ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 16
വരുണദേവന്റെ പക്കൽനിന്നും നന്ദഗോപരെ ഭഗവാൻ രക്ഷിക്കുന്നത്.
ഹേ രാജാവേ!, നന്ദമഹാരാജാവിനെ കാണാതായപ്പോൾ, ഗോപന്മാർ "ഹേ കൃഷ്ണാ! ഹേ രാമാ!" എന്നിങ്ങനെ ഉച്ചത്തിൽ നിലവിളിച്ചു. അവരുടെ നിലവിളി കേട്ട മാത്രയിൽതന്നെ ഭഗവാന് മനസ്സിലായി, വരുണൻ തൻ്റെ പിതാവിനെ പിടികൂടിയിരിക്കുന്നു എന്ന്. ആയതിനാൽ, ഭക്തരക്ഷകനും സർവ്വശക്തനുമായ ഭഗവാൻ വരുണദേവൻ്റെ സഭയിലേക്ക് പോയി. ഭഗവാൻ ഹൃഷികേശൻ എത്തിച്ചേർന്നത് കണ്ടപ്പോൾ വരുണൻ ഭക്ത്യാദരവുകളോടെ ഭഗവാനെ പൂജിച്ചു. കൃഷ്ണനെ കണ്ടതിൽ അത്യധികം സന്തോഷഭരിതനായിരുന്ന വരുണൻ ഇപ്രകാരം സംസാരിച്ചു.
ശ്രീ വരുണൻ പറഞ്ഞു: ഇന്നിതാ എൻ്റെ ജന്മം സഫലമായിരിക്കുന്നു. എൻ്റെ ജീവിതലക്ഷ്യം ഇപ്പോൾ നിറവേറ്റപ്പെട്ടിരിക്കുന്നു, ഹേ ഭഗവാനേ!. ഹേ പരമപുരുഷാ!, അവിടുത്തെ താമരപ്പാദങ്ങളിൽ അഭയം തേടുന്നവർക്ക് ഭൗതികമായ തങ്ങളുടെ അസ്തിത്വത്തിൻ്റെ പാതയെ മറികടക്കാൻ സാധിക്കുന്നു. നിന്തിരുവടിക്ക് എൻ്റെ നമസ്കാരം. അങ്ങ് ദിവ്യോത്തമനായ പരമപുരുഷനും, പരമസത്യവും, പരമാത്മാവുമാണ്. ഈ ലോകത്തിൻ്റെ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിക്കുന്ന മായാശക്തിയുടെ ഒരു കണികപോലും അവിടുത്തെ ഉള്ളിൽ ഇല്ല. അങ്ങയുടെ പിതാവിനെ സ്വന്തം കർത്തവ്യം മനസ്സിലാക്കാത്ത വിഡ്ഢിയും അജ്ഞാനികളുമായ എന്റെ ഒരു സേവകന്മാർ ഇവിടെ പിടിച്ചുകൊണ്ടുവന്നതാണ്. അതിനാൽ, അവിടുന്ന് ഞങ്ങൾക്ക് മാപ്പ് നൽകിയാലും. ഹേ കൃഷ്ണാ!, സർവ്വാന്തര്യാമിയായ അവിടുത്തെ കരുണ എന്നിലുണ്ടാകണം. ഹേ ഗോവിന്ദാ!, അങ്ങ് അവിടുത്തെ പിതാവിനോട് അത്യന്തം വാത്സല്യമുള്ളവനാണ്. ദയവായി അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുക.
ശുകദേവൻ പറഞ്ഞു: രാജാവേ!, അങ്ങനെ വരുണദേവനിൽ സംപ്രീതനായ ശ്രീഹരി, തൻ്റെ പിതാവിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. അവിടെ അവരെ കണ്ടപ്പോൾ ബന്ധുക്കൾക്ക് അതിയായ സന്തോഷമായി. സമുദ്രലോകത്തിൻ്റെ അധിപനായ വരുണൻ്റെ മഹത്തായ ഐശ്വര്യവും, അതുപോലെതന്നെ വരുണനും വരുണസേവകരും കൃഷ്ണപാദാരവിന്ദങ്ങളിൽ അർപ്പിച്ച ഭക്തിയും ബഹുമാനവും ആദ്യമായി കണ്ടപ്പോൾ നന്ദമഹാരാജാവ് അദ്ഭുതപ്പെട്ടുപോയിരുന്നു. ഇതെല്ലാം അദ്ദേഹം തൻ്റെ കൂട്ടുകാരായ ഗോപന്മാരോട് വിവരിച്ചു.
വരുണനുമായുള്ള ശ്രീകൃഷ്ണഭഗവാന്റെ ലീലകളെക്കുറിച്ച് കേട്ടപ്പോൾ ഗോപന്മാരാകട്ടെ, കൃഷ്ണൻ ഈശ്വരനായിരിക്കണം എന്ന് കരുതി. ഹേ രാജാവേ!, അവരുടെ മനസ്സുകൾ ആകാംഷയാൽ നിറഞ്ഞു. ഒരു നിമിഷത്തേക്ക് അവർ വൈകുണ്ഠ പ്രാപ്തിക്കായി ആഗ്രഹിച്ചു. സർവ്വവും കാണുന്നവനായ ഭഗവാൻ ശ്രീകൃഷ്ണൻ ഗോപന്മാരുടെ ആഗ്രഹം താനെ മനസ്സിലാക്കി. അത് നിറവേറ്റി തൻ്റെ കാരുണ്യം അവരെ കാണിക്കാൻ ആഗ്രഹിച്ചുകൊണ്ട് ഭഗവാൻ ഇപ്രകാരം മനസ്സിലോർത്തു.
ശ്രീകൃഷ്ണൻ ചിന്തിച്ചു: ഈ ലോകത്തിലെ മനുഷ്യർ, അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പൂർണ്ണമായ അറിവില്ലാതെ ചെയ്യുന്ന പ്രവർത്തികളിലൂടെ, സംസാരത്തിൽ മുങ്ങിയും പൊങ്ങിയും അലഞ്ഞുതിരിയുകയാണ്. അതിനാൽ ആളുകൾക്ക് അവരുടെ യഥാർത്ഥ ലക്ഷ്യം തിരിച്ചറിയാൻ കഴിയുന്നില്ല. അങ്ങനെ ഈ സാഹചര്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചപ്പോൾ, സർവ്വകാരുണ്യവാനായ ശ്രീഹരി ഗോപന്മാർക്ക് ഭൗതിക അന്ധകാരത്തിനപ്പുറമുള്ള തൻ്റെ വാസസ്ഥലം വെളിപ്പെടുത്തിക്കൊടുത്തു. അനന്തവും, ബോധപൂർണ്ണവും ശാശ്വതവുമായ, നശിക്കാത്ത ആത്മീയ തേജസ്സ് ശ്രീകൃഷ്ണൻ വെളിപ്പെടുത്തി. പ്രകൃതിയുടെ ഗുണങ്ങളിൽനിന്ന് മുക്തമായ അവസ്ഥയിൽ, ഋഷിമാർ സമാധിയിൽ ആ ആത്മീയ അസ്തിത്വം ദർശിക്കുന്നു. ശ്രീകൃഷ്ണൻ ഗോപന്മാരെ ബ്രഹ്മഹ്രദത്തിലേക്ക് കൊണ്ടുപോയി, വെള്ളത്തിൽ മുക്കി, എന്നിട്ട് ഉയർത്തി. അക്രൂരൻ ആത്മീയ ലോകം ദർശിച്ച അതേ സ്ഥാനത്തുനിന്ന് ഗോപന്മാർ പരമസത്യത്തിൻ്റെ ലോകം കണ്ടു. ആ ദിവ്യമായ വാസസ്ഥലം കണ്ടപ്പോൾ നന്ദമഹാരാജാവിനും മറ്റ് ഗോപന്മാർക്കും അതിയായ സന്തോഷം അനുഭവപ്പെട്ടു. അവിടെ, സാക്ഷാൽ വേദങ്ങൾ വ്യക്തിരൂപം പൂണ്ട് തനിക്ക് സ്തുതികൾ അർപ്പിക്കുമ്പോൾ, ശ്രീകൃഷ്ണൻതന്നെ അവിടെ ഇരിക്കുന്നത് കണ്ട ആ ഗോപന്മാർ അത്ഭുതം കൂറി.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിയെട്ടാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>
