ഓം
ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം 19
(യയാതിയുടെ
ലൌകികവിരക്തിയും സംസാരവിമുക്തിയും)
സുന്ദരീ!, ഈ കഥയിലെന്നതുപോലെ
ഞാനും ഭവതിയുടെ പ്രേമത്തിനടിപ്പെട്ടവനായി ആ മായയിൽപെട്ട് മോഹിച്ച് ആത്മാവിനെയറിയാതെ
കാലം കഴിക്കുകയാണു. ദേവീ!, ഈ ഭൂമിയിൽ മണ്ണും പെണ്ണുമടങ്ങുന്ന സുഖഭോഗങ്ങൾ എത്രകണ്ടനുഭവിച്ചാലും
മനുഷ്യന് തൃപ്തി വരികയില്ല. അവയുടെ നിത്യനിരന്തരമായ അനുഭവം മനുഷ്യനിൽ വിഷയേച്ഛ ശമിപ്പിക്കാതെ
പകരം, ഹവിസ്സുകൊണ്ട് അഗ്നി എന്നതുപോലെ, അതിനെ വർദ്ധിപ്പിക്കുകതന്നെ ചെയ്യുന്നു. എന്നാൽ,
സർവ്വഭൂതങ്ങളിലും രാഗദ്വേഷങ്ങളൊഴിഞ്ഞ് സമഭാവന വന്ന ഒരുവന് സർവ്വദിശകളിലും സുഖംതന്നെ
പ്രാപ്തമാകുന്നു. ദുർബുദ്ധികളായവർക്ക് പരിത്യജിക്കുവാൻ സാധിക്കാത്തതും, ശരീരം ജീർണ്ണിക്കുന്ന
അവസ്ഥയിലും ജീർണ്ണിക്കാത്തതുമായ ഒന്നാണ് ആശാപാശം. ദുഃഖത്തെ വളർത്തുന്ന അതിനെ നിത്യസുഖം
ആഗ്രഹിക്കുന്നവൻ ത്യജിക്കുകതന്നെവേണം. മാതാവായാലും സഹോദരിയായാലും പുത്രിയായാലും അവരോടൊപ്പം
ഒരേ ആസനത്തിൽ ഇരിക്കരുതു. കാരണം, ശക്തിയേറിയ ഇന്ദ്രിയസമൂഹം അറിവുള്ളവനെപ്പോലും അടിപ്പെടുത്തുന്നു.
നോക്കൂ!... ഞാൻ ലൌകികതയിൽ ജീവിക്കുവാൻ തുടങ്ങിയിട്ട് ഇപ്പോൾ ആയിരം സംവത്സരങ്ങൾ പൂർത്തിയായിരിക്കുന്നു.
എന്നാൽ ഇപ്പോഴും എന്റെയുള്ളിൽ അവയിലുള്ള ആസക്തി വളർന്നുകൊണ്ടേയിരിക്കുന്നു. ആയതിനാൽ,
അല്ലയോ ദേവീ!, ഞാനിതാ ഈ തൃഷ്ണയെ ഉപേക്ഷിച്ചുകൊണ്ട് ഭഗവാനിൽ മനസ്സുറപ്പിച്ച് നിർദ്വന്ദനായും
നിരഹങ്കാരിയായും മൃഗങ്ങളോടൊത്ത് സഞ്ചരിക്കുവാൻ പോകുകയാണു. കാണുന്നതും കേൾക്കുന്നതുമെല്ലാം
മിഥ്യാഭാവങ്ങളാണ്. അവയിൽ മനസ്സുവയ്ക്കരുതു. അവയെ അനുഭവിക്കുകയുമരുതു. അത് സംസാരബന്ധത്തേയും
ആത്മനാശത്തേയും വരുത്തുമെന്ന് ആത്മദ്ദർശികൾ കണ്ടറിയുന്നു.”
അല്ലയോ പരീക്ഷിത്ത് രാജൻ!,
യയാതിരാജാവ് ദേവയാനിയൊട് ഇങ്ങനെ പറഞ്ഞതിനുശേഷം തന്റെ യൌവ്വനത്തെ പുരുവിന് തിരിച്ചുനൽകുകയും,
സ്വന്തം ജരാനരയെ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, ദ്രഹ്യു, യദു, തുർവസ്സു, അനു
എന്നിവരെ യഥാക്രമം തെക്കുകിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളുടെ അധിപന്മാരാക്കി
നിയമിച്ചു. ശ്രേഷ്ഠനായ പുരുവിനെ ഭൂമണ്ഡലത്തിന്റെ മുഴുവൻ അധിപതിയായി അഭിഷേകം ചെയ്തു.
പിന്നീട്, അഗ്രജന്മാരെ പുരുവിന്റെ അധീനതയിലാക്കി യയാതി വനത്തിലേക്ക് പുറപ്പെട്ടു. ചിറക്
മുളയ്ക്കുമ്പോൾ പക്ഷികൾ കൂടുപേക്ഷിക്കുന്നതുപോലെ യയാതിരാജാവ് അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന
വിഷസുഖങ്ങൾ ക്ഷണനേരം കൊണ്ട് ഉപേക്ഷിച്ചു. ആത്മാനുഭൂതിയിൽ അദ്ദേഹം എല്ലാ ഭൌതികതയിൽനിന്നും
മുക്തനാകുകയും ത്രിഗുണങ്ങളെ സംബന്ധിച്ചതായ സർവ്വസ്വവും പാടെ ഉപേക്ഷിക്കുകയും ചെയ്തു.
ഭഗവത് ഭക്തിയാൽ മാത്രം സാധ്യമാകുന്ന വാസുദേവനാകുന്ന പരബ്രഹ്മനിത്യഗതിയിൽ വിലയം പ്രാപിച്ചു.
യയാതി പറഞ്ഞ ഈ കഥയെ കേട്ടപ്പോൾ, തമാശരൂപത്തിൽ അദ്ദേഹം കെട്ടിച്ചമച്ചുണ്ടാക്കിയ ഈ കഥ
ഉള്ളിൽ ആത്മബോധമുണർത്തുന്ന അദ്ധ്യാത്മജ്ഞാനമാണെന്ന് ദേവയാനിക്കും മനസ്സിലായി. ജീവാത്മാക്കളുടെ
ഭൂമിയിലുണ്ടാകുന്ന ഈ കൂടിച്ചേരൽ യഥാർത്ഥത്തിൽ തണ്ണീർപന്തലിൽ വച്ചുണ്ടാകുന്ന ബന്ധം പോലെയാണെന്ന്
അവൾ മനസ്സിൽ തിരിച്ചറിഞ്ഞു. അത് ഭഗവാന്റെ മായായാൽ വിരചിതമായതും സ്വപ്നതുല്യവുമാണു.
ദേവയാനി ശ്രീകൃഷ്ണഭഗവാനിൽ അഭയം പ്രാപിച്ചു. അവനിൽ അകമുറപ്പിച്ചുകൊണ്ട് അവൾ തന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളെ
ഉപേക്ഷിച്ച് നിത്യഗതിയെ പ്രാപിച്ചു.”
ശ്രീശുകൻ ഭഗവദ്സ്മരണയിൽ
പറഞ്ഞു: “സർവ്വചരാചരങ്ങളുടെ അധിഷ്ഠാതാവും സൃഷ്ടാവും,
ശാന്തസ്വരൂപനും, വിരാട്രൂപനും, ശ്രീവാസുദേവനുമായ അല്ലയോ ഭഗവാനേ!, നിന്തിരുവടിയ്ക്ക്
അനന്തകോടി നമസ്ക്കാരം!”
ശ്രീമദ്ഭാഗവതം നവമസ്കന്ധം പത്തൊമ്പതാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ