്കുന്നവളല്ലേ യഥാർത്ഥത്തിൽ
നീ?. അല്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ?.”
അല്ലയോ പരീക്ഷിത്തേ!, ഇങ്ങനെ കോപത്താൽ അവഹേളിച്ചുകൊണ്ട് ശർമ്മിഷ്ഠ ഗുരുപുത്രിയായ ദേവയാനിയുടെ
വസ്ത്രങ്ങൾ പിടിച്ചുവാങ്ങുകയും, അവളെ അടുത്തുള്ള ഒരു കിണറ്റിൽ
തള്ളിയിടുകയും ചെയ്തു. തുടർന്ന് ശർമ്മിഷ്ഠ സ്വവസതിയിലേക്ക് മടങ്ങി.
ആ സമയം, അത്ഭുതമെന്നോണം, നായാടിത്തളർന്ന് ദാഹജലം തേടി യയാതി രാജാവ് ആ കിണറ്റിനരികിലെത്തി അതിൽ പെട്ടുകിടന്ന ദേവയാനിയെ കാണാനിടവന്നു. വിവസ്ത്രയായ അവൾക്ക് നാണം മറയ്ക്കാൻ രാജാവ് തന്റെ ഉത്തരീയം
ഉടുക്കാൻ കൊടുക്കുകയും, അവളെ കൈക്കുപിടിച്ച് കരയ്ക്കണയ്ക്കുകയും
ചെയ്തു. പ്രേമനിർഭരമായ വാക്കുകളിൽ അവൾ രാജാവിനോട് പറഞ്ഞു:
“അല്ലയോ വീരനായ രാജാവേ!, അങ്ങെന്റെ കരം പിടിച്ച സ്ഥിതിക്ക്, ഇനി
മറ്റൊരാൾ തദർത്ഥം ഉണ്ടാകാൻ പാടില്ല. ഹേ വീരപുരുഷ!, ഇത് ദൈവഹിതമാണ്. കാരണം, കിണറ്റിൽ
വീണുകിടന്ന എന്റെ മുന്നിലേക്ക് അങ്ങെത്തിയത് ഈശ്വരനിശ്ചയമായിട്ടാണു.”
അല്ലയോ പരീക്ഷിത്ത്
രാജൻ!, യയാതിയുടെ മടക്കത്തിനുശേഷം, ദേവയാനി വീട്ടിലെത്തി സംഭവിച്ചതെല്ലാം കരഞ്ഞുകൊണ്ട് സ്വപിതാവിനോടറിയിച്ചു. മനം നൊന്ത് ശുക്രാചാര്യർ പൌരോഹിത്യവൃത്തിയെ
വെറുത്തുകൊണ്ടും, പകരം, ഉഞ്ഛവൃത്തിയെ നന്നെന്ന് നിനച്ചുകൊണ്ടും
മകളോടൊപ്പം ആ അസുരരാജധാനിയിൽനിന്നും ഇറങ്ങിനടന്നു. ശുക്രാചാര്യൻ
കൊട്ടാരം വിട്ടിറിങ്ങിയത് ദേവന്മാരോടൊപ്പം കൂടാനുള്ള നിശ്ചയത്തോടെയാണെന്ന് കണ്ടറിഞ്ഞ
അസുരരാജാവായ വൃഷപർവ്വാവ് ആ സമയം വഴിമധ്യേ ശിരോനമസ്ക്കാരം ചെയ്തുകൊണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്തുവാൻ
ശ്രമിച്ചു. അല്പസമയത്തിനുള്ളിൽ കോപം കെട്ടടങ്ങിയപ്പോൾ ശുക്രമഹർഷി
പറഞ്ഞു: “രാജൻ!, എന്റെ മകൾക്കൊരാഗ്രമുള്ളത് അങ്ങ് നിറവേറ്റിയാലും.
എനിക്കിവളെ കൈവിടാൻ കഴിയുകയില്ല.”
പരീക്ഷിത്തേ!, ‘ശരി’ എന്ന് സമ്മതിച്ചുനിൽക്കുന്ന വൃഷപർവ്വാവ് കേൾക്കുവാനായി
ആ സമയം, ദേവയാനി തന്റെ ആഗ്രഹം തുറന്നുപറഞ്ഞു:
“പിതാവ് എന്നെ മാംഗല്യം കഴിച്ചയയ്ക്കുന്നത്
എവിടേയ്ക്കാണെങ്കിലും, അവിടേയ്ക്ക് ശർമ്മിഷ്ഠ അവളുടെ
തോഴിമാരോടൊപ്പം വന്ന് എനിക്ക് ദാസിയായി കഴിയണം.”
രാജാവേ!, ശുക്രാചാര്യരുടെ സാന്നിധ്യത്തിന്റേയും അസാന്നിധ്യത്തിന്റേയും
പ്രാധാന്യം മനസ്സിലാക്കിയ ശർമ്മിഷ്ഠ തന്റെ ആയിരം തോഴിമാരോടൊപ്പം ചേർന്ന് ദേവയാനിയെ
പരിചരിക്കുവാൻ തുടങ്ങി. ശുക്രാചാര്യർ മകളെ യയാതിരാജാവിന് വിവാഹം
കഴിച്ചുനൽകി. ഒപ്പം ദാസിയായി ശർമ്മിഷ്ഠയേയും അദ്ദേഹത്തോടൊപ്പം
അയച്ചു. എന്നാൽ അവളെ ഒരിക്കലും സ്വശയ്യയിൽ കയറാൻ അനുവദിക്കരുതെന്നും
മഹർഷി യയാതിയ്ക്ക് ഉപദേശം നൽകി. ദേവയാനി അമ്മയായതോടെ ശർമ്മിഷ്ഠയും
തനിക്കൊരു കുഞ്ഞ് വേണമെന്നാഗ്രഹിച്ചു. അവൾ അതിനുവേണ്ടി
യയാതിയെ സമീപിക്കുവാൻ തീരുമാനിച്ചു. ഒരിക്കൽ സന്ദർഭമൊത്തുകിട്ടിയപ്പോൾ
അവൾ രാജാവിനെ കണ്ട് തനിക്കും ഒരു കുട്ടി വേണമെന്ന് അഭ്യർത്ഥിച്ചു. ശുക്രാചാര്യരുടെ ഉപദേശം ഓർമ്മയിലുണ്ടായിരുന്നിട്ടുകൂടി ധർമ്മജ്ഞനായ യയാതി അതിനെ
ഈശ്വരേച്ഛയായി കണ്ടുകൊണ്ട് ശർമ്മിഷ്ഠയുടെ അഭിലാഷത്തെ ഏറ്റെടുത്തു.
അങ്ങനെ ദേവയാനി യദു, തുർവസു
എന്നീ രണ്ടു പുത്രന്മാരേയും, ശർമ്മിഷ്ഠ ദ്രുഹ്യു, അനു, പുരു എന്നിവരേയും പ്രസവിച്ചു. സ്വാഭവികമെന്നോണം, സ്വന്തം ഭർത്താവിൽ ശർമ്മിഷ്ഠയ്ക്ക്
പുത്രന്മാർ ജനിച്ചതറിഞ്ഞ് അഭിമാനിയായ ദേവയാനിക്ക് കോപം വരികയും
അവൾ കൊട്ടാരം വിട്ട് പിതാവിന്റെ ഗൃഹത്തിലേക്ക് പോകുകയും ചെയ്തു. ഭാര്യയെ തിരികെ വിളിക്കുവാൻ പിന്തുടർന്നെത്തിയ യയാതിരാജാവ് പലവിധത്തിലും അവളെ
പ്രസാദിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് അക്കാര്യത്തിൽ വിജയിക്കുവാനായില്ല.
മാത്രമല്ല, വിവരമറിഞ്ഞെത്തിയ ശുക്രമഹർഷി കോപം കൊണ്ടുറഞ്ഞുതുള്ളി.
അദ്ദേഹം പറഞ്ഞു: “നുണ പറഞ്ഞും സ്ത്രീകൾക്ക് പിന്നാലെയും നടക്കുന്ന മന്ദനായ നിന്നെ മനുഷ്യർക്ക് വിരൂപമുണ്ടാക്കിവയ്ക്കുന്ന
വാർദ്ധക്യം ബാധിക്കാനിടവരട്ടെ!.”
ശാപതപ്തനായ യയാതി പറഞ്ഞു: “അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, അങ്ങയുടെ പുത്രിയുമായുള്ള
എന്റെ ജീവിതത്തിൽ എന്നെ ബാധിച്ചിരിക്കുന്ന ഈ വാർദ്ധക്യം എനിക്കും
ഇവൾക്കും ഒരുപോലെ ദുഷ്കരമാണ്. ആയതിനാൽ ശാപമോക്ഷം തന്നനുഗ്രഹിക്കുക.”
പരീക്ഷിത്ത് രാജാവേ!, അതുകേട്ട ശുക്രാചാര്യർ പറഞ്ഞു: “രാജൻ!, ആരെങ്കിലും
അങ്ങയുടെ ഈ വാർദ്ധക്യത്തെ സ്വീകരിച്ചുകൊണ്ട് തന്റെ യൌവ്വനം വിട്ടുനൽകാൻ തയ്യാറായാൽ
അത് സ്വീകരിച്ചുകൊണ്ട് അങ്ങ് ജീവിതത്തെ ആസ്വദിച്ചുകൊള്ളുക.”
ഇങ്ങനെ വീണ്ടും അനുഗ്രഹീതനായ
യയാതി തന്റെ മൂത്ത മകനായ യദുവിനെ വിളിച്ചുപറഞ്ഞു: “അല്ലയോ കുമാരാ!, മനുഷ്യർക്ക് വൈരൂപ്യം നൽകുന്നതായ എന്റെ ഈ വാർദ്ധക്യത്തെ സ്വീകരിക്കാൻ നിനക്ക് സമ്മതമാണോ? നിന്റെ
അപ്പുപ്പൻ വരുത്തിവച്ച ഈ ജരയെ നീ കൈക്കൊള്ളുക. പകരം നിന്റെ യൌവ്വനത്തെ എനിക്ക് തരിക. ഉണ്ണീ!,
ലൌകികസുഖങ്ങളിൽ ഞാൻ ഇപ്പോഴും അതൃപ്തനാണു. നിന്റെ
താരുണ്യം എനിക്ക് ലഭിക്കുന്നപക്ഷം ഇനിയും കുറെ വർഷങ്ങൾ എനിക്ക് സുഖലോലുപനായി ജീവിക്കാൻ
കഴിയും.”
യദു പറഞ്ഞു: “പിതാവേ!, യൌവ്വനത്തിനിടയിൽ അങ്ങേയ്ക്ക് സംഭവിച്ച
ഈ വാർദ്ധക്യത്തെ ഏറ്റെടുക്കുവാൻ ഞാൻ സന്നദ്ധനല്ല. കാരണം, ഒരുവൻ ഭൌതികസുഖങ്ങളെ ബാക്കിവച്ചൊഴിയുന്നതുകൊണ്ട്
അവന് മോക്ഷം സിദ്ധിക്കുകയില്ല.”
ശ്രീശുകൻ തുടർന്നു: അല്ലയോ
പരീക്ഷിത്ത് രാജൻ!, യയാതിയുടെ ഈ ആഗ്രഹത്തെ യദുവിനെപ്പോലെതന്നെ അദ്ദേഹത്തിന്റെ മറ്റ്
പുത്രന്മാരായ തുർവസുവും ദ്രുഹ്യുവും അനുവും നിഷേധിക്കുകതന്നെ ചെയ്തു. കാരണം, അവർ ധർമ്മത്തെ
അറിയാത്തവരും നശ്വരമായ ശരീരത്തെ അനശ്വരമെന്ന് കരുതിയവരുമായിരുന്നു. പിന്നീട് യയാതി
ഏറ്റവും ഇളയപുത്രനും എന്നാൽ ഗുണഗണങ്ങൾ ഏറിയവനുമായ പുരുവിനെ കണ്ട് തന്റെ ആഗ്രഹം അറിയിച്ചു.
അദ്ദേഹം പറഞ്ഞു: “മകനേ!, നിന്റെ ജ്യേഷ്ഠന്മാരെപ്പോലെ നീയും ഈ അച്ഛനെ കൈയ്യൊഴിയാതെ അകാലത്തിൽ എനിക്ക്
സംഭവിച്ച ഈ വാർദ്ധക്യത്തെ സ്വീകരിക്കുക.”
രാജൻ!, അതുകേട്ട് പുരു പറഞ്ഞു:
“ഹേ രാജൻ!, ആർക്കാണ് ഈ ലോകത്തിൽ ഒരു പിതാവിന്റെ
കടം വീട്ടുവാൻ സാധിക്കുന്നതു?. പിതാവിനാൽ പുത്രന് ഒരു ശരീരം പ്രാപ്തമാകുന്നു. അതിലൂടെ
അവന് പുരുഷാർത്ഥം സാധ്യമാകുന്നു. പിതാവിന്റെ മനോഗതത്തെ അറിഞ്ഞുകണ്ടുപ്രവർത്തിക്കുന്നവൻ
ഉത്തമനും, പറഞ്ഞുമാത്രം ചെയ്യുന്നവൻ മധ്യമനും, അനിഷ്ടത്തോടെ ചെയ്യുന്നവൻ അധമനും, എന്നാൽ
ചെയ്യാതിരിക്കുന്നവൻ പിതാവിന്റെ മലം മാത്രവുമാകുന്നു. രാജാവേ!,” ഇത്രയും പറഞ്ഞുകൊണ്ട് പുരു തന്റെ യൌവ്വനത്തെ
യയാതിയ്ക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ജരയെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
യയാതി മകനിൽനിന്നും ലഭ്യമായ യൌവ്വനത്തെ സ്വീകരിച്ചുകൊണ്ട് ലൌകികജീവിതം വേണ്ടുംവണ്ണം
അനുഭവിച്ചു. ഏഴു ദ്വീപുകൾക്കും അധിപനായ യയാതി പ്രജകളെ യഥാവിധി പരിപാലിച്ചു. യാതൊരു
തടസ്സങ്ങളുമില്ലാതെ അദ്ദേഹം തന്റെ ഇഷ്ടങ്ങൾക്കൊത്ത് വിഷയസുഖം അനുഭവിച്ചുകൊണ്ടിരുന്നു.
ദേവയാനിയും അദ്ദേഹത്തിന് സർവ്വവിധത്തിലും തുണയായി പ്രവർത്തിച്ചു. അങ്ങനെ, സമസ്തദേവതാമയനും
സർവ്വവേദസ്വരൂപനും യജ്ഞപുരുഷനുമായ ഭഗവാൻ ശ്രീഹരിയെ യയാതി വിവിധതരം യജ്ഞങ്ങൾകൊണ്ട് ദാനദക്ഷിണാദികളോടൊപ്പം
ആരാധിച്ചു. പ്രപഞ്ചകർത്താവായ ശ്രീവാസുദേവൻ, മേഘങ്ങൾ നിറഞ്ഞുനിൽക്കുന്ന സർവ്വഗതമായ ആകാശം
പോലെ, എങ്ങും നിറഞ്ഞുനിൽക്കുന്നു. എന്നാൽ, ഈ പ്രപഞ്ചം വിലയിക്കുമ്പോഴാകട്ടെ വൈവിധ്യമാർന്ന
ഈ സർവ്വവും അവനിൽതന്നെ അലിഞ്ഞുചേരുകയും ചെയ്യുന്നു. നാരായണനായി സർവ്വഭൂതഹൃദയങ്ങളിലും
വസിക്കുന്നവനും നഗ്നനേത്രങ്ങൾക്കഗോചരനായവും എന്നാൽ സർവ്വത്രവ്യാപ്തനായവനുമായ ശ്രീഹരിയെ
യയാതി നിഷ്കാമനായി സമാരാധിച്ചു. ഈ ഭൂമണ്ഡലത്തിന് മുഴുവനും അധിപനായിരുന്നുവെങ്കിലും
അതുപോലെ ഭൌതികസുഖാനുഭവങ്ങളാകുന്ന ആഴക്കടലിൽ ആയിരക്കണക്കിന് വർഷങ്ങൾ മുങ്ങിക്കിടന്നിരുന്നവനായിരുന്നുവെങ്കിലും
യയാതിക്ക് സർവ്വകാമങ്ങളിലുമുള്ള തൃപ്തി അടങ്ങാതെതന്നെ അവശേഷിച്ചു.”
ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനെട്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
Previous Next