ഓം
ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം 21
(രന്തിദേവന്റെ ചരിതം)
അല്ലയോ പരീക്ഷിത്ത് രാജാവേ!,
ഇച്ഛിക്കുന്നവർക്ക് ഫലദാതാക്കളായിരിക്കുന്ന ബ്രഹ്മാദിദേവതകളായിരുന്നു ഭഗവാൻ ശ്രീഹരിയുടെ
മായയെ അവലംബിച്ചുകൊണ്ട് ബ്രാഹ്മണൻ ആദിയായി രൂപപ്പെട്ട് രന്തിദേവന്റെ മുന്നിൽ യാചകരായി
വന്നിരുന്നതു. അവർ ആ സമയം തങ്ങളുടെ സ്വസ്വരൂപത്തെ രന്തിദേവന് കാട്ടിക്കൊടുത്തു. നിസ്സംഗനായ
രന്തിദേവൻ അവരേയും ശ്രീഹരിയെത്തന്നെയും ഭക്തിയോടെ നമസ്കരിക്കുക മാത്രം ചെയ്തു. രാജൻ!,
ഹൃദയം ഭഗവാനിലർപ്പിച്ച് മറ്റൊന്നിലും ആകൃഷ്ടനാകാതെ കഴിയുന്ന രന്തിദേവനുമുന്നിൽ ത്രിഗുണാത്മകമായ
ഭഗവദ്മായപോലും സ്വപ്നമെന്നോണം നിഷ്പ്‌പ്രഭമായി. രന്തിദേവനെ പിന്തുടർന്നുകൊണ്ട് അദ്ദേഹത്തിന്റെ
പരമ്പരയിൽ പെട്ടവരെല്ലം വിഷ്ണുഭക്തന്മാരയി ഭവിച്ചു യോഗികളായി മാറി.
രാജൻ!, ഗർഗ്ഗനിൽനിന്ന് ശിനിയും,
അവനിൽനിന്ന് ഗാർഗ്യനും ജനിച്ചു. ഗർഗ്യൻ ക്ഷത്രിയനായിരുന്നുവെങ്കിലും ആ ഗർഗ്ഗവംശം ബ്രാഹ്മണവംശമായി.
മന്യുപുത്രന്റെ മറ്റൊരു നാമമായിരുന്നു മഹാവീര്യൻ. അവനിൽനിന്ന് ദുരിതക്ഷയൻ എന്നവൻ ജനിച്ചു.
അവന്റെ പുത്രരായി ത്രയ്യാരുണി, കവി, പുഷ്കരാരുണി എന്നീ മൂന്നുപേർ പിറന്നു. ക്ഷത്രിയവംശമായ
ഇവരും ബ്രഹ്മണ്യഗതിതന്നെ പ്രാപിച്ചു. മന്യുപുത്രന്മാരിൽ മൂത്തവനായ ബ്രഹത്ക്ഷത്രന് പുത്രനായി
ഹസ്തി ജനിച്ചു. ഇവന്റെ പേരിലത്രേ ഹസ്തിനപുരം നിർമ്മിതമായതു. ഹസ്തിപുത്രന്മാർ അജമീഢൻ,
ദ്വിമീഢൻ, പുരുമീഢൻ എന്നിവരായിരുന്നു. അതിൽ അജമീഢന്റെ വംശത്തിൽ ജനിച്ച പ്രിയമേധൻ മുതൽ
പേർ ബ്രാഹ്മണപദവിയിലേക്കുയർന്നവരായിരുന്നു. അജമീഢന് ബൃഹദിഷുവെന്ന മറ്റൊരു പുത്രനുമുണ്ടായിരുന്നു.
അവന്റെ പുത്രൻ ബൃഹദ്ധനുവായിരുന്നു. അവനിൽനിന്ന് ബൃഹത്കായനും, അവന്റെ പുത്രനായി ജയദ്രഥനും
ജനിച്ചു. ജയദ്രഥപുത്രൻ വിശദനായിരുന്നു. അവന് പുത്രനായി സേനജിത്ത് ജനിച്ചു. അവനുണ്ടായ
നാലു പുത്രന്മാർ രുചിരാശ്വൻ, ദൃഢഹനു, കാശ്യൻ, വത്സൻ മുതൽ പേരായിരുന്നു. അതിൽ രുചിരാശ്വന്റെ
പുത്രനായി പ്രാജ്ഞൻ പിറന്നു. അവന്റെ പുത്രൻ പൃഥുസേനൻ. തത്സുതൻ പാരൻ. തത്സുതൻ നീപൻ.
നീപന് മക്കളായി നൂറ്പേർ സംജാതരായി. നീപന് ശുകൻ എന്ന ഒരാളുടെ പുത്രിയായ കൃത്വിയിൽ ബ്രഹ്മദത്തൻ
എന്ന ഒരു മകൻ ജനിച്ചു. യോഗിയായിരുന്ന അദ്ദേഹം തന്റെ ഭാര്യയായ ഗവിയിൽ വിശ്വക്സേനൻ എന്ന
ഒരു പുത്രന് ജന്മം നൽകി. ഈ ബ്രഹ്മദത്തൻ ജൈഗീഷവ്യന്റെ ഉപദേശാനുസരണം യോഗതന്ത്രം നിർമ്മിച്ചുവെന്ന്
പറയപ്പെടുന്നു. അദ്ദേഹത്തിൽനിന്ന് ഉദക്സേനൻ, ഭല്ലാദൻ എന്നിവരുണ്ടായി. ഇവരെല്ലാം ബൃഹദീഷുവിന്റെ
സന്താനപരമ്പരയിൽ പെട്ടവരായിരുന്നു.
രാജൻ!, ദ്വിമീഢന്റെ പുത്രൻ
യവീനരനായിരുന്നു. അവന്റെ പുത്രൻ കൃതിമാനാണെന്നാണറിയപ്പെടുന്നതു. കൃതിമാന്റെ പുത്രനായത്
സത്യധൃതിയായിരുന്നു. അവനിൽനിന്ന് ദൃഢനേമി ജനിച്ചു. പിന്നിട് ദൃഢനേമിയിൽനിന്ന് സുപാർശ്വനും
ജനിച്ചു. സുപാർശ്വനിനിന്ന് സുമതി, അവനിൽനിന്ന് സന്നതിമാൻ, അവനിൽനിന്ന് കൃതി എന്നിവർ
ജനിച്ചു. ഈ കൃതി ഹിരണ്യനാഭൻ എന്ന ഒരാചാര്യനിൽനിന്ന് യോഗവിദ്യ പഠിച്ചതിനുശേഷം, പ്രാച്യസാമങ്ങളുടെ
ഷട്സംഹിതകളെ ഗാനം ചെയ്തുവെന്ന് പറയപ്പെടുന്നു. ആ കൃതിയിൽനിന്ന് നീപനുണ്ടായി. അവനിൽനിന്ന്
ഉഗ്രായുധനും, അവന്റെ പുത്രനായി ക്ഷേമ്യനും, അവന്റെ പുത്രനായി സുവീരനും, അവന്റെ പുത്രനായി
രിപുഞ്ജയനും, അവന്റെ പുത്രനായി ബഹുരഥനും പിറന്നു. പുരുമീഢന് പുത്രന്മാരുണ്ടായിരുന്നില്ല.
അജമീഢന് നളിനിയെന്ന തന്റെ പത്നിയിൽ നീലൻ എന്നവൻ പുത്രനായി ജനിച്ചു. അവന്റെ പുത്രൻ ശാന്തി
എന്നു പേരുള്ളവനായിരുന്നു. അവന്റെ പുത്രൻ സുശാന്തി. അവന്റെ പുത്രൻ പുരുജൻ. അവനിൽനിന്ന്
അർക്കൻ ജനിച്ചു. അർക്കന്റെ പുത്രൻ ഭർമ്യാശ്വനായിരുന്നു. അവന് പുത്രരായി മുദ്ഗലൻ, യവീനരൻ,
ബൃഹദിഷു, കാംപില്യൻ, സഞ്ജയൻ എന്നിങ്ങനെ അഞ്ചുപേർ ജനിച്ചു.
രാജാവേ!, ഭർമ്യാശ്വൻ തന്റെ
പുത്രന്മാരോട് പറഞ്ഞു: “മക്കളേ!, നിങ്ങൾ എന്റെ അഞ്ചുദേശങ്ങളെ സംരക്ഷിക്കുവാൻ പ്രാപ്തന്മാരാണു. ആയതിനാൽ
അവയുടെ ചുമതലകൾ ഏറ്റെടുത്തുകൊള്ളുക.” അങ്ങനെ ഈ അഞ്ചുപുത്രന്മാർ പാഞ്ചാലന്മാർ എന്നും അറിയപ്പെട്ടു. മുദ്ഗലനിൽനിന്നും
മൌദ്ഗല്യം എന്ന ഒരു ബ്രാഹ്മണപരമ്പരതന്നെ ഉണ്ടായിവന്നു. ഭർമ്യാശ്വന് മിഥുനങ്ങളായി രണ്ടു
കുട്ടികൾ പിറന്നു. അതിൽ ആൺകുഞ്ഞിനെ ദിവോദാസനെന്നും പെൺകുഞ്ഞിനെ അഹല്യയെന്നും വിളിച്ചു.
അഹല്യയിൽ ഗൌതമമുനിക്ക് ശതാനന്ദൻ എന്ന ഒരു പുത്രനുണ്ടായി. ആ പുത്രനായിരുന്നു ധനുർവേദവിദ്യയിൽ
പാണ്ഡിത്യമുള്ള സത്യധൃതി. അവന്റെ പുത്രൻ ശരദ്വാനായിരുന്നു. ഒരിക്കൽ, ഉർവ്വശിയെന്ന അപ്സരസ്സിനെ
കണ്ടപ്പോൾ ശരദ്വാന്റെ രേതസ്സ് സ്ഖലിക്കുകയും അത് ശരപുല്ലിന്മേൻ വീഴുകയും ചെയ്തു. അതിൽനിന്നും
ഒരാൺകുഞ്ഞും പെൺകുഞ്ഞും പിറന്നു. കാട്ടിലൂടെ നായാടിനടന്ന ശന്തനുമഹാരാജാവ് ആ കുഞ്ഞുങ്ങളെ
കാരുണ്യത്തോടെ എടുത്തുവളർത്തി. അവരത്രേ പിൽക്കാലത്ത് കൃപാചാര്യരായും ദ്രോണാചാര്യരുടെ
പത്നി കൃപിയായും അറിയപ്പെട്ടതു.”
ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തൊന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.