ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 37
ഭഗവാൻ ശ്രീകൃഷ്ണൻ കേശി, വ്യോമൻ മുതലായ അസുരന്മാരെ വധിക്കുന്നത്
ബോധം തിരിച്ചുകിട്ടിയ കേശി വീണ്ടും ക്രോധത്തോടെ എഴുന്നേറ്റു, വായ വലുതായിത്തുറന്ന് ശ്രീകൃഷ്ണനെ ആക്രമിക്കാൻ അവൻ വീണ്ടും പാഞ്ഞടുത്തു. എന്നാൽ ഭഗവാൻ മന്ദഹസിച്ചുകൊണ്ട്, പാമ്പ് മാളത്തിലേക്ക് കയറ്റുന്നതുപോലെ അനായാസമായി തന്റെ ഇടതുകൈ ആ കുതിരയുടെ വായയ്ക്കുള്ളിലേക്ക് കടത്തി. ഭഗവാന്റെ കൈ തട്ടിയ ഉടനെ കേശിയുടെ പല്ലുകൾ കൊഴിഞ്ഞുപോയി. അസുരന് ആ കൈ ഉരുകിയ ഇരുമ്പുപോലെ ചൂടുള്ളതായി അനുഭവപ്പെട്ടു. അസുഖം വന്ന രോഗികളുടെ വയർ വീർക്കുന്നതുപോലെ, കേശിയുടെ ശരീരത്തിനുള്ളിലിരുന്ന ഭഗവാന്റെ കൈ പെട്ടെന്ന് വലുതാകാൻ തുടങ്ങി. ശ്രീകൃഷ്ണന്റെ കൈ വികസിച്ചതോടെ കേശിയുടെ ശ്വാസം പൂർണ്ണമായും തടസ്സപ്പെട്ടു. അവൻ കൈകാലുകളിട്ടടിച്ചു, ശരീരം വിയർപ്പിൽ കുളിച്ചു, കണ്ണുകൾ ഉരുണ്ടു. ഒടുവിൽ ആ അസുരൻ മലമൂത്രവിസർജ്ജനം നടത്തി നിലത്തുവീണ് മരിച്ചു.
മഹാബാഹുവായ കൃഷ്ണൻ കേശിയുടെ ശരീരത്തിൽനിന്ന് തന്റെ കൈ പിൻവലിച്ചു. ചത്തുവീണ ആ ശരീരം ഒരു നീളൻ വെള്ളരിക്ക പോലെ കാണപ്പെട്ടു. ശത്രുവിനെ ഇത്ര നിഷ്പ്രയാസം കൊന്നതിൽ അല്പം പോലും അഹങ്കാരമില്ലാതെ നിന്ന ഭഗവാനെ, ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തിക്കൊണ്ട് ദേവന്മാർ ആരാധിച്ചു. ഹേ രാജാവേ!, അതിനുശേഷം ദേവർഷിയായ നാരദൻ ഏകാന്തമായ ഒരിടത്ത് വെച്ച് ഭഗവാൻ ശ്രീകൃഷ്ണനെ സമീപിച്ചു. ലീലകൾ അനായാസമായി നിർവ്വഹിച്ചുകൊണ്ടിരുന്ന ഭഗവാനോട് ആ പരമഭക്തൻ ഇപ്രകാരം സംസാരിച്ചു.
നാരദമുനി പറഞ്ഞു: ഹേ കൃഷ്ണാ!, അനന്തനായ ഹേ നാരായണ!, സർവ്വ യോഗശക്തികളുടെയും ഉറവിടമേ!, പ്രപഞ്ചനാഥാ! ഹേ വാസുദേവാ!, സർവ്വ ചരാചരങ്ങളുടെയും അഭയസ്ഥാനമേ!, യദുകുലശ്രേഷ്ഠാ! അങ്ങ് സർവ്വ ജീവജാലങ്ങളുടെയും പരമാത്മാവാണ്. വിറകിനുള്ളിൽ അഗ്നി എന്നതുപോലെ ഹൃദയമാകുന്ന ഗുഹയിൽ അങ്ങ് അദൃശ്യനായി ഇരിക്കുന്നു. അങ്ങ് എല്ലാവരുടെയും ഉള്ളിലെ സാക്ഷിയും, പരമപുരുഷനും, അന്തിമ നിയന്താവുമാണ്. അങ്ങ് എല്ലാ ആത്മാക്കളുടെയും അഭയമാണ്. പരമനിയന്താവായ അങ്ങ് അങ്ങയുടെ ഇച്ഛാശക്തിയാൽ മാത്രം ആഗ്രഹങ്ങൾ നിറവേറ്റുന്നു. സൃഷ്ടിയുടെ തുടക്കത്തിൽ അങ്ങയുടെ മായാശക്തിയാൽ പ്രകൃതിയുടെ ഗുണങ്ങളെ പ്രകടമാക്കുകയും, അവയിലൂടെ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. അതേ സ്രഷ്ടാവായ അങ്ങ് ഇപ്പോൾ ഭൂമിയിൽ അവതരിച്ചിരിക്കുന്നത്, രാജാക്കന്മാരുടെ വേഷത്തിൽ ഭൂമിദേവിയെ ഭരിക്കുന്ന ദൈത്യന്മാരെയും പ്രമഥന്മാരെയും രാക്ഷസന്മാരെയും നശിപ്പിക്കാനും ഭക്തരെ സംരക്ഷിക്കാനുമാണ്. ഈ കേശി എന്ന അസുരൻ തന്റെ ചിനപ്പിലൂടെ ദേവന്മാരെപോലും ഭയപ്പെടുത്തി അവരെ സ്വർഗ്ഗം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ഞങ്ങളുടെ ഭാഗ്യംകൊണ്ട് അങ്ങ് അവനെ ഒരു കളിയിലെന്നതുപോലെ വധിച്ചിരിക്കുന്നു.
അല്ലയോ സർവ്വശക്തനായ ഭഗവാനേ!, വരുംദിവസങ്ങളിൽ ചാണൂരൻ, മുഷ്ടികൻ തുടങ്ങിയ മല്ലന്മാരുടെയും, കുവലയാപീഡം എന്ന ആനയുടെയും, കംസരാജാവിന്റെയും മരണം അങ്ങയുടെ കൈകളാൽ നടക്കുന്നത് ഞാൻ കാണും. അതിനുശേഷം കാലയവനൻ, മുരൻ, നരകൻ, ശംഖാസുരൻ എന്നിവരെ അങ്ങ് വധിക്കുന്നതും, പാരിജാത പുഷ്പം കൊണ്ടുവരുന്നതും, ഇന്ദ്രനെ പരാജയപ്പെടുത്തുന്നതും ഞാൻ കാണും. വീരരായ രാജാക്കന്മാരുടെ പുത്രിമാരെ അങ്ങ് വിവാഹം കഴിക്കുന്നതിനും ഞാൻ സാക്ഷിയാകും. തുടർന്ന് ദ്വാരകയിൽ വെച്ച് നൃഗരാജാവിനെ ശാപത്തിൽ നിന്ന് മോചിപ്പിക്കുന്നതും, സ്യമന്തകമണി കൈക്കലാക്കുന്നതും അങ്ങ് കാണിച്ചുതരും. യമപുരിയിൽ നിന്ന് ബ്രാഹ്മണപുത്രനെ തിരികെ കൊണ്ടുവരുന്നതും, പൗണ്ഡ്രകനെ വധിക്കുന്നതും, കാശി നഗരം ദഹിപ്പിക്കുന്നതും, ദന്തവക്ത്രനെ കൊല്ലുന്നതും, രാജസൂയയജ്ഞത്തിൽ ശിശുപാലനെ വധിക്കുന്നതും ഞാൻ കാണും. ദ്വാരകയിലെ അങ്ങയുടെ വാസത്തിനിടയിൽ അങ്ങ് ചെയ്യുന്ന ഇത്തരം അനേകം ലീലകൾക്ക് ഞാൻ സാക്ഷിയാകും. ഈ ലീലകളെല്ലാം ഭൂമിയിലെ കവികളാൽ വാഴ്ത്തപ്പെടും. പിന്നീട്, കാലസ്വരൂപനായി അർജ്ജുനന്റെ രഥസാരഥിയായിവന്ന്, ഭൂഭാരം കുറയ്ക്കാൻ സൈന്യങ്ങളെ മുഴുവൻ നശിപ്പിക്കുന്നതും ഞാൻ കാണും.
ഭഗവാനേ!, അങ്ങയിലിതാ ഞാൻ അഭയം തേടുകയാണ്. അങ്ങ് പൂർണ്ണമായ ജ്ഞാനസ്വരൂപനും സ്വരൂപത്തിൽ എന്നും നിലകൊള്ളുന്നവനുമാണ്. അങ്ങയുടെ ഇച്ഛകൾ ഒരിക്കലും തടയപ്പെടുന്നില്ല. അങ്ങയുടെ ആത്മശക്തിയാൽ അങ്ങ് മായാഗുണങ്ങളിൽനിന്ന് എപ്പോഴും അകന്നുനിൽക്കുന്നു. സ്വതന്ത്രനും പരമനിയന്താവുമായ അങ്ങയെ ഞാൻ ഇതാ വണങ്ങുന്നു. അങ്ങയുടെ ശക്തിയാൽ അങ്ങ് ഈ പ്രപഞ്ചത്തിൽ വൈവിധ്യങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾ യദുവംശത്തിലെ വീരനായി അവതരിച്ച് മനുഷ്യരുടേതിന് സമാനമായ യുദ്ധങ്ങളിൽ ഏർപ്പെടാൻ അങ്ങ് തീരുമാനിച്ചിരിക്കുന്നു.
ശുകദേവൻ പറഞ്ഞു: രാജാവേ!, യദുകുലനാഥനായ ശ്രീകൃഷ്ണനോട് ഇപ്രകാരം സംസാരിച്ചതിനുശേഷം നാരദൻ തന്തിരുവടിയെ പ്രണമിച്ചു. ഭഗവാനെ നേരിൽ കണ്ടതിലുള്ള സന്തോഷത്തോടെ ആ മഹർഷി അവിടെനിന്ന് യാത്രയായി. യുദ്ധത്തിൽ കേശിയെ വധിച്ചശേഷം, ഭഗവാൻ തന്റെ ഗോപാലസുഹൃത്തുക്കളോടൊപ്പം പശുക്കളെ മേയിക്കുന്നത് തുടർന്നു. ഇപ്രകാരം വ്രജവാസികൾക്കെല്ലാം അദ്ദേഹം ആനന്ദം പകർന്നു.
ഒരു ദിവസം മലഞ്ചെരിവിൽ പശുക്കളെ മേയിക്കുന്നതിനിടയിൽ, ഗോപകുമാരന്മാർ കള്ളനും പോലീസും കളിക്കാൻ തീരുമാനിച്ചു. ഹേ രാജാവേ!, ആ കളിയിൽ ചിലർ കള്ളന്മാരായും ചിലർ ഇടയന്മാരായും മറ്റുചിലർ ആടുകളായും അഭിനയിച്ചു. യാതൊരു ഭയവുമില്ലാതെ അവർ സന്തോഷത്തോടെ കളിച്ചു. അതിനിടയിൽ, മയൻ എന്ന അസുരന്റെ മകനും വലിയ മാന്ത്രികനുമായ വ്യോമൻ എന്ന ഒരു അസുരൻ ഒരു ഗോപാലന്റെ വേഷത്തിൽ അവിടെയെത്തി. കളിയിൽ ഒരു കള്ളനായി ചേർന്ന അവൻ, ആടുകളായി അഭിനയിച്ചിരുന്ന മിക്ക ഗോപകുമാരന്മാരെയും മോഷ്ടിച്ചു. ആ അസുരൻ ഓരോരുത്തരെയായി തട്ടിക്കൊണ്ടുപോയി ഒരു മലഞ്ചെരിവിലെ ഗുഹയിലാക്കി വലിയൊരു കല്ല് കൊണ്ട് അതിന്റെ വാതിലും അടച്ചു. ഒടുവിൽ കളിയിൽ നാലോ അഞ്ചോ കുട്ടികൾ മാത്രം അവശിഷിച്ചു.
ഭക്തർക്ക് അഭയമായ ശ്രീകൃഷ്ണന് വ്യോമാസുരൻ ചെയ്യുന്നത് എന്താണെന്ന് കൃത്യമായി മനസ്സിലായി. സിംഹം ചെന്നായയെ പിടിക്കുന്നതുപോലെ, കൂടുതൽ കുട്ടികളെ കൊണ്ടുപോകാൻ ശ്രമിച്ച ആ അസുരനെ കൃഷ്ണൻ പിടികൂടി. പെട്ടെന്ന് അസുരൻ തന്റെ യഥാർത്ഥരൂപം സ്വീകരിച്ചു. ഒരു വലിയ മലപോലെ ശക്തനായിരുന്നു അവൻ. എന്നാൽ ഭഗവാന്റെ ശക്തമായ പിടിയിൽനിന്ന് മോചിതനാകാൻ അവന് കഴിഞ്ഞില്ല. അവന്റെ ശക്തി മുഴുവൻ ക്ഷയിച്ചുപോയിരുന്നു. ഭഗവാൻ അച്യുതൻ വ്യോമാസുരനെ തന്റെ കൈകൾക്കിടയിൽ അമർത്തി നിലത്തടിച്ചു. ആകാശത്തുനിന്ന് ദേവന്മാർ നോക്കിനിൽക്കെ, ഒരു ബലിമൃഗത്തെ കൊല്ലുന്നതുപോലെ കൃഷ്ണൻ അവനെ വധിച്ചു. അതിനുശേഷം ഗുഹയുടെ വാതിൽ അടച്ചിരുന്ന വലിയ പാറ കൃഷ്ണൻ തകർക്കുകയും തടവിലായിരുന്ന ഗോപകുമാരന്മാരെ രക്ഷിക്കുകയും ചെയ്തു. അതുകണ്ട് മനസ്സ് കുളിർന്ന ദേവന്മാരും ഗോപാലന്മാരും തന്തിരുവടിയുടെ ഗുണഗണങ്ങൾ പ്രകീർത്തിച്ചുപാടി. സർവ്വശക്തനായ ഭഗവാൻ ശ്രീകൃഷ്ണൻ ആ സമയം തിരികെ ഗോകുലത്തിലേക്ക് മടങ്ങി.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം മുപ്പത്തേഴാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>
.jpg)