2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

9.16 പരശുരാമൻ ക്ഷത്രിയവംശത്തെ ഒടുക്കുന്നത്

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 16

(പരശുരാമൻ ക്ഷത്രിയവംശത്തെ ഒടുക്കുന്നത്)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജാവേ!, അങ്ങനെ പിതാവായ ജമദഗ്നിയുടെ ഉപദേശപ്രകാരം പരശുരാമൻ ഒരുവർഷക്കാലം തീർത്ഥയാത്രകൾ ചെയ്ത് സംശുദ്ധനായി ഒടുവിൽ ആശ്രമത്തിൽ തിരിച്ചെത്തി. ഒരിക്കൽ, ജമദഗ്നിമഹർഷിയുടെ പത്നിയായ രേണുകാദേവി ഗംഗയിൽ ജലമെടുക്കാൻ പോയപ്പോൾ അവിടെ താമരപ്പൂമാലകളണിഞ്ഞ് അപ്സരസ്ത്രീകളോടൊപ്പം ക്രീഡിച്ചുകൊണ്ടിരിക്കുന്ന ഒരു ഗന്ധർവ്വരാജാവിനെ കാണാനിടയായി. ആ കാഴ്ച കണ്ട അവളിൽ ആ ഗന്ധർവ്വനെ പ്രാപിക്കുവാനുള്ള ആഗ്രഹമുണർന്നു. അവനെ നോക്കിക്കൊണ്ട് ഏറെ സമയം അവൾ അവിടെത്തന്നെ നിന്നു. ആയതിനാൽ ആശ്രമത്തിൽ അഗ്നിഹോത്രത്തിനുള്ള സമയം അതിക്രമിച്ചതും അവൾക്കറിയാൻ കഴിഞ്ഞില്ല. പൊടുന്നനെ അവൾ ചിന്തയിൽനിന്നുണർന്നു. അഗ്നിഹോത്രത്തിനുള്ള ജലമെത്തിക്കുവാൻ താമസിച്ചതിൽ തനിക്ക് ശാപമുണ്ടാകുമെന്ന് ശങ്കിച്ച രേണുക ജലകുംഭത്തെ ഭർത്താവായ ജമദഗ്നിയുടെ മുന്നിൽ വച്ച് തൊഴുകൈയ്യോടെ തലകുനിച്ചുനിന്നു. മാനസികമായി അവൾ ചെയ്ത വ്യഭിചാരത്തെ കണ്ടറിഞ്ഞ മുനി കോപത്താൽ വിറച്ചുകൊണ്ട് തന്റെ പുത്രന്മാരോട് പറഞ്ഞു: ഉണ്ണികളേ!, പാപിയായ ഇവളെ കൊന്നുകളയുക. സ്വാഭാവികമെന്നോണം മക്കൾക്കാർക്കും പിതാവിന്റെ ആ ആജ്ഞയെ നിറവേറ്റുവാൻ കഴിഞ്ഞില്ല. എന്നാൽ പിതാവിന്റെ തപസ്സിന്റേയും സമാധിയുടേയും നിജസ്ഥിതിയറിയാമായിരുന്ന ഭാർഗ്ഗവരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ട് മാതാവിനേയും സഹോദരങ്ങളേയും ക്ഷണത്തിൽ വധിച്ചു. അതിൽ സന്തുഷ്ടനായി ഭവിച്ച ജമദഗ്നി മകന് വേണ്ടുന്ന വരങ്ങളെ വരിക്കുവാൻ ആവശ്യപ്പെട്ടു. താൻ വധിച്ച മാതാവിനേയും സഹോദരങ്ങളേയും പുനർജീവിപ്പിക്കണമെന്നും, താൻ അവരെ ഒരിക്കൽ വധിച്ചുവെന്നുള്ള ഓർമ്മപോലും അവരിലുണ്ടാകരുതെന്നുമുള്ള വരത്തെ പിതാവിൽനിന്ന് പരശുരാമൻ ആ അവസരത്തിൽ വരിച്ചു. പെട്ടെന്നുതന്നെ അവരെല്ലാം ഉറക്കത്തിൽനിന്നുണരുന്നതുപോലെ പുനർജ്ജീവിച്ചു. പിതാവിന്റെ തപഃശക്തിയെക്കുറിച്ചും, നിഗ്രഹാനുഗ്രഹസാമർത്ഥ്യതയെക്കുറിച്ചും വേണ്ടവണ്ണം ബോധവാനായിക്കൊണ്ടുമാത്രമായിരുന്നു പരശുരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചതും, കേട്ടപാടെ അതിനെ നിറവേറ്റിയതും.

അല്ലയോ രാജൻ!, പരശുരാമന്റെ ശക്തിയ്ക്കുമുന്നിൽ ഭയന്നോടിയ കാർത്തവീര്യാർജ്ജുനന്റെ മക്കളിൽ ചിലർ പിതാവിന്റെ മരണത്തെ ഓർത്ത് ദുഃഖിതരായി കഴിയുകയായിരുന്നു. ഒരിക്കൽ പരശുരാമൻ സഹോദരന്മാരോടൊത്ത് കാട്ടിൽ പോയിരുന്ന സമയം, തക്കം പാർത്തിരുന്ന കാർത്തവീര്യാർജ്ജുനന്റെ പുത്രന്മാർ പ്രതികാരദാഹികളായി ജമദഗ്നിയുടെ ആശ്രമത്തിൽ പ്രവേശിച്ചു. അവർ ആ പാപകർമ്മത്തിന് നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള പുറപ്പാടായിരുന്നു അത്. ഭഗവാൻ ശ്രീനാരായണനിൽ മനസ്സുറപ്പിച്ച് ഹോമപ്പുരയിലിരിക്കുകയായിരുന്ന ജമദഗ്നിയെ അവർ വധിക്കുവാനൊരുങ്ങി. കരഞ്ഞുകൊണ്ട് രേണുക തന്റെ പതിയെ കൊല്ലരുതെന്ന് അവരുടെ കാലുപിടിച്ചപേക്ഷിച്ചു. എന്നാൽ, ക്ഷത്രിയധർമ്മം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും ക്രൂരന്മാരുമായിരുന്ന കാർത്തവീര്യാർജ്ജുനപുത്രന്മാർ ജമദഗ്നിമഹർഷിയുടെ തല കൊയ്തെടുത്ത് കടന്നുകളഞ്ഞു. ഭർത്താവിന്റെ വധം കണ്ട് മനോവ്യഥയിലാണ്ടുപോയ രേണുകാദേവി ആർത്തയായി നെഞ്ചത്തടിച്ചുകൊണ്ട്, രാമാ!, രാമാ! ഉണ്ണീ! വരൂ! വരൂ! എന്നിങ്ങനെ നിലവിളിച്ചു. ആ നിലവിളികേട്ട് ആശ്രമത്തിലേക്ക് ഓടിവന്ന പരശുരാമൻ കണ്ടത് കൊല്ലപ്പെട്ടിരിക്കുന്ന തന്റെ പിതാവിനെയായിരുന്നു. ദുഃഖംകൊണ്ടും കോപം കൊണ്ടും വ്യാകുലനായ പരശുരാമൻ പിതാവിന്റെ മൃതശരീരം കണ്ട് അയോ അച്ഛാ!, സാധുവും ധർമ്മിഷ്ടനുമായ അങ്ങ് ഞങ്ങളെവിട്ട് സ്വർഗ്ഗത്തെ പൂകിയല്ലോ! എന്ന് പറഞ്ഞുകൊണ്ട് ദീനദീനം വിലപിച്ചു. തുടർന്ന് പിതാവിന്റെ ശരീരം സഹോദരങ്ങളെ ഏല്പിച്ച് തന്റെ ആയുധമായ വെണ്മഴുവും കൈയ്യിലേന്തി ക്ഷത്രിയവംശത്തെ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുമെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി ആശ്രമത്തിൽനിന്നും ഇറങ്ങിപ്പുറപ്പെട്ടു.

ബ്രഹ്മഹത്യാമഹാപാപത്താൽ നഷ്ടമായ ഐശ്വര്യത്തോടുകൂടി മാഹിഷ്മതീനഗരിയിലെത്തി പരശുരാമൻ ക്ഷത്രിയന്മാരുടെ തലമണ്ടകളെക്കൊണ്ട് ആ നഗരമധ്യത്തിൽ ഒരു കൂറ്റൻ പർവ്വതംതന്നെ സൃഷ്ടിച്ചു. ഇങ്ങനെ ക്ഷത്രിയവംശങ്ങൾ അധർമ്മങ്ങൾ കാട്ടുംതോറും കരുത്തനായ പരശുരാമൻ തന്റെ പിതാവിന്റെ വധത്തെ നിമിത്തമാക്കിക്കൊണ്ട് ഇരുപത്തിയൊന്നു പ്രാവശ്യം ഭൂമിയെ ക്ഷത്രിയശൂന്യമാക്കിച്ചമച്ചു. അവരുടെ രക്തത്താൽ ബ്രഹ്മദ്വേഷികൾക്ക് ഭീതിവളരുമാറുള്ള ഒരു ഭീഷണനദിയേയും സൃഷ്ടിച്ചു. അതുപോലെ, സ്യമന്തപഞ്ചകമെന്ന ഒരു സ്ഥലത്ത് രക്തം കെട്ടിനിൽക്കുന്ന ഒൻപത് കയങ്ങളും രാമൻ തതർത്ഥം നിർമ്മിക്കുകയുണ്ടായി.

ശേഷം, പിതാവിന്റെ ശിരസ്സിനെ കണ്ടെടുത്ത് അത് ആ ഉടലിൽ ഉറപ്പിച്ച് പരശുരാമൻ ആ മൃതശരീരത്തെ കുശപുല്ലിൽ കിടത്തി. പിന്നീട് സകലാത്മാവും സർവ്വേശ്വരനുമായ ഭഗവാൻ ശ്രീഹരിയെ അഗ്നിയിൽ യജ്ഞത്തിലൂടെ ആരാധിച്ചു. യജ്ഞശേഷം, ഹോതാവിന് കിഴക്കൻ‌ദിക്കും, യജ്ഞകർത്താവായ ബ്രഹ്മന്ന് തെക്കൻ‌ദിക്കും, അധ്വര്യുവിന് പടിഞ്ഞാറൻ‌ദിക്കും, ഉദ്ഗാതാവിന് വടക്കുദിക്കും, മറ്റുള്ളവർക്ക് ഇടയ്ക്കുള്ള പ്രദേശങ്ങളും, കശ്യപമുനിക്ക് മധ്യപ്രദേശവും, ഉപദ്രഷ്ടാവിന് ആര്യാവർത്തഭൂമിയും, സദസ്യർക്ക് അവശേഷിച്ച ഭാഗങ്ങളും ദാനം ചെയ്തു. ശേഷം, പുണ്യനദിയായ സരസ്വതിയിൽ മുങ്ങി അവഭൃതസ്നാനത്തെ ചെയ്ത് സ്വയം പരിശുദ്ധനായ പരശുരാമൻ സൂര്യനെപ്പോലെ തിളങ്ങി. ജമദഗ്നിമഹർഷിയാകട്ടെ, ജീവൻ വീണ്ടെടുത്ത് പരശുരാമനാൽ സംപൂജിതനായി സപ്തർഷികളിലൊരുവനായിത്തീർന്നു. ഹേ പരിക്ഷിത്ത് രാജൻ!, സർവ്വജ്ഞാനനിധിയായ ഭഗവാൻ പരശുരാമൻ വരാൻ പോകുന്ന മന്വന്തരത്തിൽ വേദപ്രവർത്തകരായ സപ്തർഷികളിൽ ഒരുവനായിത്തീർന്നു. ആ ഭഗവാൻ ഹിംസാവൃത്തിയെ വെടിഞ്ഞ് ശാന്തസ്വരൂപനായി സിദ്ധഗന്ധർവ്വചാരണാദികളാൽ സ്തുത്യനായി ഇപ്പോഴും മഹേന്ദ്രാചലത്തിൽ വാണരുളുന്നു. അങ്ങനെ വിശ്വാത്മാവായ ഭഗവാൻ ശ്രീനാരായണൻ ഭൃഗുവംശത്തിൽ പിറന്ന് ഭൂമിയ്ക്ക് ഭാരമായിത്തീർന്ന ക്ഷത്രിയരാജാക്കന്മാരെ പലവട്ടം കൊന്നൊടുക്കി തന്റെ ലീലകളാടി.

രാജൻ!, ആളിപ്പടരുന്ന അഗ്നിയെപ്പോലെ അതിതേജസ്സുറ്റ മറ്റൊരു പുത്രൻ ഗാധിയ്ക്കുണ്ടായിരുന്നു. വിശ്വാമിത്രനെന്ന അദ്ദേഹം തപസ്സിനാൽ ക്ഷത്രിയധമ്മമുപേക്ഷിച്ച് ബ്രഹ്മതേജസ്സിനെ നേടി. അദ്ദേഹത്തിന് നൂറ് പുത്രന്മാരുണ്ടായിരുന്നു. അവരിൽ മധ്യമനായിരുന്നു മധുച്ഛന്ദസ്സ്. അവനെ പിന്തുടർന്ന് മറ്റുള്ളവരും മധുച്ഛന്ദസ്സുകൾതന്നെയായിമാറി. ഭൃഗുവംശത്തിൽ ജനിച്ചവനും അജീഗർത്തനെന്ന ബ്രാഹ്മണന്റെ പുത്രനുമായ ദേവരാതനെന്ന ശുനഃശേപനെ പുത്രനായി സ്വീകരിച്ചുകൊണ്ട് വിശ്വാമിത്രൻ സ്വന്തം പുത്രന്മാരോട്, ഇവൻ നിങ്ങളുടെയെല്ലാം ജ്യേഷ്ഠനാണെന്ന് സങ്കൽ‌പ്പിച്ചുകൊള്ളുക, എന്ന് പറഞ്ഞു.

രാജൻ!, ഒരിക്കൽ ഈ ശുനഃശേപന്റെ പിതാവ് അവനെ ഹരിശ്ചന്ദ്രന്റെ ഒരു യാഗത്തിൽ നരപശുവായി വിൽക്കുകയും, യാഗശാലയിൽ ബലികൊടുക്കുവാനായി കൊണ്ടുവരപ്പെട്ട അവൻ ദേവന്മാരെ സ്തുതിചെയ്ത് പ്രീതരാക്കിയതിന്റെ ഫലമായി അവരുടെ കാരുണ്യത്താൽ അവിടെനിന്നും മോചിതനാകുകയും ചെയ്തു. അങ്ങനെ ദേവന്മാരാൽ രക്ഷിക്കപ്പെട്ട അവൻ ഗാധിവംശത്തിൽ ദേവരാതൻ എന്ന ഋഷിയായി അറിയപ്പെട്ടു. രാജൻ!, ജ്യേഷ്ഠന്മാരായ അമ്പതോളം മധുച്ഛന്ദസ്സുകൾ ശുനഃശേപനെ ജ്യേഷ്ഠനായി കരുതുവാൻ തയ്യാറായില്ല. അക്കാരണത്താൽ വിശ്വാമിത്രൻ അവർക്ക്, ദുർജ്ജനങ്ങളായ നിങ്ങൾ മ്ലേച്ഛന്മാരായി ഭവിക്കുക, എന്ന ശാപം കൊടുത്തു.  എന്നാൽ ബാക്കിയുള്ള അമ്പത് മധുച്ഛന്ദസ്സുകൾ ശുനഃശേപനെ ജ്യേഷ്ഠനായി സ്വീകരിച്ചുകൊണ്ട് അവിടുത്തെ ഇംഗിതം അനുസരിച്ചുകൊള്ളമെന്ന് പിതാവായ വിശ്വാമിത്രനോട് പറഞ്ഞു. അവർ ദേവരാതനോട്, തങ്ങൾ അദ്ദേഹത്തിന്റെ ആജ്ഞയെ അനുസരിച്ചുകൊള്ളമെന്ന് വാക്ക് കൊടുത്തു. വിശ്വാമിത്രൻ പറഞ്ഞു: മക്കളേ!, നിങ്ങളുടെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ ആജ്ഞയെ അനുസർച്ചുകൊണ്ട് നിങ്ങൾ എന്നെ സത്പുത്രന്മാരുടെ പിതാവാക്കിച്ചമച്ചിരിക്കുന്നു. ആയതിനാൽ നിങ്ങളും സത്സന്തതികളുടെ പിതാക്കന്മാരായി ഭവിച്ചുകൊള്ളുക. ഈ ദേവരാതൻ എന്റെ മകനാണ്. നിങ്ങളിലൊരുവനും. അവന്റെ ആജ്ഞയെ ഉൾക്കൊണ്ട് ജീവിക്കുക.

അല്ലയോ പരീക്ഷിത്ത് രാജാവേ!, വിശ്വാമിത്രന് അഷ്ടകൻ, ഹാരീതൻ, ജയൻ, ക്രതുമാൻ എന്നിങ്ങനെ നാമത്തിൽ വേറെയും പുത്രന്മാരുണ്ടായിരുന്നു. അദ്ദേഹം തന്റെ കുറെ പുത്രന്മാരെ ശപിക്കുകയും, മറ്റുചിലരെ അനുഗ്രഹിക്കുകയും, ഒരാളെ ദത്തെടുക്കുകയും ചെയ്തു. അങ്ങനെ കൌശികവംശത്തിൽ പല ഗോത്രക്കാരുമുണ്ടായിരുന്നു. എന്നാൽ അതിൽ ദേവരാതനായിരുന്നു ശ്രേഷ്ഠൻ.  

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനാറാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next
Lord Paraśurāma Destroys the World’s Ruling Class

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ