2019, നവംബർ 2, ശനിയാഴ്‌ച

8.20 മഹാബലി വാമനനു് മൂന്നടി ഭൂമി ദാനം ചെയ്യുന്നതും, ഭഗവാന്റെ വിശ്വരൂപകാഴ്ചയും.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 20
(മഹാബലി വാമനനു് മൂന്നടി ഭൂമി ദാനം ചെയ്യുന്നതും, ഭഗവാന്റെ വിശ്വരൂപകാഴ്ചയും.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: അല്ലയോ മഹാരാജൻ!, കുലഗുരുവായ ശുക്രാചാര്യരുടെ ഉപദേശത്തിനുശേഷം, മഹാബലി അല്പനേരം മൌനിയായി ഇരുന്നു. പിന്നീട്, എന്തോ മനസ്സിലുദ്ദേശിച്ചുകൊണ്ട് അദ്ദേഹം ഗുരുവിനോടു് പറഞ്ഞു: ഗുരോ!, അങ്ങു് പറഞ്ഞതു് വാസ്തവം തന്നെ. യാതൊന്നു് അർത്ഥത്തേയോ കാമത്തേയോ യശസ്സിനേയോ കർമ്മത്തേയോ ബാധിക്കുന്നില്ലയോ, അതുതന്നെയാണു് യഥാർത്ഥത്തിൽ ഗൃഹസ്ഥാശ്രമികൾ അനുഷ്ഠിക്കേണ്ട ധർമ്മം. പ്രഹ്ലാദന്റെ വംശത്തിൽ പിറന്ന ഞാൻ തന്നുകൊള്ളാം എന്നു് ഒരിക്കൽ വാക്കുകൊടുത്തതിനുശേഷം, ധനാർത്തിപൂണ്ടു്, ഒരു ചതിയനെപ്പോലെ, എങ്ങനെയാണു് ഒരു ബ്രാഹ്മണനോടു് പിന്നീടു് ഇല്ല എന്നു് മറിച്ചുപറയുന്നതു?. അസത്യമാണു് ലോകത്തിൽ പരമമായ അധർമ്മം. അസത്യവാന്മാരായ മനുഷ്യരുടെ ഭാരമൊഴിച്ചു് ഞാൻ മറ്റെന്തും സഹിക്കുവാൻ കഴിവുള്ളവളാണുഎന്നു് ഒരിക്കൽ ഭൂമീദേവി പറയുകയുണ്ടായി. ബ്രാഹ്മണരെ ചതിക്കുന്നതിൽനിന്നും ഭയപ്പെടുന്നതുപോലെ, നരകത്തിൽനിന്നോ, ദാരിദ്ര്യത്തിൽനിന്നോ, ദുഃഖക്കടലിൽനിന്നോ, സ്ഥാനഭ്രഷ്ടനാകുന്നതിൽനിന്നോ, എന്തിനുപറയാൻ മരണത്തിൽനിന്നുമോപോലും ഞാൻ ഭയപ്പെടുന്നില്ല. ധനം ആദിയായ സകല പദാർത്ഥങ്ങളും മരണത്തിൽ അതിന്റെ അവകാശിയെ വിട്ടുപിരിയുന്നു. ജീവിച്ചിരിക്കുമ്പോൾ ആ ധനംകൊണ്ട് ഒരു ബ്രാഹ്മണനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, എന്നെങ്കിലുമൊരിക്കൽ നഷ്ടമായേക്കാവുന്ന ഈ സമ്പത്തിനാൽ എന്തു് പ്രയോജനമാണു് എനിക്കുള്ളതു?. ദധീചിമഹർഷി, ശിബി മുതലായ മഹാത്മാക്കൾ ആർക്കും ത്യജിക്കുവാൻ സാധിക്കാത്ത ജീവൻവരെ ത്യജിച്ചുകൊണ്ട് പ്രാണികളുടെ ക്ഷേമത്തെ ചെയ്തിരുന്നു. അപ്പോൾ പിന്നെ ഭൂമിയും മറ്റുമായ സമ്പത്തുകളുടെ കാര്യത്തിൽ എന്താണാലോചിക്കുവാനുള്ളതു?. യുദ്ധപ്രേമികളായ ധാരാളം അസുരന്മാർ ഇവിടെ ഈ ഭൂമിയെ വേണ്ടുവോളം അനുഭവിച്ചിരുന്നു. കാലത്താൽ അവരിൽനിന്നും സർവ്വവും ഗ്രസിക്കപ്പെട്ടു. എന്നാൽ, ഇവിടെനിന്നും അവർ നേടിയ കീർത്തിയെമാത്രം കാലത്തിനുപോലും ഗ്രസിക്കുവാൻ കഴിഞ്ഞില്ല.

ഹേ വിപ്രഋഷേ!, യുദ്ധത്തിൽനിന്നും പിന്തിരിയാതെ ഒടുവിൽ പടക്കളത്തിൽ ശരീരത്യാഗം ചെയ്ത ധാരാളം ധീരന്മാർ ഇവിടെയുണ്ടു`. എന്നാൽ, ശ്രദ്ധയോടുകൂടി സ്വാർത്ഥത്തെ ദാനം ചെയ്യാൻ അധികം പേർക്കും സാധിച്ചിട്ടില്ല. യാചകന്മാർക്കു് ദാനം ചെയ്തതുകൊണ്ടുണ്ടാകുന്ന ദുർഗ്ഗതി ഉദാരനും കാരുണ്യവാനുമായ ഒരാളെ സംബന്ധിച്ചിടത്തോളം ശോഭനമാകുന്നു. അതും അങ്ങയെപ്പോലുള്ളവർക്കാകുമ്പോൾ അതിൽനിന്നും എത്രയോ ആനന്ദമാണുണ്ടാകുന്നതു!. അതുകൊണ്ട്, ഈ ബ്രഹ്മചാരിയുടെ വാഞ്ചിതം ഞാൻ നിറവേറ്റാൻ പോകുന്നു. അല്ലയോ മുനേ!, മ്നായകോവിദന്മാരായ അങ്ങയെപ്പോലുള്ളവർ ആദരവോടെ യജ്ഞങ്ങൾകൊണ്ടും ക്രതുക്കൾകൊണ്ടും ആരാദിക്കുന്നവനായ ആ വിഷ്ണുഭഗവാനാണീവന്നിരിക്കുന്നതെങ്കിൽ, ഈ വരവിന്റെ ഉദ്ദേശം എന്നെ അനുഗ്രഹിക്കുവാനാണെങ്കിലും ശിക്ഷിക്കുവാനാണെങ്കിലും, ഒരു ബ്രാഹ്മണവടു ആഗ്രഹിച്ച ഭൂമിയെ ഞാൻ ദാനം ചെയ്യുവാൻ പോകുകയാണു. ഒരുപക്ഷേ, ധർമ്മമല്ലാത്ത ഏതെങ്കിലും മാർഗ്ഗത്തിൽകൂടി ഇവൻ എന്നെ ബന്ധനസ്ഥനാക്കിയാലും, ഭീതനായി ഒരു ബ്രാഹ്മണവേഷം ധരിച്ചുവന്ന ഈ ശത്രുവിനെ ഞാൻ ഒരിക്കലും ഹിംസിക്കുകയില്ല. അഥവാ, കീർത്തിമാനായ വിഷ്ണുവാണു ഈ നിൽക്കുന്നതെങ്കിൽ, ഇവൻ ഒരിക്കലും തന്റെ കീർത്തിയെ നഷ്ടമാക്കുകയില്ല. ഒന്നുകിൽ ഇവൻ എന്നാൽ വധിക്കപ്പെടും, അല്ലാത്തപക്ഷം ഇവൻ എന്നെ യുദ്ധത്തിൽ വധിച്ചേക്കും.

ശ്രീശുകൻ പറഞ്ഞു: രാജൻ!, മഹാബലിയുടെ ഈ വാക്കുകൾ കേട്ടു്, ശുക്രാചാര്യരാകട്ടെ, തന്റെ ഉപദേശത്തെ കേൾക്കാത്തവനും, ആദേശത്തെ മാനിക്കാത്തവനും, എന്നാൽ സത്യസന്ധനും ഉദാരമനസ്ക്കനുമായ തന്റെ ശിഷ്യനെ ദൈവഹിതമെന്നോണം ശപിച്ചു. അദ്ദേഹം പറഞ്ഞു: അജ്ഞാനത്താൽ നമ്മെ അവഗണിച്ച നീ ശരിക്കും അഹങ്കാരിയായി മാറിയിരിക്കുന്നു. എന്റെ ശാസനയെ മറികടന്നതിനാൽ നീ പെട്ടെന്നുതന്നെ ഐശ്വര്യത്തിൽനിന്നും നിലംപൊത്തുന്നതാണു. രജാവേ!, ഇപ്രകാരം ആചാര്യനാൽ ശപിക്കപ്പെട്ടിട്ടുകൂടി മഹാബലി സത്യപാലനത്തിൽനിന്നും പിന്മാറിയില്ല. വാമനമൂർത്തിയെ അർച്ചിച്ചുകൊണ്ടു് ദാനവാരിയെ തളിച്ചു്, അദ്ദേഹം ഭൂമിയെ ദാനം ചെയ്തു. ആ സമയം, വെണ്മുത്തുകോർത്ത മാലയണിഞ്ഞുകൊണ്ട് മഹാബലിയുടെ ധർമ്മപത്നി ഒരു സ്വർണ്ണകലശത്തിൽ ഭഗവദ്പാദങ്ങളെ പ്രക്ഷാളനം ചെയ്യുവാനുള്ള ജലവുമായി വന്നു. ബലിമഹാരാജാവു് സ്വയം വാമനഭഗവാന്റെ ശ്രീമത്തായ കഴലിണയെ കഴുകി സർവ്വലോകങ്ങളേയും ശുദ്ധമാക്കുന്ന ആ തീർത്ഥം തന്റെ മൂർദ്ധാവിൽ ധരിച്ചു. അന്നേരം, അകാശത്തുനിന്നും ഗന്ധർവ്വവിദ്യാധരസിദ്ധചാരണാദികളായ ദേവസമൂഹം സന്തോഷത്തോടെ അസുരേന്ദ്രനായ മഹാബലിയേയും അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ ആ കർമ്മത്തേയും പ്രശംസിച്ചുകൊണ്ടു് പുഷ്പവൃഷ്ടി ചൊരിഞ്ഞു. ആയിരക്കണക്കിനു് ദുന്ദുഭികൾ മുഴങ്ങി. ഗന്ധർവ്വന്മാരും കിമ്പുരുഷന്മാരും കിന്നരന്മാരും, ബലിയെ പുകഴ്ത്തിപ്പാടി. അവർ പറഞ്ഞു: അഹോ! ആശ്ചര്യം! അത്യാശ്ചര്യം!. ഇവന്റെ ഈ പ്രവൃത്തി ആചരിക്കുവാൻ അത്യന്തം പ്രയാസമേറിയതത്രേ!.. എന്തെന്നാൽ, അറിഞ്ഞുകൊണ്ടും തന്റെ ശത്രുവിനു് മൂലോകങ്ങളും ഇവൻ പ്രദാനം ചെയ്തിരിക്കുന്നു.

ശ്രീശുകൻ തുടർന്നു: അല്ലയോ മഹാരാജാവേ!, അനന്തമൂർത്തിയായ ഭഗവാൻ ഹരിയുടെ ത്രിഗുണാത്മകമായ ആ വാമനരൂപം പെട്ടെന്നു് അത്ഭുതാകരമായി വളർന്നുവന്നു. അതിൽ ഭൂമിയും ആകാശവും സകലദിശകളും സ്വഗ്ഗലോകവും അധോലോകങ്ങളും സമുദ്രങ്ങളും പക്ഷിമൃഗാദികളും മനുഷ്യരും ദേവന്മാരും ഋഷികളും ഉൾക്കൊണ്ടിരുന്നു. രാജൻ!, അവിടെ ആ സമയമുണ്ടായിരുന്ന ഋത്വിക്കുകൾ, ഗുരുക്കന്മാർ, സദസ്യർ എന്നിവർ വിശ്വാകാരമാകുന്ന ആ ഭഗവദ്ശരീരത്തിൽ പഞ്ചഭൂതാദി സകലതത്വങ്ങളുമടങ്ങിയ സർവ്വലോകങ്ങളേയും ദർശിക്കുകയുണ്ടായി. അതിനുശേഷം, മഹാബലി ആ വിശ്വരൂപന്റെ പാദതലത്തിൽ പാതാളത്തേയും, പാദങ്ങളിൽ ഭൂലോകത്തേയും, കണങ്കാലുകളിൽ പർവ്വതങ്ങളേയും, കാൽമുട്ടിൽ പക്ഷികളേയും, തുടകളിൽ വിവിധയിനം വായുക്കൂട്ടങ്ങളേയും, വസ്ത്രത്തിൽ സന്ധ്യയേയും, ഗുഹ്യദേശത്തിൽ പ്രജാപതിമാരേയും, അരക്കെട്ടിന്റെ മുൻഭാഗത്തിൽ സ്വയം തന്നേയും അതുപോലെ മറ്റസുരന്മാരേയും, നാഭിയിൽ ആകാശത്തേയും, ഉദരഭാഗത്തിൽ ഏഴു് സാഗരങ്ങളേയും, മാറിടത്തിൽ ഋക്ഷമാലയേയും, ഹൃദയത്തിൽ ധർമ്മത്തേയും, സ്തനങ്ങളിൽ ഋതസത്യങ്ങൾ രണ്ടിനേയും, മനസ്സിൽ ചന്ദ്രനേയും, വക്ഷസ്സിൽ താമരപ്പൂവേന്തിയ ശ്രീമഹാലക്ഷ്മിയേയും, കണ്ഠത്തിൽ സാമഗാനങ്ങളേയും അതുപോലെ സമസ്തശബ്ദസഞ്ചയങ്ങളേയും, ഭുജങ്ങളിൽ ഇന്ദ്രാദിപ്രമുഖന്മാരേയും, കർണ്ണത്തിൽ ദിക്കുകളേയും, മൂർദ്ധാവിൽ സ്വർഗ്ഗത്തേയും, കേശങ്ങളിൽ മേഘങ്ങളേയും, നാസികയിൽ വായുവിനേയും, കണ്ണുകളിൽ സൂര്യനേയും, വൿത്രത്തിൽ അഗ്നിയേയും, വാണിയിൽ വേദങ്ങളേയും, രസനേന്ദ്രിയത്തിൽ വരുണനേയും, പുരികങ്ങൾ രണ്ടിലുമായി യഥാക്രമം വിധി, നിഷേധം എന്നീ ശാസ്ത്രങ്ങളേയും, ഇമകളിൽ അഹോരാത്രങ്ങളേയും, ലലാടത്തിൽ കോപത്തേയും, അധരത്തിൽ ലോഭത്തേയും, സ്പർശനേന്ദ്രിയത്തിൽ കാമത്തേയും, രേതസ്സിൽ ജലത്തേയും, പൃഷ്ഠഭാഗത്തിൽ അധർമ്മത്തേയും, പദവിന്യാസങ്ങളിൽ യജ്ഞത്തേയും, ഛായയിൽ മൃത്യുവിനേയും, പുഞ്ചിരിയിൽ മായയേയും, രോമങ്ങളിൽ സസ്യവൃക്ഷലതാതികളേയും, നാഡീവ്യൂഹത്തിൽ നദികളേയും, നഖങ്ങളിൽ ശിലകളേയും, ബുദ്ധിയിൽ അജനായ ബ്രഹ്മദേവനേയും, ഇന്ദ്രിയങ്ങളിൽ ദേവന്മാരേയും അതുപോലെ ഋഷിഗണങ്ങളേയും, മറ്റുള്ള ശരീരഭാഗങ്ങളിലായി സ്ഥാവരജംഗമായി സകലഭൂതങ്ങളേയും കണ്ടു.

ഹേ പരീക്ഷിത്തുരാജൻ!, സർവ്വം തന്നുള്ളിൽ വഹിച്ചുനിൽക്കുന്ന ആ വിരാട്രൂപത്തെക്കണ്ടിട്ടു് അസുരന്മാരൊന്നടങ്കം വിവശരായി. അസഹ്യമായ തേജസ്സോടുകൂടിയ സുദർശനചക്രവും, ഇടിമുഴക്കത്തിന്റെ നാദമുതിർക്കുന്ന ശാർങ്ഗമെന്ന വില്ലും, മേഘത്തെപ്പോലെ ഗർജ്ജിക്കുന്ന പാഞ്ചജന്യമെന്ന ശംഖും, വേഗതയേറിയ കൌമോദകീഗദയും, വിദ്യാധരം എന്ന പേരുള്ള വാളും, നൂറു് ചന്ദ്രന്മാരുടെ ആകാരങ്ങളൊത്ത പരിചയും, ഒരിക്കലും ശൂന്യമാകാത്ത രണ്ടാവനാഴികളും, ഇന്ദ്രാദിദേവതകൾക്കൊപ്പം ചേർന്ന സുനന്ദാദികളായ പാർഷ്വദപ്രമുഖന്മാരും ഭഗവാനെ അകമ്പടിസേവിച്ചുകൊണ്ടുനിന്നു. രാജൻ!, ത്രിവിക്രമമൂർത്തിയായ ഭഗവാൻ മിന്നിത്തിളങ്ങുന്ന കിരീടം, തോൾവള, കുണ്ഡലം, ശ്രീവത്സം, കൌസ്തുഭം, ഉദരബന്ധം, പീതാംബരം, വണ്ടുകൾ മൂളിക്കൊണ്ടു് വട്ടമിട്ടു് പറക്കുന്ന വനമാല മുതലായ ആഭൂഷണങ്ങളാൽ പ്രശോഭിച്ചു. രാജാവേ!, ഭഗവാൻ ഒരു കാലടിയാൽ മഹാബലിയുടെ ഭൂമിയേയും, തന്റെ ബൃഹത്തായ ശരീരവ്യാപ്തിയാൽ ആകാശത്തേയും, കൈകൾ വിടർത്തി ദിക്കുകളേയും അളന്നെടുത്തു. രണ്ടാമത്തെ അടിയാൽ ബലിയുടേതായുണ്ടായിരുന്ന സ്വർഗ്ഗവും ഭഗവാൻ അളന്നു. ആ പരമപുരുഷന്റെ മൂന്നാം കാലടിയ്ക്കായി ഇവിടെ ബലിയുടേതായി യാതൊന്നുംതന്നെ അവശേഷിച്ചിരുന്നില്ല. കാരണം, മൂന്നാമത്തേതായ ആ അടിവയ്പ്പിൽ ഭഗവാൻ വീണ്ടും വീണ്ടും മേലോട്ടുയർന്നുകൊണ്ടു് മഹർലോകത്തേയും ജനലോകത്തേയും കടന്നു്, തപോലോകത്തിനും അപ്പുറമുള്ള സത്യലോകത്തിലേക്കു് പ്രവേശിച്ചുകഴിഞ്ഞിരുന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഇരുപതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.


Previous    Next






King Mahabali offers three feet land to Lord Vamanamurthy, and Vamanamurthy shows His Universal Form. 

2019, ഒക്‌ടോബർ 29, ചൊവ്വാഴ്ച

8.19 വാമനൻ മഹാബലിയോടു് മൂന്നടി മണ്ണു് യാചിക്കുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 19
(വാമനൻ മഹാബലിയോടു് മൂന്നടി മണ്ണു് യാചിക്കുന്നതു.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: രാജൻ!, മഹാബലിയുടെ ദാനശീലത്തിൽ സന്തുഷ്ടനായ വാമനമൂർത്തി ധർമ്മയുക്തവും സത്യസന്ധവുമായ ആ വാക്കുകൾ കേട്ട് അദ്ദേഹത്തെ പ്രതിനന്ദിച്ചുകൊണ്ട് ഈങ്ങനെ അരുൾചെയ്തു: അല്ലയോ മഹാരാജൻ!, അങ്ങയുടെ വാക്കുകൾ പ്രിയം ഉളവാക്കുന്നതും സത്യവും കുലമഹിയ്ക്കുചേർന്നതും ധർമ്മയുക്തവും യശസ്കരവുമാണു. അതിൽ സംശയിക്കുവാനൊന്നുംതന്നെയില്ല. കാരണം. ആ ധർമ്മാചരണത്തിൽ ശുക്രാദികളും, അങ്ങയുടെ മുത്തച്ഛൻ പ്രഹ്ലാദരും അങ്ങേയ്ക്ക് മാതൃകയാണല്ലോ!. ബ്രാഹ്മണർക്ക് ഭിക്ഷ കൊടുക്കാത്തവരായും, ഒരിക്കൽ കൊടുക്കാമെന്നു് പറഞ്ഞിട്ടു് പിന്നീടൊഴിഞ്ഞുമാറിയവരായും ആരുംതന്നെ അങ്ങയുടെ കുലത്തിൽ പിറന്നിട്ടില്ല. ദാനത്തിനായോ യുദ്ധത്തിനായോ ആഗ്രഹിച്ചെത്തുന്നവരെ മടക്കിയയയ്ക്കുന്ന ഒരു പാരമ്പര്യവും അങ്ങയുടെ കുടുംബത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല. ആകാശത്തിൽ പൂർണ്ണചന്ദ്രനെന്നതുപോലെയല്ലേ, ശുദ്ധനും കീർത്തിമാനുമായ പ്രഹ്ലാദൻ അങ്ങയുടെ വംശത്തിൽ തിലകക്കുറിയായി വർത്തിക്കുന്നതു?.

ഹിരണ്യാക്ഷൻ എന്ന വീരൻ ഗദയുമേന്തി ദിഗ്വിജയത്തിനായി ഈ ലോകമെമ്പാടും ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടും തനിക്കുപോന്ന ഒരെതിരാളിയെ അവനു് കാണാൻ കഴിഞ്ഞില്ല. പണ്ട്, വരാഹരൂപം പൂണ്ട് ഭഗവാൻ ശ്രീഹരി ഭൂമിയെ ഉദ്ധരിച്ചുകൊണ്ടുവരുമ്പോൾ എതിരിട്ടുവന്ന ആ ഹിരണ്യാക്ഷനെ വളരെ പ്രയാസത്തോടെ ജയിച്ചുവെങ്കിലും അവന്റെ പരാക്രമത്തെ കണക്കിലെടുത്തുനോക്കുമ്പോൾ അതൊരു വിജയമായി ഭഗവാൻ കണക്കാക്കിയില്ല. അതിനുശേഷം, അവൻ വധിക്കപ്പെട്ടുവെന്നുകേട്ടപ്പോൾ സഹോദരനായ ഹിരണ്യകശിപു കോപിച്ചുകൊണ്ട് ഹരിയെ കൊല്ലുവാനൊരുമ്പെട്ട് അവന്റെ ധാമത്തിലേക്ക് പോകുകയുണ്ടായി. അന്ന് ശൂലവുമേന്തി കാലനെപ്പോലെ തനിക്കുനേരേ വരുന്ന ആ ഹിരണ്യകശിപുവിനെ കണ്ടിട്ട് കാലജ്ഞനും മായാവികളിൽ ശ്രേഷ്ഠനുമായ ഭഗവാൻ ചിന്തിക്കുകയുണ്ടായി: ജീവഭൂതങ്ങൾക്കുപിറകേ കാലമെന്നോണം, എവിടെയൊക്കെ ഞാൻ പോയാലും ഇവൻ എന്റെ പിന്നാലെയുണ്ടു. അതുകൊണ്ട് പുറത്തേക്കുമാത്രം നോക്കുവാൻ കഴിയുന്ന ഇവന്റെ ഹൃദയത്തിലേക്ക് കടക്കുന്നതാണു് ബുദ്ധി. അല്ലയോ അസുരേന്ദ്രാ!, അങ്ങനെ ചിന്തിച്ചുകൊണ്ട് ഭഗവാൻ അന്ന് അവന്റെ നാസാരന്ധ്രത്തിലൂടെ ശ്വാസവായുവാൽ മറഞ്ഞുകൊണ്ട് അകത്തേയ്ക്ക് കടന്നു. വിഷ്ണുലോകത്തിലെത്തി അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞിട്ടും ഭഗവാനെ കാണാഞ്ഞതിൽ ഹിരണ്യകശിപു ക്രോധം കൊണ്ടലറി. പിന്നെ ഭൂമിയിലും, സ്വർഗ്ഗത്തും, സകലദിക്കുകളിലും, ആകാശത്തിലും, അധോലോകങ്ങളിലും, സമുദ്രങ്ങളിലുമെല്ലാം തിരഞ്ഞിട്ടും വിഷ്ണുവിനെ കണ്ടുപിടിക്കുവാൻ അവനു് കഴിഞ്ഞില്ല. ഒടുവിൽ എങ്ങും കാണാതെയായപ്പോൾ അവൻ ഇങ്ങനെ പറയുകയുണ്ടായി: ഞാൻ ആ വിഷ്ണുവിനെ ഈ ലോകം മുഴുവൻ അന്വേഷിച്ചുകഴിഞ്ഞു. ഒരിക്കൽ എത്തപ്പെട്ടാതിരിച്ചുവരവില്ലാത്ത ആ ദിക്കിലേക്ക് എന്റെ സഹോദരനെ കൊന്നവൻ തീർച്ചയായും പോയിട്ടുണ്ടാകും.

വാമനൻ പറഞ്ഞു: ഹേ രാജൻ!, ഈ ലോകത്തിൽ ശത്രുതയ്ക്കുള്ള കാലദൈർഘ്യം ശത്രുവിന്റെ മരണംവരെ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. കോപമെന്നത് അജ്ഞാനത്തിൽനിന്നുണ്ടാകുന്നതും അഹങ്കാരത്താൽ വളർത്തപ്പെടുന്നതുമാണു. രാജൻ!, അങ്ങയുടെ പിതാവു് പ്രഹ്ലാദപുത്രനായ വിരോചനനാണു. അദ്ദേഹം ഒരിക്കൽ ബ്രാഹ്മണവേഷം ധരിച്ചുവന്ന ദേവന്മാർക്ക്, അവർ ദേവന്മാരാണെന്നറിഞ്ഞുകൊണ്ടുതന്നെ, തന്റെ ആയുസ്സിനെ ദാനം ചെയ്തവനായിരുന്നു. ഗൃഹസ്ഥബ്രാഹ്മണരെപ്പോലെ, ശൂരന്മാരായ അങ്ങയുടെ പൂർവ്വികന്മാരെപ്പോലെ, ഉദ്ദാമമായ കീർത്തിയോടുകൂടിയ മറ്റുള്ളവരെപ്പോലെ, അങ്ങും ധർമ്മങ്ങളെ അനുഷ്ഠിച്ചിട്ടുള്ളവനാണു. അതുകൊണ്ട്, അല്ലയോ അസുരാധിപതേ!, ദർഷഭനായ അങ്ങിൽനിന്നും എന്റെ കാലുകൊണ്ടു് ഞാൻതന്നെ അളെന്നുടുക്കുന്ന മൂന്നടി ഭൂമിയെ മാത്രം ഞാൻ വരിച്ചുകൊള്ളാം. ഈ ലോകങ്ങളുടെയെല്ലാം ഈശ്വരനും അത്യുദാരനുമായ അങ്ങയിൽനിന്നും മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, വേണ്ടുന്നതുമാത്രം സ്വീകരിക്കുന്ന വിവേകിയായവൻ ഒരിക്കലും പാപം നേടുകയില്ല.

അതുകേട്ട് മഹാബലി ചക്രവർത്തി പറഞ്ഞു: അല്ലയോ ബ്രാഹ്മണകുമാരാ!, അതിശയമായിരിക്കുന്നു!. അങ്ങയെ മുതിർന്നവർ പോലും അംഗീകരിച്ചുവെന്നുള്ളതു സത്യമാണു. എങ്കിലും, അങ്ങ് ബുദ്ധി വളർന്നിട്ടില്ലാത്ത ഒരു കുട്ടിയായതിനാൽ തൻകാര്യത്തെക്കുറിച്ച് വേണ്ടവണ്ണം അറിയുന്നവനല്ല. ഇക്കണ്ട ലോകങ്ങൾക്കെല്ലാം ഈശ്വരനും, ഒരു ദ്വീപിനെതന്നെ ദാനം ചെയ്യുവാൻ കഴിവുള്ളവനുമായ എന്നെ വേണ്ടത്ര മനസ്സിലാക്കിക്കഴിഞ്ഞിട്ടും മൂന്നടി ഭൂമി മാത്രം യാചിക്കുന്നവൻ ബുദ്ധിയില്ലാത്തവനാണു. ഹേ കുമാരാ!, എന്നെ സമീപിച്ചതിനുശേഷം യാതൊരുത്തരും മറ്റുള്ളവരോടു് യാചിക്കുവാനുള്ള ഇടയുണ്ടാകാൻ പാടില്ല. ആയതിനാൽ, ജീവിക്കുവാൻ വേണ്ടുന്നത്ര ഭൂമിയെ ഇഷ്ടമനുസരിച്ച് എന്നിൽനിന്നും വരിച്ചുകൊള്ളുക.

ഭഗവാൻ പറഞ്ഞു: അല്ലയോ രാജൻ!, മൂന്നുലോകങ്ങളിലും എന്തെല്ലാംതന്നെ വിഷയങ്ങളുണ്ടായാലും ഇന്ദ്രിയനിഗ്രഹം ചെയ്യാത്തവനെ അവയ്ക്കൊന്നിനും സംതൃപ്തനാക്കുവാൻ കഴിയുകയില്ല. മൂന്നടികൊണ്ടു് തൃപ്തനാകാത്തവൻ ഒമ്പതു് ഭൂഖണ്ഡങ്ങൾ ചേർന്ന ഒരു ദ്വീപു് കിട്ടിയാൽത്തന്നെയും എഴു് ഭൂഖണ്ഡങ്ങളേയും നേടുവാനുള്ള ഇച്ഛയാൽ ഒരിക്കലും തൃപ്തനാകുകയില്ല. സപ്തദ്വീപുകളേയും സ്വന്തമാക്കിയിട്ടും പൃഥു, ഗയൻ തുടങ്ങിയ രാജാക്കന്മാരുടെ അർത്ഥകാമങ്ങൾക്ക് അറുതിവന്നിട്ടില്ലെന്നാണു കേട്ടിട്ടുള്ളതു. യാദൃശ്ചികമായി കിട്ടുന്നതിൽ സന്തോഷിക്കുന്നവൻ എന്നും സുഖമായി ഇരിക്കുന്നു. എന്നാൽ, കിട്ടിയതിലൊന്നിലും സന്തോഷം കണ്ടെത്താത്ത അജിതേന്ദ്രിയനാകട്ടെ, മൂലോകങ്ങളും ലഭിച്ചാലും അതൃപ്തനായിത്തന്നെയിരിക്കുന്നു. അർത്ഥകാമങ്ങളെ അപേക്ഷിച്ചുനിൽക്കുന്ന ഈ അസംതൃപ്തിയാണു് ജീവനെ സംസാരത്തിൽ തളച്ചിടുന്നതു. ദൈവവിധിയാൽ ലഭ്യമാകുന്നതിൽ സന്തുഷ്ടിയടയുന്നവൻ സംസാരത്തിൽനിന്നും മുക്തനാകുന്നുവെന്നാണു് പറയപ്പെടുന്നതു. യദൃശ്ചയാ കിട്ടുന്നതിൽ തൃപ്തനാകുന്ന ബ്രാഹ്മണന്റെ തേജസ്സ് എന്നെന്നും വർദ്ധിക്കുന്നു. എന്നാൽ, അസന്തുഷ്ടിമൂലം അത്, അഗ്നി ജലത്താൽ കെട്ടുപോകുന്നതുപോലെ, നശിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അല്ലയോ രാജൻ!, ഉദാരനായ അങ്ങയിൽനിന്ന് മൂന്നടി മണ്ണമാത്രം ഞാൻ വരിക്കുന്നു. അത്രമാത്രംകൊണ്ട് ഞാൻ സിദ്ധനാണു. കാരണം, സമ്പത്ത് എപ്പോഴും ആവശ്യത്തിനുമാത്രമാകുന്നതാണു ശ്രേയസ്കരം.

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തേ!, ഭഗവദ്വചനം കേട്ട് ചിരിച്ചുകൊണ്ട് ഇച്ഛിച്ചതുപോലെ പ്രതിഗ്രഹിച്ചുകൊണ്ടാലും എന്നുപറഞ്ഞു് വാമനന് മൂന്നടി ഭൂമിയെ ദാനം ചെയ്യുവാനായി മഹാബലി ജലഭാജനത്തെ കൈയ്യിലെടുത്തു. ആ സമയം, ജ്ഞാനികളിൽ അഗ്രഗണ്യനായ ശുക്രാചാര്യർ ഭഗവാന്റെ ഉദ്ദേശത്ത മനസ്സിലാക്കിക്കൊണ്ട് വിഷ്ണുഭഗവാനായി ഭൂമിയെ ദാനം ചെയ്യാനൊരുങ്ങിനിൽക്കുന്ന തന്റെ ശിഷ്യനായ മഹാബലിയോടു് പറഞ്ഞു: ഹേ അസുരരാജാവേ!, ഈ വന്നിരിക്കുന്നതു് അവ്യയനായ സാക്ഷാത് മഹാവിഷ്ണുതന്നെയാണു. ദേവകാര്യത്തെ സാധിപ്പിക്കുവാനായി അദിതിയുടെ ഗർഭത്തിൽ കശ്യപനു് പുത്രനായി അവതാരം കൊണ്ടവനാണിവൻ. സംഭവിക്കാൻ പോകുന്ന വിപത്തിനെക്കുറിച്ച് ബോധവാനാല്ലാത്ത നീ ഈ വിഷ്ണുവിന് മൂന്നടി ഭൂമി ദാനം ചെയ്യാമെന്ന് വാക്കുകൊടുത്തത് ഒട്ടും നന്നായില്ല. അസുരന്മാരെ സംബന്ധിച്ചിടത്തോളം വലിയ അന്യായമാണു് ഇപ്പോൾ സംഭവിച്ചിരിക്കുന്നതു. സ്വമായയാൽ വടുരൂപം പൂണ്ടുവന്നിരിക്കുന്ന ഈ വിഷ്ണു നിന്റെ സ്ഥാനത്തേയും ഐശ്വര്യത്തേയും ശ്രീത്വത്തേയും, തേജസ്സിനേയും, കീർത്തിയേയും പിടിച്ചടക്കി ദേവേന്ദ്രനു് സമ്മാനിക്കുവാൻ പോകുകയാണു. വിശ്വാകാരനായ ഈ വിഷ്ണു മൂന്നടികൊണ്ടുതന്നെ ഈ ലോകങ്ങളെല്ലാം അളന്നെടുക്കും. ഹേ മൂഢാ!, സർവ്വസ്വവും ഈ വിഷ്ണുവിനു് നൽകിയതിനുശേഷം നീയെങ്ങെനെയാണു് ജീവിക്കുവാൻ പോകുന്നതു?. ആദ്യത്തെ ചുവടാൽ ഭൂമിയും, രണ്ടാമത്തേതിൽ സ്വർഗ്ഗവും അന്തരീക്ഷവും അളന്നെടുത്താൽ പിന്നെ മൂന്നാമത്തെ അടി വയ്ക്കാൻ എന്തായിരിക്കും ഇവിടെ ബാക്കിയുള്ളതു?. നിനക്കീ വാഗ്ദാനത്തെ നിറവേറ്റാൻ കഴിയുമെന്ന് എനിക്കുതോന്നുന്നില്ല. അങ്ങനെയെങ്കിൽ, ചെയ്യപ്പെട്ട വാഗ്ദാനത്തെ നിറവേറ്റാൻ കഴിയാത്ത അങ്ങയുടെ ഗതി ഇനി നരകത്തിൽതന്നെയാണെന്നാണു് എനിക്ക് തോന്നുന്നതു.

സ്വന്തം നിലനില്പിനു് അപകടം വരുത്തുന്ന ദാനത്തെ ആരുംതന്നെ പ്രശംസിക്കുകയില്ല. കാരണം, ലോകത്തിൽ സ്വദേഹരക്ഷ ചെയ്യാൻ കഴിവുള്ളവനുമാത്രമാണു് ദാനവും യജ്ഞവും തപസ്സും കർമ്മവുമൊക്കെ സാധ്യമാകുന്നതു. ധർമ്മത്തെ ചെയ്യുവാനും, യശസ്സ് നേടുന്നതിനും, സമ്പാദിക്കുന്നതിനും, സുഖഭോഗങ്ങളെ അനുഭവിക്കുന്നതിനും, സ്വജനങ്ങൾക്കായും സമ്പത്തിനെ അഞ്ചുവിധമായി മറ്റിവയ്ക്കുന്നവൻ ഈ ലോകത്തിലും അടുത്തലോകത്തിലും സുഖിക്കുന്നവനാകുന്നു. ഹേ അസുരശ്രേഷ്ഠാ!, ഇക്കാര്യത്തിൽ ബഹ്വൃചങ്ങൾ എന്ന ശ്രുതിസംഹിതകൾ പറയുന്നതിനെ എന്നിൽനിന്നും കേട്ടറിഞ്ഞാലും. ഓം [ഓ, ശരി] എന്ന വാക്കിനാൽ അംഗീകരിക്കപ്പെടുന്നത് സത്യവും [ഇല്ല] എന്നുച്ചരിച്ച് നിഷേധിക്കപ്പെടുന്നത് അസത്യമായും ഗണിക്കേണ്ടതാണു. ശ്രുതി പറയുന്നത് സത്യമെന്നത് ദേഹമാകുന്ന വൃക്ഷത്തിലുണ്ടാകുന്ന പൂക്കളും ഫലങ്ങളുമാണെന്നാണു. സ്വയമേവ അസത്യത്തിൽ അധിഷ്ഠിതമായിരിക്കുന്ന ഈ ദേഹം നിർജ്ജീവമായിരിക്കുമ്പോൾ ആ പുഷ്പഫലങ്ങൾ ഈ ദേഹവൃക്ഷത്തിൽ ഉണ്ടാകുന്നില്ല.  വേരറ്റുപോകുന്ന വൃക്ഷം ഉണങ്ങിപ്പോകുകയും പെട്ടെന്നുതന്നെ നിലംപൊത്തുകയും ചെയ്യുന്നു. അതുപോലെ, അസത്യത്തിൽ അധിഷ്ഠിമാകുന്ന ഈ ശരീരവും താമസിയാതെ ശോഷിക്കുന്നുവെന്നുള്ളതിൽ ഒട്ടുംതന്നെ സന്ദേഹമില്ല. ഓം [ഓ തരാം] എന്ന അംഗീകാരവാക്ക് ഉച്ചരിക്കുന്നതോടെ അത് പറയുന്നവന്റെ പക്കലുള്ളത് അവനെ വിട്ടുപോകുകയോ, ആ വസ്തുവിൽനിന്നും അവന്റെ ആസക്തി അകലുകയോ ചെയ്യുന്നു. അങ്ങനെ പറയുന്ന നിമിഷംതന്നെ ആ വസ്തു അവന്റേതല്ലാതായിത്തീരുന്നു. ഇങ്ങനെ, സർവ്വസ്വവും ചോദിക്കുന്നവനു് കൊടുക്കാമെന്ന പറയുന്നവന്റെ പക്കൽ തനിക്കുവേണ്ടുന്നതായ വസ്തുക്കൾ പര്യാപ്തഭാവത്തിലുണ്ടാകുകയില്ല. എന്നാൽ, [ഇല്ല] എന്ന അനൃതവചനം ചെയ്യുന്നവനു് ഒരിക്കലും അർത്ഥനാശം സംഭവിക്കുന്നില്ലെന്നുമാത്രമല്ല, പരന്റെ സ്വത്തുക്കൾ കൂടി തന്നിലേക്കു് വന്നുചേരുകയും ചെയ്യുന്നു. എങ്കിലും, എപ്പോഴും ഇല്ല എന്നുമാത്രം പറയുന്നവൻ ദുഷ്കീർത്തിമാനായി ഭവിക്കുകയും, കേവലം ഒരു ജീവച്ഛവമായി ജീവിക്കുകയും ചെയ്യുന്നവനാണെന്നറിയുക. അതുകൊണ്ട്, സ്ത്രീകളെ വശീകരിക്കുവാൻ ശ്രമിക്കുമ്പോഴും, തമാശ പറയുമ്പോഴും, വിവാഹാവസരങ്ങളിലും, ജീവിതവൃത്തിക്കുവേണ്ടിയും, ജീവനു് അപായം സംഭവിക്കുന്ന സമയത്തും, പശുക്കളേയും ബ്രാഹ്മണരേയും രക്ഷിക്കുവാൻ ശ്രമിക്കുന്ന വേളയിലും, മറ്റാർക്കെങ്കിലും പ്രാണഹാനി സംഭവിക്കുമ്പോഴും അസത്യഭാഷണം നിന്ദിക്കപ്പെട്ടതായി കണക്കാക്കുന്നില്ല.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പത്തൊമ്പതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.


Previous    Next






Vamanamoorthi begs piece of three feet of land from King Mahabali

2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

8.18 വാമനാവതാരം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 18
(വാമനാവതാരം.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: പരീക്ഷിത്തുരാജൻ!, ഇപ്രകാരം, ബ്രഹ്മദേവനാൽ വാഴ്ത്തപ്പെട്ട ഗുണങ്ങളോടുകൂടിയവനും, ജനനമരണങ്ങളില്ലാത്തവനുമായ വിഷ്ണുഭഗവാൻ, നാലു് തൃക്കൈകളിൽ ശംഖം, ചക്രം, ഗദ, പത്മം എന്നിവയേന്തി, തിരുവുടലിൽ മഞ്ഞപ്പട്ടുടുത്തു്, താമരദളം പോലെ വിശാലമായ നേത്രയുഗ്മങ്ങളോടുകൂടി, കാതിൽ മകരാകാരം പൂണ്ട കുണ്ഡലങ്ങളണിഞ്ഞ്, മിന്നിത്തിളങ്ങുന്ന തിരുമുഖകമലത്തിന്റെ ശോഭയോടുകൂടി, തിരുമാറിൽ ശ്രീവത്സം ചാർത്തി, കടകം, തോൾവള, പൊന്നരഞ്ഞാണം, കാൽത്തള,  മിന്നിത്തിളങ്ങുന്ന കിരീടം, മൂളിത്തിമർക്കുന്ന വണ്ടുകളെ മത്തരാക്കുന്ന നറുമണത്തോടുകൂടിയ വനമാല, കഴുത്തിൽ കൌസ്തുഭമണി,  എന്നിവയണിഞ്ഞ ശ്യാമളവർണ്ണത്തോടുകൂടിയ സ്വദേഹകാന്തിയാൽ കശ്യപപ്രജാപതിയുടെ വീടിനുള്ളിലെ അന്തകാരത്തെ അകറ്റിക്കൊണ്ടു് അദിതിദേവിയിൽ തിരുവവതാരം കൊണ്ടു. രാജൻ!, ആ സമയത്തു്, ദിശകളും, ജലാശയങ്ങളും തെളിഞ്ഞു. പ്രജകളെല്ലാം സന്തോഷിച്ചു. ഋതുക്കൾക്ക് അവയുടെ ഗുണങ്ങൾ ലഭിച്ചു. സ്വർഗ്ഗം, ആകാശം, ഭൂമി, ദേവന്മാർ, പശുക്കൾ, ബ്രാഹ്മണർ, പർവ്വതങ്ങൾ എന്നിവയെല്ലാം ആനന്ദിച്ചു. രാജാവേ!, ശ്രവണദ്വാദശിയായ ദിവസം, തിരുവോണത്തിൽ ചന്ദ്രൻ പ്രകാശിക്കുമ്പോൾ, അഭിജിത്ത് എന്ന ശുഭമുഹൂർത്തത്തിൽ, ശ്രീവാമനമൂർത്തി അവതാരം ചെയ്തു. നക്ഷത്രങ്ങളും ഗ്രഹങ്ങളും അതുപോലെ മറ്റെല്ലാ ജ്യോതിർഗണങ്ങളും ഭഗവദവതാരത്തെ ശുഭമാക്കിമാറ്റി.

രാജൻ!, ആ ദിവസം പകൽ സമയത്തായിരുന്നു ഭഗവാൻ അവതരിച്ചതു. സൂര്യഭഗവാൻ ആ സമയം ദിനമധ്യത്തിലായിരുന്നു. ആ ദിവസത്തെ വിജയദ്വാദശിഎന്നും വിളിക്കാറുണ്ടു. ശംഖുകൾ, ചെണ്ടകൾ, മൃദംഗം, തപ്പു്, പെരുമ്പറ, കൊമ്പ്, കുഴൽ എന്നിങ്ങനെ നാനാതരവാദ്യങ്ങളുടെ ഇടകലർന്ന ശബ്ദകോലാഹലം എങ്ങും മുഖരിതമായി. ഗന്ധർവ്വപ്രമുഖന്മാർ പാടുകയും, സന്തോഷത്തോടെ അപ്സരസ്ത്രീകൾ അതിനൊത്താടുകയും ചെയ്തു. മുനിമാരും ദേവന്മാരും മനുക്കളും പിതൃക്കളും അഗ്നിദേവകളും ഭഗവാനെ സ്തുതിച്ചു. സിദ്ധവിദ്യാധരകിമ്പുരുഷകിന്നരചാരണയക്ഷരക്ഷസ്സുകളും, ദിവ്യപക്ഷികളും, ദിവ്യനാഗങ്ങളും മറ്റുമായ ദേവാനുചാരികൾ പാടിക്കൊണ്ടും, പുകഴ്ത്തിക്കൊണ്ടും, നൃത്തം ചെയ്തുകൊണ്ടും, അദിതിയുടെ ആശ്രമപദത്തിൽ പുഷ്പവൃഷ്ടി ചൊരിഞ്ഞു.

രാജാവേ!, തന്റെ ഗർഭത്തിൽനിന്നും പിറന്ന പരമപുരുഷനായ ശ്രീഹരിയെ കണ്ട് അദിതീദേവി അത്ഭുതപരവശയാകുകയും, അതുപോലെ സന്തോഷിക്കുകയും ചെയ്തു. കശ്യപപ്രജാപതിയാകട്ടെ, സ്വമായയാ അവതാരം കൊണ്ട ഭഗവദ്രൂപത്തെ കണ്ട് ജയാരവം മുഴക്കി. അവ്യക്തചിദ്രൂപനായ ശ്രീഹരി ധരിച്ചതായ, ആഭൂഷണങ്ങളും ആയുധങ്ങളുമേന്തിയ ദീപ്തിയേറുന്ന ആ ശരീരം, അദിതിയും കശ്യപനും നോക്കിനിൽക്കെ, ഒരു നടനെപ്പോലെ, ഉയരമില്ലാത്ത ഒരു കുഞ്ഞായി ഭവിച്ചു. വാമനരൂപിയായ ആ കുമാരനെ കണ്ടു് സന്തോഷത്തോടെ മുനിമാർ കശ്യപപ്രജാപതിയെ മുൻ‌നിർത്തി ജാതകർമ്മാദി വൈദികകർമ്മങ്ങളെ ചെയ്തു. ഉപനയനകർമ്മം നടക്കുമ്പോൾ സൂര്യൻ സ്വയം ഗായത്രിമന്ത്രത്തെ ചൊല്ലി. ബ്രഹസ്പതി പൂണുനൂലും, പിതാവായ കശ്യപൻ പുൽചരടുകൊണ്ടുള്ള നേർത്ത ഒരു അരപ്പട്ടയും സമ്മാനിച്ചു. ഭൂമിദേവി മാന്തോലും, വനസ്പതി ദണ്ഡും, അമ്മയായ അദിതി കൌപീനവും, അന്തരീക്ഷദേവതയാകട്ടെ, കുടയും ലോകപാലകനായ വാമനമൂർത്തിക്കു് നൽകി. അല്ലയോ മഹാരാജാവേ!, ബ്രഹ്മദേവൻ കമണ്ഡലുവും, സരസ്വതീദേവി ജപമാലയും, സപ്തർഷികൾ ദർഭപ്പുല്ലും നൽകുകയുണ്ടായി. അതുപോലെ, ഉപനയനം കഴിഞ്ഞ വാമനമൂർത്തിയ്ക്ക് കുബേരൻ ഭിക്ഷാപാത്രം നൽകി. അന്നപൂർണ്ണേശ്വരിയായ സാക്ഷാത് അംബിക അതിൽ ഭിക്ഷയേയും പ്രദാനം ചെയ്തു. ഇപ്രകാരം ആ‍ദരിക്കപ്പെട്ട ആ ബ്രഹ്മചാരിവടു ബ്രഹ്മർഷിമാരാൽ സുസേവിതമായ ആ സദസ്സിനെ തന്റെ ബ്രഹ്മതേജസ്സാൽ വീണ്ടും പ്രകാശമാനമാക്കി. ഉപനയനത്താൽ ദ്വിജനായിത്തീർന്ന വാമനഭഗവാൻ കുണ്ഡത്തിലെരിയുന്ന അഗ്നിക്കുചുറ്റും ജലം തൂവി, ചുറ്റും ദർഭ വിരിച്ച്, അർച്ചിച്ചാരാധിച്ച് ആ അഗ്നിയിൽ സമിത്തുകൾ ഹോമിച്ചു.

രാജൻ!, അതിനുശേഷം, ഭൃഗുവംശജരായ ബ്രാഹമണോത്തമന്മാരുടെ കാർമ്മികത്വത്തിൽ കരുത്തുറ്റ മഹാബലിചക്രവർത്തി അനേകം അശ്വമേധയജ്ഞങ്ങൾ അനുഷ്ഠിക്കുന്നതറിഞ്ഞ് സർവ്വശക്തനായ വാമനമൂർത്തി ഓരോ അടിവയ്പ്പിലും ഭൂമിയെ താഴേയ്ക്കുതള്ളിയമർത്തിക്കൊണ്ടു് അവിടേയ്ക്ക് യാത്രയായി. നർമ്മദാനദിയുടെ ഉത്തരതടത്തിൽ മഹാബലി മഹായജ്ഞം നടത്തിക്കൊണ്ടിരുന്ന ഭൃഗുകച്ഛം എന്ന പുണ്യസ്ഥലത്തെത്തിച്ചേർന്നു. യാ‍ജ്ഞികരായ ഋത്വിക്കുകൾ തങ്ങളുടെ മുന്നിൽ ഉദിച്ചുയരുന്ന സൂര്യനുതുല്യം പ്രകാശിക്കുന്ന വാമനമൂർത്തിയെ കാണുകയുണ്ടായി. അവിടെ യജ്ഞമനുഷ്ഠിച്ചുകൊണ്ടിരുന്ന ബലിചക്രവർത്തിയും ആചാര്യന്മാരായ ഋത്വിക്കുകളും മറ്റും ഭഗവാന്റെ ദിവ്യതേജസ്സിനാൽ കാന്തിയേറിയവരായി ഭവിച്ചു. ഭഗവദ്രൂപത്തെ കണ്ടപ്പോൾ, യജ്ഞത്തിൽ പങ്കെടുക്കുവാനായി സൂര്യഭഗവാൻ നേരിട്ടുവന്നതായിരിക്കുമോ, അതല്ലെങ്കിൽ അഗ്നിദേവന്റെ വരവാകുമോ, അഥവാ, സനകാദികളായിരിക്കുമോ എന്നിങ്ങനെ അവർ ആശങ്കിച്ചു. ഇങ്ങനെ അവർ ഊഹാപോഹങ്ങളിൽ മുങ്ങിയിരിക്കെ, വാമനമൂർത്തി പലാശദണ്ഡും കുടയും ജലത്തോടുകൂടിയ കമണ്ഡുലുവുമായി യജ്ഞശാലയിലേക്ക് പ്രവേശിച്ചു. മുഞ്ഞപുല്ലിന്റെ ചരടു് ചുറ്റി, തോളിൽ കൃഷ്ണാജിനമണിഞ്ഞ്, ജടാധാരിയായി, ബ്രാഹ്മണവേഷത്തിൽ യജ്ഞവേദിയിലേക്ക് കയറിവരുന്ന വാമനമൂർത്തിയെ കണ്ട്, ഭഗവദ്തേജസ്സാൽ മങ്ങിപ്പോയ ആ പുരോഹിതന്മാർ തങ്ങളുടെ ശിഷ്യന്മാരോടും അഗ്നിദേവതകൾക്കുമൊപ്പമെഴുന്നേറ്റ് ഭഗവാനെ സ്വീകരിച്ചു. ദർശനീയവും മനോഹരവുമായ ആ വടുരൂപത്തെ കണ്ടിട്ട് സന്തുഷ്ടനായ ബലി ഭഗവാനെ ഇരിപ്പിടം നൽകി ആദരിച്ചു. ശേഷം, ആ പാദങ്ങൾ കഴുകി, ജനകൽമഷത്തെ ഇല്ലാതാക്കുന്ന മംഗളകരമായ തൃപ്പാദതീർത്ഥം അദ്ദേഹം തന്റെ മൂർദ്ധാവിൽ ധരിച്ചു. ദേവാദിദേവനായ ഗിരീശൻ പോലും ആ കഴലിണയിൽ നിന്നൊഴുകിവരുന്ന ഗംഗയെ തന്റെ ജടയിൽ ധരിക്കുന്നതായി മഹാബലി മുമ്പ് കേട്ടിട്ടുള്ളതായിരുന്നു.

രാജൻ!, അതിനുശേഷം, മഹാബലി വാമനമൂർത്തിയോടു് പറഞ്ഞു: അല്ലയോ ബ്രാഹ്മണകുമാരാ!, അങ്ങേയ്ക്കു് സ്വാഗതം. ഞങ്ങളെന്താണു് അങ്ങേയ്ക്കുവേണ്ടി ചെയ്യേണ്ടെതെന്നു് പറഞ്ഞാ‍ലും!. ഹേ ആര്യ!, അങ്ങയുടെ രൂപം കണ്ടിട്ട് ബ്രഹ്മർഷിമാരുടെ തീവ്രതപസ്സുകളുടെ മൂർത്തീഭാവമായിത്തോന്നുകയാണു. ഭവാൻ ഞങ്ങളുടെ ഗൃഹത്തിലേക്ക് വന്നതുകാരണം ഞങ്ങളുടെ പിതൃക്കൾ സംതൃപ്തരായിരിക്കുന്നു. ഞങ്ങളുടെ വംശവും പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. അങ്ങിവിടേയ്ക്കെഴുന്നള്ളിയതിനാൽ ഈ യജ്ഞം വിധിയാംവണ്ണം യജിക്കപ്പെട്ടിരിക്കുന്നു. ഹേ കുമാരാ!, അങ്ങയുടെ പാദതീർത്ഥത്താൽ പാപമറ്റുപോയ ഈ അഗ്നികൾ നന്നായി തെളിഞ്ഞിരിക്കുന്നു. ഈ ഭൂമിയും അവിടുത്തെ പാദസ്പർശത്താൽ പാവനമായിക്കഴിഞ്ഞു. അല്ലയോ കുമാരാ!, അങ്ങെന്നിൽനിന്ന് എന്തെല്ലാമാഗ്രഹിക്കുന്നുവോ, അവയെല്ലാം സ്വീകരിച്ചുകൊള്ളുക. ഭൂമിയോ, പശുവോ, സ്വർണ്ണമോ, വാസയോഗ്യമാ‍യ ഗൃഹമോ, മൃഷ്ടമായ അന്നമോ, വിപ്രകന്യകമാരെയോ, സ‌മൃദ്ധമായ ഗ്രാമങ്ങളോ, കുതിരകളോ, ആനകളോ, തേരുകളോ, എന്തുവേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളുക.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനെട്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Lord Vamaamoorthy appears in the home of Adithi 

2019, ഒക്‌ടോബർ 27, ഞായറാഴ്‌ച

8.17 അദിതിയ്ക്ക് ഭഗവാൻ വരം നൽകുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 17
(അദിതിയ്ക്ക് ഭഗവാൻ വരം നൽകുന്നതു.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: അല്ലയോ രാജാവേ!, തന്റെ ഭർത്താവായ കശ്യപന്റെ ഉപദേശപ്രകാരം അദിതീദേവി പയോവ്രതത്തെ പന്ത്രണ്ടു് ദിവസം ശ്രദ്ധയോടും ഭക്തിയോടും അനുഷ്ഠിക്കുകയുണ്ടായി. ഈശ്വരനും മഹാപുരുഷനുമായ ശ്രീഹരിയെ ഏകാഗ്രമായ മനസ്സോടെ ധ്യാനിച്ചുകൊണ്ടും, ബുദ്ധിയെ സാരഥിയാക്കിയും, ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ മാനസപാശത്താൽ നിയന്ത്രിച്ചുകൊണ്ടും, സർവ്വാത്മാവായ ഭഗവാൻ ശ്രീവാസുദേവനിൽ ചിത്തത്തെയുറപ്പിച്ചുകൊണ്ടും ആ മഹാവ്രതത്തെ അവൾ അനുഷ്ഠിച്ചു.

കുഞ്ഞേ!, പരീക്ഷിത്തേ!, വ്രതാവസാനത്തിൽ ആദിപുരുഷനായ മഹാവിഷ്ണു മഞ്ഞപ്പട്ടുടുത്ത് നാലു് തൃക്കരങ്ങളിൽ ശംഖം, ചക്രം, ഗദ, പത്മം എന്നിവ ധരിച്ചു് അദിതിയുടെ മുന്നിൽ പ്രത്യക്ഷനായി. മുന്നിൽ സാക്ഷാത്തായി കാണപ്പെട്ട ഭഗവാനെ ദർശിച്ച് ആദരവോടെ ചാടിയെഴുന്നേറ്റ് അവൾ ഭക്തിയാൽ വിവശയായി ഭൂമിയിൽ ദണ്ഡുപോലെ വീണുനമസക്കരിച്ചു. പിന്നിടെഴുന്നേറ്റ് ഭഗവാനെ സ്തുതിക്കുവാനായി തൊഴുകൈകളോടെ ആ തിരുമുമ്പിൽ നിന്നു. അവളുടെ കണ്ണുകൾ സന്തോഷാശ്രുക്കളെക്കൊണ്ടുനിറഞ്ഞിരുന്നു. തന്തിരുവടിയെ മുന്നിൽക്കണ്ട അവളുടെ ശരീരം രോമാഞ്ചമുതിർന്നു് വിറക്കുവാൻ തുടങ്ങി. ആയതിനാൽ അവൾക്കൊന്നുംതന്നെ ഉരിയാടാൻ കഴിഞ്ഞില്ല. അല്ലയോ കൂരൂത്തമാ!, അല്പസമയത്തിനുശേഷം, ഭക്തിപാരവശ്യത്താൽ ഇടറുന്ന വാക്കുകൾകൊണ്ട് അവൾ ഭഗവാനെ കീർത്തിച്ചു. രമാപതിയും ജഗദ്പതിയും യജ്ഞപതിയുമായ ഭഗവാനെ അവൾ നോക്കുന്നതുകണ്ടാൽ, നേത്രത്താൽ ആ കാരുണ്യമൂർത്തിയെ പാനം ചെയ്യുകയാണോ എന്ന് തോന്നിപ്പോകുമായിരുന്നു.

അദിതി സ്തുതിച്ചു: അല്ലയോ യജ്ഞേശാ!, യജ്ഞസ്വരൂപാ!, ഹേ അച്യുതാ!, ഹേ തീർത്ഥപാദാ!, കേൾവിയിൽത്തന്നെ മംഗളമരുളുന്ന നാമങ്ങളുള്ളവനേ!, ശരണാഗതന്മാരായ ഭക്തന്മാരുടെ ദുരിതത്തെ ഇല്ലാതാക്കുവനായി അവതാരം കൊള്ളുന്നവനേ!, അല്ലയോ ഈശ്വരാ!, ആദ്യാ!, ഭഗവാനേ!, അനാഥബന്ധുവായ അവിടുന്ന് ഞങ്ങൾക്ക് നന്മയരുളേണമേ!. വിശ്വമൂർത്തിയായവനും, സൃഷ്ടിസ്ഥിതിലയങ്ങൾക്ക് കാരണഭൂതനായവനും, സ്വയം തന്റെ മായാഗുണങ്ങളെ സ്വീകരിച്ചവതരിക്കുന്നവനായവനും, സ്വസ്ഥനായവനും, ആനന്ദസ്വരൂപനായവനും, എന്നെന്നും ശക്തിമത്തായവനും, പൂർണ്ണബോധത്താൽ അജ്ഞാനാന്തകാരത്തെ അകറ്റുന്നവനും, സംസാരദുഃഖത്തെ ഇല്ലാതാക്കുന്നവനുമായ തന്തിരുവടിയ്ക്ക് നമസ്ക്കാരം!. ഹേ അനന്തമൂർത്തേ!, അങ്ങയുടെ പ്രീതിയാൽ, ആയുസ്സും, ശരീരവും, സർവ്വൈശ്വര്യങ്ങളും, സ്വർഗ്ഗവും, ഭൂമിയും, പാതാളവും, യോഗസിദ്ധികളും, ധർമ്മാർത്ഥകാമങ്ങളും കേവലജ്ഞാനവും ഭക്തിയോടെ അർത്ഥിക്കുന്നവർക്ക് വന്നുഭവിക്കുന്നു. അങ്ങനെയെങ്കിൽ, ശത്രുവിജയം പോലുള്ള മറ്റുള്ള ആഗ്രഹങ്ങളേക്കുറിച്ച് പറയുവാനുണ്ടോ?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ അദിതിയാൽ സ്തുതിക്കപ്പെട്ടപ്പോൾ ഭഗവാൻ അവളോട് ഇപ്രകാരം അരുളിച്ചെയ്തു: അല്ലയോ ദേവമാതാവേ!, ദീർഘകാലമായി ഭവതി മനസ്സിൽ കൊണ്ടുനടക്കുന്ന, ആ ആഗ്രഹത്തെ ഞാനറിയുന്നുണ്ടു. ശത്രുക്കൾ ദേവിയുടെ സർവ്വൈശ്വര്യങ്ങളേയും അപഹരിച്ചതും, പുത്രന്മാരെ സ്വസ്ഥാനത്തുനിന്നും ഭ്രഷ്ടരാക്കിയതുമായുള്ള സകല വൃത്താന്തങ്ങളും എനിക്കറിവുള്ളതാണു. ദുർമ്മതികളായ ആ അസുരന്മാരെ യുദ്ധത്തിൽ തോല്പിച്ച് നഷ്ടപ്പെട്ട ഐശ്വര്യങ്ങളോടും പുത്രന്മാരോടുമൊത്ത് സൌഖ്യമായി കഴിയുവാൻ ഭവതി ആഗ്രഹിക്കുന്നു. ഇന്ദ്രാദിദേവകളാൽ യുദ്ധത്തിൽ മരണമടഞ്ഞ അസുരന്മാരുടെ ഭാര്യമാർ കരഞ്ഞുനെഞ്ചത്തടിക്കുന്ന കാഴ്ച ഭവതിയ്ക്ക് അടുത്തിനിന്നു കാണണമെന്നുണ്ടല്ലേ?.  നഷ്ടപ്പെട്ട ഐശ്വര്യത്തേയും സമ്പദ്സ‌മൃദ്ധിയേയും തിരിച്ചുപിടിച്ച് സ്വപുത്രന്മാർ സ്വർഗ്ഗലോകത്തെ അനുഭവിക്കുന്നതു കാണുവാൻ ഭവതി വല്ലാതെ ഇച്ഛിക്കുന്നു.

അല്ലയോ ദേവമാതാവേ!, ഇപ്പോൾ ആ അസുരന്മാരെ വകവരുത്തുവാൻ സാധ്യമല്ല. കാരണം, അവർ കാലത്താലും ബ്രാഹ്മണരാലും സുരക്ഷിതരാണു. ആയതിനാൽ അവരോടിപ്പോൾ യുദ്ധത്തിനൊരുങ്ങുന്നത് ഉചിതമല്ല. എങ്കിലും, ദേവീ!, ഭവതി അനുഷ്ഠിച്ച ഈ വ്രതത്താൽ സന്തുഷ്ടനായ എനിക്ക് അവിടുത്തെ ആഗ്രഹപൂർത്തിക്കുള്ള ഒരു വഴി കണ്ടേ മതിയാകൂ. ശ്രദ്ധയോടും ഭക്തിയോടും ഭവതി എന്നെ പൂജിച്ചത് ഒരിക്കലും വൃഥാവിലായിക്കൂടാ. പുത്രരക്ഷാർത്ഥം ഭവതിയനുഷ്ഠിച്ച ഈ പയോവ്രതത്താൽ ഞാൻ പ്രാസാദിച്ചിരിക്കുന്നു. കശ്യപന്റെ തപസ്സിന്റെ വീര്യത്താൽ സ്വാംശേന ഞാൻ അവിടുത്തെ പുത്രനായി ഭവിച്ച് ഭവതിയുടെ എല്ലാ പുത്രന്മാരേയും രക്ഷിച്ചുകൊള്ളാം. ഭദ്രേ!, ഞാൻ കശ്യപനിൽ കുടികൊള്ളുന്നതായി ഭാവിച്ച് അവിടുത്തെ ഭർത്താവായ അദ്ദേഹത്തെ സേവിച്ചുകൊള്ളുക. ദേവീ!, ഈ വൃത്താന്തത്തെ മറ്റൊരാൾ, ചോദിച്ചാൽ കൂടിയും, പറഞ്ഞറിയിക്കരുതു. കാരണം, ദൈവീകരഹസ്യം നിഗൂഢമായിരുന്നാലേ ഫലം സിദ്ധിക്കുകയുള്ളൂ.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇത്രയും പറഞ്ഞ് ഭഗവാൻ അവിടെനിന്നും മറഞ്ഞരുളി. അദിതിയാകട്ടെ, അത്യന്തം ദുർല്ലഭമായ ഭഗവദവതാരം തന്നിൽ ഭവിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സന്തുഷ്ടയായി ഭർത്താവായ കശ്യപനെ സേവിക്കുവാൻ തുടങ്ങി. ശ്രീഹരിയുടെ അംശം തന്റെയുള്ളിൽ പ്രവിഷ്ടമായതിനെ കശ്യപപ്രജാപതിയ്ക്ക് തന്റെ ഉൾക്കണ്ണാലറിയാൻ കഴിഞ്ഞു. അല്ലയോ രാജൻ!, ഏറെ കാലത്തെ തപോനിഷ്ഠയാൽ തന്നുള്ളിൽ സംഭരിച്ചുവച്ചിരുന്ന വീര്യത്തെ കശ്യപൻ, വായു മരത്തടിയിൽ അഗ്നിയെ എന്നതുപോലെ, അദിതീദേവിയിൽ ആധാനം ചെയ്തു. അദിതിയുടെ ഗർഭത്തിൽ ഭഗവദംശം പ്രവേശിച്ചതിനെ കണ്ടറിഞ്ഞ ബ്രഹ്മദേവൻ നിഗൂഢമായ തിരുനാമങ്ങൾകൊണ്ട് ഭഗവാനെ പ്രകീർത്തിച്ചു.

ബ്രഹ്മസ്തുതി: കീർത്തനീയനായ ഭഗവാനേ!, ഉരുക്രമനായ അവിടുത്തേയ്ക്ക് നമസ്ക്കാരം!. വേദങ്ങൾക്കും വേദജ്ഞന്മാർക്കും നാഥനായ ദേവാ!, സത്വം ആദിയായ ത്രിഗുണങ്ങൾക്കീശ്വരനായ അങ്ങേയ്ക്ക് നമസ്ക്കാരം!. പൃശ്നിയുടെ പുത്രനായി പിറന്നവനും, വേദങ്ങളെ ഉള്ളിൽ ധരിച്ചിരിക്കുന്നവനും, ജ്ഞാനസ്വരൂപനും, മൂന്നുലോകങ്ങളേയും തന്റെ നാഭിയിൽ ധരിച്ചിരിക്കുന്നവനും, ത്രിലോകങ്ങൾക്കും അതീതനായവനും, സർവ്വഭൂതങ്ങൾക്കുള്ളിലും അന്തര്യാമിയായി കുടികൊള്ളുന്നവനും, വിശ്വവ്യാപിയായി വർത്തിക്കുന്നവനുമായ നിന്തിരുവടിയ്ക്ക് നമോവാകം!. ഈ പ്രപഞ്ചത്തിന്റെ ആദിമധ്യാന്തങ്ങളായി വർത്തിക്കയാൽ അങ്ങയെ അനന്തശക്തിയോടുകൂടിയ മഹാപുരുഷനായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഈശ്വരാ!, ഊക്കോടെയുള്ള ജലപ്രവാഹത്തിൽ പെട്ടുപോകുന്ന പുൽക്കൊടികളെ എന്നതുപോലെ, കാലസ്വരൂപനായ അങ്ങ് ഈ വിശ്വത്തെ എങ്ങോട്ടേയ്ക്കൊക്കെയോ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. അല്ലയോ ദേവാ!, സ്ഥാവരജംഗമങ്ങൾക്കും ജീവഭൂതങ്ങൾക്കും പ്രജാപതിമാർക്കുംതന്നെ പരമകാരണനായ അങ്ങുന്നുതന്നെയാണു്, വെള്ളത്തിലാണ്ടുപോകുന്നവന് വഞ്ചിയെന്നതുപോലെ, സ്വർഗ്ഗത്തിൽനിന്നും ഭ്രഷ്ടരായ ഈ ദേവന്മാർക്ക് ഏകാശ്രയം.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനേഴാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Lord Hari appears in front of Aditi

8.16 കശ്യപൻ അദിതിയ്ക്ക് പയോവ്രതോപദേശം നൽക്കുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 16
(കശ്യപൻ അദിതിയ്ക്ക് പയോവ്രതോപദേശം നൽക്കുന്നതു.)


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്തുമഹാരാജാവേ!, തങ്ങൾക്കു് വന്നുഭവിച്ച കഷ്ടകാലത്തിൽ ദേവന്മാർ ദേവലോകത്തെ ഉപേക്ഷിച്ച് ഒളിവിൽ പോയി എന്ന് ഞാൻ പറഞ്ഞുവല്ലോ!. ദൈത്യന്മാർ ദേവലോകം പിടച്ചടക്കുകയും ദേവന്മാരെ കാണാതാകുകയും ചെയ്തപ്പോൾ ദേവമാതാവാഅദിതി ഒരനാഥയെപ്പോലെ ദുഃഖത്തിലാണ്ടുപോയി. അങ്ങനെയിരിക്കെ, കശ്യപമുനി ദീർഘകാലമായി അനുഷ്ഠിച്ചുവരികയായിരുന്ന തന്റെ സാമാധിയിൽനിന്നു് വിരമിച്ചതിനുശേഷം, ഒരിക്കൽ അദിതിയുടെ ഭവനത്തിലേക്ക് വരികയുണ്ടായി. അല്ലയോ കുരൂദ്വഹാ! അദിതി അദ്ദേഹത്തെ യഥാവിധി സ്വീകരിച്ചിരുത്തി. അവളുടെ മുഖത്തെ ദീനഭാവം ശ്രദ്ധിച്ചുകൊണ്ട്  കശ്യപൻ ചോദിച്ചു: ഭദ്രേ!, എന്താണു് നിന്റെ മുഖം വാടിയിരിക്കുന്നതു?. വിപ്രന്മാർക്കാർക്കും ഇവിടെ അഭദ്രമൊന്നും സംഭവിച്ചിട്ടില്ലല്ലോ അല്ലേ?. അഥവാ ധർമ്മത്തിനെന്തെങ്കിലും കോട്ടം സംഭവിച്ചോ?. മർത്ത്യന്മാർക്കും ഇവിടെ സുഖംതന്നെയല്ലേ?.

ദേവീ!, ഗൃഹസ്ഥാശ്രമവൃത്തികളിലൂടെ ഒരുവനു് യോഗഫലംതന്നെ സിദ്ധിക്കുന്നു. ഹേ കുടുംബിനീ!, അങ്ങനെ വിധിപ്രകാരം നീയനുഷ്ഠിക്കുന്ന ഗൃഹസ്ഥാശ്രമവൃത്തികളിൽ ധർമ്മത്തിനോ അർത്ഥത്തിനോ കാമത്തിനോ എന്തെങ്കിലുംതന്നെ കുറവു് സംഭവിച്ചിട്ടുണ്ടോ?. അഥവാ, കുടുംബകാര്യങ്ങളെ കൂടുതൽ ശ്രദ്ധിക്കുന്നതിനിടയിൽ എപ്പോഴെങ്കിലും അതിഥികൾ വന്ന സമയം അവരെ വേണ്ടവിധം നിന്നാൽ ആദരിക്കപ്പെടാതെ അവർ വീട്ടിൽനിന്നും ഇറങ്ങിപ്പോകുകയോ മറ്റോ സംഭവിച്ചിരുന്നോ?. കാരണം, ഏതൊരു വീട്ടിൽനിന്നാണോ, അതിഥികൾ ദാഹജലം പോലും കിട്ടാതെ തിരിച്ചുപോകേണ്ടിവരുന്നത്, ആ ഗൃഹം കുറുനരിയുടെ മാളത്തിനു് തുല്യമാണു. അല്ലയോ സാധ്വീമണി!, ഞാൻ വീട്ടിലില്ലാത്തതിനാലുള്ള ഉത്കണ്ഠയോടുകൂടി സമയാസമയങ്ങളിൽ അഗ്നിയിൽ ഹവിസ്സുകൾ ഹോമിക്കപ്പെട്ടില്ലെന്നുണ്ടോ?. എന്തെന്നാൽ, അഗ്നിയെ ആരാധിക്കുന്നതിലൂടെ മനുഷ്യൻ സർവ്വാഭീഷ്ടങ്ങളും സാധിച്ച് പുണ്യലോകങ്ങളിലെത്തിച്ചേരുന്നു. ബ്രാഹ്മണനും അഗ്നിയും സർവ്വദേവാത്മനായ ഭഗവാന്റെ തിരുമുഖംതന്നെയാണു. അല്ലയോ മനസ്വിനീ!, നിന്റെ പുത്രന്മാർക്കെല്ലാം സുഖംതന്നെയാണല്ലോ! അല്ലേ?. എന്തോ! നിന്റെ മുഖം കണ്ടിട്ട് അല്പംപോലും സ്വസ്ഥതയില്ലാത്തതുപോലെ എനിക്ക് തോന്നുകയാണു.

രാജൻ!, ഇങ്ങനെ ഉത്കണ്ഠയോടെ കശ്യപൻ ഓരോന്നു് ചോദിച്ചുകൊണ്ടിരിക്കെ അദിതി പറഞ്ഞു: അല്ലയോ ബ്രഹ്മജ്ഞ!, ബ്രാഹ്മണർക്കും പശുക്കൾക്കും ധർമ്മത്തിനും എനിക്കും ക്ഷേമം തന്നെയാണു. ഹേ സ്വാമിൻ!, ഈ വീട്ടിൽ ധർമ്മാർത്ഥകാമങ്ങൾക്ക് യാതൊരു കുറവും വന്നിട്ടില്ല. അങ്ങയുടെ ധ്യാനംകൊണ്ട് അഗ്നിയും ഭൃത്യന്മാരും ഭിക്ഷുക്കളും അർത്ഥികളുമെല്ലാം ഹാനിയില്ലാതെതന്നെയിരിക്കുന്നു. അല്ലയോ ഭഗവൻ!, സർവ്വജ്ഞനും പ്രജാപതിയുമായ അങ്ങ് സർവ്വധർമ്മങ്ങളേയും എനിക്ക് സമയാസമയങ്ങളിൽ വേണ്ടവണ്ണം ഉപദേശിച്ചുതരുമ്പോൾ ഈയുള്ളവളുടെ മനസ്സിന്റെ ഏതഭിലാഷമാണു് സാധ്യമാകാത്തതു?. ഹേ മാരീച!, ത്രിഗുണങ്ങളോടുകൂടിയ ഈ പ്രജകളെല്ലാംതന്നെ അങ്ങയുടെ മനസ്സിൽനിന്നോ ശരീരത്തിൽനിന്നോ ഉണ്ടായവർ തന്നെ. ആയതിനാൽ അങ്ങേയ്ക്ക് ദേവന്മാരിലോ അസുരന്മാരിലോ ഭേദഭാവന ഇല്ല. എന്നാൽ, ഒന്നു മനസ്സിലാക്കുക!. ഭഗവാൻ ശ്രീഹരിപോലും തന്റെ ഭക്തന്മാരോടു് കൂറുള്ളവനാണു. അതുകൊണ്ട്, ഹേ നാഥാ!,  അങ്ങയെ മാത്രം ഭജിച്ചുകൊണ്ടിരിക്കുന്ന എന്റെ ശ്രേയസ്സിനെക്കുറിച്ച് ചിന്തിച്ചാലും!. ശത്രുക്കൾ ഞങ്ങളുടെ ഐശ്വര്യവും വാസസ്ഥലവും അപഹരിച്ചിരിക്കുകയാണു. ഞങ്ങളെ രക്ഷിച്ചാലും!. അവരാൽ ആട്ടിയോടിക്കപ്പെട്ട ഞാൻ ഇന്ന് അതീവ ദുഃഖിതയാണു. പ്രബലന്മാരായ ദൈത്യന്മാർ എന്റെ ഐശ്വര്യവും സമ്പത്തും കീർത്തിയും പദവിയുമെല്ലാം അപഹരിച്ചിരിക്കുന്നു. ഹേ സാധോ!, എന്റെ പുത്രന്മാർക്ക് കൈവിട്ടുപോയ സകലൈശ്വര്യങ്ങളേയും വീണ്ടെടുക്കുവാൻവിധം അവരെ അനുഗ്രഹിച്ചാലും!.

ശ്രീശുകൻ പറഞ്ഞു: രാജൻ!, അദിതിദേവിയുടെ പ്രാർത്ഥന കേട്ട കശ്യപൻ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഭഗവന്മായ അത്യാശ്ചര്യകരം തന്നെ!. ഈ ലോകം സ്നേഹമാകുന്ന പാശത്താൽ കെട്ടിവരിഞ്ഞുകിടക്കുകയാണു. ദേവീ!, പഞ്ചഭൂതാത്മകമായതും ജഡസ്വരൂപമായതുമായ ഈ ദേഹമെവിടെ!; പ്രകൃതിക്കതീതമായ ആത്മതത്വമെവിടെ!. ഇവിടെ ആർക്ക് ആരാണു് ഭർത്താവും പുത്രരുമൊക്കെയായിട്ടിരിക്കുന്നതു?. ഇങ്ങനെയുള്ള തോന്നലുകൾക്കൊക്കെ ഏകകാരണം മനസ്സിന്റെ ഭ്രമമാണു്. ദേവീ!, പരമപുരുഷനും ജനാർദ്ദനനും സർവ്വഭൂതങ്ങളുടേയും ഈശ്വരാനായി അവയുടെ ഉള്ളിൽ വസിക്കുന്നവനും ജഗത്തിനു് ഏകഗുരുവുമായ ഭഗവാൻ ശ്രീവാസുദേവനെ ഭജിക്കുക!. ദീനാനുകമ്പയുള്ള അവൻ നിന്റെ ആഗ്രഹങ്ങളെ സാധിച്ചുതരും. മറ്റുള്ളവയെപ്പോലെ ഭഗവദ്ഭക്തി ഒരിക്കലും വൃഥാവിലാകുകയില്ലെന്നാണു് എന്റെ അഭിപ്രായം.

അദിതി പറഞ്ഞു: ഹേ ബ്രഹ്മൻ!, ഞാൻ എങ്ങനെയാണു് ഭഗവാനെ ഉപാസിക്കേണ്ടതു?. ഏത് വിധിപ്രകാരം ഉപാസിച്ചാലാണു് തന്തിരുവടി എന്റെ മനോരഥം സാധിതമാക്കുന്നതു?. അല്ലയോ ബ്രാഹ്മണോത്തമാ!, ആർത്തരായ ഞങ്ങളിൽ അവന്റെ പ്രസാദമുണ്ടാകുവാൻ ഏതുവിധത്തിലുള്ള ഉപാസനയാണു് ചെയ്യേണ്ടതു?. അങ്ങനെയുള്ള അനുഷ്ഠാനവിധിയെക്കുറിച്ച് അങ്ങ് ഞങ്ങൾക്ക് പറഞ്ഞുതരിക!.

കശ്യപൻ പറഞ്ഞു: അല്ലയോ ദേവീ!, സന്താനദാഹിയായിരുന്ന എനിക്ക് വിഷ്ണുപ്രീതിക്കുവേണ്ടി ബ്രഹ്മദേവൻ ഉപദേശിച്ചുതന്ന ഒരു വ്രതത്തെക്കുറിച്ച് ഞാൻ നിനക്ക് പറഞ്ഞുതരാം. ഭവതി ഫാൽഗുനമാസത്തിലെ വെളുത്ത പക്ഷത്തിൽ പാൽ മാത്രം ആഹരിച്ചുകൊണ്ട് പരമമായ ഭക്തിയോടുകൂടി പന്ത്രണ്ടുദിവസം ഭഗവാനെ സേവിക്കുക!. അമാവാസിനാളിൽ, പറ്റുമെങ്കിൽ, സൂകരം തേറ്റയാൽ കുത്തിക്കിളച്ചിട്ട മണ്ണുകൊണ്ട് ശരീരമാസകലം ലേപനം ചെയ്തതിനുശേഷം, ഒഴുക്കുള്ള ഒരു പുഴയിൽ സ്നാനം ചെയ്യുക. ആ സമയം, ഞാൻ ഇപ്പോൾ ചൊല്ലിത്തരാൻ പോകുന്ന ഈ മന്ത്രത്തേയും ജപിക്കുക.

മന്ത്രം: ജീവരാശികളെ ധരിക്കുവാൻ ഇച്ഛിക്കുന്ന അല്ലയോ ഭൂമീദേവീ!, ആദിവരാഹമൂർത്തിയാൽ ഉദ്ധരിക്കപ്പെട്ടവളാണു് നീ. നിനക്ക് നമസ്ക്കാരം!. എന്റെ പാപങ്ങളെ നശിപ്പിച്ചാലും!.

ദേവീ!, സ്നാനാദി നിത്യകർമ്മങ്ങൾ കഴിച്ചതിനുശേഷം മനസ്സിനെ ഏകാഗ്രമാക്കി ശ്രീനാരായണനെ പൂജിക്കണം. വിഗ്രഹത്തിലോ, പീഠത്തിലോ, സൂര്യനിലോ, ജലത്തിലോ, അഗ്നിയിലോ, അഥവാ ഒരു ഗുരുവിലോ ഈശ്വരനെ കണ്ടു് പൂജിക്കാവുന്നതാണു.

സർവ്വൈശ്വര്യസത്ഗുണയുക്തനും, പരമപുരുഷനും, സർവ്വഭൂതഹൃദയങ്ങളിലും നിറഞ്ഞിരിക്കുന്നവനും, സർവ്വതിനേയും തന്റെയുള്ളിൽ വഹിക്കുന്നവനും, ശ്രീവാസുദേവനും, സർവ്വസാക്ഷിയുമായി നിലകൊള്ളുന്ന നിന്തിരുവടിയ്ക്ക് നമസ്ക്കാരം!. വ്യക്തമായും, സൂക്ഷ്മമായും, പ്രകൃതിയായും, പുരുഷനായും, ഇരുപത്തിനാലു് ഗുണങ്ങളെ അറിയുന്നവനായും, സാംഖ്യശാസ്ത്രത്തിന്റെ കാരണതത്വമായും നിലകൊള്ളുന്ന അവിടുത്തേയ്ക്ക് നമസ്ക്കാരം!. രണ്ടു് ശിരസ്സുകൾ, മൂന്നു് പാദങ്ങൾ, നാലു് കൊമ്പുകൾ, ഏഴ് കൈകൾ, എന്നിവയുള്ളവനും, കർമ്മകാണ്ഡം, ജ്ഞാനകാണ്ഡം, ഉപാസനാകാണ്ഡം എന്നീ മൂന്നു് വേദതത്വങ്ങളുടെ ആത്മാവായവനും, ഈ വേദപദ്ധതികളെ യജ്ഞങ്ങളായി പിപുലനം ചെയ്യുന്നവനുമായ ഭഗവാൻ ശ്രീഹരിക്കെന്റെ നമസ്ക്കാരം!. പ്രഭോ!, ശിവനും രുദ്രനും സകലശക്തികളുടേയും ഉറവിടമായവനും, സർവ്വവിദ്യാധിപതിയും, ചരാചരങ്ങളുടെ നായകനുമായ അങ്ങേയ്ക്കു് നമസ്ക്കാരം!. ഹിരണ്യഗർഭനായ ബ്രഹ്മദേവനായും, പ്രാണസ്വരൂപനായും, ജഗത്തിന്റെ ആത്മാവായും, യോഗസിദ്ധികളായ ഐശ്വര്യങ്ങളുടെ സ്വരൂപമായുമിരിക്കുന്ന നിന്തിരുവടിയ്ക്ക് അടിയന്റെ നമസ്ക്കാരം!. ആദിദേവനായവനും, സർവ്വസാക്ഷിയായവനും, നരനാരായണനാമത്തിൽ ഋഷിയായി അവതരിച്ച ശ്രീഹരിക്ക് നമസ്ക്കാരം!. മരതകശ്യാമവർണ്ണം പൂണ്ടവനും, അനന്തമായ ഐശ്വര്യത്തിന്റെ അധിപനും, പീതാംബരം ചുറ്റിയ മനോഹരമൂർത്തിയായ കേശവനും എന്റെ നമസ്ക്കാരം!. സർവ്വോത്തമനായ ഭഗവാനേ!, അങ്ങ് ലോകത്തിന്റെ സകല അഭീഷ്ടങ്ങളും പ്രദാനം ചെയ്യുന്നവനാണു. അതുകൊണ്ട് വിവേകികൾ സദാ ശ്രേയസ്സിനായി അവിടുത്തെ പാദധൂളികളെ ആശ്രയിക്കുന്നു. ആ പരമപുരുഷന്റെ തൃപ്പദങ്ങളുടെ സുഗന്ധത്തെ അനുഭവിച്ചുകൊണ്ടാണു് ദേവന്മാരും ശ്രീലക്ഷ്മീഭഗവതിയും വർത്തിക്കുന്നതു. അങ്ങനെയുള്ള ശ്രീഹരി എന്നിൽ കനിയുമാറാകട്ടെ!.

കശ്യപൻ തുടർന്നു: അല്ലയോ ദേവീ!, ശ്രീനാരായണനെ ഈ മന്ത്രത്താൽ ആവാഹിക്കണം. തുടർന്ന്, പാദ്യം, അർഘ്യം, ആചമനം മുതലായവയാൽ ശ്രദ്ധയോടെ അർച്ചിക്കണം. വീണ്ടും ചന്ദനം, പൂമാല എന്നിവകൊണ്ട് അവനെ അലങ്കരിക്കണം. പിന്നീട്, പാലുകൊണ്ട് അഭിഷേകം ചെയ്യണം. ശേഷം, വസ്ത്രം, പൂണുനൂൽ, ആഭരണങ്ങൾ, പാദ്യം, ആചമനം എന്നിവയാലും, ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരീമന്ത്രം കൊണ്ടും ഹരിയെ പൂജിക്കണം. കഴിയുമെങ്കിൽ, പാലും നെല്ലരിയും ശർക്കരയും നെയ്യും ചേർത്തുണ്ടാക്കിയ നൈവേദ്യം നിവേദിക്കണം. തുടർന്ന്, അത് മേൽപ്പറഞ്ഞ മൂലമന്ത്രോച്ചാരണത്തോടുകൂടി അഗ്നിയിൽ സമർപ്പിക്കുകയും വേണം. നിവേദിക്കപ്പെട്ട ആ പായസത്തെ ഒരു ഭക്തനു് പ്രസാദമായി നൽകുകയും, അല്പം സ്വയം ഭക്ഷിക്കുകയും ചെയ്യുക. വീണ്ടും ആചമനം ചെയ്തശേഷം, താംബൂലം മുതലായവ നേദിച്ചുകൊണ്ട് അവനെ ആരാധിക്കണം. മൂലമന്ത്രത്തെ പിന്നെയും നൂറ്റിയെട്ടുതവണം ജപിക്കുക. പിന്നീട്, വിവിധ സ്തോത്രങ്ങളാൽ ഭഗവാനെ സ്തുതിച്ചതിനുശേഷം, ഭൂമിയിൽ വീണു് ദണ്ഡനമസ്ക്കാരം ചെയ്യണം. അതിനുശേഷം, നിർമാല്യത്തെ ശിരസ്സിലെടുത്ത് ഭഗവാനെ ഉദ്വസിക്കുക. ശേഷം, പായസത്തോടുകൂടി കുറഞ്ഞത് രണ്ടെങ്കിലും ബ്രാഹ്മണരെ ഊട്ടേണ്ടതുണ്ടു. പിന്നീടവരിൽനിന്നും അനുവാദം വാങ്ങി, ബന്ധുമിത്രാദികളോടൊപ്പമിരുന്നു് ആഹാരം കഴിക്കാവുന്നതാണു.

ദേവീ!, പയോവ്രതമനുഷ്ഠിക്കുന്നവർ അന്നുരാത്രിയിൽ ബ്രഹ്മചാരിയായി കഴിയണം. അടുത്ത ദിവസം പുലർച്ചയിൽ കുളി കഴിഞ്ഞ് ശരീരശുദ്ധിവരുത്തി മുൻപറഞ്ഞപ്രകാരം മനസ്സിനെ ഏകാഗ്രമാക്കി ഈ വ്രതത്തിന്റെ സമാപ്തിയാകുവോളം ഭഗവ്ദ്മൂർത്തിയെ പാലുകൊണ്ട് അഭിഷേകം ചെയ്ത് ഭഗവദാരാധനം നടത്തണം. ഇങ്ങനെ പാലു് മാത്രം ഭക്ഷിച്ചും വിഷ്ണുഭഗവാനെ ആരാധിച്ചും ഈ വ്രതം അനുഷ്ഠിക്കണം. അഗ്നിയിൽ ഹോമം ചെയ്യുകയും ബ്രാഹ്മണരെ കാൽ കഴുകിച്ചൂട്ടുകയും വേണം. ഇങ്ങനെ പന്ത്രണ്ടുദിവസം ഈ വ്രതത്തെ ആചരിച്ച് ഹരിയെ ആരാധിക്കുക. ഇതുപോലെ വെളുത്ത പ്രഥമം മുതൽ വെളുത്ത ത്രയോദശിവരെ ബ്രഹ്മചര്യം, നിലത്തുകിടന്നുറങ്ങൽ, മൂന്നുനേരം കുളി മുതലായ നിയമങ്ങൾ ആചരിച്ചിരിക്കണം. സജ്ജനങ്ങളല്ലാത്തവരോട് സംഭാഷണമരുതു. നാനാതര വിഷയസുഖാനുഭവങ്ങളെ ത്യജിക്കണം. യാതൊരു ജീവിയേയും യാതൊരുവിധത്തിലും ഹിംസിക്കാതെ എപ്പോഴും ശ്രീവാസുദേവധ്യാനനിരതനായി വർത്തിക്കണം. പിന്നെ, ത്രയോദശി ദിനത്തിൽ ശാസ്ത്രവിധിപ്രകാരം ശാസ്ത്രവിശാരദന്മാരെക്കൊണ്ട് ശ്രീമഹാവിഷ്ണുവിനെ പഞ്ചാമൃതങ്ങൾകൊണ്ട് അഭിഷേകം ചെയ്യിക്കണം. ദനസമ്പാദനത്തിലുള്ള അതിമോഹം കൈവിട്ട് ആവുന്നത്ര ഭഗവാനെ പൂജിക്കണം. സർവ്വാന്തര്യാമിയും ജഗദ്വ്യാപിയുമായ ഭഗവാനുവേണ്ടി പാൽനൈവേദ്യമുണ്ടാക്കി ഭക്ത്യാ ഭഗവദ്സ്മരണയോടുകൂടി അഗ്നിയിൽ ഹോമിക്കണം. ഭഗവദ്പ്രീതിക്കായി നൈവേദ്യത്തെ സമർപ്പിക്കുകയും വേണം. ശേഷം, ജ്ഞാനിയായ ഗുരുവിനേയും ഋത്വിക്കുകളേയും വസ്ത്രങ്ങൾ, ആഭരണങ്ങൾ, പശുക്കൾ എന്നിവയെക്കൊണ്ട് തൃപ്തരാക്കണം. അതും ഭഗവാൻ ശ്രീഹരിയുടെ ആരാധനമാണെന്നറിയുക. അവരെ വിഭവസമൃദ്ധമായ ആഹാരം കൊണ്ടൂട്ടണം. അവിടെ വന്നുചേർന്നിട്ടുള്ള സകലരേയും യഥാശക്തി ഭുജിപ്പിച്ചിരിക്കണം. ഗുരുക്കന്മാർക്കും ഋത്വിക്കുകൾക്കും അർഹമായ ദക്ഷിണ നൽകി ആദരിക്കുകയും വേണം. വന്നുചേർന്നിട്ടുള്ള മറ്റു് സകലരേയും അന്നദാനാദികളിലൂടെ സന്തോഷിപ്പിക്കണം. ദീനന്മാർ, അന്ധന്മാർ, കൃപണന്മാർ എന്നിങ്ങനെ എല്ലാവരും ഭക്ഷണം കഴിച്ച് സംതൃപ്തരായതിനുശേഷം മാത്രം ഭഗവാനെ സ്മരിച്ചുകൊണ്ട് ബന്ധുക്കളോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുക.

ഭദ്രേ!, എല്ലാദിവസവും നൃത്തവാദ്യഗീതസ്തുതികളാൽ ഭഗവദാരാധനം നടത്തണം. അല്ലയോ ദേവീ!, ബ്രഹ്മദേവനാൽ ഉപദിഷ്ടമായ പയോവ്രതം എന്ന പരമമായ ഈ പുരുഷാരാധനത്തെ ഞാൻ നിനക്ക് ഉപദേശിച്ചുതന്നിരിക്കുന്നു. ഹേ ഭാഗ്യവതീ!, നീയും അതുപോലെ മനോനിയന്ത്രണത്താൽ ഭാവശുദ്ധിവരുത്തി ഈ മഹാവ്രതത്തെ യഥാവിധി ആചരിച്ചുകൊണ്ട് കേശവനെ ഭജിക്കുക. അല്ലയോ സുമംഗലേ!, ഈ വ്രതത്തെ സർവ്വയജ്ഞമെന്നും സർവ്വവ്രതമെന്നും പറയാറുണ്ടു. തപസ്സുകളുടെ സാരമായതും, സർവ്വേശ്വരന്റെ പ്രീതിയുളവാക്കുന്നതുമായ മഹായജ്ഞമാണിതു. സത്യത്തിൽ യമനിയമങ്ങൾ ഇതുതന്നെയാണു. ദേവീ!, യാതൊന്നിനാൽ അധോക്ഷജനായ ശ്രീഹരിക്ക് സന്തോഷമുണ്ടാകുമോ, അതുതന്നെയാണു് തപസ്സ്, ദാനം, യജ്ഞം, വ്രതം എന്നിവകൊണ്ടുദ്ദേശിക്കുന്നതു. അതുകൊണ്ട്, ശ്രദ്ധാഭക്തിസമന്വിതം ഈ മഹാവ്രതത്തെ നീ അനുഷ്ഠിക്കുക. തദ്വാരാ ഭഗവാൻ നിന്നിൽ സമ്പ്രീതനായി നിന്റെ സർവ്വാഭീഷ്ടങ്ങളും സാധിതമാക്കുന്നതാണു.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനാറാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Kashyapa advises Payovratha Rules to Adithi

2019, ഒക്‌ടോബർ 23, ബുധനാഴ്‌ച

8.15 മഹാബലിയുടെ പടയൊരുക്കം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 15
(മഹാബലിയുടെ പടയൊരുക്കം.)


പരീക്ഷിത്ത് മഹാരാജാവു് ചോദിച്ചു: അല്ലയോ മഹാമുനേ!, ശ്രീമഹാവിഷ്ണു എന്തിനുവേണ്ടിയായിരുന്നു ഒരു ദരിദ്രനെപ്പോലെ മഹാബലിയുടെ അടുക്കൽ ചെന്ന് മൂന്നടി മണ്ണ് യാചിച്ചതു?. ആവശ്യപ്പെട്ടത് ലഭിച്ചിട്ടും ബലിയെ എന്തിനായിരുന്നു ഭഗവാൻ ബന്ധിച്ചതു?. സർവ്വേശ്വരനായ ഹരിയുടെ യാചനത്തെക്കുറിച്ചും, അതുപോലെ നിരപരാധിയായിരുന്ന മഹാബലിയുടെ ബന്ധനത്തെക്കുറിച്ചും കേൾപ്പാൻ ഞങ്ങൾ ആഗ്രഹിക്കുകയാണു. ആയത് രണ്ടും ഞങ്ങൾക്ക് പറഞ്ഞുതന്നാലും.

അതുകേട്ട് ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: രാജാവേ!, ദേവാസുരയുദ്ധത്തിൽ തികച്ചും പരാജിതാനായ മഹാബലിയെ ശുക്രാദികൾ ചേർന്ന് പുനർജ്ജീവിപ്പിച്ച കഥ അങ്ങ് കേട്ടുവല്ലോ!. അതിനുശേഷം, അദ്ദേഹം ഭൃഗുവംശജരായ ആ ശുക്രാദികളെത്തന്നെ രക്ഷയ്ക്കായി അഭയം പ്രാപിക്കുകയുണ്ടായി. മഹാനുഭാവന്മാരായ അവർ ബലിയിൽ സമ്പ്രീതരാകുകയും, സ്വഗ്ഗലാഭത്തെ ആഗ്രഹിക്കുന്ന ബലിയെ വിധിപ്രകാരം അഭിഷേകം ചെയ്ത്, അദ്ദേഹത്തെക്കൊണ്ട് വിശ്വജിത്തെന്ന ഒരു യാഗം യജിപ്പിക്കുകയും ചെയ്തു. യാഗാഗ്നിയിൽനിന്നും തങ്കത്തകിടുകൊണ്ട് വരിഞ്ഞുകെട്ടിയ ഒരു രഥവും, ഇന്ദ്രാശ്വങ്ങളെപ്പോലുള്ള കുതിരകളും, ധ്വജവും, വില്ലും, അമ്പൊഴിയാത്ത രണ്ട് ആവനാഴികളും, പടച്ചട്ടയും പ്രത്യക്ഷമായി. പിതാമഹനായ പ്രഹ്ലാദൻ വാടാമലരുകൾ കോർത്തിണക്കിയ ഒരു മാല്യവും, ശുക്രഗുരു ഒരു ശംഖിനേയും പ്രദാനം ചെയ്തു. ഇങ്ങനെ യുദ്ധത്തിനുള്ള സകലതും ആ ബ്രാഹ്മണർ ബലിക്ക് നൽകി. അവരുടെ ആശീർവചനങ്ങളാൽ അനുഗ്രഹീതനായ മഹാബലി ആ ബ്രാഹ്മണരെ പ്രദക്ഷിണം വച്ച് നമസ്ക്കരിച്ചുകൊണ്ട് പ്രഹ്ലാദനോടു് അനുജ്ഞയും വാങ്ങി.

പൂമാലയെടുത്തണിഞ്ഞ്, പടച്ചട്ട ധരിച്ച്, വാളും അമ്പും വില്ലുമേന്തി, സർവ്വാഭരണവിഭൂഷിതനായി യുദ്ധത്തിനു് തയ്യാറായിക്കൊണ്ട് മഹാബലി രഥത്തിലേറി യാഗാഗ്നിയെപ്പോലെ ജ്വലിച്ചുനിന്നു. തനിക്കുതുല്യം കരുത്തും ഐശ്വര്യവും സൌന്ദര്യവും ചേർന്നവരായ തന്റെ യോദ്ധാക്കളോടൊപ്പം മഹാബലി യുദ്ധത്തിനായി അണിനിരന്നു. ആ നില്പു് കണ്ടാൽ അവർ ആകാശത്തെ വിഴുങ്ങുകയും ദിക്കുകളെ തങ്ങളുടെ നോട്ടത്താൽ ദഹിപ്പിക്കുകയും ചെയ്യുമെന്ന് തോന്നിപ്പോകുമായിരുന്നു. അവരോടൊപ്പം മഹാബലി മണ്ണിനേയും വിണ്ണിനേയും കിടിലം കൊള്ളിച്ചുകൊണ്ട് ഇന്ദ്രന്റെ രാജധാനിയിലേക്ക് പുറപ്പെട്ടു.

രാജൻ!, ഇന്ദ്രപുരി നന്ദനവനം പോലെയുള്ള ഉദ്യാനങ്ങളെക്കൊണ്ട് നിറഞ്ഞതായിരുന്നു. പൂക്കളുടേയും ഫലങ്ങളുടേയും ഇലകളുടേയും ഭാരത്താൽ വൃക്ഷങ്ങൾ തലകുനിച്ചുനിന്നു. അവിടമാകെ പക്ഷികളുടെ കൂജനങ്ങളാലും വണ്ടുകളുടെ മുരൾച്ചയാലും മുഖരിതമായിരുന്നു. എല്ലാംകൊണ്ടും സ്വർഗ്ഗീയാനുഭൂതിയുളവാക്കുന്ന അന്തരീക്ഷം. താമരക്കുളങ്ങളും അരയന്നങ്ങളും വെള്ളില്പറവകളും ചക്രവാഗങ്ങളും താറാവുകളുമുള്ള ഉദ്യാനത്തിൽ അപ്സരസ്സുകൾ ദേവന്മാരാൽ പരിലാളിതരായി ക്രീഡിച്ചുകൊണ്ടിരുന്നു. ആ പുരം അഗ്നിയുടെ വർണ്ണത്തിലുള്ള കോട്ടമതിൽകെട്ടിനാലും. കൊത്തളങ്ങളാലും. അതുപോലെ. ആകാശഗംഗയാകുന്ന കിടങ്ങുകളാലും ചുറ്റപ്പെട്ടതുമായിരുന്നു. ഓരോ കതകുകളും പൊൻപട്ടകൊണ്ട് പൊതിഞ്ഞിരുന്നു. സ്ഫടികമയങ്ങളായ ഗോപുരങ്ങൾ. പല രാജവീഥികളും വന്ന് ആ ഗോപുരത്തോടുചേർന്നിരിക്കുന്നു. ഇന്ദ്രപുരി പൂർണ്ണമായും വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ടതാണു. ഇന്ദ്രനഗരം അനേകം ക്രീഡാങ്കണങ്ങളും വിശാലമായ വീഥികളും സഭാഭവനങ്ങളും കോടിക്കണക്കിന് വിമാനങ്ങളും കൊണ്ടുനിറഞ്ഞതായിരുന്നു. നാൽകവലകളിൽ രത്നങ്ങൾ പതിപ്പിച്ചിരുന്നു. ഇടയ്ക്കിടെ വജ്രം കൊണ്ടും പവിഴം കൊണ്ടും നിർമ്മിച്ച മണ്ഡപങ്ങളും കാണാമായിരുന്നു.

രാജാവേ!, നിർമ്മലമായ വസ്ത്രങ്ങൾ ധരിച്ചവരും സർവ്വാഭരണവിഭൂഷിതരും ശാശ്വതമായ താരുണ്യലാവണ്യങ്ങളോടുകൂടിയവരും മോഹനാംഗികളുമായ ദേവസ്ത്രീകൾ ജ്വാലാമാലകളോടുകൂടിയ അഗ്നിശകലങ്ങളെന്നതുപോലെ ഇന്ദ്രന്റെ പുരിയെ പ്രകാശിപ്പിച്ചു. ആ സുരസ്ത്രീകളുടെ കേശഭാരത്തിൽനിന്നും കൊഴിഞ്ഞുവീഴുന്ന പൂക്കളുടെ നറുമണവും പേറി മന്ദമാരുതൻ വഴികൾതോറും ഒഴുകിനടന്നു. സ്വർണ്ണമയങ്ങളായ ജനാലകളിലൂടെ പുറത്തേക്കൊഴുകുന്ന അകിലിന്റെ മണമുള്ള വെളുത്ത പുകയാൽ ചുറ്റപ്പെട്ട വഴികളിലൂടെ ആ അപ്സരസ്സുകൾ നടന്നു. മുത്തുതൊങ്ങലിട്ട വിതാനങ്ങളാലും, മണികൾ കെട്ടിയ ധ്വജങ്ങളാലും മട്ടുപ്പാവുകളിൽ പറന്നുകളിക്കുന്ന പതാകകളാലും അലംകൃതമായിരുന്നു ആ നഗരം. മയിലുകളുടെയും പ്രാവുകളുടേയും വണ്ടുകളുടേയും ശബ്ദങ്ങളാൽ മുഖരിതമായ അന്തരീക്ഷം. മാളികകളിലിരുന്നുകൊണ്ട് സ്ത്രീകൾ മംഗളഗാനങ്ങൾ പാടുന്നുണ്ടായിരുന്നു. മൃദഗം, ശംഖു്, ഭേരി എന്നീ വാദ്യങ്ങളുടെ താളങ്ങൾക്കൊത്ത് വീണ, മുരജം, ഋഷ്ടി, വേണു തുടങ്ങിയ വാദ്യങ്ങൾ മുഴങ്ങുകയും, അവയ്ക്കൊത്ത് ഗന്ധർവ്വാദികൾ പാടുകയും ചെയ്തു. ഇങ്ങനെ സ്വപ്രഭയാൽ മനോമോഹിതമായ ആ നഗരം സാക്ഷാത് പ്രഭയുടെ മൂർത്തീഭാവത്തെതന്നെ തോൽ‌പ്പിച്ചുകളഞ്ഞു. അധർമ്മികളും, ദുഷ്ടന്മാരും, ഭൂതദ്രോഹികളും, ദുർവൃത്തന്മാരും, അഹങ്കാരികളും, സ്ത്രീലമ്പടന്മാരും മറ്റും ഒരിക്കലും അവിടേയ്ക്കണഞ്ഞിരുന്നില്ല. എന്നാൽ, ഇവയോടൊകന്നുനിന്നവർ സദാ ആ നഗരത്തെ ആസ്വദിച്ചുകൊണ്ടിരുന്നു. മഹാബലി തന്റെ സൈന്യത്താൽ ഇന്ദ്രപുരിയെ നാനാഭാഗത്തുനിന്നും ആരും അതിക്രമിച്ചുകടക്കാതെ തടഞ്ഞുവച്ചു.

രാജൻ!, പെട്ടെന്ന്, ഇന്ദ്രപത്നിമാരുടെ ഹൃദയങ്ങളിൽ ഭീതി ജനിപ്പിച്ചുകൊണ്ട് മഹാബലി ശുക്രാചാര്യരാൽ ദത്തമായ തന്റെ ശംഖത്തെ ഉച്ചത്തിൽ ഊതി. മഹാബലിയുടെ ആ പടയൊരുക്കത്തെ കണ്ടറിഞ്ഞ ദേവേന്ദ്രൻ ദേവഗുരുവായ ബൃഹസ്പതിയെ സമീച്ചുകൊണ്ട് പറഞ്ഞു: ഗുരോ!, നമ്മുടെ പൂർവ്വവൈരിയായ മഹാബലി വല്ലാതെ പടയൊരുക്കം കൂട്ടുകയാണു. അതിനെ ചെറുക്കുവാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഏതൊരു ശക്തിയാലാണവൻ ഇത്രയും ഊർജ്ജിതനായി ഭവിച്ചതു?. ഇവനെ ആർക്കും യാതൊരുവിധത്തിലും തോൽ‌പ്പിക്കുവാൻ സാധിക്കുകയില്ല. വായയാൽ ഈ ലോകത്തെ കുടിക്കുന്നതുപോലെയും, നാക്കിനാൽ പത്തുദിക്കുകളേയും നക്കിത്തുടയ്ക്കുന്നതുപോലെയും, കണ്ണുകളാൽ ദിക്കുകളെ ദഹിപ്പിക്കുന്നതുപോലെയും ഭാവിച്ചുകൊണ്ട്, ഒരു പ്രളയാഗ്നിപോലെ അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു. എന്റെ ശത്രുവായ ഇവൻ ഇങ്ങനെ അജയ്യനാകാനുള്ള കാരണമെന്തെന്നരുളിച്ചെയ്യുക. മാനസേന്ദ്രിയങ്ങളുടെ ഈ കരുത്തു് ഇവനെവിടെനിന്നുണ്ടായി.

ബൃഹസ്പതി പറഞ്ഞു: അല്ലയോ ദേവേന്ദ്രാ!, ബലിയുടെ ഈവിധമുള്ള ഉയർച്ചയുടെ കാരണം ഞാനറിയുന്നു. വേദജ്ഞരായ ശുക്രാദികളുടെ ശിഷ്യത്വം സ്വീകരിച്ച് ഇവൻ അവരിൽനിന്നും വേണ്ടത്ര തേജസ്സിനെ ഉൾക്കൊണ്ടിരിക്കുന്നു. ഹേ ഇന്ദ്രാ!, ഭഗവാൻ ശ്രീഹരിക്കൊഴികെ അങ്ങേയ്ക്കോ മറ്റാർക്കുംതന്നെയോ ഇവന്റെ മുന്നിൽ നിൽക്കുവാൻ സാധിക്കുകയില്ല. അങ്ങനെ ചെയ്താൽ അത് പ്രാണികൾ കാലന്റെ മുന്നിൽ നിൽക്കുന്നതുപോലെയാകും. അതുകൊണ്ട്, ഇവന് പ്രതികൂലമായി സംഭവിക്കുന്ന ആ കാലത്തെ പ്രതീക്ഷിച്ചുകൊണ്ട്, നിങ്ങളെല്ലാവരും സ്വർഗ്ഗലോകത്തെ ഉപേക്ഷിച്ച് ഒളിവിൽ പോകുക. ഈ സമയം ബ്രാഹ്മണരുടെ അനുഗ്രഹത്താൽ ബലിഷ്ഠനായിരിക്കുന്ന ഇവൻ മറ്റൊരുകാലത്ത് അവരുടെതന്നെ തിരസ്ക്കാരത്താൽ കൂട്ടത്തോടെ നശിച്ചുപോകുന്നതാ‍ണു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ബൃഹസ്പതിയുടെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് ദേവന്മാർ സ്വർഗ്ഗലോകത്തെ പരിത്യജിച്ച് ഒഴിഞ്ഞുപോയി. ദേവന്മാരുടെ അഭാവത്തിൽ മഹാബലി ഇന്ദ്രപുരിയിലിരുന്നുകൊണ്ട് മൂലോകങ്ങളേയും തന്റെ അധീനതയിലാക്കി. ശിഷ്യവാത്സല്യമുള്ള ശുക്രാദികൾ വിശ്വവിജയിയായ മഹാബലിയെക്കൊണ്ട് നൂറു് അശ്വമേധയാഗങ്ങൾ ചെയ്യിപ്പിച്ചു. ആ യജ്ഞങ്ങളുടെ പ്രഭാവത്താൽ മഹാബലി  തന്റെ യശസ്സിനെ മൂന്ന് ലോകങ്ങളിലും വ്യാപിപ്പിച്ചുകൊണ്ട് ചന്ദ്രനെപ്പോലെ വിളങ്ങി. അങ്ങനെ, മഹാമനസ്കനായ മഹാബലി ബ്രാഹ്മണാനുഗ്രഹത്താൽ ലഭ്യമായ ആ ഐശ്വര്യത്തെ അനുഭവിച്ചുകൊണ്ട് അക്കാലം സംതൃപ്തിയോടെ ജീവിച്ചുപോന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Mahabali gets ready for war