2019, ഒക്‌ടോബർ 23, ബുധനാഴ്‌ച

8.15 മഹാബലിയുടെ പടയൊരുക്കം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 15
(മഹാബലിയുടെ പടയൊരുക്കം.)


പരീക്ഷിത്ത് മഹാരാജാവു് ചോദിച്ചു: അല്ലയോ മഹാമുനേ!, ശ്രീമഹാവിഷ്ണു എന്തിനുവേണ്ടിയായിരുന്നു ഒരു ദരിദ്രനെപ്പോലെ മഹാബലിയുടെ അടുക്കൽ ചെന്ന് മൂന്നടി മണ്ണ് യാചിച്ചതു?. ആവശ്യപ്പെട്ടത് ലഭിച്ചിട്ടും ബലിയെ എന്തിനായിരുന്നു ഭഗവാൻ ബന്ധിച്ചതു?. സർവ്വേശ്വരനായ ഹരിയുടെ യാചനത്തെക്കുറിച്ചും, അതുപോലെ നിരപരാധിയായിരുന്ന മഹാബലിയുടെ ബന്ധനത്തെക്കുറിച്ചും കേൾപ്പാൻ ഞങ്ങൾ ആഗ്രഹിക്കുകയാണു. ആയത് രണ്ടും ഞങ്ങൾക്ക് പറഞ്ഞുതന്നാലും.

അതുകേട്ട് ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: രാജാവേ!, ദേവാസുരയുദ്ധത്തിൽ തികച്ചും പരാജിതാനായ മഹാബലിയെ ശുക്രാദികൾ ചേർന്ന് പുനർജ്ജീവിപ്പിച്ച കഥ അങ്ങ് കേട്ടുവല്ലോ!. അതിനുശേഷം, അദ്ദേഹം ഭൃഗുവംശജരായ ആ ശുക്രാദികളെത്തന്നെ രക്ഷയ്ക്കായി അഭയം പ്രാപിക്കുകയുണ്ടായി. മഹാനുഭാവന്മാരായ അവർ ബലിയിൽ സമ്പ്രീതരാകുകയും, സ്വഗ്ഗലാഭത്തെ ആഗ്രഹിക്കുന്ന ബലിയെ വിധിപ്രകാരം അഭിഷേകം ചെയ്ത്, അദ്ദേഹത്തെക്കൊണ്ട് വിശ്വജിത്തെന്ന ഒരു യാഗം യജിപ്പിക്കുകയും ചെയ്തു. യാഗാഗ്നിയിൽനിന്നും തങ്കത്തകിടുകൊണ്ട് വരിഞ്ഞുകെട്ടിയ ഒരു രഥവും, ഇന്ദ്രാശ്വങ്ങളെപ്പോലുള്ള കുതിരകളും, ധ്വജവും, വില്ലും, അമ്പൊഴിയാത്ത രണ്ട് ആവനാഴികളും, പടച്ചട്ടയും പ്രത്യക്ഷമായി. പിതാമഹനായ പ്രഹ്ലാദൻ വാടാമലരുകൾ കോർത്തിണക്കിയ ഒരു മാല്യവും, ശുക്രഗുരു ഒരു ശംഖിനേയും പ്രദാനം ചെയ്തു. ഇങ്ങനെ യുദ്ധത്തിനുള്ള സകലതും ആ ബ്രാഹ്മണർ ബലിക്ക് നൽകി. അവരുടെ ആശീർവചനങ്ങളാൽ അനുഗ്രഹീതനായ മഹാബലി ആ ബ്രാഹ്മണരെ പ്രദക്ഷിണം വച്ച് നമസ്ക്കരിച്ചുകൊണ്ട് പ്രഹ്ലാദനോടു് അനുജ്ഞയും വാങ്ങി.

പൂമാലയെടുത്തണിഞ്ഞ്, പടച്ചട്ട ധരിച്ച്, വാളും അമ്പും വില്ലുമേന്തി, സർവ്വാഭരണവിഭൂഷിതനായി യുദ്ധത്തിനു് തയ്യാറായിക്കൊണ്ട് മഹാബലി രഥത്തിലേറി യാഗാഗ്നിയെപ്പോലെ ജ്വലിച്ചുനിന്നു. തനിക്കുതുല്യം കരുത്തും ഐശ്വര്യവും സൌന്ദര്യവും ചേർന്നവരായ തന്റെ യോദ്ധാക്കളോടൊപ്പം മഹാബലി യുദ്ധത്തിനായി അണിനിരന്നു. ആ നില്പു് കണ്ടാൽ അവർ ആകാശത്തെ വിഴുങ്ങുകയും ദിക്കുകളെ തങ്ങളുടെ നോട്ടത്താൽ ദഹിപ്പിക്കുകയും ചെയ്യുമെന്ന് തോന്നിപ്പോകുമായിരുന്നു. അവരോടൊപ്പം മഹാബലി മണ്ണിനേയും വിണ്ണിനേയും കിടിലം കൊള്ളിച്ചുകൊണ്ട് ഇന്ദ്രന്റെ രാജധാനിയിലേക്ക് പുറപ്പെട്ടു.

രാജൻ!, ഇന്ദ്രപുരി നന്ദനവനം പോലെയുള്ള ഉദ്യാനങ്ങളെക്കൊണ്ട് നിറഞ്ഞതായിരുന്നു. പൂക്കളുടേയും ഫലങ്ങളുടേയും ഇലകളുടേയും ഭാരത്താൽ വൃക്ഷങ്ങൾ തലകുനിച്ചുനിന്നു. അവിടമാകെ പക്ഷികളുടെ കൂജനങ്ങളാലും വണ്ടുകളുടെ മുരൾച്ചയാലും മുഖരിതമായിരുന്നു. എല്ലാംകൊണ്ടും സ്വർഗ്ഗീയാനുഭൂതിയുളവാക്കുന്ന അന്തരീക്ഷം. താമരക്കുളങ്ങളും അരയന്നങ്ങളും വെള്ളില്പറവകളും ചക്രവാഗങ്ങളും താറാവുകളുമുള്ള ഉദ്യാനത്തിൽ അപ്സരസ്സുകൾ ദേവന്മാരാൽ പരിലാളിതരായി ക്രീഡിച്ചുകൊണ്ടിരുന്നു. ആ പുരം അഗ്നിയുടെ വർണ്ണത്തിലുള്ള കോട്ടമതിൽകെട്ടിനാലും. കൊത്തളങ്ങളാലും. അതുപോലെ. ആകാശഗംഗയാകുന്ന കിടങ്ങുകളാലും ചുറ്റപ്പെട്ടതുമായിരുന്നു. ഓരോ കതകുകളും പൊൻപട്ടകൊണ്ട് പൊതിഞ്ഞിരുന്നു. സ്ഫടികമയങ്ങളായ ഗോപുരങ്ങൾ. പല രാജവീഥികളും വന്ന് ആ ഗോപുരത്തോടുചേർന്നിരിക്കുന്നു. ഇന്ദ്രപുരി പൂർണ്ണമായും വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ടതാണു. ഇന്ദ്രനഗരം അനേകം ക്രീഡാങ്കണങ്ങളും വിശാലമായ വീഥികളും സഭാഭവനങ്ങളും കോടിക്കണക്കിന് വിമാനങ്ങളും കൊണ്ടുനിറഞ്ഞതായിരുന്നു. നാൽകവലകളിൽ രത്നങ്ങൾ പതിപ്പിച്ചിരുന്നു. ഇടയ്ക്കിടെ വജ്രം കൊണ്ടും പവിഴം കൊണ്ടും നിർമ്മിച്ച മണ്ഡപങ്ങളും കാണാമായിരുന്നു.

രാജാവേ!, നിർമ്മലമായ വസ്ത്രങ്ങൾ ധരിച്ചവരും സർവ്വാഭരണവിഭൂഷിതരും ശാശ്വതമായ താരുണ്യലാവണ്യങ്ങളോടുകൂടിയവരും മോഹനാംഗികളുമായ ദേവസ്ത്രീകൾ ജ്വാലാമാലകളോടുകൂടിയ അഗ്നിശകലങ്ങളെന്നതുപോലെ ഇന്ദ്രന്റെ പുരിയെ പ്രകാശിപ്പിച്ചു. ആ സുരസ്ത്രീകളുടെ കേശഭാരത്തിൽനിന്നും കൊഴിഞ്ഞുവീഴുന്ന പൂക്കളുടെ നറുമണവും പേറി മന്ദമാരുതൻ വഴികൾതോറും ഒഴുകിനടന്നു. സ്വർണ്ണമയങ്ങളായ ജനാലകളിലൂടെ പുറത്തേക്കൊഴുകുന്ന അകിലിന്റെ മണമുള്ള വെളുത്ത പുകയാൽ ചുറ്റപ്പെട്ട വഴികളിലൂടെ ആ അപ്സരസ്സുകൾ നടന്നു. മുത്തുതൊങ്ങലിട്ട വിതാനങ്ങളാലും, മണികൾ കെട്ടിയ ധ്വജങ്ങളാലും മട്ടുപ്പാവുകളിൽ പറന്നുകളിക്കുന്ന പതാകകളാലും അലംകൃതമായിരുന്നു ആ നഗരം. മയിലുകളുടെയും പ്രാവുകളുടേയും വണ്ടുകളുടേയും ശബ്ദങ്ങളാൽ മുഖരിതമായ അന്തരീക്ഷം. മാളികകളിലിരുന്നുകൊണ്ട് സ്ത്രീകൾ മംഗളഗാനങ്ങൾ പാടുന്നുണ്ടായിരുന്നു. മൃദഗം, ശംഖു്, ഭേരി എന്നീ വാദ്യങ്ങളുടെ താളങ്ങൾക്കൊത്ത് വീണ, മുരജം, ഋഷ്ടി, വേണു തുടങ്ങിയ വാദ്യങ്ങൾ മുഴങ്ങുകയും, അവയ്ക്കൊത്ത് ഗന്ധർവ്വാദികൾ പാടുകയും ചെയ്തു. ഇങ്ങനെ സ്വപ്രഭയാൽ മനോമോഹിതമായ ആ നഗരം സാക്ഷാത് പ്രഭയുടെ മൂർത്തീഭാവത്തെതന്നെ തോൽ‌പ്പിച്ചുകളഞ്ഞു. അധർമ്മികളും, ദുഷ്ടന്മാരും, ഭൂതദ്രോഹികളും, ദുർവൃത്തന്മാരും, അഹങ്കാരികളും, സ്ത്രീലമ്പടന്മാരും മറ്റും ഒരിക്കലും അവിടേയ്ക്കണഞ്ഞിരുന്നില്ല. എന്നാൽ, ഇവയോടൊകന്നുനിന്നവർ സദാ ആ നഗരത്തെ ആസ്വദിച്ചുകൊണ്ടിരുന്നു. മഹാബലി തന്റെ സൈന്യത്താൽ ഇന്ദ്രപുരിയെ നാനാഭാഗത്തുനിന്നും ആരും അതിക്രമിച്ചുകടക്കാതെ തടഞ്ഞുവച്ചു.

രാജൻ!, പെട്ടെന്ന്, ഇന്ദ്രപത്നിമാരുടെ ഹൃദയങ്ങളിൽ ഭീതി ജനിപ്പിച്ചുകൊണ്ട് മഹാബലി ശുക്രാചാര്യരാൽ ദത്തമായ തന്റെ ശംഖത്തെ ഉച്ചത്തിൽ ഊതി. മഹാബലിയുടെ ആ പടയൊരുക്കത്തെ കണ്ടറിഞ്ഞ ദേവേന്ദ്രൻ ദേവഗുരുവായ ബൃഹസ്പതിയെ സമീച്ചുകൊണ്ട് പറഞ്ഞു: ഗുരോ!, നമ്മുടെ പൂർവ്വവൈരിയായ മഹാബലി വല്ലാതെ പടയൊരുക്കം കൂട്ടുകയാണു. അതിനെ ചെറുക്കുവാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഏതൊരു ശക്തിയാലാണവൻ ഇത്രയും ഊർജ്ജിതനായി ഭവിച്ചതു?. ഇവനെ ആർക്കും യാതൊരുവിധത്തിലും തോൽ‌പ്പിക്കുവാൻ സാധിക്കുകയില്ല. വായയാൽ ഈ ലോകത്തെ കുടിക്കുന്നതുപോലെയും, നാക്കിനാൽ പത്തുദിക്കുകളേയും നക്കിത്തുടയ്ക്കുന്നതുപോലെയും, കണ്ണുകളാൽ ദിക്കുകളെ ദഹിപ്പിക്കുന്നതുപോലെയും ഭാവിച്ചുകൊണ്ട്, ഒരു പ്രളയാഗ്നിപോലെ അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു. എന്റെ ശത്രുവായ ഇവൻ ഇങ്ങനെ അജയ്യനാകാനുള്ള കാരണമെന്തെന്നരുളിച്ചെയ്യുക. മാനസേന്ദ്രിയങ്ങളുടെ ഈ കരുത്തു് ഇവനെവിടെനിന്നുണ്ടായി.

ബൃഹസ്പതി പറഞ്ഞു: അല്ലയോ ദേവേന്ദ്രാ!, ബലിയുടെ ഈവിധമുള്ള ഉയർച്ചയുടെ കാരണം ഞാനറിയുന്നു. വേദജ്ഞരായ ശുക്രാദികളുടെ ശിഷ്യത്വം സ്വീകരിച്ച് ഇവൻ അവരിൽനിന്നും വേണ്ടത്ര തേജസ്സിനെ ഉൾക്കൊണ്ടിരിക്കുന്നു. ഹേ ഇന്ദ്രാ!, ഭഗവാൻ ശ്രീഹരിക്കൊഴികെ അങ്ങേയ്ക്കോ മറ്റാർക്കുംതന്നെയോ ഇവന്റെ മുന്നിൽ നിൽക്കുവാൻ സാധിക്കുകയില്ല. അങ്ങനെ ചെയ്താൽ അത് പ്രാണികൾ കാലന്റെ മുന്നിൽ നിൽക്കുന്നതുപോലെയാകും. അതുകൊണ്ട്, ഇവന് പ്രതികൂലമായി സംഭവിക്കുന്ന ആ കാലത്തെ പ്രതീക്ഷിച്ചുകൊണ്ട്, നിങ്ങളെല്ലാവരും സ്വർഗ്ഗലോകത്തെ ഉപേക്ഷിച്ച് ഒളിവിൽ പോകുക. ഈ സമയം ബ്രാഹ്മണരുടെ അനുഗ്രഹത്താൽ ബലിഷ്ഠനായിരിക്കുന്ന ഇവൻ മറ്റൊരുകാലത്ത് അവരുടെതന്നെ തിരസ്ക്കാരത്താൽ കൂട്ടത്തോടെ നശിച്ചുപോകുന്നതാ‍ണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ബൃഹസ്പതിയുടെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് ദേവന്മാർ സ്വർഗ്ഗലോകത്തെ പരിത്യജിച്ച് ഒഴിഞ്ഞുപോയി. ദേവന്മാരുടെ അഭാവത്തിൽ മഹാബലി ഇന്ദ്രപുരിയിലിരുന്നുകൊണ്ട് മൂലോകങ്ങളേയും തന്റെ അധീനതയിലാക്കി. ശിഷ്യവാത്സല്യമുള്ള ശുക്രാദികൾ വിശ്വവിജയിയായ മഹാബലിയെക്കൊണ്ട് നൂറു് അശ്വമേധയാഗങ്ങൾ ചെയ്യിപ്പിച്ചു. ആ യജ്ഞങ്ങളുടെ പ്രഭാവത്താൽ മഹാബലി  തന്റെ യശസ്സിനെ മൂന്ന് ലോകങ്ങളിലും വ്യാപിപ്പിച്ചുകൊണ്ട് ചന്ദ്രനെപ്പോലെ വിളങ്ങി. അങ്ങനെ, മഹാമനസ്കനായ മഹാബലി ബ്രാഹ്മണാനുഗ്രഹത്താൽ ലഭ്യമായ ആ ഐശ്വര്യത്തെ അനുഭവിച്ചുകൊണ്ട് അക്കാലം സംതൃപ്തിയോടെ ജീവിച്ചുപോന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Mahabali gets ready for war

2019, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

8.14 ലോകക്ഷേമാർത്ഥം മന്വാദികളുടെ കർമ്മങ്ങൾ.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 14
(ലോകക്ഷേമാർത്ഥം മന്വാദികളുടെ കർമ്മങ്ങൾ.)


പരീക്ഷിത്ത് മഹാരാജാവു് ശ്രീശുകബ്രഹ്മർഷിയോടു് ചോദിച്ചു: അല്ലയോ സർവ്വജ്ഞനായ ഋഷേ!, അങ്ങ് മുമ്പ് പറഞ്ഞ ആ മന്വന്തരങ്ങളിലെല്ലാം അതാത് മനുക്കളും അവരുടെ പുത്രന്മാരും മറ്റുള്ളവരുമൊക്കെ എന്തൊക്കെ കർമ്മങ്ങളായിരുന്നു അനുഷ്ഠിച്ചിരുന്നതു?. ആരുടെ പ്രേരണയാൽ, ആരെല്ലാം, എപ്രകാരം, എന്തെല്ലാം പ്രവൃത്തികൾ ചെയ്തുവോ, അതെല്ലാം ദയവായി എനിക്ക് പറഞ്ഞുതന്നാലും.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, മനുക്കളും അവരുടെ പുത്രന്മാരും സപ്തർഷികളും ഇന്ദ്രന്മാരും അതുപോലെ ദേവതകളുമെല്ലാം പരമപുരുഷനായ ഭഗവാൻ ഹരിയുടെ ശാസനങ്ങൾക്ക് വിധേയരായിട്ടാണു വർത്തിക്കുന്നതു. രാജൻ!, ഓരോ മന്വന്തരത്തിലും യജ്ഞദേവൻ മുതലായ ഭഗവദവതാരങ്ങളാൽ പ്രചോദിതരായിട്ട് അക്കാലത്തെ മനുക്കളും മറ്റുള്ളവരും ലോകത്തിലെ വ്യവഹാരവ്യവസ്ഥിതികളെ നടത്തിക്കൊണ്ടുപോകുന്നു.  നാലുയുഗങ്ങളും അവസാനിക്കുന്ന സമയം കാലത്താൽ ഗ്രസിക്കപ്പെടുന്ന വേദങ്ങളെ ഋഷികൾ കണ്ടെടുക്കുന്നു. കാരണം, അവയെ ആശ്രയിച്ചുകൊണ്ടാണു സനാതനധർമ്മം നിലനിൽക്കുന്നതു. തുടർന്ന് യുഗാരംഭത്തിൽ മനുക്കൾ ഭഗവദ്പ്രേരിതരായി സനാതനധർമ്മത്തെ ഭൂമിയിൽ നടപ്പാക്കുന്നു. മനുപുത്രന്മാരായ പ്രജാപാലകർ ഓരോ മന്വന്തരങ്ങളും അവസാനിക്കുന്നതുവരെ തങ്ങളുടെ ധർമ്മത്തെ മുറപ്രകാരം അനുഷ്ഠിച്ചുപോരുന്നു. അവരോടൊപ്പം ചേർന്ന് ദേവന്മാരും ഹവിർഭാഗങ്ങൾ സ്വീകരിച്ചനുഭവിക്കുന്നു. ദേവേന്ദ്രന്മാരാകട്ടെ, ഭഗവാനാൽ ദത്തമായ മൂന്ന് ലോകങ്ങളിലേയും ഐശ്വര്യങ്ങളെ അനുഭവിച്ചുകൊണ്ട് അവയെ പരിപാലിക്കുന്നു. അതിലൂടെ ഭൂമിയിൽ വേണ്ടത്ര മഴയും മറ്റുമുണ്ടാകുകയും ചെയ്യുന്നു.

രാജൻ!, ശ്രീഹരി ഓരോ യുഗങ്ങളിലും സിദ്ധന്മാരുടെ രൂപത്തിൽ വന്ന് ജ്ഞാനമാർഗ്ഗത്തേയും, ഋഷികളുടെ രൂപത്തിൽ വന്ന് കർമ്മമാർഗ്ഗത്തേയും, യോഗേശ്വരന്മാരുടെ രൂപത്തിൽ വന്ന് യോഗമാർഗ്ഗത്തേയും ലോകത്തിന് ഉപദേശിക്കുന്നു. കൂടാതെ, അവൻ പ്രജാപതിമാരുടെ രൂപത്തിലവതരിച്ച് സൃഷ്ടി ചെയ്യുകയും, രാജാക്കന്മാരുടെ രൂപം ധരിച്ച് ദസ്യുക്കളിൽനിന്നും ജനത്തെ രക്ഷിക്കുകയും, പലവിധഗുണങ്ങളോടുകൂടിയ കാലസ്വരൂപനായി വന്ന് സകലലോകങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. വിവിധനാമരൂപങ്ങളായ മായയാൽ മോഹിതരായ ജനങ്ങളാൽ പല ദർശനങ്ങളിലൂടെ വാഴ്ത്തപ്പെടുന്നവനാകയാലും അവൻ എപ്പോഴും അവർക്ക് അഗ്രാഹ്യനായിത്തന്നെ നിലകൊള്ളുകയും ചെയ്യുന്നു. രാജൻ!, ഇങ്ങനെ ഒരു കല്പത്തിനിടയിൽ അനേകവിധം മാറ്റങ്ങൾ സംഭവിക്കുന്നു. അവയെല്ലാം ഞാൻ അങ്ങയോടു് മുന്നേതന്നെ പറഞ്ഞിട്ടുള്ളവയുമാണു. ത്രികാലജ്ഞരായ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഒരു കല്പമെന്നത് പതിനാലു് മനുയുഗം ചേർന്നതാകുന്നു."  



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next





Activities of each Manus in each millenium.

2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

8.13 ഏഴുമുതൽ പതിനാലുവരെയുള്ള മന്വന്തരങ്ങളുടെ വിവരണം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 13
(ഏഴുമുതൽ പതിനാലുവരെയുള്ള മന്വന്തരങ്ങളുടെ വിവരണം.)



ശ്രീശുകൻ പറഞ്ഞു: പരീക്ഷിത്തുരാജൻ!, വിവസ്വാന്റെ പുത്രനായ ശ്രാദ്ധദേവൻ എന്ന ഏഴാമത്തെ മനുവിന്റെ കാലമാണു് ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്നതു. ഈ ശ്രാദ്ധദേവന്റെ പത്ത് പുത്രന്മാർ ഇഷ്വാകു, നഭഗൻ, ധൃഷ്ടൻ, ശര്യാതി, നരിഷ്യന്തൻ, നാഭാഗൻ, ദിഷ്ടൻ, കരൂഷൻ, പൃഷഘ്നൻ, വസുമാൻ എന്നിവരാണു. ഈ മന്വന്തരത്തിൽ പ്രധാന ദേവന്മാരായിരിക്കുന്നത് ദ്വാദശാദിത്യന്മാർ, അഷ്ടവസുക്കൾ, ഏകാ‍ദശരുദ്രന്മാർ, വിശ്വേദേവന്മാർ, മരുത്തുക്കൾ, അശ്വിനീദേവതകൾ, ഋഭുക്കൾ, എന്നിവരും, അതുപോലെ, അവരുടെ ഇന്ദ്രൻ പുരന്ദരനുമാണു. കശ്യപൻ, അത്രി, വസിഷ്ടൻ, വിശ്വാമിത്രൻ, ഗൌതമൻ, ജമദഗ്നി, ഭരദ്വാജൻ എന്നിവരാണു ഇക്കാലത്തിൽ സപ്തർഷികൾ. ഈ മന്വന്തരത്തിൽ വിഷ്ണുഭഗവാൻ പന്ത്രണ്ടാമത്തെ ആദിത്യനായി കശ്യപാദിതികളുടെ പുത്രനായ വാമനമൂർത്തിയായി അവതരിക്കുകയുണ്ടായി. രാജാവേ!, ഇങ്ങനെ ഏഴ് മന്വന്തങ്ങളെപ്പറ്റി ഞാൻ അങ്ങയോടിതിനകം പറഞ്ഞുകഴിഞ്ഞു. ഭഗവദവതാരത്തോടുകൂടി ഇനി വരാൻപോകുന്ന മറ്റേഴു മന്വന്തരങ്ങളേപറ്റിയും ഞാൻ ചൊല്ലിത്തരുന്നുണ്ടു.

രാജൻ!, വിവസ്വാന്റെ പത്നിമാരായ സംജ്ഞയും ഛായയും വിശ്വകർമ്മാവിന്റെ പുത്രിമാരാണു. അവരെക്കുറിച്ചു് മുമ്പും ഞാൻ അങ്ങയോടു പറഞ്ഞിട്ടുള്ളതാണു. വിവസ്വാന് ബഡവയെന്ന മൂന്നാമതൊരു പത്നിയുള്ളതായും ചിലർ പറയാറുണ്ടു. സംജ്ഞയുടെ മക്കൾ യമൻ, യമി, ശ്രാദ്ധദേവൻ എന്നിവരാണു. ഛായയുടെ മക്കൾ സാവർണ്ണിയെന്ന ഒരു പുത്രനും, സംവരണന്റെ ഭാര്യയായിരുന്ന തപതിയെന്ന ഒരു പുത്രിയും, മൂന്നാമതായി ശനൈശ്ചരനുമാണു. അശ്വിനീദേവകൾ ബഡവയുടെ പുത്രന്മാരാണെന്ന് പറയപ്പെടുന്നു. രാജൻ!, ഈ സാവർണ്ണിയായിരിക്കും എട്ടാം മന്വന്തരത്തിൽ മനുവായി ഭവിക്കുന്നതു. നിർമ്മോകൻ, വിരജസ്കൻ എന്നിവർ അദ്ദേഹത്തിന്റെ പുത്രന്മാരായിത്തീരും. എട്ടാം മന്വന്തരത്തിൽ സുതപസ്സുക്കൾ, വിരജന്മാർ, അമൃതപ്രഭന്മാർ മുതലായവർ മുഖ്യദേവന്മാരായും, വിരോചനന്റെ പുത്രനായ മഹാബലി ദേവേന്ദ്രനായും ഭവിക്കും. ഈ മഹാബലിയാകട്ടെ, കഴിഞ്ഞ മന്വന്തരത്തിൽ മൂന്നടി മണ്ണ് യാചിച്ചുവന്ന വാമനമൂർത്തിക്ക് ഭൂമിയെ മുഴുവനായി ദാനം ചെയ്ത്, ഭഗവദനുഗ്രഹമായി ഇന്ദ്രപദവിയെ അനുഭവിച്ച് പിന്നീട് പരമമായ സിദ്ധിയെ പ്രാപിക്കുന്നതാണു. മഹാബലി ഭഗവാനെ പ്രീതിപ്പെടുത്തി സ്വർഗ്ഗത്തേക്കാൾ മികച്ചതായ സുതലത്തിൽ ഇപ്പോൾ ഇന്ദ്രനെപ്പോലെ വാഴുകയാണു. രാജാവേ!, എട്ടാം മന്വന്തരത്തിലെ സപ്തർഷികൾ ഗാലവൻ, ദീപ്തിമാൻ, പരശുരാമൻ, അശ്വത്ഥാമാവു്, കൃപാചാര്യർ, ഋഷ്യശൃംഗൻ, എന്റെ പിതാവായ വേദവ്യാസൻ എന്നിവരായിരിക്കും. ഇപ്പോൾ അവരെല്ലാം തങ്ങളുടെ ആശ്രമമണ്ഡലത്തിൽ സ്വയോഗബലത്താൽ വസിക്കുന്നു. അന്ന്, ഭഗവാൻ ഹരി ദേവഗുഹ്യൻ, സരസ്വതി എന്നീ ദമ്പദിമാരിൽനിന്നും സാർവ്വഭൌമൻ എന്ന നാമധേയത്തിലവതരിച്ച് പുരന്ദരനെന്ന ഇന്ദ്രനിൽനിന്നും ദേവേന്ദ്രസ്ഥാനം തട്ടിയെടുത്ത് മഹാബലിക്ക് നൽകുന്നതാണു.

രാജാവേ!, ഒമ്പതാമത്തെ മനു വരുണദേവനിൽനിന്നുണ്ടായ ദക്ഷസാവർണ്ണിയാണു. അദ്ദേഹത്തിന്റെ പുത്രന്മാർ ഭൂതകേതു, ദീപ്തികേതു എന്നിവരും. അന്ന്, പാരന്മാർ, മരീചിഗർഭൻ മുതലായവർ മുഖ്യദേവതകളായും, അത്ഭുതൻ എന്നവൻ ഇന്ദ്രനായും, ദ്യുതിമാൻ മുതലായവർ സപ്തഋഷികളായും ഭവിക്കും. വിഷ്ണുവിന്റെ അംശമായി ഋഷഭദേവൻ അന്നവവതരിക്കുന്നതാണു. അവൻ മൂലോകങ്ങളേയും അത്ഭുതനെന്ന അന്നത്തെ ഇന്ദ്രന് അനുഭവിക്കാനായി നേടിക്കൊടുക്കുന്നതുമാണു.

തുടർന്നുള്ള പത്താം മന്വന്തരത്തിൽ ഉപശ്ലോകന്റെ പുത്രനായ ബ്രഹ്മസാവർണ്ണി എന്ന മഹാനായിരിക്കും മനുവായി വരുന്നതു. ഭൂരിഷേണാദികൾ അദ്ദേഹത്തിന്റെ പുത്രന്മാരും, ഹവിഷ്മാൻ, സുകൃതി, സത്യൻ, ജയൻ, മൂർത്തി, തുടങ്ങിയവർ സപ്തർഷികളും, സുവാസൻ, വിരുദ്ധൻ മുതലായവർ പ്രധാനദേവതകളായും, ശംഭു ഇന്ദ്രനായും ഭവിക്കുന്നതാകുന്നു. അന്ന്, ശ്രീനാരായണൻ വിശ്വസൃക്കിന്റെ വീട്ടിൽ വിഷൂചിയെന്ന അദ്ദേഹത്തിന്റെ പത്നിയിൽ സ്വാംശത്താൽ വിശ്വക്സേനനെന്ന നാമധേയത്തിലവതരിച്ച് ഇന്ദ്രനായ ശംഭുവിന് സഹായിയായി ഭവിക്കും.

രാജാവേ!, ധർമ്മസാവർണ്ണിയായിരിക്കും പതൊനൊന്നാമത്തെ മനുവായി ഭവിക്കുന്നതു. സത്യൻ, ധർമ്മൻ, എന്ന് തുടങ്ങുന്ന പത്തുപേർ അദ്ദേഹത്തിന്റെ പുത്രന്മാരും, വിഹംഗമന്മാർ, കാമഗമന്മാർ, നിർവ്വാണരുചികൾ എന്നിവർ ദേവന്മാരും, വൈധൃതൻ ഇന്ദ്രനും, അരുണാദികൾ സപ്തർഷികളുമായിരിക്കും. ആ മന്വന്തരത്തിൽ ആര്യകപുത്രനായി വൈധൃതാദേവിയിൽ ധർമ്മസേതുവെന്ന പേരിൽ ശ്രീഹരി അവതാരം കൊണ്ട് മൂന്നുലോകത്തിലും പ്രസിദ്ധനായി അവയെ കാത്തുരക്ഷിക്കുന്നതാണു.

രാജൻ!, പന്ത്രണ്ടാമത്തെ മനു രുദ്രസാവർണ്ണിയെന്നു പേരുള്ളവനായിരിക്കും. ദേവവാൻ, ഉപദേവൻ, ദേവശ്രേഷ്ഠൻ തുടങ്ങിയവർ ആ മനുവിന്റെ പുത്രരായി ഭവിക്കും. ദേവേന്ദ്രൻ അന്ന് ഋതധാമാവായിരിക്കും. ഹരിതാദികൾ ദേവന്മാരും. തപോമൂർത്തി, തപസ്വീ, അഗ്നീധ്രകൻ എന്നുതുടങ്ങിയവർ അക്കാലം സപതർഷിമാരായി ഭവിക്കും. രാജൻ!, സത്യസഹസ്സിന്റേയും സുനൃതയുടേയും പുത്രനായി സ്വധാമാവു് എന്ന നാമത്തിൽ വിശ്വവിഖ്യാതനായി ശ്രീമഹാവിഷ്ണുവിന്റെ അംശപുരുഷൻ അവതരിച്ച് രുദ്രസാവർണ്ണിമനുവിന്റെ ആ മന്വന്തരത്തെ പാലിക്കുന്നതാണു.

പരീക്ഷിത്തേ!, ആത്മവാനായ ദേവസാവർണ്ണിയായിരിക്കും പതിമൂന്നാം മനു. ചിത്രസേനൻ, വിചിത്രൻ മുതലായവർ അദ്ദേഹത്തിനു് പുത്രന്മാരായി ജനിക്കും. അപ്പോൾ, സുകർമ്മാക്കൾ, സുത്രാമാക്കൾ തുടങ്ങിയവർ ദേവന്മാരും, ദിവസ്പതി ഇന്ദ്രനും, നിർമ്മോകൻ, തത്വദർശൻ മുതലായവർ സപ്തർഷികളായും ഭവിക്കുന്നതാണു. അന്ന്, ബൃഹതിയെന്ന ദേവഹോത്രന്റെ ഭാര്യയിൽ ഭഗവാൻ ഹരി സ്വാംശേന പുത്രനായി അവതരിച്ച് യോഗേശ്വരൻ എന്ന നാമത്തോടെ ദിവസ്പതിയെന്ന ഇന്ദ്രനെ പരിപാലിച്ചുകൊള്ളും.

രാജൻ!, തുടർന്ന്, പതിനാലാമത്തെ മനുവായി ഇന്ദ്രസാവർണ്ണി എത്തുകയും, ഉരുബുദ്ധി, ഗംഭീരബുദ്ധി മുതലായവർ ഇന്ദ്രസാവർണ്ണിയുടെ മക്കളായി ഭവിക്കുകയും ചെയ്യും. പവിത്രന്മാർ, ചാക്ഷുഷന്മാർ മുതലായവർ ദേവന്മാരും, ശുചിയെന്നവൻ ഇന്ദ്രനായും, അഗ്നി, ബാഹു, ശുചി, ശുദ്ധൻ, മാഗധൻ മുതൽ‌പേർ സപ്തഋഷികളായും ഭവിക്കും.  ഹേ മഹാരാജൻ!, ആ മന്വന്തരത്തിൽ മഹാവിഷ്ണു വിതാനസത്രായണദമ്പദിമാർക്ക് ബൃഹദ്ഭാനുവെന്ന പുത്രനായി സ്വാംശത്താലവതരിക്കുകയും, വേദോക്തങ്ങളായ കർമ്മപദ്ധതികളെ പ്രചരിപ്പിക്കുകയും ചെയ്യും. രാജാവേ!, ഇങ്ങനെ അങ്ങേയ്ക്കുവേണ്ടി ഞാൻ പതിനാലു് മന്വന്തരങ്ങളേക്കുറിച്ചും പറഞ്ഞുകഴിഞ്ഞു. ഈ പതിനാലു് മന്വന്തരങ്ങൾ ചേർന്ന് ആയിരം യുഗങ്ങളുള്ള ഒരു കല്പകാലം കണക്കാക്കപ്പെട്ടിരിക്കുന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം തിമൂന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Description of seven to fourteen manvantharas, its devas, indras, saptharshis and the incarnations of the Lord Hari

8.12 ശ്രീഹരിയുടെ മോഹിനീരൂപത്തിൽ മഹാദേവൻ മോഹിക്കുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 12
(ശ്രീഹരിയുടെ മോഹിനീരൂപത്തിൽ മഹാദേവൻ മോഹിക്കുന്നതു.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജൻ!, ഭഗവാൻ ശ്രീഹരി മോഹിനീവേഷം പൂണ്ട് അസുരന്മാരെ മോഹിപ്പിക്കുകയും, ദേവന്മാരെ അമൃതൂട്ടുകയും ചെയ്ത വൃത്താന്തം കേട്ടറിഞ്ഞ മഹാദേവൻ കാളപ്പുറത്തുകയറി ഭഗവതിയോടൊപ്പം ഭൂതഗണങ്ങളെയും കൂട്ടി ശ്രീഹരിയുടെ ധാമത്തിലേക്ക് പോയി. വിഷ്ണുഭഗവാൻ മഹാദേവനെ സ്വീകരിച്ചാദരിച്ചു. പതിപൂജ ചെയ്തതിനുശേഷം ഉമയോടൊപ്പം ആസനസ്ഥനായിക്കൊണ്ട് മഹാദേവൻ ശ്രീഹരിയോടിങ്ങനെ പറഞ്ഞു: ഹേ ദേവാദിദേവാ!, ജഗദ്വ്യാപിയും ജഗദീശ്വരനുമായ അവിടുന്ന് സർവ്വഭൂതങ്ങളുടേയും പരമകാരണനും, ഈശ്വരനും, ആത്മാവുമാണു. ഈ വിശ്വത്തിന്റെ ആദിയും മധ്യവും അന്തവും അങ്ങിൽനിന്നുണ്ടാകുന്നു. ആദിമധ്യാന്തങ്ങളില്ലാത്തവനും, വ്യയമില്ലാത്തവനും, ദൃശ്യമായും ദൃക്കായും നിലകൊള്ളുന്നവനും, സർവ്വതിനും അകംപുറം നിറഞ്ഞുനിൽക്കുന്നവനും, സച്ചിന്മയമായ ബ്രഹ്മതത്വവും അങ്ങുതന്നെയാകുന്നു. മോക്ഷത്തെ ആഗ്രഹിക്കുന്നവരും ആശയൊഴിഞ്ഞവരുമായ മാമുനിമാർ ഇഹത്തിലും പരത്തിലുമുള്ള കാമനകളെ വെടിഞ്ഞ് അവിടുത്തെ പാദാരവിന്ദങ്ങളെ ഉപാസിക്കുന്നു. ഹേ നാഥാ!, അങ്ങ് പൂർണ്ണനും, നിത്യാനന്ദസ്വരൂപനും, നിർവ്വികാരനും, കേവലാനന്ദമൂർത്തിയും, ശോകമകന്നവനും, ത്രിഗുണങ്ങൾക്കതീതനും, രണ്ടില്ലാത്തതും എല്ലാവുമായ ബ്രഹ്മം തന്നെയാണു. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയകാരണനായതും അങ്ങുതന്നെ. അങ്ങ് ജീവാത്മാക്കളുടെ ഈശ്വരനാകുന്നു. സകലകർമ്മങ്ങളും അവയുടെ ഫലങ്ങളും നിരപേക്ഷനായ അങ്ങയെ ആശ്രയിച്ചുമാത്രം നിലകൊള്ളുന്നു. കാര്യമായും കാരണമായും രണ്ടായി പിരിഞ്ഞിരിക്കുന്നത് കേവലം ഒന്നായ അങ്ങുതന്നെയാകുന്നു. ഒരേ സ്വർണ്ണം വിവിധങ്ങളായ ആഭരണങ്ങളുടെ രൂപത്തിൽ വ്യക്തമാകുന്നതുപോലെ അങ്ങ് സർവ്വകാരണമായി നിലകൊള്ളുന്നു. അജ്ഞാനികളാൽ അങ്ങയിൽ ഭേദഭാവത്തെ കല്പിക്കപ്പെട്ടിരിക്കുകയാണു. അതുകൊണ്ട് സർവ്വോപാധികളിൽനിന്നും മുക്തനായ അങ്ങേയ്ക്ക് പ്രകൃതിഗുണങ്ങളുടെ അടിസ്ഥാനത്തിൽ ഭേദഭാവമുള്ളതായി തോന്നിക്കുന്നു. ചിലർ അങ്ങയെ ബ്രഹ്മമായി കണ്ടറിയുന്നു. മറ്റുചിലർ ധർസ്വരൂപമായും, വേറെ ചിലർ പ്രകൃതിയുടെ നിയന്താവായ പരമപുരുഷനായും, പിന്നെ ചിലർ വിമലാദി നവശക്തികളോടുകൂടിയവനായും, മറ്റുചിലർ അവ്യയനും ആത്മതന്ത്രനുമായ മഹാപുരുഷനുമായി അങ്ങയെ മനസ്സിലാക്കുന്നു.
[നവശക്തികൾ: വിമലാ, ഉത്കർഷിണി, ജ്ഞാനാ, ക്രിയാ, യോഗാ, പ്രഹ്വീ, സത്യാ, ഈശാനാ, അനുഗ്രഹാ]
ഹേ സ്വാമിൻ!, ഞാനോ, പരായുവായ ബ്രഹ്മദേവനോ, മരീച്യാദിമഹാമുനികളോ, സ്വത്വഗുണികളായ മറ്റുപലരുമോ, അങ്ങയാൽ സൃഷ്ടമായ ഈ വിശ്വത്തെ ഉള്ളവണ്ണമറിയുന്നില്ല. അവിടുത്തെ മായയാൽ അപഹൃതചിത്തന്മാരായവരും, സദാ അഭദ്രമായ വൃത്തികളോടുകൂടിയവരുമായ ദൈത്യന്മാരും മാനുഷന്മാരും അങ്ങയെ അറിയാത്തതിൽ എന്തതിശയോക്തിയാണുള്ളതു?. അങ്ങനെയുള്ള അവിടുന്നാകട്ടെ, സ്വസൃഷ്ടമായ ഈ ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങളേയും, ജീവഭൂതങ്ങളുടെ ചേഷ്ടകളേയും, ജഗത്തിന്റെ സംസാരബന്ധമുക്തികളേയും മറ്റും, എപ്രകാരമാണോ വായു സർവ്വചരാചരങ്ങളേയും ആകാശത്തേയും ആവേശിച്ചിരിക്കുന്നത്, അപ്രകാരംതന്നെ അവയിലെല്ലാം ജ്ഞാനസ്വരൂപനായി നിറഞ്ഞുകൊണ്ട് സർവ്വം അറിഞ്ഞുകൊണ്ടിരിക്കുന്നു.

ഹേ ദേവാ!, പ്രകൃതിഗുണങ്ങളോടുചേർന്ന് ലീലകളാടുവാനായി അങ്ങ് കൈക്കൊണ്ടിട്ടുള്ള അനേകം അവതാരങ്ങൾ ഞാൻ കണ്ടിട്ടുള്ളതാണു. ഇപ്പോൾ, അങ്ങ് ധരിച്ച ആ സ്ത്രീശരീരത്തോടുകൂടിയ മോഹിനീരൂപത്തെകൂടി കാണുവാൻ അടിയനിച്ഛിക്കുന്നു. അസുരന്മാരെ മോഹിപ്പിച്ചതും, ദേവന്മാരെ അമൃതൂട്ടിയതുമായ ആ മോഹിനീരൂപത്തെ കാണുവാനാഗ്രഹിച്ചുകൊണ്ടാണ് ഞങ്ങൾ അങ്ങയറ്റം കൌതുകത്തോടെ ഇവിടെ വന്നിരിക്കുന്നതു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, മഹാദേവൻ ഇങ്ങനെ അഭ്യർത്ഥിച്ചുകേട്ടപ്പോൾ ഭഗവാൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ഹേ മഹാദേവാ!, അമൃതകലശത്തെ അസുരന്മാർ അപഹരിച്ചുകൊണ്ടുപോയപ്പോൾ അവരെ മോഹിപ്പിച്ച് അതിനെ വീണ്ടെടുത്ത് ദേവന്മാർക്ക് നൽകുവാൻ വേണ്ടിയായിരുന്നു ഞാൻ ആ മോഹിനീരൂപം ധരിച്ചതു. അല്ലയോ സുരസത്തമാ!, അതിനെ കാണുവാനിച്ഛിക്കുന്നപക്ഷം അത് ഞാൻ കാട്ടിത്തരാം. എന്നാൽ കാമവികാരത്തെ ഉദ്ദീപിപ്പിക്കുന്ന ആ രൂപം കാമികൾക്കുമാത്രമേ ബഹുമാന്യമായി ഭവിക്കുകയുള്ളൂ.

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തേ!, ഇത്രയും പറഞ്ഞുകൊണ്ട് ഭഗവാൻ ശ്രീഹരി അവിടെനിന്നും അന്തർദ്ധാനം ചെയ്തു. മഹാദേവനാകട്ടെ ഉമയോടുകൂടി നാനാദിക്കുകളിലേക്കും കണ്ണുകളോടിച്ചുകൊണ്ട് ഭഗവാനെ തേടിയിരിപ്പായി. ആ സമയം, അവിടെ വിവിധയിനം പൂക്കളും തളിരുകളും നിറഞ്ഞുനിൽക്കുന്ന വൃക്ഷലതാദികളുള്ള ഒരുദ്യാനത്തിൽ പന്തുകൊണ്ട് കളിയാടിയും, അതിമനോഹരമായ പട്ടുവസ്ത്രങ്ങളണിഞ്ഞും, അരയിൽ പൊന്നരഞ്ഞാണം ചാർത്തിയും ഒരു മോഹനാംഗി പ്രത്യക്ഷപ്പെട്ടു. പന്തിനെ താഴേക്കുപതിപ്പിച്ചും മുകളിലേക്ക് കുതിപ്പിച്ചും അവൾ കളിയാടി. ഓരോ പ്രാവശ്യവും കുനിഞ്ഞുനിവരുമ്പോൾ കൊങ്കകളുടേയും പൂമാലയുടേയും ഭാരംകൊണ്ട് അവളുടെ അരക്കെട്ട് വളഞ്ഞൊടിയുന്നതുപോലെ തോന്നി. തളിർതൊത്തിനൊത്ത അവളുടെ മൃദുപാദങ്ങൾ ആ ഉദ്യാനത്തിൽ അങ്ങിങ്ങായി ചലിച്ചുകൊണ്ടിരുന്നു. പന്തിന്റെ ചലനങ്ങൾക്കൊത്തുചലിക്കുന്ന ആ സുന്ദരനയനങ്ങൾ തിരുമുഖത്തിനഴക് കൂട്ടി. കാതിൽ ഇളകിയാടുന്ന കുണ്ഡലങ്ങൾ അഴകൊത്ത അവളുടെ കവിളിണകളിൽ നിഴലിച്ചുകണ്ടു. കറുത്ത കുറുനിരകൾ ആ മുഖത്തെ കൂടുതൽ പ്രകാശമാനമാക്കി. അഴിഞ്ഞുലഞ്ഞ പട്ടുടയാടയും കാർകൂന്തലും അവൾ ഒരുകൈകൊണ്ടൊതുക്കിപ്പിടിച്ചുകൊണ്ട് മറുകരത്താൽ വീണ്ടും പന്താടിക്കൊണ്ടിരുന്നു. അങ്ങനെ മായാവിലാസചേഷ്ടകളാൽ അവൾ ഈ ലോകത്തെ മോഹിപ്പിച്ചു.

രാജൻ!, ഇടയ്ക്കിടെ കടക്കണ്ണെയ്തുകൊണ്ട് അവൾ മഹാദേവനെ നോക്കി. ഈവിധം തന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന ആ സ്ത്രീരൂപത്തിൽ ആകൃഷ്ടനായ മഹാദേവൻ, തന്നെയും തന്റെയടുത്തിരിക്കുന്ന ഉമയേയും മറ്റു പരിവാരങ്ങളേയും ക്ഷണത്തിൽതന്നെ മറന്നുപോയി. രാജാവേ!, പെട്ടെന്ന് മോഹിയുടെ കൈയ്യിൽനിന്നും ആ പന്ത് ദൂരത്തേക്ക് തെറിച്ചുവീണു. അവൾ അതിനെ പിന്തുടർന്നുപോകുന്നത് ഭഗവാൻ രുദ്രൻ കണ്ണെടുക്കാതെ നോക്കിയിരുന്നു. ആ സമയം മന്ദമായ ഒരു കാറ്റുവന്ന് അവളുടെ നേരിയ ഉടുവസ്ത്രത്തെ അരഞ്ഞാണത്തോടൊപ്പം പറത്തിക്കൊണ്ടുപോയി. അങ്ങനെ സുന്ദരാംഗിയായ അവളെ ഭഗവാൻ നോക്കുന്നതിനിടയിൽ അവളും തന്റെ കടക്കണ്ണാൽ ഭഗാവനെ നോക്കിക്കൊണ്ടിരുന്നു. തന്നിൽ ആകൃഷ്ടയായെന്ന ചിന്തയോടെ മഹാദേവനും അവളിൽ അത്യന്തം ആകൃഷ്ടനായി. ആ ചേഷ്ടകളാൽ വിവേകം മറന്ന മഹാദേവൻ അവളെ പ്രാപിക്കുവാനുള്ള ത്വരയോടുകൂടി, സ്വന്തം പത്നിയായ ഭവാനി നോക്കിനിൽക്കെത്തന്നെ അവളുടെയടുക്കലേക്ക് നടന്നുപോയി. വിവസ്ത്രയായ തന്റെയടുക്കലേക്ക് നടന്നടുക്കുന്ന മഹാദേവേനെ കണ്ട് അവൾ അത്യന്തം ലജ്ജിതയായി. ഒരിടത്തുതന്നെ നിൽക്കാതെ അവൾ ചിരിച്ചുകൊണ്ട് മരങ്ങൾക്കിടയിൽ ഒളിച്ചുകളിച്ചു. ഇന്ദ്രിയസം‌യമനം കൈവിട്ടുപോയ ഭഗവാൻ കാമാധീനനായി, ഒരു കൊമ്പനാന പിടിയാനയെ എന്നതുപോലെ, അവളെ പിന്തുടരുവാൻ തുടങ്ങി. അതിവേഗം പാഞ്ഞടുത്ത മഹാദേവൻ പിന്നിൽനിന്നും അവളുടെ മുടിക്കെട്ടിൽ കടന്നുപിടിച്ചു അവളെ തന്നിലേക്ക് ചേർത്തണച്ചു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച അവളെ പരമശിവൻ ഇരുകൈകൾകൊണ്ടും വാരിപ്പുണർന്നു. ഒരു കൊമ്പനാനയുടെ പിടിയിൽനിന്നും പെണ്ണാനയെന്നതുപോലെ, മഹാദേവന്റെ ഗാഢമായ ആലിംഗനത്തിൽനിന്നും അഴിഞ്ഞുലഞ്ഞ കേശഭാരത്തോടുകൂടി മോഹിനി തലങ്ങും വിലങ്ങും കുതറിപാഞ്ഞു. അല്ലയോ രാജാവേ!, ഭഗവാന്റെ കൈകളിൽനിന്നും രക്ഷപ്പെട്ട വിഷ്ണുമായാമോഹിനി അവിടെനിന്നും ദൂരേയ്ക്കോടിയകന്നു.

രാജാവേ!, കാമദേവനാൽ തോൽ‌പ്പിക്കപ്പെട്ട ശ്രീരുദ്രൻ ആ മോഹിനീരൂപത്തെ തേടി വിഷ്ണുവിന്റെ മാർഗ്ഗത്തെ പിന്തുടർന്നു. കാമാതുരനായ ഒരു കൊമ്പനാനയെപ്പോലെ അവളുടെ പിന്നാലെ പാഞ്ഞുകൊണ്ടിരുന്ന മഹാദേവനിൽനിന്നും ഒരിക്കലും പാഴാകാത്ത രേതസ്സ് സ്ഖലിച്ചു. അല്ലയോ മഹീപതേ!, ആ രേതസ്സ് എവിടെയെല്ലാം പതിച്ചുവോ, അവിടമെല്ലാം സ്വർണ്ണത്തിന്റേയും വെള്ളിയുടേയും വിളഭൂമിയായി ഭവിച്ചു. സരിത്തുകളിലും സരസ്സുകളിലും പർവ്വതങ്ങളിലും കാടുകളിലും ഉദ്യാനങ്ങളിലും മുനികൾ വസിക്കുന്നിടങ്ങളിലുമെല്ലാം മഹാദേവൻ മോഹിനിയെ അന്വേഷിച്ചലഞ്ഞു.

ഹേ നൃപശ്രേഷ്ഠാ!, രേതസ്സ് സ്ഖലിച്ചതോടെ താൻ വിഷ്ണുമായയാൽ ചൈതന്യം നശിച്ചവനാണെന്ന് സ്വയം വിലയിരുത്തിയതിനുശേഷം, ആ പാഴ്വൃത്തിയിൽനിന്നും ശിവൻ പിന്തിരിഞ്ഞു. അഗ്രാഹ്യമായ ശക്തിയോടുകൂടിയവനും ജഗദാത്മാവുമായ ശ്രീഹരിയുടെ മാഹാത്മ്യത്തെക്കുറിച്ച് ബോധവാനായ രുദ്രൻ ഈ സംഭങ്ങളെയൊന്നും അത്ഭുതകരമായി കണ്ടില്ല. വിഷണ്ണനായും ലജ്ജിതനായുമിരിക്കുന്ന രുദ്രനെ കണ്ട് ശ്രീഹരി തന്റെ പുരുഷസ്വരൂപത്തെ ധരിച്ചുകൊണ്ട് പ്രത്യക്ഷനായി ഇങ്ങനെ അരുളിച്ചെയ്തു.

ശ്രീഭഗവാൻ പറഞ്ഞു: ഹേ വിബുധശ്രേഷ്ഠാ!, എന്റെ മായാമോഹിനീരൂപത്തിൽ ഭ്രമിച്ചവനാണെങ്കിലും അങ്ങ് സ്വയമേവ സ്വപ്രകൃതിയിലേക്ക് മടങ്ങിയത് സന്തോഷകരമായ കാര്യം തന്നെ. നാനാവിധത്തിലുള്ളതും, ആത്മനിയന്ത്രണമില്ലാത്തവരാൽ മറികടക്കാൻ പ്രയാസമുള്ളതുമായ എന്റെ മായയിൽ ഒരിക്കൽ ആസക്തനായാൽ പിന്നീടതിൽനിന്ന് താങ്കൾക്കല്ലാതെ മറ്റാർക്കാണ് സ്വയം വിട്ടുമാറാൻ സാധിക്കുക?. കാലമായും ത്രിഗുണാത്മികയുമായുമിരിക്കുന്ന എന്റെയീ മഹാമായ ഇനി ഒരിക്കലും അങ്ങയെ മോഹിപ്പിക്കുകയില്ല.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇപ്രകാരം ശ്രീഹരിയാൽ സാന്ത്വനിപ്പിക്കപ്പെട്ട മഹാദേവൻ തന്തിരുവടിയെ പ്രദക്ഷിണം ചെയ്ത് അനുജ്ഞയും വാങ്ങി കൈലാസത്തിലേക്ക് യാത്രയായി. അല്ലയോ ഭാരതാ!, ശേഷം, ഭഗവാൻ പരമശിവൻ ഋഷിമാർ മുമ്പാകെ ഭഗവദ്മായയെക്കുറിച്ച് സ്വപത്നിയായ ഭവാനിയോടു പ്രീതിയോടുകൂടി പറഞ്ഞു: ദേവീ!, ഭഗവാൻ ശ്രീഹരിയുടെ മായയെ ഭഗവതി കണ്ടതാണല്ലോ!. അതിൽ സർവ്വസ്വതന്ത്രനായ ഞാൻ കൂടി മോഹിച്ചുപോയെങ്കിൽ പരതന്ത്രന്മാരായ മറ്റുള്ളവരെക്കുറിച്ചെന്തുതന്നെ പറയാനാണു!. ആയിരം വർഷങ്ങൾക്കുശേഷം ഞാൻ സമാധിയിൽനിന്നും വിരമിച്ചപ്പോൾ, ആരെയായിരുന്ന് ധ്യാനിച്ചതെന്ന് ഭവതി ചോദിക്കുകയുണ്ടായി. അവൻ കാലത്തിനു് പ്രവേശിക്കാൻ കഴിയാത്തവനും വേദങ്ങളാലറിയപ്പെടാത്തവനും പുരാണപുരുഷനുമായ ഈ ശ്രീഹരിതന്നെയായിരുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ വത്സാ!, പാലാഴിയെ മഥിക്കുന്നതിനിടയിൽ മന്ദരപർവ്വതത്തെ തന്റെ പൃഷ്ഠഭാഗത്തിൽ താങ്ങിനിർത്തിയ ശാർഗ്ങപാണിയായ ഭഗവാൻ മഹാവിഷ്ണുവിന്റെ മഹിമയെ ഇങ്ങനെ ഞാൻ അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകഴിഞ്ഞു. ഇതിനെ കീർത്തിക്കുകയും കേൾക്കുകയും ചെയ്യുന്ന യാതൊരു ഭക്തന്റേയും ഉദ്യമങ്ങൾ പാഴാകുകയില്ല. എന്തെന്നാൽ, ഉത്തമശ്ലോകനായ ശ്രീഹരിയുടെ ഗുണാനുവർണ്ണനം സമസ്തസംസാരദുഃഖങ്ങളേയും ഇല്ലാതെയാക്കുന്നു. മോഹിനീവേഷം പൂണ്ടുചെന്ന് അസുരന്മാരെ മോഹിപ്പിച്ച് കടൽ കടഞ്ഞെടുത്ത അമൃതത്തെ ദേവന്മാർക്ക് നൽകിയ ഭഗവാൻ ശ്രീഹരിയുടെ തൃപ്പാദം ഭക്തിശൂന്യരായ അസത്തുക്കൾക്ക് വിഷയമാകാത്തതാണു. തന്നെ ആശ്രയിച്ച ഭക്തന്മാരുടെ ആഗ്രഹത്തെ നിറവേറ്റിയ തന്തിരുവടിയെ ഞാൻ പ്രണമിക്കുന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Lord Shiva is bevildered by the Mohini form of Lorsh Hari

2019, ഒക്‌ടോബർ 19, ശനിയാഴ്‌ച

8.11 ദേവാസുരയുദ്ധം അവസാനിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 11
(ദേവാസുരയുദ്ധം അവസാനിക്കുന്നു.)


ശ്രീശുകൻ പറഞ്ഞു: രാജൻ!, പരമപുരുഷനായ ഭഗവാന്റെ കാരുണ്യത്താൽ ഇന്ദ്രാദിദേവന്മാർ അസുരന്മാരെ യുദ്ധത്തിൽ വകവരുത്തിക്കൊണ്ടിരുന്നു. മഹാബലിക്കുനേരേ ഇന്ദ്രൻ തന്റെ വജ്രായുധം ഓങ്ങിത്തുടങ്ങിയപ്പോൾ ജനങ്ങൾ ഹാ!ഹാ! എന്ന് മുറവിളി കൂട്ടാൻ തുടങ്ങി. ആയുധങ്ങളേന്തി മുന്നിൽ തലയുയർത്തിനിൽക്കുന്ന മഹാബലിയെ കണ്ട് അദ്ദേഹത്തെ അവഹേളിച്ചുകൊണ്ട് ദേവേന്ദ്രൻ പറഞ്ഞു: ഹേ മൂഢാ!, ഇന്ദ്രജാലക്കാരൻ കൺകെട്ടുവിദ്യകൾ കാട്ടി ജനങ്ങളെ കബളിപ്പിച്ച് അവരുടെ ധനം കൈക്കലാക്കുന്നതൂപോലെ, മായാജാലത്തിലൂടെ നമ്മെ ജയിക്കാൻ ഭാവിക്കുകയാണോ നീ?. മായാജാലം കാട്ടി സ്വർഗ്ഗത്തിലെത്തുവാനും, സ്വർഗ്ഗത്തേയും മറികടന്ന് മോക്ഷപദത്തിലേക്കുയരുവാനും യത്നിക്കുന്നവരെ അവരുടെ പൂർവ്വസ്ഥാനത്തിനിന്നുപോലും തള്ളിതാഴെയിടുന്നവനാണു ഞാൻ. ഇന്നിതാ നൂറു് മുനകളുള്ള എന്റെയീ വജ്രായുധത്താൽ നിന്റെ ഉടലിൽനിന്നും ശിരസ്സറുത്ത് താഴെയിടാൻ പോകുന്നു. ഹേ മൂഢാത്മാവേ!, രക്ഷപെടാമെങ്കിൽ ഉറ്റവരുടേയും ഉടയവരുടേയും സഹായം തേടിക്കൊള്ളുക.

ബലി പറഞ്ഞു: ഹേ ഇന്ദ്രാ!, യുദ്ധത്തിൽ പങ്കെടുക്കുന്ന സർവ്വർക്കും കാലശക്തിക്കനുസൃതമായി യശസ്സും വിജയവും അപജയവും മരണവുമൊക്കെ ക്രമാനുസൃതമായി സംഭവിക്കാവുന്നതാണു. അതുകൊണ്ട്, ബോധവാന്മാർ ഇതിനെ കാലത്തിന്റെ നിയന്ത്രണമായിമാത്രം കാണുന്നു. അവർ വിജയത്തിൽ ആഹ്ലാദിക്കുകയോ, അപജയത്തിൽ ദുഃഖിക്കുകയോ ചെയ്യുന്നില്ല. എന്നാൽ, നിങ്ങൾ ദേവന്മാർ അക്കാര്യത്തിൽ അറിവില്ലാത്തവരാണു. കാലാനുസൃതമായി സംഭവിക്കുന്ന ജയാപജയങ്ങളെ സ്വന്തം മഹിമകളായും മറ്റുള്ളവരുടെ കുറവുകളായും കരുതുന്ന നിങ്ങൾ ജ്ഞാനികളുടെ കണ്ണിൽ ശോചനീയന്മാരാണു. അതുകൊണ്ട് നിങ്ങൾ പറയുന്ന ഈ ദുരുക്തികൾ ഞങ്ങൾ കാര്യമാക്കുന്നില്ല.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, വീരനായ മഹാബലി ഇത്തരം കടുത്തവാക്കുകളാൽ അധിക്ഷേപിച്ചതിനുശേഷം, വില്ലിൽ തൊടുത്ത കൂരമ്പുകളെ തന്റെ കാതോളം വലിച്ചുവിട്ട് ഇന്ദ്രനെ പ്രഹരിച്ചു. ശത്രുവിൽനിന്നും ആ അപ്രിയസത്യത്തെ കേട്ട ഇന്ദ്രൻ, തോട്ടികൊണ്ട് കുത്തുകൊണ്ട ആനയെപ്പോലെ, ക്രോധാകുലനായി. ആ നിന്ദാവചനത്തെ സഹിക്കുവാൻ ഇന്ദ്രന് കഴിഞ്ഞില്ല. ഒരിക്കലും പാഴാകാത്ത തന്റെ വജ്രായുധത്തെ ഇന്ദ്രൻ മഹാബലിക്കുനേരേ പ്രയോഗിച്ചൂ. പ്രഹരമേറ്റ ബലി വിമാനോത്തോടൊപ്പം, ചിറകറ്റ ഒരു പർവ്വതം പോലെ, നിലംപതിച്ചു. മഹാബലി മരിച്ചുവീഴുന്നതുകണ്ട ജംഭാസുരൻ ഒരു സുഹൃത്തെന്ന നിലയിലുള്ള തന്റെ ധർമ്മം നിറവേറ്റുവാൻ‌വേണ്ടി ഇന്ദ്രനോട് യുദ്ധത്തിനായി ഓടിയടുത്തു. കരുത്തനായ ജംഭൻ സിംഹാരൂഢനായി അതിവേഗം പാഞ്ഞെത്തി ഇന്ദ്രന്റെ പൂണെല്ലിൽ ആഞ്ഞടിച്ചു. പിന്നീടവൻ ആനയേയും പ്രഹരിച്ചു. അടിയേറ്റ് വിവശനായ ഐരാവതം മോഹാലസ്യപ്പെട്ട് ഭൂമിയിൽ മുട്ടുകുത്തിവീണു. പെട്ടെന്നുതന്നെ ഇന്ദ്രന്റെ സാരഥിയായ മാതലി ആയിരം ആനകളെപൂട്ടിയ ഒരു മഹാരഥം അവിടേയ്ക്ക് കൊണ്ടുവന്നു. ദേവേന്ദ്രൻ ഐരാവതത്തിൽനിന്നിറങ്ങി ആ രഥത്തിലേക്ക് കയറി. മാതലിയുടെ ആ മിടുക്കിനെ അഭിനന്ദിച്ചതിനുശേഷം ജംഭൻ ശൂലത്താൽ അവനേയും പ്രഹരിച്ചു. എന്നാൽ, മാതലി ആ വേയെ സധൈര്യം കടിച്ചമർത്തി. പെട്ടെന്നുതന്നെ കോപിഷ്ടനായ ഇന്ദ്രൻ വജ്രായുധത്താൽ ജംഭന്റെ കഴുത്തറുത്തു.

രാജൻ!, നാരദമുനിയിൽനിന്നും ജംഭന്റെ മരണവാർത്ത കേട്ടറിഞ്ഞ ബന്ധുക്കളായ നമുചിയും വലനും പാകനുമൊക്കെ പെട്ടെന്നവിടേയ്ക്കോടിയടുത്തു. പരുഷമായ വാക്കുകളാൽ അവർ ദേവേന്ദ്രനെ പ്രകോപിപ്പിച്ചു. മേഘങ്ങൾ മഴ ചൊരിഞ്ഞുകൊണ്ട് പർവ്വതങ്ങളെ എന്നതുപോലെ, ഇന്ദ്രനെ ശരങ്ങളാൽ മൂടി. യുദ്ധനിപുണനായ വലൻ ദേവേന്ദ്രന്റെ ആയിരം കുതിരകളെ, ആയിരം ശരങ്ങളാൽ ഒരേ സമയംതന്നെ എയ്തുനശിപ്പിച്ചു. പാകൻ എന്ന ഒരസുരൻ ഇരുനൂറ് ശരങ്ങൾ ഒരേ സമയം പ്രയോഗിച്ചുകൊണ്ട് ഇന്ദ്രസാരഥിയേയും രഥത്തേയും പ്രത്യേകം പ്രത്യേകം എയ്തറുത്തു. അത് ആ യുദ്ധക്കളത്തിലെ അത്ഭുതകരമായ കാഴ്ചകളിലൊന്നായിരുന്നു. നമുചിയെന്ന മറ്റൊരസുരൻ പൊന്തൂവലുകൾ പതിപ്പിച്ച പതിനഞ്ചു് ഉഗ്രശരങ്ങളാ‍ൽ ഇന്ദ്രനെ ആക്രമിച്ചു. ആ ശരങ്ങൾ ജലമയങ്ങളായ കാർമേഘങ്ങളെപ്പോലെ ഗർജ്ജിച്ചു. രാജാവേ!, മഴക്കാലത്ത് മേഘങ്ങൾ സൂര്യനെ മറയ്ക്കുന്നതുപോലെ, മറ്റസുരന്മാർ ചേർന്ന് ദേവേന്ദ്രനെ രഥത്തോടും സാരഥിയോടുമൊപ്പം ശരങ്ങൾകൊണ്ട് മൂടിമറച്ചു. ശരങ്ങളാൽ മൂടപ്പെട്ട ഇന്ദ്രനെ കാണാതായപ്പോൾ ദേവഗണങ്ങൾ എത്രയും വിവശരായി. തങ്ങളുടെ നേതാവ് നഷ്ടപ്പെട്ടതറിഞ്ഞ അവർ, നടുക്കടലിൽ കപ്പൽ തകർന്നുപോയ കച്ചവടക്കാരെപ്പോലെ, നിലവിളിക്കുവാൻ തുടങ്ങി. എന്നാൽ, പെട്ടെന്നുതന്നെ ശരക്കൂട്ടിലകപ്പെട്ട ഇന്ദ്രൻ കുതിരകളും തേരും സാരഥിയുമടക്കം, ദിക്കുകളേയും ആകാശത്തേയും ഭൂമിയേയും സ്വതേജസ്സിനാൽ തെളിയിച്ചുകൊണ്ട്, രാതിയുടെ അന്ത്യത്തിൽ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ, പ്രകാശിച്ചു. തകർന്നടിഞ്ഞ തന്റെ സൈന്യത്തെകണ്ട് കോപത്താൽ ജ്വലിച്ചുകൊണ്ട് ഇന്ദ്രൻ ശത്രുവിനുനേരേ വജ്രായുധം ഓങ്ങി. അല്ലയോ രാജൻ!, എട്ടുവശങ്ങളിലും മൂർച്ചയുള്ള അവന്റെ വജ്രായുധം വലന്റേയും പാകന്റേയും ശിരസ്സുകൾ, അവരുടെ ബന്ധുക്കൾ നോക്കിനിൽക്കെ, അവർക്ക് ഭയമുളവാക്കുന്നവിധം അറുത്തെറിഞ്ഞു. അവരുടെ നാശം കണ്ട് ദുഃഖവും ക്രോധവും രോഷവും കലർന്ന നമുചി ഇന്ദ്രനെ വധിക്കുവാനുള്ള പ്രയത്നം ആരംഭിച്ചു. ക്രുദ്ധനായ നമുചി കാരിരുമ്പുകൊണ്ടുണ്ടാക്കിയ സ്വർണ്ണമയമായ ഒരു ശൂലം കൈയ്യിലെടുത്തുകൊണ്ട്, ഇതാ നിന്ന കൊന്നുകഴിഞ്ഞു! എന്നാക്രോശിച്ചുകൊണ്ട് ഇന്ദ്രന്റെ സമീപത്തേക്കു് പാഞ്ഞടുക്കുകയും, ഒരു സിംഹത്തെപ്പോലെ അലറിക്കൊണ്ട്  ആ ശൂലത്തെ ഇന്ദ്രന്റെ നേർക്കയയ്ക്കുകയും ചെയ്തു. രാജാവേ!, അന്തരീക്ഷത്തിലൂടെ അതിവേഗം പാഞ്ഞുവരുന്ന ആ ശൂലത്തെ ഇന്ദ്രൻ തന്റെ വജ്രായുധത്താൽ തുണ്ടം തുണ്ടമാക്കി മുറിച്ചു. തുടർന്ന്, അവന്റെ തല കൊയ്യുവാനെന്ന ഉദ്ദേശത്തോടെ വജ്രായുധത്തെ നമുചിയുടെ കണ്ഠദേശം ലക്ഷ്യമാക്കി പ്രയോഗിച്ചു. രാജൻ!, അതിശക്തിയോടെ ഇന്ദ്രൻ വിട്ടയച്ച ആ വജ്രായുധം നമുചിയുടെ ത്വക്കിനെപോലും മുറിയ്ക്കാൻ സാധിക്കാതെ തിരിഞ്ഞുമടങ്ങി. കരുത്തുറ്റ വൃത്രാസുരനെ തുണ്ടമാക്കിയ വജ്രായുധത്തിന് നമുചിയുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽ‌പ്പിക്കുവാൻ കഴിഞ്ഞില്ലെന്നുള്ളത് ആശ്ചര്യകരമായ ഒരു കാര്യമായി. ആ സംഭവം ഇന്ദ്രനിൽ ഭീതിയുളവാക്കി. എന്തോ മറിമായം സംഭവിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞ ഇന്ദ്രനിൽ ഉത്കണ്ഠ നിറഞ്ഞു. വ്യാകുലതയോടെ അദ്ദേഹം ചിന്തിച്ചു: പണ്ടൊരിക്കൽ ചില പർവ്വതങ്ങൾ ആകാശത്തുകൂടി പറക്കുകയും, ഇടയ്ക്ക് ഭാരം സഹിക്കുവാനാകാതെ തളർന്ന് ഭൂമിയിൽ പതിച്ച് അനേകം ജങ്ങളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ആ സമയം അവയുടെ ചിറകുകളറുത്ത് ഞാൻ ജനങ്ങളെ ആപത്തിൽനിന്നും രക്ഷിച്ചത് ഈ വജ്രായുധം കൊണ്ടായിരുന്നു. ഉഗ്രതപസ്സിന്റെ മൂർത്തീഭാവമായിരുന്ന വൃത്രാസുരനെ കീറിപ്പിളർന്നതും ഇതേ വജ്രത്താൽ തന്നെ. മാത്രമല്ല, യാതൊരസ്ത്രത്താലും ഒരു പോറൽ പോലുമേൽക്കാത്ത ശക്തിശാലികളായ അനേകം യോദ്ധാക്കളെ കൊന്നൊടുക്കിയതും ഈ വജ്രായുധം തന്നെയായിരുന്നു. എന്നാൽ, ഇന്നിതാ ഈ അസുരനെ സ്പർശിക്കുവാൻപോലും കഴിയാതെ കേവലം ഒരു സാധാരണ ദണ്ഡുപോലെ ഇത് തിരികെ വന്നിരിക്കുന്നു. ആയതിനാൽ ഇനിമേൽ ഈ വജ്രായുധത്തെ നാം ഉപയോഗിക്കുകയില്ല. ദധീചിമഹർഷിയുടെ ബ്രഹ്മതേജസ്സുപോലും ഇവനുമുന്നിൽ നിഷ്‌പ്രഭമായിരിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ ചിന്തിച്ചുകൊണ്ട് വിഷണ്ണനായി നിൽക്കുന്ന ദേവേന്ദ്രൻ പെട്ടെന്നൊരശരീരിവാക്യത്തെ കേട്ടു. ആ വാക്യം ഇപ്രകാരമായിരുന്നു: ഹേ ഇന്ദ്രാ!, ഉണങ്ങിയ വസ്തുക്കളാലോ, നനഞ്ഞ വസ്തുക്കളാലോ ഈ അസുരന് മരണമില്ലെന്നറിയുക. ഈ വരം ഇവൻ എന്നിൽനിന്നും നേടിയെടുത്തതാണു. ആയതിനാൽ അല്ലയോ ദേവേന്ദ്രാ!, ഇവനെ വധിക്കുവാനായി മറ്റേതെങ്കിലും മാർഗ്ഗത്തെക്കുറിച്ച് ചിന്തിക്കുക.

ശ്രീശുകൻ തുടർന്നു: രാജാവേ!, ദൈവഗിരമായ ആ അശരീരിയെ കേട്ടറിഞ്ഞതിനുശേഷം, ഇന്ദ്രൻ നമുചിയെ കൊല്ലുവാനുള്ള ഉപായത്തെക്കുറിച്ച് ചിന്തിച്ചു. ശേഷം ഉണങ്ങിയതോ, നനഞ്ഞതോ അല്ലാതുള്ള കടൽനുരയെ ഇന്ദ്രൻ ശ്രത്രുവധത്തിനുള്ള ഉപായമായി കണ്ടറിഞ്ഞു. പെട്ടെന്നുതന്നെ അതുപയോഗിച്ച് ഇന്ദ്രൻ നമുചിയെ വധിക്കുകയും ചെയ്തു. അതുകണ്ട ഋഷിസംഘങ്ങൾ അദ്ദേഹത്തെ വാഴ്ത്തുകയും പൂമാലയണിയിച്ചാ‍ദരിക്കുകയും ചെയ്തു. ഗന്ധർവ്വപ്രമുഖന്മാരായ വിശ്വാവസുവും പരാവസുവും ഇന്ദ്രന്റെ ഗുണഗാനങ്ങൾ പാടി. ദേവഗണങ്ങൾ ദുന്ദുഭി കൊട്ടി. ദേവനർത്തകികൾ നൃത്തം ചെയ്തു.

രാജൻ!, അതേസമയംതന്നെ വായു, അഗ്നി, വരുണൻ മുതലായ ദേവന്മാരും എതിരാളികളെ അസ്ത്രങ്ങളാൽ, സിംഹങ്ങൾ മാനുകളെയെന്നതുപോലെ, കൊന്നൊടുക്കിക്കൊണ്ടിരുന്നു. രാജാവേ!, ഇങ്ങനെ, അസുരന്മാർ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുകണ്ട ബ്രഹ്മദേവൻ ശ്രീനാരദരെ അവിടേക്കയയ്ക്കുകയും, ദേവർഷി ദേവന്മാരെ വിലക്കുകയും ചെയ്തു. ശ്രീനാരദൻ പറഞ്ഞു: അല്ലയോ ദേവന്മാരേ!, ഭഗവദനുഗ്രഹത്താൽ നിങ്ങൾക്ക് അമൃതം നേടുവാൻ കഴിഞ്ഞു. ശ്രീമഹാലക്ഷ്മിയാൽ സർവ്വരും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. അതുകൊണ്ട്, ഇനിയീ യുദ്ധം മതിയാക്കുക.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജൻ!, ദേവർഷിയുടെ ആ വാക്കുകളെ മാനിച്ചുകൊണ്ട് ദേവന്മാർ കോപത്തെയടക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന്, പുകഴ് പാടുന്ന അനുചരന്മാരോടൊപ്പം അവർ ദേവലോകത്തേക്ക് യാത്രയായി. നാരദമുനിയുടെ ഉപദേശപ്രകാരം അവശേഷിച്ച അസുരന്മാർ ചേതനയറ്റ മഹാബലിയുടെ ശരീരത്തെ വഹിച്ചുകൊണ്ട് അസ്തമയപർവ്വതത്തിലേക്കുപോയി. അവയവങ്ങൾ നഷ്ടപ്പെടാത്തവരും ശിരസ്സറ്റുപോകാത്തവരുമായ എല്ലാ അസുരന്മാരേയും ശുക്രമഹർഷി സ്വവിദ്യയായ സഞ്ജീവിനിയാൽ പുനർജീവിപ്പിച്ചു. ശുക്രന്റെ സ്പർശനത്താൽ മഹാബലിയും പുനർജ്ജീവിച്ച് തന്റെ ഇന്ദ്രിയശക്തിയും ഓർമ്മശക്തിയും വീണ്ടെടുത്തു. ജ്ഞാനിയായിരുന്ന അദ്ദേഹം തന്റെ തോൽ‌വിയിൽ ഒരിക്കലും ദുഃഖിക്കുകയുണ്ടായില്ല.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






 Indra kills namuchi and war between gods and demons ends

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

8.10 ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 10
(ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ദേവന്മാരോടൊത്ത് പാലാഴിയെ കടഞ്ഞുവെങ്കിലും, ഭഗവദ്ഭക്തിയില്ലായ്മമൂലം, അസുരന്മാർക്ക് അമൃതം അനുഭവിക്കുവാൻ യോഗമുണ്ടായില്ല. ദേവന്മാരെ അമൃതൂട്ടിയതിനുശേഷം ഭഗവാൻ ഗരുഡോപരിയേറി സ്വധാമത്തിലേക്ക് യാത്രയായി. ദേവന്മാരുടെ ഐശ്വര്യത്തെക്കണ്ട് സഹിക്കാൻ കഴിയാതെ അസുരന്മാർ ആയുധധാരികളായി അവരോട് യുദ്ധത്തിനൊരുങ്ങി. എന്നാൽ, അമൃതപാനത്താലും ഭഗവദ്പാദങ്ങളെ ആശ്രയിച്ചുകൊണ്ടും കരുത്താർജ്ജിച്ച ദേവന്മാരാകട്ടെ, വിവിധ ആയുധങ്ങളോടെ അവരോടെതിരിട്ടു. രാജൻ!, അവിടെ, അങ്ങനെ, ആ സമുദ്രതീരത്തുവച്ചുതന്നെ, അതിഭീഷണമായ ദേവാസുരയുദ്ധം നടന്നു. അവർ കോപാവേശത്തോടെ പരസ്പരം യുദ്ധം ചെയ്തു. വിവിധ ആയുധങ്ങളാൽ ദേവാസുരന്മാർ അന്യോന്യം പ്രഹരിക്കുവാൻ തുടങ്ങി.

ശംഖ്, കൊമ്പ്, മദ്ദളം, പെരുമ്പറ, കടുന്തുടി എന്നിവയുടെ ഒച്ചപ്പാടും, ആന, കുതിര, തേരു്, കാലാൾ എന്നിവയുടെ ശംബ്ദകോലാഹലവും കൊണ്ട് ദിക്കുകൾ പ്രകമ്പനം കൊണ്ടു. തേരുകൾ തേരുകളോടും, കാലാൾ കാലാളുകളോടും, കുതിരപ്പടകൾ കുതിരപ്പടകളോടും, ആനപ്പടകൾ ആനപ്പടകളോടും ഏറ്റുമുട്ടി. ചിലർ ഒട്ടകത്തിന്മേലും, ചിലർ ആനപ്പുറത്തും, ചിലർ കഴുതകളുടെ പുറത്തും, ചിലർ വെണ്മുഖമൃഗങ്ങൾക്കുമുകളിലും, ചിലർ കരടിപ്പുറത്തും, ചില പുലിമേലും, ചിലർ സിംഹത്തിന്മേലും കയറി യുദ്ധം ചെയ്തു. രാജാവേ!, പറഞ്ഞാലൊടുങ്ങാത്തവിധം കഴുകുകളിൽത്തുടങ്ങി, ജലജീവികളായ ജന്തുക്കളെവരെ വാഹനമാക്കിക്കൊണ്ട് അവർ എതിർസേനകൾക്കുനേരേ കടന്നുചെന്നു.

അല്ലയോ പാണ്ഡവാ!, സുരാസുരന്മാരുടെ ആ മുന്നണിപ്പടകൾ, വിവിധവർണ്ണക്കൊടിക്കൂറകൾകൊണ്ടും, ധവളവർണ്ണക്കുടകൾകൊണ്ടും, വജ്രങ്ങൾ പിടിപ്പിച്ച കൈപ്പിടികളും മയിൽപ്പീലികളുള്ളതുമായ ചാമരങ്ങൾകൊണ്ടും, മനോഹരങ്ങളായ ആലവട്ടങ്ങൾകൊണ്ടും, കാറ്റിൽ പറന്നുകളിക്കുന്ന ഉത്തരീയങ്ങൾകൊണ്ടും, വർണ്ണശബളമായ തലപ്പാവുകൾ കൊണ്ടും, മിന്നിത്തിളങ്ങുന്ന പടച്ചട്ടകൾകൊണ്ടും, വിവിധതരം ആഭൂഷണങ്ങൾകൊണ്ടും, സൂര്യരശ്മികളാൽ ഒളിവിതറുന്ന ആയുധങ്ങൾകൊണ്ടും, ഇങ്ങനെ ജലജന്തുക്കളുടെ നിരകളാൽ രണ്ട് സമുദ്രങ്ങൾപോലെ ശോഭിച്ചു.

രാജാവേ!, അസുരന്മാരുടെ സൈന്യാധിപൻ വിരോചനപുത്രനായ മഹാബലിയായിരുന്നു. അദ്ദേഹം മയനാൽ നിർമ്മിതമായ വൈഹായസം എന്നുപേരുള്ള ഒരു വിമാനത്തിലിരുന്നായിരുന്നു യുദ്ധം ചെയ്തിരുന്നതു. ആ വിമാനം യുദ്ധത്തിനുള്ള സകല സംവിധാനങ്ങളോടും കൂടിയതായിരുന്നു. അത് ചിലപ്പോൾ ദൃശ്യമാകുകയും മറ്റുചിലപ്പോൾ അദൃശ്യമാകുകയും ചെയ്തു. മറ്റ് ഉപാധ്യക്ഷന്മാരാൽ പരിവൃതനായ മഹാബലി ഉദയചന്ദ്രനെപ്പോലെ തിളങ്ങി. അദ്ദേഹത്തിനുചുറ്റും നാനാസംഘങ്ങളുടെ അധിപന്മാർ പ്രത്യേകം പ്രത്യേകം വിമാനങ്ങളിലേറി തയ്യാറായിനിന്നു. അവരിൽ, നമുചി, ശംബരൻ, ബാണൻ, വിപ്രചിത്തി, അയോമുഖൻ, ദ്വിമൂർദ്ധാവ്, കാലനാഭൻ, പ്രഹേതി, ഹേതി, ഇല്വലൻ, ശകുനി, ഭൂതസന്താപൻ, വജ്രദംഷ്ട്രൻ, വിരോചനൻ, ഹയഗ്രീവൻ, ശംകുശിരസ്സ്, കപിലൻ, മേഘദുന്ദുഭി, താരകൻ, ചക്രാക്ഷൻ, ശുംഭൻ, നിശുംഭൻ, ജംഭൻ, ഉത്കലൻ, അരിഷ്ടൻ, അരിഷ്ടനേമി, മയൻ, എന്നിവരെക്കൂടാതെ, പൌലോമൻ, കാലേയന്മാർ, നിവാതകവചന്മാർ തുടങ്ങിയവരുമുണ്ടായിരുന്നു. ഇവരെല്ലാം കഷ്ടപ്പെട്ട് സമുദ്രമഥനം ചെയ്തുവെങ്കിലും അമൃതത്തെ അനുഭവിക്കുവാൻ കഴിയാതെപോയവരായിരുന്നു. എന്നിരുന്നാലും, തങ്ങളുടെ സൈന്യങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുവാനായി അവർ തങ്ങളുടെ ശംഖങ്ങളെ ഉച്ചത്തിൽ മുഴക്കുവാൻ തുടങ്ങി. അതുകണ്ട ദേവേന്ദ്രന് കോപം വന്നു. ഐരാവതത്തിന്മേലിരിക്കുന്ന അദ്ദേഹം അരുവികളൊഴുകിക്കൊണ്ടിരിക്കുന്ന ഉദയപർവ്വതത്തിനുമേൽ സൂര്യനെന്നതുപോലെ, പ്രശോഭിച്ചു. അദ്ദേഹത്തെ ചുറ്റപ്പെട്ട് നാനാദിശകളിലായി ദേവഗണങ്ങൾ, വായു, അഗ്നി, വരുണൻ, മുതലായവരും മറ്റ് ലോകപാലകന്മാരും നിലകൊണ്ടു.

രാജൻ!, ആ ദേവാസുരന്മാർ കാതടപ്പിക്കുന്നവിധം അധിക്ഷേപങ്ങളും വെല്ലുവിളികളുമായി, മുന്നോട്ട് തള്ളിക്കയറിവന്ന് ഈരണ്ടുപേരായിത്തിരിഞ്ഞ് ദ്വന്ദയുദ്ധം ആരംഭിച്ചു. ആ ദ്വന്ദയുദ്ധത്തിൽ ഇന്ദ്രൻ മഹാബലിയോടും, സ്കന്ദൻ താരകനോടും, വരുണൻ ഹേതിയോടും, മിത്രൻ പ്രഹേതിയോടും, യമധർമ്മൻ കാലനാഭനോടും, വിശ്വകർമ്മാവു് മയനോടും, ശംബരൻ ത്വഷ്ടാവിനോടും, വിരോചനൻ സവിതാവിനോടും, നമുചി അപരാജിതനോടും, അശ്വിനീദേവകൾ വൃഷപർവ്വാവിനോടും, സൂര്യൻ ബലിപുത്രന്മാരായ നൂറുപേരോടും, ചന്ദ്രൻ രാഹുവിനോടും, വായുദേവൻ പുലോമാവിനോടും, ശക്തിശാലിയായ ശ്രീഭദ്രകാളീദേവി ശുംഭനിശുംഭന്മാരോടും, വൃഷാകപി ജംഭനോടും, അഗ്നിദേവൻ മഹിഷാസുരനോടും, ഇല്വലനും വാതാപിയും ചേർന്ന് ബ്രഹ്മപുത്രന്മാരായ മരീച്യാദികളോടും, ദുർമ്മർഷൻ കാമദേവനോടും, ഉത്കലൻ സപ്തമാതൃക്കളോടും, ബൃഹസ്പതി ശുക്രാചാര്യരോടും, ശനിദേവൻ നരകാസുരനോടും, മരുത്തുക്കൾ നിവാതകവചന്മാരോടും, അഷ്ടവസുക്കൾ കാലേയന്മാരോടും, വിശ്വദേവന്മാർ പൌലോമന്മാരോടും, രുദ്രഗണങ്ങൾ ക്രോധവശന്മാരോടും യുദ്ധം ചെയ്തു. ഇങ്ങനെ ഈരണ്ടുപേരായും കൂട്ടം ചേർന്നും ദേവന്മാരും അസുരന്മാരും പരസ്പരം പൊരുതി.

രാജൻ!, വിജയം കൊതിക്കുന്ന അവർ മൂർച്ചയുള്ള വിവിധയിനം ആയുധങ്ങളാൽ അന്യോന്യം പ്രഹരിച്ചു. ചക്രങ്ങൾ, ഗദകൾ, ഈട്ടികൾ, ദണ്ഡുകൾ, വേലുകൾ, തീപന്തങ്ങൾ, കുന്തങ്ങൾ, മഴുകൾ, കൃപാണങ്ങൾ, കത്തികൾ, ഉലക്കകൾ, മൺകുത്തികൾ, ബാണങ്ങൾ മുതലായ അതിഭീഷണങ്ങളായ മാരകായുധങ്ങളാൽ ശിരസ്സുകൾ ഉടലിൽനിന്നും അറ്റുവീണുകൊണ്ടിരുന്നു. വാഹനങ്ങളോരോന്നും ആരോഹകന്മാരോടൊപ്പം ഖണ്ഡിക്കപ്പെട്ടു. വിവിധശരീരഭാഗങ്ങൾ ആഭരണങ്ങളോടൊപ്പം എയ്തുമുറിക്കപ്പെട്ടു. ആ ദേവാസുരന്മാരുടെ ചുവടുവയ്പ്പിലും തേർചക്രങ്ങളുടെ ചലനങ്ങളിലുമായി യുദ്ധഭൂമിയിൽനിന്നും മേലോട്ടുയർന്ന് ദിക്കുകളേയും ആകാശത്തേയും സൂര്യനേയും മറച്ചുകൊണ്ടിരുന്ന പൊടിപടലങ്ങൾ ചോരയിൽകുതിർന്ന് ചെളിയായിമാറിക്കൊണ്ട് നിലത്തുവീണൊഴുകി.  കഴുത്തറ്റുവീണ ശിരസ്സുകളിൽ കിരീടങ്ങൾ അണിഞ്ഞിരിക്കുന്നു. അതിലെ കണ്ണുകൾ കോപാവേശം സ്ഫുരിച്ച് സ്തംഭിച്ചിരുന്നു. ആ ശിരസ്സുകളിലെ ചുണ്ടുകൾ അമർഷത്താൽ കടിച്ചമർത്തപ്പെട്ടിരുന്നു. അങ്ങനെയുള്ള തലകളും ആഭരണങ്ങളണിഞ്ഞ കൈകളും തടിച്ചുകൊഴുത്തുരുണ്ട തുടകളും കൊണ്ട് ആ പടക്കളം മൂടിവിരിക്കപ്പെട്ടിരുന്നു. കബന്ധങ്ങൾ അറ്റുവീണ ശിരസ്സുകളിലെ കണ്ണുകളിലൂടെ നോക്കിക്കൊണ്ട് കൈകളിൽ ആയുധങ്ങളുയർത്തിപ്പിടിച്ച് ശത്രുക്കൾക്കുനേരേ കലിതുള്ളി അവർ ചീറിയണഞ്ഞു.

ഹേ പരീക്ഷിത്തുരാജൻ!, മഹാബലിയാകട്ടെ, പത്തു് ശരങ്ങൾ ഇന്ദ്രനുനേരേ ചൊരിഞ്ഞു. മൂന്നെണ്ണം ഐരാവതത്തെ ലക്ഷ്യമാക്കിയയച്ചു. നാലെണ്ണം ഐരാവതവാഹകന്മാർക്കുനേരേയും, ഒരെണ്ണം മുഖ്യപാപ്പാനുനേരേയും എയ്തു. എന്നാൽ, ഇന്ദ്രൻ പുഞ്ചിരിയോടെ ആ ശരങ്ങളെ അടുത്തെത്തുന്നതിനുമുമ്പേതന്നെ അത്രതന്നെ എണ്ണം വരുന്ന കൂർത്ത അസ്ത്രങ്ങളലെയ്തുമുറിച്ചു. അതുകണ്ട് കോപം മൂത്ത മഹാബലി ശക്തിവേൽ കൈയ്യിലെടുത്തുവെങ്കിലും ജ്വലിച്ചുനിൽക്കുന്ന അത് ബലിയുടെ കയ്യിൽനിന്നും നിർഗ്ഗമിക്കുന്നതിനുമുന്നേതന്നെ ഇന്ദ്രൻ അതിനെ മറ്റൊരസ്ത്രത്താൽ എയ്തുമുറിച്ചു. ശേഷം, ശൂലം, കുന്തം, ഏറുകുന്തം, ഈട്ടി മുതലായ പലേ ആയുധങ്ങളെടുത്തി മഹാബലി പ്രയോഗിക്കുവാൻ നോക്കിയെങ്കിലും അതെല്ലാം ദേവേന്ദ്രൻ നിഷ്പ്രയാസം എയ്തുവീഴ്ത്തുകയായിരുന്നു.

രാജാവേ!, പിന്നീട് ബലി തനിക്ക് വശഗതമായിരുന്ന അന്തർദ്ധാനവിദ്യയെ അവലംബിച്ചുകൊണ്ട് മറഞ്ഞുനിന്ന് മായാജാലം സൃഷ്ടിച്ചു. അതിൽനിന്നും രൂപം കൊണ്ട ഒരു പർവ്വതം ദേവന്മാരുടെ സൈന്യത്തിനുമീതേയായി പ്രത്യക്ഷപ്പെട്ടു. ആ പർവ്വതത്തിൽനിന്നും കാട്ടുതീയിൽ കത്തിയമരുന്ന വൃക്ഷങ്ങളും കൂർത്ത അഗ്രങ്ങളുള്ള പാറക്കഷണങ്ങളും ദേവസൈന്യത്തെ തവിടുപൊടിയാക്കിക്കൊണ്ട് അവർക്കുമീതേ വീഴാൻ തുടങ്ങി. സർപ്പങ്ങളും തേളുകൾ പോലെയുള്ള മറ്റനേകം വിഷജീവികളും ഇഴഞ്ഞടുത്തു. ദേവസൈന്യത്തിന്റെ കൂറ്റൻ ആനകളെപ്പോലും ആക്രമിക്കാൻ പോന്ന സിംഹങ്ങൾ, പുലികൾ, പന്നികൾ മുതലായ ഹിംസ്രജന്തുക്കളും ഉയർന്നുവന്നു. മഹാരാജാവേ!, വെട്ടുവിൻ!, മുറിക്കുവിൻ! എന്നൊക്കെ ആർത്തുവിളിച്ചുകൊണ്ട് വിവസ്ത്രരായ നൂറുകണക്കിനു് രാക്ഷസകൂട്ടങ്ങളും പ്രത്യക്ഷമായി. തുടർന്ന്, ഗംഭീരശബ്ദത്തോടും മിന്നലോടും കൂടി കാർമേഘക്കെട്ടുകൾ കാറ്റിൽ ചിതറിത്തെറിച്ചുകൊണ്ട് തീപ്പൊരികൾ വർഷിക്കുവാൻ തുടങ്ങി. കല്പാന്തത്തിലെ തീജ്വാലപോലെ തോന്നിക്കുന്നതായ ബലിയാൽ ഉണ്ടാക്കപ്പെട്ട അതിഭീഷണമായ ആ അഗ്നിജ്വാലകൾ കാറ്റിനോടുചേർന്നുകൊണ്ട് ദേവസൈന്യത്തെ ദഹിപ്പിക്കുവാനാരംഭിച്ചു. ആഞ്ഞടിക്കുന്ന കൊടുംകാറ്റിൽ ഉയർന്ന തിരമാലകളോടൊപ്പം സമുദ്രം കരകയറിവരാൻ തുടങ്ങി. രാജൻ!, അസുരന്മാരുടെ മായയിൽപ്പെട്ട് ദേവഗണങ്ങൾ ദുഃഖിതരായി. എന്നാൽ ദേവസൈന്യം സ്വരക്ഷയ്ക്കു് പോരാതവന്ന ആ നിമിഷം ഭഗവാൻ ശ്രീമഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. ഗരുഡന്റെ തോളത്തിരിക്കുന്ന തൃപ്പാദങ്ങൾ. തിരുവുടലിൽ മഞ്ഞപ്പട്ടുടുത്തിരിക്കുന്നു. പുതുപുത്തൻ ചെന്താമരയ്ക്കൊത്ത കണ്ണുകൾ. വിവിധ ആയുധങ്ങളേന്തിയ എട്ടു് തൃക്കരങ്ങൾ. ശ്രീവത്സം, കൌസ്തുഭം എന്നിവ പരിലസിക്കുന്നു. കിരീടകുണ്ഡലങ്ങളണിഞ്ഞിരിക്കുന്നു. രാജാവേ!, ഭഗവാന്റെ വരവോടുകൂടി അസുരന്മാരുടെ മായാലീലകൾക്കറുതിവന്നു. തന്തിരുവടിയുടെ പ്രഭാവത്തിൽ എല്ലാം സ്വപ്നതുല്യമായിത്തീർന്നു. ശ്രീഹരിയുടെ സ്മരണപോലും സർവ്വാപത്തുകളിൽനിന്നും രക്ഷയരുളുന്നു.

രാജൻ!, ഗരുഡോപരി ഇരുന്നരുളുന്ന ശ്രീനാരായണനെ കണ്ട് സിംഹവാഹനനായ കാലനേമി എന്ന ഒരസുരൻ ഒരു ശൂലമെടുത്ത് ഭഗവാനുനേരേ ചുഴറ്റിയെറിഞ്ഞു. പെട്ടെന്ന്, ഗരുഡന്റെ മേൽ വീഴാൻ തുടങ്ങിയ ആ ശൂലത്തെ കടന്നുപിടിച്ച്, അതുകൊണ്ടുതന്നെ ആ ശത്രുവിനെ വാഹനത്തോടുകൂടി വധിച്ചുകളഞ്ഞു. ശേഷം, മാലി, സുമാലി എന്ന രണ്ടു് അസുരന്മാരെക്കൂടി ഭഗവാൻ വകവരുത്തി. അപ്പോഴായിരുന്നു, മാല്യവാൻ എന്ന മറ്റൊരസുരൻ ഭഗവനുനേരേ പാഞ്ഞടുത്തതു. അവൻ തന്റെ ഗദയുമായി ഒരു സിംഹത്തിന്റെ അലർച്ചയോടെ പക്ഷിരാജനായ ഗരുഡനെ പ്രഹരിച്ചു. എന്നാൽ, ക്ഷണനേരംകൊണ്ട് ഭഗവാൻ തന്റെ ചക്രത്താൽ അവന്റെ തലയറുത്തു.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






War between Gods and Demons

2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

8.9 അസുരന്മാർക്കു് പറ്റിയ അമളി.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 9
(അസുരന്മാർക്കു് പറ്റിയ അമളി.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തുരാജൻ!, അമൃത് കിട്ടിയതോടെ അസുരന്മാർക്കിടയിൽ ശണ്ഠ തുടങ്ങി. അവരിലെ സൌഹൃദബന്ധം അതോടെയില്ലാതായി. പരസ്പരം ശകാരിച്ചും അമൃതകുംഭത്തെ തട്ടിത്തെറിപ്പിച്ചും അടിപിടി കൂടിക്കൊണ്ടിരിക്കുന്ന ആ സമയം സുന്ദരിയായ ഒരു സ്ത്രീ തങ്ങളുടെയടുത്തേക്കു് നടന്നുവരുന്നതായി അവർ കണ്ടു. അവളുടെ അംഗഭംഗിയെ ആസ്വദിച്ചുകൊണ്ടു് അസുരന്മാർ അവൾക്കരികിലേക്കോടിയടുത്തു. തുടർന്നവളോടു് ചോദിച്ചു: ഹേ സുന്ദരീ! നീ ആരാണു്?. എവിടെനിന്നും വരുന്നു?. എന്താണു് നിന്റെ ഈ വരവിന്റെ ഉദ്ദേശം?. അല്ലയോ മോഹനാംഗി!, നീ ഞങ്ങളുടെ മനസ്സുകളെ വല്ലാതെ മോഹിപ്പിച്ചിരിക്കുന്നു. ദേവന്മാരോ, അസുരന്മാരോ, സിദ്ധചാരണാദികളോ, മറ്റു് ലോകപാലകന്മാരോ നിന്നെ ഇതുവരേയ്ക്കും സ്പർശിച്ചിട്ടില്ലെന്നു് ഞങ്ങളറിയുന്നു. എങ്കിൽ പിന്നെ മനുഷ്യരാൽ അത് സാദ്ധ്യമല്ലെന്നത് നിശ്ചയം തന്നെ. ഹേ സുന്ദരീ!, നീ ഒരുപക്ഷേ ഞങ്ങളുടെ മാനസേന്ദ്രിയങ്ങളെ സംതൃപ്തമാക്കുവാൻ വേണ്ടി ദൈവഹിതത്താൽ അയയ്ക്കപ്പെട്ടളാകും! അല്ലേ?. അല്ലയോ മാനിനീ!, ഹേ കൃശോദരീ!, ഞങ്ങൾ ഒരു വസ്തുവിനെ ചൊല്ലി മത്സരബുദ്ധിയോടെ കലഹിച്ചുകൊണ്ടിരിക്കുകയാണു. അത് തുടർന്നുപോകാതിരിക്കാൻ നീ ഞങ്ങളെ സഹായിക്കണം. ഞങ്ങൾ കശ്യപപ്രജാപതിയുടെ സന്താനപരമ്പരയിലുള്ള ജ്യേഷ്ഠാനുജന്മാരാണു. കർമ്മത്തിൽ ഒരുപോലെ യത്നിക്കുന്നവരുമാണു. അതുകൊണ്ടു് ഞങ്ങളിൽ കലഹമുണ്ടാകാത്തവിധം ഇതിനെ നീതന്നെ നീതിപൂർവ്വം ഞങ്ങൾക്കു് വിളമ്പിത്തരുക.

ഇപ്രകാരം അഭ്യർത്ഥിക്കപ്പെട്ട ശ്രീമഹാവിഷ്ണു ചിരിച്ചുകൊണ്ടും കടക്കണ്ണുകളാൽ നോക്കിക്കൊണ്ടും അവരോടിങ്ങനെ പറഞ്ഞു: കശ്യപന്റെ പരമ്പരയിലുള്ളവർ വെറും പുംശ്ചലിയായ ഒരു സ്ത്രീയിൽ എങ്ങനെയാണു് ആസക്തരാകുക?. ജ്ഞാനികൾ ഒരിക്കലും സ്ത്രീകൾക്കടിപ്പെടുകയില്ല. ഹേ വീരന്മാരേ!, ചെന്നായ്ക്കളുടേയും അതുപോലെ ഒന്നിനുപിറകേ മറ്റൊന്നായി പുതിയ പുതിയ ആളുകളെ തേടി നടക്കുന്ന ദാസിപ്പെണ്ണുങ്ങളുടേയും സൌഹൃദം ഒരിക്കലും നിത്യമാകുകയില്ലെന്നാണു കേട്ടിട്ടുള്ളതു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, മോഹിനിയുടെ ഈ മധുരവചനങ്ങളെ കേട്ട അസുരന്മാർ പൊട്ടിച്ചിരിച്ചു. ശേഷം, എന്തോ ചിന്തിച്ചുറച്ചുകൊണ്ടു് അവർ അമൃതകലശത്തെ അവളുടെ കൈയ്യിൽ കൊടുത്തു. അതിനെ സ്വീകരിച്ചുകൊണ്ടിങ്ങനെ മോഹിനി പറഞ്ഞു: എന്റെ തീരുമാനം അബദ്ധമായാലും സുബദ്ധമായാലും അതെല്ലാവർക്കും സമ്മതമാണെങ്കിൽ ഇതിനെ ഞാൻ നിങ്ങൾക്കായി പങ്കുവച്ചുതരാം. രാജൻ!, മോഹിനീതത്വത്തെക്കുറിച്ചു് അജ്ഞാനികളായിരുന്ന ആ അസുരന്മാർ അവളുടെ മധുരവാക്കുകൾക്കു് വിധേയരായി അങ്ങനെയാകട്ടെ എന്ന് സമ്മതിക്കുകയും ചെയ്തു. ദേവാസുരന്മാർ ഒരു നേരം ഉപവസിച്ചതിനുശേഷം, കുളികഴിഞ്ഞ് അഗ്നി തെളിയിച്ചാരാധിച്ചു്, പശുക്കൾക്കും ബ്രാഹ്മണർക്കും യഥാവിധി ദാനങ്ങൾ നൽകി. ബ്രാഹ്മണർ വേണ്ട കർമ്മങ്ങൾ നിർവ്വഹിച്ചു. ദേവന്മാരും അസുരന്മാരും പുതുവസ്ത്രങ്ങളണിഞ്ഞ് സർവ്വാഭരണവിഭൂഷിതരായിവന്ന് കിഴക്കോട്ട് തലതിരിച്ചുവച്ചിട്ടുള്ള ദർഭപ്പുല്ലുകളിൽ ചമ്രം പടിഞ്ഞിരുന്നു. അലങ്കരിക്കപ്പെട്ട നെടുമ്പുരയ്ക്കുള്ളിൽ അവർ കിഴക്കോട്ട് നോക്കിയിരിക്കുകയാണു.

മഹാരാജൻ!, ആ സമയം കൈയ്യിൽ അമൃതകലശവുമായി അഴകാർന്ന പൂമ്പട്ടുടുത്ത്, പ്രേമം തുളുമ്പുന്ന വശ്യമായ കണ്ണുകളോടെ, സുന്ദരിയായ ആ മോഹീനീരൂപം തന്റെ പൊഞ്ചിലങ്കകളുടെ കിലകിലാരവത്തോടെ അവിടെ രംഗപ്രവേശം ചെയ്തു. കാമം ജനിപ്പിക്കുന്ന ആ സുന്ദരരൂപത്തെ കണ്ടു് ദേവാസുരന്മാർ മോഹിതരായി. ജന്മനാൽതന്നെ ക്രൂരസ്വഭാവികളായ അസുരന്മാർക്ക് അമൃതം നൽകുന്നത്, പാമ്പിന് പാൽ കൊടുക്കുന്നതുപോലെയാണെന്ന് മനസ്സിലാക്കിയ ഭഗവാൻ അമൃതം അസുരന്മാർക്ക് നൽകിയില്ല. സർവ്വജ്ഞനായ ശ്രീഹരി ദേവന്മാരേയും അസുരന്മാരേയും രണ്ടുപന്തികളിലായി വെവ്വേറെ ഇരുത്തി. ശേഷം ഒരു നിരയിലിരിക്കുന്ന അസുരന്മാരെ സമീപിച്ച് മധുരവചനങ്ങളാലും വിവിധ ചേഷ്ടകളാലും അവരെ മോഹിപ്പിച്ചുകൊണ്ട് ദൂരെ മറുനിരയിലിരിക്കുന്ന ദേവന്മാർക്കു് അമൃതം വിളമ്പി. രാജൻ!, നീതിയാ‍യാലും അനീതിയായാലും നീ ചെയ്യുന്നത് ഞങ്ങൾക്കു് സമ്മതമാണു, എന്ന്, മോഹിനീവേഷധാരിയായ ഭഗവാനു് കൊടുത്ത വാക്കിനെ പാലിക്കുവാനായും, സ്തീകളോട് വാക്കുതർക്കം നടത്തുന്നവരല്ല തങ്ങളെന്ന ഡംഭു് കാണിക്കുവാനായും അസുരന്മാർ പന്തിയിൽ മറുത്തൊന്നും പറയാതെ സ്വസ്ഥാനങ്ങളിലിരിക്കുകതന്നെ ചെയ്തു. അവളെ സ്വന്തമാക്കുവാനുള്ള തീവ്രമായ ആഗ്രഹത്താലും, എതിർത്താൽ അവൾ പിന്മാറുമോ എന്ന ഭയത്താലും, അല്പം കഴിഞ്ഞായാൽ‌പോലും അമൃതം തങ്ങൾക്കും ഇവൾ വിളമ്പിയിരിക്കും എന്ന അവളിലെ നീതിനിഷ്ഠയെ ബഹുമാനിച്ചുകൊണ്ടും, ഭഗവദ്മായയാൽ നിയന്ത്രിതരായി അവരാരുംതന്നെ പ്രതികരിക്കാൻ തുനിഞ്ഞില്ല.

ഹേ രാജാവേ!, എന്നാൽ, രാഹു എന്ന അസുരൻ ദേവന്മാരുടെ വേഷമണിഞ്ഞ് അവരുടെ സംഘത്തിനിടയിൽ കയറി കുബുദ്ധിയാൽ അമൃതത്തെ പാനം ചെയ്തു. പെട്ടെന്നുതന്നെ സൂര്യനും ചന്ദ്രനും അത് ഭഗവാനെ അറിയിയ്ക്കുകയും, ഭഗവാൻ അതിതീഷ്ണമായ തന്റെ ചക്രത്താൽ രാഹുവിനെ തല ഉടലിൽനിന്നും ഛേദിച്ചുകളയുകയും ചെയ്തു. ശിരസ്സിൽനിന്നും വേർപെട്ട അവന്റെ ഉടലാകട്ടെ, അമൃതത്തെ സ്പർശിക്കുകപോലും ചെയ്യാതെ നിലത്തുവീണു. അമൃതസ്പരശമുണ്ടായതിനാൽ നശിക്കപ്പെടാത്ത അവന്റെ ശിരസ്സിനെ ബ്രഹ്മദേവൻ തമോഗുണയുക്തമായ ഒരു ഗ്രഹമായി കല്പിച്ചു. രാജാവേ!, ആയതിലുള്ള വിദ്വേഷത്താൽ രാഹു ഇന്നും സൂര്യചന്ദ്രന്മാരെ പർവ്വകാലങ്ങളിൽ ആക്രമിച്ചുകൊണ്ടിരിക്കുന്നു.

രാജൻ!, ദേവന്മാർ അമൃതപാനം ചെയ്തുകഴിഞ്ഞപ്പോൾ അസുരന്മാർ നോക്കിനിൽക്കെ ലോകഭാവനനായ ഭഗവാൻ ശ്രീഹരി തന്റെ സ്വരൂപത്തെ പ്രാപിച്ചു. ഭഗവദ്ഭക്തന്മാർക്കുമാത്രമേ ഉദ്യമസാഫല്യമുണ്ടാകുകയുള്ളൂ എന്ന് ഭഗവാൻ ഇതിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നു. കർമ്മത്തിലും കാലത്തിലും ദേശത്തിലും ചിന്തയിലും ദേവാസുരന്മാർ ഒരുപോലെയായിരുന്നുവെങ്കിലും, ഫലാനുഭവത്തിൽ അവർ രണ്ടായിപിരിഞ്ഞു. ഭഗവാനിൽ ആശ്രയം കൊണ്ട ദേവന്മാർ അമൃതത്തെ അനുഭവിക്കുകയും, അതേസമയം, അങ്ങനെയല്ലാതിരുന്ന അസുരന്മാർക്കാകട്ടെ, അത് ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയിരുന്നുവെങ്കിൽ‌പോലും, ഒടുവിൽ നഷ്ടമാകുകതന്നെ ചെയ്തു. രാജൻ!, പ്രാണൻ, ധനം, കർമ്മം, മനസ്സു്, വാക്കു് മുതലായവയാൽ സ്വന്തം ശരീരത്തേയും ആത്മജാദികളേയും മാത്രം നിമിത്തമാക്കി മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളെല്ലാം ഭേദബുദ്ധിയോടെയാണെങ്കിൽ അത് തീർത്തും വ്യർത്ഥമായിപ്പോകുന്നു. എന്നാൽ, അവ ഭേദവിചാരങ്ങളൊഴിഞ്ഞ് ഭഗവദർപ്പണമാക്കി അനുഷ്ഠിക്കപ്പെടുന്നപക്ഷം സഫലമാകുകയും ചെയ്യുന്നു. എങ്ങനെയെന്നാൽ, ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ജലം ഒഴിച്ചുകൊടുക്കുന്നതോടെ വേരിൽനിന്ന് തുടങ്ങി സകല ശിഖരങ്ങളിലും തളിരുകളിലും വരെ അതെത്തിച്ചേരുകയും വൃക്ഷമൊട്ടാകെ സമ്പുഷ്ടമാകുകയും ചെയ്യുന്നു. അതുപോലെ, നാനാത്വേന വികസിച്ച ഏകത്വമാണു് പ്രപഞ്ചവും ഈശ്വരനെന്നുമുള്ള അഭേദമായ ബോധത്താലാണു് ദേവന്മാർക്കു് പാലാഴിമഥനത്തിൽ തങ്ങളുടെ പ്രയത്നം സഫലമാക്കാൻ കഴിഞ്ഞതു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Mohini cheats asuras and serves nectar to suras