08 - അദ്ധ്യായം - 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
08 - അദ്ധ്യായം - 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

8.9 അസുരന്മാർക്കു് പറ്റിയ അമളി.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 9
(അസുരന്മാർക്കു് പറ്റിയ അമളി.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തുരാജൻ!, അമൃത് കിട്ടിയതോടെ അസുരന്മാർക്കിടയിൽ ശണ്ഠ തുടങ്ങി. അവരിലെ സൌഹൃദബന്ധം അതോടെയില്ലാതായി. പരസ്പരം ശകാരിച്ചും അമൃതകുംഭത്തെ തട്ടിത്തെറിപ്പിച്ചും അടിപിടി കൂടിക്കൊണ്ടിരിക്കുന്ന ആ സമയം സുന്ദരിയായ ഒരു സ്ത്രീ തങ്ങളുടെയടുത്തേക്കു് നടന്നുവരുന്നതായി അവർ കണ്ടു. അവളുടെ അംഗഭംഗിയെ ആസ്വദിച്ചുകൊണ്ടു് അസുരന്മാർ അവൾക്കരികിലേക്കോടിയടുത്തു. തുടർന്നവളോടു് ചോദിച്ചു: ഹേ സുന്ദരീ! നീ ആരാണു്?. എവിടെനിന്നും വരുന്നു?. എന്താണു് നിന്റെ ഈ വരവിന്റെ ഉദ്ദേശം?. അല്ലയോ മോഹനാംഗി!, നീ ഞങ്ങളുടെ മനസ്സുകളെ വല്ലാതെ മോഹിപ്പിച്ചിരിക്കുന്നു. ദേവന്മാരോ, അസുരന്മാരോ, സിദ്ധചാരണാദികളോ, മറ്റു് ലോകപാലകന്മാരോ നിന്നെ ഇതുവരേയ്ക്കും സ്പർശിച്ചിട്ടില്ലെന്നു് ഞങ്ങളറിയുന്നു. എങ്കിൽ പിന്നെ മനുഷ്യരാൽ അത് സാദ്ധ്യമല്ലെന്നത് നിശ്ചയം തന്നെ. ഹേ സുന്ദരീ!, നീ ഒരുപക്ഷേ ഞങ്ങളുടെ മാനസേന്ദ്രിയങ്ങളെ സംതൃപ്തമാക്കുവാൻ വേണ്ടി ദൈവഹിതത്താൽ അയയ്ക്കപ്പെട്ടളാകും! അല്ലേ?. അല്ലയോ മാനിനീ!, ഹേ കൃശോദരീ!, ഞങ്ങൾ ഒരു വസ്തുവിനെ ചൊല്ലി മത്സരബുദ്ധിയോടെ കലഹിച്ചുകൊണ്ടിരിക്കുകയാണു. അത് തുടർന്നുപോകാതിരിക്കാൻ നീ ഞങ്ങളെ സഹായിക്കണം. ഞങ്ങൾ കശ്യപപ്രജാപതിയുടെ സന്താനപരമ്പരയിലുള്ള ജ്യേഷ്ഠാനുജന്മാരാണു. കർമ്മത്തിൽ ഒരുപോലെ യത്നിക്കുന്നവരുമാണു. അതുകൊണ്ടു് ഞങ്ങളിൽ കലഹമുണ്ടാകാത്തവിധം ഇതിനെ നീതന്നെ നീതിപൂർവ്വം ഞങ്ങൾക്കു് വിളമ്പിത്തരുക.

ഇപ്രകാരം അഭ്യർത്ഥിക്കപ്പെട്ട ശ്രീമഹാവിഷ്ണു ചിരിച്ചുകൊണ്ടും കടക്കണ്ണുകളാൽ നോക്കിക്കൊണ്ടും അവരോടിങ്ങനെ പറഞ്ഞു: കശ്യപന്റെ പരമ്പരയിലുള്ളവർ വെറും പുംശ്ചലിയായ ഒരു സ്ത്രീയിൽ എങ്ങനെയാണു് ആസക്തരാകുക?. ജ്ഞാനികൾ ഒരിക്കലും സ്ത്രീകൾക്കടിപ്പെടുകയില്ല. ഹേ വീരന്മാരേ!, ചെന്നായ്ക്കളുടേയും അതുപോലെ ഒന്നിനുപിറകേ മറ്റൊന്നായി പുതിയ പുതിയ ആളുകളെ തേടി നടക്കുന്ന ദാസിപ്പെണ്ണുങ്ങളുടേയും സൌഹൃദം ഒരിക്കലും നിത്യമാകുകയില്ലെന്നാണു കേട്ടിട്ടുള്ളതു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, മോഹിനിയുടെ ഈ മധുരവചനങ്ങളെ കേട്ട അസുരന്മാർ പൊട്ടിച്ചിരിച്ചു. ശേഷം, എന്തോ ചിന്തിച്ചുറച്ചുകൊണ്ടു് അവർ അമൃതകലശത്തെ അവളുടെ കൈയ്യിൽ കൊടുത്തു. അതിനെ സ്വീകരിച്ചുകൊണ്ടിങ്ങനെ മോഹിനി പറഞ്ഞു: എന്റെ തീരുമാനം അബദ്ധമായാലും സുബദ്ധമായാലും അതെല്ലാവർക്കും സമ്മതമാണെങ്കിൽ ഇതിനെ ഞാൻ നിങ്ങൾക്കായി പങ്കുവച്ചുതരാം. രാജൻ!, മോഹിനീതത്വത്തെക്കുറിച്ചു് അജ്ഞാനികളായിരുന്ന ആ അസുരന്മാർ അവളുടെ മധുരവാക്കുകൾക്കു് വിധേയരായി അങ്ങനെയാകട്ടെ എന്ന് സമ്മതിക്കുകയും ചെയ്തു. ദേവാസുരന്മാർ ഒരു നേരം ഉപവസിച്ചതിനുശേഷം, കുളികഴിഞ്ഞ് അഗ്നി തെളിയിച്ചാരാധിച്ചു്, പശുക്കൾക്കും ബ്രാഹ്മണർക്കും യഥാവിധി ദാനങ്ങൾ നൽകി. ബ്രാഹ്മണർ വേണ്ട കർമ്മങ്ങൾ നിർവ്വഹിച്ചു. ദേവന്മാരും അസുരന്മാരും പുതുവസ്ത്രങ്ങളണിഞ്ഞ് സർവ്വാഭരണവിഭൂഷിതരായിവന്ന് കിഴക്കോട്ട് തലതിരിച്ചുവച്ചിട്ടുള്ള ദർഭപ്പുല്ലുകളിൽ ചമ്രം പടിഞ്ഞിരുന്നു. അലങ്കരിക്കപ്പെട്ട നെടുമ്പുരയ്ക്കുള്ളിൽ അവർ കിഴക്കോട്ട് നോക്കിയിരിക്കുകയാണു.

മഹാരാജൻ!, ആ സമയം കൈയ്യിൽ അമൃതകലശവുമായി അഴകാർന്ന പൂമ്പട്ടുടുത്ത്, പ്രേമം തുളുമ്പുന്ന വശ്യമായ കണ്ണുകളോടെ, സുന്ദരിയായ ആ മോഹീനീരൂപം തന്റെ പൊഞ്ചിലങ്കകളുടെ കിലകിലാരവത്തോടെ അവിടെ രംഗപ്രവേശം ചെയ്തു. കാമം ജനിപ്പിക്കുന്ന ആ സുന്ദരരൂപത്തെ കണ്ടു് ദേവാസുരന്മാർ മോഹിതരായി. ജന്മനാൽതന്നെ ക്രൂരസ്വഭാവികളായ അസുരന്മാർക്ക് അമൃതം നൽകുന്നത്, പാമ്പിന് പാൽ കൊടുക്കുന്നതുപോലെയാണെന്ന് മനസ്സിലാക്കിയ ഭഗവാൻ അമൃതം അസുരന്മാർക്ക് നൽകിയില്ല. സർവ്വജ്ഞനായ ശ്രീഹരി ദേവന്മാരേയും അസുരന്മാരേയും രണ്ടുപന്തികളിലായി വെവ്വേറെ ഇരുത്തി. ശേഷം ഒരു നിരയിലിരിക്കുന്ന അസുരന്മാരെ സമീപിച്ച് മധുരവചനങ്ങളാലും വിവിധ ചേഷ്ടകളാലും അവരെ മോഹിപ്പിച്ചുകൊണ്ട് ദൂരെ മറുനിരയിലിരിക്കുന്ന ദേവന്മാർക്കു് അമൃതം വിളമ്പി. രാജൻ!, നീതിയാ‍യാലും അനീതിയായാലും നീ ചെയ്യുന്നത് ഞങ്ങൾക്കു് സമ്മതമാണു, എന്ന്, മോഹിനീവേഷധാരിയായ ഭഗവാനു് കൊടുത്ത വാക്കിനെ പാലിക്കുവാനായും, സ്തീകളോട് വാക്കുതർക്കം നടത്തുന്നവരല്ല തങ്ങളെന്ന ഡംഭു് കാണിക്കുവാനായും അസുരന്മാർ പന്തിയിൽ മറുത്തൊന്നും പറയാതെ സ്വസ്ഥാനങ്ങളിലിരിക്കുകതന്നെ ചെയ്തു. അവളെ സ്വന്തമാക്കുവാനുള്ള തീവ്രമായ ആഗ്രഹത്താലും, എതിർത്താൽ അവൾ പിന്മാറുമോ എന്ന ഭയത്താലും, അല്പം കഴിഞ്ഞായാൽ‌പോലും അമൃതം തങ്ങൾക്കും ഇവൾ വിളമ്പിയിരിക്കും എന്ന അവളിലെ നീതിനിഷ്ഠയെ ബഹുമാനിച്ചുകൊണ്ടും, ഭഗവദ്മായയാൽ നിയന്ത്രിതരായി അവരാരുംതന്നെ പ്രതികരിക്കാൻ തുനിഞ്ഞില്ല.

ഹേ രാജാവേ!, എന്നാൽ, രാഹു എന്ന അസുരൻ ദേവന്മാരുടെ വേഷമണിഞ്ഞ് അവരുടെ സംഘത്തിനിടയിൽ കയറി കുബുദ്ധിയാൽ അമൃതത്തെ പാനം ചെയ്തു. പെട്ടെന്നുതന്നെ സൂര്യനും ചന്ദ്രനും അത് ഭഗവാനെ അറിയിയ്ക്കുകയും, ഭഗവാൻ അതിതീഷ്ണമായ തന്റെ ചക്രത്താൽ രാഹുവിനെ തല ഉടലിൽനിന്നും ഛേദിച്ചുകളയുകയും ചെയ്തു. ശിരസ്സിൽനിന്നും വേർപെട്ട അവന്റെ ഉടലാകട്ടെ, അമൃതത്തെ സ്പർശിക്കുകപോലും ചെയ്യാതെ നിലത്തുവീണു. അമൃതസ്പരശമുണ്ടായതിനാൽ നശിക്കപ്പെടാത്ത അവന്റെ ശിരസ്സിനെ ബ്രഹ്മദേവൻ തമോഗുണയുക്തമായ ഒരു ഗ്രഹമായി കല്പിച്ചു. രാജാവേ!, ആയതിലുള്ള വിദ്വേഷത്താൽ രാഹു ഇന്നും സൂര്യചന്ദ്രന്മാരെ പർവ്വകാലങ്ങളിൽ ആക്രമിച്ചുകൊണ്ടിരിക്കുന്നു.

രാജൻ!, ദേവന്മാർ അമൃതപാനം ചെയ്തുകഴിഞ്ഞപ്പോൾ അസുരന്മാർ നോക്കിനിൽക്കെ ലോകഭാവനനായ ഭഗവാൻ ശ്രീഹരി തന്റെ സ്വരൂപത്തെ പ്രാപിച്ചു. ഭഗവദ്ഭക്തന്മാർക്കുമാത്രമേ ഉദ്യമസാഫല്യമുണ്ടാകുകയുള്ളൂ എന്ന് ഭഗവാൻ ഇതിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നു. കർമ്മത്തിലും കാലത്തിലും ദേശത്തിലും ചിന്തയിലും ദേവാസുരന്മാർ ഒരുപോലെയായിരുന്നുവെങ്കിലും, ഫലാനുഭവത്തിൽ അവർ രണ്ടായിപിരിഞ്ഞു. ഭഗവാനിൽ ആശ്രയം കൊണ്ട ദേവന്മാർ അമൃതത്തെ അനുഭവിക്കുകയും, അതേസമയം, അങ്ങനെയല്ലാതിരുന്ന അസുരന്മാർക്കാകട്ടെ, അത് ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയിരുന്നുവെങ്കിൽ‌പോലും, ഒടുവിൽ നഷ്ടമാകുകതന്നെ ചെയ്തു. രാജൻ!, പ്രാണൻ, ധനം, കർമ്മം, മനസ്സു്, വാക്കു് മുതലായവയാൽ സ്വന്തം ശരീരത്തേയും ആത്മജാദികളേയും മാത്രം നിമിത്തമാക്കി മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളെല്ലാം ഭേദബുദ്ധിയോടെയാണെങ്കിൽ അത് തീർത്തും വ്യർത്ഥമായിപ്പോകുന്നു. എന്നാൽ, അവ ഭേദവിചാരങ്ങളൊഴിഞ്ഞ് ഭഗവദർപ്പണമാക്കി അനുഷ്ഠിക്കപ്പെടുന്നപക്ഷം സഫലമാകുകയും ചെയ്യുന്നു. എങ്ങനെയെന്നാൽ, ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ജലം ഒഴിച്ചുകൊടുക്കുന്നതോടെ വേരിൽനിന്ന് തുടങ്ങി സകല ശിഖരങ്ങളിലും തളിരുകളിലും വരെ അതെത്തിച്ചേരുകയും വൃക്ഷമൊട്ടാകെ സമ്പുഷ്ടമാകുകയും ചെയ്യുന്നു. അതുപോലെ, നാനാത്വേന വികസിച്ച ഏകത്വമാണു് പ്രപഞ്ചവും ഈശ്വരനെന്നുമുള്ള അഭേദമായ ബോധത്താലാണു് ദേവന്മാർക്കു് പാലാഴിമഥനത്തിൽ തങ്ങളുടെ പ്രയത്നം സഫലമാക്കാൻ കഴിഞ്ഞതു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Mohini cheats asuras and serves nectar to suras