2025 ഡിസംബർ 15, തിങ്കളാഴ്‌ച

10:28 വരുണദേവന്റെ പക്കൽനിന്നും നന്ദഗോപരെ ഭഗവാൻ രക്ഷിക്കുന്നത്.

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 16

വരുണദേവന്റെ പക്കൽനിന്നും നന്ദഗോപരെ ഭഗവാൻ രക്ഷിക്കുന്നത്.


ശ്രീ ബാദരായണൻ പറഞ്ഞു: ഹേ രാജാവേ!, ഒരിക്കൽ, ജനർദ്ദനഭഗവാനെ ആരാധിക്കുകയും ഏകാദശി നാളിൽ ഉപവസിക്കുകയും ചെയ്ത ശേഷം,  നന്ദമഹാരാജാവ് ദ്വാദശി നാളിൽ കുളിക്കാൻ വേണ്ടി കാളിന്ദി നദിയിലിറങ്ങി. രാത്രിയുടെ അന്ധകാരം നിറഞ്ഞ ആ സമയം അശുഭകരമാണെന്ന് വകവെക്കാതെ നന്ദമഹാരാജാവ് നദിയിൽ പ്രവേശിച്ചതിനാൽ, വരുണൻ്റെ ഒരു സേവകൻമാർ അദ്ദേഹത്തെ പിടികൂടി തങ്ങളുടെ യജമാനൻ്റെ അടുക്കൽ കൊണ്ടുപോയി.

ഹേ രാജാവേ!, നന്ദമഹാരാജാവിനെ കാണാതായപ്പോൾ, ഗോപന്മാർ "ഹേ കൃഷ്ണാ! ഹേ രാമാ!" എന്നിങ്ങനെ ഉച്ചത്തിൽ നിലവിളിച്ചു. അവരുടെ നിലവിളി കേട്ട മാത്രയിൽതന്നെ ഭഗവാന് മനസ്സിലായി, വരുണൻ തൻ്റെ പിതാവിനെ പിടികൂടിയിരിക്കുന്നു എന്ന്. ആയതിനാൽ, ഭക്തരക്ഷകനും സർവ്വശക്തനുമായ ഭഗവാൻ വരുണദേവൻ്റെ സഭയിലേക്ക് പോയി. ഭഗവാൻ ഹൃഷികേശൻ എത്തിച്ചേർന്നത് കണ്ടപ്പോൾ വരുണൻ ഭക്ത്യാദരവുകളോടെ ഭഗവാനെ പൂജിച്ചു. കൃഷ്ണനെ കണ്ടതിൽ അത്യധികം സന്തോഷഭരിതനായിരുന്ന വരുണൻ ഇപ്രകാരം സംസാരിച്ചു.

ശ്രീ വരുണൻ പറഞ്ഞു: ഇന്നിതാ എൻ്റെ ജന്മം സഫലമായിരിക്കുന്നു. എൻ്റെ ജീവിതലക്ഷ്യം ഇപ്പോൾ നിറവേറ്റപ്പെട്ടിരിക്കുന്നു, ഹേ ഭഗവാനേ!. ഹേ പരമപുരുഷാ!, അവിടുത്തെ താമരപ്പാദങ്ങളിൽ അഭയം തേടുന്നവർക്ക്  ഭൗതികമായ തങ്ങളുടെ അസ്തിത്വത്തിൻ്റെ പാതയെ മറികടക്കാൻ സാധിക്കുന്നു. നിന്തിരുവടിക്ക് എൻ്റെ നമസ്കാരം. അങ്ങ് ദിവ്യോത്തമനായ പരമപുരുഷനും, പരമസത്യവും, പരമാത്മാവുമാണ്. ഈ ലോകത്തിൻ്റെ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിക്കുന്ന മായാശക്തിയുടെ ഒരു കണികപോലും അവിടുത്തെ ഉള്ളിൽ ഇല്ല. അങ്ങയുടെ പിതാവിനെ സ്വന്തം കർത്തവ്യം മനസ്സിലാക്കാത്ത വിഡ്ഢിയും അജ്ഞാനികളുമായ എന്റെ ഒരു സേവകന്മാർ ഇവിടെ പിടിച്ചുകൊണ്ടുവന്നതാണ്. അതിനാൽ, അവിടുന്ന് ഞങ്ങൾക്ക് മാപ്പ് നൽകിയാലും. ഹേ കൃഷ്ണാ!, സർവ്വാന്തര്യാമിയായ അവിടുത്തെ കരുണ എന്നിലുണ്ടാകണം. ഹേ ഗോവിന്ദാ!, അങ്ങ് അവിടുത്തെ പിതാവിനോട് അത്യന്തം വാത്സല്യമുള്ളവനാണ്. ദയവായി അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുക.

ശുകദേവൻ പറഞ്ഞു: രാജാവേ!, അങ്ങനെ വരുണദേവനിൽ സംപ്രീതനായ ശ്രീഹരി, തൻ്റെ പിതാവിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. അവിടെ അവരെ കണ്ടപ്പോൾ ബന്ധുക്കൾക്ക് അതിയായ സന്തോഷമായി. സമുദ്രലോകത്തിൻ്റെ അധിപനായ വരുണൻ്റെ മഹത്തായ ഐശ്വര്യവും, അതുപോലെതന്നെ വരുണനും വരുണസേവകരും കൃഷ്ണപാദാരവിന്ദങ്ങളിൽ അർപ്പിച്ച ഭക്തിയും ബഹുമാനവും ആദ്യമായി കണ്ടപ്പോൾ നന്ദമഹാരാജാവ് അദ്ഭുതപ്പെട്ടുപോയിരുന്നു. ഇതെല്ലാം അദ്ദേഹം തൻ്റെ കൂട്ടുകാരായ ഗോപന്മാരോട് വിവരിച്ചു.

വരുണനുമായുള്ള ശ്രീകൃഷ്ണഭഗവാന്റെ ലീലകളെക്കുറിച്ച് കേട്ടപ്പോൾ ഗോപന്മാരാകട്ടെ, കൃഷ്ണൻ ഈശ്വരനായിരിക്കണം എന്ന് കരുതി. ഹേ രാജാവേ!, അവരുടെ മനസ്സുകൾ ആകാംഷയാൽ നിറഞ്ഞു. ഒരു നിമിഷത്തേക്ക് അവർ വൈകുണ്ഠ പ്രാപ്തിക്കായി ആഗ്രഹിച്ചു. സർവ്വവും കാണുന്നവനായ ഭഗവാൻ ശ്രീകൃഷ്ണൻ ഗോപന്മാരുടെ ആഗ്രഹം താനെ മനസ്സിലാക്കി. അത് നിറവേറ്റി തൻ്റെ കാരുണ്യം അവരെ കാണിക്കാൻ ആഗ്രഹിച്ചുകൊണ്ട് ഭഗവാൻ ഇപ്രകാരം മനസ്സിലോർത്തു.

ശ്രീകൃഷ്ണൻ ചിന്തിച്ചു: ഈ ലോകത്തിലെ മനുഷ്യർ, അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പൂർണ്ണമായ അറിവില്ലാതെ ചെയ്യുന്ന പ്രവർത്തികളിലൂടെ, സംസാരത്തിൽ മുങ്ങിയും പൊങ്ങിയും അലഞ്ഞുതിരിയുകയാണ്. അതിനാൽ ആളുകൾക്ക് അവരുടെ യഥാർത്ഥ ലക്ഷ്യം തിരിച്ചറിയാൻ കഴിയുന്നില്ല. അങ്ങനെ ഈ സാഹചര്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചപ്പോൾ, സർവ്വകാരുണ്യവാനായ ശ്രീഹരി ഗോപന്മാർക്ക് ഭൗതിക അന്ധകാരത്തിനപ്പുറമുള്ള തൻ്റെ വാസസ്ഥലം വെളിപ്പെടുത്തിക്കൊടുത്തു. അനന്തവും, ബോധപൂർണ്ണവും  ശാശ്വതവുമായ, നശിക്കാത്ത ആത്മീയ തേജസ്സ് ശ്രീകൃഷ്ണൻ വെളിപ്പെടുത്തി. പ്രകൃതിയുടെ ഗുണങ്ങളിൽനിന്ന് മുക്തമായ അവസ്ഥയിൽ, ഋഷിമാർ സമാധിയിൽ ആ ആത്മീയ അസ്തിത്വം ദർശിക്കുന്നു. ശ്രീകൃഷ്ണൻ ഗോപന്മാരെ ബ്രഹ്മഹ്രദത്തിലേക്ക് കൊണ്ടുപോയി, വെള്ളത്തിൽ മുക്കി, എന്നിട്ട് ഉയർത്തി. അക്രൂരൻ ആത്മീയ ലോകം ദർശിച്ച അതേ സ്ഥാനത്തുനിന്ന് ഗോപന്മാർ പരമസത്യത്തിൻ്റെ ലോകം കണ്ടു. ആ ദിവ്യമായ വാസസ്ഥലം കണ്ടപ്പോൾ നന്ദമഹാരാജാവിനും മറ്റ് ഗോപന്മാർക്കും അതിയായ സന്തോഷം അനുഭവപ്പെട്ടു. അവിടെ, സാക്ഷാൽ വേദങ്ങൾ വ്യക്തിരൂപം പൂണ്ട് തനിക്ക് സ്തുതികൾ അർപ്പിക്കുമ്പോൾ, ശ്രീകൃഷ്ണൻതന്നെ അവിടെ ഇരിക്കുന്നത് കണ്ട ആ ഗോപന്മാർ അത്ഭുതം കൂറി.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം  ഇരുപത്തിയെട്ടാമധ്യായം സമാപിച്ചു.


ഓം തത് സത്


<<<<<  >>>>>



2025 ഡിസംബർ 13, ശനിയാഴ്‌ച

10:27 ഇന്ദ്രനും ഗോമാതാവ് സുരഭിയും ഭഗവാനെ സ്തുതിക്കുന്നു

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 27

ഇന്ദ്രനും ഗോമാതാവ് സുരഭിയും ഭഗവാനെ സ്തുതിക്കുന്നു



ശുകദേവൻ  പറഞ്ഞു: ഹേ രാജൻ!, കൃഷ്ണൻ ഗോവർദ്ധനപർവതം ഉയർത്തി, അങ്ങനെ വ്രജവാസികളെ ഭയങ്കരമായ മഴയിൽ നിന്ന് രക്ഷിച്ച ശേഷം, പശുക്കളുടെ മാതാവായ സുരഭി തന്റെ ആസ്ഥാനത്തുനിന്നും കൃഷ്ണനെ കാണാനായി ഭൂമിയിലേക്ക് വന്നു. അവളോടൊപ്പം ഇന്ദ്രനും ഉണ്ടായിരുന്നു.

താൻ ഭഗവാനോട് ചെയ്ത അപരാധത്തിൽ ഇന്ദ്രൻ വളരെയധികം ലജ്ജിച്ചു. ഒറ്റപ്പെട്ട ഒരിടത്ത് ഭഗവാനെ സമീപിച്ച ഇന്ദ്രൻ ആ കാൽക്കൽ വീഴുകയും സൂര്യനെപ്പോലെ തേജസ്സുറ്റ തന്റെ കിരീടം ഭഗവാന്റെ താമരപ്പാദങ്ങളിൽ വെക്കുകയും ചെയ്തു. സർവ്വശക്തനായ കൃഷ്ണന്റെ ദിവ്യശക്തിയെക്കുറിച്ച് മനസിലാക്കിയ ഇന്ദ്രൻ താൻ മൂന്നു ലോകങ്ങളുടെയും നാഥനാണ് എന്ന അഹങ്കാരത്തെ നീക്കി. കൈകൂപ്പി പ്രാർത്ഥനയോടെ ഇന്ദ്രൻ ഭഗവാനോട് ഇപ്രകാരം പറഞ്ഞു.

ഇന്ദ്രൻ പറഞ്ഞു: ഹേ കൃഷ്ണാ!, അങ്ങയുടെ ദിവ്യരൂപം ശുദ്ധമായ സത്ത്വഗുണത്തിന്റെ പ്രകടനമാണ്, മാറ്റമില്ലാത്തതാണ്, അറിവിനാൽ ശോഭിക്കുന്നതും രജോഗുണത്തിൽ നിന്നും തമോഗുണത്തിൽ നിന്നും മുക്തവുമാണ്. മായയെയും അജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ള പ്രകൃതിഗുണങ്ങളുടെ ശക്തമായ പ്രവാഹം അങ്ങയിൽ നിലനിൽക്കുന്നില്ല. മുൻ ജന്മത്താൽ ഈ ജീവനെ പിടികൂടിയിരിക്കുന്നുതും അതേസമയം, ഈ ജന്മത്തിലെ ബന്ധനത്താൽ വീണ്ടും കുടുങ്ങാൻ കാരണമാകുന്നതുമായ അത്യാഗ്രഹം, കാമം, കോപം, അസൂയ തുടങ്ങിയ അജ്ഞനജമായ ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ അങ്ങയിൽ എങ്ങനെ നിലനിൽക്കും? എന്നിട്ടും പരമമായ ഭഗവാൻ എന്ന നിലയിൽ, ധാർമിക തത്വങ്ങൾ സംരക്ഷിക്കാനും ദുഷ്ടരെ നിയന്ത്രിക്കാനും അങ്ങ് അവർക്ക് ശിക്ഷ നൽകുന്നു.

അങ്ങ് ഈ പ്രപഞ്ചം മുഴുവന്റെയും പിതാവും ആത്മീയഗുരുവുമാണ്, അതിന്റെ പരമമായ നിയന്താവുമാണ്. അങ്ങ് കീഴടക്കാനാവാത്ത കാലമാണ്, പാപികൾക്ക് അവരുടെ നന്മയ്ക്കായി ശിക്ഷ നൽകുന്നു. തീർച്ചയായും, അങ്ങയുടെ സ്വന്തം ഇച്ഛാശക്തിയാൽ തിരഞ്ഞെടുത്ത വിവിധ അവതാരങ്ങളിൽ, ഈ ലോകത്തിന്റെ അധിപന്മാരായി സ്വയം കരുതുന്നവരുടെ മിഥ്യാഭിമാനം നീക്കം ചെയ്യാൻ അങ്ങ് നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നു. ലോകനാഥന്മാരെന്ന് അഹങ്കരിക്കുന്ന എന്നെപ്പോലുള്ള മൂഢന്മാർപോലും, കാലത്തെപ്പോലും ഭയപ്പെടാത്ത അങ്ങയെ കാണുമ്പോൾ, അവരുടെ അഹങ്കാരം വേഗത്തിൽ ഉപേക്ഷിച്ച് ആത്മീയമായി പുരോഗമിക്കുന്നവരുടെ പാത നേരിട്ട് സ്വീകരിക്കുന്നു. അതിനാൽ, ദുഷ്ടരെ ഉപദേശിക്കാൻ വേണ്ടി മാത്രമാണ് അങ്ങ് ശിക്ഷി വിധിക്കുന്നത്. എന്റെ ഭരണശക്തിയിലുള്ള അഹങ്കാരത്തിൽ മുഴുകി, അങ്ങയുടെ മഹത്വം അറിയാതെ ഞാൻ അങ്ങയോട് അപരാധം ചെയ്തു. ഹേ ഭഗവാനേ!, അങ്ങ് എന്നോട് ക്ഷമിക്കണമേ!. എന്റെ ബുദ്ധിക്ക് തെറ്റ് പറ്റിപ്പോയി, എന്നാൽ എന്റെ ബോധം ഒരിക്കലും ഇത്രയും അശുദ്ധമാകാതിരിക്കട്ടെ.

ഹേ ദിവ്യനായ ഭഗവാനേ!, ഭൂമിയെ ഭാരപ്പെടുത്തുകയും നിരവധി ഭയങ്കരമായ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്ന യുദ്ധപ്രഭുക്കന്മാരെ നശിപ്പിക്കാൻ അങ്ങ് ഈ ലോകത്തിൽ അവതരിക്കുന്നു. ഹേ ഭഗവാനേ!, അവിടുത്തെ താമരപ്പാദങ്ങളെ ശ്രദ്ധയോടും ഭക്തിയോടും സേവിക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടിയും അങ്ങ് ഒരേ സമയം പ്രവർത്തിക്കുന്നു. സർവ്വവ്യാപിയും എല്ലാവരുടെയും ഹൃദയങ്ങളിൽ വസിക്കുന്നവനുമായ പരമപുരുഷോത്തമനായ അങ്ങയെ ഞാൻ നമസ്കരിക്കുന്നു. യാദവകുലത്തിന്റെ നായകനായ കൃഷ്ണാ!, അങ്ങേക്ക് എന്റെ നമസ്കാരം. അവിടുത്തെ ഭക്തരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ദിവ്യശരീരം സ്വീകരിക്കുന്നവനും, അവിടുത്തെ രൂപം ശുദ്ധമായ ബോധമായവനും, എല്ലാമെല്ലാമായവനും, എല്ലാറ്റിന്റെയും ബീജവും എല്ലാ ജീവികളുടെയും ആത്മാവുമായ നിന്തിരുവടിയെ ഞാൻ നമസ്കരിക്കുന്നു. എന്റെ പ്രിയപ്പെട്ട ഭഗവാനേ!, എന്റെ യാഗം തടസ്സപ്പെട്ടപ്പോൾ മിഥ്യാഭിമാനം കാരണം എനിക്ക് അതിയായ കോപം വന്നു. അങ്ങനെ ശക്തമായ മഴയും കാറ്റും പെയ്യിച്ഛ് അവിടുത്തെ ഗോപാലസമൂഹത്തെ നശിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ഹേ ഭഗവാനേ,! എന്റെ മിഥ്യാഭിമാനം തകർത്ത്, വൃന്ദാവനത്തെ ശിക്ഷിക്കാനുള്ള എന്റെ ശ്രമത്തെ പരാജയപ്പെടുത്തി, അങ്ങ് എന്നോട് കരുണ കാണിച്ചിരിക്കുന്നു. പരമമായ ഭഗവാനും ആത്മീയഗുരുവുമായ അങ്ങയിൽ ഞാൻ ഇപ്പോൾ അഭയം തേടിയിരിക്കുന്നു.

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജാവേ! ഇന്ദ്രനാൽ ഇങ്ങനെ സ്തുതിക്കപ്പെട്ടപ്പോൾ, പുരുഷോത്തമനായ ശ്രീകൃഷ്ണൻ പുഞ്ചിരിക്കുകയും തുടർന്ന് മേഘങ്ങളെപ്പോലെ മുഴങ്ങുന്ന സ്വരത്തിൽ അദ്ദേഹത്തോട് ഇപ്രകാരം സംസാരിക്കുകയും ചെയ്തു.

പരമപുരുഷോത്തമൻ പറഞ്ഞു: എന്റെ പ്രിയപ്പെട്ട ഇന്ദ്രാ!, നിന്നോടുള്ള കരുണയാലാണ് ഞാൻ നിനക്കുവേണ്ടിയുള്ള യാഗം തടഞ്ഞത്. സ്വർഗ്ഗരാജാവ് എന്ന നിലയിൽ നിന്റെ ഐശ്വര്യത്താൽ നീ വളരെയധികം ലഹരിയിലായിരുന്നു, നീ എന്നെ എപ്പോഴും ഓർക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അധികാരത്തിന്റെയും ഐശ്വര്യത്തിന്റെയും ലഹരിയിൽ അന്ധനായ ഒരു മനുഷ്യന്, തന്റെ അടുത്ത് നിൽക്കുന്ന എന്നെ കാണാൻ കഴിയില്ല. അവന്റെ യഥാർത്ഥ ക്ഷേമം ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവന്റെ ഭൗതികഭാഗ്യമുള്ള ആ സ്ഥാനത്തുനിന്ന് ഞാൻ അവനെ വലിച്ചിറക്കും. ഇന്ദ്രാ!, നീ പോകുക. എന്റെ ആജ്ഞ നടപ്പിലാക്കുകയും സ്വർഗ്ഗരാജാവ് എന്ന നിലയിൽ നിന്റെ സ്ഥാനത്ത് തുടരുകയും ചെയ്യുക. എന്നാൽ മിഥ്യാഭിമാനം ഇല്ലാതെ വിവേകിയായിരിക്കുക.

രാജൻ!, അതിനുശേഷം, സുരഭി മാതാവ്, തന്റെ സന്തതികളായ പശുക്കളോടൊപ്പം ശ്രീകൃഷ്ണനെ നമസ്കരിച്ചു. ആദരവോടെ അവിടുത്തെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആ സൗമ്യയായ മാതാവ്, ഒരു ഇടയബാലന്റെ രൂപത്തിൽ മുന്നിൽ നിൽക്കുന്ന പരമപുരുഷോത്തമനോട് സംസാരിച്ചു.

സുരഭി മാതാവ് പറഞ്ഞു: ഹേ കൃഷ്ണാ!, കൃഷ്ണാ!, യോഗികളിൽ വെച്ച് ഏറ്റവും മഹാനായവനേ! ഹേ പ്രപഞ്ചത്തിന്റെ ആത്മാവും ഉറവിടവുമായവനേ! അങ്ങ് ലോകത്തിന്റെ നാഥനാണ്, അവിടുത്തെ കൃപയാൽ, ഹേ അച്യുത!, അവിടുത്തെ ഞങ്ങൾക്ക് നാഥനായി ലഭിച്ചിരിക്കുന്നു. അങ്ങ് ഞങ്ങളുടെ ആരാധനാമൂർത്തിയാണ്. അതിനാൽ, ഹേ പ്രപഞ്ചനാഥാ!, പശുക്കൾക്കും ബ്രാഹ്മണർക്കും ദേവന്മാർക്കും മറ്റെല്ലാസജ്ജനങ്ങൾക്കുംവേണ്ടി അങ്ങ് ഞങ്ങളുടെ ഇന്ദ്രനായി ഭവിക്കണമേ. ബ്രഹ്മാവിന്റെ ആജ്ഞപ്രകാരം ഞങ്ങൾ അവിടുത്തെ ഇന്ദ്രനായി അഭിഷേകം ചെയ്യുന്നതിനുള്ള സ്നാനം നടത്താം. ഹേ പ്രപഞ്ചത്തിന്റെ ആത്മാവേ!, ഭൂമിയുടെ ഭാരം കുറയ്ക്കുന്നതിനായി അങ്ങ് ഈ ലോകത്തിൽ അവതരിക്കുന്നു.

ശുകദേവൻ വീണ്ടും പറഞ്ഞു: രാജാവേ! ഇങ്ങനെ ശ്രീകൃഷ്ണനോട് അഭ്യർത്ഥിച്ച ശേഷം, സുരഭി മാതാവ് തന്റെ സ്വന്തം പാലുകൊണ്ട് ഭഗവാന് അഭിഷേകം ചെയ്തു, അദിതിയുടെയും മറ്റ് ദേവമാതാക്കളുടെയും നിർദ്ദേശപ്രകാരം ഇന്ദ്രൻ, തന്റെ വാഹനമായ ഐരാവതത്തിന്റെ തുമ്പിക്കൈയിൽ സ്വർഗ്ഗീയ ഗംഗാജലം കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. അങ്ങനെ, ദേവന്മാരുടെയും മഹർഷിമാരുടെയും അകമ്പടിയോടെ, ഇന്ദ്രൻ ദശാർഹന്റെ വംശജനായ ശ്രീകൃഷ്ണനെ കിരീടം ധരിപ്പിക്കുകയും ഗോവിന്ദൻ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. തുംബുരു, നാരദൻ, മറ്റ് ഗന്ധർവന്മാർ, വിദ്യാധരന്മാർ, സിദ്ധന്മാർ, ചാരണന്മാർ എന്നിവർ ലോകം മുഴുവൻ ശുദ്ധീകരിക്കുന്ന ഹരിയുടെ മഹത്വങ്ങൾ പാടാൻ അവിടെയെത്തി. ദേവന്മാരുടെ ഭാര്യമാർ സന്തോഷവതികളായി ഭഗവാന്റെ ബഹുമാനാർത്ഥം ഒരുമിച്ച് നൃത്തം ചെയ്തു. ദേവന്മാർ ഭഗവാന്റെ സ്തുതികൾ ആലപിക്കുകയും അവിടുത്തേക്ക് ചുറ്റും അത്ഭുതകരമായ പൂമഴ വർഷിക്കുകയും ചെയ്തു. മൂന്നു ലോകങ്ങൾക്കും പരമമായ സംതൃപ്തി അനുഭവപ്പെട്ടു, പശുക്കൾ തങ്ങളുടെ പാലുകൊണ്ട് ഭൂമിയുടെ ഉപരിതലം നനച്ചു. നദികളിൽ പലതരം സ്വാദിഷ്ടമായ ദ്രാവകങ്ങൾ ഒഴുകി, മരങ്ങൾ തേൻ പ്രവഹിച്ചു, കൃഷി ചെയ്യാതെ തന്നെ ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ പാകമായി, മലകൾ അവയുടെ ഉള്ളിൽ ഒളിച്ചിരുന്ന രത്നങ്ങൾ പുറത്തുവിട്ടു. ഹേ കുരുവംശത്തിന്റെ പ്രിയപ്പെട്ട പരീക്ഷിത്തേ!, ശ്രീകൃഷ്ണന്റെ അഭിഷേകസമയത്ത്, ക്രൂരസ്വഭാവമുള്ളവർ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും പൂർണ്ണമായും വൈരമനോഭാവമില്ലാതെയായി. പശുക്കളുടെയും ഗോപാലസമൂഹത്തിന്റെയും നാഥനായ ഗോവിന്ദനെ അഭിഷേകം ചെയ്ത ശേഷം, ഇന്ദ്രൻ ഭഗവാന്റെ അനുവാദം വാങ്ങുകയും, ദേവന്മാരാലും മറ്റും ചുറ്റപ്പെട്ട് അദ്ദേഹം തന്റെ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു.



ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>

10:26 ശ്രീകൃഷ്ണമാഹാത്മ്യം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 26

ശ്രീകൃഷ്ണമാഹാത്മ്യം


ശുകദേവമഹർഷി പറഞ്ഞു: ഹേ പരീക്ഷിത്തേ!, ഗോവർദ്ധനപർവതം ഉയർത്തുന്നത് മുതലായ ശ്രീകൃഷ്ണന്റെ അത്ഭുതപ്രവൃത്തികൾ കണ്ടപ്പോൾ ഗോപന്മാർ സ്തബ്ധരാക്കപ്പെട്ടു. അവന്റെ ദിവ്യശക്തി മനസ്സിലാക്കാൻ കഴിയാതെ അവർ നന്ദമഹാരാജാവിനെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.

ഗോപന്മാർ പറഞ്ഞു: ഹേ നന്ദമഹാരാജാവേ!, ഈ കുട്ടി ഇത്രയും അസാധാരണമായ കാര്യങ്ങൾ ചെയ്യുന്ന സ്ഥിതിക്ക്, ഞങ്ങൾ സാധാരണക്കാരോടൊപ്പം അവനെന്തുകൊണ്ട് ജനിച്ചു? ഇങ്ങനെ ഒരു അത്ഭുതബാലന്റെ ജനനം ഞങ്ങൾക്കിടയിൽ എങ്ങനെ സാധ്യമാകും? വലിയൊരു ആന ഒരു താമരപ്പൂ എടുക്കുന്നതുപോലെ, ഈ ഏഴുവയസ്സുകാരൻ എങ്ങനെയാണ് ഇത്ര നിസ്സാരമായി ഗോവർദ്ധനമെന്ന ഈ മഹാമല ഒറ്റകൈകൊണ്ട് താങ്ങിനിർത്തിയത്? കണ്ണുതുറന്നിട്ടില്ലാത്ത ഒരു പിഞ്ചു കുഞ്ഞായിരിക്കുമ്പോൾ, അവൻ ശക്തയായ പൂതനയെന്ന രാക്ഷസിയുടെ മുലപ്പാൽ കുടിക്കുകയും, തുടർന്ന് കാലം ഒരാളുടെ യൗവനത്തെ വലിച്ചെടുക്കുന്നതുപോലെ, അവളുടെ ജീവവായുവും കൂടി വലിച്ചെടുത്തു. 

ഒരു നാളിൽ, വെറും മൂന്ന് മാസം പ്രായമുള്ളപ്പോൾ, ചെറിയ ഈ കൃഷ്ണൻ ഒരു വലിയ വണ്ടിക്കടിയിൽ കിടന്ന് കരയുകയും കാലുകൾ ഇളക്കി കളിക്കുകയും ചെയ്തു. ആ സമയം, അവൻ്റെ കാൽവിരലിന്റെ അറ്റം തട്ടിയതുകൊണ്ടുമാത്രം ആ വണ്ടി ഉയർന്നുപൊങ്ങി തകിടം മറിഞ്ഞ് തലകീഴായി നിലം പതിക്കുകയും ചെയ്തു. ഒരു വയസ്സായപ്പോൾ, ശാന്തമായി ഇരിക്കുകയായിരുന്ന അവനെ തൃണാവർത്തൻ എന്ന അസുരൻ ആരും കാണാതെ എടുത്ത് ആകാശത്തേക്ക് കൊണ്ടുപോയി. എന്നാൽ ഉണ്ണികൃഷ്ണൻ ആ അസുരന്റെ കഴുത്തിൽ അമർത്തി പിടിച്ച് അവന് കഠിനമായ വേദനയുണ്ടാക്കുകയും ശ്വാസം മുട്ടിക്കുകയും അങ്ങനെ അവനെ വധിക്കുകയും ചെയ്തു. ഒരിക്കൽ, വെണ്ണ മോഷ്ടിച്ചതിന് അവന്റെ അമ്മ അവനെ ഒരു ഉരലിൽ കയർകൊണ്ട് കെട്ടിയിട്ടു. എന്നിട്ട്, അവൻ ഇഴഞ്ഞുനീങ്ങി ആ ഉരലിനെ രണ്ടു അർജ്ജുന മരങ്ങൾക്കിടയിലൂടെ വലിച്ചിഴയ്ക്കുകയും അവയെ കടപുഴക്കി വീഴ്ത്തുകയും ചെയ്തു.

മറ്റൊരു സമയം, കൃഷ്ണൻ ബലരാമനോടും ഗോപാലന്മാരോടുമൊപ്പം കാട്ടിൽ പശുക്കിടാങ്ങളെ മേയ്ക്കുന്ന സമയത്ത്, ബകൻ എന്ന ഒരസുരൻ കൃഷ്ണനെ കൊല്ലാനായി വന്നു. എന്നാൽ കൃഷ്ണൻ ഈ ശത്രുവായ അസുരന്റെ വായിൽ പിടിച്ച് അവനെ രണ്ടായി കീറിക്കളഞ്ഞു. കൃഷ്ണനെ കൊല്ലാനാഗ്രഹിച്ചുകൊണ്ട്, വത്സൻ എന്ന മറ്റൊരസുരൻ ഒരു പശുക്കിടാവിന്റെ രൂപത്തിൽ കൃഷ്ണന്റെ പശുക്കിടാക്കൾക്കിടയിൽ പ്രവേശിച്ചു. എന്നാൽ കൃഷ്ണൻ ആ അസുരനെ കൊന്നശേഷം, അവന്റെ ശരീരം ഉപയോഗിച്ച് കപിത്ഥകായ്കൾ മരങ്ങളിൽ നിന്ന് അടിച്ച് വീഴ്ത്തുന്ന കളി ആസ്വദിച്ചു.

പിന്നൊരു ദിവസം, ബലരാമനോടൊപ്പം കൃഷ്ണൻ കാട്ടിൽ മാടുകളെ മേയ്ക്കുന്ന സമയത്ത് കഴുതയുടെ രൂപത്തിലുള്ള ധേനുകാസുരനെയും അവന്റെ എല്ലാ കൂട്ടുകാരെയും കൊന്നൊടുക്കി, അങ്ങനെ നിറയെ പനമ്പഴങ്ങളുള്ള താലവനം സുരക്ഷിതമാക്കി. ഭയങ്കരനായ പ്രലംബൻ എന്ന അസുരനെ ശക്തനായ ബലരാമനെക്കൊണ്ട് കൊല്ലിച്ച ശേഷം, കൃഷ്ണൻ വ്രജത്തിലെ ഗോപാലന്മാരെയും അവരുടെ മൃഗങ്ങളെയും ഒരു കാട്ടുതീയിൽ നിന്ന് രക്ഷിച്ചു. ഏറ്റവും വിഷമുള്ള കാളിയൻ എന്ന സർപ്പത്തെ കൃഷ്ണൻ ശിക്ഷിക്കുകയും, അവനെ വിനയം പഠിപ്പിച്ച ശേഷം യമുനാനദിയിലെ ആ തടാകത്തിൽനിന്ന് ബലമായി ഓടിക്കുകയും ചെയ്തു. ഇപ്രകാരം ആ നദിയിലെ ജലത്തെ അസുരന്റെ ശക്തിയേറിയ വിഷത്തിൽ നിന്ന് ഭഗവാൻ മുക്തമാക്കി. പ്രിയ നന്ദാ, ഞങ്ങൾക്കും വ്രജത്തിലെ മറ്റ് എല്ലാ നിവാസികൾക്കും നിങ്ങളുടെ മകനോടുള്ള ഈ അചഞ്ചലമായ സ്നേഹം ഉപേക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? അതുപോലെ, അവന് ഞങ്ങളോട് ഇത്ര സ്വാഭാവികമായ ആകർഷണം തോന്നുന്നത് എങ്ങനെയാണ്? ഒരുവശത്ത് ഈ കുട്ടിക്ക് ഏഴ് വയസ്സ് മാത്രമേയുള്ളൂ പ്രായം, മറുവശത്ത് അവൻ വലിയ ഗോവർദ്ധനഗിരി എടുത്തുയർത്തുന്നത് ഞങ്ങൾ കാണുന്നു. അതുകൊണ്ട്, വ്രജരാജാവേ, നിങ്ങളുടെ മകനെക്കുറിച്ച് ഞങ്ങൾക്ക് സംശയമുണ്ടാകുന്നു.

നന്ദമഹാരാജാവ് മറുപടി പറഞ്ഞു: ഹേ ഗോപന്മാരേ!, എൻ്റെ വാക്കുകൾ ശ്രദ്ധിക്കുക, എൻ്റെ മകനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടട്ടെ. കുറച്ചുകാലം മുമ്പ് ഗർഗ്ഗമുനി ഈ കുട്ടിയെക്കുറിച്ച് എന്നോട് ഇപ്രകാരം സംസാരിച്ചിരുന്നു.

ഗർഗ്ഗമുനി പറഞ്ഞിരുന്നു: നിങ്ങളുടെ മകൻ കൃഷ്ണൻ ഓരോ യുഗത്തിലും അവതാരമായി വരുന്നു. മുൻപ് അവൻ വെള്ള, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വർണ്ണങ്ങൾ സ്വീകരിച്ചു, ഇപ്പോൾ അവൻ കറുപ്പ് കലർന്ന നിറത്തിൽ അവതരിച്ചിരിക്കുന്നു. പല കാരണങ്ങൾകൊണ്ടും, നിങ്ങളുടെ ഈ സുന്ദരനായ മകൻ മുൻപ് വസുദേവരുടെ മകനായും ചിലപ്പോൾ അവതരിച്ചിട്ടുണ്ട്. അതുകൊണ്ട്, പണ്ഡിതന്മാർ ചിലപ്പോൾ ഈ കുട്ടിയെ വാസുദേവൻ എന്നും വിളിക്കാറുണ്ട്. നിങ്ങളുടെ ഈ മകന് അവന്റെ ദിവ്യഗുണങ്ങൾക്കും പ്രവൃത്തികൾക്കും അനുസൃതമായി നിരവധി രൂപങ്ങളും നാമങ്ങളുമുണ്ട്. ഇവയെല്ലാം എനിക്കറിയാം, പക്ഷേ സാധാരണക്കാർക്ക് അവ മനസ്സിലാകുന്നില്ല. ഗോകുലത്തിലെ ഗോപന്മാരുടെ ദിവ്യമായ ആനന്ദം വർദ്ധിപ്പിക്കാനായി, ഈ കുട്ടി നിങ്ങൾക്ക് വേണ്ടി എപ്പോഴും മംഗളകരമായ കാര്യങ്ങൾ ചെയ്യും. അവന്റെ കൃപയാൽ മാത്രം നിങ്ങൾ എല്ലാ പ്രയാസങ്ങളെയും തരണം ചെയ്യും. ഹേ നന്ദമഹാരാജാവേ!, ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ, ഭരണത്തിൽ ക്രമക്കേടുണ്ടാവുകയും, കഴിവില്ലാത്ത ഭരണം നിലനിൽക്കുകയും, ഇന്ദ്രൻ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും, കള്ളന്മാർ സത്യസന്ധരെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തപ്പോൾ, ഈ കുട്ടി ദുഷ്ടന്മാരെ നിയന്ത്രിക്കാനും ജനങ്ങളെ സംരക്ഷിക്കാനും അവർക്ക് അഭിവൃദ്ധി നൽകാനും വേണ്ടി അവതരിച്ചു.

എപ്പോഴും വിഷ്ണുഭഗവാൻ കൂടെയുള്ളതിനാൽ ദേവന്മാരെ അസുരന്മാർക്ക് ഉപദ്രവിക്കാൻ കഴിയില്ല. അതുപോലെ, എല്ലാ മംഗളങ്ങളുമുണ്ടാക്കുന്ന കൃഷ്ണനോട് ബന്ധമുള്ള ഒരു വ്യക്തിയെയും അല്ലെങ്കിൽ കൂട്ടത്തെയും ശത്രുക്കൾക്ക് തോൽപ്പിക്കാനാവില്ല. അതുകൊണ്ട്, ഹേ നന്ദമഹാരാജാവേ!, നിങ്ങളുടെ ഈ കുട്ടി നാരായണന് തുല്യനാണ്. അവന്റെ ദിവ്യഗുണങ്ങളിലും, ഐശ്വര്യത്തിലും, പേരിലും, പ്രശസ്തിയിലും, സ്വാധീനത്തിലും അവൻ തീർച്ചയായും നാരായണനെപ്പോലെയാണ്. അതിനാൽ അവന്റെ പ്രവൃത്തികളിൽ നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല. 

നന്ദരാജാവ്ഹേ പറഞ്ഞു: ഗോപന്മാരേ!, അങ്ങേനെ, ഗർഗ്ഗഋഷി ഈ വാക്കുകൾ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങിയപ്പോൾ, ഞങ്ങളെ കഷ്ടപ്പാടുകളിൽ നിന്ന് അകറ്റിനിർത്തുന്ന ഈ കൃഷ്ണൻ യഥാർത്ഥത്തിൽ നാരായണഭഗവാന്റെ ഒരവതാരം തന്നെയാണെന്ന് ഞാനും ചിന്തിക്കാൻ തുടങ്ങി.

ശ്രീ ശുകബ്രഹ്മർഷി തുടർന്നു: നന്ദമഹാരാജാവ് ഗർഗ്ഗമുനിയുടെ വാക്കുകൾ വിവരിക്കുന്നത് കേട്ടപ്പോൾ വൃന്ദാവനത്തിലെ നിവാസികൾക്ക് ഉണർവുണ്ടായി. അവരുടെ ആശയക്കുഴപ്പം നീങ്ങുകയും, അവർ നന്ദനെയും കൃഷ്ണഭഗവാനെയും വലിയ ബഹുമാനത്തോടെ ആരാധിക്കുകയും ചെയ്തു.

ഇന്ദ്രൻ്റെ യാഗം മുടങ്ങിയപ്പോൾ അവൻ കോപിക്കുകയും, ഇടിയോടും ശക്തമായ കാറ്റോടും കൂടി ഗോകുലത്തിൽ മഴയും ആലിപ്പഴവർഷവും ഉണ്ടാക്കുകയും ചെയ്തു. ഇത് അവിടെയുള്ള ഗോപന്മാർക്കും മൃഗങ്ങൾക്കും സ്ത്രീകൾക്കും വലിയ ദുരിതമുണ്ടാക്കി. തന്നെ മാത്രം ആശ്രയിച്ച് കഴിയുന്നവരുടെ ഈ അവസ്ഥ കണ്ടപ്പോൾ, സ്വതവേ കരുണാമയനായ കൃഷ്ണഭഗവാൻ പുഞ്ചിരിക്കുകയും, ഒരു കൊച്ചുകുട്ടി കളിക്കാൻ വേണ്ടി ഒരു കൂൺ കൈയ്യിലെടുക്കുന്നതുപോലെ ഒരു കൈകൊണ്ട് കൃഷ്ണൻ ഗോവർദ്ധനപർവ്വതം ഉയർത്തുകയും, ആ മല താങ്ങിപ്പിടിച്ചുകൊണ്ട് അവൻ ഗോപസമൂഹത്തെ സംരക്ഷിക്കുകയും ചെയ്തു. പശുക്കളുടെ നാഥനും ഇന്ദ്രന്റെ അഹങ്കാരം നശിപ്പിച്ചവനുമായ ആ ഗോവിന്ദൻ ഞങ്ങളിൽ പ്രസാദിക്കട്ടെ.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിയാറാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<<  >>>>>

2025 ഡിസംബർ 12, വെള്ളിയാഴ്‌ച

10:25 ഗോവർദ്ധനോദ്ധാരണം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 25

ഗോവർദ്ധനോദ്ധാരണം

-------------------------------------------------------------------------------------------------


ശുകദേവൻ തുടർന്നു: പ്രിയപ്പെട്ട പരീക്ഷിത്തേ!, അങ്ങനെ ശ്രീകൃഷ്ണ ഭഗവാന്റെ വാക്കുകളനുസരിച്ച് വൃന്ദാവനവാസികൾ ഇന്ദ്രനുവേണ്ടിയുള്ള യാഗം വേണ്ടെന്നു വച്ചു എന്ന് മനസ്സിലാക്കിയപ്പോൾ, ശ്രീകൃഷ്ണനെ തങ്ങളുടെ നാഥനായി സ്വീകരിച്ച നന്ദമഹാരാജാവിനോടും മറ്റ് ഗോപന്മാരോടും ഇന്ദ്രന്  കോപം തോന്നി. കോപിഷ്ടനായ ഇന്ദ്രൻ, പ്രളയകാലത്തെ മേഘങ്ങളായ സംവർത്തകത്തെ വിന്ദാവനത്തിലേക്കയച്ചു. 

താനാണ് പരമോന്നത നിയന്താവ് എന്ന് സങ്കൽപ്പിച്ച്, ഇന്ദ്രൻ ഇപ്രകാരം പറഞ്ഞു: ഈ വനത്തിൽ താമസിക്കുന്ന ഗോപന്മാർ തങ്ങളുടെ സമൃദ്ധിയിൽ എത്രമാത്രം അഹങ്കാരികളായിരിക്കുന്നു എന്ന് നോക്കൂ! അവർ സാധാരണമനുഷ്യനായ കൃഷ്ണന് കീഴടങ്ങി, അതുവഴി ദേവന്മാരോട് അപരാധവും ചെയ്തിരിക്കുന്നു. അവരുടെ കൃഷ്ണനിലുള്ള ആശ്രയം, ആത്മജ്ഞാനം ഉപേക്ഷിച്ച്, കർമ്മപരമായ യാഗങ്ങളുടെ കള്ളത്തോണികളിൽ ഭൗതിക ലോകത്തിൻ്റെ മഹാസമുദ്രം കടക്കാൻ ശ്രമിക്കുന്ന വിഡ്ഢികളെപ്പോലെയായിരുന്നു. ഈ ഗോപന്മാർ എന്നോട് ശത്രുതാപരമായ രീതിയിലാണ് പ്രവർത്തിച്ചിരിക്കുന്നത്. കാരണം അവർ അതിബുദ്ധിമാനായി കരുതുന്ന, എന്നാൽ വെറുമൊരു വിഡ്ഢിയും അഹങ്കാരിയും വാചാലനും ഒരു സാധാരണമനുഷ്യനുമായ ഈ കൃഷ്ണനെ ആശ്രയിച്ചിരിക്കുന്നു.

രാജൻ!, തുടർന്ന്, വിനാശം വിതയ്ക്കുന്ന ആ മേഘങ്ങളോട് ഇന്ദ്രൻ പറഞ്ഞു: ഈ മനുഷ്യരുടെ സമൃദ്ധി അവരെ അഹങ്കാരത്താൽ മത്തുപിടിപ്പിച്ചിരിക്കുന്നു, അവരുടെ ധാർഷ്ട്യത്തിന് കൃഷ്ണൻ പിന്തുണയും നൽകുന്നു. ഹേ സംവർത്തകമേഘങ്ങളേ!, ഇപ്പോൾതന്നെ നിങ്ങൾ പോയി അവരുടെ അഹങ്കാരം ഇല്ലാതാക്കുക, അവരുടെ മൃഗങ്ങളെയെല്ലാം നശിപ്പിക്കുക. എൻ്റെ ആനയായ ഐരാവതത്തിൽ കയറി, വേഗതയേറിയതും ശക്തരുമായ വായുദേവന്മാരെയും കൂട്ടി, ഞാൻ നിങ്ങളെ അനുഗമിച്ച്, നന്ദമഹാരാജാവിൻ്റെ ഗോപഗ്രാമത്തെ നശിപ്പിക്കാൻ വ്രജത്തിലേക്ക് വരുന്നതാണ്.

ശുകദേവൻ പറഞ്ഞു: രാജാവേ!, അങ്ങനെ ഇന്ദ്രൻ്റെ ആജ്ഞപ്രകാരം, അകാലത്തിൽ ബന്ധനങ്ങൾ വിട്ട് മോചിപ്പിക്കപ്പെട്ട പ്രളയകാലത്തെ മേഘങ്ങൾ, നന്ദമഹാരാജാവിൻ്റെ ഗോശാലകളിലേക്ക് പോയി. അവിടെ അവർ ശക്തിയായി മഴ പെയ്യിച്ച് അവിടുത്തെ നിവാസികളെ മുഴുവൻ പീഡിപ്പിക്കാൻ തുടങ്ങി. ഭയാനകങ്ങളായ വായുദേവന്മാരാൽ നയിക്കപ്പെട്ട ആ മേഘങ്ങൾ ഇടിമിന്നലുകളാൽ ജ്വലിക്കുകയും ഇടിമുഴങ്ങുകയും ആലിപ്പഴം വർഷിക്കുകയും ചെയ്തു. അത്ഭുതകരമായ തൂണുകൾ പോലെ കട്ടിയുള്ള മഴ മേഘങ്ങൾ പുറത്തുവിട്ടപ്പോൾ, ഭൂമി പ്രളയത്തിലാഴ്ന്നു. ഉയർന്ന പ്രദേശങ്ങളെ താഴ്ന്നതിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ആ ഭൂപ്രദേശം മാറപ്പെട്ടു. അമിതമായ മഴയിലും കാറ്റിലും വിറച്ച പശുക്കളും മറ്റ് മൃഗങ്ങളും, തണുപ്പിൽ സഹികെട്ട ഗോപന്മാരും ഗോപികമാരും, അഭയം തേടി ഗോവിന്ദപ്രഭുവിനെ സമീപിച്ചു. കഠിനമായ മഴ നൽകിയ ദുരിതത്താൽ വിറച്ച്, സ്വന്തം ശരീരങ്ങൾ കൊണ്ട് തലയും അതുപോലെ അവരുടെ കിടാങ്ങളെയും മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് പശുക്കൾ പുരുഷോത്തമനായ ഭഗവാൻ ശ്രീകൃഷ്ണന്റെ താമരപ്പൂപാദങ്ങളെ സമീപിച്ചു.

ഗോപന്മാരും ഗോപികമാരും ഭഗവാനോട് പ്രാർത്ഥിച്ചു: കൃഷ്ണാ! കൃഷ്ണാ! മഹാഭാഗാ!, ഇന്ദ്രൻ്റെ ഈ കോപത്തിൽ നിന്ന് പശുക്കളെ രക്ഷിക്കൂ! ഹേ പ്രഭോ!, അങ്ങ് അങ്ങയുടെ ഭക്തരോട് വളരെയധികം വാത്സല്യമുള്ളവനാണ്. ഞങ്ങളെയും അങ്ങ് രക്ഷിച്ചരുളുക. 

ആലിപ്പഴത്തിൻ്റെയും കൊടുങ്കാറ്റിൻ്റെയും ആക്രമണത്തിൽ തൻ്റെ ഗോകുലത്തിലെ നിവാസികൾ അബോധാവസ്ഥയിലായതായി കണ്ട പരമനാഥനായ ഹരി, ഇത് കോപിഷ്ടനായ ഇന്ദ്രൻ്റെ പ്രവൃത്തിയാണെന്ന് മനസ്സിലാക്കി. 

ശ്രീകൃഷ്ണൻ സ്വയം പറഞ്ഞു: നമ്മൾ ഇന്ദ്രൻ്റെ യാഗം നിർത്തിയതുകൊണ്ടാണ് അദ്ദേഹം അസാധാരണമാംവിധം കഠിനമായ ഈ അകാലമഴയും അതിഭയങ്കരമായ ഈ കാറ്റും തുരുതുരാ ഉള്ള ഈ ആലിപ്പഴങ്ങളും വർഷിക്കുന്നത്. എൻ്റെ യോഗശക്തിയാൽ ഞാൻ ഇന്ദ്രൻ്റെ ഈ പ്രതികാരത്തെ പൂർണ്ണമായും തടയും. ഇന്ദ്രനെപ്പോലുള്ള ദേവന്മാർ തങ്ങളുടെ ഐശ്വര്യത്തിൽ അഹങ്കരിക്കുന്നവരും, വിഡ്ഢിത്തത്താൽ തങ്ങളെത്തന്നെ പ്രപഞ്ചത്തിൻ്റെ നാഥനായി തെറ്റിദ്ധരിക്കുന്നവരുമാണ്. ഞാൻ ഇപ്പോൾതന്നെ അത്തരം അജ്ഞതയെ നശിപ്പിക്കുന്നുണ്ട്. ദേവന്മാർ സത്വഗുണമുള്ളവരായതിനാൽ, തങ്ങളെത്തന്നെ ഈ പ്രപഞ്ചത്തിന്റെ നാഥനായി കരുതുന്ന ഈ അഹങ്കാരം തീർച്ചയായും അവരെ ബാധിക്കാൻ പാടില്ല. സത്വഗുണം നഷ്ടപ്പെട്ടവരുടെ കപടമായ പ്രശസ്തി ഞാൻ തകർക്കുമ്പോൾ, എൻ്റെ ഉദ്ദേശ്യം അവർക്ക് ആശ്വാസം നൽകുക എന്നതാണ്. അതുകൊണ്ട് എൻ്റെ ദിവ്യശക്തിയാൽ ഞാൻ ഈ ഗോപസമൂഹത്തെ സംരക്ഷിക്കണം, കാരണം ഞാനാണ് അവരുടെ അഭയം, ഞാനാണ് അവരുടെ യജമാനൻ, തീർച്ചയായും അവർ എൻ്റെ സ്വന്തം കുടുംബമാണ്. എല്ലാത്തിനുമുപരി, എൻ്റെ ഭക്തരെ സംരക്ഷിക്കാമെന്ന് ഞാൻ പ്രതിജ്ഞ എടുത്തിട്ടുള്ളവനാണ്.

ഇങ്ങനെ ചിന്തിച്ചുറച്ച വിഷ്ണുവായ ശ്രീകൃഷ്ണൻ, ഒരു കുട്ടി ഒരു കൂൺ ഉയർത്തിപ്പിടിക്കുന്നതുപോലെ നിഷ്പ്രയാസം ഗോവർദ്ധനപർവതത്തെ തന്റെ ഒരു കൈവിരലാൽ ഉയർത്തിപ്പിടിച്ചു.

തുടർന്ന് ഭഗവാൻ ഗോപസമൂഹത്തോട് സംസാരിച്ചു: അമ്മേ, അച്ഛാ, ഹേ  വ്രജവാസികളേ!, നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ നിങ്ങളുടെ പശുക്കളോടൊപ്പം ഇപ്പോൾ ഈ പർവതത്തിൻ്റെ കീഴിൽ വരാം. ഈ പർവതം എൻ്റെ കൈയിൽ നിന്ന് താഴെ വീഴുമെന്ന് നിങ്ങൾ ഭയപ്പെടേണ്ട. കാറ്റിനെയും മഴയെയും ഭയപ്പെടേണ്ട കാര്യമില്ല, കാരണം ഈ ദുരിതങ്ങളിൽ നിന്നുള്ള നിങ്ങളുടെ മോചനം ഇതിനകം ഞാൻ ക്രമീകരിച്ചിരിക്കുന്നു.

രാജൻ!, ശ്രീകൃഷ്ണനാൽ അവരുടെ മനസ്സുകൾ ശാന്തമാക്കപ്പെട്ടപ്പോൾ, അവരെല്ലാവരും പർവതത്തിനടിയിൽ പ്രവേശിച്ചു, അവിടെ അവർക്കും അവരുടെ പശുക്കൾക്കും ഭൃത്യന്മാർക്കും പുരോഹിതന്മാർക്കും സമൂഹത്തിലെ മറ്റ് അംഗങ്ങൾക്കും തങ്ങളുടെ സാധനസാമഗ്രികളോടൊപ്പം കയറിനിൽക്കാനുള്ള സ്ഥലമുണ്ടായിരുന്നു. വിശപ്പും ദാഹവും മറന്ന്, സ്വന്തം സന്തോഷത്തെക്കുറിച്ചുള്ള എല്ലാ ചിന്തകളും മാറ്റിവെച്ച്, ഭഗവാൻ കൃഷ്ണൻ ഏഴുദിവസം അവിടെ നിന്നുകൊണ്ട് ആ പർവതത്തെ  താങ്ങിനിർത്തി, വ്രജവാസികൾ അദ്ദേഹത്തെ  നോക്കിനിന്നു.

ഭഗവാൻ കൃഷ്ണൻ്റെ ഈ യോഗശക്തിയുടെ പ്രകടനം കണ്ടപ്പോൾ ഇന്ദ്രൻ അത്യധികം ആശ്ചര്യപ്പെട്ടു. തൻ്റെ കപടമായ അഹങ്കാരത്തിൻ്റെ പീഠത്തിൽ നിന്ന് താഴെയിറക്കപ്പെടുകയും തൻ്റെ ഉദ്ദേശ്യങ്ങൾ തടസ്സപ്പെടുകയും ചെയ്തപ്പോൾ, അദ്ദേഹം മേഘങ്ങളോട് പിന്മാറാൻ ഉത്തരവിട്ടു. കഠിനമായ കാറ്റും മഴയും നിലച്ചതായും, ആകാശത്ത് മഴമേഘങ്ങൾ ഇല്ലാതാവുകയും സൂര്യൻ ഉദിക്കുകയും ചെയ്തതായി കണ്ടപ്പോൾ, ഗോവർദ്ധന പർവതം ഉയർത്തിയ ഭഗവാൻ കൃഷ്ണൻ ഗോപസമൂഹത്തോട് ഇപ്രകാരം സംസാരിച്ചു.

ഭഗവാൻ കൃഷ്ണൻ പറഞ്ഞു: എൻ്റെ പ്രിയപ്പെട്ട ഗോപന്മാരേ!, നിങ്ങളുടെ ഭാര്യമാരുമായും കുട്ടികളുമായും വസ്തുവകകളുമായും പുറത്തുവരുക. നിങ്ങളുടെ ഭയം ഉപേക്ഷിക്കുക. കാറ്റും മഴയും നിലച്ചിരിക്കുന്നു, നദികളിലെ ഉയർന്ന ജലം താഴ്ന്നുകഴിഞ്ഞു.

അങ്ങനെ തങ്ങളുടെ പശുക്കളെയും കൂട്ടി ഒപ്പം സാധനസാമഗ്രികൾ വണ്ടികളിൽ കയറ്റുകയും ചെയ്ത ശേഷം ഗോപന്മാർ പുറത്തുവന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും പതുക്കെ അവരെ അനുഗമിച്ചു. എല്ലാ ജീവജാലങ്ങളും നോക്കിനിൽക്കെ, പരമപുരുഷൻ ആ പർവതത്തെ അത് മുമ്പ് നിന്നിരുന്ന അതേ സ്ഥാനത്ത് തന്നെ താഴെ വച്ചു. വൃന്ദാവനത്തിലെ എല്ലാ നിവാസികളും ദിവ്യമായ സ്നേഹത്താൽ മതിമറന്നു, അവർ തങ്ങളോരോരുത്തർക്കും അദ്ദേഹവുമായുള്ള ബന്ധത്തിനനുസരിച്ച് ശ്രീകൃഷ്ണനെ അഭിവാദ്യം ചെയ്തു – ചിലർ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു, ചിലർ അദ്ദേഹത്തിന് മുൻപിൽ കുമ്പിട്ടു, അങ്ങനെ പലവിധത്തിൽ അവർ ഭഗവാനെ നമസ്കരിച്ചു. ഗോപികമാർ തങ്ങളുടെ ആദരവിൻ്റെ സൂചനയായി മോരും പൊടിക്കാത്ത ബാർലിയും സമർപ്പിച്ചു, അദ്ദേഹത്തിന്മേൽ ശുഭകരമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞു. 'അമ്മ യശോദയും മാതാവ് രോഹിണിയും നന്ദമഹാരാജാവും ശക്തരിൽ ശക്തനായ ബലരാമനും എല്ലാവരും കൃഷ്ണനെ ആലിംഗനം ചെയ്തു. വാത്സല്യത്താൽ മതിമറന്ന് അവർ ഭഗവാന്  തങ്ങളുടെ അനുഗ്രഹങ്ങൾ നൽകി.

ഹേ രാജാവേ!, സ്വർഗ്ഗത്തിൽ, സിദ്ധന്മാർ, സാധ്യന്മാർ, ഗന്ധർവന്മാർ, ചാരണന്മാർ എന്നിവരുൾപ്പെടെയുള്ള എല്ലാവരും ശ്രീകൃഷ്ണനെ സ്തുതിഗീതങ്ങൾ ആലപിച്ച് പ്രകീർത്തിക്കുകയും സംതൃപ്തിയോടെ ആ പൂത്തിരുമേനിയിൽ പൂക്കൾ കൊണ്ട് വർഷിക്കുകയും ചെയ്തു. എൻ്റെ പ്രിയപ്പെട്ട പരീക്ഷിത്തേ!, സ്വർഗ്ഗത്തിലെ ദേവന്മാർ തങ്ങളുടെ ശംഖുകളും പെരുമ്പറകളും ഉച്ചത്തിൽ മുഴക്കി, തുംബുരുവിൻ്റെ നേതൃത്വത്തിലുള്ള ഗന്ധർവന്മാരിൽ ഏറ്റവും മികച്ചവർ സ്തുതിഗീതങ്ങൾ പാടാൻ തുടങ്ങി. പിന്നീട്, ഗോപബാലന്മാരാലും ബലരാമപ്രഭുവിനാലും ചുറ്റപ്പെട്ട്, കൃഷ്ണൻ തൻ്റെ പശുക്കളെ പരിപാലിച്ചിരുന്ന സ്ഥലത്തേക്ക് പോയി. ഗോവർദ്ധന പർവതം ഉയർത്തിയതിനെക്കുറിച്ചും തങ്ങളുടെ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ച ശ്രീകൃഷ്ണൻ ചെയ്ത മറ്റ് മഹത്തായ പ്രവൃത്തികളെക്കുറിച്ചും സന്തോഷത്തോടെ പാടിക്കൊണ്ട് ഗോപികമാർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.


ഓം തത് സത്


<<<<<  >>>>>


10:24 ഗോവർദ്ധനപൂജ

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 24 

ഗോവർദ്ധനപൂജ

-----------------------------------------------------------------------------------------------

 

ശുകദേവൻ പറഞ്ഞു: ഹേ പരീക്ഷിത്ത് രാജാവേ!, വൃന്ദാവനത്തിൽ തൻ്റെ സഹോദരനായ ബലദേവനോടൊപ്പം താമസിക്കവേ, ഇന്ദ്രന് വേണ്ടിയുള്ള ഒരു യാഗത്തിന് ഗോപാലന്മാർ തിടുക്കത്തിൽ ഒരുക്കങ്ങൾ ചെയ്യുന്നത് ശ്രീകൃഷ്ണഭഗവാൻ കാണാനിടയായി. സർവ്വജ്ഞനും പരമാത്മാവുമായ ഭഗവാൻ ശ്രീകൃഷ്ണന് കാര്യം മുൻപേ അറിയാമായിരുന്നെങ്കിലും, തൻ്റെ പിതാവായ നന്ദഗോപരുടെ നേതൃത്വത്തിലുള്ള മുതിർന്നവരോട് ഭഗവാൻ വിനയത്തോടെ അതിനെക്കുറിച്ചു അന്വേഷിച്ചു.

ശ്രീകൃഷ്ണൻ പറഞ്ഞു: അച്ഛാ, നിങ്ങളെല്ലാം ചേർന്ന് നടത്തുന്ന ഈ വലിയ ഒരുക്കങ്ങൾ എന്തിനുവേണ്ടിയാണെന്ന് എനിക്ക് ദയവായി വിശദീകരിച്ചു തന്നാലും. ഇത് എന്ത് ലക്ഷ്യം നേടുന്നതിന് വേണ്ടിയാണ്? ഇത് ഒരു ആചാരപരമായ യാഗമാണെങ്കിൽ, ആർക്ക് വേണ്ടിയാണ് ഇത് നടത്തുന്നത്, ഏത് മാർഗ്ഗത്തിലൂടെയാണ് ഇത് നടപ്പിലാക്കാൻ പോകുന്നത്? അച്ഛാ, അതിനെക്കുറിച്ച് എന്നോട് പറയുക. അറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്, തികഞ്ഞ ശ്രദ്ധയോടെ അത് കേൾക്കാൻ ഞാൻ തയ്യാറാണ്. തന്നെപ്പോലെ മറ്റെല്ലാവരെയും കാണുന്നവരും, 'എൻ്റേത്', 'മറ്റൊരാളുടേത്' എന്ന ചിന്തയില്ലാത്തവരും, മിത്രം, ശത്രു, എന്നീ ഭേദചിന്തകളില്ലാത്തവരുമായ സജ്ജനങ്ങൾ ഒരിക്കലും രഹസ്യങ്ങൾ സൂക്ഷിക്കാറില്ല. ചിലസമയത്ത്  ഉദാസീനനായ ഒരാളെ ശത്രുവിനെപ്പോലെകണ്ട് ഒഴിവാക്കാം, പക്ഷേ ഒരു സുഹൃത്തിനെ സ്വന്തം ആത്മാവിനെപ്പോലെ കരുതണം എന്നതാണ് സത്യം. ഈ ലോകത്തിൽ ആളുകൾ കർമ്മങ്ങൾ ചെയ്യുമ്പോൾ, ചിലർ അവർ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു, മറ്റു ചിലരാകട്ടെ, ഒന്നുമറിയാതെ എന്തൊക്കെയോ ചെയ്യുന്നു. തങ്ങൾ ചെയ്യുന്നതെന്തെന്ന് അറിയുന്നവർ തങ്ങളുടെ പ്രവൃത്തിയിൽ വിജയം നേടുന്നു, എന്നാൽ അജ്ഞാനികളായ കർമ്മികൾക്ക് അതിന് കഴിയുന്നില്ല. അങ്ങനെയെങ്കിൽ, അങ്ങയുടെ ഈ ആചാരപരമായ പ്രയത്നം എനിക്ക് വ്യക്തമായി വിശദീകരിച്ചു തരണം. ഇത് ശാസ്ത്രവിധിയിൽ അധിഷ്ഠിതമായ ചടങ്ങാണോ, അതോ സാധാരണ സമൂഹത്തിൻ്റെ ഒരു ആചാരം മാത്രമാണോ?

നന്ദ മഹാരാജാവ് മറുപടി പറഞ്ഞു: മകനേ!, മഴയുടെ അധിപനായ ഇന്ദ്രനാണ് മഴയെ നിയന്ത്രിക്കുന്നത്. മേഘങ്ങൾ അദ്ദേഹത്തിൻ്റെ പ്രതിനിധികളാണ്, അവ നേരിട്ട് വർഷം പ്രധാനം ചെയ്യുന്നു. അത് എല്ലാ ജീവജാലങ്ങൾക്കും സന്തോഷവും നിലനിൽപ്പും നൽകുന്നു. പ്രിയപ്പെട്ട മകനേ!, ഞങ്ങൾ മാത്രമല്ല, മഴ നൽകുന്ന മേഘങ്ങളുടെ അധിപനായ ഇന്ദ്രനെ മറ്റു പലരും ആരാധിക്കുന്നു. അങ്ങനെ ഇന്ദ്രൻ ചൊരിയുന്ന മഴയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ധാന്യങ്ങളും മറ്റ് പൂജാദ്രവ്യങ്ങളും ഞങ്ങൾ അദ്ദേഹത്തിന് സമർപ്പിക്കുന്നു. ഇന്ദ്രന് വേണ്ടിയുള്ള യാഗങ്ങളുടെ പ്രസാദം സ്വീകരിക്കുന്നതിലൂടെ, മനുഷ്യർക്ക് ജീവിതം നിലനിർത്താനും ധർമ്മം, സമ്പത്ത്, ഇന്ദ്രിയതൃപ്തി എന്നീ ലക്ഷ്യങ്ങൾ നേടാനും സാധിക്കുന്നു. അതിനാൽ, കഠിനാധ്വാനികളായ ജനങ്ങളുടെ കർമ്മഫലസിദ്ധിയുടെ കർത്താവ് ഇന്ദ്രദേവനാണ്. ഈ ധാർമ്മികതത്വം ശക്തമായ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കാമം, ശത്രുത, ഭയം, അത്യാഗ്രഹം എന്നിവ കാരണം ഇത് നിരാകരിക്കുന്ന ആർക്കും തീർച്ചയായും നല്ല ഭാഗ്യം നേടാൻ കഴിയില്ല. 

ശുകദേവ ഗോസ്വാമി പറഞ്ഞു: രാജാവേ!, തൻ്റെ പിതാവായ നന്ദൻ്റെയും വ്രജത്തിലെ മറ്റ് മുതിർന്നവരുടെയും വാക്കുകൾ കേട്ട ഭഗവാൻ ഇന്ദ്രദേവനിൽ കോപം ഉണർത്താനായി തൻ്റെ പിതാവിനോട് ഇപ്രകാരം സംസാരിച്ചു.

ശ്രീകൃഷ്ണൻ പറഞ്ഞു: കർമ്മത്തിൻ്റെ ശക്തിയാലാണ് ഒരു ജീവി ജനിക്കുന്നതും, കർമ്മം കൊണ്ട് മാത്രമാണ് അവൻ്റെ നാശവും സംഭവിക്കുന്നത്. അവൻ്റെ സന്തോഷം, ദുരിതം, ഭയം, സുരക്ഷിതത്വബോധം എന്നിവയെല്ലാം കർമ്മത്തിൻ്റെ ഫലങ്ങളായി ഉണ്ടാകുന്നതാണ്. എല്ലാവർക്കും അവരുടെ കർമ്മങ്ങളുടെ ഫലം നൽകുന്ന ഒരു നിയന്താവ് ഉണ്ടെങ്കിൽപോലും, പ്രവർത്തിയാണ് കർമ്മഫലത്തിന്റെ യാഥാർത്ഥഘടകം എന്നത്. കാരണം, കർമ്മങ്ങൾ ചെയ്തിട്ടില്ലെങ്കിൽ കർമ്മഫലം സാധ്യമല്ലല്ലോ. ഈ ലോകത്തിലെ ജീവികൾ തങ്ങളുടെ മുൻപുള്ള പ്രത്യേക കർമ്മങ്ങളുടെ ഫലങ്ങൾ അനുഭവിക്കാൻ നിർബന്ധിതരാണ്. ഒരു മനുഷ്യൻ്റെ സ്വഭാവത്തിൽ നിന്ന് ജനിക്കുന്ന വിധിയെ ഒരു തരത്തിലും ഇന്ദ്രന് മാറ്റാൻ കഴിയില്ലെങ്കിൽ, എന്തിനാണ് ആളുകൾ അദ്ദേഹത്തെ ആരാധിക്കുന്നത്? ഓരോ വ്യക്തിയും അവനവൻ്റെ സ്വഭാവത്തിന് വിധേയനാണ്, അതിനാൽ അവൻ ആ സ്വഭാവത്തെ പിന്തുടരണം. ഈ പ്രപഞ്ചം മുഴുവനും, അതിലെ ദേവന്മാരും, അസുരന്മാരും, മനുഷ്യരും എല്ലാം ജീവികളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കർമ്മമാണ് ഒരുവനെ ഉയർന്നതും താഴ്ന്നതുമായ ഭൗതിക ശരീരങ്ങൾ സ്വീകരിക്കാനും ഉപേക്ഷിക്കാനും കാരണമാകുന്നത്. അതിനാൽ, ഈ കർമ്മമാണ് അവൻ്റെ ശത്രുവും, മിത്രവും, നിഷ്പക്ഷ സാക്ഷിയും, ആത്മീയ ഗുരുവായിട്ടുള്ളതും, നിയന്ത്രിക്കുന്ന ഈശ്വരനും.

അതുകൊണ്ട്, കർമ്മത്തെത്തന്നെ ഗൗരവമായി ആരാധിക്കണം. ഒരാൾ തൻ്റെ സ്വഭാവത്തിന് അനുയോജ്യമായ സ്ഥാനത്ത് നിലകൊള്ളുകയും സ്വന്തം കർത്തവ്യം നിർവ്വഹിക്കുകയും വേണം. വാസ്തവത്തിൽ, നമ്മുക്ക് നന്നായി ജീവിക്കാൻ കഴിയുന്നത് എന്തിനെ ആധാരമാക്കിയിട്ടാണോ,  അതിനെയാണ് നമ്മൾ ആരാധിക്കേണ്ടത്. നമ്മുടെ ജീവിതത്തെ നിലനിർത്തുന്ന ഒന്നിനെവിട്ട് നമ്മൾ മറ്റൊന്നിൽ അഭയം തേടിയാൽ, നമുക്ക് എങ്ങനെ യഥാർത്ഥ ലക്ഷ്യം കൈവരിക്കാൻ കഴിയും? അങ്ങനെ ചെയ്യുന്ന പക്ഷം, നമ്മൾ പരപുരുഷന്മാരുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രയോജനം നഷ്ടമാക്കുന്ന അവിശ്വസ്തയായ ഒരു സ്ത്രീയെപ്പോലെയാകും. വേദങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ ബ്രാഹ്മണൻ തൻ്റെ ജീവിതം നിലനിർത്തുന്നു, ഭൂമിയെ സംരക്ഷിക്കുന്നതിലൂടെ ക്ഷത്രിയവർഗ്ഗത്തിൽപ്പെട്ടവർ, വ്യാപാരത്തിലൂടെ വൈശ്യൻ, മറ്റുള്ള വർഗ്ഗങ്ങളെ സേവിക്കുന്നതിലൂടെ ശൂദ്രൻ എന്നിവർ തങ്ങളുടെ ജീവിതം നയിക്കുന്നു. വൈശ്യൻ്റെ തൊഴിൽപരമായ കടമകൾ നാലായി തിരിച്ചിരിക്കുന്നു: കൃഷി, വാണിജ്യം, ഗോരക്ഷ, പണമിടപാട്. ഇതിൽ, ഒരു സമൂഹമെന്ന നിലയിൽ ഞങ്ങൾ എപ്പോഴും ഗോരക്ഷയിലാണ് ഏർപ്പെട്ടിരിക്കുന്നത്.

സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുടെ കാരണങ്ങൾ ഇവിടെ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ പ്രകൃതിയുടെ മൂന്ന് ഗുണങ്ങളാണ്. പ്രത്യേകിച്ചും, രജോഗുണമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ലൈംഗിക സംയോജനത്തിലൂടെ അതിനെ വൈവിധ്യപൂർണ്ണമാക്കുകയും ചെയ്യുന്നത്. ഭൗതികമായ രജോഗുണത്താൽ പ്രേരിതമായി മേഘങ്ങൾ എല്ലായിടത്തും മഴ ചൊരിയുന്നു, ഈ മഴയാൽ എല്ലാ ജീവജാലങ്ങൾക്കും അവയുടെ നിലനിൽപ്പ് ലഭിക്കുന്നു. ഈ ക്രമീകരണത്തിൽ മഹാനായ ഇന്ദ്രന് എന്ത് ചെയ്യാനുണ്ട്? 

പ്രിയപ്പെട്ട അച്ഛാ, നമ്മുടെ വീട് നഗരങ്ങളിലോ പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ അല്ല. വനവാസികളായ നമ്മൾ എപ്പോഴും വനത്തിലും മലകളിലുമാണ് താമസിക്കുന്നത്. അതുകൊണ്ട്, പശുക്കൾക്കും, ബ്രാഹ്മണർക്കും, ഗോവർദ്ധനഗിരിക്കും പ്രീതികരമായ ഒരു യാഗം ആരംഭിക്കട്ടെ! ഇന്ദ്രനെ ആരാധിക്കാൻ ശേഖരിച്ച എല്ലാ പൂജാദ്രവ്യങ്ങളോടും കൂടി ഈ യാഗം പകരം നടത്തണം. മധുരമുള്ള പാൽപായസം മുതൽ പച്ചക്കറി വിഭവങ്ങൾ വരെ പലതരം ഭക്ഷണങ്ങൾ പാചകം ചെയ്യട്ടെ! ചുട്ടെടുത്തതും വറുത്തതുമായ പലതരം പലഹാരങ്ങൾ തയ്യാറാക്കണം. ലഭ്യമായ എല്ലാ പാൽ ഉത്പന്നങ്ങളും ഈ യാഗത്തിനായി എടുക്കണം. വേദമന്ത്രങ്ങളിൽ അറിവുള്ള ബ്രാഹ്മണർ യാഗാഗ്നി വേണ്ടവിധം ജ്വലിപ്പിക്കണം. എന്നിട്ട് നിങ്ങൾ പുരോഹിതന്മാർക്ക് നന്നായി തയ്യാറാക്കിയ ഭക്ഷണം നൽകുകയും പശുക്കളും മറ്റ് ദാനങ്ങളും നൽകി അവർക്ക് പ്രതിഫലം നൽകുകയും വേണം. നായ്ക്കൾ, ചണ്ടാളന്മാർ തുടങ്ങിയ താഴ്ന്നവർക്ക് ഉൾപ്പെടെ മറ്റെല്ലാവർക്കും ഉചിതമായ ഭക്ഷണം നൽകിയ ശേഷം, നിങ്ങൾ പശുക്കൾക്ക് പുല്ല് നൽകുകയും തുടർന്ന് ഗോവർദ്ധന ഗിരിക്ക് നിങ്ങളുടെ ആദരവുള്ള വഴിപാടുകൾ സമർപ്പിക്കുകയും വേണം.

തൃപ്തിയോടെ ഭക്ഷണം കഴിച്ചശേഷം, നിങ്ങൾ എല്ലാവരും മനോഹരമായി വസ്ത്രം ധരിക്കുകയും അണിഞ്ഞൊരുങ്ങുകയും, ശരീരത്തിൽ ചന്ദനം പൂശുകയും, എന്നിട്ട് പശുക്കളെയും, ബ്രാഹ്മണരെയും, യാഗാഗ്നികളെയും, ഗോവർദ്ധനഗിരിയെയും പ്രദക്ഷിണം ചെയ്യുകയും വേണം. ഇതാണ് എൻ്റെ ആശയം, അച്ഛാ, ഇത് അങ്ങേയ്ക്ക് ഇഷ്ടമാണെങ്കിൽ നടപ്പിലാക്കാം. ഇങ്ങനെയുള്ള യാഗം പശുക്കൾക്കും, ബ്രാഹ്മണർക്കും, ഗോവർദ്ധന ഗിരിക്കും, അതുപോലെ എനിക്കും വളരെ പ്രിയപ്പെട്ടതായിരിക്കും.

ശുകദേവ ഗോസ്വാമി പറഞ്ഞു: ശക്തിമത്തായ കാലം തന്നെയായ ഭഗവാൻ ശ്രീകൃഷ്ണൻ ഇന്ദ്രൻ്റെ അഹങ്കാരം നശിപ്പിക്കാൻ ആഗ്രഹിച്ചു. ശ്രീകൃഷ്ണൻ്റെ വാക്കുകൾ കേട്ടപ്പോൾ നന്ദനും വ്രജത്തിലെ മറ്റ് മുതിർന്നവരും അത് ഉചിതമാണെന്ന് ചിന്തിച്ചറിഞ്ഞു. തുടർന്ന് ഗോപാലസമൂഹം ഭഗവാൻ നിർദ്ദേശിച്ചതെല്ലാം ചെയ്തു. അവർ മംഗളകരമായ വൈദിക മന്ത്രങ്ങൾ ചൊല്ലാൻ ബ്രാഹ്മണരെ ഏർപ്പെടുത്തി, ഇന്ദ്രയാഗത്തിനായി ഉദ്ദേശിച്ചിരുന്ന വസ്തുക്കൾ ഉപയോഗിച്ച്, ആദരവോടും ബഹുമാനത്തോടും കൂടി ഗോവർദ്ധനഗിരിക്കും ബ്രാഹ്മണർക്കും വഴിപാടുകൾ സമർപ്പിച്ചു. അവർ പശുക്കൾക്ക് പുല്ലും നൽകി. എന്നിട്ട്, പശുക്കളെയും, കാളകളെയും, കിടാക്കളെയും മുന്നിൽ നിർത്തി, അവർ ഗോവർദ്ധനത്തെ പ്രദക്ഷിണം ചെയ്തു.

നന്നായി അണിഞ്ഞൊരുങ്ങിയ ഗോപികമാർ കാളവണ്ടികളിൽ കയറി പിന്നാലെ പോകുമ്പോൾ, അവർ ശ്രീകൃഷ്ണൻ്റെ മഹത്വങ്ങൾ പാടികൊണ്ടിരുന്നു, അവരുടെ പാട്ടുകൾ ബ്രാഹ്മണരുടെ ആശീർവാദമന്ത്രങ്ങളുമായി ഇടകലർന്നു. തുടർന്ന്, ഗോപാലന്മാരിൽ വിശ്വാസം ഉറപ്പിക്കാനായി കൃഷ്ണൻ അഭൂതപൂർവമായ ഒരു വലിയ രൂപം സ്വീകരിച്ചു. "ഞാൻ ഗോവർദ്ധന പർവ്വതമാണ്!" എന്ന് പ്രഖ്യാപിച്ചുകൊണ്ട്, അദ്ദേഹം സമൃദ്ധമായ വഴിപാടുകൾ ഭക്ഷിച്ചു. വ്രജത്തിലെ ആളുകളോടൊപ്പം ഭഗവാൻ ഈ ഗോവർദ്ധനഗിരി രൂപത്തിന് മുൻപിൽ വണങ്ങി, അങ്ങനെ തന്നോടുതന്നെ നമസ്കാരം അർപ്പിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു, "ഈ മല എങ്ങനെയാണ് നേരിട്ട് പ്രത്യക്ഷപ്പെട്ട് നമ്മുക്ക് കാരുണ്യം ചൊരിഞ്ഞിരിക്കുന്നതെന്ന് കാണുക! "ഈ ഗോവർദ്ധനഗിരി, അത് ആഗ്രഹിക്കുന്ന ഏത് രൂപവും ധരിച്ചുകൊണ്ട്, അതിനെ അവഗണിക്കുന്ന വനവാസികളെ നശിപ്പിക്കും. അതുകൊണ്ട്, നമ്മുക്കും നമ്മുടെ പശുക്കൾക്കും വേണ്ടി നമുക്ക് അദ്ദേഹത്തിന് നമസ്കാരം അർപ്പിക്കാം."

അങ്ങനെ, വാസുദേവനായ ഭഗവാൻ്റെ പ്രചോദനത്താൽ ഗോവർദ്ധന ഗിരി, പശുക്കൾ, ബ്രാഹ്മണർ എന്നിവർക്കുവേണ്ടിയുള്ള യാഗം വേണ്ടവിധം നിർവ്വഹിച്ച ഗോപാലസമൂഹം ശ്രീകൃഷ്ണനോടൊപ്പം തങ്ങളുടെ ഗ്രാമമായ വ്രജത്തിലേക്ക് മടങ്ങി.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിനാലാമധ്യായം സമാപിച്ചു.


ഓം തത് സത്


<<<<<  >>>>>


2025 ഡിസംബർ 10, ബുധനാഴ്‌ച

10:23 ഭഗവാൻ ശ്രീകൃഷ്ണൻ ബ്രാഹ്മണപത്നിമാർക്ക് അനുഗ്രഹം ചൊരിയുന്നു.

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 23

ഭഗവാൻ ശ്രീകൃഷ്ണൻ ബ്രാഹ്മണപത്നിമാർക്ക് അനുഗ്രഹം ചൊരിയുന്നു.


രാജാവേ!, അങ്ങനെ യമുനയുടെ തീരത്ത് പൈക്കളെ മേച്ചുകൊണ്ടിരുന്ന ഗോപന്മാർക്ക് വിശപ്പനുഭവപ്പെട്ടു. അവർ പറഞ്ഞു: ഹേ രാമാ!, ഹേ കൃഷ്ണാ!, ഞങ്ങൾക്ക് വിശക്കുന്നു, അതിനൊരു പരിഹാരം കാണണം.

ശുകദേവൻ പറഞ്ഞു: ഗോപാലന്മാരാൽ ഇപ്രകാരം അപേക്ഷിക്കപ്പെട്ടപ്പോൾ, ദേവകീപുത്രനായ പരമപുരുഷൻ, ആ പ്രദേശത്തെ ബ്രാഹ്മണപത്നിമാരായ തന്റെ ചില ഭക്തരെ സന്തോഷിപ്പിക്കാനായി മനസ്സിലുറച്ച് ഇപ്രകാരം മറുപടി പറഞ്ഞു: 

ശ്രീകൃഷ്ണൻ പറഞ്ഞു: ഗോപന്മാരേ!, ഇവിടെ അടുത്ത് ഒരു യാഗം നടക്കുന്നുണ്ട്. നിങ്ങൾ ആ യാഗശാലയിലേക്ക് പോവുക. അവിടെ വേദവിധികൾ പഠിച്ച ഒരുകൂട്ടം ബ്രാഹ്മണർ സ്വർഗ്ഗം നേടുന്നതിനായി "ആംഗിരസം" എന്ന യാഗം ചെയ്യുകയാണ്. നിങ്ങൾ അവിടെ ചെന്ന് അല്പം ഭക്ഷണം ചോദിക്കുക. എന്റെ ജ്യേഷ്ഠനായ ബലരാമന്റെ പേരും എന്റെ പേരും അവരോട് പറയുക, ഞങ്ങളാണ് നിങ്ങളെ അയച്ചതെന്നും വിശദീകരിക്കുക.

അങ്ങനെ പരമപുരുഷനായ ഭഗവാൻ നിർദ്ദേശിച്ചതനുസരിച്ച് ഗോപാലന്മാർ അവിടെ ചെന്ന് തങ്ങളുടെ അപേക്ഷ ആ ബ്രാഹ്മണരെ അറിയിച്ചു. അവർ കൈകൂപ്പി ബ്രാഹ്മണരുടെ മുന്നിൽ നിന്നു, എന്നിട്ട് സാഷ്ടാംഗം പ്രണമിച്ച് ആദരവ് പ്രകടിപ്പിച്ചു. 

ഗോപാലന്മാർ പറഞ്ഞു: ഹേ ഭൂസുരന്മാരേ, ഞങ്ങൾ ഗോപാലന്മാരാണ്, ഭഗവാൻ ശ്രീകൃഷ്ണന്റെ ആജ്ഞ നിറവേറ്റുന്നവരാണ്. ബലരാമനാണ് ഞങ്ങളെ ഇവിടേയ്ക്കയച്ചത്. നിങ്ങൾക്കെല്ലാവർക്കും നല്ലതുവരട്ടെ! എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. രാമനും അച്യുതനും ഇവിടെ അടുത്തുതന്നെ തങ്ങളുടെ പശുക്കളെ മേയ്ക്കുകയാണ്. അവർക്ക് വിശക്കുന്നു, കുറച്ച് ഭക്ഷണം അവർക്ക് നൽകണമെന്ന് അപേക്ഷിക്കുവാനാണ് ഞങ്ങൾ ഇവിടേയ്ക്ക് വന്നിരിക്കുന്നത്. അതുകൊണ്ട്, ഹേ ബ്രാഹ്മണരേ!, നിങ്ങൾ ധർമജ്ഞരിൽ മികച്ചവരാണ്. ആയതിനാൽ അവർക്ക് അല്പം ഭക്ഷണം നൽകുക. യാഗം ചെയ്യുന്നയാൾ ദീക്ഷ സ്വീകരിക്കുന്നതിനും മൃഗബലി നടത്തുന്നതിനും ഇടയിലുള്ള സമയം ഒഴികെ, ദീക്ഷ സ്വീകരിച്ചവർക്ക് പോലും ഭക്ഷണം കഴിക്കാമെന്നാണ് പ്രമാണം, സൗത്രാമണി ഒഴികെയുള്ള യാഗങ്ങളിലാണെങ്കിൽ.

രാജൻ!, ആ ബ്രാഹ്മണർ ഗോപബാലന്മാരുടെ ഈ അപേക്ഷ കേട്ടെങ്കിലും അത് ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. വാസ്തവത്തിൽ, അവർ ആഗ്രഹങ്ങൾ നിറഞ്ഞവരും വിപുലമായ ആചാരങ്ങളിൽ കുടുങ്ങിയവരുമായിരുന്നു. വേദജ്ഞാനത്തിൽ തങ്ങൾ മുന്നിലാണെന്ന് നടിച്ചെങ്കിലും അവർ യഥാർത്ഥത്തിൽ അനുഭവപരിചയമില്ലാത്ത മൂഢന്മാരായിരുന്നു. യാഗത്തിന്റെ ഘടകങ്ങളായ സ്ഥലം, സമയം, സാധനസാമഗ്രികൾ, മന്ത്രങ്ങൾ, ആചാരങ്ങൾ, പുരോഹിതന്മാർ, അഗ്നികൾ, ദേവന്മാർ, യാഗം ചെയ്യുന്നയാൾ, ഹോമം, യാഗഫലങ്ങൾ എന്നിവയെല്ലാം ഭഗവാന്റെ ഐശ്വര്യത്തിന്റെ വശങ്ങളായിരിക്കെ, ബ്രാഹ്മണർ തങ്ങളുടെ വികലമായ ബുദ്ധി കാരണം ഭഗവാൻ ശ്രീകൃഷ്ണനെ ഒരു സാധാരണ മനുഷ്യനായി കണ്ടു. അദ്ദേഹം പരമമായ സത്യവും, ഭൗതിക ഇന്ദ്രിയങ്ങൾക്ക് സാധാരണയായി ഗ്രഹിക്കാൻ കഴിയാത്ത സാക്ഷാൽ ഭഗവാനുമാണെന്ന് തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു. അങ്ങനെ ഈ മർത്യശരീരത്തോടുള്ള തെറ്റായ താദാത്മ്യം കാരണം ആശയക്കുഴപ്പത്തിലായ അവർ അദ്ദേഹത്തിന് ശരിയായ ആദരവ് നൽകിയില്ല. ആ ബ്രാഹ്മണർ ബാലന്മാരുടെ അപേക്ഷയിൽ 'അതെ' എന്നോ 'ഇല്ല' എന്നോ പോലും മറുപടി പറയാതിരുന്നപ്പോൾ, ഹേ ശത്രുനാശകാ!, ഗോപാലന്മാർ നിരാശരായി കൃഷ്ണന്റെയും രാമന്റെയും അടുത്തേക്ക് മടങ്ങിപ്പോവുകയും നടന്നതെല്ലാം അവരെ അറിയിക്കുകയും ചെയ്തു.

സംഭവിച്ചതെല്ലാം കേട്ടപ്പോൾ, ഈ പ്രപഞ്ചത്തിന്റെ നാഥനായ ഭഗവാൻ ചിരിച്ചു. തുടർന്ന് അദ്ദേഹം വീണ്ടും ഗോപാലന്മാരോട് സംസാരിച്ചു, ഈ ലോകത്തിൽ മനുഷ്യർ എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് അവരെ കാണിച്ചുകൊടുത്തു.

ശ്രീകൃഷ്ണൻ പറഞ്ഞു: കൂട്ടുകാരേ!, ഇനി നിങ്ങൾ ചെന്ന് ഞാൻ സങ്കർഷണനോടൊപ്പം ഇവിടെ വന്നിട്ടുണ്ടെന്ന് ആ ബ്രാഹ്മണരുടെ പത്നിമാരോട് പറയുക. അവർ തീർച്ചയായും നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം നൽകും, കാരണം അവർക്ക് എന്നോട് വളരെ വാത്സല്യമുണ്ട്, അവരുടെ ബുദ്ധി എന്നിൽ അധിഷ്ഠിതമായാണ്  കുടികൊള്ളുന്നത്.

തുടർന്ന് ഗോപാലന്മാർ ബ്രാഹ്മണപത്നിമാർ താമസിച്ചിരുന്ന വീട്ടിലേക്ക് പോയി. മനോഹരമായ ആഭരണങ്ങളാൽ അണിഞ്ഞൊരുങ്ങി ആ സ്ത്രീകളെ അവിടെ വെച്ച് അവർ കണ്ടു. അവരെ വണങ്ങിയതിന് ശേഷം, ആ കുട്ടികൾ എല്ലാ വിനയത്തോടെയുംകൂടി അവരോട് സംസാരിച്ചു.

ഗോപാലന്മാർ പറഞ്ഞു: ഹേ വിദ്വാന്മാരായ ബ്രാഹ്മണരുടെ പത്നിമാരേ, നിങ്ങൾക്ക് ഞങ്ങളുടെ നമസ്കാരം. ഞങ്ങളുടെ വാക്കുകൾ ദയവായി ശ്രദ്ധിക്കുക. ഇവിടെനിന്ന് അധികം ദൂരെയല്ലാത്ത സ്ഥലത്തുകൂടി കടന്നുപോകുന്ന ഭഗവാൻ ശ്രീകൃഷ്ണനാണ് ഞങ്ങളെ ഇവിടേയ്ക്ക് അയച്ചത്. അദ്ദേഹം ഗോപാലന്മാരുമായും ബലരാമനുമായും പശുക്കളെ മേയ്ച്ചുകൊണ്ട് വളരെ ദൂരം സഞ്ചരിച്ചു. ഇപ്പോൾ അവിടുത്തേക്ക് വിശക്കുന്നു, അതിനാൽ അദ്ദേഹത്തിനും കൂട്ടുകാർക്കും കഴിക്കാൻ കുറച്ച് ഭക്ഷണം നൽകണം.

ഹേ പരീക്ഷിത്ത് രാജൻ!, ആ ബ്രാഹ്മണപത്നിമാർ എപ്പോഴും കൃഷ്ണനെ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നവരായിരുന്നു, കാരണം അവിടുത്തെക്കുറിച്ചുള്ള വർണ്ണനകളിൽ അവരുടെ മനസ്സ് നിമഗ്നമായിരുന്നു. അതിനാൽ, അദ്ദേഹം വന്നിട്ടുണ്ടെന്ന് കേട്ട ഉടൻ അവർക്ക് വലിയ ആവേശം തോന്നി. നല്ല രുചിയും സുഗന്ധവുമുള്ള നാല് തരം ഭക്ഷണങ്ങൾ വലിയ പാത്രങ്ങളിൽ എടുത്ത്, എല്ലാ സ്ത്രീകളും ഒരുമിച്ച് ഭഗവാനെ കാണാൻ പുറപ്പെട്ടു, നദികൾ കടലിലേക്ക് ഒഴുകുന്നതുപോലെ. തങ്ങളുടെ ഭർത്താക്കന്മാരും സഹോദരന്മാരും പുത്രന്മാരും മറ്റ് ബന്ധുക്കളും പോകരുതെന്ന് വിലക്കിയെങ്കിലും, ഭഗവാന്റെ ദിവ്യഗുണങ്ങളെക്കുറിച്ച് കേട്ടറിഞ്ഞതിലൂടെ വളർന്നുണ്ടായ ഭഗവദ്ദർശനത്തിനുവേണ്ടിയുള്ള അവരുടെ പ്രതീക്ഷ വിജയിച്ചു. യമുനാനദിക്കരയിൽ, അശോകമരങ്ങളുടെ മൊട്ടുകൾ കൊണ്ട് അലങ്കരിച്ച ഒരു തോട്ടത്തിൽ, ഗോപാലന്മാരുടെയും ജ്യേഷ്ഠനായ ബലരാമന്റെയും അകമ്പടിയോടെ നടന്നുപോകുന്ന ശ്രീകൃഷ്ണനെ അവർ കണ്ടു. അദ്ദേഹത്തിന്റെ നിറം കാർമേഘനീലയായിരുന്നു, വസ്ത്രത്തിന് സ്വർണ്ണനിറവും. മയിൽപ്പീലിയും, പലനിറത്തിലുള്ള ധാതുക്കളും, പൂമൊട്ടുകളും, വനപുഷ്പങ്ങളും ഇലകളുടെ മാലയും ഒക്കെ അണിഞ്ഞ് ഭഗവാൻ ഒരു നൃത്തനാടകകലാകാരനെപ്പോലെ വേഷം ധരിച്ചിരുന്നു. ഒരു കൈ ഒരു കൂട്ടുകാരന്റെ തോളിൽ വെച്ച്, മറ്റേ കൈകൊണ്ട് അദ്ദേഹം ഒരു താമരപൂവ് കറക്കിക്കൊണ്ടിരുന്നു. താമരപ്പൂക്കൾ അദ്ദേഹത്തിന്റെ ചെവികളെ അലങ്കരിച്ചു, മുടി ആ സുന്ദരകപോലങ്ങളെ തൊട്ടുതഴുകിക്കിടന്നു. ആ മുഖപങ്കജത്തിൽ നറുചിരിയുമുണ്ടായിരുന്നു.

ഹേ രാജൻ!, ആ ബ്രാഹ്മണപത്നിമാർ തങ്ങളുടെ പ്രിയപ്പെട്ടവനായ കൃഷ്ണനെക്കുറിച്ച് വളരെക്കാലമായി കേട്ടിരുന്നു, അദ്ദേഹത്തിന്റെ മഹത്വങ്ങൾ അവരുടെ കാതുകൾക്ക് സ്ഥിരമായ അലങ്കാരങ്ങളായി മാറിയിരുന്നു. വാസ്തവത്തിൽ, അവരുടെ മനസ്സ് എപ്പോഴും ഭഗവാനിൽ മുഴുകിയിരുന്നു. തങ്ങളുടെ കണ്ണുകളിലൂടെ അവർ അദ്ദേഹത്തെ ഹൃദയങ്ങളിലേക്ക് പ്രവേശിപ്പിച്ചു, എന്നിട്ട് ഉള്ളിൽ വെച്ച് ആ സുന്ദരരൂപത്തെ ആലിംഗനം ചെയ്തു. ഇപ്രകാരം ഇത്രനാളും അവിടുത്തെ കാണാൻ കഴിഞ്ഞത്തിലുള്ള വേദന അവർ ഒടുവിൽ ഉപേക്ഷിച്ചു, യഥാർത്ഥത്തിൽ ഋഷിമാർ തങ്ങളുടെ അന്തരംഗബോധത്തെ ആശ്ലേഷിച്ചുകൊണ്ട് അഹങ്കാരത്തിന്റെ ഉത്കണ്ഠ ഉപേക്ഷിക്കുന്നതുപോലെയായിരുന്നു അത്. എല്ലാ ജീവികളുടെയും ചിന്തകൾക്ക് സാക്ഷിയായ ശ്രീകൃഷ്ണൻ, ആ സ്ത്രീകൾ എല്ലാ ലൗകിക പ്രതീക്ഷകളും ഉപേക്ഷിച്ച് തന്നെ കാണാൻ മാത്രമാണ് വന്നതെന്ന് മനസ്സിലാക്കി. അങ്ങനെ നിന്തിരുവടി പുഞ്ചിരിയോടെ അവരോട് ഇപ്രകാരം സംസാരിച്ചു.

ശ്രീകൃഷ്ണൻ പറഞ്ഞു: സ്വാഗതം, ഹേ ഏറ്റവും ഭാഗ്യവതികളായ സ്ത്രീകളേ!. ഇരിക്കുക, സുഖമായി ഇരിക്കുക. നിങ്ങൾക്ക് വേണ്ടി എനിക്ക് എന്തുചെയ്യാൻ കഴിയും? നിങ്ങൾ എന്നെ കാണാൻ ഇവിടെ വന്നത് വളരെ ഉചിതമാണ്. തങ്ങളുടെ യഥാർത്ഥ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞിട്ടുള്ളവർ  തീർച്ചയായും എന്നിൽ നേരിട്ട് അവിച്ഛിന്നമായ നിസ്സ്വാർത്ഥ ഭക്തിസേവനം ചെയ്യുന്നു, കാരണം ഞാൻ ആത്മാവിന് ഏറ്റവും പ്രിയപ്പെട്ടവനാണ്. ആത്മാവിനോടുള്ള ബന്ധം മൂലമാണ് ഒരാളുടെ പ്രാണൻ, ബുദ്ധി, മനസ്സ്, സുഹൃത്തുക്കൾ, ശരീരം, ഭാര്യ, കുട്ടികൾ, സമ്പത്ത് തുടങ്ങിയവ പ്രിയങ്കരമാകുന്നത്. അതുകൊണ്ട് സ്വന്തം ആത്മാവിനേക്കാൾ പ്രിയപ്പെട്ട മറ്റെന്താണ് ഉണ്ടാവുക? നിങ്ങൾ യാഗശാലയിലേക്ക് മടങ്ങിപ്പോകണം, കാരണം നിങ്ങളുടെ ഭർത്താക്കന്മാരായ ബ്രാഹ്മണർ ഗൃഹസ്ഥരാണ്, അവരുടെ യാഗങ്ങൾ പൂർത്തിയാക്കാൻ നിങ്ങളുടെ സഹായം ആവശ്യമുണ്ട്.

രാജാവേ!, ഇപ്രകാരം ഭഗവാന്റെ തിരുവായ്മൊഴി കേട്ട ബ്രാഹ്മണപത്നിമാർ മറുപടി പറഞ്ഞു: ഹേ സർവ്വശക്തനായവനേ!, ഇത്രയും ക്രൂരമായ വാക്കുകൾ അവിടുന്ന് ഞങ്ങളോട് പറയരുത്. പകരം, അങ്ങ് ഭക്തരക്ഷകനാണെന്ന വാഗ്ദാനം നിറവേറ്റണം. അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങൾ എത്തിച്ചേർന്നതിനാൽ, അങ്ങയുടെ പാദങ്ങളിൽ നിന്ന് വീഴുന്ന തുളസിമാലകൾ ശിരസ്സിൽ വഹിച്ചുകൊണ്ട് ഞങ്ങൾ ഈ വനത്തിൽതന്നെ കഴിയാൻ ആഗ്രഹിക്കുന്നു. എല്ലാ ഭൗതിക ബന്ധങ്ങളും ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഭർത്താക്കന്മാരും, അച്ഛന്മാരും, പുത്രന്മാരും, സഹോദരങ്ങളും, മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും ഇനി ഞങ്ങളെ സ്വീകരിക്കില്ല, ഈ അവസരത്തിൽ മറ്റാർക്കാണ് ഞങ്ങൾക്ക് അഭയം നൽകാൻ കഴിയുക? അതുകൊണ്ട്, അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങൾ സ്വയം അർപ്പിച്ചതിനാൽ, ഹേ ശത്രുനാശക!, ഞങ്ങൾക്ക് മറ്റ് ലക്ഷ്യമില്ലാത്തതിനാൽ ഞങ്ങളുടെ ആഗ്രഹം സാധിച്ചുതരണേ!.

പരമപുരുഷനായ ഭഗവാൻ മറുപടി പറഞ്ഞു: നിങ്ങളുടെ ഭർത്താക്കന്മാർ നിങ്ങളോട് വിരോധമുള്ളവരായിരിക്കില്ലെന്ന് ഉറപ്പിച്ചുകൊള്ളുക, നിങ്ങളുടെ അച്ഛന്മാരും, സഹോദരങ്ങളും, പുത്രന്മാരും, മറ്റ് ബന്ധുക്കളും, പൊതുജനങ്ങളും അങ്ങനെയാകില്ല. അതിനുള്ള അനുഗ്രഹം ഞാൻ അവർക്ക് നൽകും.  നിങ്ങൾ എന്റെ ശാരീരികസാമീപ്യത്തിൽ തുടരുന്നത് ഈ ലോകത്തിലെ ആളുകളെ തീർച്ചയായും സന്തോഷിപ്പിക്കില്ല, മാത്രമല്ല എന്നോടുള്ള നിങ്ങളുടെ സ്നേഹം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗവും അതായിരിക്കില്ല. പകരം, നിങ്ങൾ എന്നിൽ നിങ്ങളുടെ മനസ്സ് ഉറപ്പിക്കണം, വളരെ വേഗം നിങ്ങൾ എന്നെ പ്രാപിക്കും. എന്നെക്കുറിച്ച് കേൾക്കുന്നതിലൂടെയും, എന്റെ വിഗ്രഹരൂപം കാണുന്നതിലൂടെയും, എന്നെ ധ്യാനിക്കുന്നതിലൂടെയും, എന്റെ നാമങ്ങളും മഹത്വങ്ങളും കീർത്തിക്കുന്നതിലൂടെയുമാണ് എന്നോടുള്ള സ്നേഹം വളരുന്നത്, ശാരീരിക സാമീപ്യത്തിലൂടെയല്ല. അതിനാൽ ദയവായി നിങ്ങളുടെ വീടുകളിലേക്ക് മടങ്ങുക.

ശുകദേവൻ പറഞ്ഞു: രാജൻ!, ഇപ്രകാരം ഉപദേശിക്കപ്പെട്ട ബ്രാഹ്മണപത്നിമാർ യാഗം നടക്കുന്ന സ്ഥലത്തേക്ക് മടങ്ങി. ബ്രാഹ്മണർ തങ്ങളുടെ പത്നിമാരിൽ ഒരു തെറ്റും കണ്ടില്ല, അവരുമായി ചേർന്ന് ആ ബ്രാഹ്മണർ യാഗം പൂർത്തിയാക്കി. എന്നാൽ, ഭർത്താവ് നിർബന്ധിച്ച് തടഞ്ഞ ഒരു സ്ത്രീ ഉണ്ടായിരുന്നു. മറ്റുള്ളവർ കൃഷ്ണനെക്കുറിച്ച് വിവരിക്കുന്നത് കേട്ടപ്പോൾ, അവൾ തന്റെ ഹൃദയത്തിൽ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ഭൗതിക കർമ്മങ്ങളോടുള്ള ബന്ധത്തിന്റെ മൂലമായ തന്റെ ശരീരം ഉപേക്ഷിക്കുകയും ചെയ്തു.

പരമപുരുഷനായ ഭഗവാൻ ഗോവിന്ദൻ ആ നാല് തരം ഭക്ഷണങ്ങൾ കൊണ്ട് ഗോപാലന്മാർക്ക് വിളമ്പി. തുടർന്ന് സർവ്വശക്തനായ ഭഗവാൻ സ്വയം ആ വിഭവങ്ങൾ ഭക്ഷിച്ചു. അങ്ങനെ, തന്റെ ലീലകൾക്കായി ഒരു മനുഷ്യനെപ്പോലെ പ്രത്യക്ഷപ്പെട്ട തന്തിരുവടി മനുഷ്യസമൂഹത്തിന്റെ വഴികൾ അനുകരിച്ചു. തന്റെ സൗന്ദര്യം, വാക്കുകൾ, പ്രവൃത്തികൾ എന്നിവയാൽ അദ്ദേഹം തന്റെ പശുക്കളെയും, ഗോപാലന്മാരായ കൂട്ടുകാരെയും, ഗോപികമാരായ കൂട്ടുകാരികളെയും സന്തോഷിപ്പിച്ചു.

തുടർന്ന് ബ്രാഹ്മണർക്ക് ബുദ്ധിയുദിച്ചു, അവർക്ക് വലിയ പശ്ചാത്താപം തോന്നി. അവർ ചിന്തിച്ചു, “ഞങ്ങൾ പാപം ചെയ്തു, കാരണം സാധാരണ മനുഷ്യരൂപത്തിൽ വന്ന ഈ രണ്ട് പ്രപഞ്ചനാഥന്മാരുടെ അപേക്ഷ ഞങ്ങൾ നിഷേധിച്ചു.”

പരമപുരുഷനായ ഭഗവാൻ കൃഷ്ണനോടുള്ള തങ്ങളുടെ പത്നിമാരുടെ പരിശുദ്ധവും ദിവ്യവുമായ ഭക്തി ശ്രദ്ധിച്ചപ്പോൾ, തങ്ങൾക്ക് ഭക്തിയില്ലെന്ന് കണ്ടപ്പോൾ, ബ്രാഹ്മണർക്ക് വളരെ ദുഃഖം തോന്നി, അവർ സ്വയം പഴിക്കാൻ തുടങ്ങി.

ബ്രാഹ്മണർ പറഞ്ഞു: നമ്മുടെ ഈ ശ്രേഷ്ഠജന്മം  നശിക്കട്ടെ, നമ്മുടെ ബ്രഹ്മചര്യം നശിക്കട്ടെ, നമ്മുടെ വിപുലമായ അറിവ് നശിക്കട്ടെ! നമ്മുടെ ഉന്നതമായ പശ്ചാത്തലവും യാഗകർമ്മങ്ങളിലെ വൈദഗ്ധ്യവും നശിക്കട്ടെ! ഇവയെല്ലാം നശിച്ചിരിക്കുന്നു, കാരണം നമ്മൾ ദിവ്യനായ ഭഗവാനോട് ശത്രുതയുള്ളവരായിരുന്നു. ഭഗവാന്റെ മായാശക്തി തീർച്ചയായും മഹത്തായ യോഗികളെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നു, അങ്ങനെയിരിക്കെ നമ്മളുടെ കാര്യം പറയേണ്ടതുണ്ടോ. ബ്രാഹ്മണർ എന്ന നിലയിൽ നമ്മൾ എല്ലാ വിഭാഗം ആളുകളുടെയും ആത്മീയ ഗുരുക്കന്മാരാകേണ്ടവരാണ്, എന്നിട്ടും നമ്മുടെ സ്വാർത്ഥത്തെക്കുറിച്ച് നമ്മൾ ആശയക്കുഴപ്പത്തിലായി. ഈ സ്ത്രീകൾ പ്രപഞ്ചം മുഴുവന്റെയും ആത്മീയ ഗുരുവായിട്ടുള്ള ശ്രീകൃഷ്ണനോട് വളർത്തിയെടുത്ത അളവില്ലാത്ത സ്നേഹം നോക്കൂ! ഈ സ്നേഹം അവർക്ക് മരണത്തിന്റെ ബന്ധനങ്ങൾ പോലും തകർത്തുകളഞ്ഞിരിക്കുന്നു. ഈ സ്ത്രീകൾ ദ്വിജന്മാരുടെ ശുദ്ധീകരണകർമ്മങ്ങളൊന്നും നടത്തിയിട്ടില്ല, ഒരു ആത്മീയഗുരുവിന്റെ ആശ്രമത്തിൽ ബ്രഹ്മചാരിണികളായി ജീവിച്ചിട്ടില്ല, തപസ്സുകൾ ചെയ്തിട്ടില്ല, ആത്മാവിന്റെ സ്വഭാവത്തെക്കുറിച്ച്  ചിന്തിച്ചിട്ടില്ല, ശുചിത്വവുമായി ബന്ധപ്പെട്ട ആചാരങ്ങൾ പാലിച്ചിട്ടില്ല, അല്ലെങ്കിൽ പുണ്യകരമായ ആചാരങ്ങളിൽ ഏർപ്പെട്ടിട്ടില്ല. എന്നിട്ടും, ഉന്നതമായ വേദസ്തുതികളാൽ മഹത്വങ്ങൾ കീർത്തിക്കപ്പെടുന്നതും എല്ലാ യോഗീശ്വരന്മാരുടെയും പരമനാഥനുമായ ശ്രീകൃഷ്ണനോട് അവർക്ക് ദൃഢമായ ഭക്തിയുണ്ടായിരിക്കുന്നു. ഈ യജ്ഞാദികർമ്മങ്ങളെല്ലാം ഞങ്ങൾ ചെയ്തിട്ടും, ഞങ്ങൾക്ക് ഭഗവാനോട് അത്തരം ഭക്തിയുണ്ടാകുന്നില്ല.

വാസ്തവത്തിൽ, നമ്മൾ ഗാർഹികകാര്യങ്ങളിൽ ഭ്രമിച്ചുപോയതിനാൽ, നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തിൽനിന്ന് നമ്മൾ പൂർണ്ണമായും വ്യതിചലിച്ചു. എന്നാൽ ഇപ്പോൾ നോക്കൂ, ഈ ലളിതരായ ഗോപാലന്മാരുടെ വാക്കുകളിലൂടെ ഭഗവാൻ എല്ലാ യഥാർത്ഥ ദിവ്യാനുഭൂതിക്കാരുടെയും ആത്യന്തിക ലക്ഷ്യം നമ്മെ എങ്ങനെയാണ് ഓർമ്മിപ്പിച്ചത്. അല്ലെങ്കിൽ, എല്ലാ ആഗ്രഹങ്ങളും ഇതിനകം പൂർണ്ണമായവനും, മോക്ഷത്തിന്റെയും മറ്റ് എല്ലാ ദിവ്യമായ അനുഗ്രഹങ്ങളുടെയും നാഥനുമായ പരമനിയന്താവ്, എപ്പോഴും അവിടുത്തെ നിയന്ത്രണത്തിൽ കഴിയേണ്ട നമ്മളോടൊപ്പം ഈ നാടകം കളിക്കുന്നത് എന്തിനാണ്? അവിടുത്തെ പാദാരവിന്ദങ്ങളുടെ സ്പർശത്തിനായി ആഗ്രഹിച്ച്, ഭാഗ്യദേവത തന്റെ അഹങ്കാരവും ചാഞ്ചല്യവും ഉപേക്ഷിച്ച്, മറ്റെല്ലാറ്റിനെയും ഒഴിവാക്കി എന്നെന്നും അവിടുത്തെ മാത്രം ആരാധിക്കുന്നു. അവിടുന്ന് ഭിക്ഷ യാചിക്കുന്നു എന്നത് തീർച്ചയായും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. 

യാഗത്തിന്റെ എല്ലാ വശങ്ങളും - ശുഭകരമായ സ്ഥലവും സമയവും, വിവിധ സാമഗ്രികളും, വേദമന്ത്രങ്ങളും, നിർദ്ദേശിക്കപ്പെട്ട ആചാരങ്ങളും, പുരോഹിതന്മാരും യാഗാഗ്നിയും, ദേവന്മാരും, യാഗത്തിന്റെ രക്ഷാധികാരിയും, യാഗത്തിലെ ഹോമവും, ലഭിക്കുന്ന പുണ്യഫലങ്ങളും - എല്ലാം അവിടുത്തെ ഐശ്വര്യത്തിന്റെ പ്രകടനങ്ങൾ മാത്രമാണ്. എന്നിട്ടും, എല്ലാ യോഗീശ്വരന്മാരുടെയും നാഥനായ പരമപുരുഷൻ വിഷ്ണു യാദവകുലത്തിൽ ജനിച്ചിട്ടുണ്ടെന്ന് കേട്ടിട്ടും, ശ്രീകൃഷ്ണൻ അവിടുന്നുതന്നെയാണെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം നമ്മൾ മൂഢന്മാരായിരുന്നു. പരമപുരുഷനായ ഭഗവാൻ ശ്രീകൃഷ്ണന് നമ്മൾ നമസ്കാരം അർപ്പിക്കട്ടെ. അവിടുത്തെ ബുദ്ധി ഒരിക്കലും ആശയക്കുഴപ്പത്തിലാകുന്നില്ല, എന്നാൽ അവിടുത്തെ മായാശക്തിയാൽ ആശയക്കുഴപ്പത്തിലായ നമ്മൾ കർമ്മഫലത്തിന്റെ പാതകളിൽ വെറുതെ അലയുകയാണ്. ശ്രീകൃഷ്ണന്റെ മായാശക്തിയാൽ നമ്മൾ ആശയക്കുഴപ്പത്തിലായി, അതിനാൽ ആദിപുരുഷനായ ഭഗവാന്റെ സ്വാധീനം നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ, അവിടുന്ന് ഞങ്ങളുടെ തെറ്റ് ക്ഷമിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

രാജാവേ!, ഇങ്ങനെ ഭഗവാനെ അവഗണിച്ചതിലൂടെ തങ്ങൾ ചെയ്ത പാപത്തെക്കുറിച്ച് ചിന്തിച്ച ആ ബ്രാഹ്മണർ, ഭഗവദ് ദർശനത്തിന് വളരെ ആകാംഷയുള്ളവരായി. എന്നാൽ കംസരാജാവിനെ ഭയന്ന് അവർക്ക് വൃന്ദാവനത്തിലേക്ക് പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. 


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിമൂന്നാമധ്യായം സമാപിച്ചു.


ഓം തത് സത്


<<<<<  >>>>>


2025 ഡിസംബർ 9, ചൊവ്വാഴ്ച

10:2 ഗോപീവസ്ത്രാപഹരണം

ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 22

ഗോപീവസ്ത്രാപഹരണം


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തേ!, ശിശിരകാലത്തെ ആദ്യമാസത്തിൽ, ഗോകുലത്തിലെ അവിവാഹിതരായ യുവതികൾ കാർത്യായനീ ദേവിയെ ആരാധിക്കുന്ന വ്രതം അനുഷ്ഠിച്ചു. ഒരു മാസം മുഴുവനും അവർ ഉപ്പും എരിവും ചേർക്കാത്ത കിച്ചടി മാത്രമാണ് കഴിച്ചത്. പ്രിയപ്പെട്ട രാജാവേ!, സൂര്യൻ ഉദിക്കുന്ന സമയത്തുതന്നെ യമുനാനദിയിൽ കുളിച്ചതിനുശേഷം, ഗോപികമാർ നദീതീരത്ത് ദുർഗ്ഗാദേവിയുടെ ഒരു മൺരൂപമുണ്ടാക്കി. തുടർന്ന് അവർ ചന്ദനം പോലുള്ള സുഗന്ധദ്രവ്യങ്ങൾ, വിളക്കുകൾ, പഴങ്ങൾ, വെറ്റില, പുതുതായി വളർന്ന ഇലകൾ, സുഗന്ധമുള്ള മാലകൾ, ധൂപം എന്നിവകൊണ്ട് ദേവിയെ ആരാധിച്ചു. ആ ഓരോ യുവതിയും ഈ മന്ത്രം ഉരുവിട്ടുകൊണ്ടാണ് തങ്ങളുടെ ആരാധന നടത്തിയത്: 


കാർത്യായനി! മഹാമായേ! 
മഹായോഗിന്യധീശ്വരീ! 
നന്ദഗോപസുതം ദേവി
പതിം മേ കുരുതേ നമഃ  

"ഹേ കാർത്യായനീ ദേവീ!, ഹേ മഹാമായേ!, ഹേ മഹത്തായ യോഗശക്തി ഉള്ളവളേ!, എല്ലാവരുടെയുംമേൽ ശക്തമായ നിയന്ത്രണമുള്ളവളേ!, നന്ദമഹാരാജാവിൻ്റെ പുത്രനെ എൻ്റെ ഭർത്താവാക്കണമേ!. ഞാൻ അങ്ങയെ വന്ദിക്കുന്നു."

ഇപ്രകാരം ഒരു മാസം മുഴുവനും ഗോപികമാർ തങ്ങളുടെ വ്രതം അനുഷ്ഠിക്കുകയും, തങ്ങളുടെ മനസ്സ് പൂർണ്ണമായും കൃഷ്ണനിൽ ലയിപ്പിച്ച്, "നന്ദരാജാവിൻ്റെ പുത്രൻ എൻ്റെ ഭർത്താവാകട്ടെ" എന്ന ചിന്തയിൽ ഭദ്രകാളീ ദേവിയെ ശരിയായ രീതിയിൽ ആരാധിക്കുകയും ചെയ്തു. എല്ലാ ദിവസവും അവർ അതിരാവിലെ എഴുന്നേറ്റു. പരസ്പരം പേരുവിളിച്ച്, കൈകോർത്തു പിടിച്ച്, ഉച്ചത്തിൽ കൃഷ്ണന്റെ മഹിമകൾ പാടിക്കൊണ്ട് കുളിക്കാനായി കാളിന്ദിയിലേക്ക് പോയിരുന്നു. ഒരു ദിവസം അവർ നദീതീരത്ത് എത്തി. മുമ്പ് ചെയ്തിരുന്നതുപോലെ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചുവെച്ച്, കൃഷ്ണന്റെ മഹിമകൾ പാടിക്കൊണ്ട് സന്തോഷത്തോടെ വെള്ളത്തിൽ കളിച്ചു. പരമപുരുഷനും എല്ലാ യോഗീശ്വരന്മാരുടെയും നാഥനുമായ കൃഷ്ണൻ ഗോപികമാർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നതുകൊണ്ട്, അനുഗ്രഹിക്കുവാനായി തൻ്റെ കൂട്ടുകാരുമായി അവിടേക്ക് പോയി. ആ പെൺകുട്ടികളുടെ വസ്ത്രങ്ങൾ എടുത്ത്, അവിടുന്ന് വേഗത്തിൽ ഒരു കടമ്പു മരത്തിന്റെ മുകളിൽ കയറി. എന്നിട്ട്, ഉച്ചത്തിൽ ചിരിച്ചുകൊണ്ടും കൂട്ടുകാർ ചിരിക്കുന്നതിനിടയിലും, അവിടുന്ന് തമാശയായി പെൺകുട്ടികളോട് സംസാരിച്ചു.

ഭഗവാൻ കൃഷ്ണൻ പറഞ്ഞു: പ്രിയപ്പെട്ട പെൺകുട്ടികളേ!, നിങ്ങൾക്ക് ഓരോരുത്തർക്കും ഇഷ്ടമുള്ളതുപോലെ ഇവിടെ വന്ന് നിങ്ങളുടെ വസ്ത്രങ്ങൾ തിരികെയെടുക്കാം. നിങ്ങൾ കഠിനമായ വ്രതങ്ങൾ അനുഷ്ഠിച്ച് ക്ഷീണിതരാണെന്ന് ഞാൻ കാണുന്നതിനാൽ, ഞാൻ നിങ്ങളോട് സത്യമാണ് പറയുന്നത്, തമാശയല്ല. ഞാൻ മുമ്പൊരിക്കലും നുണ പറഞ്ഞിട്ടില്ല, ഈ കുട്ടികൾക്ക് അത് അറിയാം. അതുകൊണ്ട്, നിങ്ങൾ ഓരോരുത്തരായിട്ടോ അല്ലെങ്കിൽ ഒരുമിച്ചോ മുന്നോട്ട് വന്ന് നിങ്ങളുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

കൃഷ്ണൻ തങ്ങളോട് തമാശ പറയുന്നതു കണ്ടപ്പോൾ, ഗോപികമാർ അവിടുത്തെ പ്രേമത്തിൽ പൂർണ്ണമായും മുഴുകി. അവർ പരസ്പരം നോക്കി, നാണത്തോടെ പോലും ചിരിക്കാനും തമാശകൾ പറയാനും തുടങ്ങി. എങ്കിലും അവർ വെള്ളത്തിൽ നിന്ന് പുറത്തുവന്നില്ല. ശ്രീഗോവിന്ദൻ ഇപ്രകാരം ഗോപികമാരോട് സംസാരിച്ചപ്പോൾ, അവിടുത്തെ തമാശ നിറഞ്ഞ വാക്കുകൾ അവരുടെ മനസ്സിനെ പൂർണ്ണമായും കവർന്നെടുത്തു. തണുത്ത വെള്ളത്തിൽ കഴുത്തറ്റം മുങ്ങിനിന്ന അവർ വിറയ്ക്കാൻ തുടങ്ങി. അങ്ങനെ അവർ അവിടുത്തോട് ഇപ്രകാരം പറഞ്ഞു. 

ഗോപികമാർ പറഞ്ഞു: പ്രിയപ്പെട്ട കൃഷ്ണാ!, അന്യായമായി പെരുമാറരുത്! അങ്ങ് നന്ദഗോപരുടെ ബഹുമാന്യനായ പുത്രനാണെന്നും, വൃന്ദാവനത്തിലെ എല്ലാവരാലും ആദരിക്കപ്പെടുന്നവനാണെന്നും ഞങ്ങൾക്കറിയാം. അങ്ങ് ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവനുമാണ്. ഞങ്ങളുടെ വസ്ത്രങ്ങൾ തിരികെ തരൂ. ഞങ്ങൾ തണുത്ത വെള്ളത്തിൽ വിറയ്ക്കുകയാണ്. ഹേ ശ്യാമസുന്ദരാ!, ഞങ്ങൾ അങ്ങയുടെ ദാസിമാരാണ്, അങ്ങ് പറയുന്നതെന്തും ഞങ്ങൾ ചെയ്യും. പക്ഷേ ഞങ്ങളുടെ വസ്ത്രങ്ങൾ തിരികെ തരൂ. ധർമ്മശാസ്ത്രങ്ങൾ എന്താണെന്ന് അങ്ങേക്കറിയാം, അങ്ങ് ഞങ്ങളുടെ വസ്ത്രങ്ങൾ തരുന്നില്ലെങ്കിൽ ഞങ്ങൾ രാജാവിനോട് പറയും. ദയവായി തരൂ!

അതുകേട്ട് കൃഷ്ണൻ പറഞ്ഞു: നിങ്ങൾ പെൺകുട്ടികൾ ശരിക്കും എൻ്റെ ദാസിമാരാണെങ്കിൽ, ഞാൻ പറയുന്നത് അനുസരിക്കുമെങ്കിൽ, നിങ്ങളുടെ നിഷ്കളങ്കമായ ചിരിയോടെ ഇവിടെ വരികയും ഓരോരുത്തരും സ്വന്തം വസ്ത്രങ്ങൾ എടുക്കുകയും ചെയ്യുക. ഞാൻ പറയുന്നത് നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ, ഞാൻ അത് തിരികെ തരില്ല. രാജാവിന് ദേഷ്യം വന്നാലും, അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയും?

അപ്പോൾ, തണുപ്പിൽ വിറച്ച്, എല്ലാ യുവതികളും തങ്ങളുടെ കൈകൾ കൊണ്ട് ഗുഹ്യഭാഗം മറച്ചുകൊണ്ട് വെള്ളത്തിൽ നിന്ന് എഴുന്നേറ്റു. ഗോപികമാർ നാണിച്ചുനിൽക്കുന്നത് കണ്ടപ്പോൾ, അവരുടെ നിർമ്മലമായ സ്നേഹബന്ധത്തിൽ ഭഗവാൻ സംതൃപ്തനായി. അവരുടെ വസ്ത്രങ്ങൾ തൻ്റെ തോളിൽ വെച്ച്, അവിടുന്ന് പുഞ്ചിരിച്ചുകൊണ്ട് അവരോട് സ്നേഹത്തോടെ സംസാരിച്ചു.

ഭഗവാൻ പറഞ്ഞു: വ്രതം അനുഷ്ഠിക്കുന്നതിനിടയിൽ നിങ്ങൾ നദിയിൽ നഗ്നരായി കുളിച്ചത് തീർച്ചയായും ദേവന്മാർക്കെതിരായ ഒരു അപരാധമാണ്. നിങ്ങളുടെ പാപത്തിന് പരിഹാരമായി, കൈകൾ കൂപ്പി തലയ്ക്ക് മുകളിൽ വെച്ച് നിങ്ങൾ വണങ്ങണം. എന്നിട്ട് നിങ്ങളുടെ വസ്ത്രങ്ങൾ തിരികെ എടുക്കുക.

ഇപ്രകാരം വൃന്ദാവനത്തിലെ യുവതികൾ, ഭഗവാൻ പറഞ്ഞത് പരിഗണിച്ച്, നദിയിൽ നഗ്നരായി കുളിച്ചതിലൂടെ തങ്ങളുടെ വ്രതത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ചു. എന്നാൽ തങ്ങളുടെ വ്രതം വിജയകരമായി പൂർത്തിയാക്കാൻ അവർ ആഗ്രഹിച്ചു, പരമമായ എല്ലാ പുണ്യകർമ്മങ്ങളുടെയും ഫലം ഭഗവാൻ കൃഷ്ണൻ തന്നെയായതിനാൽ, തങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയാൻ അവർ അവിടുത്തേക്ക് പ്രണമിച്ചു. അവർ അങ്ങനെ വണങ്ങുന്നത് കണ്ടപ്പോൾ, പരമപുരുഷനും ദേവകീപുത്രനുമായ ഭഗവാന്, അവരോട് കരുണ തോന്നുകയും അവരുടെ പ്രവൃത്തിയിൽ സംതൃപ്തനാകുകയും ചെയ്തുകൊണ്ട് അവരുടെ വസ്ത്രങ്ങൾ തിരികെ നൽകുകയും ചെയ്തു.

ഗോപികമാർ പൂർണ്ണമായും ചതിക്കപ്പെടുകയും അവരുടെ നാണം നഷ്ടപ്പെടുകയും, കളിപ്പാട്ടങ്ങളെപ്പോലെ പരിഹസിക്കപ്പെടുകയും, അവരുടെ വസ്ത്രങ്ങൾ മോഷ്ടിക്കപ്പെടുകയും ചെയ്തുവെങ്കിലും, അവർക്ക് കൃഷ്ണനോട് ഒട്ടുംതന്നെ വൈരാഗ്യം തോന്നിയില്ല. പകരം, തങ്ങളുടെ പ്രിയപ്പെട്ടവനുമായി ചേർന്നിരിക്കാൻ കിട്ടിയ ഈ അവസരത്തിൽ അവർക്ക് വെറും സന്തോഷം മാത്രമാണുണ്ടായിരുന്നത്. ഗോപികമാർ തങ്ങളുടെ പ്രിയപ്പെട്ട കൃഷ്ണനുമായി സഹവസിക്കുന്നതിൽ ആസക്തരായിരുന്നു. അങ്ങനെ അവർ അവിടുത്തെ ആകർഷണവലയത്തിലായി. അതിനാൽ, വസ്ത്രങ്ങൾ ധരിച്ചതിനുശേഷവും അവർ അവിടുന്ന് മാറിപ്പോയില്ല. അവർ അവിടെത്തന്നെ നാണത്തോടെ ഭഗവാനെ നോക്കി നിന്നു.

കഠിനമായ വ്രതം അനുഷ്ഠിക്കുന്നതിലുള്ള ഗോപികമാരുടെ നിശ്ചയദാർഢ്യം ഭഗവാന് മനസ്സിലായി. തൻ്റെ താമരപ്പാദങ്ങളിൽ സ്പർശിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും ഭഗവാന് അറിയാമായിരുന്നു. അങ്ങനെ ഭഗവാൻ ദാമോദരൻ, കൃഷ്ണൻ, അവരോട് ഇപ്രകാരം സംസാരിച്ചു.

കൃഷ്ണൻ പറഞ്ഞു: ഹേ സദ്ഗുണസമ്പന്നരായ പെൺകുട്ടികളേ!, ഈ തപസ്സിൽ നിങ്ങളുടെ യഥാർത്ഥ ലക്ഷ്യം എന്നെ ആരാധിക്കുക എന്നതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ ആ ഉദ്ദേശ്യം എൻ്റെ അനുമതിയോടെയുള്ളതാണ്, അത് തീർച്ചയായും സഫലീകരിക്കപ്പെടണം.

എൻ്റെ മേൽ മനസ്സ് അർപ്പിക്കുന്നവരുടെ ആഗ്രഹം, സൂര്യതാപമേറ്റ് കരിഞ്ഞ ശേഷം പാകം ചെയ്ത ബാർലിമണികൾ വീണ്ടും മുളയ്ക്കാത്തതുപോലെ, ഇന്ദ്രിയസുഖത്തിനായുള്ള ഭൗതികമായ ആഗ്രഹങ്ങളിലേക്ക് നയിക്കുന്നില്ല. ഇപ്പോൾ നിങ്ങൾ വൃന്ദാവനത്തിലേക്ക് പോവുക. നിങ്ങളുടെ ആഗ്രഹം സഫലമായിരിക്കുന്നു, എല്ലാത്തിനുമുപരി, ഇതായിരുന്നല്ലോ കാർത്യായനീ ദേവിയെ ആരാധിക്കാനുള്ള നിങ്ങളുടെ വ്രതത്തിന്റെ ലക്ഷ്യം.

ശുകദേവൻ പറഞ്ഞു: പരമപുരുഷനാൽ ഇപ്രകാരം ഉപദേശിക്കപ്പെട്ട യുവതികൾ, തങ്ങളുടെ ആഗ്രഹം സഫലമായതിനാൽ, അവിടുത്തെ താമരപ്പാദങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, വളരെ പ്രയാസപ്പെട്ടാണ് വൃന്ദാവന ഗ്രാമത്തിലേക്ക് തിരിച്ചുപോയത്.

കുറച്ച് കാലത്തിന് ശേഷം ദേവകീപുത്രനായ ഭഗവാൻ കൃഷ്ണൻ, തൻ്റെ ഗോപാല സുഹൃത്തുക്കളോടും മൂത്ത സഹോദരനായ ബലരാമനോടും ഒപ്പം, പശുക്കളെ മേച്ചുകൊണ്ട് വൃന്ദാവനത്തിൽ നിന്ന് വളരെ ദൂരെ പോയി. സൂര്യൻ്റെ ചൂട് വർദ്ധിച്ചപ്പോൾ, തനിക്ക് തണൽ നൽകിക്കൊണ്ട് മരങ്ങൾ കുടകളെപ്പോലെ നിൽക്കുന്നത് ഭഗവാൻ കൃഷ്ണൻ കണ്ടു. അങ്ങനെ അവിടുന്ന് തൻ്റെ ബാല്യകാല സുഹൃത്തുക്കളോട് ഇപ്രകാരം പറഞ്ഞു.

കൃഷ്ണൻ പറഞ്ഞു: കൂട്ടുകാരേ! തങ്ങളുടെ ജീവിതം പൂർണ്ണമായും മറ്റുള്ളവരുടെ ക്ഷേമത്തിനായി സമർപ്പിച്ച സൗഭാഗ്യശാലികളായ ഈ മരങ്ങളെ നോക്കൂ. കാറ്റ്, മഴ, ചൂട്, മഞ്ഞ് എന്നിവ സഹിക്കുമ്പോഴും, അവർ നമ്മെ ഈ പ്രകൃതിശക്തികളിൽ നിന്ന് സംരക്ഷിക്കുന്നു. ഈ മരങ്ങൾ ഓരോ ജീവജാലങ്ങളെയും എങ്ങനെയാണ് നിലനിർത്തുന്നതെന്ന് നോക്കൂ! അവയുടെ ജനനം മഹത്തരമാണ്. അവരുടെ പെരുമാറ്റം മഹത് വ്യക്തികളെപ്പോലെയാണ്, കാരണം ഒരു മരത്തോട് എന്തെങ്കിലും ആവശ്യപ്പെടുന്ന ആരും നിരാശരായി മടങ്ങുന്നില്ല. ഈ മരങ്ങൾ ഇലകൾ, പൂക്കൾ, പഴങ്ങൾ, തണൽ, വേരുകൾ, പട്ട, തടി, അതുപോലെ സുഗന്ധം, കറ, ചാരം, സത്ത്, കാണ്ഡങ്ങൾ എന്നിവയാൽ ഒരാളുടെ ആഗ്രഹങ്ങൾ മുഴുവനും സഫലമാക്കുന്നു. ഓരോ ജീവജാലവും തൻ്റെ ജീവിതം, സമ്പത്ത്, ബുദ്ധി, വാക്കുകൾ എന്നിവകൊണ്ട് മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടത് കടമയാണ്. ഇപ്രകാരം, ശിഖരങ്ങൾ, പഴങ്ങൾ, പൂക്കൾ, ഇലകൾ എന്നിവയുടെ ആധിക്യത്താൽ ശാഖകൾ താഴ്ന്നുനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് ഭഗവാൻ കൃഷ്ണൻ യമുനാനദിയിൽ എത്തി.

ഗോപാലന്മാർ പശുക്കളെ യമുനയുടെ തീരത്ത് വിട്ട് തെളിഞ്ഞതും, തണുത്തതും, ശുദ്ധവുമായ വെള്ളം കുടിപ്പിച്ചു. ഹേ പരീക്ഷിത്തേ!, ഗോപാലന്മാരും സംതൃപ്തിയോടുകൂടി ആ മധുരമായ വെള്ളം കുടിച്ചു. അതിനുശേഷം, അവർ അടുത്തുള്ള ഒരു ചെറിയ വനത്തിൽ വിശ്രമിച്ചുകൊണ്ട് മൃഗങ്ങളെ മേയ്ക്കാൻ തുടങ്ങി. എന്നാൽ പെട്ടെന്ന് അവർക്ക് വിശപ്പ് അനുഭവപ്പെടുകയും, കൃഷ്ണനെയും ബലരാമനെയും സമീപിച്ച് ഇപ്രകാരം സംസാരിക്കുകയും ചെയ്തു.


ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.


ഓം തത് സത്


<<<<<  >>>>>