2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

9.21 രന്തിദേവന്റെ ചരിതം.

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 21

(രന്തിദേവന്റെ ചരിതം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: പരീക്ഷിത്തേ!, ഭരതരാജാവിന്റെ വംശം നിലച്ചുപോകാതിരിക്കുവാൻ മരുദ്ദേവതകൾ ഭരദ്വാജനെ പുത്രനായി നൽകിയെന്ന് പറഞ്ഞുവല്ലോ!. അവൻ വിതഥൻ എന്നും വിളിക്കപ്പെട്ടിരുന്നു. അവന്റെ പുത്രനായിരുന്നു മന്യു. അവനിൽനിന്ന് ബൃഹത്ക്ഷത്രൻ, ജയൻ, മഹാവീര്യൻ, നരൻ, ഗർഗ്ഗൻ എന്നിവർ ജനിച്ചു. അവരിൽ നരന്റെ പുത്രനായി സങ്കൃതി ജാതനായി. അല്ലയോ പാണ്ഡുവംശജാ!, ആ സങ്കൃതിക്ക് ഗുരു, രന്തിദേവൻ എന്നീ നാമങ്ങളിൽ രണ്ടു പുത്രന്മാർ ജനിച്ചു. രന്തിദേവന്റെ യശ്ശസ്സ് ഇഹപരലോകങ്ങളിൽ സ്തുതിക്കപ്പെടുന്നു. യദൃച്ഛയാ കിട്ടുന്നതെന്തിലും രന്തിദേവൻ സംതൃപ്തനായിരുന്നു. ഒന്നും സ്വന്തമായി ഇല്ലാത്തവനായിരുന്നിട്ടും അദ്ദേഹം കിട്ടുന്നതിനെയെല്ലാം ശ്രദ്ധയോടുകൂടി ദാനം ചെയ്യുമായിരുന്നു. ഇങ്ങനെ കഷ്ടപ്പാടുകൾക്കിടയിലൂടെ അദ്ദേഹവും കുടുംബവും കടന്നുപൊയ്ക്കൊണ്ടിരുന്നു. താനും കുടുംബവും ഭക്ഷണം പോലും കിട്ടാതെ വിറച്ചിരുന്ന ദിവസങ്ങളിലും അദ്ദേഹം സധൈര്യം ശാന്തനായി ഇരുന്നു. ഒരിക്കൽ രന്തിദേവൻ നാൽ‌പ്പത്തിയെട്ട് ദിവസത്തെ ഒരു വ്രതം അനുഷ്ഠിക്കുകയായിരുന്നു. അന്ന് രാവിലെ എന്തോ കുറെ സാത്വികാന്നം ഭക്ഷണമായി കിട്ടി. കുടുംബത്തോടൊപ്പം അത് ആഹരിക്കുവാൻ തുടങ്ങുന്ന സമയത്ത് അവിടെ ഒരു ബ്രാഹ്മണൻ അതിഥിയായി വന്നുചേർന്നു. സർവ്വഭൂതങ്ങളിലും ഭഗവാൻ ശ്രീഹരിയെ മാത്രം കാണുന്ന രന്തിദേവൻ ആ ബ്രാഹ്മണനെ ആദരിച്ചിരുത്തി ആ അന്നം ശ്രദ്ധയോടുകൂടി അദ്ദേഹത്തിന് വിളമ്പി. ബ്രാഹ്മണൻ അത് ഭുജിച്ചതിനുശേഷം തൃപ്തനായി അവിടെനിന്നും പോയി. തുടർന്ന്, ബാക്കിവന്ന അല്പം ഭക്ഷണം കുടുംബത്തോടുകൂടി പങ്കിട്ടനുഭവിക്കാൻ തുടങ്ങിയ സമയത്ത് അതാ മറ്റൊരു അതിഥി അവിടേയ്ക്ക് വീണ്ടും വന്നണഞ്ഞു. ശൂദ്രനായിരുന്ന അവനിലും അദ്ദേഹം ഭഗവാനെത്തനെ കണ്ടുകൊണ്ട് ആ അന്നവും അവന് ദാനം ചെയ്തു. ആ ശൂദ്രൻ പോയതിനുശേഷം, പെട്ടന്നവിടെ കുറെ നായ്ക്കളാൽ ചുറ്റപ്പെട്ട ഒരതിഥി കടന്നുവന്നു. അയാൾ പറഞ്ഞു: രാജാവേ!, ഞങ്ങൾ വിശന്നുവലഞ്ഞുവരികയാണ്. വിശപ്പകറ്റാൻ ഉള്ളത് നൽകിയാലും. പിന്നെയും ബാക്കിവന്ന ഭക്ഷണം അയാൾക്ക് നൽകി രന്തിദേവൻ അവരെ നമസ്കരിച്ചു. പിന്നെ ബാക്കിയുണ്ടായിരുന്നത് ഒരാൾക്കുമാത്രം കുടിക്കാൻ തികയുന്നത്ര അല്പം ജലം മാത്രമായിരുന്നു. അത് കുടിക്കാൻ തുടങ്ങിയപ്പോൾ ഒരു ചണ്ഡാളൻ ഓടിയണച്ചുകൊണ്ട് അവിടേയ്ക്ക് വന്നു. അയാൾ പറഞ്ഞു: തീണ്ടൽകാരനായ അടിയന് കുടിക്കാൻ അല്പം വെള്ളം തരണേ!. ഓടിത്തളർന്നെത്തിയ അവന്റെ ദയനീയമായ ആ അവസ്ഥയിൽ മനമലിഞ്ഞ രന്തിദേവൻ വ്യാകുലനായി ഇങ്ങനെ മനസ്സിൽ പ്രാർത്ഥിച്ചു: അല്ലയോ ഭഗവാനേ!, ഞാൻ അങ്ങയിൽനിന്ന്  അണിമാദി ഐശ്വര്യങ്ങളോടുകൂടിയ പരമഗതിയേയോ പുനർജന്മമില്ലാത്ത നിത്യനിർവ്വാണത്തേയോ ആഗ്രഹിക്കുന്നില്ല. പകരം സകലഭൂതങ്ങളുടേയും ഉള്ളിലെത്തി അവരനുഭവിക്കുന്ന യാതനകളെ ഏറ്റെടുക്കുവാൻ എനിക്ക് സാധിക്കുമാറാകട്ടെ. ജീവിക്കുവാനുള്ള ആഗ്രഹത്തോടെ അതിന് കഴിയാതെ നട്ടം തിരിയുന്ന പ്രാണികൾക്ക് അന്നപാനാദികൾ കൊടുക്കുന്നതോടെ എന്റെ വിശപ്പും ദാഹവും മറ്റ് ദുഃഖങ്ങളും നീങ്ങിപോകുന്നു. രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ട് ദാഹത്താൽ പൊറുതിമുട്ടുകയായിരുന്ന രന്തിദേവൻ തന്റെ പക്കൽ ബാക്കിയുണ്ടായിരുന്ന ദാഹജലം ആ ചണ്ഡാളന് നൽകി.

അല്ലയോ പരീക്ഷിത്ത് രാജാവേ!, ഇച്ഛിക്കുന്നവർക്ക് ഫലദാതാക്കളായിരിക്കുന്ന ബ്രഹ്മാദിദേവതകളായിരുന്നു ഭഗവാൻ ശ്രീഹരിയുടെ മായയെ അവലംബിച്ചുകൊണ്ട് ബ്രാഹ്മണൻ ആദിയായി രൂപപ്പെട്ട് രന്തിദേവന്റെ മുന്നിൽ യാചകരായി വന്നിരുന്നതു. അവർ ആ സമയം തങ്ങളുടെ സ്വസ്വരൂപത്തെ രന്തിദേവന് കാട്ടിക്കൊടുത്തു. നിസ്സംഗനായ രന്തിദേവൻ അവരേയും ശ്രീഹരിയെത്തന്നെയും ഭക്തിയോടെ നമസ്കരിക്കുക മാത്രം ചെയ്തു. രാജൻ!, ഹൃദയം ഭഗവാനിലർപ്പിച്ച് മറ്റൊന്നിലും ആകൃഷ്ടനാകാതെ കഴിയുന്ന രന്തിദേവനുമുന്നിൽ ത്രിഗുണാത്മകമായ ഭഗവദ്മായപോലും സ്വപ്നമെന്നോണം നിഷ്പ്‌പ്രഭമായി. രന്തിദേവനെ പിന്തുടർന്നുകൊണ്ട് അദ്ദേഹത്തിന്റെ പരമ്പരയിൽ പെട്ടവരെല്ലം വിഷ്ണുഭക്തന്മാരയി ഭവിച്ചു യോഗികളായി മാറി.

രാജൻ!, ഗർഗ്ഗനിൽനിന്ന് ശിനിയും, അവനിൽനിന്ന് ഗാർഗ്യനും ജനിച്ചു. ഗർഗ്യൻ ക്ഷത്രിയനായിരുന്നുവെങ്കിലും ആ ഗർഗ്ഗവംശം ബ്രാഹ്മണവംശമായി. മന്യുപുത്രന്റെ മറ്റൊരു നാമമായിരുന്നു മഹാവീര്യൻ. അവനിൽനിന്ന് ദുരിതക്ഷയൻ എന്നവൻ ജനിച്ചു. അവന്റെ പുത്രരായി ത്രയ്യാരുണി, കവി, പുഷ്കരാരുണി എന്നീ മൂന്നുപേർ പിറന്നു. ക്ഷത്രിയവംശമായ ഇവരും ബ്രഹ്മണ്യഗതിതന്നെ പ്രാപിച്ചു. മന്യുപുത്രന്മാരിൽ മൂത്തവനായ ബ്രഹത്ക്ഷത്രന് പുത്രനായി ഹസ്തി ജനിച്ചു. ഇവന്റെ പേരിലത്രേ ഹസ്തിനപുരം നിർമ്മിതമായതു. ഹസ്തിപുത്രന്മാർ അജമീഢൻ, ദ്വിമീഢൻ, പുരുമീഢൻ എന്നിവരായിരുന്നു. അതിൽ അജമീഢന്റെ വംശത്തിൽ ജനിച്ച പ്രിയമേധൻ മുതൽ പേർ ബ്രാഹ്മണപദവിയിലേക്കുയർന്നവരായിരുന്നു. അജമീഢന് ബൃഹദിഷുവെന്ന മറ്റൊരു പുത്രനുമുണ്ടായിരുന്നു. അവന്റെ പുത്രൻ ബൃഹദ്ധനുവായിരുന്നു. അവനിൽനിന്ന് ബൃഹത്കായനും, അവന്റെ പുത്രനായി ജയദ്രഥനും ജനിച്ചു. ജയദ്രഥപുത്രൻ വിശദനായിരുന്നു. അവന് പുത്രനായി സേനജിത്ത് ജനിച്ചു. അവനുണ്ടായ നാലു പുത്രന്മാർ രുചിരാശ്വൻ, ദൃഢഹനു, കാശ്യൻ, വത്സൻ മുതൽ പേരായിരുന്നു. അതിൽ രുചിരാശ്വന്റെ പുത്രനായി പ്രാജ്ഞൻ പിറന്നു. അവന്റെ പുത്രൻ പൃഥുസേനൻ. തത്സുതൻ പാരൻ. തത്സുതൻ നീപൻ. നീപന് മക്കളായി നൂറ്പേർ സംജാതരായി. നീപന് ശുകൻ എന്ന ഒരാളുടെ പുത്രിയായ കൃത്വിയിൽ ബ്രഹ്മദത്തൻ എന്ന ഒരു മകൻ ജനിച്ചു. യോഗിയായിരുന്ന അദ്ദേഹം തന്റെ ഭാര്യയായ ഗവിയിൽ വിശ്വക്സേനൻ എന്ന ഒരു പുത്രന് ജന്മം നൽകി. ഈ ബ്രഹ്മദത്തൻ ജൈഗീഷവ്യന്റെ ഉപദേശാനുസരണം യോഗതന്ത്രം നിർമ്മിച്ചുവെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൽനിന്ന് ഉദക്സേനൻ, ഭല്ലാദൻ എന്നിവരുണ്ടായി. ഇവരെല്ലാം ബൃഹദീഷുവിന്റെ സന്താനപരമ്പരയിൽ പെട്ടവരായിരുന്നു.

രാജൻ!, ദ്വിമീഢന്റെ പുത്രൻ യവീനരനായിരുന്നു. അവന്റെ പുത്രൻ കൃതിമാനാണെന്നാണറിയപ്പെടുന്നതു. കൃതിമാന്റെ പുത്രനായത് സത്യധൃതിയായിരുന്നു. അവനിൽനിന്ന് ദൃഢനേമി ജനിച്ചു. പിന്നിട് ദൃഢനേമിയിൽനിന്ന് സുപാർശ്വനും ജനിച്ചു. സുപാർശ്വനിനിന്ന് സുമതി, അവനിൽനിന്ന് സന്നതിമാൻ, അവനിൽനിന്ന് കൃതി എന്നിവർ ജനിച്ചു. ഈ കൃതി ഹിരണ്യനാഭൻ എന്ന ഒരാചാര്യനിൽനിന്ന് യോഗവിദ്യ പഠിച്ചതിനുശേഷം, പ്രാച്യസാമങ്ങളുടെ ഷട്സംഹിതകളെ ഗാനം ചെയ്തുവെന്ന് പറയപ്പെടുന്നു. ആ കൃതിയിൽനിന്ന് നീപനുണ്ടായി. അവനിൽനിന്ന് ഉഗ്രായുധനും, അവന്റെ പുത്രനായി ക്ഷേമ്യനും, അവന്റെ പുത്രനായി സുവീരനും, അവന്റെ പുത്രനായി രിപുഞ്ജയനും, അവന്റെ പുത്രനായി ബഹുരഥനും പിറന്നു. പുരുമീഢന് പുത്രന്മാരുണ്ടായിരുന്നില്ല. അജമീഢന് നളിനിയെന്ന തന്റെ പത്നിയിൽ നീലൻ എന്നവൻ പുത്രനായി ജനിച്ചു. അവന്റെ പുത്രൻ ശാന്തി എന്നു പേരുള്ളവനായിരുന്നു. അവന്റെ പുത്രൻ സുശാന്തി. അവന്റെ പുത്രൻ പുരുജൻ. അവനിൽനിന്ന് അർക്കൻ ജനിച്ചു. അർക്കന്റെ പുത്രൻ ഭർമ്യാശ്വനായിരുന്നു. അവന് പുത്രരായി മുദ്ഗലൻ, യവീനരൻ, ബൃഹദിഷു, കാം‌പില്യൻ, സഞ്ജയൻ എന്നിങ്ങനെ അഞ്ചുപേർ ജനിച്ചു.

രാജാവേ!, ഭർമ്യാശ്വൻ തന്റെ പുത്രന്മാരോട് പറഞ്ഞു: മക്കളേ!, നിങ്ങൾ എന്റെ അഞ്ചുദേശങ്ങളെ സംരക്ഷിക്കുവാൻ പ്രാപ്തന്മാരാണു. ആയതിനാൽ അവയുടെ ചുമതലകൾ ഏറ്റെടുത്തുകൊള്ളുക. അങ്ങനെ ഈ അഞ്ചുപുത്രന്മാർ പാഞ്ചാലന്മാർ എന്നും അറിയപ്പെട്ടു. മുദ്ഗലനിൽനിന്നും മൌദ്ഗല്യം എന്ന ഒരു ബ്രാഹ്മണപരമ്പരതന്നെ ഉണ്ടായിവന്നു. ഭർമ്യാശ്വന് മിഥുനങ്ങളായി രണ്ടു കുട്ടികൾ പിറന്നു. അതിൽ ആൺകുഞ്ഞിനെ ദിവോദാസനെന്നും പെൺകുഞ്ഞിനെ അഹല്യയെന്നും വിളിച്ചു. അഹല്യയിൽ ഗൌതമമുനിക്ക് ശതാനന്ദൻ എന്ന ഒരു പുത്രനുണ്ടായി. ആ പുത്രനായിരുന്നു ധനുർവേദവിദ്യയിൽ പാണ്ഡിത്യമുള്ള സത്യധൃതി. അവന്റെ പുത്രൻ ശരദ്വാനായിരുന്നു. ഒരിക്കൽ, ഉർവ്വശിയെന്ന അപ്സരസ്സിനെ കണ്ടപ്പോൾ ശരദ്വാന്റെ രേതസ്സ് സ്ഖലിക്കുകയും അത് ശര‌പുല്ലിന്മേൻ വീഴുകയും ചെയ്തു. അതിൽനിന്നും ഒരാൺകുഞ്ഞും പെൺകുഞ്ഞും പിറന്നു. കാട്ടിലൂടെ നായാടിനടന്ന ശന്തനുമഹാരാജാവ് ആ കുഞ്ഞുങ്ങളെ കാരുണ്യത്തോടെ എടുത്തുവളർത്തി. അവരത്രേ പിൽക്കാലത്ത് കൃപാചാര്യരായും ദ്രോണാചാര്യരുടെ പത്നി കൃപിയായും അറിയപ്പെട്ടതു.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപത്തൊന്നാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ