ശ്രീമദ് ഭാഗവതം - ദശമസ്കന്ധം - അദ്ധ്യായം - 26
ശ്രീകൃഷ്ണമാഹാത്മ്യം
ഗോപന്മാർ പറഞ്ഞു: ഹേ നന്ദമഹാരാജാവേ!, ഈ കുട്ടി ഇത്രയും അസാധാരണമായ കാര്യങ്ങൾ ചെയ്യുന്ന സ്ഥിതിക്ക്, ഞങ്ങൾ സാധാരണക്കാരോടൊപ്പം അവനെന്തുകൊണ്ട് ജനിച്ചു? ഇങ്ങനെ ഒരു അത്ഭുതബാലന്റെ ജനനം ഞങ്ങൾക്കിടയിൽ എങ്ങനെ സാധ്യമാകും? വലിയൊരു ആന ഒരു താമരപ്പൂ എടുക്കുന്നതുപോലെ, ഈ ഏഴുവയസ്സുകാരൻ എങ്ങനെയാണ് ഇത്ര നിസ്സാരമായി ഗോവർദ്ധനമെന്ന ഈ മഹാമല ഒറ്റകൈകൊണ്ട് താങ്ങിനിർത്തിയത്? കണ്ണുതുറന്നിട്ടില്ലാത്ത ഒരു പിഞ്ചു കുഞ്ഞായിരിക്കുമ്പോൾ, അവൻ ശക്തയായ പൂതനയെന്ന രാക്ഷസിയുടെ മുലപ്പാൽ കുടിക്കുകയും, തുടർന്ന് കാലം ഒരാളുടെ യൗവനത്തെ വലിച്ചെടുക്കുന്നതുപോലെ, അവളുടെ ജീവവായുവും കൂടി വലിച്ചെടുത്തു.
ഒരു നാളിൽ, വെറും മൂന്ന് മാസം പ്രായമുള്ളപ്പോൾ, ചെറിയ ഈ കൃഷ്ണൻ ഒരു വലിയ വണ്ടിക്കടിയിൽ കിടന്ന് കരയുകയും കാലുകൾ ഇളക്കി കളിക്കുകയും ചെയ്തു. ആ സമയം, അവൻ്റെ കാൽവിരലിന്റെ അറ്റം തട്ടിയതുകൊണ്ടുമാത്രം ആ വണ്ടി ഉയർന്നുപൊങ്ങി തകിടം മറിഞ്ഞ് തലകീഴായി നിലം പതിക്കുകയും ചെയ്തു. ഒരു വയസ്സായപ്പോൾ, ശാന്തമായി ഇരിക്കുകയായിരുന്ന അവനെ തൃണാവർത്തൻ എന്ന അസുരൻ ആരും കാണാതെ എടുത്ത് ആകാശത്തേക്ക് കൊണ്ടുപോയി. എന്നാൽ ഉണ്ണികൃഷ്ണൻ ആ അസുരന്റെ കഴുത്തിൽ അമർത്തി പിടിച്ച് അവന് കഠിനമായ വേദനയുണ്ടാക്കുകയും ശ്വാസം മുട്ടിക്കുകയും അങ്ങനെ അവനെ വധിക്കുകയും ചെയ്തു. ഒരിക്കൽ, വെണ്ണ മോഷ്ടിച്ചതിന് അവന്റെ അമ്മ അവനെ ഒരു ഉരലിൽ കയർകൊണ്ട് കെട്ടിയിട്ടു. എന്നിട്ട്, അവൻ ഇഴഞ്ഞുനീങ്ങി ആ ഉരലിനെ രണ്ടു അർജ്ജുന മരങ്ങൾക്കിടയിലൂടെ വലിച്ചിഴയ്ക്കുകയും അവയെ കടപുഴക്കി വീഴ്ത്തുകയും ചെയ്തു.
മറ്റൊരു സമയം, കൃഷ്ണൻ ബലരാമനോടും ഗോപാലന്മാരോടുമൊപ്പം കാട്ടിൽ പശുക്കിടാങ്ങളെ മേയ്ക്കുന്ന സമയത്ത്, ബകൻ എന്ന ഒരസുരൻ കൃഷ്ണനെ കൊല്ലാനായി വന്നു. എന്നാൽ കൃഷ്ണൻ ഈ ശത്രുവായ അസുരന്റെ വായിൽ പിടിച്ച് അവനെ രണ്ടായി കീറിക്കളഞ്ഞു. കൃഷ്ണനെ കൊല്ലാനാഗ്രഹിച്ചുകൊണ്ട്, വത്സൻ എന്ന മറ്റൊരസുരൻ ഒരു പശുക്കിടാവിന്റെ രൂപത്തിൽ കൃഷ്ണന്റെ പശുക്കിടാക്കൾക്കിടയിൽ പ്രവേശിച്ചു. എന്നാൽ കൃഷ്ണൻ ആ അസുരനെ കൊന്നശേഷം, അവന്റെ ശരീരം ഉപയോഗിച്ച് കപിത്ഥകായ്കൾ മരങ്ങളിൽ നിന്ന് അടിച്ച് വീഴ്ത്തുന്ന കളി ആസ്വദിച്ചു.
പിന്നൊരു ദിവസം, ബലരാമനോടൊപ്പം കൃഷ്ണൻ കാട്ടിൽ മാടുകളെ മേയ്ക്കുന്ന സമയത്ത് കഴുതയുടെ രൂപത്തിലുള്ള ധേനുകാസുരനെയും അവന്റെ എല്ലാ കൂട്ടുകാരെയും കൊന്നൊടുക്കി, അങ്ങനെ നിറയെ പനമ്പഴങ്ങളുള്ള താലവനം സുരക്ഷിതമാക്കി. ഭയങ്കരനായ പ്രലംബൻ എന്ന അസുരനെ ശക്തനായ ബലരാമനെക്കൊണ്ട് കൊല്ലിച്ച ശേഷം, കൃഷ്ണൻ വ്രജത്തിലെ ഗോപാലന്മാരെയും അവരുടെ മൃഗങ്ങളെയും ഒരു കാട്ടുതീയിൽ നിന്ന് രക്ഷിച്ചു. ഏറ്റവും വിഷമുള്ള കാളിയൻ എന്ന സർപ്പത്തെ കൃഷ്ണൻ ശിക്ഷിക്കുകയും, അവനെ വിനയം പഠിപ്പിച്ച ശേഷം യമുനാനദിയിലെ ആ തടാകത്തിൽനിന്ന് ബലമായി ഓടിക്കുകയും ചെയ്തു. ഇപ്രകാരം ആ നദിയിലെ ജലത്തെ അസുരന്റെ ശക്തിയേറിയ വിഷത്തിൽ നിന്ന് ഭഗവാൻ മുക്തമാക്കി. പ്രിയ നന്ദാ, ഞങ്ങൾക്കും വ്രജത്തിലെ മറ്റ് എല്ലാ നിവാസികൾക്കും നിങ്ങളുടെ മകനോടുള്ള ഈ അചഞ്ചലമായ സ്നേഹം ഉപേക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? അതുപോലെ, അവന് ഞങ്ങളോട് ഇത്ര സ്വാഭാവികമായ ആകർഷണം തോന്നുന്നത് എങ്ങനെയാണ്? ഒരുവശത്ത് ഈ കുട്ടിക്ക് ഏഴ് വയസ്സ് മാത്രമേയുള്ളൂ പ്രായം, മറുവശത്ത് അവൻ വലിയ ഗോവർദ്ധനഗിരി എടുത്തുയർത്തുന്നത് ഞങ്ങൾ കാണുന്നു. അതുകൊണ്ട്, വ്രജരാജാവേ, നിങ്ങളുടെ മകനെക്കുറിച്ച് ഞങ്ങൾക്ക് സംശയമുണ്ടാകുന്നു.
നന്ദമഹാരാജാവ് മറുപടി പറഞ്ഞു: ഹേ ഗോപന്മാരേ!, എൻ്റെ വാക്കുകൾ ശ്രദ്ധിക്കുക, എൻ്റെ മകനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടട്ടെ. കുറച്ചുകാലം മുമ്പ് ഗർഗ്ഗമുനി ഈ കുട്ടിയെക്കുറിച്ച് എന്നോട് ഇപ്രകാരം സംസാരിച്ചിരുന്നു.
ഗർഗ്ഗമുനി പറഞ്ഞിരുന്നു: നിങ്ങളുടെ മകൻ കൃഷ്ണൻ ഓരോ യുഗത്തിലും അവതാരമായി വരുന്നു. മുൻപ് അവൻ വെള്ള, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വർണ്ണങ്ങൾ സ്വീകരിച്ചു, ഇപ്പോൾ അവൻ കറുപ്പ് കലർന്ന നിറത്തിൽ അവതരിച്ചിരിക്കുന്നു. പല കാരണങ്ങൾകൊണ്ടും, നിങ്ങളുടെ ഈ സുന്ദരനായ മകൻ മുൻപ് വസുദേവരുടെ മകനായും ചിലപ്പോൾ അവതരിച്ചിട്ടുണ്ട്. അതുകൊണ്ട്, പണ്ഡിതന്മാർ ചിലപ്പോൾ ഈ കുട്ടിയെ വാസുദേവൻ എന്നും വിളിക്കാറുണ്ട്. നിങ്ങളുടെ ഈ മകന് അവന്റെ ദിവ്യഗുണങ്ങൾക്കും പ്രവൃത്തികൾക്കും അനുസൃതമായി നിരവധി രൂപങ്ങളും നാമങ്ങളുമുണ്ട്. ഇവയെല്ലാം എനിക്കറിയാം, പക്ഷേ സാധാരണക്കാർക്ക് അവ മനസ്സിലാകുന്നില്ല. ഗോകുലത്തിലെ ഗോപന്മാരുടെ ദിവ്യമായ ആനന്ദം വർദ്ധിപ്പിക്കാനായി, ഈ കുട്ടി നിങ്ങൾക്ക് വേണ്ടി എപ്പോഴും മംഗളകരമായ കാര്യങ്ങൾ ചെയ്യും. അവന്റെ കൃപയാൽ മാത്രം നിങ്ങൾ എല്ലാ പ്രയാസങ്ങളെയും തരണം ചെയ്യും. ഹേ നന്ദമഹാരാജാവേ!, ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ, ഭരണത്തിൽ ക്രമക്കേടുണ്ടാവുകയും, കഴിവില്ലാത്ത ഭരണം നിലനിൽക്കുകയും, ഇന്ദ്രൻ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും, കള്ളന്മാർ സത്യസന്ധരെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തപ്പോൾ, ഈ കുട്ടി ദുഷ്ടന്മാരെ നിയന്ത്രിക്കാനും ജനങ്ങളെ സംരക്ഷിക്കാനും അവർക്ക് അഭിവൃദ്ധി നൽകാനും വേണ്ടി അവതരിച്ചു.
എപ്പോഴും വിഷ്ണുഭഗവാൻ കൂടെയുള്ളതിനാൽ ദേവന്മാരെ അസുരന്മാർക്ക് ഉപദ്രവിക്കാൻ കഴിയില്ല. അതുപോലെ, എല്ലാ മംഗളങ്ങളുമുണ്ടാക്കുന്ന കൃഷ്ണനോട് ബന്ധമുള്ള ഒരു വ്യക്തിയെയും അല്ലെങ്കിൽ കൂട്ടത്തെയും ശത്രുക്കൾക്ക് തോൽപ്പിക്കാനാവില്ല. അതുകൊണ്ട്, ഹേ നന്ദമഹാരാജാവേ!, നിങ്ങളുടെ ഈ കുട്ടി നാരായണന് തുല്യനാണ്. അവന്റെ ദിവ്യഗുണങ്ങളിലും, ഐശ്വര്യത്തിലും, പേരിലും, പ്രശസ്തിയിലും, സ്വാധീനത്തിലും അവൻ തീർച്ചയായും നാരായണനെപ്പോലെയാണ്. അതിനാൽ അവന്റെ പ്രവൃത്തികളിൽ നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല.
നന്ദരാജാവ്ഹേ പറഞ്ഞു: ഗോപന്മാരേ!, അങ്ങേനെ, ഗർഗ്ഗഋഷി ഈ വാക്കുകൾ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങിയപ്പോൾ, ഞങ്ങളെ കഷ്ടപ്പാടുകളിൽ നിന്ന് അകറ്റിനിർത്തുന്ന ഈ കൃഷ്ണൻ യഥാർത്ഥത്തിൽ നാരായണഭഗവാന്റെ ഒരവതാരം തന്നെയാണെന്ന് ഞാനും ചിന്തിക്കാൻ തുടങ്ങി.
ശ്രീ ശുകബ്രഹ്മർഷി തുടർന്നു: നന്ദമഹാരാജാവ് ഗർഗ്ഗമുനിയുടെ വാക്കുകൾ വിവരിക്കുന്നത് കേട്ടപ്പോൾ വൃന്ദാവനത്തിലെ നിവാസികൾക്ക് ഉണർവുണ്ടായി. അവരുടെ ആശയക്കുഴപ്പം നീങ്ങുകയും, അവർ നന്ദനെയും കൃഷ്ണഭഗവാനെയും വലിയ ബഹുമാനത്തോടെ ആരാധിക്കുകയും ചെയ്തു.
ഇന്ദ്രൻ്റെ യാഗം മുടങ്ങിയപ്പോൾ അവൻ കോപിക്കുകയും, ഇടിയോടും ശക്തമായ കാറ്റോടും കൂടി ഗോകുലത്തിൽ മഴയും ആലിപ്പഴവർഷവും ഉണ്ടാക്കുകയും ചെയ്തു. ഇത് അവിടെയുള്ള ഗോപന്മാർക്കും മൃഗങ്ങൾക്കും സ്ത്രീകൾക്കും വലിയ ദുരിതമുണ്ടാക്കി. തന്നെ മാത്രം ആശ്രയിച്ച് കഴിയുന്നവരുടെ ഈ അവസ്ഥ കണ്ടപ്പോൾ, സ്വതവേ കരുണാമയനായ കൃഷ്ണഭഗവാൻ പുഞ്ചിരിക്കുകയും, ഒരു കൊച്ചുകുട്ടി കളിക്കാൻ വേണ്ടി ഒരു കൂൺ കൈയ്യിലെടുക്കുന്നതുപോലെ ഒരു കൈകൊണ്ട് കൃഷ്ണൻ ഗോവർദ്ധനപർവ്വതം ഉയർത്തുകയും, ആ മല താങ്ങിപ്പിടിച്ചുകൊണ്ട് അവൻ ഗോപസമൂഹത്തെ സംരക്ഷിക്കുകയും ചെയ്തു. പശുക്കളുടെ നാഥനും ഇന്ദ്രന്റെ അഹങ്കാരം നശിപ്പിച്ചവനുമായ ആ ഗോവിന്ദൻ ഞങ്ങളിൽ പ്രസാദിക്കട്ടെ.
ശ്രീമദ് ഭാഗവതം ദശമസ്കന്ധം ഇരുപത്തിയാറാമധ്യായം സമാപിച്ചു.
ഓം തത് സത്
<<<<< >>>>>
.jpg)