ഓം
ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം 17
(ആയുർവംശവർണ്ണനം
)
ഇനി രംഭന്റെ വംശത്തെക്കുറിച്ച്
പറയാം. രംഭന്റെ പുത്രൻ രഭസൻ, രഭസപുത്രൻ ഗംഭീരൻ, ഗംഭീരപുത്രൻ അക്രിയൻ, അക്രിയപുത്രൻ ബ്രഹ്മവിത്ത്.
ഇനി അനേനസ്സിന്റെ
വംശം. അനേനസ്സിന് പുത്രനായി ശുദ്ധനെന്നവനും,
അവന് പുത്രനായി ശുചിയും, അവനിൽനിന്ന് ധർമ്മസാരഥി
എന്ന് വിഖ്യാതനായ ചിത്രകൃത്തും ജനിച്ചു. ചിത്രകൃത്തിന് ശാന്തരയൻ
പുത്രനായി. അവൻ കൃതകൃത്യനും ആത്മനിഷ്ഠനുമായിരുന്നു. ആയതിനാൽ പുത്രന്മാരുണ്ടായിരുന്നില്ല. എന്നാൽ,
രജിയ്ക്കാകട്ടെ, അളവറ്റ ശക്തിയാർന്ന അഞ്ഞൂറ് മക്കൾ
ജനിച്ചു. ദേവന്മാരുടെ അഭ്യർത്ഥനയെ മാനിച്ച് രജി യുദ്ധത്തിൽ അസുരന്മാരെ
വധിച്ച് ഇന്ദ്രന് സ്വർഗ്ഗലോകത്തെ തിരികെ നേടിക്കൊടുത്തു. എന്നാൽ,
ഇന്ദ്രനാകട്ടെ, പ്രഹ്ലാദാദികളെ ഭയന്ന് തൽക്കാലത്തേക്ക്
സ്വർഗ്ഗം രജിക്കുതന്നെ തിരികെ നല്കി സ്വയത്തെ ആ കാൽക്കൽ സമർപ്പിച്ചു.
പിന്നീട്, രജിയുടെ മരണശേഷം, സ്വർഗ്ഗത്തെ തിരിച്ചുനൽകാൻ ഇന്ദ്രൻ
രജീപുത്രന്മാരോടപേക്ഷിച്ചു. എന്നാൽ, എത്രകണ്ട് യാചിച്ചിട്ടും സ്വർഗ്ഗത്തെ
ഇന്ദ്രന് തിരികെ നല്കാൻ അവർ ഒട്ടുംതന്നെ കൂട്ടാക്കിയില്ല. മാത്രമല്ല, യജ്ഞങ്ങളിൽനിന്നും ദേവന്മാർക്ക്
വിധിക്കപ്പെട്ട യജ്ഞവിഹിതവും അവർ അവർക്ക് നൽകാൻ തയ്യാറായില്ല.
തന്നിമിത്തം, ദേവഗുരു ആഭിചാരകർമ്മത്തിലൂടെ രജിയുടെ
പുത്രന്മാരെ വഴിപിഴപ്പിക്കുകയും, അങ്ങനെ പതിതരായ അവരെ ഒന്നൊഴിയാതെ ഇന്ദ്രൻ വധിക്കുകയും ചെയ്തു.
ക്ഷത്രവൃദ്ധന്റെ
മറ്റൊരു പുത്രനായിരുന്നല്ലോ കുശൻ. അവന്റെ മകനായി പ്രതിയും,
ആ പ്രതിയുടെ മകനായി സഞ്ജയനും, അവന്റെ പുത്രനായി
ജയനും, ജയന്റെ പുത്രനായി കൃതനും, കൃതൻ എന്ന
ആ രാജാവിന്റെ മകനായി ഹര്യവനനും, ആ രാജാവിൽനിന്ന് സഹദേവനും,
ആ സഹദേവന്റെ പുത്രനായി ഹീനനും, അവന്റെ പുത്രനായി
ജയസേനനും, ജയസേനപുത്രനായി സംകൃതിയും, അവന്റെ
പുത്രനായി മഹാരഥിയായ ജയനും ജനിച്ചു. ഇവരെല്ലാമാണ് ക്ഷത്രവൃദ്ധന്റെ
പരമ്പരയിലുള്ള രാജാക്കന്മാർ. ഇനി നഹുഷന്റെ പുത്രൻ മുതലായവരെപ്പറ്റി
കേട്ടുകൊള്ളുക.”
ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിനേഴാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.