09 - അദ്ധ്യായം - 15 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
09 - അദ്ധ്യായം - 15 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

9.15 പരശുരാമാവതാരം – കാർത്തവീര്യാർജ്ജുനവധം

 ഓം

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 15

(പരശുരാമാവതാരം കാർത്തവീര്യാർജ്ജുനവധം)

  

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജൻ!, പുരൂരവസ്സിന് ഉർവശിയിൽ ആറ് പുത്രന്മാരുണ്ടായി. അവർ ആയുസ്സ്, ശ്രുതായുസ്സ്, സത്യായുസ്സ്, രയൻ, ജയൻ, വിജയൻ എന്നിവരായിരുന്നു. പിന്നീട്, വസുമാൻ ശ്രുതായുസ്സിനും, ശ്രുതഞ്ജയൻ സത്യായുസ്സിനും, ഏകൻ രയനും, അമിതൻ ജയനും, ഭീമൻ വിജയനും പുത്രന്മാരായി. ഭീമന്റെ പുത്രൻ കാഞ്ചനനായിരുന്നു. അവനിൽനിന്നും ഹോത്രകനും, ഹോത്രകനിൽനിന്നു ജഹ്നുവും ജനിച്ചു. ഈ ജഹ്നുവായിരുന്നു ഒറ്റക്കവിളിൽ ഗംഗാനദിയെ മുഴുവൻ കുടിച്ചുവറ്റിച്ചതു. ജഹ്നുവിന്റെ പുത്രൻ പൂരുവും, അവന്റെ പുത്രൻ വലാകനും, വലാകപുത്രൻ അജകനുമായിരുന്നു. അജകനിൽനിന്ന് കുശൻ ജാതനായി. കുശന്റെ പുത്രന്മാരായി കുശാംബു, മൂർത്തയൻ, വസു, കുശനാഭൻ എന്നീനാമങ്ങളിൽ നാല് പുത്രന്മാരുണ്ടായി. അതിൽ കുശാംബുവിന്റെ പുത്രനായി ഗാധി പിറന്നു. അവന്റെ പുത്രിയായി ജനിച്ച സത്യവതിയെ ഋചീകൻ എന്ന ഒരു ബ്രാഹ്മണൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ, ഋചീകൻ തന്റെ മകൾക്കനുയോജ്യനല്ലെന്നറിഞ്ഞ ഗാധി ഭൃഗുവംശജാതനായ ആ ബ്രാഹ്മണനോട് പറഞ്ഞു: ഹേ ബ്രാഹ്മണാ!, ഞങ്ങൾ കുശവംശജരായ ക്ഷത്രിയന്മാരാണ്. എന്റെ മകളെ അങ്ങേയ്ക്ക് വിവാഹം കഴിക്കണമെങ്കിൽ അങ്ങ് ഞങ്ങളാവശ്യപ്പെടുന്ന സ്ത്രീധനം നൽകേണ്ടതുണ്ടു. ആയതിനാൽ, ഏറ്റവും കുറഞ്ഞത്, വെൺചന്ദ്രനെപ്പോലെ തിളക്കമാർന്നതും, ഏതെങ്കിലും ഒരുവശത്ത് കറുത്ത കാതുള്ളവയുമായ ഒരായിരം കുതിരകളെയെങ്കിലും കന്യകയുടെ ശുൽകമായി കൊണ്ടുവരിക.

രാജൻ!, ഋചീകൻ വരുണന്റെ പക്കൽനിന്നും ഗാധിരാജാവ് ആവശ്യപ്പെട്ട പ്രകാരമുള്ള ആയിരം കുതിരകളെ കൊണ്ടുവന്ന് നൽകി സത്യവതിയെ വിവാഹം കഴിച്ചു.  സന്താനങ്ങളുണ്ടാകണമെന്ന ആഗ്രഹത്തോടെ സത്യവതിയും അവളുടെ മാതാവും ചെയ്ത അപേക്ഷയെ മാനിച്ച് ഋചീകമഹർഷി രണ്ടുതരം മന്ത്രങ്ങൾകൊണ്ട് രണ്ടുതരം ഹവിസ്സുകൾ പാകം ചെയ്തുവച്ചതിനുശേഷം യജ്ഞത്തിനുമുമ്പ് സ്നാനത്തിനായി പോയി. ആ സമയം, മഹർഷിയുണ്ടാക്കിയ ചരുക്കളിൽ കൂടുതൽ ശ്രേഷ്ഠമായത് സത്യവതിയ്ക്കുവേണ്ടിയുള്ളതാകുമെന്ന് ചിന്തിച്ച മാതാവ്, തനിക്കുവേണ്ടിയുള്ള ചരുവിനെ മകൾക്ക് ഭക്ഷിയ്ക്കുവാൻ നൽകുകയും, മറ്റേതിനെ സ്വയം ഭക്ഷിയ്ക്കുകയും ചെയ്തു. സ്നാനം കഴിഞ്ഞെത്തിയ മുനിയ്ക്ക് ഈ കാര്യം മനസ്സിലായി. അദ്ദേഹം സത്യവതിയോട് പറഞ്ഞു: അഹോ കഷ്ടം!. മഹാപരാധമാണ് നീ ചെയ്തത്. തത്ക്കാരണത്താൽ നിനക്ക് ജനിക്കാൻ പോകുന്ന പുത്രൻ അതിഘോരനും ആയുധധാരിയായും, എന്നാൽ, നിന്റെ സഹോദരനായി ജനിക്കാൻ പോന്നവൻ ബ്രഹ്മജ്ഞാനികളിൽ അഗ്രണ്യനായും ഭവിയ്ക്കും.

അങ്ങനെയാകാതിരിക്കുവാൻ സത്യവതി ഋചീകനോട് പ്രാർത്ഥിച്ചു. ആയതിനാൽ അവളുടെ പൌത്രൻ ഒരു ക്ഷത്രിയവീരനായിരിക്കുമെന്ന് പറഞ്ഞ് മുനി അവളെ സമാധാനിപ്പിക്കുകയും ചെയ്തു. അങ്ങനെ ജമദഗ്നി സത്യവതിയുടെ പുത്രനായി ജനിച്ചു. ശേഷം, സത്യവതി ലോകത്തെ മുഴുവൻ ശുദ്ധീകരിക്കുന്ന പാവനനദിയായ കൌശികിയായിത്തീർന്നു. അവളുടെ പുത്രൻ ജമദഗ്നി രേണുവിന്റെ പുത്രിയായ രേണുകയെ വിവാ‍ഹം കഴിച്ചു. അവളിൽ അദ്ദേഹത്തിന് വസുമാൻ മുതലായ പുത്രന്മാരുണ്ടായി. അതിൽ ഏറ്റവും ഇളയ പുത്രൻ വിശ്വവിഖ്യാതനായ പരശുരാമനാണ്. ഹേഹയവശത്തെ മുച്ചൂടും നശിപ്പിച്ച ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായി ഈ പരശുരാമൻ അറിയപ്പെടുന്നു. ഈ പരശുരാമൻ മൂവേഴ് ഇരുപത്തിയൊന്ന് പ്രാവശ്യം ഈ ഭൂതലത്തെ ക്ഷത്രിയശൂന്യമാക്കി. ഇവിടെ രാജാക്കന്മാർ രജോഗുണത്താലും തമോഗുണത്താ‍ലും ആവൃതരായി അധർമ്മികളും ബ്രഹ്മദ്വേഷികളുമായി ഭൂമിയിൽ വെറും ഭാരമായി ഭവിച്ചപ്പോൾ പരശുരാമൻ അവരെ കൊന്നൊടുക്കി. നിസ്സാരമായ അപരാധം പോലും പെറുത്തുനൽകാതെ രാമൻ അവരെ നശിപ്പിച്ചു.

പരീക്ഷിത്ത് ചോദിച്ചു: മഹർഷേ!, ഭഗവാനോട് അവർ ആ വിധത്തിൽ എന്തപരാധമായിരുന്നു കാട്ടിയത്? എന്തുകൊണ്ടായിരുന്നു ഭഗവാൻ പരശുരാമൻ ആ രാജാക്കന്മാരെ ഉമൂലനാശം വരുത്തി ഇങ്ങനെ തുടരെത്തുടരെ കൊന്നൊടുക്കിയതു?

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ, ഹേഹയരാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ ഭഗവദവതാരമായിരുന്ന ദത്താത്രേയമഹർഷിയെ പ്രസാദിപ്പിച്ച് ആയിരം കരങ്ങൾ നേടിയിരുന്നു. അദ്ദേഹത്തെ ആർക്കുംതന്നെ ജയിക്കുവാൻ സാധിക്കുമായിരുന്നില്ല. തികഞ്ഞ ബുദ്ധിവൈഭവം, സൌന്ദര്യം, സ്വാധീനം, കരുത്ത്, യശസ്സ്, മായാജാലവിദ്യകൾ, അണിമാദിസിദ്ധികൾ മുതലായവകൾ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതകളായിരുന്നു. ഇങ്ങനെ സർവ്വൈശ്വര്യയുക്തനായ കാർത്തവീര്യാർജ്ജുനൻ യാതൊരു തടസ്സങ്ങളും കൂടാതെ ലോകം മുഴുവൻ കാറ്റിനെപ്പോലെ ചുറ്റികറങ്ങി. ഒരിക്കൽ, വൈജയന്തിമാലയണിഞ്ഞുകൊണ്ട് അദ്ദേഹം തരുണീമണികളോടൊത്ത് നർമ്മദാനദിയിൽ ക്രീഡിച്ചുകൊണ്ടിരിക്കെ അഹങ്കാരോന്മത്തനായി തന്റെ കൈകൾകൊണ്ട് ആ നദിയുടെ പ്രവാഹത്തെ തടഞ്ഞുനിർത്തി. അപ്പോഴാണ് വീരനെന്ന് സ്വയം അഭിമാനിക്കുന്ന രാവണന്റെ സൈന്യത്താവളം ആ കുത്തൊഴുക്കിൽ‌പ്പെട്ട് നശിച്ചുപോയതു. അങ്ങനെ സംഭവിക്കുവാൻ കാരണം കാർത്തവീര്യാർജ്ജുന്റെ ശക്തിയാണെന്നറിഞ്ഞ രാവണന് ആ നാണക്കേട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാവണൻ സ്ത്രീകളുടെ മുന്നിൽ‌വച്ച് കാർത്തവീര്യാർജ്ജുനനെ അപമാനിക്കുവാൻ ശ്രമിച്ചു. എന്നാൽ, അയാൾ വളരെ നിഷ്പ്‌പ്രയാസം കാർത്തവീര്യാർജ്ജുനന്റെ പിടിയിലാകുകയും മാഹിഷ്മതിയിൽ കൊണ്ടുവന്ന് തടവിലാക്കപ്പെടുകയും, ഒടുവിൽ, ഒരു കുരങ്ങനെ എന്നപോലെ, കളിയാക്കുന്ന രീതിയിൽ വിട്ടയയ്ക്കുപ്പെടുകയും ചെയ്തു.

ഒരിക്കൽ, കാർത്തവീര്യാർജ്ജുനൻ വിജനമായ ഒരു വനപ്രദേശത്ത് നായാടിനടക്കുന്നതിനിടയിൽ യാദൃശ്ചികമായി ജമദഗ്നിമഹർഷിയുടെ ആശ്രമത്തിലെത്തപ്പെട്ടു. തപോധനനായ മുനി സൈന്യത്തോടും ഗജതുരഗാദി വാഹനങ്ങളോടുമൊപ്പം വന്ന് രാജാവിനെ എതിരേറ്റു. കാമധേനുവിന്റെ സഹായത്തോടെ മുനി രാജാവിനെ യഥോചിതം സത്കരിച്ചു. ഇത്തരത്തിൽ ഒരു കാമധേനു സ്വന്തമായുള്ള മുനി തന്നേക്കൾ ധനികനാണെന്ന വിചാരത്താൽ കാർത്തവീര്യാർജ്ജുനനും അദ്ദേഹത്തോടൊപ്പമുള്ള ഹേഹയന്മാർക്കും അഗ്നിഹോത്രാദിമഹായജ്ഞങ്ങൾക്കുപകരിക്കുന്ന ആ കാമധേനുവിൽ ആശ വരികയും, മുനി നൽകിയ ആ സത്കാരത്തെ വേണ്ടവിധം സ്വീകരിക്കുകയും ചെയ്തില്ല. അഹങ്കാരോന്മത്തനായ കാർത്തവീര്യാർജ്ജുനൻ ജമദഗ്നിയുടെ കാമധേനുവിനെ തട്ടിക്കൊണ്ടുപോകുവാൻ തന്റെ ആൾക്കാർക്ക് നിയോഗം നൽകി. അതനുസരിച്ച് അവർ നിലവിളി കൂട്ടുന്ന കാമധേനുവിനെ അതിന്റെ കിടങ്ങൾക്കൊപ്പം മാഹിഷ്മതിയിലേക്ക് അപഹരിച്ചുകൊണ്ടുപോയി.

രാജാവ് മടങ്ങിയതിനുശേഷം പരശുരാമൻ ആശ്രമത്തിൽ തിരികെയെത്തി. കാർത്തവീര്യാർജ്ജുനന്റെ ആ ദുഷ്പ്‌പ്രവൃത്തി പരശുരാമനെ നന്നേ ചൊടിപ്പിച്ചു. ചിവിട്ടേറ്റ പാമ്പിനെപ്പോലെ അദ്ദേഹം ക്രോധവാനായി. ഘോരമായ പരശുവും, തൂണീരവും പടവില്ലും പരിചയുമെടുത്ത് ആർക്കും നേരിടുവാനാകാത്തവിധം ക്രാന്തിയോടെ, സിഹം ആനയുടെ പിന്നാലെയെന്നതുപോലെ, രാമൻ പുറപ്പെട്ടു. കാർത്തവീര്യാർജ്ജുനൻ തന്റെ നഗരമായ മാഹിഷ്മതിയിലേക്ക് കയറിയതും, അമ്പും വില്ലും വെണ്മഴുവും പടച്ചട്ടയുമണിഞ്ഞ ക്രുദ്ധനായ പരശുരാമനെ കണ്ടു. മാൻ‌തോലുടുത്ത പരശുരാമന്റെ ജടമുടി ഉജ്ജ്വലിക്കുന്ന സൂര്യകിരണങ്ങൾപോലെ ശോഭിച്ചു. ആന, തേർ, കുതിര, കാലാൾ എന്നീ ചതുരംഗങ്ങളും, അതുപോലെ ഗദ, വാൾ, ശരം, ഈട്ടി, മുൾത്തടി, വേൽ തുടങ്ങിയ ആയുധങ്ങളോടും കൂടിയ കാർത്തവീര്യാർജ്ജുനന്റെ പതിനേഴ് അക്ഷൌഹിണിപടകളെ ഭഗവാനായ ശ്രീ പരശുരാമൻ ഏകനായി തകർത്തെറിഞ്ഞു. വെണ്മഴു പ്രഹരിച്ചുകൊണ്ട് വായുവേഗത്തിൽ ഭഗവാൻ ശ്രത്രുക്കളെ കൊന്നൊടുക്കി. ഭഗവാൻ എവിടെയെല്ലാം പോകുന്നുവോ, അവിടെയെല്ലാം ശത്രുക്കളുടെ അറ്റുപോയ കൈകളും തലകളും തുടകളും കഴുത്തുകളും ജീവനറ്റുകിടക്കുന്ന സാരഥികളും തകർന്നുതരിപ്പണമായിക്കിടക്കുന്ന വാഹനങ്ങളും കാണപ്പെട്ടു. പോർക്കളത്തിൽ ചോര ചളിയായി തളം കെട്ടിക്കിടന്നു. സർവ്വയിടവും പൊട്ടിത്തകർന്ന അമ്പുകളും വില്ലുകളും പരിചകളും കൊടിമരങ്ങളും. ഇതെല്ലാം കണ്ട കാർത്തവീര്യാർജ്ജുനൻ കോപത്തോടെ ഭഗവാന്റെ നേർക്ക് ചാടിവീണു. പെട്ടന്ന് അഞ്ഞൂറ് വില്ലുകളിൽ അത്രയുംതന്നെ ശരങ്ങൾ അതിലിരട്ടിയായ കൈകൾകൊണ്ട് പരശുരാമനുനേരേ തൊടുത്തയയ്ച്ചു. ഭഗവാൻ അവയെ ഒരൊറ്റ അമ്പുകൊണ്ട് ഒരേസമയം തകർത്തുകളഞ്ഞു. വീണ്ടും മലകളേയും മരങ്ങളേയുമേന്തി കാർത്തവീര്യാർജ്ജുനൻ യുദ്ധത്തിനായി അതിവേഗം ഭഗവാന്റെ നേർക്കടുത്തു. എന്നാൽ ആ ഭുജങ്ങളെ ഭഗവാൻ കഠോരമായ തന്റെ വെണ്മഴുവാൽ, പാമ്പിന്റെ പത്തികളെ, എന്നതുപോലെ ഛേദിച്ചുവീഴ്ത്തി. കരങ്ങൾ ഛേദിക്കപ്പെട്ട കാർത്തവീര്യാർജ്ജുനന്റെ ശിരസ്സ്, പർവ്വതത്തിൽനിന്നും അതിന്റെ ശിഖരത്തെയെന്നതുപോലെ, പരശുരാമൻ അവന്റെ ഉടലിലിനിന്നും വെട്ടിവീഴ്ത്തി. പിതാവിന്റെ വധം കണ്ട് ഞെട്ടിവിറച്ച കാർത്തവീര്യാർജ്ജുനന്റെ പതിനായിരം പുത്രന്മാർ ഭീതിയോടെ അങ്ങിങ്ങായി ഓടിയൊളിച്ചു. തുടർന്ന്, ക്ഷീണിച്ചുതളർന്ന കാമധേനുവിനെ രാമൻ കിടാങ്ങളോടൊപ്പം പിതാവിന് സമർപ്പിച്ചു.

ഉണ്ടായ സംഭവങ്ങളെല്ലാം പരശുരാമൻ പിതാവിനും സഹോദരങ്ങൾക്കും പറഞ്ഞുകേൾപ്പിച്ചു. അതിനെ കേട്ടയുടൻ ജമദഗ്നിമഹർഷി പറഞ്ഞു: ഹേ രാമാ!, നീ പാപം ചെയ്തിരിക്കുന്നു. ദേവന്മാർക്ക് തുല്യനായ ഒരു മനുഷ്യശ്രേഷ്ഠനെയാണ് നീ വധിച്ചിരിക്കുന്നതു. ഉണ്ണീ!, നാം ബ്രാഹ്മണർ ക്ഷമകൊണ്ട് പൂജിതരായവരാണ്. ക്ഷമ ഒന്നുകൊണ്ടുമാത്രമാണ് ലോകഗുരുവായ വിധാതാവ് പരമേഷ്ഠി എന്ന സർവ്വോന്നതപദവിയെ പ്രാപിച്ചിരിക്കുന്നതു. ക്ഷമ കൊണ്ട് ബ്രാഹ്മണതേജസ്സ് സൂര്യനെന്നതുപോലെ പ്രശോഭിക്കുന്നു. സർവ്വേശ്വരനായ ഭഗവാൻ ശ്രീനാരായണൻ ക്ഷമാശാലികളിൽ അതിവേഗം പ്രസാദിക്കുന്നു. അഭിഷിക്തനായ രാജാവിനെ വധിക്കുന്നത് ബ്രഹ്മഹത്യയെക്കാൾ മഹാപാപമാണ്. കുഞ്ഞേ!, നീ നിന്റെ ബുദ്ധിയെ ഭഗവാൻ നാരായണനിൽ അർപ്പിച്ച്, മഹാതീർത്ഥങ്ങളെ സന്ദർശിച്ചുകൊണ്ട് ഈ മഹാപാതകത്തിന് പരിഹാരം കണ്ടാലും.

 

ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.

 ഓം തത് സത്.

  

Previous    Next