2026 ജനുവരി 13, ചൊവ്വാഴ്ച

10:41 ശ്രീകൃഷ്ണനും ബലരാമനും മഥുരയിലേക്ക് പ്രവേശിക്കുന്നു

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 41

ശ്രീകൃഷ്ണനും ബലരാമനും മഥുരയിലേക്ക് പ്രവേശിക്കുന്നു


ശുകദേവൻ പറഞ്ഞു: രാജാവേ!, അക്രൂരൻ പ്രാർത്ഥിച്ചുകൊണ്ടുനിൽക്കേ, ഒരു നടൻ തന്റെ പ്രകടനം അവസാനിപ്പിക്കുന്നത് പോലെ, ഭഗവാൻ ശ്രീകൃഷ്ണൻ വെള്ളത്തിൽ വെളിപ്പെടുത്തിയ തന്റെ രൂപം പിൻവലിച്ചു. ആ അത്ഭുതദർശനം അപ്രത്യക്ഷമായപ്പോൾ അക്രൂരൻ വെള്ളത്തിൽ നിന്ന് പുറത്തുവന്ന് തന്റെ നിത്യകർമ്മങ്ങൾ വേഗത്തിൽ പൂർത്തിയാക്കി. തുടർന്ന് അത്ഭുതസ്തബ്ധനായി അദ്ദേഹം തേരിനടുത്തേക്ക് മടങ്ങി. ആ സമയം, ഭഗവാൻ ശ്രീകൃഷ്ണൻ അക്രൂരനോട് ചോദിച്ചു: "ഭൂമിയിലോ ആകാശത്തോ വെള്ളത്തിലോ നിങ്ങൾ അത്ഭുതകരമായ എന്തെങ്കിലും കണ്ടോ? നിങ്ങളുടെ ഭാവത്തിൽ നിന്ന് ഞങ്ങൾക്ക് അങ്ങനെ തോന്നുന്നുവല്ലോ."

ശ്രീ അക്രൂരൻ പറഞ്ഞു: "ഭൂമിയിലും ആകാശത്തും വെള്ളത്തിലും ഉള്ള അത്ഭുതകരമായ കാര്യങ്ങളെല്ലാം അങ്ങയിൽ അടങ്ങിയിരിക്കുന്നു. അങ്ങ് സർവ്വവ്യാപിയായിരിക്കെ, അങ്ങയെ കാണുമ്പോൾ ഞാൻ കാണാത്തതായി മറ്റെന്താണുള്ളത്? പരമസത്യമായ അങ്ങയെ ഇപ്പോൾ ഞാൻ കാണുന്നു, ഭൂമിയിലെയും ആകാശത്തിലെയും വെള്ളത്തിലെയും എല്ലാ അത്ഭുതങ്ങളും അങ്ങയിൽ വസിക്കുന്നു. അങ്ങയെ കാണുമ്പോൾ ഈ ലോകത്ത് മറ്റ് എന്ത് അത്ഭുതങ്ങളാണ് എനിക്ക് കാണാനുള്ളത്?"

ഇപ്രകാരം പറഞ്ഞ് ഗാന്ദിനിയുടെ പുത്രനായ അക്രൂരൻ രഥം മുന്നോട്ടെടുത്തു. ഏകദേശം ഉച്ചസമയം കഴിഞ്ഞതോടെ അദ്ദേഹം ബാലരാമനും കൃഷ്ണനുമൊപ്പം മഥുരയിലെത്തി. അവർ പോയ വഴികളിലെല്ലാം ഗ്രാമവാസികൾ വരികയും വസുദേവന്റെ രണ്ട് പുത്രന്മാരെയും വലിയ സന്തോഷത്തോടെ നോക്കിനിൽക്കുകയും ചെയ്തു. ഗ്രാമവാസികൾക്ക് അവരിൽ നിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല. അക്രൂരൻ രാമകൃഷ്ണന്മാരുമായി മഥുരയിൽ എത്തുന്നതിനുമുമ്പ് തന്നെ നന്ദമഹാരാജാവും വൃന്ദാവനത്തിലെ മറ്റ് നിവാസികളും അവിടെ എത്തിയിരുന്നു. അവർ കൃഷ്ണനെയും ബാലരാമനെയും കാത്ത് നഗരത്തിന് പുറത്തുള്ള ഒരു തോട്ടത്തിൽ തങ്ങി. നന്ദഗോപരോടും മറ്റുള്ളവരോടും ചേർന്ന ശേഷം, പ്രപഞ്ചനാഥനായ ഭഗവാൻ കൃഷ്ണൻ വിനീതനായ അക്രൂരന്റെ കൈകൾ പിടിച്ചു ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: "അങ്ങ് രഥവുമായി ഞങ്ങൾക്ക് മുമ്പേ നഗരത്തിൽ പ്രവേശിക്കുക. എന്നിട്ട് വീട്ടിലേക്ക് പോകുക. ഇവിടെ കുറച്ചുനേരം വിശ്രമിച്ച ശേഷം ഞങ്ങൾ നഗരം കാണാൻ വരാം."

ശ്രീ അക്രൂരൻ പറഞ്ഞു: "പ്രഭോ, അവിടുന്നില്ലാതെ ഞാൻ മഥുരയിൽ പ്രവേശിക്കില്ല. ഞാൻ അങ്ങയുടെ ഭക്തനാണ്, എന്നെ ഉപേക്ഷിക്കുന്നത് കഷ്ടമാണ്, കാരണം അങ്ങ് എല്ലായ്പ്പോഴും ഭക്തരോട് വാത്സല്യമുള്ളവനാണല്ലോ. അങ്ങയുടെ ജ്യേഷ്ഠനോടും ഗോപന്മാരോടും കൂട്ടുകാരോടും ഒപ്പം എന്റെ വീട്ടിലേക്ക് വരണം. അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്റെ വീടിനെ അനുഗ്രഹിക്കണം. യജ്ഞങ്ങളിൽ താല്പര്യമുള്ള ഒരു സാധാരണ ഗൃഹസ്ഥനാണ് ഞാൻ, അങ്ങയുടെ പാദധൂളികളാൽ എന്റെ വീടിനെ പവിത്രമാക്കണം. ആ ശുദ്ധീകരണത്തിലൂടെ എന്റെ പിതൃക്കളും അഗ്നിയും ദേവന്മാരും സംതൃപ്തരാകും. അങ്ങയുടെ പാദങ്ങൾ കഴുകിയതിലൂടെയാണ് ബലി മഹാരാജാവ് കീർത്തിയും സമാനതകളില്ലാത്ത ശക്തിയും ഭക്തരുടെ പരമഗതിയും നേടിയത്. അങ്ങയുടെ പാദസ്പർശമേറ്റ് പവിത്രമായ ഗംഗാജലം മൂന്നു ലോകങ്ങളെയും ശുദ്ധീകരിക്കുന്നു. ശിവഭഗവാൻ ആ ജലം തന്റെ ശിരസ്സിൽ സ്വീകരിച്ചു, ആ ജലത്തിന്റെ അനുഗ്രഹത്താൽ സഗരപുത്രന്മാർ സ്വർഗ്ഗം പൂകി. ദേവാദിദേവാ!, ജഗന്നാഥാ!, അങ്ങയുടെ കീർത്തനം പുണ്യകരമാണ്. യദുകുല ശ്രേഷ്ഠാ!, പരമപുരുഷനായ നാരായണാ!, ഞാൻ അങ്ങയെ വണങ്ങുന്നു."

ഭഗവാൻ പറഞ്ഞു: "ഞാൻ ജ്യേഷ്ഠനോടൊപ്പം അങ്ങയുടെ വീട്ടിൽ വരാം, പക്ഷേ ആദ്യം യദുകുലത്തിന്റെ ശത്രുവിനെ വധിച്ചു എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും എനിക്ക് രക്ഷിക്കേണ്ടതുണ്ട്."

ശുകദേവൻ തുടർന്നു: രാജൻ!, ഭഗവാന്റെ വാക്കുകൾ കേട്ട് അക്രൂരൻ സങ്കടപ്പെട്ട മനസ്സോടെ നഗരത്തിൽ പ്രവേശിച്ചു. തന്റെ ദൗത്യത്തിന്റെ വിജയം കംസരാജാവിനെ അറിയിച്ചശേഷം അദ്ദേഹം വീട്ടിലേക്ക് പോയി. മഥുര കാണാൻ ആഗ്രഹിച്ച കൃഷ്ണൻ വൈകുന്നേരത്തോടെ ബാലരാമനെയും ഗോപാലന്മാരെയും കൂട്ടി നഗരത്തിൽ പ്രവേശിച്ചു. സ്ഫടികം കൊണ്ട് നിർമ്മിച്ച ഗോപുരങ്ങളും വാതിലുകളും, സ്വർണ്ണ കവാടങ്ങളും, ചെമ്പും വെങ്കലവും കൊണ്ട് നിർമ്മിച്ച ധാന്യപ്പുരകളും, അജയ്യമായ കിടങ്ങുകളും നിറഞ്ഞതായിരുന്നു ആ മഥുരാനഗരം. മനോഹരമായ ഉദ്യാനങ്ങളും പൂന്തോട്ടങ്ങളും നഗരത്തിന് മാറ്റുകൂട്ടി. വീടുകളുടെ ജാലകങ്ങളിലും ബാൽക്കണികളിലും മയിലുകളും പ്രാവുകളും വസിച്ചിരുന്നു. വൈഡൂര്യം, വജ്രം, സ്ഫടികം, ഇന്ദ്രനീലം, പവിഴം, മുത്ത്, മരതകം എന്നിവയാൽ ബാൽക്കണികൾ അലങ്കരിച്ചിരുന്നു. രാജവീഥികളും കമ്പോളവീഥികളും ഒക്കെ വെള്ളം കുടഞ്ഞു ശുദ്ധമാക്കിയിരുന്നു. എല്ലായിടത്തും പുഷ്പങ്ങളും നെല്ലും വിതറിയിരുന്നു. വാതിലുകളിൽ വെള്ളം നിറച്ച കുടങ്ങൾ അലങ്കരിച്ചു വെച്ചിരുന്നു.

കൃഷ്ണനും ബാലരാമനും നഗരവീഥിയിലൂടെ വരുന്നത് കണ്ട് മഥുരയിലെ സ്ത്രീകൾ അവരെ കാണാൻ തിടുക്കത്തിൽ ഒത്തുകൂടി. ചിലർ വീടിന്റെ മട്ടുപ്പാവുകളിൽ കയറിനിന്നു. തിടുക്കത്തിൽ വന്ന അവരിൽ ചിലർ വസ്ത്രങ്ങളും ആഭരണങ്ങളും മാറി ധരിച്ചു, ചിലർ ഒരു ചെവിയിൽ മാത്രം കമ്മലിട്ടു, ചിലർ ഒരു കണ്ണിൽ മാത്രം മഷിയെഴുതി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ അത് ഉപേക്ഷിച്ചു വന്നു, ഉറങ്ങിക്കിടന്നവർ ബഹളം കേട്ട് എഴുന്നേറ്റു വന്നു, കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്തുകൊണ്ടിരുന്ന അമ്മമാർ അവരെ മാറ്റിനിർത്തി ഓടിവന്നു. മന്ദഹാസത്തോടെ നടന്നുവരുന്ന കൃഷ്ണന്റെ രൂപം ആ സ്ത്രീകളുടെ മനസ്സിനെ ആകർഷിച്ചു. മഥുരയിലെ സ്ത്രീകൾ കൃഷ്ണനെക്കുറിച്ച് ധാരാളം കേട്ടിരുന്നു, അവിടുത്തെ കണ്ടമാത്രയിൽതന്നെ അവരുടെ ഹൃദയം ഉരുകി. തന്റെ നോട്ടത്താൽ അവരെ അനുഗ്രഹിക്കുന്ന കൃഷ്ണനെ അവർ കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആനയിച്ചു. ആനന്ദസ്വരൂപനായ അവനെ അവർ മനസ്സാൽ പുണർന്നു.

മട്ടുപ്പാവുകളിൽ നിന്ന സ്ത്രീകൾ ബലരാമന്റെയും കൃഷ്ണന്റെയും മേൽ പൂമഴ ചൊരിഞ്ഞു. വഴിയിലുടനീളം ബ്രാഹ്മണർ തൈര്, അക്ഷതം, ജലകുംഭങ്ങൾ, മാലകൾ എന്നിവ നൽകി അവരെ സ്വീകരിച്ചു. മഥുരയിലെ സ്ത്രീകൾ പറഞ്ഞു: "ഈ ഗോപികമാർ എത്ര വലിയ തപസ്സായിരിക്കണം ചെയ്തത്! മനുഷ്യർക്കെല്ലാം ആനന്ദം നൽകുന്ന കൃഷ്ണനെയും ബാലരാമനെയും എപ്പോഴും കാണാൻ അവർക്ക് കഴിയുന്നുണ്ടല്ലോ."

അങ്ങനെ, നഗരം ചുറ്റുന്നതിനിടയിൽ, ഒരു അലക്കുകാരൻ അതുവഴി വരുന്നത് കണ്ട കൃഷ്ണൻ തങ്ങൾക്ക് ധരിക്കാൻ നല്ല വസ്ത്രങ്ങളുണ്ടോ എന്നവരോട് തിരക്കി. ഭഗവാൻ പറഞ്ഞു: "ഞങ്ങൾക്ക് ധരിക്കാൻ യോഗ്യമായ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ നൽകുക. അതിലൂടെ നിങ്ങൾക്ക് നന്മ വരുന്നതായിരിക്കും." എന്നാൽ കംസന്റെ ദാസനായ അയാൾ അഹങ്കാരത്തോടെ അവരെ അപമാനിച്ചു. അയാൾ പറഞ്ഞു: "കാട്ടിലും മേട്ടിലും നടക്കുന്ന നിങ്ങൾക്കൊക്കെ ധരിക്കാനാണോ ഈ രാജവസ്ത്രങ്ങൾ? വേഗം ഇവിടെ നിന്ന് പോകൂ, ജീവൻ വേണമെങ്കിൽ ഇങ്ങനെയുള്ള മോഹങ്ങൾ ഉപേക്ഷിക്കുക" ഇപ്രകാരം ധിക്കാരവാക്കുകൾ പറഞ്ഞ അലക്കുകാരന്റെ തല കൃഷ്ണൻ തന്റെ വിരൽത്തുമ്പുകൊണ്ട് ഉടലിൽ നിന്ന് വേർപെടുത്തി. അയാളുടെ സഹായികൾ വസ്ത്രങ്ങൾ ഉപേക്ഷിച്ചു ഓടിപ്പോയി. കൃഷ്ണനും ബാലരാമനും തങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുകയും ബാക്കിയുള്ളവ ഗോപന്മാർക്ക് നൽകുകയും ചെയ്തു.

തുടർന്ന് മറ്റൊരു നെയ്ത്തുകാരൻ അതുവഴി വരികയും അവർക്ക് മനോഹരമായ വസ്ത്രങ്ങളും അലങ്കാരങ്ങളും നൽകുകയും ചെയ്തു. കൃഷ്ണനും ബാലരാമനും ആ വസ്ത്രങ്ങളിൽ അതിമനോഹരമായി ശോഭിച്ചു. ആ നെയ്ത്തുകാരന്റെ ഭക്തിയിൽ പ്രസന്നനായ കൃഷ്ണൻ അയാൾക്ക് ഇഹലോകത്തിൽ ഐശ്വര്യവും പരലോകത്തിൽ സാരൂപ്യമുക്തിയും നൽകി അനുഗ്രഹിച്ചു.

പിന്നീട് അവർ മാലകെട്ടുകാരനായ സുദാമന്റെ വീട്ടിലെത്തി. സുദാമൻ അവരെ കണ്ട ഉടനെതന്നെ ദണ്ഡനമസ്കാരം ചെയ്ത വണങ്ങി. അവരെ ഇരിപ്പിടങ്ങളിൽ ഇരുത്തി പാദങ്ങൾ കഴുകി പൂജിച്ചു. സുദാമൻ പറഞ്ഞു: "ഭഗവാനേ, അങ്ങയുടെ വരവോടെ എന്റെ ഈ ജന്മം സഫലമായി. അങ്ങയെ പൂജിക്കുന്നതിലൂടെ എന്റെ പിതൃക്കളും ദേവന്മാരും സംതൃപ്തരായി. പ്രപഞ്ചത്തിന്റെ കാരണഭൂതരായ നിങ്ങൾ ലോകരക്ഷയ്ക്കായി അവതരിച്ചിരിക്കുന്നു. അങ്ങ് എല്ലാവരോടും തുല്യഭാവമുള്ളവനാണ്."

ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് സുദാമൻ ആ രാമകൃഷ്ണന്മാർക്ക് സുഗന്ധമുള്ള പൂമാലകൾ നൽകി. കൃഷ്ണൻ സുദാമന് ഇഷ്ടമുള്ള അനുഗ്രഹങ്ങൾ ചോദിക്കാൻ പറഞ്ഞു. എന്നാ സുദാമനാകട്ടെ, ഭഗവാനിൽ അചഞ്ചലമായ ഭക്തിയും, ഭക്തരോടുള്ള സൗഹൃദവും, സർവ്വ ജീവജാലങ്ങളോടും കരുണയും ഉണ്ടാകുന്നതിനായി മാത്രം വരം ചോദിച്ചു. കൃഷ്ണൻ അയാൾക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിച്ച ശേഷം അവിടെനിന്നും യാത്ര തുടർന്നു.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം നാല്പത്തിയൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


2026 ജനുവരി 7, ബുധനാഴ്‌ച

10:40 അക്രൂരസ്തുതി

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം 40 

അക്രൂരസ്തുതി 


ശ്രീ അക്രൂരൻ പറഞ്ഞു: സർവ്വ കാരണങ്ങൾക്കും കാരണഭൂതനും, ആദിയും അവ്യയനും പരമപുരുഷനുമായ നാരായണനെ ഞാൻ വന്ദിക്കുന്നു. അങ്ങയുടെ നാഭിയിലെ താമരപ്പൂവിൽനിന്നാണ് ബ്രഹ്മാവ് ജനിച്ചത്, അദ്ദേഹത്തിലൂടെയാണ് ഈ പ്രപഞ്ചം ഉണ്ടായത്. ഭൂമി, ജലം, അഗ്നി, വായു, ആകാശം, അതിന്റെ സ്രോതസ്സുകളായ അഹങ്കാരം, മഹത്തത്വം, പ്രകൃതി, പരമപുരുഷന്റെ വിപുലീകരണമായ പുരുഷൻ, മനസ്സ്, ഇന്ദ്രിയങ്ങൾ, ഇന്ദ്രിയവിഷയങ്ങൾ, ഇന്ദ്രിയങ്ങളുടെ അധിദേവതകൾ - ഈ പ്രപഞ്ചത്തിന്റെ കാരണങ്ങളെല്ലാം അങ്ങയുടെ ദിവ്യമായ ശരീരത്തിൽ നിന്ന് ജനിച്ചവയാണ്. ഈ പ്രകൃതിക്കോ മറ്റു സൃഷ്ടിഘടകങ്ങൾക്കോ അങ്ങയെ യഥാർത്ഥമായി അറിയാൻ കഴിയുകയില്ല, കാരണം, അവ ജഡവസ്തുക്കളാൽ നിർമ്മിതമാണ്. അങ്ങ് പ്രകൃതിയുടെ ഗുണങ്ങൾക്ക് അതീതനാണ്. അതിനാൽ ആ ഗുണങ്ങളിൽ ബന്ധിക്കപ്പെട്ട ബ്രഹ്മാവിനുപോലും അങ്ങയുടെ യഥാർത്ഥ സ്വരൂപം അറിയില്ല. പരിശുദ്ധരായ യോഗികളാകട്ടെ, ജീവജാലങ്ങൾ, അവയുടെ ശരീരം, അവയെ നിയന്ത്രിക്കുന്ന ദേവതകൾ എന്നീ മൂന്ന് ഭാവങ്ങളിലൂടെ അങ്ങയെ പരമപുരുഷനായി ആരാധിക്കുന്നു.

വിഴുദ്ധങ്ങളായ മൂന്ന് അഗ്നികളെ ആരാധിക്കുന്ന ബ്രാഹ്മണർ, വേദമന്ത്രങ്ങൾ ചൊല്ലിക്കൊണ്ടും പല രൂപങ്ങളും നാമങ്ങളുമുള്ള ദേവതകൾക്കായി യജ്ഞങ്ങൾ നടത്തിയും അങ്ങയെ ആരാധിക്കുന്നു. ആത്മജ്ഞാനം തേടുന്ന ചിലർ സകല ലൗകികകർമ്മങ്ങളും ഉപേക്ഷിക്കുകയും, ശാന്തരായിത്തീർന്ന് ജ്ഞാനമെന്ന യജ്ഞത്തിലൂടെ അറിവിന്റെ ഉറവിടമായ അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. ശുദ്ധമായ ബുദ്ധിയുള്ള മറ്റുള്ളവർ, അങ്ങ് ഉപദേശിച്ച വൈഷ്ണവ ശാസ്ത്രങ്ങൾ പിന്തുടരുന്നു. അവർ തങ്ങളുടെ മനസ്സിനെ അങ്ങയിൽ അർപ്പിക്കുകയും വിവിധ രൂപങ്ങളിൽ പ്രകടമാകുന്ന ഏക പരമാത്മാവായി അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. മറ്റു ചിലർ അങ്ങയെ ശിവരൂപത്തിൽ ആരാധിക്കുന്നു. അവർ ശിവൻ ഉപദേശിച്ചതും പല ആചാര്യന്മാർ പല രീതിയിൽ വ്യാഖ്യാനിച്ചതുമായ പാത പിന്തുടരുന്നു. 

എന്റെ നാഥാ!, അങ്ങയിൽനിന്ന് മാറി മറ്റ് ദേവതകളെ ആരാധിക്കുന്നവർപോലും യഥാർത്ഥത്തിൽ സകല ദേവതകളുടെയും ആൾരൂപമായ അങ്ങയെ തന്നെയാണ് ആരാധിക്കുന്നത്. പർവ്വതങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ മഴവെള്ളത്താൽ നിറഞ്ഞ് എല്ലാ വശങ്ങളിൽ നിന്നും സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്നതുപോലെ, ഈ പാതകളെല്ലാം ഒടുവിൽ അങ്ങയിൽ തന്നെയാണ് എത്തിച്ചേരുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ പ്രകൃതിഗുണങ്ങൾ ബ്രഹ്മാവ് മുതൽ ചലിക്കാത്ത ജീവികൾ വരെ എല്ലാ ജീവജാലങ്ങളെയും ബന്ധിക്കുന്നു. സകല ജീവികളുടെയും ആത്മാവായി ഇരുന്നു നിഷ്പക്ഷമായി എല്ലാം വീക്ഷിക്കുന്ന അങ്ങയെ ഞാൻ വന്ദിക്കുന്നു. അജ്ഞതയാൽ ഉണ്ടായ പ്രകൃതിഗുണങ്ങളുടെ ഒഴുക്ക് ദേവന്മാരായും മനുഷ്യരായും മൃഗങ്ങളായും തങ്ങളെ സ്വയം കരുതുന്ന ജീവികളിൽ ശക്തമായി ഒഴുകുന്നു. 

അഗ്നി അങ്ങയുടെ മുഖമായും, ഭൂമി പാദങ്ങളായും, സൂര്യൻ കണ്ണായും, ആകാശം നാഭിയായും പറയപ്പെടുന്നു. ദിശകൾ അങ്ങയുടെ ശ്രവണേന്ദ്രിയവും, പ്രധാന ദേവതകൾ കൈകളും, സമുദ്രങ്ങൾ ഉദരവുമാണ്. സ്വർഗ്ഗം അങ്ങയുടെ ശിരസ്സും, വായു എന്നത് നിന്തിരുവടിയുടെ പ്രാണനും ശാരീരിക ബലവുമാണ്. വൃക്ഷങ്ങളും ചെടികളും അങ്ങയുടെ ശരീരത്തിലെ രോമങ്ങളും, മേഘങ്ങൾ ശിരസ്സിലെ കേശങ്ങളും, പർവ്വതങ്ങൾ അസ്ഥികളും നഖങ്ങളുമാണ്. പകലും രാത്രിയും അങ്ങയുടെ കണ്മിഴികളാകുന്നു. പ്രജാപതി അങ്ങയുടെ ജനനേന്ദ്രിയവും മഴ അങ്ങയുടെ വീര്യവുമാണ്. സകല ലോകങ്ങളും, അവിടുത്തെ അധിദേവതകളും, ജനങ്ങളും ഒക്കെ നാശമില്ലാത്ത പരമപുരുഷനായ അങ്ങയിൽ നിന്നാണ് ഉണ്ടാകുന്നത്. ജലജീവികൾ കടലിലെന്നപോലെയും ചെറിയ പ്രാണികൾ അത്തിപ്പഴത്തിനകത്തെന്നപോലെയും, മനസ്സിനും ഇന്ദ്രിയങ്ങൾക്കും ആധാരമായ അങ്ങയിൽ ഈ ലോകങ്ങൾ സഞ്ചരിക്കുന്നു. അങ്ങയുടെ ലീലകൾക്കായി അങ്ങ് ഈ ലോകത്തിൽ വിവിധ രൂപങ്ങളിൽ അവതരിക്കുന്നു. അങ്ങയുടെ കീർത്തനങ്ങൾ സന്തോഷത്തോടെ പാടുന്നവരുടെ ദുഃഖങ്ങൾ ഈ അവതാരങ്ങൾ ഇല്ലാതാക്കുന്നു. 

പ്രപഞ്ചസൃഷ്ടിയുടെ കാരണഭൂതനും പ്രളയകാലത്ത് സമുദ്രത്തിൽ നീന്തിത്തുടിച്ചവനുമായ മത്സ്യരൂപിയായ അങ്ങയെ ഞാൻ വന്ദിക്കുന്നു. മധു-കൈടഭന്മാരെ വധിച്ച ഹയഗ്രീവനും, മന്ദരപർവ്വതത്തെ താങ്ങിയ കൂർമ്മരൂപിയും, ഭൂമിയെ ഉയർത്തിയ വരാഹരൂപിയുമായ അങ്ങയെ ഞാൻ നമസ്കരിക്കുന്നു. ഭക്തരുടെ ഭയമകറ്റുന്ന അത്ഭുത സിംഹമായ നരസിംഹമൂർത്തിക്കും മൂന്ന് ലോകങ്ങളെയും അളന്ന വാമനനും എന്റെ നമസ്കാരം. അഹങ്കാരികളായ രാജാക്കന്മാരുടെ വംശത്തെ നശിപ്പിച്ച ഭൃഗുപതിയായ പരശുരാമനും, രാവണനെ വധിച്ച രഘുവംശത്തിലെ ഉത്തമനായ ശ്രീരാമനും എന്റെ നമസ്കാരം. സാത്വതന്മാരുടെ നാഥനും വാസുദേവൻ, സങ്കർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നീ രൂപങ്ങൾ ധരിച്ചവനുമായ അങ്ങയെ ഞാൻ വന്ദിക്കുന്നു. ദൈത്യന്മാരെയും ദാനവന്മാരെയും മോഹിപ്പിക്കുന്ന കുറ്റമറ്റ ബുദ്ധരൂപിയായ അങ്ങയെയും, രാജാക്കന്മാരുടെ വേഷമണിഞ്ഞ മാംസഭുക്കുകളെ നശിപ്പിക്കാൻ പോകുന്ന കൽക്കിയെയും ഞാൻ വന്ദിക്കുന്നു.

ഹേ പരമേശ്വരാ!, ഈ ലോകത്തിലെ ജീവികൾ അങ്ങയുടെ മായയാൽ മോഹിതരായിരിക്കുന്നു. 'ഞാൻ', 'എന്റേത്' എന്ന തെറ്റായ ചിന്തകളിൽപെട്ട് അവർ കർമ്മപാതകളിൽ ഉഴലാൻ നിർബന്ധിതരാകുന്നു. അനന്തശക്തിയുള്ള നാഥാ!, ഞാനും അതുപോലെ വഴിതെറ്റിയിരിക്കുകയാണ്. സ്വപ്നംപോലെ മിഥ്യയായ എന്റെ ശരീരം, മക്കൾ, വീട്, ഭാര്യ, പണം, അനുയായികൾ എന്നിവയെല്ലാം സത്യമാണെന്ന് ഞാൻ മൂഢമായി വിചാരിക്കുന്നു. അസ്ഥിരമായതിനെ ശാശ്വതമെന്നും, ശരീരത്തെ ആത്മാവെന്നും, ദുഃഖത്തിന്റെ സ്രോതസ്സുകളെ സുഖത്തിന്റെ ഉറവിടമെന്നും തെറ്റിദ്ധരിച്ച് ഞാൻ ലൗകിക സുഖങ്ങളിൽ മുഴുകി. അജ്ഞതയാൽ മൂടപ്പെട്ടതിനാൽ എന്റെ യഥാർത്ഥ സ്നേഹത്തിന് പാത്രമായ അങ്ങയെ തിരിച്ചറിയാൻ എനിക്ക് സാധിച്ചില്ല. വെള്ളത്തിന് മുകളിലെ പായൽ കണ്ട് വെള്ളമില്ലെന്ന് കരുതി മരീചികയ്ക്ക് പിന്നാലെ പായുന്ന മൂഢനെപ്പോലെ ഞാൻ അങ്ങയിൽ നിന്ന് അകന്നുപോയി.

ലൗകിക ആഗ്രഹങ്ങളാലും കർമ്മങ്ങളാലും അസ്വസ്ഥമായ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ല. ഇന്ദ്രിയങ്ങൾ എന്നെ പല വഴികളിലേക്ക് വലിച്ചിഴയ്ക്കുന്നു. ഇങ്ങനെ അധഃപതിച്ച ഞാൻ അങ്ങയുടെ പാദങ്ങളിൽ അഭയം തേടുന്നു. അശുദ്ധരായവർക്ക് അങ്ങയുടെ പാദങ്ങൾ ലഭ്യമല്ലെങ്കിലും അങ്ങയുടെ കരുണയാൽ അത് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ലൗകികജീവിതം അവസാനിക്കുമ്പോൾ മാത്രമേ ശുദ്ധരായ ഭക്തരെ സേവിക്കുന്നതിലൂടെ അങ്ങയെക്കുറിച്ചുള്ള ബോധം ഒരാളിൽ ഉദിക്കുകയുള്ളൂ. അനന്തമായ ശക്തികളുള്ള പരമമായ സത്യത്തിന് അടിയന്റെ നമസ്കാരം. അങ്ങ് ശുദ്ധവും ദിവ്യവുമായ ജ്ഞാനത്തിന്റെ രൂപമാണ്, എല്ലാ അറിവുകളുടെയും ഉറവിടമാണ്, ജീവജാലങ്ങളെ ഭരിക്കുന്ന പ്രകൃതിശക്തികളുടെ നിയന്താവാണ്.

വാസുദേവപുത്രനായ അങ്ങയെ ഞാൻ വന്ദിക്കുന്നു. സകല ജീവികളും അങ്ങയിലാണ് വസിക്കുന്നത്. മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും നാഥാ!, അങ്ങയെ ഞാൻ വീണ്ടും വീണ്ടും വന്ദിക്കുന്നു. പ്രഭുവേ!, അങ്ങയെ ശരണം പ്രാപിച്ച എന്നെ കാത്തുരക്ഷിക്കണേ.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം നാല്പതാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


2026 ജനുവരി 5, തിങ്കളാഴ്‌ച

10:39 അക്രൂരൻ യമുനാനദിയിൽ മുങ്ങി വിഷ്ണുലോകം ദർശിക്കുന്നത്

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 39

അക്രൂരൻ യമുനാനദിയിൽ മുങ്ങി വിഷ്ണുലോകം ദർശിക്കുന്നത്


ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: രാജൻ!, ബലരാമനാലും ശ്രീകൃഷ്ണനാലും വളരെയധികം ആദരിക്കപ്പെട്ട അക്രൂരൻ, മനോഹരമായ ഒരു കസേരയിൽ സുഖമായി ഇരുന്നുകൊണ്ട്, വഴിമധ്യേ താൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ഇപ്പോൾ സഫലമായതായി അനുഭവിച്ചറിഞ്ഞു. പ്രിയ രാജാവേ!, ഐശ്വര്യദേവതയുടെ അഭയസ്ഥാനമായ ആ പുരുഷോത്തമനെ സംതൃപ്തനാക്കിയ ഒരാൾക്ക് അപ്രാപ്യമായി ഈ ലോകത്തിൽ എന്താണുള്ളത്? എന്നിരുന്നാലും, ഭഗവാന്റെ ഭക്തിസേവനത്തിൽ അർപ്പിതരായവർ തന്തിരുവടിയുടെ പക്കൽനിന്ന് യാതൊന്നും ആഗ്രഹിക്കുന്നില്ല.

കംസൻ തങ്ങളുടെ പ്രിയപ്പെട്ട ബന്ധുക്കളോടും സുഹൃത്തുക്കളോടും എങ്ങനെയാണ് പെരുമാറുന്നതെന്നും രാജാവായ അദ്ദേഹത്തിന്റെ അടുത്ത പദ്ധതികൾ എന്തൊക്കെയാണെന്നും ദേവകീപുത്രനായ ശ്രീകൃഷ്ണൻ, അത്താഴത്തിന് ശേഷം, അക്രൂരനോട് ചോദിച്ചു.

ഭഗവാൻ ചോദിച്ചു: പ്രിയപ്പെട്ട അമ്മാവാ!, അങ്ങയുടെ യാത്രയൊക്കെ സുഖകരമായിരുന്നോ? അങ്ങേയ്ക്ക് എല്ലാ മംഗളങ്ങളും ഉണ്ടാകട്ടെ. നമ്മുടെ സുഹൃത്തുക്കളും അതുപോലെ അടുത്തവരും അകന്നവരുമായ എല്ലാ ബന്ധുക്കളും സന്തോഷത്തോടും ആരോഗ്യത്തോടും ഇരിക്കുന്നുവോ? പക്ഷേ, അമ്മാവനായ കംസരാജാവ് ഇന്നും സമൃദ്ധിയോടെ വാഴുമ്പോൾ, നമ്മുടെ കുടുംബാംഗങ്ങളുടെയും മറ്റ് പ്രജകളുടെയും ക്ഷേമത്തെക്കുറിച്ച് ഞാൻ എന്തിനാണ് ചോദിക്കുന്നത്? കുറ്റമറ്റവരായ എന്റെ മാതാപിതാക്കൾക്ക് ഞാൻ എത്രമാത്രം കഷ്ടപ്പാടുകൾ ഉണ്ടാക്കിയെന്ന് നോക്കൂ! ഞാൻ കാരണമാണ് അവരുടെ പുത്രന്മാർ കൊല്ലപ്പെട്ടതും അവർ തടവിലാക്കപ്പെട്ടതും. ഭാഗ്യവശാൽ, ഞങ്ങളുടെ പ്രിയ ബന്ധുവായ അങ്ങയെ കാണണമെന്ന ആഗ്രഹം ഇന്ന് സഫലമായിരിക്കുന്നു. പ്രിയപ്പെട്ട അമ്മാവാ, അങ്ങ് എന്തിനാണ് വന്നതെന്ന് ദയവായി ഞങ്ങളോട് പറഞ്ഞാലും.

ശുകദേവൻ പറഞ്ഞു: ഭഗവാന്റെ അഭ്യർത്ഥനയ്ക്ക് മറുപടിയായി, മധുവംശജനായ അക്രൂരൻ, കംസന് യാദവരോടുള്ള ശത്രുതയും വസുദേവരെ കൊല്ലാനുള്ള ശ്രമവും ഉൾപ്പെടെയുള്ള മുഴുവൻ സാഹചര്യങ്ങളും ഭഗവാനോട് വിവരിച്ചു പറഞ്ഞു. അക്രൂരൻ താൻ എത്തിക്കേണ്ട സന്ദേശം കൈമാറി. കംസന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങളെക്കുറിച്ചും, കൃഷ്ണൻ വസുദേവരുടെ പുത്രനായി ജനിച്ചുവെന്ന് നാരദൻ കംസനെ അറിയിച്ചതിനെക്കുറിച്ചും ഒക്കെ അദ്ദേഹം വിവരിച്ചു. ശത്രുനാശകരായ ശ്രീകൃഷ്ണനും ബലരാമനും അക്രൂരന്റെ വാക്കുകൾ കേട്ട് ചിരിച്ചു. തുടർന്ന് രാമനും കൃഷ്ണനും പിതാവായ നന്ദമഹാരാജാവിനെ കംസന്റെ ഉത്തരവുകൾ അറിയിച്ചു. നന്ദമഹാരാജാവ് ഗോപാലന്മാർക്ക് ഉത്തരവ് നൽകുകയും ഗ്രാമകാവൽക്കാരൻവഴി വ്രജത്തിലുടനീളം ഇപ്രകാരം വിളംബരം ചെയ്യിക്കുകയും ചെയ്തു: “ലഭ്യമായ എല്ലാ പാൽ ഉൽപ്പന്നങ്ങളും ശേഖരിക്കുക. വിലപിടിപ്പുള്ള സമ്മാനങ്ങൾ എടുത്ത് വണ്ടികൾ തയ്യാറാക്കുക. നാളെ നമുക്ക് മഥുരയിലേക്ക് പോകാം, രാജാവിന് പാൽ ഉൽപ്പന്നങ്ങൾ സമർപ്പിക്കാം, വലിയൊരു ഉത്സവം കാണാം. മറ്റ് പ്രദേശങ്ങളിലെ താമസക്കാരും അങ്ങോട്ട് പോകുന്നുണ്ട്.”

കൃഷ്ണനെയും ബലരാമനെയും നഗരത്തിലേക്ക് കൊണ്ടുപോകാൻ അക്രൂരൻ വ്രജത്തിൽ വന്നിട്ടുണ്ടെന്ന് കേട്ടപ്പോൾ യുവതികളായ ഗോപികമാർ അത്യധികം ദുഃഖിതരായി. ചില ഗോപികമാർ ഹൃദയവേദനയാൽ നെടുവീർപ്പിടുകയും അവരുടെ മുഖം വിളറുകയും ചെയ്തു. മറ്റു ചിലർ എത്രമാത്രം അസ്വസ്ഥരായിരുന്നെന്നാൽ അവരുടെ വസ്ത്രങ്ങളും വളകളും മുടിപ്പിന്നലുകളും അയഞ്ഞുപോയി. മറ്റു ചില ഗോപികമാർ തങ്ങളുടെ ഇന്ദ്രിയ വ്യാപാരങ്ങൾ പൂർണ്ണമായും നിർത്തി കൃഷ്ണനിൽ ലയിച്ചിരുന്നു. ആത്മസാക്ഷാത്കാരം നേടിയവരെപ്പോലെ അവർ ബാഹ്യലോകത്തെക്കുറിച്ച് പൂർണ്ണമായും വിസ്മരിച്ചു. കൃഷ്ണന്റെ വാക്കുകൾ ഓർത്ത് മറ്റു ചില യുവതികൾ ബോധരഹിതരായി. മനോഹരമായ പദങ്ങളാൽ അലങ്കരിക്കപ്പെട്ടതും സ്നേഹനിർഭരമായ പുഞ്ചിരിയോടെ പ്രകടിപ്പിക്കുന്നതുമായ ഭഗവാന്റെ വാക്കുകൾ ആ പെൺകുട്ടികളുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരുന്നു. മുകുന്ദനിൽ നിന്നുള്ള നിമിഷനേരത്തെ വേർപിരിയൽപോലും ഗോപികമാരെ ഭയപ്പെടുത്തിയിരുന്നു. ഭഗവാന്റെ മനോഹരമായ നടത്തം, ലീലകൾ, സ്നേഹപൂർണ്ണമായ നോട്ടം, വീരകൃത്യങ്ങൾ, ദുഃഖം അകറ്റുന്ന തമാശകൾ എന്നിവയോർത്ത് അവർ വരാനിരിക്കുന്ന വലിയ വേർപിരിയലിൽ അത്യധികം ഉത്കണ്ഠാകുലരായി. അവർ കൂട്ടം കൂടിയിരുന്ന് കണ്ണുനീർ വാർത്തുകൊണ്ട് അച്യുതനിൽ പൂർണ്ണമായും മുഴുകി പരസ്പരം സംസാരിച്ചു.

ഗോപികമാർ പറഞ്ഞു: ഹേ വിധി!, നിനക്ക് ഒട്ടും ദയയില്ല! ജീവികളെ സൗഹൃദത്തിലും സ്നേഹത്തിലും ഒന്നിച്ചുചേർക്കുകയും പിന്നീട് അവരുടെ ആഗ്രഹങ്ങൾ നിറവേറുന്നതിന് മുമ്പ് വിവേകമില്ലാതെ വേർപെടുത്തുകയും ചെയ്യുന്നു. നിന്റെ ഈ വിചിത്രമായ കാര്യം ഒരു കുട്ടിക്കളി പോലെയാണ്. മനോഹരമായ കവിളുകളും ഉയർന്ന നാസയും മന്ദഹാസവും കറുത്ത മുടിയിഴകളും കൊണ്ട് അലംകൃതമായ മുകുന്ദന്റെ മുഖം ഞങ്ങൾക്ക് കാണിച്ചുതന്നിട്ട്, ഇപ്പോൾ നീ ആ മുഖത്തെ അദൃശ്യമാക്കുകയാണ്. നിന്റെ ഈ പെരുമാറ്റം ഒട്ടും ശരിയല്ല. ഹേ വിധി!, അക്രൂരൻ എന്ന പേരിൽ നീ ഇവിടെ വന്നുവെങ്കിലും നീ തീർച്ചയായും ക്രൂരനാണ്. ഭഗവാൻ മധുദ്വിഷന്റെ രൂപത്തിന്റെ ഒരു ഭാഗത്തിൽപോലും നിന്റെ സൃഷ്ടിയുടെ പൂർണ്ണത ഞങ്ങൾ കണ്ടുവോ, ആ കണ്ണുകളെ ഞങ്ങളിൽ നിന്ന് തട്ടിയെടുക്കുന്ന നീ ഒരു മഠയനെപ്പോലെയാണ്. അയ്യോ!, ഒരു നിമിഷംകൊണ്ട് സ്നേഹബന്ധങ്ങൾ തകർക്കുന്ന നന്ദപുത്രൻ ഞങ്ങളെ നേരിട്ട് നോക്കുക പോലും ചെയ്യുന്നില്ല. അവിടുത്തെ വശ്യതയിൽ പെട്ട് ഞങ്ങൾ ഞങ്ങളുടെ വീടുകളും ബന്ധുക്കളും മക്കളും ഭർത്താക്കന്മാരേയും ഉപേക്ഷിച്ചു, എന്നാൽ അവിടുന്ന് എല്ലായ്പ്പോഴും പുതിയ കാമുകിമാരെ തേടുകയാണ്. ഈ രാത്രിക്ക് ശേഷമുള്ള പ്രഭാതം മഥുരയിലെ സ്ത്രീകൾക്ക് തീർച്ചയായും ഐശ്വര്യപ്രദമായിരിക്കും. അവരുടെ എല്ലാ ആഗ്രഹങ്ങളും ഇപ്പോൾ സഫലമാകും, കാരണം വ്രജനാഥൻ അവരുടെ നഗരത്തിൽ പ്രവേശിക്കുമ്പോൾ, അവിടുത്തെ കടക്കണ്ണിലെ പുഞ്ചിരിയാകുന്ന അമൃത് നുകരാൻ അവർക്ക് കഴിയും.

ഹേ ഗോപികമാരേ!, നമ്മുടെ മുകുന്ദൻ ബുദ്ധിമാനും മാതാപിതാക്കളെ അനുസരിക്കുന്നവനുമാണെങ്കിലും, മഥുരയിലെ സ്ത്രീകളുടെ മധുരമായ വാക്കുകളിലും മനോഹരമായ പുഞ്ചിരിയിലും മയങ്ങിക്കഴിഞ്ഞാൽ, അവിടുന്ന് എങ്ങനെയാണ് നിഷ്കളങ്കരായ ഈ ഗ്രാമബാലികമാരുടെ അടുത്തേക്ക് തിരിച്ചുവരിക? മഥുരയിൽ ദാശാർഹരും ഭോജരും അന്ധകരും വൃഷ്ണികളും സാത്വതരും ദേവകീപുത്രനെ കാണുമ്പോൾ അത് അവരുടെ കണ്ണുകൾക്ക് വലിയൊരു ഉത്സവമായിരിക്കും. നഗരത്തിലേക്കുള്ള വഴിയിൽ അവിടുത്തെ കാണുന്ന എല്ലാവർക്കും അത് ഒരു ആഘോഷമായിരിക്കും. അവിടുന്ന് ഐശ്വര്യദേവതയുടെ പ്രിയപ്പെട്ടവനും എല്ലാ ഗുണങ്ങളുടെയും ഉറവിടവുമാണല്ലോ. ഈ ക്രൂരമായ പ്രവൃത്തി ചെയ്യുന്നവനെ അക്രൂരൻ എന്ന് വിളിക്കരുത്. ദുഃഖിതരായ വ്രജവാസികളെ ആശ്വസിപ്പിക്കാൻ പോലും ശ്രമിക്കാതെ, ഞങ്ങളുടെ ജീവനേക്കാൾ പ്രിയപ്പെട്ട കൃഷ്ണനെ കൊണ്ടുപോകുന്ന അവൻ അത്യധികം ക്രൂരനാണ്. കഠിനഹൃദയനായ കൃഷ്ണൻ ഇതിനകം രഥത്തിൽ കയറിക്കഴിഞ്ഞു, ഇപ്പോൾ മൂഢരായ ഗോപാലന്മാർ കാളവണ്ടികളിൽ അവിടുത്തെ പിന്നാലെ തിടുക്കത്തിൽ പോകുന്നു. മുതിർന്നവർ പോലും അവിടുത്തെ തടയാൻ ഒന്നും പറയുന്നില്ല. ഇന്ന് വിധി ഞങ്ങൾക്ക് എതിരാണ്. നമുക്ക് നേരിട്ട് മാധവനെ സമീപിച്ച് യാത്ര തടയാം. നമ്മുടെ മുതിർന്നവർക്കും ബന്ധുക്കൾക്കും നമ്മോട് എന്ത് ചെയ്യാൻ കഴിയും? വിധി നമ്മെ മുകുന്ദനിൽ നിന്ന് വേർപെടുത്തുമ്പോൾ നമ്മുടെ ഹൃദയങ്ങൾ തകർന്നിരിക്കുകയാണ്. അവിടുത്തെ സാമീപ്യം ഒരു നിമിഷം പോലും ഉപേക്ഷിക്കാൻ നമുക്ക് കഴിയില്ല.

സ്നേഹനിർഭരമായ പുഞ്ചിരിയും മനോഹരമായ രഹസ്യ സംഭാഷണങ്ങളും ആലിംഗനങ്ങളും കൊണ്ട് അവിടുന്ന് നമ്മെ രാസലീലയിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ, എത്രയോ രാത്രികൾ ഒരു നിമിഷം പോലെ കടന്നുപോയി. ഹേ ഗോപികമാരേ!, അവിടുത്തെ അഭാവത്തിലുണ്ടാകുന്ന ഈ ഇരുട്ടിനെ നാം എങ്ങനെ അതിജീവിക്കും? വൈകുന്നേരങ്ങളിൽ പശുക്കളുടെ കുളമ്പടികളിൽ നിന്ന് ഉയർന്ന പൊടിപടലങ്ങളാൽ മുടിയും മാലയും അലംകൃതമായി, ഗോപബാലന്മാരോടൊപ്പം വ്രജത്തിലേക്ക് മടങ്ങിവരുന്ന കൃഷ്ണനില്ലാതെ നമുക്ക് എങ്ങനെ ജീവിക്കാൻ കഴിയും? ഓടക്കുഴൽ വായിക്കുമ്പോൾ അവിടുന്ന് പുഞ്ചിരിയോടെയുള്ള കടക്കണ്ണേറുകളാൽ നമ്മുടെ മനസ്സിനെ വശീകരിക്കുമായിരുന്നു.

ശുകദേവൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ സംസാരിച്ചതിന് ശേഷം, കൃഷ്ണനോട് അത്യധികം ആസക്തിയുള്ള വ്രജസ്ത്രീകൾ വേർപിരിയലിൽ അത്യധികം അസ്വസ്ഥരായി. അവർ ലജ്ജ വെടിഞ്ഞ് ഉറക്കെ നിലവിളിച്ചു, "ഹേ ഗോവിന്ദ! ഹേ ദാമോദര! ഹേ മാധവ!"

ഗോപികമാർ ഇപ്രകാരം നിലവിളിക്കുമ്പോഴും, സൂര്യോദയസമയത്ത് പ്രഭാത വന്ദനവും മറ്റ് കർമ്മങ്ങളും നിർവ്വഹിച്ച അക്രൂരൻ രഥം ഓടിച്ചു തുടങ്ങി. നന്ദമഹാരാജാവിന്റെ നേതൃത്വത്തിൽ ഗോപാലന്മാർ കാളവണ്ടികളിൽ ഭഗവാൻ കൃഷ്ണനെ അനുഗമിച്ചു. നെയ്യും മറ്റ് പാൽ ഉൽപ്പന്നങ്ങളും നിറഞ്ഞ മൺപാത്രങ്ങൾ ഉൾപ്പെടെ രാജാവിനുള്ള നിരവധി കാഴ്ചദ്രവ്യങ്ങൾ അവർ കരുതിയിരുന്നു. ഭഗവാൻ കൃഷ്ണൻ തന്റെ നോട്ടത്താൽ ഗോപികമാരെ അല്പം ശാന്തരാക്കി, അവരും കുറച്ചുനേരം പിന്നാലെ പോയി. പിന്നീട്, അവിടുന്ന് എന്തെങ്കിലും നിർദ്ദേശം നൽകുമെന്ന് പ്രതീക്ഷിച്ച് അവർ നിശ്ചലരായി നിന്നു. യാത്ര തിരിക്കുമ്പോൾ, യാദവശ്രേഷ്ഠനായ ഭഗവാൻ ഗോപികമാരുടെ വിലാപം കാണുകയും, "ഞാൻ മടങ്ങിവരും" എന്ന സ്നേഹവാഗ്ദാനവുമായി ഒരു ദൂതനെ അയച്ച് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. മനസ്സ് കൃഷ്ണന്റെ പിന്നാലെ അയച്ചുകൊണ്ട് ഗോപികമാർ ചിത്രത്തിലെ രൂപങ്ങളെപ്പോലെ നിശ്ചലരായി നിന്നു. രഥത്തിന് മുകളിലെ കൊടി കാണാതാകുന്നത് വരെയും, രഥചക്രങ്ങൾ ഉയർത്തിയ പൊടിപടലങ്ങൾ ഇല്ലാതാകുന്നത് വരെയും അവർ അവിടെത്തന്നെ നിന്നു. ഗോവിന്ദൻ ഇനി തിരിച്ചുവരില്ലെന്ന നിരാശയോടെ ഗോപികമാർ മടങ്ങിപ്പോയി. അതിയായ ദുഃഖത്തോടെ അവർ തങ്ങളുടെ പ്രിയപ്പെട്ടവന്റെ ലീലകൾ പാടിക്കൊണ്ട് പകലും രാത്രിയും ചെലവഴിക്കാൻ തുടങ്ങി.

എന്റെ പ്രിയ രാജാവേ!, ഭഗവാൻ കൃഷ്ണൻ ബലരാമനോടും അക്രൂരനോടുമൊപ്പം കാറ്റുപോലെ വേഗത്തിൽ യാത്ര ചെയ്ത് പാപനാശിനിയായ കാളിന്ദീ നദിക്കരയിലെത്തി. നദിയിലെ മധുരമായ ജലം തിളങ്ങുന്ന രത്നങ്ങളേക്കാൾ പ്രകാശമുള്ളതായിരുന്നു. ശുദ്ധീകരണത്തിനായി ഭഗവാൻ കൃഷ്ണൻ ആ ജലം തൊടുകയും കൈവെള്ളയിൽ എടുത്ത് കുടിക്കുകയും ചെയ്തു. പിന്നീട് മരക്കൂട്ടങ്ങൾക്ക് സമീപം രഥം നിർത്തി ബലരാമനോടൊപ്പം വീണ്ടും അതിൽ കയറി. അക്രൂരൻ ഭഗവാന്മാരോട് രഥത്തിൽ ഇരിക്കാൻ അഭ്യർത്ഥിച്ചു. പിന്നീട് അവരുടെ അനുവാദം വാങ്ങി അദ്ദേഹം യമുനയിലെ ഒരു കുളത്തിൽ പോയി ശാസ്ത്രവിധിയനുസരിച്ച് സ്നാനം ചെയ്തു. വെള്ളത്തിൽ മുങ്ങി വേദമന്ത്രങ്ങൾ ജപിക്കുമ്പോൾ, അക്രൂരൻ പെട്ടെന്ന് തന്റെ മുന്നിൽ ബലരാമനെയും കൃഷ്ണനെയും കണ്ടു.

അക്രൂരൻ ചിന്തിച്ചു, “രഥത്തിൽ ഇരിക്കുന്ന ആനകദുന്ദുഭിയുടെ രണ്ട് പുത്രന്മാർ എങ്ങനെ ഇവിടെ വെള്ളത്തിൽ നിൽക്കും? അവർ രഥം വിട്ടു വന്നുകാണും.” എന്നാൽ അദ്ദേഹം നദിയിൽ നിന്ന് പുറത്തുവന്നപ്പോൾ അവർ മുമ്പത്തെപ്പോലെ രഥത്തിൽ തന്നെ ഉണ്ടായിരുന്നു. “വെള്ളത്തിൽ ഞാൻ കണ്ട കാഴ്ച ഒരു മിഥ്യയായിരുന്നോ?” എന്ന് സ്വയം ചോദിച്ചുകൊണ്ട് അക്രൂരൻ വീണ്ടും കുളത്തിൽ ഇറങ്ങി. അവിടെ അക്രൂരൻ സർപ്പങ്ങളുടെ നാഥനായ അനന്തനേയും കണ്ടു. സിദ്ധന്മാരും ചാരണന്മാരും ഗന്ധർവ്വന്മാരും അസുരന്മാരും തല കുനിച്ച് അദ്ദേഹത്തെ സ്തുതിക്കുന്നുണ്ടായിരുന്നു. അക്രൂരൻ കണ്ട ആ സങ്കർഷണഭഗവാന് ആയിരക്കണക്കിന് തലകളും പത്തികളും കിരീടങ്ങളും ഉണ്ടായിരുന്നു. അവിടുത്തെ നീല വസ്ത്രവും താമരത്തണ്ടിന്റെ നൂലുപോലെ വെളുത്ത നിറവും അവിടുത്തെ അനേകം കൊടുമുടികളുള്ള വെളുത്ത കൈലാസ പർവ്വതം പോലെ തോന്നിപ്പിച്ചു.

പിന്നീട്, പുരുഷോത്തമനായ ഭഗവാൻ അനന്തന്റെ മടിയിൽ ശാന്തമായി കിടക്കുന്നത് അക്രൂരൻ കണ്ടു. ആ പരമപുരുഷന്റെ നിറം കടുംനീല മേഘം പോലെയായിരുന്നു. അവിടുന്ന് മഞ്ഞവസ്ത്രങ്ങൾ ധരിച്ചിരുന്നു, നാല് കൈകളും ചുവന്ന താമരയിതൾ പോലെയുള്ള കണ്ണുകളും ഉണ്ടായിരുന്നു. അവിടുത്തെ മുഖം പുഞ്ചിരിയോടെയും മനോഹരമായ പുരികങ്ങളാലും ഉയർന്ന നാസയാലും മനോഹരമായ ചെവികളാലും ചുവന്ന ചുണ്ടുകളാലും ആകർഷകമായിരുന്നു. ഭഗവാന്റെ വിശാലമായ തോളുകളും നെഞ്ചും സുന്ദരമായിരുന്നു, കൈകൾ നീളമുള്ളതും ബലിഷ്ഠവുമായിരുന്നു. അവിടുത്തെ കഴുത്ത് ശംഖിന് സമാനമായിരുന്നു, നാഭി ആഴമുള്ളതായിരുന്നു, വയറിൽ പേരാലിന്റെ ഇലയിലെന്നപോലെ വരകൾ ഉണ്ടായിരുന്നു. അവിടുത്തേക്ക് വലിയ അരക്കെട്ടും ഇടുപ്പും ആനയുടെ തുമ്പിക്കൈ പോലെയുള്ള തുടകളും മനോഹരമായ കാൽമുട്ടുകളും ഉണ്ടായിരുന്നു. അവിടുത്തെ ഉയർന്ന കണങ്കാലുകൾ താമരപ്പൂവ് പോലെയുള്ള കാൽവിരലുകളിലെ നഖങ്ങളിൽ നിന്നുള്ള പ്രകാശത്തെ പ്രതിഫലിപ്പിച്ചു. വിലമതിക്കാനാവാത്ത രത്നങ്ങൾ പതിച്ച കിരീടം, വളകൾ, തോൾവളകൾ എന്നിവയാലും അരഞ്ഞാണം, പൂണൂൽ, മാലകൾ, പാദസരങ്ങൾ, കുണ്ഡലങ്ങൾ എന്നിവയാലും അലംകൃതനായി ഭഗവാൻ അതിശയകരമായി പ്രകാശിച്ചു. ഒരു കയ്യിൽ താമരപ്പൂവും മറ്റുള്ളവയിൽ ശംഖ്, ചക്രം, ഗദ എന്നിവയും അവിടുന്ന് ധരിച്ചിരുന്നു. അവിടുത്തെ നെഞ്ചിൽ ശ്രീവത്സ ചിഹ്നവും തിളങ്ങുന്ന കൗസ്തുഭ രത്നവും വനമാലയും ഉണ്ടായിരുന്നു.

നന്ദൻ, സുനന്ദൻ തുടങ്ങിയ അനുചരന്മാരും, സനകാദി മുനികളും, ബ്രഹ്മാവ്, രുദ്രൻ തുടങ്ങിയ പ്രധാന ദേവന്മാരും, ഒൻപത് പ്രധാന ബ്രാഹ്മണരും, പ്രഹ്ലാദൻ, നാരദൻ, ഉപരിചരവസു എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്തശ്രേഷ്ഠരും ഭഗവാനെ ആരാധിച്ചുകൊണ്ട് ചുറ്റും നിന്നിരുന്നു. ഈ മഹാത്മാക്കളെല്ലാം അവരവരുടെ ഭാവത്തിൽ സ്തുതിഗീതങ്ങൾ ആലപിച്ച് ഭഗവാനെ വന്ദിച്ചു. ശ്രീ, പുഷ്ടി, ഗീർ, കാന്തി, കീർത്തി, തുഷ്ടി, ഇള, ഊർജ്ജ എന്നീ ആന്തരിക ശക്തികളും, വിദ്യ, അവിദ്യ, മായ എന്നീ ഭൗതിക ശക്തികളും, ആന്തരിക ആനന്ദശക്തിയായ ശക്തിയും അവിടെ സന്നിഹിതരായിരുന്നു. മഹാഭക്തനായ അക്രൂരൻ ഇതെല്ലാം കണ്ടപ്പോൾ അത്യധികം സന്തോഷവാനാവുകയും ഭക്തിയിൽ ലയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രോമങ്ങൾ എഴുന്നുനിൽക്കുകയും കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ശരീരം മുഴുവൻ നനയുകയും ചെയ്തു. എങ്ങനെയൊക്കെയോ സ്വയം നിയന്ത്രിച്ച് അക്രൂരൻ നിലത്ത് തലതൊട്ട് നമസ്കരിച്ചു. പിന്നീട് കൈകൾ കൂപ്പി, വികാരാധീനമായ ശബ്ദത്തിൽ വളരെ പതുക്കെയും ശ്രദ്ധയോടും കൂടി പ്രാർത്ഥിക്കാൻ തുടങ്ങി.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തിയൊമ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


2025 ഡിസംബർ 28, ഞായറാഴ്‌ച

10:38 വൃന്ദാവനത്തിൽ അക്രൂരന്റെ ആഗമനം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 38

വൃന്ദാവനത്തിൽ അക്രൂരന്റെ ആഗമനം


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, അങ്ങനെ, കംസന്റെ നിർദ്ദേശമനുസരിച്ച് ആ രാത്രി മഥുരയിൽ ചിലവഴിച്ചതിനുശേഷം, ഉദാരമനസ്കനായ അക്രൂരൻ തന്റെ രഥത്തിലേറി നന്ദമഹാരാജാവിന്റെ ഗോകുലത്തിലേക്ക് യാത്ര തിരിച്ചു. താൻ യാത്ര ചെയ്യുന്ന വഴിയിൽ, മഹാത്മാവായ അക്രൂരൻ താമരക്കണ്ണനായ ഭഗവാനോട് തനിക്കുള്ള പരമമായ ഭക്തിയെ ഓർത്തുകൊണ്ട് ഇപ്രകാരം ചിന്തിക്കാൻ തുടങ്ങി.

ശ്രീ അക്രൂരൻ ചിന്തിച്ചു: ഇന്ന് എനിക്ക് കേശവനെ ദർശിക്കാൻ സാധിക്കണമെങ്കിൽ കഴിഞ്ഞ ജന്മങ്ങളിൽ ഞാൻ എത്ര പുണ്യകർമ്മങ്ങൾ ചെയ്തിട്ടുണ്ടായിരിക്കണം? എത്ര കഠിനമായ തപസ്സുകൾ അനുഷ്ഠിച്ചിട്ടുണ്ടാകും? എത്ര ആരാധനകളും ദാനധർമ്മങ്ങളും നടത്തിയിട്ടുണ്ടാകും? കേവലം ഇന്ദ്രിയസുഖങ്ങളിൽ മുഴുകിയിരിക്കുന്ന ഭൗതികവാദിയായ എന്നെപ്പോലൊരാൾക്ക് ഉത്തമശ്ലോകനായ ഭഗവാനെ ദർശിക്കാനുള്ള ഈ അവസരം ലഭിക്കുക എന്നത്, ഒരു ശൂദ്രന് വേദമന്ത്രങ്ങൾ ചൊല്ലാനുള്ള അനുവാദം ലഭിക്കുന്നതുപോലെ അത്യന്തം ദുഷ്കരമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ അത്തരം ചിന്തകൾ ഇനി മതിയാക്കാം! എന്നെപ്പോലെ അധപതിച്ച ഒരു ആത്മാവിനും അച്യുതനായ ഭഗവാനെ ദർശിക്കാൻ അവസരം ലഭിച്ചേക്കാം. കാലപ്രവാഹത്തിൽ ഒഴുകിപ്പോകുന്ന ഒരു ജീവാത്മാവിന് എപ്പോഴെങ്കിലും കരയണയാൻ സാധിക്കുമല്ലോ. ഇന്ന് എന്റെ പാപങ്ങളെല്ലാം നശിച്ചിരിക്കുന്നു, എന്റെ ജന്മം സഫലമായിരിക്കുന്നു. കാരണം, യോഗിവര്യന്മാർ ധ്യാനിക്കുന്ന ഭഗവദ്പാദാരവിന്ദങ്ങളിൽ വണങ്ങാൻ എനിക്കിന്ന് സാധിക്കും.

തീർച്ചയായും, ഇന്ന് കംസരാജാവ് എന്നോട് അങ്ങേയറ്റം കരുണ കാണിച്ചിരിക്കുന്നു. ഈ ലോകത്ത് അവതരിച്ചിരിക്കുന്ന ഹരിഭഗവാന്റെ പാദാരവിന്ദങ്ങൾ ദർശിക്കാൻ അദ്ദേഹം എന്നെ അയച്ചിരിക്കുന്നു. അവിടുത്തെ നഖകാന്തിയാൽ മാത്രം പണ്ട് അനേകം ആത്മാക്കൾ അജ്ഞാനമാകുന്ന അന്ധകാരത്തെ മറികടന്ന് മുക്തി നേടിയിട്ടുണ്ട്. ബ്രഹ്മാവും ശിവനും മറ്റ് ദേവന്മാരും ലക്ഷ്മീദേവിയും മഹർഷിമാരും വൈഷ്ണവരുമെല്ലാം ആ പാദങ്ങളെ ആരാധിക്കുന്നു. ആ പാദങ്ങൾകൊണ്ട് ഭഗവാൻ തന്റെ കൂട്ടുകാരോടൊപ്പം പശുക്കളെ മേയിച്ച് വനത്തിലൂടെ നടക്കുന്നു. ആ പാദങ്ങളിൽ ഗോപികമാരുടെ കുങ്കുമം പുരണ്ടിരിക്കുന്നു. തീർച്ചയായും ഞാൻ മുകുന്ദന്റെ മുഖം ദർശിക്കും, കാരണം എന്റെ വലതുവശത്തുകൂടി കടന്നുപോകുന്ന ഈ മൃഗങ്ങൾ അതിനായിട്ടുള്ള ശുഭലക്ഷണമാണ് വിളിച്ചോതുന്നത്. ചുരുളൻ മുടികളാൽ ചുറ്റപ്പെട്ട അവിടുത്തെ ആ മുഖം മനോഹരമായ കവിളുകളാലും മൂക്കിനാലും പുഞ്ചിരിതൂകുന്ന നോട്ടത്താലും താമരയിതൾ പോലുള്ള ചുവന്ന കണ്ണുകളാലും അതിസുന്ദരമാണ്. ഭൂമിയുടെ ഭാരം കുറയ്ക്കാനായി സ്വന്തം ഇഷ്ടപ്രകാരം മനുഷ്യരൂപം സ്വീകരിച്ചിട്ടുള്ള സൗന്ദര്യത്തിന്റെ ഇരിപ്പിടമായ മഹാവിഷ്ണുവിനെയാണ് ഞാൻ ഇന്ന് കാണാൻ പോകുന്നത്. അതിനാൽ എന്റെ കണ്ണുകൾ അവയുടെ ജന്മസാഫല്യം നേടുമെന്ന കാര്യത്തിൽ സംശയമില്ല.

അവിടുന്ന് പ്രപഞ്ചത്തിന്റെ കാരണത്തിനും കാര്യത്തിനും സാക്ഷിയാണ്, എങ്കിലും അവയിൽനിന്നൊക്കെ അവിടുന്ന് മുക്തനുമാണ്. തന്റെ മായാശക്തിയാൽ ഭഗവാൻ ഭേദബുദ്ധിയുടെയും ഭ്രമത്തിന്റെയും അന്ധകാരത്തെ അകറ്റുന്നു. തന്റെ മായാശക്‌തിയിലേക്ക് അവൻ ഒന്ന് കണ്ണെറിയുമ്പോൾ ഈ ലോകത്ത് പ്രത്യക്ഷപ്പെടുന്ന ജീവാത്മാക്കൾ, തങ്ങളുടെ പ്രാണൻ, ഇന്ദ്രിയങ്ങൾ, ബുദ്ധി എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ ഭഗവാനെ പരോക്ഷമായി തിരിച്ചറിയുന്നു. ആ പരമപുരുഷന്റെ ഗുണങ്ങളും ലീലകളും അവതാരങ്ങളും ഇവിടെ എല്ലാ പാപങ്ങളെയും നശിപ്പിക്കുകയും സകല സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുകയും ചെയ്യുന്നു. അവന്റെ ലീലകൾ പാടുന്നതിലൂടെയും അവ കേൾക്കുന്നതിലൂടെയും ലോകം ചൈതന്യവത്താകുകയും അത് ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. മറിച്ചുള്ള വാക്കുകൾ ശവത്തെ അലങ്കരിക്കുന്നതുപോലെ വ്യർത്ഥമാണ്. ഭഗവാൻ സൃഷ്ടിച്ച ധർമ്മതത്വങ്ങൾ പാലിക്കുന്ന ദേവന്മാരെ സന്തോഷിപ്പിക്കാനായി അവിടുന്ന് സാത്വതവംശത്തിൽ അവതരിച്ചിരിക്കുന്നു. വൃന്ദാവനത്തിൽ വസിച്ചുകൊണ്ട് അവിടുന്ന് തന്റെ കീർത്തി പരത്തുന്നു. ദേവന്മാർ പാടിപ്പുകഴ്ത്തുന്ന ആ കീർത്തി എല്ലാവർക്കും മംഗളം നൽകുകയും ചെയ്യുന്നു. മഹാത്മാക്കളുടെ ലക്ഷ്യവും അവരുടെ ഗുരുവുമായ തന്തിരുവടിയെ ഞാൻ ഇന്ന് തീർച്ചയായും ദർശിക്കും. ഭഗവാനെ കാണുന്നത് കണ്ണുള്ളവർക്കെല്ലാം സന്തോഷം നൽകുന്നു, കാരണം അവിടുന്ന് പ്രപഞ്ചത്തിന്റെ യഥാർത്ഥ സൗന്ദര്യമാണ്. ലക്ഷ്മീദേവി പോലും ആശ്രയിക്കുന്ന രൂപമാണത്. ആ ദിവ്യപുരുഷന്റെ ദർശനഭാഗ്യം ലഭിക്കുന്നതോടുകൂടി ഇന്ന് എന്റെ ജന്മം ഇതാ സഫലമാകാൻ പോകുന്നു. 

രഥത്തിൽ നിന്നിറങ്ങി ഞാൻ ഭഗവാൻ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും പാദങ്ങളിൽ വീണ് നമസ്കരിക്കും. ആത്മസാക്ഷാത്കാരത്തിനായി ശ്രമിക്കുന്ന യോഗികൾ ഹൃദയത്തിൽ ധ്യാനിക്കുന്ന അതേ പാദങ്ങളാണവ. ഭഗവാന്റെ കൂട്ടുകാരായ ഗോപബാലന്മാരെയും സകല വൃന്ദാവനവാസികളെയും ഞാൻ വണങ്ങും. ഞാൻ അവിടുത്തെ പാദങ്ങളിൽ വീഴുമ്പോൾ സർവ്വശക്തനായ ഭഗവാൻ തന്റെ താമരക്കൈ എന്റെ തലയിൽ വെക്കും. കാലമാകുന്ന സർപ്പത്തിന്റെ ഭയത്താൽ വലയുന്നവർക്ക് അഭയം നൽകുന്ന ആ കൈകൾ എല്ലാ ഭയത്തെയും അകറ്റുന്നു. ആ കൈകളിലേക്ക് സ്വയത്തെതന്നെ ദാനം നൽകിയതിനാലാണ് പുരന്ദരനും ബാലിയും ഒക്കെ ഇന്ദ്രപദവി നേടിയത്. രാസലീലാവേളയിൽ ഗോപികമാരുടെ വിയർപ്പൊപ്പിയപ്പോൾ അവരുടെ മുഖസ്പർശമേറ്റ് ആ കൈകൾ സുഗന്ധപൂരിതമായി മാറി. അതൊക്കെയാണ് ആ തൃക്കൈകളുടെ ഐശ്വര്യം. കംസൻ തന്റെ ദൂതനായി അയച്ചതാണെങ്കിലും അച്യുതനായ ഭഗവാൻ എന്നെ ഒരു ശത്രുവായി കാണില്ല. സർവ്വജ്ഞനായ ഭഗവാൻ ഈ ശരീരമാകുന്ന ക്ഷേത്രത്തെ അറിയുന്നവനാണ്. തന്റെ പരിപൂർണ്ണമായ ദൃഷ്ടിയാൽ ജീവാത്മാവിന്റെ ഹൃദയത്തിലെ എല്ലാ പരിശ്രമങ്ങളെയും അവിടുന്ന് പുറമെ നിന്നും അകമേ നിന്നും വീക്ഷിക്കുന്നു. കൈകൾ കൂപ്പി ആ പാദങ്ങളിൽ വീണുകിടക്കുന്ന എന്നെ അവിടുന്ന് പുഞ്ചിരിയോടെ സ്നേഹപൂർവ്വം നോക്കും. അപ്പോൾ എന്റെ ഹൃദയത്തിലെ എല്ലാ മാലിന്യങ്ങളും നീങ്ങുകയും സംശയങ്ങൾ മാറി ഞാൻ പരമാനന്ദം അനുഭവിക്കുകയും ചെയ്യും. എന്നെ ഒരു ഉറ്റസുഹൃത്തായും ബന്ധുവായും അംഗീകരിച്ചുകൊണ്ട് കൃഷ്ണൻ തന്റെ കരുത്തുറ്റ കൈകളാൽ എന്നെ കെട്ടിപ്പിടിക്കും. അത് ഉടൻതന്നെ എന്റെ ശരീരത്തെ ശുദ്ധീകരിക്കുകയും കർമ്മബന്ധങ്ങളിൽ നിന്നുള്ള എന്റെ ഭൗതികമായ കെട്ടുപാടുകളെ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും.

എല്ലാവരാലും സ്തുതിക്കപ്പെടുന്ന കൃഷ്ണനാൽ ആശ്ലേഷിക്കപ്പെടുമ്പോൾ ഞാൻ വിനയത്തോടെ തല കുനിച്ചുനിൽക്കും. അപ്പോൾ ഭഗവാൻ "പ്രിയപ്പെട്ട അക്രൂരാ!" എന്ന് എന്നെ വിളിക്കും. ആ നിമിഷം എന്റെ ജീവിതലക്ഷ്യം സഫലമാകും. ഭഗവാൻ അംഗീകരിക്കാത്ത ഒരാളുടെ ജീവിതം തീർച്ചയായും കഷ്ടമാണ്. ഭഗവാന് ആരോടും പ്രത്യേക താൽപ്പര്യമോ വിദ്വേഷമോ ഇല്ല. ആരെയും അവിടുന്ന് അവഗണിക്കുന്നുമില്ല. എങ്കിലും, തന്നെ ആരാധിക്കുന്ന ഭക്തർക്ക് കൽപ്പവൃക്ഷം പോലെ അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് അവിടുന്ന് അനുഗ്രഹം നൽകുന്നു. തുടർന്ന് യദുശ്രേഷ്ഠനായ ബലരാമൻ കൈകൾ കൂപ്പി നിൽക്കുന്ന എന്നെ കെട്ടിപ്പിടിക്കുകയും വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യും. അവിടെ അവിടുന്ന് എന്നെ ആചാരപൂർവ്വം സ്വീകരിക്കുകയും കംസൻ കുടുംബാംഗങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് അന്വേഷിക്കുകയും ചെയ്യും.

ശ്രീശുകബ്രഹ്മർഷി തുടർന്നു: ഹേ രാജാവേ!, ശ്വഫൽക്കന്റെ പുത്രനായ അക്രൂരൻ വഴിയിലുടനീളം ഇപ്രകാരം ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട് ഏതാണ്ട് സൂര്യൻ അസ്തമിക്കാറായപ്പോൾ ഗോകുലത്തിലെത്തി. പ്രപഞ്ചത്തിലെ എല്ലാ ലോകപാലകരും തങ്ങളുടെ കിരീടത്തിൽ ചൂടുന്ന ആ പാദധൂളികളാൽ പവിത്രമായ സ്ഥലത്ത് അക്രൂരൻ ഭഗവാന്റെ പാദമുദ്രകൾ കണ്ടു. താമര, യവം, അങ്കുശം തുടങ്ങിയ അടയാളങ്ങളാൽ മനോഹരമായ ആ പാദമുദ്രകൾ ആ മണ്ണുകൾക്ക് ശോഭ നൽകി. ഭഗവാന്റെ പാദമുദ്രകൾ കണ്ടപ്പോൾ അക്രൂരൻ ഭക്തിലഹരിയാൽ വികാരാധീനനായി. ദേഹം പുളകം കൊള്ളുകയും കണ്ണുകൾ നിറയുകയും ചെയ്തു. അദ്ദേഹം രഥത്തിൽ നിന്ന് ചാടിയിറങ്ങി "ഹാ, ഇത് എന്റെ നാഥന്റെ പാദധൂളികളാണ്!" എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഭഗവാന്റെ പാദമുദ്രകൾ പതിഞ്ഞ ആ പൂഴിയിൽ കിടന്നുരുണ്ടു. കംസന്റെ ആജ്ഞ ലഭിച്ചപ്പോൾ മുതൽ അഭിമാനവും ഭയവും ദുഃഖവുമെല്ലാം മാറ്റിവെച്ച് ഭഗവാനെ കാണാനും കേൾക്കാനും സ്മരിക്കാനും തുടങ്ങിയ അക്രൂരൻ അനുഭവിച്ച ഈ പരമാനന്ദമാണ് എല്ലാ ജീവജാലങ്ങളുടെയും ജീവിതലക്ഷ്യം. 

അക്രൂരൻ തുടർന്ന് വ്രജഭൂമിയിൽ കൃഷ്ണനെയും ബലരാമനെയും കണ്ടു. കൃഷ്ണൻ മഞ്ഞവസ്ത്രവും ബലരാമൻ നീലവസ്ത്രവുമാണ് ധരിച്ചിരുന്നത്. അവരുടെ കണ്ണുകൾ ശരത്കാലത്തിലെ താമരകൾ പോലെയായിരുന്നു. ലക്ഷ്മീദേവിയുടെ അഭയസ്ഥാനമായ ആ യുവാക്കളിൽ ഒരാൾ കറുത്ത നിറത്തിലും മറ്റൊരാൾ വെളുത്ത നിറത്തിലുമായിരുന്നു. അവരുടെ മുഖം അതിസുന്ദരമായിരുന്നു. മദയാനകളെപ്പോലെ നടക്കുന്ന അവർ തങ്ങളുടെ പാദമുദ്രകളാൽ ഗോകുലത്തെ മനോഹരമാക്കി. രത്നമാലകളും വനമാലകളും അണിഞ്ഞ അവർ സർവ്വലോകങ്ങളുടെയും നാഥന്മാരാണ്. ഭൗമഭാരം കുറയ്ക്കാൻ കേശവനായും ബലരാമനായും അവതരിച്ച ആ രണ്ട് മഹദ് വ്യക്തിത്വങ്ങൾ, ആകാശത്തിലെ അന്ധകാരത്തെ മാറ്റുന്ന മരതക പർവ്വതത്തെയും വെള്ളി പർവ്വതത്തെയും പോലെ ശോഭിച്ചു. സ്നേഹാധിക്യത്താൽ അക്രൂരൻ വേഗത്തിൽ രഥത്തിൽ നിന്നിറങ്ങി കൃഷ്ണന്റെയും ബലരാമന്റെയും പാദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്തു. ഭഗവാനെ കണ്ട സന്തോഷത്താൽ അക്രൂരന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി. ദേഹം മുഴുവൻ പുളകം കൊണ്ടു. വികാരാധിക്യത്താൽ താനാരാണെന്ന് പറയാൻ പോലും അദ്ദേഹത്തിന് സാധിച്ചില്ല. അക്രൂരനെ തിരിച്ചറിഞ്ഞ ഭഗവാൻ കൃഷ്ണൻ അദ്ദേഹത്തെ കൈപിടിച്ചുയർത്തി ആലിംഗനം ചെയ്തു. ശരണാഗതരായ ഭക്തരോട് എന്നും കരുണ കാണിക്കുന്നവനായ ആ കാരുണ്യമൂർത്തി അങ്ങേയറ്റം സന്തോഷിച്ചു.

അക്രൂരൻ തലകുനിച്ചു നിന്നപ്പോൾ ബലരാമൻ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. യാത്രയെക്കുറിച്ച് അന്വേഷിച്ചശേഷം അദ്ദേഹത്തിന് ഇരിക്കാൻ ഇരിപ്പിടം നൽകുകയും ശാസ്ത്രവിധിപ്രകാരം പാദങ്ങൾ കഴുകി മധുപർക്കം നൽകി ആദരിക്കുകയും ചെയ്തു. സർവ്വശക്തനായ ബലരാമൻ അക്രൂരന് ഒരു പശുവിനെ ദാനം നൽകി. അദ്ദേഹത്തിന്റെ ക്ഷീണം മാറ്റാൻ പാദങ്ങൾ തടവുകയും ഭക്തിപൂർവ്വം സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം ബലരാമൻ അദ്ദേഹത്തിന് സുഗന്ധദ്രവ്യങ്ങളും പൂമാലകളും നൽകി. ഇപ്രകാരം അക്രൂരൻ ഒരിക്കൽ കൂടി പരമാനന്ദം അനുഭവിച്ചു.

നന്ദമഹാരാജാവ് അക്രൂരനോട് ചോദിച്ചു: ഹേ ദശാർഹവംശജനായ അക്രൂരാ!, ആ ക്രൂരനായ കംസൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് സമാധാനത്തോടെ അവിടെ കഴിയുന്നത്? ഒരു കശാപ്പുകാരന്റെ കയ്യിലകപ്പെട്ട ആടുകളെപ്പോലെയല്ലേ നിങ്ങൾ? സ്വന്തം സഹോദരിയുടെ കൈക്കുഞ്ഞുങ്ങളെ അവരുടെ കരച്ചിൽ പോലും വകവെക്കാതെ കൊന്നുതള്ളിയ ക്രൂരനാണവൻ. അങ്ങനെയുള്ളവന്റെ പ്രജകളായ നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ഞങ്ങൾ എന്തിന് ചോദിക്കണം?

നന്ദമഹാരാജാവിന്റെ സത്യസന്ധവും ഹൃദ്യവുമായ വാക്കുകളാൽ ആദരിക്കപ്പെട്ട അക്രൂരൻ തന്റെ യാത്രയുടെ എല്ലാ ക്ഷീണവും മറന്നു.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം പതിനാറാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


10:37 ഭഗവാൻ ശ്രീകൃഷ്ണൻ കേശി, വ്യോമൻ മുതലായ അസുരന്മാരെ വധിക്കുന്നത്

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 37

ഭഗവാൻ ശ്രീകൃഷ്ണൻ കേശി, വ്യോമൻ മുതലായ അസുരന്മാരെ വധിക്കുന്നത്


ശുക്രദേവൻ പറഞ്ഞു: പരീക്ഷിത്ത് രാജാവേ!, രാമകൃഷ്ണന്മാരെ വധിക്കുവാനായി കംസൻ പുതിയ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ തുടങ്ങി. കംസനാൽ അയക്കപ്പെട്ട കേശി എന്ന അസുരൻ ഒരു ഭീമാകാരമായ കുതിരയുടെ രൂപത്തിൽ വ്രജത്തിൽ പ്രത്യക്ഷപ്പെട്ടു. മനസ്സിനേക്കാൾ വേഗത്തിൽ ഓടിക്കൊണ്ടിരുന്ന അവൻ തന്റെ കുളമ്പുകൾ കൊണ്ട് ഭൂമിയെ പിളർന്നു. അവന്റെ പിടഞ്ഞെഴുന്നേറ്റ രോമങ്ങൾ ആകാശത്തിലെ മേഘങ്ങളെയും ദേവന്മാരുടെ വിമാനങ്ങളെയും ചിതറിച്ചു. ഭയാനകമായ ചിനപ്പിലൂടെ അവൻ അവിടെയുണ്ടായിരുന്ന എല്ലാവരെയും ഭയപ്പെടുത്തി. ഭഗവാൻ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ട്, കേശി അത്യധികം കോപത്തോടെ അങ്ങോട്ട് ഓടി. ആകാശം വിഴുങ്ങാൻ എന്നതുപോലെ അവൻ വായ പിളർന്നു. അതിവേഗത്തിൽ പാഞ്ഞടുത്ത ആ അജയ്യനായ ആ അസുരൻ, താമരക്കണ്ണനായ ഭഗവാനെ തന്റെ മുൻകാലുകൾ കൊണ്ട് അടിക്കാൻ ശ്രമിച്ചു. എന്നാൽ ഭഗവാൻ ആ പ്രഹരത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും, കോപത്തോടെ അസുരന്റെ കാലുകളിൽ പിടിച്ച് വായുവിൽ വട്ടം കറക്കി ദൂരേക്ക് എറിയുകയും ചെയ്തു. ഗരുഡൻ പാമ്പിനെയെന്നപോലെ, ഏകദേശം നൂറ് വില്ലുകളുടെ ദൂരത്തേക്ക്, ഭഗവാൻ കേശിയെ വലിച്ചെറിഞ്ഞു. എന്നിട്ട് ശ്രീകൃഷ്ണൻ അവിടെതന്നെ അക്ഷോഭ്യനായി നിന്നു.

ബോധം തിരിച്ചുകിട്ടിയ കേശി വീണ്ടും ക്രോധത്തോടെ എഴുന്നേറ്റു, വായ വലുതായിത്തുറന്ന് ശ്രീകൃഷ്ണനെ ആക്രമിക്കാൻ അവൻ വീണ്ടും പാഞ്ഞടുത്തു. എന്നാൽ ഭഗവാൻ മന്ദഹസിച്ചുകൊണ്ട്, പാമ്പ് മാളത്തിലേക്ക് കയറ്റുന്നതുപോലെ അനായാസമായി തന്റെ ഇടതുകൈ ആ കുതിരയുടെ വായയ്ക്കുള്ളിലേക്ക് കടത്തി. ഭഗവാന്റെ കൈ തട്ടിയ ഉടനെ കേശിയുടെ പല്ലുകൾ കൊഴിഞ്ഞുപോയി. അസുരന് ആ കൈ ഉരുകിയ ഇരുമ്പുപോലെ ചൂടുള്ളതായി അനുഭവപ്പെട്ടു. അസുഖം വന്ന രോഗികളുടെ വയർ വീർക്കുന്നതുപോലെ, കേശിയുടെ ശരീരത്തിനുള്ളിലിരുന്ന ഭഗവാന്റെ കൈ പെട്ടെന്ന് വലുതാകാൻ തുടങ്ങി. ശ്രീകൃഷ്ണന്റെ കൈ വികസിച്ചതോടെ കേശിയുടെ ശ്വാസം പൂർണ്ണമായും തടസ്സപ്പെട്ടു. അവൻ കൈകാലുകളിട്ടടിച്ചു, ശരീരം വിയർപ്പിൽ കുളിച്ചു, കണ്ണുകൾ ഉരുണ്ടു. ഒടുവിൽ ആ അസുരൻ മലമൂത്രവിസർജ്ജനം നടത്തി നിലത്തുവീണ് മരിച്ചു.

മഹാബാഹുവായ കൃഷ്ണൻ കേശിയുടെ ശരീരത്തിൽനിന്ന് തന്റെ കൈ പിൻവലിച്ചു. ചത്തുവീണ ആ ശരീരം ഒരു നീളൻ വെള്ളരിക്ക പോലെ കാണപ്പെട്ടു. ശത്രുവിനെ ഇത്ര നിഷ്പ്രയാസം കൊന്നതിൽ അല്പം പോലും അഹങ്കാരമില്ലാതെ നിന്ന ഭഗവാനെ, ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തിക്കൊണ്ട് ദേവന്മാർ ആരാധിച്ചു. ഹേ രാജാവേ!, അതിനുശേഷം ദേവർഷിയായ നാരദൻ ഏകാന്തമായ ഒരിടത്ത് വെച്ച് ഭഗവാൻ ശ്രീകൃഷ്ണനെ സമീപിച്ചു. ലീലകൾ അനായാസമായി നിർവ്വഹിച്ചുകൊണ്ടിരുന്ന ഭഗവാനോട് ആ പരമഭക്തൻ ഇപ്രകാരം സംസാരിച്ചു.

നാരദമുനി പറഞ്ഞു: ഹേ കൃഷ്ണാ!, അനന്തനായ ഹേ നാരായണ!, സർവ്വ യോഗശക്തികളുടെയും ഉറവിടമേ!, പ്രപഞ്ചനാഥാ! ഹേ വാസുദേവാ!, സർവ്വ ചരാചരങ്ങളുടെയും അഭയസ്ഥാനമേ!, യദുകുലശ്രേഷ്ഠാ! അങ്ങ് സർവ്വ ജീവജാലങ്ങളുടെയും പരമാത്മാവാണ്. വിറകിനുള്ളിൽ അഗ്നി എന്നതുപോലെ ഹൃദയമാകുന്ന ഗുഹയിൽ അങ്ങ് അദൃശ്യനായി ഇരിക്കുന്നു. അങ്ങ് എല്ലാവരുടെയും ഉള്ളിലെ സാക്ഷിയും, പരമപുരുഷനും, അന്തിമ നിയന്താവുമാണ്. അങ്ങ് എല്ലാ ആത്മാക്കളുടെയും അഭയമാണ്. പരമനിയന്താവായ അങ്ങ് അങ്ങയുടെ ഇച്ഛാശക്തിയാൽ മാത്രം ആഗ്രഹങ്ങൾ നിറവേറ്റുന്നു. സൃഷ്ടിയുടെ തുടക്കത്തിൽ അങ്ങയുടെ മായാശക്തിയാൽ പ്രകൃതിയുടെ ഗുണങ്ങളെ പ്രകടമാക്കുകയും, അവയിലൂടെ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. അതേ സ്രഷ്ടാവായ അങ്ങ് ഇപ്പോൾ ഭൂമിയിൽ അവതരിച്ചിരിക്കുന്നത്, രാജാക്കന്മാരുടെ വേഷത്തിൽ ഭൂമിദേവിയെ ഭരിക്കുന്ന ദൈത്യന്മാരെയും പ്രമഥന്മാരെയും രാക്ഷസന്മാരെയും നശിപ്പിക്കാനും ഭക്തരെ സംരക്ഷിക്കാനുമാണ്. ഈ കേശി എന്ന അസുരൻ തന്റെ ചിനപ്പിലൂടെ ദേവന്മാരെപോലും ഭയപ്പെടുത്തി അവരെ സ്വർഗ്ഗം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ഞങ്ങളുടെ ഭാഗ്യംകൊണ്ട് അങ്ങ് അവനെ ഒരു കളിയിലെന്നതുപോലെ വധിച്ചിരിക്കുന്നു.

അല്ലയോ സർവ്വശക്തനായ ഭഗവാനേ!, വരുംദിവസങ്ങളിൽ ചാണൂരൻ, മുഷ്ടികൻ തുടങ്ങിയ മല്ലന്മാരുടെയും, കുവലയാപീഡം എന്ന ആനയുടെയും, കംസരാജാവിന്റെയും മരണം അങ്ങയുടെ കൈകളാൽ നടക്കുന്നത് ഞാൻ കാണും. അതിനുശേഷം കാലയവനൻ, മുരൻ, നരകൻ, ശംഖാസുരൻ എന്നിവരെ അങ്ങ് വധിക്കുന്നതും, പാരിജാത പുഷ്പം കൊണ്ടുവരുന്നതും, ഇന്ദ്രനെ പരാജയപ്പെടുത്തുന്നതും ഞാൻ കാണും. വീരരായ രാജാക്കന്മാരുടെ പുത്രിമാരെ അങ്ങ് വിവാഹം കഴിക്കുന്നതിനും ഞാൻ സാക്ഷിയാകും. തുടർന്ന് ദ്വാരകയിൽ വെച്ച് നൃഗരാജാവിനെ ശാപത്തിൽ നിന്ന് മോചിപ്പിക്കുന്നതും, സ്യമന്തകമണി കൈക്കലാക്കുന്നതും അങ്ങ് കാണിച്ചുതരും. യമപുരിയിൽ നിന്ന് ബ്രാഹ്മണപുത്രനെ തിരികെ കൊണ്ടുവരുന്നതും, പൗണ്ഡ്രകനെ വധിക്കുന്നതും, കാശി നഗരം ദഹിപ്പിക്കുന്നതും, ദന്തവക്ത്രനെ കൊല്ലുന്നതും, രാജസൂയയജ്ഞത്തിൽ ശിശുപാലനെ വധിക്കുന്നതും ഞാൻ കാണും. ദ്വാരകയിലെ അങ്ങയുടെ വാസത്തിനിടയിൽ അങ്ങ് ചെയ്യുന്ന ഇത്തരം അനേകം ലീലകൾക്ക് ഞാൻ സാക്ഷിയാകും. ഈ ലീലകളെല്ലാം ഭൂമിയിലെ കവികളാൽ വാഴ്ത്തപ്പെടും. പിന്നീട്, കാലസ്വരൂപനായി അർജ്ജുനന്റെ രഥസാരഥിയായിവന്ന്, ഭൂഭാരം കുറയ്ക്കാൻ സൈന്യങ്ങളെ മുഴുവൻ നശിപ്പിക്കുന്നതും ഞാൻ കാണും.

ഭഗവാനേ!, അങ്ങയിലിതാ ഞാൻ അഭയം തേടുകയാണ്. അങ്ങ് പൂർണ്ണമായ ജ്ഞാനസ്വരൂപനും സ്വരൂപത്തിൽ എന്നും നിലകൊള്ളുന്നവനുമാണ്. അങ്ങയുടെ ഇച്ഛകൾ ഒരിക്കലും തടയപ്പെടുന്നില്ല. അങ്ങയുടെ ആത്മശക്തിയാൽ അങ്ങ് മായാഗുണങ്ങളിൽനിന്ന് എപ്പോഴും അകന്നുനിൽക്കുന്നു. സ്വതന്ത്രനും പരമനിയന്താവുമായ അങ്ങയെ ഞാൻ ഇതാ വണങ്ങുന്നു. അങ്ങയുടെ ശക്തിയാൽ അങ്ങ് ഈ പ്രപഞ്ചത്തിൽ വൈവിധ്യങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾ യദുവംശത്തിലെ വീരനായി അവതരിച്ച് മനുഷ്യരുടേതിന് സമാനമായ യുദ്ധങ്ങളിൽ ഏർപ്പെടാൻ അങ്ങ് തീരുമാനിച്ചിരിക്കുന്നു.

ശുകദേവൻ പറഞ്ഞു: രാജാവേ!, യദുകുലനാഥനായ ശ്രീകൃഷ്ണനോട് ഇപ്രകാരം സംസാരിച്ചതിനുശേഷം നാരദൻ തന്തിരുവടിയെ പ്രണമിച്ചു. ഭഗവാനെ നേരിൽ കണ്ടതിലുള്ള സന്തോഷത്തോടെ ആ മഹർഷി അവിടെനിന്ന് യാത്രയായി. യുദ്ധത്തിൽ കേശിയെ വധിച്ചശേഷം, ഭഗവാൻ തന്റെ ഗോപാലസുഹൃത്തുക്കളോടൊപ്പം പശുക്കളെ മേയിക്കുന്നത് തുടർന്നു. ഇപ്രകാരം വ്രജവാസികൾക്കെല്ലാം അദ്ദേഹം ആനന്ദം പകർന്നു.

ഒരു ദിവസം മലഞ്ചെരിവിൽ പശുക്കളെ മേയിക്കുന്നതിനിടയിൽ, ഗോപകുമാരന്മാർ കള്ളനും പോലീസും കളിക്കാൻ തീരുമാനിച്ചു. ഹേ രാജാവേ!, ആ കളിയിൽ ചിലർ കള്ളന്മാരായും ചിലർ ഇടയന്മാരായും മറ്റുചിലർ ആടുകളായും അഭിനയിച്ചു. യാതൊരു ഭയവുമില്ലാതെ അവർ സന്തോഷത്തോടെ കളിച്ചു. അതിനിടയിൽ, മയൻ എന്ന അസുരന്റെ മകനും വലിയ മാന്ത്രികനുമായ വ്യോമൻ എന്ന ഒരു അസുരൻ ഒരു ഗോപാലന്റെ വേഷത്തിൽ അവിടെയെത്തി. കളിയിൽ ഒരു കള്ളനായി ചേർന്ന അവൻ, ആടുകളായി അഭിനയിച്ചിരുന്ന മിക്ക ഗോപകുമാരന്മാരെയും മോഷ്ടിച്ചു. ആ അസുരൻ ഓരോരുത്തരെയായി തട്ടിക്കൊണ്ടുപോയി ഒരു മലഞ്ചെരിവിലെ ഗുഹയിലാക്കി വലിയൊരു കല്ല് കൊണ്ട് അതിന്റെ വാതിലും അടച്ചു. ഒടുവിൽ കളിയിൽ നാലോ അഞ്ചോ കുട്ടികൾ മാത്രം അവശിഷിച്ചു.

ഭക്തർക്ക് അഭയമായ ശ്രീകൃഷ്ണന് വ്യോമാസുരൻ ചെയ്യുന്നത് എന്താണെന്ന് കൃത്യമായി മനസ്സിലായി. സിംഹം ചെന്നായയെ പിടിക്കുന്നതുപോലെ, കൂടുതൽ കുട്ടികളെ കൊണ്ടുപോകാൻ ശ്രമിച്ച ആ അസുരനെ കൃഷ്ണൻ പിടികൂടി. പെട്ടെന്ന് അസുരൻ തന്റെ യഥാർത്ഥരൂപം സ്വീകരിച്ചു. ഒരു വലിയ മലപോലെ ശക്തനായിരുന്നു അവൻ. എന്നാൽ ഭഗവാന്റെ ശക്തമായ പിടിയിൽനിന്ന് മോചിതനാകാൻ അവന് കഴിഞ്ഞില്ല. അവന്റെ ശക്തി മുഴുവൻ ക്ഷയിച്ചുപോയിരുന്നു. ഭഗവാൻ അച്യുതൻ വ്യോമാസുരനെ തന്റെ കൈകൾക്കിടയിൽ അമർത്തി നിലത്തടിച്ചു. ആകാശത്തുനിന്ന് ദേവന്മാർ നോക്കിനിൽക്കെ, ഒരു ബലിമൃഗത്തെ കൊല്ലുന്നതുപോലെ കൃഷ്ണൻ അവനെ വധിച്ചു. അതിനുശേഷം ഗുഹയുടെ വാതിൽ അടച്ചിരുന്ന വലിയ പാറ കൃഷ്ണൻ തകർക്കുകയും തടവിലായിരുന്ന ഗോപകുമാരന്മാരെ രക്ഷിക്കുകയും ചെയ്തു. അതുകണ്ട് മനസ്സ് കുളിർന്ന ദേവന്മാരും ഗോപാലന്മാരും തന്തിരുവടിയുടെ ഗുണഗണങ്ങൾ പ്രകീർത്തിച്ചുപാടി. സർവ്വശക്തനായ ഭഗവാൻ ശ്രീകൃഷ്ണൻ ആ സമയം തിരികെ ഗോകുലത്തിലേക്ക് മടങ്ങി.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തേഴാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


10:36 അരിഷ്ടാസരവധം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 36

അരിഷ്ടാസരവധം


ശുകദേവൻ പറഞ്ഞു: ഹേ  പരീക്ഷിത്ത് രാജാവേ!, അങ്ങനെയിരിക്കുന്ന ഒരു സമയത്തായിരുന്നു അരിഷ്ടൻ എന്ന ഒരു അസുരൻ ഗോകുലത്തിൽ എത്തിയത്. ഭീമാകാരമായ  ഒരു കാളയുടെ വേഷത്തിൽ എത്തിയ അവൻ, തന്റെ കുളമ്പുകൾ കൊണ്ട് മണ്ണു മാന്തി ഭൂമിയെ വിറപ്പിച്ചു. അരിഷ്ടാസുരൻ അതിഭയങ്കരമായി ഗർജ്ജിക്കുകയും നിലത്ത് കുളമ്പുകൾ കൊണ്ട് മാന്തുകയും ചെയ്തു. വാലുയർത്തിയും കണ്ണുകൾ ഉരുട്ടിയും അവൻ തന്റെ കൊമ്പുകൾ കൊണ്ട് മണ്ണു തുരന്നു. ഇടയ്ക്കിടെ മലമൂത്രവിസർജ്ജനം നടത്തുന്നുമുണ്ടായിരുന്നു. പ്രിയപ്പെട്ട രാജാവേ!, മൂർച്ചയുള്ള കൊമ്പുകളുള്ള അരിഷ്ടാസുരന്റെ പുറത്തെ മുഴ കണ്ടാൽ ഒരു മലയാണെന്ന് തോന്നി മേഘങ്ങൾ അതിനുചുറ്റും തങ്ങിനിന്നു. ആ അസുരനെ കണ്ടപ്പോൾ ഗോപന്മാരും ഗോപികമാരും ഭയചകിതരായി. അവന്റെ അലർച്ച കേട്ടുഭയന്ന ഗർഭിണികളായ പശുക്കളുടെയും സ്ത്രീകളുടെയും ഗർഭം അലസിപ്പോയി.

ഭയം കാരണം വളർത്തുമൃഗങ്ങൾ മേച്ചിൽപ്പുറങ്ങളിൽനിന്ന് ഓടിപ്പോയി. നിവാസികളെല്ലാം ഭയപ്പെട്ട് "കൃഷ്ണാ!, കൃഷ്ണാ!" എന്ന് വിളിച്ചുകൊണ്ട് ഗോവിന്ദന്റെ അടുക്കൽ അഭയം തേടി. തന്റെ ഗോപസമൂഹം ഭയപ്പെട്ട് ഓടുന്നത് കണ്ട ഭഗവാൻ, "ഭയപ്പെടേണ്ട" എന്ന് പറഞ്ഞുകൊണ്ട് അവരെ ശാന്തരാക്കി. പിന്നീട് തന്തിരുവടി കാളയുടെ വേഷത്തിൽ വന്നിരിക്കുന്ന ആ അസുരനെ ഇപ്രകാരം വിളിച്ചു. ഹേ മഠയനായ നീചാ! ഞാൻ ഇവിടെയുള്ളപ്പോൾ ഗോപന്മാരെയും മൃഗങ്ങളെയും ഭയപ്പെടുത്താൻ നിനക്കെങ്ങനെ ധൈര്യം വന്നു? നിന്നെപ്പോലെയുള്ള ദുഷ്ടന്മാരെ ശിക്ഷിക്കാൻ തന്നെയാണ് ഞാൻ ഇവിടെയുള്ളത്!. ഇപ്രകാരം പറഞ്ഞുകൊണ്ട് ഭഗവാൻ ഹരി തന്റെ കൈകൾ കൂട്ടിയിടിപ്പിച്ച് ശബ്ദമുണ്ടാക്കി. ആ ശബ്ദം കേട്ട് അരിഷ്ടൻ കൂടുതൽ കോപിഷ്ഠനായി. ഭഗവാൻ തന്റെ കരുത്തുറ്റ കൈകൾ ഒരു സുഹൃത്തിന്റെ തോളിൽ അലസമായി ഇട്ടുകൊണ്ട് അസുരന് അഭിമുഖമായി നിന്നു. പ്രകോപിതനായ അരിഷ്ടൻ തന്റെ കുളമ്പുകൊണ്ട് വീണ്ടും മണ്ണു മാന്തി, വാലുയർത്തി മേഘങ്ങളെ വകഞ്ഞുമാറ്റി കൃഷ്ണനു നേരെ പാഞ്ഞടുത്തു. കൊമ്പുകൾ നേരെ പിടിച്ച്, രക്തവർണ്ണമായ കണ്ണുകളാൽ കൃഷ്ണനെ രൂക്ഷമായി നോക്കിക്കൊണ്ട്, ഇന്ദ്രൻ എറിഞ്ഞ വജ്രായുധം പോലെ, അരിഷ്ടൻ പൂർണ്ണവേഗത്തിൽ പാഞ്ഞടുത്തു. ഭഗവാൻ കൃഷ്ണൻ അരിഷ്ടാസുരന്റെ കൊമ്പുകളിൽ പിടിച്ച്, ഒരു ആന തന്റെ എതിരാളിയെ എന്നപോലെ പതിനെട്ടടി പിന്നിലേക്ക് തള്ളിയെറിഞ്ഞു. പിന്നിലേക്ക് തള്ളപ്പെട്ട അസുരൻ എഴുന്നേറ്റ്, ശരീരം മുഴുവൻ വിയർത്ത് അമിതവേഗത്തിൽ ശ്വാസം വിട്ടുകൊണ്ട് അടക്കാനാകാത്ത ദേഷ്യത്തോടെ വീണ്ടും ആക്രമിച്ചു.

അരിഷ്ടൻ ആക്രമിച്ചപ്പോൾ ഭഗവാൻ അവന്റെ കൊമ്പുകളിൽ പിടിച്ച് തറയിൽ വീഴ്ത്തി. നനഞ്ഞ തുണി അലക്കുന്നതുപോലെ ഭഗവാൻ അവനെ നിലത്തറഞ്ഞുതല്ലി. ഒടുവിൽ അവന്റെ ഒരു കൊമ്പ് പിഴുതെടുത്ത്, അവൻ ചലനമറ്റുവീഴുന്നതുവരെ അതുകൊണ്ടുതന്നെ അവനെ അടിച്ചു. രക്തം ഛർദ്ദിച്ചും മലമൂത്രവിസർജ്ജനം ചെയ്തും കാലുകളിട്ടടിച്ചും അരിഷ്ടാസുരൻ മരണമടഞ്ഞു. ദേവന്മാർ കൃഷ്ണന്റെ മേൽ പുഷ്പവൃഷ്ടി നടത്തി. ഗോപികമാരുടെ കണ്ണുകൾക്ക് ഉത്സവമായ ഭഗവാൻ ശ്രീകൃഷ്ണൻ അരിഷ്ടാസുരനെ കൊന്നതിനുശേഷം ബലരാമനോടൊപ്പം ഗോകുലത്തിലേക്ക് മടങ്ങി.

കൃഷ്ണൻ അരിഷ്ടാസുരനെ വധിച്ച വിവരം അറിഞ്ഞ നാരദമുനി കംസരാജാവിനെ കാണാൻ പോയി. ദിവ്യദൃഷ്ടിയുള്ള ആ മഹർഷി രാജാവിനോട് ഇപ്രകാരം പറഞ്ഞു: അല്ലയോ ഭോജാധിപാ!, യശോദയ്ക്കുണ്ടായത് യഥാർത്ഥത്തിൽ ഒരു പെൺകുട്ടിയായിരുന്നു, കൃഷ്ണൻ ദേവകിയുടെ മകനാണ്. അതുപോലെ രാമൻ രോഹിണിയുടെ മകനാണ്. അങ്ങയോടുള്ള ഭയം കാരണം വസുദേവർ കൃഷ്ണനെയും ബലരാമനെയും തന്റെ സുഹൃത്തായ നന്ദമഹാരാജാവിനെ ഏൽപ്പിച്ചതാണ്. നിന്റെ ആളുകളെ കൊന്നത് ഈ രണ്ടു കുട്ടികളാണ്. 

ഇതുകേട്ട് ഭോജരാജാവായ കംസൻ കോപിഷ്ഠനായി. വസുദേവരെ കൊല്ലാനായി അവൻ വാളെടുത്തു. എന്നാൽ വസുദേവരുടെ ഈ രണ്ട് പുത്രന്മാരായിരിക്കും നിന്റെ മരണത്തിന് കാരണമാകുക എന്ന് നാരദൻ കംസനെ ഓർമ്മിപ്പിച്ചു. അതിനെ തുടർന്ന് കംസൻ വസുദേവരെയും അദ്ദേഹത്തിന്റെ ഭാര്യയായ ദേവകീദേവിയെയും ഇരുമ്പ് ചങ്ങലകളാൽ ബന്ധിച്ചു. നാരദൻ പോയതിനുശേഷം കംസൻ കേശിയെ വിളിച്ച്, "നീ പോയി രാമനെയും കൃഷ്ണനെയും വധിക്കുക" എന്ന് ആജ്ഞാപിച്ചു. തുടർന്ന് കംസൻ മുഷ്ടികൻ, ചാണൂരൻ, ശലൻ, തശാലൻ തുടങ്ങിയ മന്ത്രിമാരെയും ആനപ്പാറാവുകളെയും വിളിച്ച് ഇപ്രകാരം പറഞ്ഞു.

കംസൻ പറഞ്ഞു: വീരന്മാരായ ചാണൂരനും മുഷ്ടികനും ശ്രദ്ധിക്കുക. നന്ദഗോപന്റെ ഗ്രാമത്തിൽ വസുദേവരുടെ പുത്രന്മാരായ രാമനും കൃഷ്ണനും താമസിക്കുന്നുണ്ട്. അവർ എന്റെ മരണത്തിന് കാരണമാകുമെന്ന് പ്രവചനമുണ്ട്. ഞാൻ അവരെ ഇവിടേക്ക് ക്ഷിണിക്കാൻ പോകുകയാണ്. അവരെ ഇവിടെ എത്തിക്കുമ്പോൾ മല്ലയുദ്ധത്തിന്റെ പേരിൽ നിങ്ങൾ അവരെ കൊല്ലണം. നഗരവാസികൾക്കും മറ്റുള്ളവർക്കും കാണാനായി മല്ലയുദ്ധത്തിനുള്ള വലിയൊരു വേദി ഒരുക്കുക. ആനപാപ്പാൻ, കുവലയാപീഡം എന്ന ആനയെ മല്ലയുദ്ധവേദിയുടെ കവാടത്തിൽ നിർത്തണം. എന്റെ ആ രണ്ട് ശത്രുക്കളെയും കൊല്ലാൻ അതിനെ ഉപയോഗിക്കണം. വേദവിധിപ്രകാരം ചതുർദ്ദശി നാളിൽ ധനുർയാഗം ആരംഭിക്കുക. ഭഗവാൻ ശിവന് മൃഗബലി അർപ്പിക്കുക. രാജാവേ!, ഇങ്ങനെ മന്ത്രിമാർക്ക് നിർദ്ദേശം നൽകിയശേഷം കംസൻ യദുക്കളിൽ പ്രമുഖനായ അക്രൂരനെ വിളിപ്പിച്ചു. കാര്യങ്ങൾ നേടിയെടുക്കാൻ മിടുക്കനായിരുന്ന കംസൻ അക്രൂരന്റെ കൈകൾ പിടിച്ചശേഷം ഇപ്രകാരം പറഞ്ഞു : പ്രിയപ്പെട്ട അക്രൂരാ!, നീ എനിക്ക് ഒരു സഹായം ചെയ്യണം. ഭോജന്മാരിലും വൃഷ്ണി വംശജരിലും നിന്നെപ്പോലെ എന്നോട് സ്നേഹമുള്ള മറ്റാരുമില്ല. അക്രൂരാ!, നീ നിന്റെ ചുമതലകൾ എപ്പോഴും വിവേകത്തോടെ ചെയ്യുന്നവനാണ്. അതിനാൽ, ഇന്ദ്രൻ വിഷ്ണുവിനെ ആശ്രയിക്കുന്നതുപോലെ, ഞാൻ നിന്നെ ആശ്രയിക്കുന്നു. നീ നന്ദന്റെ ഗ്രാമത്തിലേക്ക് പോകുക. അവിടെ വസുദേവരുടെ രണ്ട് പുത്രന്മാരുണ്ട്. താമസം കൂടാതെ അവരെ രഥത്തിൽ ഇവിടെ എത്തിക്കുക. വിഷ്ണുവിന്റെ സംരക്ഷണയിലുള്ള ദേവന്മാർ എന്റെ മരണമായി ഈ രണ്ട് കുട്ടികളെ ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ്. അവരെയും, ഒപ്പം നന്ദനെയും മറ്റ് ഗോപന്മാരെയും കാഴ്ചദ്രവ്യങ്ങളുമായി ഇവിടെ എത്തിക്കുക. നീ കൃഷ്ണനെയും ബലരാമനെയും എത്തിച്ചു കഴിഞ്ഞാൽ, യമനെപ്പോലെ കരുത്തനായ എന്റെ ആനയെക്കൊണ്ട് ഞാൻ അവരെ കൊല്ലിക്കും. ഇനി അവർ അതിൽനിന്ന് രക്ഷപ്പെട്ടാൽ, മിന്നൽപോലെ കരുത്തരായ എന്റെ മല്ലന്മാരെക്കൊണ്ട് ഞാൻ അവരെ എന്നെന്നേക്കുമായി ഇല്ലാതെയാകും. അവർ രണ്ടുപേരും കൊല്ലപ്പെട്ടുകഴിഞ്ഞാൽ, വസുദേവരെയും അവരുടെ ബന്ധുക്കളായ വൃഷ്ണികളെയും ഭോജന്മാരെയും ദശാർഹരെയും ഞാൻ നാമാവശേഷമാക്കും.

രാജ്യമോഹത്തിൽ കഴിയുന്ന വൃദ്ധനായ എന്റെ പിതാവ് ഉഗ്രസേനനെയും അദ്ദേഹത്തിന്റെ സഹോദരൻ ദേവകനെയും മറ്റ് ശത്രുക്കളെയും ഞാൻ വധിക്കും. അതോടെ എന്റെ സുഹൃത്തേ!, ഈ ഭൂമി എനിക്ക് ശത്രുക്കളില്ലാത്തതാകും. ജരാസന്ധനും ദ്വിവിദനും ശംബരനും നരകനും ബാണനും എന്റെ ഉറ്റ സുഹൃത്തുക്കളാണ്. ദേവന്മാരോടൊപ്പം നിൽക്കുന്ന രാജാക്കന്മാരെ കൊല്ലാൻ ഞാൻ അവരെ ഉപയോഗിക്കും. അതിനുശേഷം ഞാൻ ഈ ഭൂമി ഭരിക്കും. ഇപ്പോൾ നിനക്ക് എന്റെ ഉദ്ദേശ്യം മനസ്സിലായല്ലോ?. ഉടൻതന്നെ പോയി ധനുർയാഗം കാണാനെന്ന വ്യാജേന കൃഷ്ണനെയും ബലരാമനെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരിക.

അക്രൂരൻ പറഞ്ഞു: രാജാവേ!, അങ്ങയുടെ ആപത്തുകൾ ഒഴിവാക്കാൻ അങ്ങ് നല്ലൊരു പദ്ധതിതന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. എങ്കിലും വിജയത്തിലും പരാജയത്തിലും ഒരുപോലെ ഇരിക്കണം, കാരണം വിധി തന്നെയാണ് ഫലം നിശ്ചയിക്കുന്നത്. വിധി അനുകൂലമല്ലാത്തപ്പോൾ പോലും സാധാരണ മനുഷ്യൻ തന്റെ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് അയാൾക്ക് സന്തോഷവും ദുഃഖവും അനുഭവിക്കേണ്ടി വരുന്നു. എങ്കിലും അങ്ങയുടെ ആജ്ഞ ഞാൻ അനുസരിക്കാം.

ശുകദേവൻ പറഞ്ഞു: രാജാവേ!, അങ്ങനെ, അക്രൂരന് നിർദ്ദേശം നൽകിയ ശേഷം കംസൻ മന്ത്രിമാരെ പോകാൻ അനുവദിച്ചു. രാജാവ് തന്റെ അന്തഃപുരത്തിലേക്കും അക്രൂരൻ തന്റെ വീട്ടിലേക്കും മടങ്ങി.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തിയാറാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>


2025 ഡിസംബർ 26, വെള്ളിയാഴ്‌ച

10:35 ഗോപികമാർ കൃഷ്ണമാഹാത്മ്യം പാടുന്നു

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 35

ഗോപികമാർ കൃഷ്ണമാഹാത്മ്യം പാടുന്നു

--------------------------------------------------------------------------------------------------------------

ശുുകദേവൻ പറഞ്ഞു: അല്ലയോ രാജാവേ!, ഭഗവാൻ ശ്രീകൃഷ്ണൻ വനത്തിലേക്ക് പോകുമ്പോഴെല്ലാം ഗോപികമാരുടെ മനസ്സും തന്തിരുവടിയുടെ പിന്നാലെ പായുമായിരുന്നു. ആ സ്ത്രീകൾ ഭഗവാന്റെ ലീലകളെക്കുറിച്ച് പാടിക്കൊണ്ട് തങ്ങളുടെ പകൽ സമയങ്ങൾ മുഴുവനും ദുഃഖത്തോടെ ചെലവഴിച്ചിരുന്നു. 

ഗോപിമാർ പറഞ്ഞു: മുകുന്ദൻ തന്റെ മൃദുവായ വിരലുകൾകൊണ്ട് ഓടക്കുഴുലിന്റെ സുഷിരങ്ങൾ അടച്ചുപിടിച്ച് ചുണ്ടുകളോട് ചേർത്ത് അത് വായിക്കുമ്പോൾ, തന്റെ ഇടത്തെ കവിൾതടം ഇടതുകൈയിൽ ചായ്ച്ചുവെച്ച് തന്റെ പുരികങ്ങളെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നു. ആ സമയത്ത് സിദ്ധന്മാർക്കൊപ്പം ആകാശത്തിലൂടെ സഞ്ചരിക്കുന്ന ദേവസ്ത്രീകൾ അത്ഭുതം കൂറുന്നു. ആ സംഗീതം കേൾക്കുമ്പോൾ, തങ്ങളുടെ മനസ്സ് ലൗകികമായ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നത് കണ്ട് ആ സ്ത്രീകൾ ലജ്ജിക്കുന്നു. ആ മനോവിഷമത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ അയയുന്നത് പോലും അവർ അറിയുന്നില്ല. 

ഗോപികമാരേ!, ദുഖിതരുടെ സന്തോഷമാകുന്ന നന്ദകുമാരൻ, തന്റെ മാറിൽ സ്ഥിരമായ ശ്രീവത്സം വഹിക്കുകയും രത്നമാല പോലെയുള്ള പുഞ്ചിരി തൂകുകയും ചെയ്യുന്നു. അത്ഭുതകരമായ ഒരു കാര്യം നിങ്ങൾ കേൾക്കൂ. അവൻ ഓടക്കുഴൽ വായിക്കുമ്പോൾ, ദൂരെയുള്ള വ്രജത്തിലെ കാളകളും മാനുകളും പശുക്കളും ആ ശബ്ദത്തിൽ മയങ്ങിപ്പോകുന്നു. അവ വായിലിട്ട ഭക്ഷണം ചവയ്ക്കുന്നത് നിർത്തി ചെവികൾ വട്ടം പിടിക്കുന്നു. സ്തംഭിച്ചു നിൽക്കുന്ന അവ ഉറങ്ങുന്നതുപോലെയോ അല്ലെങ്കിൽ ഒരു ചിത്രത്തിലെ രൂപങ്ങൾ പോലെയോ കാണപ്പെടുന്നു. എന്റെ പ്രിയ ഗോപികേ!, ചിലപ്പോൾ മുകുന്ദൻ ഇലകളും മയിൽപീലിയും ചായക്കല്ലുകളുംകൊണ്ട് സ്വയം അലങ്കരിച്ച് ഒരു മല്ലനെപ്പോലെ വേഷമിടുന്നു. തുടർന്ന് ബലരാമന്റെയും ഗോപന്മാരുടെയും കൂടെ ചേർന്ന് പശുക്കളെ വിളിച്ചുവരുത്തുവാനായി ഓടക്കുഴൽ വായിക്കുന്നു. ആ സമയത്ത് നദികൾ നിശ്ചലമാകുന്നു. അവന്റെ പാദധൂളികൾ കാറ്റിലൂടെ വന്നെത്തുന്നതും കാത്തുനിൽക്കുന്ന ആവേശത്തിൽ അവ സ്തംഭിച്ചു പോകുന്നു. പക്ഷേ, നമ്മളെപ്പോലെതന്നെ ആ നദികളും അത്ര പുണ്യശാലികളല്ല, അതുകൊണ്ട് സ്നേഹംകൊണ്ട് വിറയ്ക്കുന്ന കൈകളോടെ അവർ വെറുതെ കാത്തുനിൽക്കുകയാണ്.

തന്റെ ലീലകൾ പ്രകീർത്തിക്കുന്ന സുഹൃത്തുക്കൾക്കൊപ്പം അവൻ വനത്തിലൂടെ നടക്കുന്നു. ആ സമയം അവൻ സർവ്വൈശ്വര്യയുക്തനായി കാണപ്പെടുന്നു. പശുക്കൾ മലഞ്ചെരിവുകളിലേക്ക് മേയാൻ പോകുമ്പോൾ ഭഗവാൻ ഓടക്കുഴൽ വിളിക്കുന്നു, ആ സമയം,  ധാരാളം പൂക്കളും പഴങ്ങളും കൊണ്ട് നിറഞ്ഞുനിൽക്കുന്ന വനത്തിലെ ആ വൃക്ഷങ്ങളും വള്ളികളും അവ തങ്ങളുടെ ഹൃദയത്തിൽ വിഷ്ണുഭഗവാനെ വഹിക്കുന്നതുപോലെ തോന്നിക്കുന്നു. ഭാരം കൊണ്ട് അവയുടെ കൊമ്പുകൾ കുനിയുമ്പോൾ, ഭഗവാനോടുള്ള ഭക്തിയുടെ ആവേശത്തിൽ ആ മരങ്ങളുടെയും വള്ളികളുടെയും തണ്ടുകളിലെ മുകുളങ്ങൾ എഴുന്നു നിൽക്കുന്നു. വൃക്ഷങ്ങളും വള്ളികളും മധുരമായ തേൻ മഴ പൊഴിക്കുന്നു. കൃഷ്ണൻ ധരിച്ചിരിക്കുന്ന മാലയിലെ തുളസിപ്പൂക്കളുടെ ദിവ്യമായ മണത്തിൽ മതിമറന്ന് തേനീച്ചക്കൂട്ടങ്ങൾ അവനുവേണ്ടി ഉച്ചത്തിൽ പാടുന്നു. സുന്ദരനായ ഭഗവാൻ അവരുടെ പാട്ടിനെ നന്ദിയോടെ അഭിനന്ദിച്ചുകൊണ്ട് ഓടക്കുഴൽ വായിക്കുന്നു. ആ മനോഹരമായ സംഗീതം കൊക്കുകളുടെയും ഹംസങ്ങളുടെയും മറ്റ് പക്ഷികളുടെയും മനസ്സ് കവർന്നെടുക്കുന്നു. അവർ കൃഷ്ണന്റെ അടുത്തുചെന്ന് കണ്ണ് അടച്ച് മൗനമായിരുന്നുകൊണ്ട് ആഴത്തിലുള്ള ധ്യാനത്തിലൂടെ അവനെ ആരാധിക്കുന്നു.

വ്രജത്തിലെ അല്ലയോ ദേവിമാരേ!, ശ്രീകൃഷ്ണൻ ബലരാമനോടൊപ്പം മലഞ്ചെരിവുകളിൽ രസിക്കുമ്പോൾ, തലയിൽ പൂമാലകൾ അണിഞ്ഞ് ഓടക്കുഴൽനാദത്തിലൂടെ എല്ലാവരെയും അവൻ സന്തോഷിപ്പിക്കുന്നു. അങ്ങനെ ലോകത്തിന് മുഴുവൻ ആ കാരുണ്യമൂർത്തി ആനന്ദം നൽകുന്നു. ആ സമയത്ത് മേഘങ്ങൾ വളരെ പതുക്കെ തന്റെ പ്രിയ സുഹൃത്തായ കൃഷ്ണന് മുകളിൽ പൂക്കൾ വർഷിക്കുകയും ഒരു കുട പോലെനിന്നുകൊണ്ട് വെയിലിൽ ആ പരാമപുരുഷന് തണലേകുകയും ചെയ്യുന്നു. പുണ്യവതിയായ യശോദ മാതാവേ!, പശുക്കളെ മേയ്ക്കുന്ന കലയിൽ നിപുണനായ നിങ്ങളുടെ മകൻ ഓടക്കുഴൽ വായനയിൽ പല പുതിയ ശൈലികളും കണ്ടെത്തിയിരിക്കുന്നു. അവൻ തന്റെ ബിംബഫലം പോലെയുള്ള ചുവന്ന ചുണ്ടുകളിൽ ഓടക്കുഴൽ വെച്ച് വിവിധ രാഗങ്ങൾ വായിക്കുമ്പോൾ, ബ്രഹ്മാവും ശിവനും ഇന്ദ്രനും മറ്റ് ദേവന്മാരും ആ നാദം കേട്ട് അമ്പരന്നുപോകുന്നു. അവർ വലിയ പണ്ഡിതന്മാരാണെങ്കിലും ആ സംഗീതത്തിന്റെ സത്ത തിരിച്ചറിയാൻ കഴിയാതെ ഭക്തിയോടെ തല കുനിക്കുന്നു.

തന്തിരുവടി താമരയിതൾ പോലെയുള്ള തന്റെ പാദങ്ങൾകൊണ്ട് വ്രജത്തിലൂടെ നടക്കുമ്പോൾ, ധ്വജം, വജ്രം, താമര, അങ്കുശം എന്നീ അടയാളങ്ങൾ ഭൂമിയിൽ പതിപ്പിക്കുന്നു. പശുക്കളുടെ കുളമ്പുകൾ കൊണ്ട് ഭൂമിക്കുണ്ടായ വേദന അവൻ മാറ്റുന്നു. ഓടക്കുഴൽ വായിക്കുമ്പോൾ അവന്റെ ശരീരം ഒരു ആനയെപ്പോലെ ഗാംഭീര്യത്തോടെ ചലിക്കുന്നു. കൃഷ്ണൻ കളിയായി ഞങ്ങളെ നോക്കുമ്പോൾ കാമദേവനാൽ ചഞ്ചലരാകുന്ന ഞങ്ങൾ ഗോപികമാർ, മരങ്ങളെപ്പോലെ അനങ്ങാതെ നിന്നുപോകുന്നു. ഞങ്ങളുടെ മുടിയും വസ്ത്രവും അഴിഞ്ഞുവീഴുന്നത് പോലും ഞങ്ങൾ അറിയുന്നില്ല. ഇപ്പോൾ കൃഷ്ണൻ എവിടെയോനിന്ന് രത്നമാല ഉപയോഗിച്ച് തന്റെ പശുക്കളെ എണ്ണുകയാണ്. സുഗന്ധമുള്ള തുളസിമാല അവൻ കഴുത്തിൽ ധരിച്ചിരിക്കുന്നു. ഒരു ഗോപസുഹൃത്തിന്റെ തോളിൽ അവൻ കൈ വച്ചിരിക്കുകയാണ്. കൃഷ്ണൻ പാടുകയും കുഴൽ വായിക്കുകയും ചെയ്യുമ്പോൾ, ആ സംഗീതം കറുത്ത മാനുകളുടെ ഇണകളെ ആകർഷിക്കുന്നു. അവർ ആ സത്ഗുണസാഗരത്തിന് അരികിൽ വന്നിരിക്കുന്നു. ഞങ്ങളെപ്പോലെതന്നെ അവരും കുടുംബജീവിതത്തിലെ സന്തോഷത്തിലുള്ള പ്രതീക്ഷകൾ ഉപേക്ഷിച്ചിരിക്കുന്നു.

ഹേ അനഘയായ യശോദയേ!, നിങ്ങളുടെ പ്രിയപുത്രൻ മുല്ലപ്പൂമാല കൊണ്ട് തന്റെ വസ്ത്രത്തെ അലങ്കരിച്ച് യമുനാതീരത്ത് പശുക്കളോടും സുഹൃത്തുക്കളോടും കൂടിയിരുന്നു രസിക്കുന്നു. സുഗന്ധമുള്ള ഇളംകാറ്റ് അവനെ തഴുകിയൊഴുകുന്നു, ഉപദേവതകൾ ചുറ്റുംനിന്ന് സംഗീതവും സ്തുതികളും പാടി,  ഉപഹാരങ്ങളും നൽകി അവനെ ആരാധിക്കുന്നു. വ്രജത്തിലെ പശുക്കളോടുള്ള വലിയ സ്നേഹംകൊണ്ട് കൃഷ്ണൻ ഗോവർദ്ധന പർവ്വതം തന്റെ കൈയ്യിലുയർത്തി. ദിവസാവസാനം പശുക്കളെ എല്ലാം ഒരുമിച്ചു കൂട്ടി അവൻ ഓടക്കുഴൽ വായിക്കുമ്പോൾ, അതുകണ്ടുനിൽക്കുന്ന ദേവന്മാർ അവന്റെ പാദങ്ങളെ ആരാധിക്കുന്നു. ഗോപവൃന്ദം  അവന്റെ കീർത്തനങ്ങൾ പാടുന്നു. പശുക്കളുടെ കുളമ്പുകൾ ഉയർത്തിയ പൊടിപടലങ്ങൾകൊണ്ട് അവന്റെ മാല ധൂളിയണിഞ്ഞിരിക്കുന്നു. അവന്റെ സൗന്ദര്യം എല്ലാവരുടെയും കണ്ണുകൾക്ക് ഒരു ഉത്സവമാണ്. സുഹൃത്തുക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാനായി അവതരിച്ച തന്തിരുവടി യശോദയുടെ ഗർഭപാത്രത്തിൽ നിന്ന് ഉദിച്ച ചന്ദ്രനെപ്പോലെയാണ്.

കൃഷ്ണൻ തന്റെ സുഹൃത്തുക്കളെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുമ്പോൾ, മത്തുപിടിച്ചതുപോലെ അവന്റെ കണ്ണുകൾ പതുക്കെ കറങ്ങുന്നു. അവൻ പൂമാലകൾ ധരിച്ചിരിക്കുന്നു. സ്വർണ്ണ കമ്മലുകളുടെ തിളക്കവും മുഖത്തെ പ്രകാശവും അവന്റെ മൃദുവായ കവിളുകളുടെ ഭംഗി വർദ്ധിപ്പിക്കുന്നു. ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖത്തോടെ യദുകുലനാഥൻ ഒരു ഗജരാജന്റെ പ്രൗഢിയിൽ നടക്കുന്നു. വൈകുന്നേരം അവൻ മടങ്ങിവരുമ്പോൾ പകൽ വെയിലിൽനിന്ന് വ്രജത്തിലെ പശുക്കളെ രക്ഷിക്കുന്നു.

ശ്രീ ശുുകദേവൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ പകൽസമയത്ത് വൃന്ദാവനത്തിലെ സ്ത്രീകൾ കൃഷ്ണന്റെ ലീലകൾ നിരന്തരം പാടിക്കൊണ്ട് ആനന്ദം കണ്ടെത്തി. അവരുടെ മനസ്സും ഹൃദയവും അവനിൽ ലയിച്ച് വലിയ സന്തോഷത്താൽ നിറഞ്ഞു.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തിയഞ്ചാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>