2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

9.20 പുരുവംശവർണ്ണനം

 

ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 20

(പുരുവംശവർണ്ണനം)

 

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, ഇനി അങ്ങയും, അതുപോലെ ധാരാളം ബ്രഹ്മർഷിമാരും രാജർഷിമാരും ജനിച്ച ആ പുരുവംശത്തെക്കുറിച്ച് പറയാം. പുരുവിന്റെ മകനായിരുന്നു ജനമേജയൻ. അവന്റെ പുത്രൻ പ്രചിന്വാനും, തത്സുതൻ പ്രവീരനും, തത്സുതൻ നമസ്യുവും, തത്സുതൻ ചാരുപദനും, തത്സുതൻ സുദ്യുവും, തത്സുതൻ ബഹുഗവനും, തത്സുതൻ സംയാതിയും, തത്സുതൻ അഹംയാതിയും, തത്സുതൻ രൌദ്രാശ്വനും ആയിരുന്നു. ജഗത്തിന്റെ ആത്മാവായി വർത്തിക്കുന്ന പ്രാണന് ഇന്ദ്രിയങ്ങൾ എന്നതുപോലെ, ആ രൌദ്രാശ്വന് ഘൃതാചി എന്ന ഒരു അപ്സരസ്ത്രീയിൽ പത്ത് പുത്രന്മാർ സംജാതരായി. അവരുടെ നാമങ്ങൾ ഋതേയു, കുക്ഷേയു, സ്ഥണ്ഡിലേയു, കൃതേയു, ജലേയു, സന്തതേയു, ധർമ്മേയു, സത്യേയു, വ്രതേയു, വനേയു എന്നിങ്ങനെയായിരുന്നു. ഋതേയുവിന്റെ പുത്രൻ രന്തിഭാരൻ. രന്തിഭാരപുത്രന്മാരായി സുമതി, ധ്രുവൻ, അപ്രതിരഥൻ എന്നിവർ ജനിച്ചു. അവരിൽ അപ്രതിരഥന്റെ പുത്രനായിരുന്നു കണ്വൻ. അവന്റെ പുത്രൻ മേധാതിഥി ആയിരുന്നു. മേധാതിഥിയിൽ പ്രസ്കണ്വൻ മുതലായ ബ്രാഹ്മണരുണ്ടായി. അതുപോലെ, സുമതിക്ക് രൈഭ്യൻ പുത്രനായി. അവന്റെ പുത്രൻ സർവ്വസമ്മതനായ ദുഷ്യന്തനായിരുന്നു.

രാജൻ!, ഒരിക്കൽ, ഈ ദുഷ്യന്തൻ കുറെ ഭടന്മാരോടൊപ്പം നായാട്ടിനായി കൊട്ടാരത്തിൽ നിന്നുമിറങ്ങി. വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ കണ്വാശ്രമത്തിലെത്തി. അവിടെ ലക്ഷ്മീദേവിയേപ്പോലെ സുന്ദരിയായ ഒരു യുവതിയെ അദ്ദേഹം കണ്ടു. പെട്ടെന്ന് അവളെ കണ്ടുമോഹിച്ച ദുഷ്യന്തൻ അവളോട് സംസാരിക്കുവാൻ തുടങ്ങി. അവളെ കണ്ടതോടുകൂടി അദ്ദേഹത്തിന്റെ ക്ഷീണം ശമിച്ചു. കാമാർത്തനായ ദുഷ്യന്തൻ പുഞ്ചിരിയോടെ മധുരതരം അവളോട് പറഞ്ഞു: അല്ലയോ താമരാക്ഷി!, ഭവതി ആരാണ്?. ആരുടെ പുത്രിയാണ് നീ?. എന്തുദ്ദേശിച്ചുകൊണ്ടാണ് വിജനമായ കാട്ടുപ്രദേശത്തിൽ വന്നിരിക്കുന്നത്?. ഹേ മോഹനാംഗി!, ഭവതിയൊരു ക്ഷത്രിയപുത്രിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കാരണം, പുരുവംശജനായ എന്റെ മനസ്സ് ഒരിക്കലും അധർമ്മത്തിൽ രമിക്കുന്നതല്ല.

രാജൻ അതുകേട്ട് യുവതി പറഞ്ഞു: രാജൻ!, ഞാൻ വിശ്വാമിത്രന്റെ പുത്രി ശകുന്തളയാണു. എന്റെ മാതാവ് മേനക എന്നെ ഈ കാട്ടിലുപേക്ഷിച്ചതാണു. ഹേ വീരാ!, സർവ്വജ്ഞനായ കണ്വമഹർഷി ഇക്കാര്യമെല്ലാമറിയുന്നവനാണു. ഞാൻ എന്താണ് അങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടതു?. അല്ലയോ സുന്ദരപുരുഷ!, വരിക!. ഇരിക്കുക!. ഞങ്ങളാലാകുംവിധമുള്ള ഈ ആഥിത്യപൂജകളെ കൈക്കൊള്ളുക. വരിനെല്ലുകുത്തി വച്ചുണ്ടാക്കിയ ചോറുണ്ടു. അതുണ്ട് വേണമെങ്കിൽ ഇന്നിവിടെ തങ്ങുകയുമാവാം.

ദുഷ്യന്തൻ പറഞ്ഞു: സുഭ്രുവായ അല്ലയോ ശകുന്തളേ!, വിശ്വാമിതന്റെ കുടുംബത്തിൽ പിറന്ന ഭവതിയുടെ ഈ ആഥിത്യമര്യാദകൾ തീർത്തും യുക്തം തന്നെ. ക്ഷത്രിയവംശത്തിൽ ജനിച്ചുവീഴുന്ന യുവതികൾ തങ്ങൾക്കനുയോജ്യരായ ഭർത്താക്കന്മാരെ സ്വയം വരിക്കുക എന്നത് സർവ്വസമ്മതമാണു.

രാജൻ!, ശകുന്തള അതുകേട്ട് തലകുനിച്ചു. അവളുടെ മൌനം സമ്മതമായി കണ്ടറിഞ്ഞ ദുഷ്യന്തമഹാരാജാവ് ഗാന്ധർവ്വവിധിപ്രകാരം ഓങ്കാരമന്ത്രോച്ചാരണത്തോടുകൂടി അവളെ വിവാഹം കഴിച്ചു. അന്ന് രാത്രിയിൽ ദുഷ്യന്തൻ തന്റെ രേതസ്സിനെ ശകുന്തളയിൽ പ്രവേശിപ്പിക്കുകയും, പിറ്റേന്നാൾ പുലർച്ചയിൽ അദ്ദേഹം ആശ്രമത്തിൽനിന്നും പുറപ്പെടുകയും ചെയ്തു. സമയമായപ്പോൾ ആശ്രത്തിൽവച്ച് അവൾക്ക് ഒരു പുത്രൻ ജനിച്ചു. കണ്വമഹർഷി കുട്ടിയുടെ ജാതകർമ്മാദി സംസ്കാരങ്ങൾ നിർവഹിച്ചു. അവൻ വളർന്ന് ആ കാട്ടിൽ സിംഹങ്ങളെപോലും ബദ്ധമാക്കി കളിക്കാൻ തുടങ്ങി. ഒരിക്കൽ ശകുന്തള വീരനും ഭഗവദംശത്താൽ ജാതനായവനുമായ തന്റെ മകനേയും കൂട്ടി ഭർത്താവായ ദുഷ്യന്തമഹാരാജാവിനെ സമീപിച്ചു. എന്നാൽ രാജാവാകട്ടെ, നിർദ്ദോഷികളായ അവരെ സ്വീകരിക്കുവാൻ തയ്യാറായില്ല. ആ സമയം എല്ലാവരും കേൾക്കുമാറ് ആകാശത്തിൽനിന്നും ഒരശരീരിയുണർന്നു. ആ അശരീരി ഇങ്ങനെയായിരുന്നു: പെറ്റമ്മമാർ കേവലം തോലുറകൾ മാത്രമാണു. യഥാർത്ഥത്തിൽ പുത്രൻ പിതാവിന്റേതാകുന്നു. ഈ പുത്രന് പിതാവായയത് ദുഷ്യന്തരാജാവാണ്. ആയതിനാൽ ശകുന്തളയെ മാനം കെടുത്താതെ കുട്ടിയെ സ്വീകരിച്ചുപോറ്റികൊള്ളുക. വംശത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പുത്രൻ പിതാവിനെ പുത്ത് എന്ന നരകത്തിൽനിന്നും ത്രാണനം ചെയ്യുന്നു. ഹേ രാജൻ!, ഈ പുത്രൻ അങ്ങയുടേതുതന്നെ. ശകുന്തള സത്യമാണ് പറയുന്നതു.

ഹേ പരീക്ഷിത്തേ!, ഭരസ്വ പുത്രം എന്ന അശരീരിയുണ്ടായതിനാൽ അവന് ഭരതൻ എന്ന് നാമം വന്നുചേർന്നു.

പിതാവിന്റെ മരണത്തിനുശേഷം ഭരതൻ ചക്രവർത്തിയായി. ഭഗവാൻ ശ്രീഹരിയുടെ അംശമായ ആ രാജാവിന്റെ ചരിതം ഭൂമിയിൽ വാഴ്ത്തപ്പെടുന്നു. ആ രാജാവിന്റെ വലതുകരത്തിൽ ചക്രത്തിന്റേയും കാലടികളിൽ താമരമൊട്ടിന്റേയും അടയാളങ്ങളുണ്ടായിരുന്നു. രാജാധിരാജനായി പട്ടാഭിഷിക്തനായ അദ്ദേഹം മമതേയമഹർഷിയെ പുരോഹിതനായി നിയമിച്ചു. അമ്പത്തിയഞ്ച് ശുദ്ധാശ്വങ്ങളെക്കൊണ്ട് ഗംഗയിൽ യാഗം ചെയ്തു. യമുനയിലും അദ്ദേഹം എഴുപത്തിയെട്ട് കുതിരകളെക്കൊണ്ട് യാഗങ്ങളനുഷ്ഠിച്ചു. ധാരാളം ധനം ദക്ഷിണയായി നൽകി. യാഗാഗ്നികൾ ഉത്കൃഷ്ടമായ ദിക്കുകളിൽ ചയനം ചെയ്യപ്പെട്ടു. ആ സമയം ആയിരക്കണക്കിന് ബ്രാഹ്മണർ തങ്ങൾക്ക് ദാനമായി ലഭിക്കപ്പെട്ട പശുക്കളെ ബദ്വം ബദ്വമായി വീതിച്ചെടുത്തു. മൂവായിരത്തി മുന്നൂറ് കുതിരകളെ കെട്ടിയിട്ട് മറ്റുള്ള രാജാക്കന്മാരെ അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ദേവന്മാരുടെ മായാവൈഭവത്തെ അതിലംഘിക്കുവാനായി. കാരണം, അദ്ദേഹം ശ്രീഹരിയിൽ അഭയം പ്രാപിച്ചവനായിരുന്നു. പൊന്നുകൊണ്ട് മൂടിയ കറുത്തനിറമുള്ള വെള്ളകൊമ്പുള്ള പതിനാലുലക്ഷം ആനകളെ മഷ്ണാരം എന്ന ഒരു യാഗകർമ്മത്തിൽവച്ച് അദ്ദേഹം ദാനം ചെയ്തു. കൈകളുയർത്തി ആകാശത്തെ സ്പർശിക്കുവാനാകാത്തതുപോലെ, ഭരതരാജാവിന്റെ ഇത്തരം കർമ്മപദ്ധതികളെ മുമ്പൊരു രാജാക്കന്മാർക്കും നിർവ്വഹിക്കാൻ സാധിച്ചിട്ടില്ല. ഇനിയൊട്ടാർക്കും സാധിക്കുകയുമില്ല എന്ന് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു.

ദിഗ്വിജയം നടത്തുന്നതിനിടയിൽ അദ്ദേഹം കിരാതന്മാർ, ഹൂണന്മാർ, യവനന്മാർ, അന്ധ്രന്മാർ, കങ്കന്മാർ, ഖശന്മാർ, ശകന്മാർ, മ്ലേച്ഛന്മാർ തുടങ്ങിയ വർഗ്ഗങ്ങളേയും, അതുപോലെ ബ്രഹ്മദ്വേഷികളായ എല്ലാ രാജാക്കന്മാരേയും നിഗ്രഹിക്കുകയുണ്ടായി. പണ്ട്, ചില അസുരന്മാർ ദേവന്മാരെ ജയിച്ച് അവിടെനിന്നും കുറെ ദേവസ്ത്രീകളുമായി രസാതലത്തിലെത്തുകയുണ്ടായി. ഭരതൻ അവരെ ജയിച്ച് ആ സ്ത്രീകളെ രക്ഷിച്ചെടുത്ത് ദേവന്മാർക്ക് കൈമാറി. ഭരതമഹാരാജാവിന്റെ പ്രജകൾക്ക് വേണ്ടതെല്ലാം ആകാശവും ഭൂമിയും സദാ ചൊരിഞ്ഞുകൊണ്ടേയിരിന്നു. ഇങ്ങനെ ഇരുപത്തിയേഴായിരം സംവത്സരക്കാലം അദ്ദേഹം ഈ ഭൂമണ്ഡലത്തെ ഭരിക്കുകയുണ്ടായി. അല്ലയോ രാജൻ!, എന്നാൽ, ഹരിയുടെ അംശമായ അദ്ദേഹം തന്റെ സർവ്വൈശ്വര്യങ്ങളും സാർവ്വഭൌമൻ എന്ന സമുന്നതപദവിയും തന്റെ അതുല്യശക്തിയും ഇന്ദ്രിയശക്തികളുമെല്ലാം മിഥ്യയാണെന്ന് മനസ്സിലാക്കി സ്വയം ദുസ്തരമായ ഈ സംസൃതിയിൽനിന്നും വിരക്തി പ്രാപിച്ചുവെന്നുള്ളതാണ് ആശ്ചര്യം.

രാജൻ!, വിദർഭരാജാവിന്റെ മൂന്ന് പെണ്മക്കൾ ഭരതന്റെ പത്നിമാരായിരുന്നു. അവർക്കുണ്ടായ പുത്രന്മാർ ഭരതനെപ്പോലെ ശ്രേഷ്ഠന്മാരല്ലെന്ന് കേട്ടപ്പോൾ, തങ്ങൾ ഭരതരാജാവാൽ ഉപേക്ഷിക്കപ്പെട്ടേക്കുമോ എന്ന ദുഃശ്ശങ്കയിൽ സ്വപുത്രന്മാരെ സ്വയം വധിച്ചുകളഞ്ഞിരുന്നു. ആ സമയം തന്റെ വംശം നിലച്ചുപോകുമെന്ന് കരുതിയ ഭരതരാജൻ മരുത്സോമം എന്ന ഒരു യാഗം നടത്തി. അതിൽ സന്തുഷ്ടരായ മരുദ്ദേവതകൾ ഭരദ്വാജൻ എന്ന ഒരുവനെ അദ്ദേഹത്തിന് പുത്രനായി നൽകി. രാജൻ!, ഈ ഭരദ്വാജനെപ്പറ്റി അല്പം പറയാം കേട്ടുകൊള്ളുക. ഒരിക്കൽ ദേവഗുരുവായ ബൃഹസ്പതി മുന്നമേ ഗർഭിണിയായിരുന്ന സഹോദരഭാര്യയിൽ സംഭോഗത്തിനുദ്യമിക്കുകയും, അതിനെ തടഞ്ഞ ഗർഭസ്ഥശിശുവിനെ ശപിക്കുകയും തന്റെ രേതസ്സിനെ വിസർജ്ജിക്കുകയും ചെയ്തു. അങ്ങനെയുണ്ടായ ബാലനായിരുന്നു ഭരദ്വാജൻ. ഭർത്താവറിഞ്ഞലുണ്ടാകാവുന്ന ഭവിഷ്യത്തിനെ ഭയന്ന് മമത ന്ന ആ മാതാവ് തന്റെ ഈ ബാലനെ ഉപേക്ഷിക്കുവാൻ തുനിഞ്ഞു. പക്ഷേ, ദേവന്മാർ ആ പ്രശ്നത്തെ പരിഹരിക്കുവാനായി കുട്ടിക്ക് ഒരു പ്രത്യേകതരത്തിൽ നാമകരണം ചെയ്തു. മമതയുടെ ഭർത്താവിനും ബൃഹസ്പതിക്കും കുട്ടിയിൽ തുല്യാവകാശമാണെന്നും, ഇരുവർക്കും അധർമ്മത്തിലൂടെയുണ്ടായ ആ സന്താനം (രണ്ടുപേർക്കും കൂടി ജനിച്ചതിനാൽ) - ദ്വാജൻ എന്ന് വിളിക്കപ്പെട്ടു. ദേവന്മാരുടെ അഭിപ്രായത്തെ മാനിക്കാതെ മമതാദേവി ആ കുഞ്ഞിനെ ഉപേക്ഷിക്കുകതന്നെ ചെയ്തു. അവനെ മരുദ്ദേവതകളേറ്റെടുത്തു. ഒടുവിൽ, ഭരതന്റെ വംശം നിന്നുപോകുന്ന ഘട്ടം വന്നപ്പോൾ അവൻ അദ്ദേഹത്തിന് ദാനം ചെയ്യപ്പെട്ടവനുമായി.

 

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം ഇരുപതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ