08 - അദ്ധ്യായം - 15 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
08 - അദ്ധ്യായം - 15 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഒക്‌ടോബർ 23, ബുധനാഴ്‌ച

8.15 മഹാബലിയുടെ പടയൊരുക്കം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 15
(മഹാബലിയുടെ പടയൊരുക്കം.)


പരീക്ഷിത്ത് മഹാരാജാവു് ചോദിച്ചു: അല്ലയോ മഹാമുനേ!, ശ്രീമഹാവിഷ്ണു എന്തിനുവേണ്ടിയായിരുന്നു ഒരു ദരിദ്രനെപ്പോലെ മഹാബലിയുടെ അടുക്കൽ ചെന്ന് മൂന്നടി മണ്ണ് യാചിച്ചതു?. ആവശ്യപ്പെട്ടത് ലഭിച്ചിട്ടും ബലിയെ എന്തിനായിരുന്നു ഭഗവാൻ ബന്ധിച്ചതു?. സർവ്വേശ്വരനായ ഹരിയുടെ യാചനത്തെക്കുറിച്ചും, അതുപോലെ നിരപരാധിയായിരുന്ന മഹാബലിയുടെ ബന്ധനത്തെക്കുറിച്ചും കേൾപ്പാൻ ഞങ്ങൾ ആഗ്രഹിക്കുകയാണു. ആയത് രണ്ടും ഞങ്ങൾക്ക് പറഞ്ഞുതന്നാലും.

അതുകേട്ട് ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: രാജാവേ!, ദേവാസുരയുദ്ധത്തിൽ തികച്ചും പരാജിതാനായ മഹാബലിയെ ശുക്രാദികൾ ചേർന്ന് പുനർജ്ജീവിപ്പിച്ച കഥ അങ്ങ് കേട്ടുവല്ലോ!. അതിനുശേഷം, അദ്ദേഹം ഭൃഗുവംശജരായ ആ ശുക്രാദികളെത്തന്നെ രക്ഷയ്ക്കായി അഭയം പ്രാപിക്കുകയുണ്ടായി. മഹാനുഭാവന്മാരായ അവർ ബലിയിൽ സമ്പ്രീതരാകുകയും, സ്വഗ്ഗലാഭത്തെ ആഗ്രഹിക്കുന്ന ബലിയെ വിധിപ്രകാരം അഭിഷേകം ചെയ്ത്, അദ്ദേഹത്തെക്കൊണ്ട് വിശ്വജിത്തെന്ന ഒരു യാഗം യജിപ്പിക്കുകയും ചെയ്തു. യാഗാഗ്നിയിൽനിന്നും തങ്കത്തകിടുകൊണ്ട് വരിഞ്ഞുകെട്ടിയ ഒരു രഥവും, ഇന്ദ്രാശ്വങ്ങളെപ്പോലുള്ള കുതിരകളും, ധ്വജവും, വില്ലും, അമ്പൊഴിയാത്ത രണ്ട് ആവനാഴികളും, പടച്ചട്ടയും പ്രത്യക്ഷമായി. പിതാമഹനായ പ്രഹ്ലാദൻ വാടാമലരുകൾ കോർത്തിണക്കിയ ഒരു മാല്യവും, ശുക്രഗുരു ഒരു ശംഖിനേയും പ്രദാനം ചെയ്തു. ഇങ്ങനെ യുദ്ധത്തിനുള്ള സകലതും ആ ബ്രാഹ്മണർ ബലിക്ക് നൽകി. അവരുടെ ആശീർവചനങ്ങളാൽ അനുഗ്രഹീതനായ മഹാബലി ആ ബ്രാഹ്മണരെ പ്രദക്ഷിണം വച്ച് നമസ്ക്കരിച്ചുകൊണ്ട് പ്രഹ്ലാദനോടു് അനുജ്ഞയും വാങ്ങി.

പൂമാലയെടുത്തണിഞ്ഞ്, പടച്ചട്ട ധരിച്ച്, വാളും അമ്പും വില്ലുമേന്തി, സർവ്വാഭരണവിഭൂഷിതനായി യുദ്ധത്തിനു് തയ്യാറായിക്കൊണ്ട് മഹാബലി രഥത്തിലേറി യാഗാഗ്നിയെപ്പോലെ ജ്വലിച്ചുനിന്നു. തനിക്കുതുല്യം കരുത്തും ഐശ്വര്യവും സൌന്ദര്യവും ചേർന്നവരായ തന്റെ യോദ്ധാക്കളോടൊപ്പം മഹാബലി യുദ്ധത്തിനായി അണിനിരന്നു. ആ നില്പു് കണ്ടാൽ അവർ ആകാശത്തെ വിഴുങ്ങുകയും ദിക്കുകളെ തങ്ങളുടെ നോട്ടത്താൽ ദഹിപ്പിക്കുകയും ചെയ്യുമെന്ന് തോന്നിപ്പോകുമായിരുന്നു. അവരോടൊപ്പം മഹാബലി മണ്ണിനേയും വിണ്ണിനേയും കിടിലം കൊള്ളിച്ചുകൊണ്ട് ഇന്ദ്രന്റെ രാജധാനിയിലേക്ക് പുറപ്പെട്ടു.

രാജൻ!, ഇന്ദ്രപുരി നന്ദനവനം പോലെയുള്ള ഉദ്യാനങ്ങളെക്കൊണ്ട് നിറഞ്ഞതായിരുന്നു. പൂക്കളുടേയും ഫലങ്ങളുടേയും ഇലകളുടേയും ഭാരത്താൽ വൃക്ഷങ്ങൾ തലകുനിച്ചുനിന്നു. അവിടമാകെ പക്ഷികളുടെ കൂജനങ്ങളാലും വണ്ടുകളുടെ മുരൾച്ചയാലും മുഖരിതമായിരുന്നു. എല്ലാംകൊണ്ടും സ്വർഗ്ഗീയാനുഭൂതിയുളവാക്കുന്ന അന്തരീക്ഷം. താമരക്കുളങ്ങളും അരയന്നങ്ങളും വെള്ളില്പറവകളും ചക്രവാഗങ്ങളും താറാവുകളുമുള്ള ഉദ്യാനത്തിൽ അപ്സരസ്സുകൾ ദേവന്മാരാൽ പരിലാളിതരായി ക്രീഡിച്ചുകൊണ്ടിരുന്നു. ആ പുരം അഗ്നിയുടെ വർണ്ണത്തിലുള്ള കോട്ടമതിൽകെട്ടിനാലും. കൊത്തളങ്ങളാലും. അതുപോലെ. ആകാശഗംഗയാകുന്ന കിടങ്ങുകളാലും ചുറ്റപ്പെട്ടതുമായിരുന്നു. ഓരോ കതകുകളും പൊൻപട്ടകൊണ്ട് പൊതിഞ്ഞിരുന്നു. സ്ഫടികമയങ്ങളായ ഗോപുരങ്ങൾ. പല രാജവീഥികളും വന്ന് ആ ഗോപുരത്തോടുചേർന്നിരിക്കുന്നു. ഇന്ദ്രപുരി പൂർണ്ണമായും വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ടതാണു. ഇന്ദ്രനഗരം അനേകം ക്രീഡാങ്കണങ്ങളും വിശാലമായ വീഥികളും സഭാഭവനങ്ങളും കോടിക്കണക്കിന് വിമാനങ്ങളും കൊണ്ടുനിറഞ്ഞതായിരുന്നു. നാൽകവലകളിൽ രത്നങ്ങൾ പതിപ്പിച്ചിരുന്നു. ഇടയ്ക്കിടെ വജ്രം കൊണ്ടും പവിഴം കൊണ്ടും നിർമ്മിച്ച മണ്ഡപങ്ങളും കാണാമായിരുന്നു.

രാജാവേ!, നിർമ്മലമായ വസ്ത്രങ്ങൾ ധരിച്ചവരും സർവ്വാഭരണവിഭൂഷിതരും ശാശ്വതമായ താരുണ്യലാവണ്യങ്ങളോടുകൂടിയവരും മോഹനാംഗികളുമായ ദേവസ്ത്രീകൾ ജ്വാലാമാലകളോടുകൂടിയ അഗ്നിശകലങ്ങളെന്നതുപോലെ ഇന്ദ്രന്റെ പുരിയെ പ്രകാശിപ്പിച്ചു. ആ സുരസ്ത്രീകളുടെ കേശഭാരത്തിൽനിന്നും കൊഴിഞ്ഞുവീഴുന്ന പൂക്കളുടെ നറുമണവും പേറി മന്ദമാരുതൻ വഴികൾതോറും ഒഴുകിനടന്നു. സ്വർണ്ണമയങ്ങളായ ജനാലകളിലൂടെ പുറത്തേക്കൊഴുകുന്ന അകിലിന്റെ മണമുള്ള വെളുത്ത പുകയാൽ ചുറ്റപ്പെട്ട വഴികളിലൂടെ ആ അപ്സരസ്സുകൾ നടന്നു. മുത്തുതൊങ്ങലിട്ട വിതാനങ്ങളാലും, മണികൾ കെട്ടിയ ധ്വജങ്ങളാലും മട്ടുപ്പാവുകളിൽ പറന്നുകളിക്കുന്ന പതാകകളാലും അലംകൃതമായിരുന്നു ആ നഗരം. മയിലുകളുടെയും പ്രാവുകളുടേയും വണ്ടുകളുടേയും ശബ്ദങ്ങളാൽ മുഖരിതമായ അന്തരീക്ഷം. മാളികകളിലിരുന്നുകൊണ്ട് സ്ത്രീകൾ മംഗളഗാനങ്ങൾ പാടുന്നുണ്ടായിരുന്നു. മൃദഗം, ശംഖു്, ഭേരി എന്നീ വാദ്യങ്ങളുടെ താളങ്ങൾക്കൊത്ത് വീണ, മുരജം, ഋഷ്ടി, വേണു തുടങ്ങിയ വാദ്യങ്ങൾ മുഴങ്ങുകയും, അവയ്ക്കൊത്ത് ഗന്ധർവ്വാദികൾ പാടുകയും ചെയ്തു. ഇങ്ങനെ സ്വപ്രഭയാൽ മനോമോഹിതമായ ആ നഗരം സാക്ഷാത് പ്രഭയുടെ മൂർത്തീഭാവത്തെതന്നെ തോൽ‌പ്പിച്ചുകളഞ്ഞു. അധർമ്മികളും, ദുഷ്ടന്മാരും, ഭൂതദ്രോഹികളും, ദുർവൃത്തന്മാരും, അഹങ്കാരികളും, സ്ത്രീലമ്പടന്മാരും മറ്റും ഒരിക്കലും അവിടേയ്ക്കണഞ്ഞിരുന്നില്ല. എന്നാൽ, ഇവയോടൊകന്നുനിന്നവർ സദാ ആ നഗരത്തെ ആസ്വദിച്ചുകൊണ്ടിരുന്നു. മഹാബലി തന്റെ സൈന്യത്താൽ ഇന്ദ്രപുരിയെ നാനാഭാഗത്തുനിന്നും ആരും അതിക്രമിച്ചുകടക്കാതെ തടഞ്ഞുവച്ചു.

രാജൻ!, പെട്ടെന്ന്, ഇന്ദ്രപത്നിമാരുടെ ഹൃദയങ്ങളിൽ ഭീതി ജനിപ്പിച്ചുകൊണ്ട് മഹാബലി ശുക്രാചാര്യരാൽ ദത്തമായ തന്റെ ശംഖത്തെ ഉച്ചത്തിൽ ഊതി. മഹാബലിയുടെ ആ പടയൊരുക്കത്തെ കണ്ടറിഞ്ഞ ദേവേന്ദ്രൻ ദേവഗുരുവായ ബൃഹസ്പതിയെ സമീച്ചുകൊണ്ട് പറഞ്ഞു: ഗുരോ!, നമ്മുടെ പൂർവ്വവൈരിയായ മഹാബലി വല്ലാതെ പടയൊരുക്കം കൂട്ടുകയാണു. അതിനെ ചെറുക്കുവാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഏതൊരു ശക്തിയാലാണവൻ ഇത്രയും ഊർജ്ജിതനായി ഭവിച്ചതു?. ഇവനെ ആർക്കും യാതൊരുവിധത്തിലും തോൽ‌പ്പിക്കുവാൻ സാധിക്കുകയില്ല. വായയാൽ ഈ ലോകത്തെ കുടിക്കുന്നതുപോലെയും, നാക്കിനാൽ പത്തുദിക്കുകളേയും നക്കിത്തുടയ്ക്കുന്നതുപോലെയും, കണ്ണുകളാൽ ദിക്കുകളെ ദഹിപ്പിക്കുന്നതുപോലെയും ഭാവിച്ചുകൊണ്ട്, ഒരു പ്രളയാഗ്നിപോലെ അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു. എന്റെ ശത്രുവായ ഇവൻ ഇങ്ങനെ അജയ്യനാകാനുള്ള കാരണമെന്തെന്നരുളിച്ചെയ്യുക. മാനസേന്ദ്രിയങ്ങളുടെ ഈ കരുത്തു് ഇവനെവിടെനിന്നുണ്ടായി.

ബൃഹസ്പതി പറഞ്ഞു: അല്ലയോ ദേവേന്ദ്രാ!, ബലിയുടെ ഈവിധമുള്ള ഉയർച്ചയുടെ കാരണം ഞാനറിയുന്നു. വേദജ്ഞരായ ശുക്രാദികളുടെ ശിഷ്യത്വം സ്വീകരിച്ച് ഇവൻ അവരിൽനിന്നും വേണ്ടത്ര തേജസ്സിനെ ഉൾക്കൊണ്ടിരിക്കുന്നു. ഹേ ഇന്ദ്രാ!, ഭഗവാൻ ശ്രീഹരിക്കൊഴികെ അങ്ങേയ്ക്കോ മറ്റാർക്കുംതന്നെയോ ഇവന്റെ മുന്നിൽ നിൽക്കുവാൻ സാധിക്കുകയില്ല. അങ്ങനെ ചെയ്താൽ അത് പ്രാണികൾ കാലന്റെ മുന്നിൽ നിൽക്കുന്നതുപോലെയാകും. അതുകൊണ്ട്, ഇവന് പ്രതികൂലമായി സംഭവിക്കുന്ന ആ കാലത്തെ പ്രതീക്ഷിച്ചുകൊണ്ട്, നിങ്ങളെല്ലാവരും സ്വർഗ്ഗലോകത്തെ ഉപേക്ഷിച്ച് ഒളിവിൽ പോകുക. ഈ സമയം ബ്രാഹ്മണരുടെ അനുഗ്രഹത്താൽ ബലിഷ്ഠനായിരിക്കുന്ന ഇവൻ മറ്റൊരുകാലത്ത് അവരുടെതന്നെ തിരസ്ക്കാരത്താൽ കൂട്ടത്തോടെ നശിച്ചുപോകുന്നതാ‍ണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ബൃഹസ്പതിയുടെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് ദേവന്മാർ സ്വർഗ്ഗലോകത്തെ പരിത്യജിച്ച് ഒഴിഞ്ഞുപോയി. ദേവന്മാരുടെ അഭാവത്തിൽ മഹാബലി ഇന്ദ്രപുരിയിലിരുന്നുകൊണ്ട് മൂലോകങ്ങളേയും തന്റെ അധീനതയിലാക്കി. ശിഷ്യവാത്സല്യമുള്ള ശുക്രാദികൾ വിശ്വവിജയിയായ മഹാബലിയെക്കൊണ്ട് നൂറു് അശ്വമേധയാഗങ്ങൾ ചെയ്യിപ്പിച്ചു. ആ യജ്ഞങ്ങളുടെ പ്രഭാവത്താൽ മഹാബലി  തന്റെ യശസ്സിനെ മൂന്ന് ലോകങ്ങളിലും വ്യാപിപ്പിച്ചുകൊണ്ട് ചന്ദ്രനെപ്പോലെ വിളങ്ങി. അങ്ങനെ, മഹാമനസ്കനായ മഹാബലി ബ്രാഹ്മണാനുഗ്രഹത്താൽ ലഭ്യമായ ആ ഐശ്വര്യത്തെ അനുഭവിച്ചുകൊണ്ട് അക്കാലം സംതൃപ്തിയോടെ ജീവിച്ചുപോന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Mahabali gets ready for war