2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

3.24 കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം.

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 24 (കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം)

ഗൃഹസ്ഥാശ്രമജീവിതം പൂർത്തിയാക്കിയതിനുശേഷം, കർദ്ദമമുനി തന്റെ ധർമ്മപത്നിയായ ദേവഹൂതിയേയും, ബിന്ദുസരോവരതീരത്തിൽ താൻ കെട്ടിയുണ്ടാക്കിയ ആശ്രമവുമുപേക്ഷിച്ച് ബ്രഹ്മസാക്ഷാത്ക്കാരത്തെത്തേടി പുറപ്പെടുവാനൊരുങിയപ്പോൾ, ദേവഹൂതിയുടെ ഹൃദയത്തിൽനിന്നുതിർന്നുവീണ കണ്ണുനീർതുള്ളികൾ അദ്ദേഹത്തെ ഒരുനിമിഷനേരത്തേക്ക് വിലക്കി. ഇത്രനാളും ഭൗതികവിഷയങളിൽ വ്യാപരിച്ച്, നേടേണ്ടത് നേടാതെ, തനിക്ക് സ്വായത്തമായ അമൂല്യസമയത്തെ പാഴാക്കിയെന്നും, സർവ്വജ്ഞനായ കർദ്ദമരോടൊപ്പം ഏറെനാൾ കഴിഞുവെങ്കിലും ആത്മതത്വം തനിക്കിന്നും അലബ്ദമാണെന്നുമുള്ള പരമാർത്ഥം അവളെ ദുഃഖത്തിലാഴ്ത്തി. കർദ്ദമൻ കുറെക്കാലംകൂടി ഭാര്യാസമേതം ആശ്രമത്തിൽതന്നെ താമസിച്ചു. തുടർന്നുണ്ടായ സംഭവങൾ മൈത്രേയമഹാമുനി വിദുരരോട് പറയുന്നു.

മൈത്രേയൻ പറഞു: "ഹേ അനഘനായ ഭാരതാ!, ഭഗവാന്റെ തിരുവായ്മൊഴിയെ സ്മരിച്ചുകൊണ്ട്, വേദവാദിനിയായി തന്റെ മുന്നിൽ നിൽക്കുന്ന സ്വായംഭുവപുത്രിയോട് കാരുണ്യം വഴിയുന്ന വാക്കുകളിൽ കർദ്ദമമുനി പറഞു: "ഹേ കീർത്തിതയായ രാജപുത്രി!, ഭവതി ഖേദിക്കാതിരിക്കുക. അക്ഷരനായ ഭഗവാൻ ഹരി നിന്റെ ഗർഭത്തിൽ വന്നുപിറക്കുവാൻ സമയമായിരിക്കുന്നു. ദേവീ!, നീ കഠിനമായ വ്രതങളനുഷ്ഠിച്ചവളാണ്. ആത്മനിയന്ത്രണം ചെയ്തവളാണ്. ധാർമ്മികപരിജ്ഞാനമുള്ളവളാണ്. തപജപധ്യാനദാനാദികളാൽ ഭഗവാൻ ഹരിയിൽ മനസ്സുറപ്പിച്ചവളാണ്. അതുകൊണ്ടുതന്നെ ആ കരുണാമയൻ നിന്നെ ഒരിക്കലും കൈവിടുകയില്ല. നിന്നാൽ ആരാധ്യനായ ഹരി നിന്റെ മാത്രമല്ലാ, എന്റെ യശസ്സിനേയും ലോകമെമ്പാടും പരത്തും. അവൻ എന്നിലൂടെ നിന്റെ പുത്രനായി അവതരിച്ച്, നിന്നെ ആത്മതത്വം പഠിപ്പിച്ച്, ഹൃദയഗ്രന്ഥി ഭേദിച്ച് അവന്റെ ധാമഗമനത്തിന് പാത്രീഭൂതയാക്കുകയും ചെയ്യും".

മൈത്രേയൻ തുടർന്നു: "വിദുരരേ!, കർദ്ദമപ്രജാപതിയുടെ ഉപദേശവചസ്സുകൾ ദേവഹൂതിക്കെന്നും അവസാനവാക്കുകളായിരുന്നു. ആയതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾ അവൾക്കന്നും അമൃതംപോലെ തോന്നി. അവൾ അന്നുമുതൽ സർവ്വഭൂതാശയസ്ഥിതനും ജഗദീശ്വരുനുമായ ഭഗവാൻ ഹരിയുടെ പാദാരവിന്ദങളിൽ അഭയം തേടി. അങനെ വർഷങൾക്കുശേഷം, വിറകിൽ നിന്നും അഗ്നി പ്രത്യക്ഷമാകുന്നതുപോലെ, കർദ്ദമന്റെ വീര്യത്തിലൂടെ ഭഗവാൻ മധുസൂദനൻ ദേവഹൂതിയുടെ ജഠരത്തിൽ വന്നവതാരം കൊണ്ടു. ആ സമയം, ദേവകൾ വർഷരൂപത്തിൽ ആകാശത്തിൽ സംഗീതമഴപൊഴിച്ചു. ഗന്ധർവ്വന്മർ ഭഗവന്മഹിമകളെ ആലാപനം ചെയ്തു. അപ്സരസുന്ദരിമാർ അംബരവീഥിയിൽ ആനന്ദനൃതത്തിർത്തു. ഭഗവാന്റെ അവതാരത്തിൽ പരിതുഷ്ടരായി ആകാശവീഥിയിലോടിക്കളിച്ചുകൊണ്ട് ദേവതകൾ പുഷ്പവൃഷ്ടി ചൊരിഞു. ജലരാശികൾ കുലംകുത്തിയൊഴുകി. പ്രകൃതിയിൽ സർവ്വഭൂതങളുടേയും ഹൃദയം ആനന്ദത്താൽ നിറഞൊഴുകി. അക്കാലം ബ്രഹ്മദേവൻ മരീചിമുനിയോടൊപ്പം സരസ്വതീനദിയാൽ ചുറ്റപ്പെട്ട ബിന്ദുസരോവരത്തിലെ കർദ്ദമാശ്രമത്തിലെത്തി.

അല്ലയോ ശത്രുനാശകാ!, ദേവഹൂതിക്ക് സാംഖ്യയോഗമാകുന്ന ബ്രഹ്മതത്വത്തെ പ്രദാനം ചെയ്തനുഗ്രഹിക്കുവാൻ ഭഗവാൻ ഹരി സത്വഗുണപ്രധാനനായി തന്റെ അംശാവതാരമായി ദേവഹൂതിയുടെ ഗർഭത്തിൽ അവളുടെ പുത്രനായി വന്നവതീർണ്ണനാകുവാൻപോകുന്ന വിവരം, സർവ്വജ്ഞനും സ്വയംഭുവുമായ വിരിഞ്ചനറിയാമായിരുന്നു. ഭഗവതവതാരോദ്ദേശ്യം മനസ്സിലാക്കി അവനെ നന്ദിതഹൃദയനായി ബ്രഹ്മാവ് സ്തുതിച്ചു. അനന്തരം അദ്ദേഹം കർദ്ദമനോടും ദേവഹൂതിയോടുമായി ഇപ്രകാരം പറഞു."

ബ്രഹ്മദേവൻ പറഞു: "മകനേ!, എന്റെ ഉപദേശങൾ നീ നിർവ്യളീകതയോടെ സ്വീകരിച്ചുകൊണ്ട് ഞാനാഗ്രഹിച്ചതെല്ലാം നീ അവ്വണ്ണംതന്നെയനുഷ്ഠിച്ച് എന്നെ ആദരിച്ചിരിക്കുന്നു. അതിൽ ഞാൻ സന്തുഷ്ടനാണ്. ഒരു പുത്രൻ തന്റെ പിതാവിന്റെ ആജ്ഞയെ ഇപ്രകാരംതന്നെയാണ് ആചരിക്കേണ്ടതും. പിതാവിന്റേയും ഗുരുവിന്റേയും ആജ്ഞയെ ആദരവോടെ നിറവേറ്റുന്നത് ഉത്തമരായ മക്കളുടേയും ശിശ്യരുടേയും സാമൂഹികവും സാംസ്കാരികവുമായ കടമയാണ്. സുന്ദരിമാരായ നിന്റെ ഈ പുത്രികളും തങളുടെ പിതാവിന്റെ ഗുണഗണങൾ അപ്പാടെ നേടിയവരാണ്. ഇവരിലൂടെ നിന്റെ പരമ്പര അനേകകോടികളായി വർദ്ധിക്കുമാറാകട്ടെ!. കുഞേ!, ഇനി നീ ഇവരെ മാംഗല്യവിധിപ്രകാരം ഇവരുടെ ഇഷ്ടാനിഷ്ടങളെ മാനിച്ചുകൊണ്ട് അനുയോജ്യരായ ഋഷിവര്യന്മാർക്ക് വിവാഹം ചെയ്തുകൊടുക്കുക. അങനെ നിന്റെ യശസ്സും കീർത്തിയും ഈ ലോകം മുഴുവൻ വ്യാപിക്കട്ടെ!. കർദ്ദമാ!, സകലഭൂതങൾക്കും സർവ്വാഭീഷ്ടങളും പ്രധാനം ചെയ്യുന്ന പരമപുരുഷൻ തന്റെ യോഗമായയാൽ കപിലദേവനായി ദേവഹൂതിയിലൂടെ അവതീർണ്ണനാകുവാൻ പോകുന്നവിവരം നാം അറിഞുകഴിഞു. ഹിരണ്യകേശനും, പത്മാക്ഷനും, അരവിന്ദപാദനുമായ കപിലഭഗവാൻ ജ്ഞാനവിജ്ഞാനയോഗമാർഗ്ഗത്തിലൂടെ, കർമ്മത്തിൽ മാത്രം അത്യാസക്തരായവർക്ക് അതിൽനിന്നുമുള്ള മുക്തിമാർഗ്ഗം ഉപദേശിച്ച് അവരെ അനുഗ്രഹിക്കുന്നതാണ്".

മൈത്രേയൻ പറഞു: "വിദുരരേ!, വിധാതാവ് പിന്നീട് ദേവഹൂതിയോടായി അരുളിച്ചെയ്തു: "മകളേ!, കൈടഭാർദനനായ  ഭഗവാൻ ഹരി നിന്റെ ജഠരത്തിൽ വന്നുദിച്ചിരിക്കുന്നു. അവൻ നിന്നെ നിന്റെ സകല സംശയങളും അവിദ്യയും തീർത്ത് രക്ഷിക്കുന്നതാണ്. മാത്രമല്ലാ, ആ കരുണാമയൻ ലോകത്തിലുടനീളം സഞ്ചരിച്ച് മനുഷ്യരുടെ അജ്ഞതയെ അകറ്റി അവരുടെ ഹൃദയത്തിൽ അദ്ധ്യാത്മജ്ഞാനദീപം കൊളുത്തി അവരെ അനുഗ്രഹിക്കുകയും ചെയ്യും. അവൻ സിദ്ധപുരുഷന്മാരുടെ ഈശ്വരനായിരിക്കും. കൂടാതെ അവൻ സാംഖ്യശാസ്ത്രത്തിന്റെ ആചര്യനായി ലോകമെമ്പാടും പുകഴ്കൊള്ളുകയും, അതിലൂടെ അല്ലയോ മാനവീ!, നിന്റെ യശ്ശസ്സും, കീർത്തിയും പ്രപഞ്ചത്തിലാകമാനം വ്യാപിക്കുകയും ചെയ്യും".

മൈത്രേയൻ തുടർന്നു: "ഹേ ഭാരതാ!, അങനെ കർദ്ദമരേയും, ദേവഹൂതിയേയും അനുഗ്രഹിച്ചതിനുശേഷം ജഗത്പിതാവായ ബ്രഹ്മദേവൻ സനകാദികളോടും, ബ്രഹ്മഋഷി നാരദരോടുമൊപ്പം, തന്റെ ഹംസവാഹനത്തിൽ ത്രിധാമപരമമായ സ്വസ്ഥാനത്തേക്ക് യാത്രയായി. തുടർന്ന് ബ്രഹ്മദേവന്റെ ആജ്ഞയനുസരിച്ച് കർദ്ദമൻ തന്റെ പുത്രിമാരെ ശ്രേഷ്ഠന്മാരായ ഒമ്പത് പ്രജാപതിഋഷിവര്യന്മാർക്ക് മാംഗല്യം കഴിച്ചുനൽകി. കലയെ മരീചിക്കും, അനസൂയയെ അത്രിമുനിക്കും, ശ്രദ്ധയെ അംഗിരസ്സിനും, ഹവിർഭുവിനെ പുലസ്ത്യനും, ഗതിയെ പുലഹനും, ക്രിയയെ ക്രതുവിനും, ഖ്യാതിയെ ഭൃഗുവിനും, അരുന്ധതിയെ വസിഷ്ഠനും, പിന്നെ യജ്ഞസാധകയായ ശാന്തിയെ അത്ഥർവ്വനും കർദ്ദമമുനി കൈപിടിച്ചേൽപ്പിച്ചു. അങനെ ശ്രേഷ്ഠബ്രാഹ്മണർക്ക് തന്റെ പെൺകുട്ടികളെ വിവാഹം ചെയ്തുകൊടുത്തതിനുശേഷം അവർക്ക് തുണയായി കർദ്ദമമുനി അവരോടൊപ്പം കഴിയുകയും ചെയ്തു. വിദുരരേ!, വിവാഹാനന്തരം ആ ബ്രാഹ്മണർ കർദ്ദമരോട് യാത്രപറഞ്, തങളുടെ പത്നിമാരോടൊപ്പം സന്തോഷപൂർവ്വം അവരവരുടെ ആശ്രമങളിലേക്ക് യാത്രയായി.

അനന്തരം, തന്റെ പുത്രനായി ദേവാദിദേവൻ മഹാവിഷ്ണു അവതരിക്കുവാൻ പോകുന്നുവെന്നറിഞ കർദ്ദമമുനി ശാന്തമായ ഒരു സ്ഥാനത്ത് ചെന്നിരുന്ന് ആ പരമപുരുഷനെ ധ്യാനിക്കുവാൻ തുടങി. ധ്യാനത്തിൽനിന്നുണർന്ന് അദ്ദേഹം ആരോടെന്നില്ലാതെ ജല്പനം ചെയ്തു. "അഹോ!, എത്രകാലങളായി ഇവിടെ മനുഷ്യർ തങളുടെ പ്രാരബ്ദഭാരങൾ ചുമന്നുകൊണ്ട് അലഞുതിരിയുന്നു. സമാധാനം!, അവനവതരിക്കുവാൻ പോകുന്നുവല്ലോ!. ജന്മജന്മാന്തരങളായി യോഗീശ്വരന്മാർപോലും ശൂന്യസ്ഥലങളിൽ യോഗസമധിസ്ഥാരായിരുന്നുകൊണ്ട് ആ പദമലരിണയെ ഒരുനോക്കുകാണുവാൻ കൊതിക്കുന്നു. അങനെയുള്ള ആ ഭക്തവത്സലനാണോ അലംഭാവിതരായ ഞങളുടെ വീട്ടിൽ എന്റെ മകനായി പിറക്കുവാൻ പോകുന്നത്?. അത്ഭുതം തന്നെ!". ഭഗവാനേ!, നീ എന്നും ഭക്തപരിപാലകൻ തന്നെയാണ്. നീ എന്നും സത്യപാലകനാണ്. അതുകൊണ്ടാണല്ലോ  അവിടുത്തെ വാക്കിനെ സത്യമാക്കിക്കൊണ്ട് ഈയുള്ളവന്റെ ഗൃഹത്തിൽ വന്ന് പിറക്കുവാൻ പോകുന്നതും, ഞങൾക്ക് അവിടുത്തെ തത്വമേകി അതിഘോരമായ സംസൃതിയിൽനിന്നും ഞങളെ മുക്തമാക്കുവാൻ ശ്രമിക്കുന്നതും. അരൂപനായ നിന്നെ ആരാദിക്കുന്നവർക്ക്, അവർ അഹോരാത്രം കാണുന്നതെല്ലാം അവിടുത്തെ കോമളരൂപമാക്കിക്കൊണ്ട് നീ അവർക്ക് ആനന്ദം പകരുന്നു. ഭഗവാനേ!, അവിടുത്തെ പാദാരവിന്ദങൾ മാത്രമാണിവിടെ ജിജ്ഞാസ്സുക്കളായുള്ള ഋഷീശ്വരന്മാരാൽ ആരാധനായോഗ്യമായുള്ളത്. ഐശ്വര്യയുക്തനും, പരമവിരക്തനും, യശസ്സുറ്റവനും, അവബോധസ്വരൂപനും, വീര്യവാനും, ശ്രീമാനുമായ അങയുടെ ആ പാദാരവിന്ദങളിൽ ഞാനിതാ അഭയം പ്രാപിക്കുന്നു. പരമപ്രധാനനും, അദ്ധ്യാത്മസ്വരൂപനും, ജഗത്ക്കരണനും, കാലസ്വരൂപനും, ഗുണസ്വരൂപനും, സർവ്വലോകപരിപാലകനും, സാർവ്വഭൗമശക്തിമാനും, തന്റെ യോഗമായയാൽ ജഗത്സർവ്വത്തെ തന്നിൽ തന്നെയടക്കുന്നവനുമായ നിന്റെ പദതളിരിണയിൽ എന്റെ പ്രണാമം. പരമപ്രധാനനും, സകലചരാചരകാരണനും, കാലവും, കവിയും, സർവ്വലോകപാലകനും, സൃഷ്ടിസ്ഥിതിസംഹാരാദിളെ തന്റെ യോഗമായയാൽ ധരിക്കുന്ന സർവ്വശക്തനുമായ അങ് ഇതാ കപിലനാമധേയത്തിൽ എന്റെ പുത്രനായി പിറക്കുവാൻപോകുന്നു. അവന്റെ പാദമലരിൽ ഞാൻ അഭയം തേടുന്നു.

ഹേ ജഗത്ക്കാരണനായ നാരായണാ!, ഇന്ന് ഞാൻ അങയോടൊരുവരം ചോദിക്കുകയാണ്. അവിടുത്തെ കൃപയാൽ എന്റെ കടമകളെ ഞാൻ നിറവേറ്റിയിരിക്കുന്നു. മാത്രമല്ലാ, എന്റെ സകല ആഗ്രഹങളും ഞാൻ അനുഭവിച്ചറിഞ് സാധൂകരിക്കുകയും, അവയെ അവയുടെ ഉത്ഭവസ്ഥാനത്തുതന്നെ അടക്കുകയും ചെയ്തിരിക്കുന്നു. ഇനി അടിയന് വേണ്ടത്, ഈ ഗൃഹസ്ഥാശ്രമജീവിതത്തിൽ നിന്നും വിരമിച്ച്, അവിടുത്തെ അദ്ധ്യാത്മാനുഭൂതിയെ അനുവേലം ഹൃദയത്തിലേറ്റി, സകലദുഃഖങളും മറന്ന്, ഉലകം മുഴുവൻ അവിടുത്തെ ഗുണഗാനങളും പാടിക്കൊണ്ട് ചുറ്റിസഞ്ചരിക്കണം".

ശ്രീഭഗവാൻ പറഞു: "ഹേ മഹാമുനേ!, സ്മൃതികളിലൂടെയായാലും, പ്രത്യക്ഷഭാവത്തിലായാലും, നാം ചൊന്നതെല്ലാം പരമസത്യവും, അവയെല്ലാം ആധികാരികമായിത്തന്നെ മനുഷ്യൻ ഉൾക്കൊള്ളേണ്ടവയുമാണ്. അതേവിധം അങേയ്ക്ക് തന്ന വാക്കിനെ സാക്ഷാത്കരിക്കുവാനായി നാമിതാ അങയുടെ പുത്രനായി അവതരിക്കുവാൻ പോകുന്നു. നമ്മുടെ ഈ അവതാരലക്ഷ്യം പ്രത്യേകിച്ചും ആത്മദർശനതത്വമായ സാംഖ്യശാസ്ത്രത്തെ മുമുക്ഷുക്കൾക്ക് പ്രദാനം ചെയ്യുകയെന്നുള്ളതാണ്. മനസ്സിനും ബുദ്ധിക്കും ഗ്രഹിക്കുവാൻ അത്യന്തം ദുസ്തരമായ ഈ ദർശനം കാലാന്തരത്തിൽ നഷ്ടപ്പെട്ടുപോയ അമൂല്യമായ ഒരു അദ്ധ്യാത്മനിധിയാണ്. ഈ ശാസ്ത്രത്തെ സമൂഹത്തിനുമുന്നിൽ പുനഃരവതരിപ്പിക്കുവാൻവേണ്ടിമാത്രമാണ് നാം അങയുടെ പുത്രരൂപേണ ഇവിടെ അവതീർണ്ണനാകുവാൻ പോകുന്നത്. ഹേ മുനേ!, സർവ്വതും എന്നിൽ സമർപ്പിച്ചുകൊണ്ട്, അങാഗ്രഹിക്കുംവണ്ണംതന്നെ ഇറങി പുറപ്പെട്ടുകൊള്ളുക. ദുസ്തരമായ മരണഭയത്തെ ജയിച്ച് അമൃതത്വത്തിനുവേണ്ടി നമ്മെ ഭജിച്ചുകൊള്ളുക. മുനേ!, സകലഹൃദയകുഹരങളിലും സ്വയംജ്യോതിസ്വരൂപമായി കുടികൊള്ളുന്ന നമ്മെ അങേയ്ക്ക് അങയുടെ ഹൃദയപത്മത്തിൽതന്നെ ദർശിക്കുവാനാകും. ആ സമയം അങ് ശോകവും ഭയവുമറ്റ അദ്ധ്യാത്മികാനുഭൂതിയുടെ നിറവിലായിരിക്കുകയും ചെയ്യും. മാതാവിനും നാം ഈ അദ്ധ്യാത്മജ്ഞാനത്തെ പ്രദാനം ചെയ്ത് അവളുടെ സകലകർമ്മബന്ധങളും നിശ്ശേഷം തീർത്ത്, അവളെ ആത്മസാക്ഷാത്കാരത്തിന് പാത്രീഭൂതയാക്കുകയും ചെയ്യും."

മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ ഭഗവാന്റെ സ്വാന്തനവചസ്സുകൾ കേട്ട് സംപ്രീതനായി, സംതൃപ്തമാനസനായി കർദ്ദമപ്രജാപതി വനത്തിലേക്ക് പുറപ്പെട്ടു. മൗനവ്രതം സ്വീകരിച്ചുകൊണ്ട്, സർവ്വസംഗപരിത്യാഗിയായി, അഗ്നിയും ഗൃഹവുമുപേക്ഷിച്ച്, അനുസ്യൂതം ഭഗവത്സ്മൃതിയിലാണ്ടുകൊണ്ട്, കർദ്ദമമുനി ഭൂലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. കാര്യകാരണങൾക്ക് പരനായ, ത്രിഗുണങൾക്കധീതനായ, ത്രിഗുണങളുടെ സർവ്വകാരണനായ, ഭക്തിഗമ്യനായ, ആ പരമപൂരുഷനിൽ മനസ്സുറപ്പിച്ച്, കർദ്ദമമുനി കാലങൾ കഴിച്ചു. ക്രമേണ അദ്ദേഹം ദേഹാത്മബോധത്തിൽ നിന്ന് മുക്തനായി, നിരഹങ്കാരനായി, ഭൗതികവിഷയങൾക്ക് ദൂരത്തുനിന്നുപോലും തീണ്ടുവാൻ സധ്യമല്ലാത്ത ബ്രഹ്മവസ്തുവായി പരിണമിച്ചു. തന്നിൽനിന്നന്യമായി യാതൊന്നും തന്നെ ഇവിടെയില്ല എന്ന പരമബോധത്തോടുകൂടി സകലചരാചരങളേയും തന്റെയുള്ളിൽതന്നെ ദർശിച്ചറിഞ്, ധീരനായി, ദ്വന്ദ്വാധീതനായി, അലയടിക്കുന്ന തിരകൾക്ക് നടുവിലും സമുദ്രം അകമേ ശാന്തമായിരിക്കുന്നതുപോലെ, സകലവിഷയങൾക്കുനടുവിലും പ്രശാന്തമാനസനായി സദാ കേവലം ആത്മാനന്ദത്തിൽ അദ്ദേഹം രമിച്ചു. സകലജീവഭൂതങളിലും കുടികൊള്ളുന്ന സർവ്വജ്ഞനായ വാസുദേവനിൽ പരമമായ ഭക്തിവച്ചുകൊണ്ട്, സർവ്വബന്ധനങളിൽനിന്നും മുക്തനായി നിത്യവും പരമവുമായ ആത്മവസ്തുവിൽ കർദ്ദമൻ ലയിച്ചുചേർന്നു. അവിടെ, സർവ്വചരാചരങളിൽ കുടികൊള്ളുന്ന പരമാത്മാവിനേയും, അവനിൽ നിലകൊള്ളുന്ന സകലചരാചങളേയും അദ്ദേഹം ഒരുപോലെകണ്ടറിഞു. രാഗദ്വേഷങളകന്ന് സർവ്വത്തിൽനിന്നും വിമുക്തനായി, ഭഗവാന്റെ ഭക്തോത്തമനായിക്കൊണ്ട്, കർദ്ദമപ്രജാപതി പരമനിർവ്വാണപദത്തിലേക്ക് കുതിച്ചുയർന്നു."

ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിനാലാമധ്യായം സമാപിച്ചു.

ഓം തത് സത്








srimad bhagavatham, realization of kardama, kardama muniyude moksham, vidura-maitreya samvaadam, talk between vidura and maitreya,

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

3.23 ദേവഹൂതിയുടെ വിലാപം.

ഓം
ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 23 (ദേവഹൂതിയുടെ വിലാപം)


​സ്വായംഭുവമനു തന്റെ മകളായ ദേവഹൂതിയെ കർദ്ദമമഹാമുനിക്ക് വിവാഹം ചെയ്തുകൊടുത്തതിനുശേഷം അദ്ദേഹം പത്നിയോടും പരിവാരങളോടുമൊപ്പം ദുഖിതനായി തന്റെ പട്ടണമായ ബർഹിസ്മതിയിലേക്ക് തിരിച്ചു. തികഞ ജിജ്ഞാസ്സുവായി ശ്രദ്ധയോടെ ശ്രവണം ചെയ്തുകൊണ്ട് തന്റെ മുന്നിലിരിക്കുന്ന വിദുരരോട് സ്വായംഭുവമനുവിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ച് മൈത്രേയമുനി പറഞുതുടങി: "വിദുരരേ!, വിവാഹാനന്തരം, ഭവാനി പരമേശ്വരനെ സേവിക്കുന്നതുപോലെ, സാധ്വീമണീയായ ദേവഹൂതി തന്റെ പ്രിയതമനായ കർദ്ദമമുനിയെ സ്നേഹപൂർവ്വം പരിചരിച്ചു. ആധരവോടെ, ആത്മസംയമനത്തോടെ, മാധുര്യവചസ്സുകളോടെ അവൾ അദ്ദേഹത്തെ അഗാധമായി സ്നേഹിച്ചു. കാമം, ഗർവ്വം, അസൂയ, അത്യാഗ്രഹം, അഹങ്കാരം ഇത്യാദി ദുർഗ്ഗുണങൾ ദൂരത്തെറിഞ് തികഞ വിവേകത്തോടും ശുഷ്കാന്തിയോടുംകൂടി അവൾ വളരെ പെട്ടെന്നുതന്നെ തന്റെ സ്വാമിയുടെ ഹൃദയത്തിൽ ഇടം നേടി.

കാലങൾ ഒരുപാട് കടന്നുപോയി. മനുപുത്രിയായ ദേവഹൂതി ഋഷികളിൽ അത്യുത്തമനായ കർദ്ദമരിൽ അതീവതരം ഭർത്തൃഭക്തിയുള്ളവളായി ജീവിച്ചു. ദൈവാധീനത്തേക്കാളധികം തന്റെ ഭർത്താവിന്റെ അനുഗ്രഹമായിരുന്നു അവളിച്ഛിച്ചിരുന്നത്. കാലാകാലങളായി ആചരിച്ചുവരുന്ന വൃതാനുഷ്ഠാനങളുടെ പാരമ്യതയിൽ ദേവഹൂതി ശാരീരികമായി തളർന്നുമെലിഞു. അത് കണ്ടറിഞ കർദ്ദമമുനിയുടെ ഹൃദത്തിൽ പതിവൃതയായ തന്റെ ജീവിതസഖിയോടുള്ള കാരുണ്യം വഴിഞൊഴുകി.  ഇടറിയ നാദത്തിൽ അദ്ദേഹം അവളോട് പറഞു: "പ്രിയേ!, നിന്റെ ഭർത്തൃസ്നേഹത്തിലും, പാതിവൃത്യത്തിലും നാം എന്തെന്നില്ലാത്ത സന്തോഷമാണനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതൊരു പ്രാണിക്കും തന്റെ ശരീരം വളരെ പ്രീയമുള്ളതായിരിക്കും. പക്ഷേ നീയാകട്ടെ, അതിനെ അവഗണിച്ചുകൊണ്ട് സദാ നമ്മുടെ സന്തോഷത്തിനുവേണ്ടിമാത്രം ജീവിക്കുന്നു. ഈ സത്യം എന്നെ വല്ലാതെ അമ്പരപ്പിക്കുകയാണ്. തപോധിഷ്ഠിതമായ ജീവിതംകൊണ്ട് നേടേണ്ടതായ ഭഗവത് സാക്ഷാത്കാരത്തെ നാം ഇതിനകം നേടിക്കഴിഞിരിക്കുന്നു. നിനക്കവയൊക്കെ അന്യമാണെങ്കിലും, സദാകാലവും നമ്മെ പരിചരിച്ച് നമ്മോടൊപ്പം കഴിഞതിനാൽ ഭയദുഃഖവിനാശനകരമായ ആ അനുഗ്രഹങളെ അവരുദ്ധാനദൃഷ്ടിയിലൂടെ നാം നിന്നിൽ ചൊരിയുവാൻ പോകുകയാണ്. അതിമനോഹരമായ അവയോരോന്നും ഒന്നൊഴിയാതെ നീ കണ്ടുക്കൊള്ളുക. പ്രിയേ!, ഭഗവതനുഗ്രഹമാകുന്ന ഇതിനോട് യാതൊരുവിധമായ വിഷയസുഖങളേയും തുലനം ചെയ്യുവാൻ സാധ്യമല്ല. സകല ഭൗതികസുഖഭോഗങളും കാരണപുരുഷനായ അവന്റെ നയനചലനങൾക്കുവിധേയമായി ഇല്ലാതെയാകുവാൻ ക്ഷണനേരംപോലും അധികമാകുന്നു. എന്നാൽ ആഭിജാതനൃപോത്തമന്മാർക്കുപോലും അതിവേഗം ലഭ്യമല്ലാത്തത്ര സൗഭാഗ്യങളാണ് പാതിവൃത്യധർമ്മാചരണത്തിലൂടെ നീ അനുഭവിക്കുവാൻ പോകുന്നത്".

മൈത്രേയൻ പറഞു: "വിദുരരേ!, തപോധനനായ തന്റെ പ്രിയതമനിൽനിന്നും കാരുണ്യരസമൊഴുകുന്ന ഈ വാക്കുകൾ കേട്ടയുടൻ ദേവഹൂതിയുടെ ഹൃദയത്തിൽ എന്തെന്നില്ലാത്ത സംതൃപ്തിയുളവായി. നാണത്തിൽ മുങിയ നയനങളോടെ, വിറയാർന്ന ചുണ്ടുകളോടെ അവൾ അദ്ദേഹത്തോട് പറഞു: "പ്രാണനാഥാ!, അങ് യോഗമായാദേവിയുടെ കാരുണ്യത്താൽ അനുഗ്രഹീതനാണ്. അവിടുത്തെ തപോബലം കൊണ്ട് അങ് ഭഗവാൻ ഹരിയെ സാക്ഷാത്കരിച്ചതായും ഈയുള്ളവളറിയുന്നു. പക്ഷേ, അങയുടെ ജീവിതത്തിന് ഒരു ലക്ഷ്യം കൂടി ബാക്കിയുണ്ട്. അവിടുന്ന് ഒരിക്കൽ ഈയുള്ളവൾക്കൊരു പ്രത്യാശ തന്നിരുന്നു. അങയുടെ അംഗസംഗം ഇവൾക്ക് പ്രാപ്തമാകുമെന്നും, അതിലൂടെ ഇവളിൽ പുത്രഭാഗ്യമുണ്ടാകുമെന്നും. പതിവൃതയായ ഒരു നാരിക്ക് പുത്രഭാഗ്യമാണ് ലോകത്തിൽ സർവ്വപ്രധാനമായിയുള്ളത്. ഹേ ദേവാ!, അങയെ എല്ലാവിധത്തിലും പ്രാപിക്കുവാനുള്ള വികാരപാരമ്യതയിൽ ജീവിച്ച് എന്റെ ശരീരം നന്നേ ക്ഷയിച്ചുപോയിരിക്കുന്നു. ഇതിനെ അങേയ്ക്കുവേണ്ടി ഉദ്ദ്വീപിപ്പിക്കുന്നതിലേക്ക് വേദോക്തങളായി യാതൊന്നുണ്ടോ, അതെല്ലാം അനുഷ്ഠിക്കുവാൻ ഞാൻ അങയോട് പ്രാർത്ഥിക്കുകയാണ്. മാത്രമല്ലാ, അതിനനുയോജ്യമായ ഒരു ഭവനത്തെക്കുറിച്ചും നമുക്ക് അലോചിക്കേണ്ടിയിരിക്കുന്നു."

മൈത്രേയൻ തുടർന്നു: "ഹേ ഭാരതാ!, പ്രിയതമയുടെ മനോഗതം കേട്ടമാത്രയിൽതന്നെ, അവൾക്ക് പ്രിയം ചെയ്യുവാനായി കർദ്ദമൻ തന്റെ യോഗമായയിലൂടെ തങളുടെ ഇംഗിതത്തിനനുസരണം പ്രയാണം ചെയ്യുന്ന ഒരു ദിവ്യവിമാനം സൃഷ്ടിച്ചു. സർവ്വാഭീഷ്ടപ്രദായകമായ ആ ദിവ്യയാനങൾക്കുചുറ്റും പല നിറത്തിലും തരത്തിലുമുള്ള വിശേഷരത്നങൾ പതിപ്പിച്ചിരുന്നു. ദിവ്യശിലകളിൽ കൊത്തിയുണ്ടാക്കിയ അതിന്റെ തൂണുകൾ അത്യന്തം മനോഹരമായിരുന്നു. കാലമേറുന്തോറും അതിലെ ഐശ്വര്യങൾ വർദ്ധിച്ചുവരുന്നതും ആ ദിവ്യവിമാനത്തിന്റെ പ്രത്യേകതകളിലൊന്നായിരുന്നു. കൊടിത്തോരണങൾ ചാർത്തി, മധുപന്മാർ വട്ടമിട്ടുപറന്ന്, മധുവൂറുന്ന പുഷ്പമാല്യങളാൽ സുശോഭിതമായി, പട്ടുവസ്ത്രങളും ചിത്രകംബളങളും കൊണ്ട് അലംകൃതമായി ആ ദിവ്യയാനം സർവ്വഋതുക്കളിലും ആഡംബരപൂർവ്വം ആകാശത്തിൽ വിളങി. ആ വിമാനമന്ദിരത്തിലെ മൂന്നു നിലകളിലുമുള്ള മുറികൾ പ്രത്യേകം പ്രത്യേകം ശയ്യകളാലും, വിശറികൾ സ്ഥാപിച്ച ആസനങളാലും മറ്റും സജ്ജീകൃതമായിരുന്നു. ഭിത്തികളിൽ അങിങായി കൊത്തുവേലകൾ ചെയ്തും, നിലമാകട്ടെ വിവിധയിനം മുത്തുകളാലും പവിങ്ങളാലും പാകി മനോഹരമാക്കിയിരിന്നു. പ്രവേശനദ്വാരത്തിലും ഉമ്മറപ്പടിയിലുമെല്ലാം പവിഴം നിരത്തിയലങ്കരിച്ചിരുന്നു. കവാടത്തിൽ വ്യത്യസ്ഥവർണ്ണങളിൽ രത്നങൾ പതിപ്പിച്ചിരുന്നു. ഗോപുരാഗ്രത്തിൽ ഇന്ദ്രനീലം കൊണ്ട് താഴികക്കുടം നിർമ്മിച്ച് നാട്ടിയിരുന്നു. ചുമരിൽ ചാർത്തിയിരുന്ന മാണിക്യകല്ലുകൾ വിടർന്നുതെളിഞ ചക്ഷുക്കളെപ്പോലെ തോന്നിക്കുമായിരുന്നു. സ്വർണ്ണനിർമ്മിതമായ പടിവാതിലുകളും വെൺകൊറ്റക്കുടവിതാനങളും ആ ദിവ്യയാനത്തെ മനോഹാരിതയുടെ പരമകാഷ്ഠയിലേക്കെടുത്തുയർത്തി.

വിദുരരേ!, അവിടം ഇണപ്രാവുകളുടേയും ഇണയരയന്നങളുടേയും ഒരു സമുച്ചയമായിരുന്നു. അങിങായി കൊത്തിവച്ചിട്ടുള്ള ജീവൻ തുടിക്കുന്ന അരയന്നങളുടെയും പ്രാവുകളുടേയും മുകളിലുതിർന്നുകയറി ജീവനുള്ളവയെന്ന് തെറ്റിദ്ധരിച്ച് അവ ഈ പ്രതിമകളോടൊപ്പം കളിക്കുവാൻ ശ്രമിക്കുമായിരുന്നു. ഇവയുടെ കൂജനങളാൽ മുഖരിതമായിരുന്നു അവിടം. അരമന, ക്രീഡാസ്ഥലങൾ, വിശ്രമമുറികൾ, ശയനമുറികൾ, പ്രാങ്കണം, അങ്കണം, ഇവയോരോന്നും കണ്ട് കർദ്ദമൻപോലും അത്ഭുതപാരവശ്യം കൊണ്ടു.

വിദുരരേ!, പക്ഷേ, ഇത്ര മനോഹരമായൊരു സൗധത്തിനുമുന്നിൽ ദുഃഖിതയായിനിൽക്കുന്ന ദേവഹൂതിയെ കണ്ടപ്പോൾ എല്ലാമറിയുന്ന കർദ്ദമമുനിക്ക് അവളുടെ മനോഗതവും അറിയുവാൻ കഴിഞു. അദ്ദേഹം അവളോട് മൊഴിഞു: "ദേവീ!, നീയെന്തിന് ദുഃഖിതയായിരിക്കുന്നു?. ഭഗവാൻ ഹരിയാൽ നിർമ്മിതവും, സർവ്വാഭീഷ്ടപ്രധായകവുമായ ബിന്ദുസരോവരത്തിൽ കുളിച്ചുവന്ന് ഈ ദിവ്യവിമാനത്തിലേറിയാലും."

മത്രേയൻ തുടർന്നു: "വിദുരരേ!, തന്റെ മുഷിഞ വസ്ത്രങളും, കെട്ടുപിണഞ മുടിയിഴകളും കണ്ടപ്പോൾ ദേവഹൂതിക്ക് മനസ്സിലായി കർദ്ദമൻ പറഞത് സത്യമാണെന്ന്. ശരീരമാസകലം വൈവർണ്ണ്യമായതവൾ കണ്ടറിഞു. ഒട്ടും വൈകാതെ പുണ്യവതിയായ സരസ്വതീനദീജലത്താലുണ്ടായ ബിന്ദുസരോവരത്തിൽ ദേവഹൂതി മുങിത്താണു. വിദുരരേ!, ജലത്തിൽനിന്നും മുങിനിവർന്ന ദേവഹൂതി അവിടെ അത്ഭുതകരമായ ഒരു കാഴ്ചകണ്ടു. അതാ സരോവരത്തിനുള്ളിലെ ഒരു ഗൃഹത്തിൽ യൗവ്വനയുക്തകളും, താമരയുടെ മണം വഴിയുന്നവരുമായ ആയിരം സുന്ദരയുവതികൾ തന്നെ നോക്കിനിൽക്കുന്നു. ദേവഹൂതിയെ കണ്ടതും ആ കന്യകമാൻ തൊഴുകൈകളോടെ അവളുടെ മുന്നിൽ വന്നുനിന്നുകൊണ്ട് പറഞു: "ഹേ ദേവീ!, ഞങൾ അവിടുത്തെ ദാസിമാരാണ്. അവിടുത്തേക്കായി ഞങളെന്തുചെയ്യണമെന്ന് അരുളിചെയ്താലും."

മൈത്രേയൻ പറഞു: "വിദുരരേ!, ദേവഹൂതിയുടെ മനോഗതം മനസ്സിലാക്കി, സുഗന്ധപൂരിതമായ എണ്ണയും, കുഴമ്പും തേച്ച് കുളിപ്പിച്ച്, പുതുപുത്തൻ പട്ടുവസ്ത്രങളുടുപ്പിച്ച് അവളെ ആ സുന്ദരിമാർ അന്തഃപുരത്തിലേക്കാനയിച്ചു. പിന്നീടവർ അവളെ തിളക്കമാർന്ന വർണ്ണാഭരങളണിയിച്ചു. സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങളും ആസവപാനീയങളും നൽകി അവർ അവളുടെ ക്ഷ്ത്തൃഡാദികൾ തീർത്തു. തുടർന്ന് ദേവഹൂതി തന്നെ ഒരു നിർമ്മലദർപ്പണത്തിൽ ദർശിച്ചു. തന്റെ മംഗളവേഷഭൂഷാദികൾ കണ്ട് അവൾ ആശ്ചര്യഭരിതയായി. തന്റെ സർവ്വാഭരണവിഭൂഷിതവിഗ്രഹം കണ്ട് അവൾ ആ സൗന്ദര്യത്തിൽ അഭിമാനം കൊണ്ടു. വശ്യതയാർന്ന ഓരോ അംഗങളിലും അവൾ അനുചിതമായ ആഭരണങളെടുത്തണിഞു.

ആ നിൽപ്പിൽ ദേവഹൂതി തന്റെ പ്രാണനാഥനെ കാണുവാനാഗ്രഹിച്ചു. അത്ഭുതമെന്നുപറയട്ടെ, വിദുരരേ!, ഝടുതിയിൽ അവളറിയാതെതന്നെ തന്റെ ആയിരം അന്തഃപുരദാസിമാരോടൊപ്പം ഋഷിപുംഗവനായ കർദ്ദമപ്രജാപതിയുടെ മുന്നിലെത്തപ്പെട്ടു. അദ്ദേഹത്തിന്റെ യോഗവൈഭവം പാർത്ത് അവൾ അത്ഭുതപാരവശ്യത്തോടെ ഇളക്കമറ്റുനിന്നു. കുളിച്ച്, ദിവ്യാംബരങളിഞ്, സർവ്വാഭരണവിഭൂഷിതയായി തന്റെ മുന്നിൽ ആയിരം സുന്ദരദാസിമാർക്കുനടുവിൽ സ്തബ്ദയായിനിൽക്കുന്ന ദേവഹൂതിയിൽ കർദ്ദമൻ മുമ്പെങും കണ്ടിട്ടില്ലാത്ത ഒരു സ്ത്രീസൗന്ദര്യം കണ്ടറിഞു. ഹൃദയത്തിൽ അദ്ദേഹത്തിനവളോടുള്ള പ്രിയം ഊറിനിറഞു. അല്ലയോ അനഘനായ വിദുരരേ!, കർദ്ദമമുനി ദേവഹൂതിയുടെ കൈപിടിച്ച് അവളെ തന്റെ ദിവ്യസൗധത്തിലിരുത്തി. ആയിരം ഗന്ധർവ്വസുന്ദരിമാർക്കുനടുവിൽ തന്റെ പ്രാണപ്രിയയോടൊപ്പം ആ അത്ഭുതസൗധത്തിൽ വിഹരിക്കുമ്പോഴും തന്റെ മഹികൾക്ക് അല്പംപോലും ച്യുതിവരാതെ കർദ്ദമമുനി യതചിത്തനായിതന്നെയിരുന്നു. രാത്രിയിൽ, വിരിയുവാൻ വെമ്പുന്ന ആമ്പൽകതിർനിരകളെപ്പോലെ തോന്നിക്കുന്ന നക്ഷത്രങൾക്കുനടുവിൽ ആകാശത്തിൽ വിരാജമാനനായ പൂർണ്ണചന്ദ്രനെപ്പോലെ അദ്ദേഹം അഴകാർന്ന് പരിലസിച്ചു.

ഹേ ഭാരതാ!, ആ ദിവ്യവിമാനത്തിൽ കയറി അദ്ദേഹം അവരേയും വഹിച്ചുകൊണ്ട് മേരുപർവ്വതത്തിന്റെ താഴ്‌വരകളിലൂടെ സഞ്ചരിച്ചു. കുളിരും മണവും വഹിച്ചുകൊണ്ട് ഇളംമാരുതൻ വികാരപരവശനായി അവർക്കുചുറ്റും വീശി. അവിടെയായിരുന്നു ധനപതിയായ കുബേരൻ അപ്സരസ്സുകളോടും, ഗന്ധർവ്വന്മാരോടുമൊപ്പം ഇടവേളകളിൽ പ്രകൃതിസൗന്ദര്യമാസ്വദിക്കുന്നത്. കർദ്ദമനും തന്റെ ധർമ്മപത്നിയോടും അവളുടെ സഖികളായ ആയിരം ഗന്ധർവ്വകന്യകമാരോടുമൊപ്പം അനേകം സംവത്സരം അവിടെ താമസിച്ചു. കൂടാതെ അവർ വൈശ്രംഭകം, സുരസനം, നന്ദനം, പുഷ്പഭദ്രകം, ചൈത്രരത്ത്യം എന്നീ ഉദ്യാനങളും, പോരാതെ, മാനസസരോവരപൊയ്കയും ചുറ്റിനടന്നാസ്വദിച്ചു. അദ്ദേഹം അവരേയും കൊണ്ട് ആകാശവീഥിയിലൂടെ അത്യന്തവേഗത്തിൽ ദേവഗണങളുടെ വിമാനനിരകളെപ്പോലും പിന്നിലാക്കിക്കൊണ്ട് പറന്നുയർന്നു. വിദുരരേ!, ഒന്നോർത്താൽ വ്യസനാന്തകനും തീർത്ഥപാദനുമായ ഭഗവവാൻ ഹരിയുടെ ചരണാരവിന്ദങളിൽ അഭയം തേടിയിട്ടുള്ളവന് എന്താണിവിടെ അസാധ്യമായുള്ളത്?.

ഹേ ഭാരതാ!, ദേവഹൂതിയോടൊപ്പം ഭൂഗോളം ചുറ്റിസഞ്ചരിച്ച് അത്യത്ഭുതങളായ ദൃശ്യപരമ്പരകളെ അവൾക്കു സമ്മാനിച്ചാനന്ദിപ്പിച്ചതിനുശേഷം കർദ്ദമൻ തന്റെ ആശ്രമത്തിൽ തിരിച്ചെത്തി. ദേവഹൂതിയുടെ ആഗ്രഹം പുത്രലാഭമായിരുന്നു. അവളുടെ ആഗ്രഹസാധ്യത്തിനുവേണ്ടി കർദ്ദമമുനി സ്വയം ഒമ്പത് രൂപങൾ സ്വീകരിച്ചുകൊണ്ട് അവളെ രഞ്ജിപ്പിച്ചു. അങനെ നീണ്ട അനേകവർഷങൾ തപോധനനായ കർദ്ദമന് നിമിഷസമാനമായിരുന്നു. കാലം പോയതറിയാതെ ആ ദമ്പതിമാർ മൈഥുനലീലകളിലാണ്ട് ജീവിതത്തെ അതിന്റെ പരമകാഷ്ഠയിൽ ആസ്വദിച്ചു. കർദ്ദമന്റെ യോഗബലത്താൽ രതിലീലകളിൽ മുഴുകിയ അവരുടെ നൂറ് ശരത്കാലങൾ അല്പസമയമെന്നതുപോലെ കടന്നുപോയി. തന്റെ അർത്ഥശരീരം അവൾക്കായി സമ്മാനിച്ചുകൊണ്ട് ഒമ്പതായിപ്പിരിഞ ഓരോ രൂപങളിലൂടെയും സർവ്വസങ്കല്പവിത്തായ കർദ്ദമൻ ദേവഹൂതിയിൽ ഒമ്പത് കുട്ടികളുടെ രേതസ്സിനെ നിറച്ചു. അന്നുതന്നെ ദേവഹൂതി രക്തവർണ്ണാരവിന്ദപരിമളം പരത്തുന്ന സർവ്വാംഗ സുന്ദരികളായ ഒൻപതു പുത്രിമാർക്ക് ജന്മം നൽകി.

പറഞുറപ്പിച്ചതുപോലെ ഗൃഹസ്ഥാശ്രമജീവിതം അവസാനിപ്പിച്ച്, ദേവഹൂതിയെ വിട്ടുപിരിഞ്, ആശ്രമത്തിൽനിന്നും പുറപ്പെടുവാനാരംഭിച്ചപ്പോൾ, തന്റെ പ്രിയതമനെനോക്കി അവൾ ഉള്ളിലുരുകുന്ന ദുഃഖം കടിച്ചമർത്തി പുറമേക്ക് സൗമ്യമായി ഒന്നു പുഞ്ചിരിച്ചു. കാൽനഖംകൊണ്ട് മണ്ണിൽ കളം വരച്ച്, നമ്രശിരസ്ക്കയായിനിന്ന് കവിൾത്തടങളിലൂടെയൊഴുകിയ കണ്ണുനീർ മറച്ച് അവൾ കണ്ഠമിടറി ലളിതമായി തന്റെ പതിയോട് പറഞു. :"പ്രാണനാഥാ!, അങെന്റെ പിതാവിനോട് സത്യം ചെയ്തതുപോലെതന്നെ ഞാനാഗ്രഹിച്ചത് മുഴുവനും തന്ന് എന്നെ അനുഗ്രഹിച്ചിരിക്കുന്നു. പക്ഷേ, ദേവാ!, ഒരു ഭയം ഇപ്പോഴും അടിയനിൽ ബാക്കിനിൽക്കുകയാണ്. അങെനിക്ക് സമ്മാനിച്ച ഈ ഒമ്പത് പുത്രിമാരും അവരുടെ വിവാഹം കഴിയുന്നതോടെ തങളുടെ ഭർത്തൃഗൃഹത്തിലേക്ക് പോകും. അങിന്ന് പൂർണ്ണവിരക്തനായി, സന്ന്യാസിയായി ഈ ആശ്രമമുപേക്ഷിച്ചിറങി പുറപ്പെട്ടാൽ പിന്നീടെന്നെ സമാശ്വസിപ്പിക്കുവാൻ ഇവിടെ ആരാണുള്ളത്?. ഒന്നോർത്താൽ ഇക്കാലമത്രയും നമ്മൾ കേവലം ഇന്ദ്രിയസുഖങളിൽ അനുരക്തരായി, വേണ്ടതായ ഭഗവത്തത്വജ്ഞാനാർജ്ജനം  ചെയ്യാതെ നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുകയായിരുന്നു. വിഷയാനുഭവങളിലുള്ള എന്റെ ത്വരയെ പൂർത്തീകരിക്കുവാനുള്ള തത്രപ്പാടിൽ മോക്ഷസാധകമായി അങയുടെ അദ്ധ്യാത്മികസത്തയ്ക്കുനേരേ ഞാൻ വിമുഖയായിനിന്നു. പകരം, അങയെ ഒരു സാധാരണ ഭർത്താവിനെയെന്നപോലെ ഞാൻ സ്നേഹിച്ചു. എന്നിരുന്നാലും, ആ സ്നേഹം എനിക്കനുഗ്രഹമായി ഭവിച്ച്, എന്നിലെ ഭയം തീർക്കുമാറകട്ടെ എന്ന് ഞാൻ ആഗ്രഹിച്ചുപോകുകയാണ്. ഇന്ദ്രിയസുഖാനുഭത്തോട് സംഗം വച്ചുകൊണ്ടുള്ള ഈ നെട്ടോട്ടമാണ് എന്റെ ജീവനെ ഈ സംസാരത്തിൽ ബന്ധനസ്ഥമാക്കിയത്. പക്ഷേ ആ സംഗം, ഒരുപക്ഷേ അത് അജ്ഞാനത്തോടെ അനുഷ്ഠിക്കപ്പെട്ടതായാൽപ്പോലും, അങയെപ്പോലുള്ളൊരു ഒരു വിശുദ്ധാത്മാവിനോട് ചേർന്നതാകുമ്പോൾ, അത് മുക്തിക്ക് കാരണമായിത്തീരുന്നു. ഹേ പ്രാണനാഥാ!, യാതൊരുവന്റെ ജീവിതമാണോ തീർത്തും ധർമ്മത്തിലധിഷ്ഠിതമല്ലാതെയുള്ളത്, യാതൊവന്റെ ധർമ്മാനുഷ്ഠാനമാണോ മോക്ഷസാധനയായിട്ടുള്ളതല്ലാത്തത്, യാതൊരുവന്റെ അദ്ധ്യാത്മസാധനയാണോ ആ തീർത്ഥപാദന്റെ പാദാരവിന്ദഭക്തിരസത്തിൽ നിമഗ്നമല്ലാത്തത്, അവൻ ജീവിച്ചിരിക്കുന്നതും ജഡതുല്യനായിട്ടാണ്. ഭഗവാനേ!, ഞാൻ ആ ലീലാകരന്റെ മറികടക്കുവാൻ കഴിയാത്ത മഹാമായയാൽ വഞ്ചിക്കപെട്ടിരിക്കുന്നുവെന്ന സത്യം എന്നിൽ ദൃഡമായിരിക്കുന്നു, കാരണം, അങയോടൊപ്പം ഇത്രനാൾ കഴിഞിട്ടും, മോക്ഷസാധകമായ ആ പരമസത്യത്തെ ഗ്രഹിക്കാതെ ഞാൻ അജ്ഞാനിയായിത്തന്നെ നിലകൊള്ളുകയാണ്".

ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിമൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.








srimad bhagavatham, lamentation of devahuti, vidura-maitreya samvaadam, the talk between vidura and maitreya

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

3.22 കർദ്ദമമുനിയുടേയും ദേവഹൂതിയുടേയും വിവാഹം.


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം 22

​മൈത്രേയമുനി വീണ്ടും സംസാരിച്ചുതുടങി: "പണ്ഡിതനായ വിദുരരേ!, സ്വായംഭുവമനു സകുടുംബം കർദ്ദമമുനി തപസ്സനുഷ്ഠിക്കുന്ന ബിന്ദുസരോവരത്തിൽ എത്തിയതിനുശേഷം, ആഗതനായ ചക്രവത്തിയെ കണ്ട് വന്ദിച്ചാനയിച്ച കർദ്ദമമുനി മനുവിന്റെ മഹിമകളെക്കുറിച്ചു മുക്തകണ്ഠം പ്രശംസിച്ച്. അനന്തരം അല്പസമയം നിശബ്ദനായി ഇരുന്നു.

എല്ലാം കേട്ട് തൃപ്തനായെങ്കിലും എന്തൊക്കെയോ അസംതൃപ്തി തന്റെ മനസ്സിൽ ബാക്കി നിൽക്കുമാറ് വളരെ താഴ്മയായ ശബ്ദത്തിൽ സ്വായംഭുവമനു കർദ്ദമനോട് പറഞു: "ഹേ മഹാമുനേ!, നിങൾ ബ്രാഹ്മണന്മാർ വേദരൂപനായ ഭഗവാന്റെ തിരുമുഖത്തിൽനിന്നുണ്ടായവരാണ്. ബ്രഹ്മചര്യവും, യോഗമാർഗ്ഗങളും നിങൾ മുതൽക്കൂട്ടായി മുറുകെപിടിച്ചിരിക്കുന്നു. മാത്രമല്ലാ, തുച്ഛമായ ഇന്ദ്രിയസുഖഭോഗങളിൽനിന്നും നിങൾ അകന്നുനിൽക്കുകയും ചെയ്യുന്നു. സഹസ്രപാദനായ ആ കാരുണ്യമൂർത്തിതന്നെ നിങളുടെ രക്ഷയ്ക്കായി ഞങൾ ക്ഷത്രിയരെ അവന്റെ എണ്ണമറ്റ കരങളിൽനിന്നും സൃഷ്ടിച്ചു. ആയതുകൊണ്ട് നിങൾ ആ ഭഗവാന്റെ ഹൃദയത്തിലും, ഞങൾ അവന്റെ കൈകളിലും വസിക്കുന്നുവെന്നു പറയാം. സകലസൃഷ്ടികളുടേയും കാര്യവും, കാരണവും, അവ്യയനായ ആ പരമാനന്ദമൂർത്തിതന്നെയാണെന്നറിഞുകൊണ്ട് സ്വധർമ്മമായിത്തന്നെ ബ്രാഹ്മണർ ക്ഷത്രിയരേയും, ക്ഷത്രിയർ ബ്രാഹ്മണരേയും പരസ്പരം സംരക്ഷിക്കുന്നു.  

ഹേ ഭഗവൻ!, ധർമ്മത്തിൽ കാലൂന്നി ഒരു ഭരണാധികാരി എങനെ തന്റെ രാജ്യത്തെ പരിപാലിക്കണമെന്ന് അങയിൽനിന്നും ഇപ്പോഴിതാ ഞാൻ കേട്ടറിഞു. അങയുടെ വാക്കുകൾ എന്റെ സകലസംശയങളേയും ദൂരീകരിച്ചിരിക്കുന്നു. മനസ്സും ബുദ്ധിയും കെട്ടടങിയിട്ടില്ലാത്തവർക്ക് അസുലഭമായ അവിടുത്തെ ഈ ദർശനം ഇന്നെനിക്ക് ലഭ്യമായതും, അവിടുത്തെ പാദരേണുക്കൾ ശിരസ്സിൽ വഹിക്കുവാൻ അവസരം ലഭിച്ചതും എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അങയെ ശ്രവിക്കുവാൻ ഭാഗ്യം തന്ന ആ സർവ്വേശ്വരനോടും ഞാൻ നന്ദി പറയുകയാണ്. പൂർവ്വപുണ്യത്താലായിരിക്കണം അവിടുത്തെ വചസ്സുകൾക്ക് ചെവിയോർക്കാൻ അടിയനുതോന്നിയതും.

ഇന്ന്, അങയുടെ മുന്നിൽ നിൽക്കുന്ന ഈ അച്ഛൻ തന്റെ മകളുടെ ഭാവിയെ ചൊല്ലി പരിതപ്പിക്കുയാണ്. ആയതിനാൽ ഈയുള്ളവന്റെ അപേക്ഷയെ സ്വീകരിക്കുവാൻ അങേയ്ക്ക് ദയവുണ്ടാകണം. എന്റെ മകളായ ഇവൾ ഉത്താനപാദന്റേയും, പ്രിയവ്രതന്റേയും കുഞനുജത്തിയാണ്. ഞങൾ ഇവൾക്കുവേണ്ടി അനുയോജ്യനായ ഒരു വരനെത്തേടിയുള്ള പുറപ്പാടിലായിരുന്നു. പക്ഷേ, ഒരുനാൾ നാരദമുനി ഞങളുടെ കൊട്ടാരത്തിൽവന്ന് അങയുടെ ഗുണഗണങളേക്കുറിച്ചും, അറിവിനേക്കുറിച്ചും, രൂപസൗന്ദര്യത്തെക്കുറിച്ചും, മറ്റൊട്ടനവധി മഹിമകളേക്കുറിച്ചും പ്രശംസിക്കുവാനിടയുണ്ടായി. അവയൊക്കെ കേട്ടനിമിഷം മുതൽ ഇവൾ അങയെ മനസ്സാ വരിച്ചുകഴിഞിരിക്കുന്നു. അതുകൊണ്ട് ഞാൻ അപേക്ഷിക്കുകയാണ്, ഇവളെ അങ് അവിടുത്തെ ധർമ്മപത്നിയായി സ്വീകരിക്കണം. എല്ലാവിധത്തിലും ഇവൾ അങേയ്ക്കനുരൂപയാണ്. നമ്മുടെ പുത്രിയായ ഇവളുടെ കൈപിടിച്ച് അങ് നിസ്സന്ദേഹനായി ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് പ്രവേശിച്ചാലും.

മഹാമുനേ!, ഉള്ളിൽനിന്ന് സ്വയമേവ ഉണ്ടാകുന്ന ആഗ്രഹങൾക്ക് തടയിടുന്നത് സ്തുത്യർഹമായ വിഷയമല്ല. ഇനി ഒരുവൻ വിഷയാസക്തനാണെങ്കിലും അഥവാ അല്ലെങ്കിലും അത് അനുവദിക്കുവാൻ പാടുള്ളതല്ലതന്നെ. ആദരവോടെ ലഭ്യമാകുന്നതിനെ പരിത്യജിച്ച്, പിശുക്കന്റെ മുന്നിൽ കൈനീട്ടുന്നവൻ സമൂഹത്തിലുള്ള അവന്റെ സ്ഥാനമാനങളെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. ഹേ ഭഗവൻ!, നിത്യബ്രഹ്മചാരിയായി വർത്തിക്കുവാൻ അങേയ്ക്കു ഭാവമില്ലെന്നും, അനുയോജ്യയായ ഒരു വധുവിനെ ജീവിതത്തിൽ കൂടെ കൂട്ടുവാൻ അങാഗ്രഹിക്കുന്നുണ്ടുവെന്നും അറിഞുകൊണ്ടാണ് നാമിവിടെ വന്നിരിക്കുന്നത്. ആയതിനാൽ എന്റെ മകളായ ഇവളെ പരിഗ്രഹിക്കുവാൻ ഞാൻ അങയോടപേക്ഷിക്കുകയാണ്".

ഇത്രയും പറഞുകൊണ്ട് കർദ്ദമമുനിയുടെ മറുപടിക്കായി സ്വായംഭുവമനു കാതോർത്തു. അതു മനസ്സിലാക്കിക്കൊണ്ടുതന്നെ കർദ്ദമൻ ചക്രവർത്തിയായ മനുവിനോട് പറഞു: "ഹേ രാജൻ!, അങ് പറഞ വസ്തുതകളൊക്കെ തീർത്തും ശരിയാണ്. അനുയോജ്യയായ ഒരു യുവതിയെ വിവാഹം ചെയ്തു ഗൃഹസ്ഥാശ്രമജീവിതം നയിക്കുവാൻ, സത്യത്തിൽ, നാം ഇച്ഛിക്കുന്നുണ്ട്. അങയുടെ മകൾ ഇന്ന് അവിവാഹിതയും, അവൾ മറ്റാർക്കും വാക്ക് കൊടുത്തിട്ടില്ലാത്തവളും, മാത്രമല്ല, നമ്മെ ഹൃദയംകൊണ്ട് സ്വയമേവ സ്വീകരിച്ചവളുമായതിനാൽ, ഇവളാഗ്രഹിച്ച ഈ മാംഗല്യം വൈദികവിധിപ്രകാരം നടക്കുന്നതു ശുഭമായ കാര്യം തന്നെയാണ്.  അല്ലെങ്കിൽതന്നെ ആരാണീ സുന്ദരിയുടെ കൈപിടിക്കുവാൻ ആഗ്രഹിക്കാത്തത്?. പൊതുവേ ആഭരണങൾ ശരീരങൾക്ക് മാറ്റുകൂട്ടുമ്പോൾ, ഇവിടെ ഇവളുടെ സൗന്ദര്യമാണ് ഇവളണിഞിരിക്കുന്ന ആഭരണങൾക്ക് ശോഭകൂട്ടുന്നത്. ഒരിക്കൽ വീടിന്റെ മട്ടുപ്പാവിൽ നിന്ന് പന്തുതട്ടിക്കളിക്കുകയായിരുന്ന ഇവളുടെ പാദസ്വരത്തിന്റെ കിലുക്കവും, കണ്ണിലെ തിളക്കവും കണ്ട് മനസ്സ് ഭ്രമിച്ച് വിശ്വവാസുവെന്ന ഒരു ഗർന്ധർവ്വൻ തന്റെ വിമാനത്തിൽനിന്നും നിലപതിച്ചതായി നാം കേട്ടിരിക്കുന്നു. എന്നിരിക്കെ, സ്ത്രീരത്നമായ ഇവളെ ആരാണ് സ്വീകരിക്കുവാൻ മടിക്കുന്നത്?. മാത്രമോ!, ഇവൾ ഉത്താനപാദന്റേയും പ്രിയവ്രതന്റേയും സഹോദരിയാണ്. ലക്ഷ്മീദേവിയുടെ പ്രസാദം കൂടാതെ ഒരുവർക്ക് ഇവളെ ദർശിക്കുവാൻപോലും സാധ്യമല്ല. എന്നാലും ഇവൾ നമ്മെ മനസ്സാ വരിച്ച്, നമ്മുടെ പാണിപിടിക്കുവാനായി വന്നിരിക്കുന്നു. അഹോ!, ആശ്ചര്യം തന്നെ. 

ഹേ രാജൻ!, ഒരേയൊരു വ്യവസ്ഥയോടുകൂടി സാധ്വിയായ ഇവളെ നമ്മുടെ ധർമ്മപത്നിയായി സ്വീകരിക്കുവാൻ നാം തയ്യാറാണ്. എന്തെന്നാൽ, നമ്മുടെ തേജസ്സ് ഇവളുടെ ഗർഭത്തിൽ വീണുകഴിഞാൽപിന്നെ, ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരമഹംസന്മാരുടെ ജീവിതപാതയെ പിന്തുടരുവാനാണ് നാം ആഗ്രഹിക്കുന്നതും യത്നിക്കുന്നതും. അതുതന്നെയാണ് ഭഗവാൻ ഹരിക്കും സ്വീകാര്യമായ കാര്യം. ആയതിലേക്ക് അവനാൽ അനുശാസിതമായ വിധിയും നാം സാധനചെയ്തുപോരുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം ആര് ഹേതുവായിക്കൊണ്ടാണോ അത്യത്ഭുതാവഹമായ ഈ പ്രപഞ്ചം സൃഷ്ടമായിരിക്കുന്നത്, ആരാലാണോ ഇത് പരിപാലിതമായിരിക്കുന്നത്, ആരിലേയ്ക്കാണോ ഇവയ്ക്കൊടുവിൽ വിലയനം സംഭവിക്കുന്നത്, അവനാണെനിക്ക് പരമഗുരുവും ഈശ്വരനും. അവനാണിവിടെ സകലപ്രജാപതികൾക്കും പ്രജാപതിയായി നിലകൊള്ളുന്നത്".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഇത്രമാത്രം പറഞുകൊണ്ട് കർദ്ദമൻ മൗനിയായിരുന്ന് അരവിന്ദനാഭമായ ഭഗവതാരാധ്യഭഗവദ്രൂപത്തെ ധ്യാനിക്കുവാൻ തുടങി. സുസ്മിതശോഭിതമായ കർദ്ദമമുനിയുടെ മുഖശോഭ ദേവഹൂതിയുടെ ഹൃദയത്തിലേക്കാഴ്ന്നിറങി. ആ മുനിശ്രേഷ്ഠനെ അവൾ തന്റെ ഹൃദയത്തിൽ സ്മരിക്കുവാൻ തുടങി. ഒടുവിൽ ശതരൂപയുടെ അനുവാദത്തോടുകൂടിയും, മകളുടെ മനോകാമനയെ നന്നായറിഞുകൊണ്ടും ആഹ്‌ളാദചിത്തനായ സ്വായംഭുവമനു ഗുണഗണാധ്യായയായ തന്റെ മകൾ ദേവഹൂതിയെ അവൾക്കനുരൂപനും അനുയോജ്യനുമായ കർദ്ദമമുനിക്ക് വിവാഹം കഴിച്ചുകൊടുത്തു. സന്ദർഭോചിതമായി ശതരൂപ തന്റെ മകൾക്കും മരുമകനുമായി നിരവധി വസ്ത്രാഭരണങളും പണവും മറ്റും കന്യാധനമായി നൽകി അവരെയനുഗ്രഹിച്ചു. അനുയോജ്യനായ ഒരു പുരുഷന് തന്റെ മകളെ കൈപിടിച്ചുകൊടുത്തതിലുണ്ടായ ആനന്ദാതിരേകത്തിൽ സ്വായംഭുവമനു തന്റെ മകളെ ഇരുകൈകളും കൊണ്ട് ഹൃദയം കവിഞൊഴുകുന്ന വാത്സല്യഭാവത്തിൽ ഗാഢമായി ആലിംഗനം ചെയ്തു. മകളുടെ വേർപാട് ആ അച്ചന് താങാനാകുന്നതിലുമപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും ഇടതവില്ലാതെ ഒഴുകിയ അശ്രുധാരയിൽ ദേവഹൂതിയുടെ ശിരസ്സ് നനഞു. അദ്ദേഹം മകളെ തന്റെ നെഞ്ചോട് കൂടുതൽ ചേർത്തുപിടിച്ച് ദീനദീനം വിലപിച്ചു. ആശ്വാസവചനങളുടേയും അനുഗ്രഹാശ്ശിസ്സുകളുടേയും ബലത്താൽ വിരഹതാപം തെല്ലൊന്നാറിത്തണുത്ത സമയം സ്വായംഭുവമനു തന്റെ രാജധാനിയിലേക്ക് മടങുവാനൊരുങി. കർദ്ദമമുനിയോട് യാത്രാമൊഴി ചൊല്ലി അദ്ദേഹം ഭാര്യാസമേതം തന്റെ സുവർണ്ണരഥത്തിൽ ആരൂഢനായി പരിവാരങളുടേ അകമ്പടിയോടുകൂടി അവിടെനിന്നും വിടകൊണ്ടു. മടങുന്നവഴിയിൽ ബിന്ദുസരോവരത്തിലെ കർദ്ദമാശ്രമത്തിന്റെ ഭൗതികസമൃദ്ധിയും, സരസ്വതീനദിയുടെ മനോഹാരിതയും കണ്ട് സ്വായംഭുവമനു അത്ഭുതം കൂറി.

എന്നാൽ ബ്രഹ്മാവർത്തത്തിൽ സ്വായംഭുവമനുവിന്റെ പ്രജകൾ അക്ഷമരായി തങളുടെ സ്വാമിയുടെ തിരിച്ചുവരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രാജാവിന്റെ മടക്കയാത്രയുടെ വിവരമറിഞ അവർ തലസ്ഥാനനഗരമായ ബർഹിസ്മതിയിൽ നിന്നും ആഹ്‌ളാദത്തിമർപ്പോടെ ബ്രഹ്മവർത്തത്തിലെത്തി സ്തുതിവാദ്യഗീതമേളങളോടെ രാജാവിനെ അനുമോദിച്ചെതിരേറ്റു.

ബർഹിസ്മതി എന്ന ദേശം എല്ലാംകൊണ്ടും ഐശ്വര്യയുക്തമായിരുന്നു. ഭഗവാൻ ഹരി വരാഹമൂർത്തിയായി അവതരിച്ച് ഭൂമിയെ ഉദ്ധരിക്കുന്നസമയം, അവന്റെ തനുരുഹങൾ അവിടെ പൊഴിഞുവീണിരുന്നു. അവൻ കുടഞിട്ട രോമരാജികൾ വളർന്ന് കുശപ്പുല്ലുകളും കാശപ്പുല്ലുകളുമായി വർദ്ധിച്ചു. പിന്നീട് അസുരന്മാർ അവിടെ വസിച്ചിരുന്ന ഋഷീശ്വരന്മാരുടെ യജ്ഞാചരണങൾക്കും ആത്മനിഷ്ഠയ്ക്കും ഭംഗം വരുത്തിയപ്പോൾ അവർ അവരെ തുരത്തിയോടിച്ചതിനുശേഷം ഈ പുല്ലുകൾകൊണ്ടായിരുന്നുവത്രേ അവർ വിഷ്ണുഭഗവാനെ പൂജിച്ചിരുന്നത്. രാജാവ് ഈ പുല്ലുകൾകൊണ്ടൊരു ഇരിപ്പിടം തീർത്ത് അതിലിരുന്നുകൊണ്ട് തന്റെ സകല ഐശ്വര്യങൾക്കും കാരണഭൂതനായ ഭഗവാൻ ഹരിയെ പൂജിക്കുക പതിവായിരുന്നു.

തന്റെ ആവാസകേന്ദ്രമായ ബർഹിസ്മതിയിൽ തിരിച്ചെത്തിയ സ്വായംഭുവമനു അതിമനോഹരമായ സ്വന്തം കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. ത്രിവിധങളായ ഭൗതികദുഃഖങൾ ലവലേശം പോലുമേൽക്കാത്ത സാത്വികമായ ഒരന്തരീക്ഷമായിരുന്നു ആ കൊട്ടാരത്തിലേത്. അവിടെ ധർമ്മച്യുതിവരാതെ ഭാര്യാസമേതനായി തന്റെ പ്രജകളോടൊപ്പം അദ്ദേഹം സകല ആഹ്രഗങളും നിവൃത്തീകരിച്ചുകൊണ്ട് സസന്തോഷം ജീവിച്ചു. സുരഗായകന്മാർ പത്നീസമേതം വന്ന് ആ മഹാത്മാവിന്റെ ഗുണഗാനങൾ പാടുമായിരുന്നു. ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് ഭഗവന്മഹിമകളെക്കേട്ട് നിർവൃതിയടയുന്നതിൽ അദ്ദേഹം അങേയറ്റം നിഷ്ഠപുലർത്തിയിരുന്നു. അങനെ രാജർഷിയായിരുന്ന സ്വായംഭുവമനു സകലഭൗതികവിഷങളുടേയും നടുവിലിരുന്ന് സർവ്വൈശ്വര്യങളും അനുഭുവിച്ചുകൊണ്ട്, ജീവന് അല്പം പോലും കർമ്മബന്ധം വന്നുഭവിക്കാത്തവണ്ണം ഭഗവതനുഭൂതിയുടെ തണലിൽ ജീവിച്ചു. ഭഗവത്കഥാമൃതശ്രവണമനനാദികളിൽ മുഴുകി അരനിമിഷം പോലും പാഴാക്കാതെ എഴുപത്തിയൊന്നു മഹായുഗങളടങുന്ന തന്റെ ജീവിതകാലം അദ്ദേഹം ജീവിച്ചുതീർത്തു. അങനെ വാസുദേവസ്മൃതിയിൽ അദ്ദേഹം അവസ്ഥാത്രയങളെ അതിശയകരമായി കീഴടക്കി. ഇതൊന്നോർത്തുനോക്കിയാൽ, പ്രിയവിദുരരേ!, ആ പരമാത്മാവിൽ തീർത്തും ശരണം പ്രാപിച്ച ഒരാളുടെ മനസ്സിനേയും, ശരീരത്തേയും എങനെയാണ് പ്രകൃതിക്കോ, മനുഷ്യർക്കോ, ഇവിടെയുള്ള മറ്റേതെങ്കിലും ജീവികൾക്കോ, ശക്തികൾക്കോ ഉപദ്രവിക്കുവാൻ കഴിയുന്നത്?

ഇത് മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ശ്രേഷ്ഠത. ഒരിക്കൽ കുറെ സന്ന്യാസിശ്രേഷ്ഠന്മാരുടെ അഭ്യർത്ഥനയെ മാനിച്ച് മനുഷ്യൻ എങനെ തന്റെ അസുലഭജന്മത്തെ സർവ്വൈശ്വര്യങളോടുകൂടി ജീവിച്ചുതീർക്കണമെന്നുള്ളതും, ആയതിലേക്കുള്ള നാനാ വർണ്ണാശ്രമധർമ്മങളെക്കുറിച്ചുമൊക്കെ സ്വായംഭുവമനു കരുണയോടെ അവരെ പഠിപ്പിക്കുകയും ചെയ്തു. വിദുരരേ!, കീർത്തിതവ്യനായ സ്വായംഭുവമനു എങനെയുള്ളവനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പ്രത്യേകതകളും മഹത്വങളുമൊക്കെ എന്തൊക്കെയായിരുന്നുവെന്നും ഞാൻ ഭവാാനോട് പറഞുകഴിഞു. ഇനി അദ്ദേഹത്തിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ചുകേട്ടുകൊള്ളുക.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<<<<  >>>>>>>





srimad bhagavatham, marriage of devahuti and karddama, talk between vidura and maitreya.

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

3.21 സ്വായംഭുവമനുവും കർദ്ദമപ്രജാപതിയും തമ്മിലുള്ള സംവാദം.


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം 21


​വിദുരൻ മൈത്രേയരോട് ചോദിച്ചു: "ഹേ ആരധ്യനായ മഹാമുനേ!, സ്വായംഭുവമനുവിന്റെ പരമ്പരയുടെ മഹത്വത്തെക്കുറിച്ച് ഞാൻ ഏറെ കേട്ടിരിക്കുന്നു. ആ പരമ്പരയെക്കുറിച്ച് അടിയനെ അവിടുത്തെ കരുണയാൽ ബോധവാനാക്കിയാലും. അദ്ദേഹത്തിന് പ്രിയവ്രതൻ, ഉത്താനപാദൻ എന്നീ രണ്ട് സത്പുത്രന്മാരുണ്ടായിരുന്നുവെന്നും അവർ സപ്തദ്വീപുകൾ ചേർന്ന തങളുടെ രാജ്യത്തിൽ ധർമ്മാധിഷ്ഠിതമായ ഉത്തമഭരണം കാഴ്ചവച്ചിരുന്നുമെന്നുമാണ് ഞങൾ കേട്ടിട്ടുള്ളത്. ഹേ അനഘനായ ബ്രാഹ്മണശ്രേഷ്ഠാ!, സ്വായംഭുവമനുവിന് ദേവഹൂതി എന്ന ഒരു പുത്രിയുണ്ടായതായും, അവൾ കർദ്ദമപ്രജാപതിയെ വിവാഹം കഴിച്ചതായുമൊക്കെ അങ് മുമ്പ് പറഞിട്ടിണ്ടു. അഷ്ടാംഗയോഗസിദ്ധിയിൽ അഗ്രഗണ്യനായ കർദ്ദമമുനി അവളിൽ എത്ര കുട്ടികൾക്കാണ് ജന്മം നൽകിയത്? കൂടാതെ, രുചിമുനിയും ദക്ഷപ്രജാപതിയുമെല്ലാം മനുപുത്രിമാരായ തങളുടെ ഭാര്യമാരോടൊപ്പം ചേർന്ന് പ്രജാവർദ്ധനം നടത്തിയതിന്റെ വൃത്താന്തം ഗ്രഹിക്കുവാൻ അടിയൻ നന്നേ ആഗ്രഹിക്കുകയാണ്.

ജിജ്ഞാസുവായ വിദുരന്റെ ചോദ്യങൾക്ക് മൈത്രേയമഹാമുനി ഉത്തരം നൽകുവാനായി ഇപ്രകാരം പറഞു: "വിദുരരേ!, ബ്രഹ്മദേവന്റെ ഉപദേശം സ്വീകരിച്ച് പ്രജാവർദ്ധനം ചെയ്യുവാനാരംഭിക്കുന്നതിനുമുമ്പ് ആരാധ്യനായ കർദ്ദമമുനി സരസ്വതീനദിയുടെ തീരത്തെത്തി പതിനായിരം വർഷക്കാലം തീവ്രതപസ്സനുഷ്ഠിച്ചു. ഇക്കാലമത്രയും കർദ്ദമമുനി സമാധിയുക്തനായി ഭക്തിയോഗംകൊണ്ട് പ്രപന്നപാലകനായ ഭഗവാൻ ഹരിയെ സമ്പ്രീതനാക്കി. തുടർന്ന്, കൃതയുഗത്തിൽ വേദവേദ്യനായ അരവിന്ദാക്ഷൻ, ഹരി തന്റെ ദിവ്യദർശനമരുളിക്കൊണ്ട് കർദ്ദമമുനിയിൽ സമ്പ്രീതനായി. സൂര്യതേജസ്സോടെ, വെള്ളത്താമരയും ആമ്പൽപ്പൂവുംകൊണ്ട് കോർത്തിണക്കിയ വനമാലയണിഞ്, തിളങുന്ന മഞപ്പട്ടുടുത്ത്, ചുരുൾമുടി ശോഭിക്കുന്ന പത്മാനനത്തോടെ, തന്റെ മുന്നിൽ നിൽക്കുന്ന വിരാജമാനമായ ഭഗവദ്രൂപം കണ്ട് കർദ്ദമമുനി ആശ്ചര്യപ്പെട്ടു. കനകകിരീടകുണ്ഡലാദ്യങളാൽ പരിശോഭിച്ച്, ചതുഭുജങളിൽ ശംഖചക്രഗദാപത്മങൾ പിടിച്ച്, ഭക്തഹൃദയങളെ കീഴടക്കുന്ന ആ കാരുണ്യമൂർത്തി കർദ്ദമനെ നോക്കി പുഞ്ചിരിതൂകി. ചരണാംബുജങൾ ഗരുഡോപരിവച്ച്, കഴുത്തിൽ കൗസ്തുഭശ്രീമണിയോടെ ഭവാൻ ഹരി ആകാശദേശത്ത് വിളങിനിന്നു. ഭഗവാനെ നേരിൽ കണ്ട കർദ്ദമമുനിയിൽ അതിരറ്റ ആത്മാനന്ദമുളവായി. അദ്ദേഹം സാഷ്ടാംഗം വീണ് ഭഗവത് പാദാരവിന്ദങളിൽ നമസ്ക്കാരമർപ്പിച്ചു. ഭഗവത് പ്രേമത്താൽ ആർദ്രമായ ഹൃദയത്തോടെ, തൊഴുകൈയ്യോടെ, കർദ്ദമൻ ഭഗവാനെ സ്തുതിച്ചു.

കർദ്ദമമുനി പറഞു: "ഭഗവാനേ!, സകലഭൂതങൾക്കും സർവ്വകാരണമായ അവിടുത്തെ ഈ അദ്ധ്യാത്മരൂപദർശനത്തിലൂടെ അടിയന്റെ കണ്ണുകൾക്കിതാ പുണ്യം സിദ്ധിച്ചിരിക്കുന്നു. ജന്മജന്മാന്തരങളായി യോഗസാധകൾ അനുഷ്ഠിച്ച് കാത്തിരിക്കുന്ന ഋഷീശ്വരന്മാക്കുപോലും സിദ്ധിക്കാത്തതാണ് ഈ പുണ്യദർശനം. സംസാരസാഗരം മറികടക്കുവാനുള്ള ഒരേയൊരു നൗക അവിടുത്തെ ഈ തൃച്ചേവടികൾ മാത്രമാണ്. അവിടുത്തെ മായയിൽ മുങി വിവേകം നഷ്ടമായ മനുഷ്യർ, നരകത്തിലും ലഭ്യമായ തുച്ഛലാഭത്തിനുവേണ്ടിയും ഈ പദതളിരിണകളെ പൂജിക്കാറുണ്ട്. അവർക്കുപോലും സർവ്വാഭീഷ്ടങളെ പ്രദാനം ചെയ്യുന്ന പരമകാരുണ്യവാനാണ് അങ്. അതുകൊണ്ട്, ഭഗവാനേ ഞാൻ അങയോടർത്ഥിക്കുകയാണ്, ഗൃഹസ്ഥാശ്രമജീവിതത്തിനോടുള്ള ഈയുള്ളവന്റെ ആഗ്രഹനിവൃത്തിക്കുവേണ്ടി അടിയനോടൊപ്പം നിൽക്കുന്ന സമാനശീലയായ ഒരു പത്നിയെ ലഭിക്കുവാൻ സർവ്വാഭീഷ്ടപ്രദായകനായ അവിടുന്ന് അനുഗ്രഹിക്കുമാറാകണം. അഖിലജഗത്തിന്റേയും ഗുരുവും നാഥനുമായ അവിടുത്തെ കൈകളിലെ കളിപ്പാവകളായ സകലജീവന്മാരും തങളുടെ ആഗ്രഹങളെ യാഥാർത്യമാക്കുന്നതിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരുടെ നിരയിൽ നിന്നുകൊണ്ട് ഈയുള്ളവനും കാലപുരുഷനായ അങയെ നമസ്ക്കരിക്കുന്നു. മൃഗതുല്യമതികളായിക്കൊണ്ട് തുച്ഛമായ ഭൗതികവിഷങളിൽ ആസക്തിവയ്ക്കാതെ, പരസ്പരം അങയുടെ മഹിമകളെ ശ്രവിച്ചും കീർത്തിച്ചും അങയുടെ ചരണാതപത്രത്തിൽ ആശ്രയം തേടുന്ന സത്തുക്കൾ, താൻ ഈ ശരീരത്തിനടിമയല്ലെന്ന ഉറച്ച വിശ്വാസത്തോടുകൂടി പരമസായൂജ്യമടയുന്നു. അങയുടെ കാലചക്രം അയനങളായും, പക്ഷങളായും, മാസങളായും, ദിവസങളായും, അതിവേഗം ചുറ്റി ഈ സർവ്വപ്രപഞ്ചസൃഷ്ടികളുടേയും  ആയുസ്സിനെ ഹരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അവിടുത്തെ ഭക്തന്മാരെയാകട്ടെ, അത് സ്പർശിക്കാതെ കടന്നുപോകുകയും ചെയ്യുന്നു. ജഗത്സർവ്വം അങിൽനിന്നുമുടലെടുത്തിരിക്കുന്നു. അങിച്ഛിച്ചപ്പോൾ അവിടുത്തെ യോഗമായകൊണ്ട് അവിടുന്നുതന്നെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുപരിപാലിക്കുന്നു. അവിടുത്തെ ഇച്ഛയാൽതന്നെ അവ അങയിൽ ലയിക്കുകയും ചെയ്യുന്നു. ചിലന്തി വലകെട്ടിയഴിക്കുന്നതുപോലെ സൃഷ്ടിസ്ഥിതിസംഹാരാദിക്രമങൾ ഇവിടെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. സർവ്വതിലും അനാസക്തി വച്ചുകൊണ്ട്, ഞങളുടെ സുഖത്തിനുവേണ്ടിമാത്രം അങ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുപരിപാലിക്കുന്നു. ഇപ്പോഴിതാ വനമാലയും, തുളസീപത്രങളുമണിഞ അവിടുത്തെ അദ്ധ്യാത്മരൂപദർശനവും ഈയുള്ളവന് പ്രാപ്തമായി.

പ്രഭോ!, അങയുടെ കാരുണ്യവർഷത്തിനായിമാത്രം ഞാൻ അവിടുത്തോട് പ്രാർത്ഥിക്കുകയാണ്. നമനീയവും, സർവ്വകാമഫലപ്രദായകവുമായ അവിടുത്തെ കാൽത്തളിരിണകളിൽ അടിയിനിതാ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു. അനുഭവിക്കുന്തോറും ഭൗതികവിഷങളിൽ അനാസക്തരായി അവിടുത്തെ തൃച്ചേവടിയിൽ തിരികെ രമിക്കുവാൻ തക്കവണ്ണം അങ് ഈ വിഷയങളോരോന്നും അവിടുത്തെ യോഗമായയാൽ നിർമ്മിച്ച് ഞങൾ ജീവഭൂതങൾക്ക് യഥേഷ്ടം തന്നരുളിയിരിക്കുന്നു. അങനെയുള്ള പരമാത്മവസ്തുവായ അങയുടെ പാദാരവിന്ദത്തിൽ അടിയന്റെ സാഷ്ടാംഗപ്രണാമം".

മൈത്രേയൻ തുടർന്നു: "വിദുരരേ!, കർദ്ദമമുനിയുടെ സ്തുതിയെ ഭഗവാൻ ഹൃദയം കൊണ്ടു സ്വീകരിച്ചു. മുനിയിൽ സമ്പ്രീതനായ ഭഗവാന്റെ മറുപടി അമൃതം പോലെ കർദ്ദമമുനിയുടെ ഹൃദയസ്ഥാനത്തേക്കൊഴുകിയിറങി. ഭഗവാൻ മന്ദഹസിച്ചുകൊണ്ട് പറഞു: "കർദ്ദമമുനേ!, ഭവാന്റെ അഭിലാഷം നാം മുന്നമേ അറിഞിരിക്കുന്നു. അങെന്തിനുവേണ്ടിയാണോ നമ്മെ ധ്യാനിച്ചത്, അതിനുള്ള അനുഗ്രഹം ചൊരിയുവാൻ നാം സ്വയമേവ സന്നദ്ധനാണ്. പ്രിയഋഷേ!, അങയെപ്പോലെ, സർവ്വവും ത്യജിച്ച് നമ്മിൽ ശരണാഗതിചെയ്യുന്നവർക്ക് ഈ പ്രപഞ്ചത്തിൽ യാതൊരു പീഡയും ഉണ്ടാകുവാൻ വഴിയില്ല.

വിധാതാവിന്റെ പുത്രൻ, കീർത്തിമായ സാമ്രാട്ട് സ്വായംഭുവമനു ബ്രഹ്മാവർത്തമെന്ന ലോകത്തിലധിഷ്ഠിതനായി സപ്തസാഗരത്തേയും പരിപാലിക്കുന്നു. ഹേ ബ്രാഹ്മണോത്തമാ!, പ്രസിദ്ധനും ധർമ്മകോവിദനുമായ ആ രാജഋഷി മറ്റേന്നാൾ തന്റെ റാണി ശതരൂപയോടൊപ്പം ഭവാനെക്കാണുവാനുള്ള അഭിലാഷത്തോടെ ഇവിടെയെത്തുന്നതാണ്. അവർക്ക് അസിതാപാംഗിയായ ഒരു സുന്ദരപുത്രിയുണ്ട്. സത്സ്വഭാവിയായ അവൾ അങേയ്ക്കനുരൂപയും, കല്യാണപ്രായമെത്തിയ സുന്ദരയുവതിയുമാണ്. തങളുടെ മകൾക്കനുരൂപനായ ഒരു ഭർത്താവിനെത്തേടിയലയുന്ന ആ ദമ്പതിമാർ തങളുടെ മകളെ സർവ്വഗുണസമ്പന്നനായ അങേയ്ക്ക് വിവാഹം ചെയ്തുതരുവാൻ സമ്മതം പ്രകടിപ്പിക്കും. ഹേ ധന്യനായ മുനേ!, അങിത്രകാലം മനസ്സിൽകൊണ്ടുനടന്ന സ്ത്രീസൗന്ദര്യത്തെ അങ് അവളിൽ കാണുകയും, പെട്ടെന്നുതന്നെ അവൾ അങയുടേതാകുകയും ചെയ്യും. അതില്പരം അവൾ അങയെ സേവിച്ച് അങയുടെ ഹൃദയകുഞ്ജത്തിൽ വസിക്കുന്നതാണ്. ഒരിക്കൽ നിങളുടെ ദാമ്പത്യജീവിതം ആരംഭിക്കുന്നതോടെ അവൾ അങയുടെ ഒമ്പത് പുത്രിമാർക്ക് ജന്മം നൽകും. കാലാന്തരത്തിൽ യൗവ്വനയുക്തരാകുന്ന അവരെ ഋഷിവര്യന്മാർ പാണിഗ്രഹണം ചെയ്തു അവരിൽ അനേകം പ്രജകളെ സൃഷ്ടിക്കും. അങനെ നമ്മുടെ ആദേശം സാത്ക്ഷാത്ക്കരിച്ച്, സകലകർമ്മങളും നമ്മിലർപ്പിച്ച് നമ്മെ ആരാധിച്ച്, ചിത്തം ശുദ്ധമാക്കി, ഒടുവിൽ ഭവാൻ നമ്മിൽ സായൂജ്യമടയുകയും ചെയ്യും. സകലഭൂതങളിലും കാരുണ്യാവാനായി ആങ് ആത്യന്തികമായ മോക്ഷപദത്തെ പ്രാപിക്കും. സർവ്വഭൂതങൾക്കും സംരക്ഷകനായി ജീവിക്കുന്ന ഭവാൻ അങയോടെപ്പം സകലഭൂതങളും നമ്മിൽ കുടികൊള്ളുന്നുവെന്ന സത്യത്തെ അറിയുകയും, അതേസമയംതന്നെ നാം അങയുടെ ഹൃദയകമലത്തിൽ വസിക്കുന്നുവെന്ന അദ്ധ്യാത്മികതത്വത്തെ ദർശിച്ചറിയുകയും ചെയ്യും.ഒമ്പത് പുത്രിമാർക്കൊപ്പം, ദേവഹൂതിയിൽ ഭവാന്റെ പുത്രനായി നാംതന്നെ അവതരിച്ച് അവൾക്ക് ആത്മതത്വത്തെ ഉപദേശിക്കുകയും, അതുവഴി അവൾ മോക്ഷം നേടി നമ്മിൽ തിരിച്ചെത്തുകയും ചെയ്യുന്നതാണ്.

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഭഗവാൻ നാരായണൻ കർദ്ദമമുനിയോട് ഇപ്രകാരം അരുളിചെയ്തതിനുശേഷം സരസ്വതീനദിയാൽ ചുറ്റപ്പെട്ട ബിന്ദുസരോവരത്തിൽ നിന്നും അപ്രത്യക്ഷനായി. തന്റെ കണ്മുന്നിൽ നിന്നും മറഞ് വൈകുണ്ഠദേശത്തേക്ക് യാത്രയാകുന്ന ഭഗവാനെ നോക്കിനിൽക്കുമ്പോൾ, കർദ്ദമമുനി കേട്ടത് ഗരുഡന്റെ ചിറകടിയിലൂടെയുതിർന്നുവീഴുന്ന സാമവേദമന്ത്രധ്വനികളായിരുന്നു.

ഭഗവാൻ അപ്രത്യക്ഷനായതിനുശേഷം കർദ്ദമമുനി, സ്വായംഭുവമനു തന്റെ ധർമ്മപത്നി ശതരൂപയോടും, മകൾ ദേവഹൂതിയോടുമൊപ്പം ആഗതനാകുന്ന ധന്യമുഹൂർത്തവും കാത്ത് ബിന്ദുസരോവരത്തിന്റെ തീരത്തുതന്നെ താമസിച്ചു. സ്വായഭുവമനുവാകട്ടെ, ഭാര്യാപുത്രീസമേതനായി രത്നങൾ പതിപ്പിച്ച ഒരു സ്വർണ്ണരഥത്തിൽ ആരൂഡനായി ഭൂമിയിലുടനീളം സഞ്ചരിച്ചു. ഒടുവിൽ, ഭഗവാൻ അരുളിചെയ്തതുപോലെതന്നെ കർദ്ദമമുനിയുടെ വൃതം അവസാനിക്കുന്നദിവസം ആ മുനികുടുംബം, കർദ്ദമാശ്രമത്തിലെത്തി.

സരസ്വതീനദിയിലെ ജലം കരകവിഞ് ബിന്ദുസരോവരത്തിലേക്കൊഴുകിയ ഓരോതുള്ളിയും അമൃതം പോലെ മധുരിതമായിരുന്നു. അതിനൊരു കാരണവുമുണ്ടത്രേ. കർദ്ദമമുനിയുടെ മുന്നിൽ പ്രത്യക്ഷനായ ഭഗവാൻ തന്റെ ഭക്തന്റെ അനുപമമായ പ്രേമം കണ്ട് തിരുനയനങളിലൂടെയൊഴുക്കിയ അശ്രുകണങൾ ആ സരസ്സിൽ വീണു ലയിക്കുകയുണ്ടായി. ആ പൊയ്ക അന്നുമുതൽ കർദ്ദമന്റെ ആശ്രമത്തിന് തുണയായി അതിലൂടെയൊഴുകി. അതിന്റെ തീരങളിലുടനീളം ഫലപുഷ്പങൾ വാരിക്കോരിച്ചൊരിഞുകൊണ്ട് വൃഷലതാതിൽ തിങിവളർന്നുനിന്നു. വനങളുടേയും ഉപവനങളുടേയും മാസ്മരസൗന്ദര്യം അലതല്ലുന്ന ആ തീരം നല്ല മൃഗങൾക്കും പറവകൾക്കും ആവാസകേന്ദ്രമായി മാറി. ആനന്ദാതിരേകത്താലുള്ള പക്ഷികളുടെ കളകൂജനങളാൽ അവിടം മാറ്റൊലികൊണ്ടു. ആനന്ദമദോന്മത്തരായ വണ്ടുകൾ അവിടമാകെ ചുറ്റിപറന്നു. മയിലുകൾ ആനന്ദനൃത്തമാടി. കോകിലങൾ അന്യോന്യം മാടിവിളിച്ചു. കദംബം, ചെമ്പകം, മുതലായ പൂത്തുലഞ മരങളാലും, ചക്രവാഗം, അരയന്നം ആദിയായ പക്ഷികളുടെ നിസ്വനങളാലും ബിന്ദുസരോവരം മനോഹരിയായി അണിഞൊരുങിനിന്നു. അതിന്റെ തീരത്തുകൂടി ആനകളും, കുരങുകളും, സിംഹങളുമെല്ലാം ഭയലേശമില്ലാതെ സ്വതന്ത്രമായി മദിച്ചുനടന്നു.

വിദുരരേ! ഇങനെ അതിമനോഹരിയായ ബിന്ദുസരോവരത്തിന്റെ തീരത്ത് കെട്ടിയുണ്ടാക്കിയിട്ടുള്ള കർദ്ദമമുനിയുടെ പർണ്ണശാലയ്ക്കടുത്ത് സ്വായഭുവമനുവിന്റെ രഥം വന്നുനിന്നു. യാഗാഗ്നിയിലേക്ക് ദ്രവ്യങൾ ഹോമിക്കുകയായിരുന്ന കർദ്ദമമുനിയെ മനു ദൂരത്തുനിന്നുതന്നെ കണ്ടു.  അദ്ദേഹം തന്റെ ഭാര്യയോടും മകളോടുമൊപ്പം മുനിയുടെയടുത്തേക്ക് നടനന്നടുത്തു. ഭഗവാൻ ഹരിയുടെ ദർശനസൗഭാഗ്യവും, അമൃതവാണികളും കൊണ്ട് കർദ്ദമൻ സർവ്വൈശ്വര്യയുക്തമായി കാണപ്പെട്ടു. പത്മദളായതലോചനത്തോടും, ജടിലമായ കേശഭാരത്തോടും, ജീർണ്ണവസ്ത്രധാരിയായും, കർദ്ദമമുനി അത്യധികം ശോഭിച്ചു. മലിനാംബരനെങ്കിലും മുത്തുപോലെ വിദ്യോതമാനവും, തപസ്സാൽ പക്വവുമായിരുന്നു ആ താപസ്സശ്രേഷ്ടന്റെ ശരീരം. ചക്രവർത്തിയായ സ്വായംഭുവമനു കുടുംബസമേതം തന്റെ ഉടജാങ്കണത്തിലെത്തിയതുകണ്ട് കർദ്ദമമുനി എഴുന്നേറ്റുവന്ന് ആദരപൂർവ്വം അദ്ദേഹത്തെ സ്വാഗതം ചെയ്തു. പർണ്ണശാലയിൽ കടന്നിരുന്ന ആദിരാജൻ അല്പസമയം മൗനം പാലിച്ചു.

എന്നാൽ ഭഗവാന്റെ ഉപദേശങളെ സ്മരിച്ചുകൊണ്ട് കർദ്ദമൻ മാധുര്യമേറുന്ന വാക്കുകളാൽ സ്വായഭുവമനുവിനോട് പറഞു: "ഹേ ഭഗവൻ!, അങയുടെ ലോകസഞ്ചാരം സത്തുക്കളെ സംരക്ഷിക്കുവാനും, അസത്തുക്കളെ വധിക്കുവാനുമാണെന്ന് നിസംശയം നാം മനസ്സിലാക്കുന്നു. കാരണം അങ് ഭഗവാൻ ഹരിയുടെ അത്ഭുതവീര്യത്തെ സദാ ഉള്ളിൽ കൊണ്ടുനടക്കുന്നവനാണല്ലോ!. ആവശ്യാനുസരണം അങ് സൂര്യചന്ദ്രന്മാരുടേയും, അഗ്നിയുടേയും, ഇന്ദ്രന്റേയും, വായുവിന്റേയും, യമരാജന്റേയും, ധർമ്മരാജന്റേയും, വരുണന്റേയും എന്നുവേണ്ടാ, സകലദേവതകളുടേയും പ്രതീകമായി വർത്തിക്കുന്നു. അങ് സ്വയമേവ ഭഗവാൻ വിഷ്ണു തന്നെയാണ്. അങ് ഉചിതമായ സമയത്ത്, അങയുടെ പ്രഭാവത്താലും, ഹരിദത്തമായ അത്ഭുതവീര്യത്താലും, വേണ്ടവിധം പ്രവർത്തിക്കാത്തപക്ഷം, ഇവിടെ ആഭാസന്മാരും, ആതതായികളും ചേർന്ന് അവരുടെ ആധിപത്യം സ്ഥാപിക്കും. ഭഗവാൻ ഹരിയാൽ അനുശാസിതങളായ നീതിന്യായവ്യവസ്ഥകളും, വർണ്ണാശ്രമധർമ്മങളുമൊക്കെ തകിടം മറിയും. അങയുടെ ശിക്ഷണം അവിടുന്ന് ഒരുനിമിഷം പപിൻവലിച്ചാൽ ഇവിടെ അധർമ്മം തന്റെ പാത വിരിക്കും. ധനമോഹികളായ മനുഷ്യർ കയറൂരിവിട്ട കാളകളെപ്പോലെ ധനത്തിനുപിറകേ കുതിച്ചുപായും. അധമന്മാർ ഈ ലോകത്തെ അതിതൂർണ്ണം നശിപ്പിക്കും. ഇത്രകണ്ട് പ്രധാനമായ ഒരു സ്ഥാനം അങീപ്രപഞ്ചത്തിൽ വഹിക്കുമ്പോൾ ഈയുള്ളവന്റെ പർണ്ണശാലയിലേക്കുള്ള അങയുടെ ആഗമനോദ്ദേശ്യമറിയുവാൻ നാം ആഗ്രഹിക്കുകയാണ്. എന്തുതന്നെയായാലും അതിനെ ഹൃദയകൊണ്ടുതന്നെ സ്വീകരിക്കുവാൻ അടിയൻ സന്നദ്ധനുമാണ്".

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്





3.20 വിദുരമൈത്രേയ സംവാദം.

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 20

നൈമിഷാരണ്യത്തിൽ ഒത്തുകൂടിയ ഭാഗവതപ്രിയന്മാരിൽ പ്രമുഖനായ ശൗനകൻ സൂതമുനിയോട് ചോദിച്ചു: "അല്ലയോ മഹാമുനേ!, ഭഗവാൻ നാരായണസ്വാമി വരാഹമൂർത്തിയായി അവതരിച്ച്, ദൈത്യേന്ദ്രനായ ഹിരണ്യാക്ഷനെ വധിച്ച്, ധരിത്രിയെ പുനഃരുദ്ധരിപ്പിച്ചതിനുശേഷം, അവൾക്ക് ഭാവിയിൽ പിറക്കുവാനിരുന്ന ജീവഭൂതങൾക്ക് മോക്ഷപദത്തെ കാണിച്ചുകൊടുക്കുവാൻ അന്നത്തെ മനുവായ സ്വായംഭുവൻ എന്തൊക്കെ പദ്ധതികളായിരുന്ന് ചമച്ചിരുന്നത്?".

ഈ ചോദ്യംകൊണ്ട് ശൗനകന്റെ ഉദ്ദേശം വിദുരരെക്കുറിച്ച് കൂടുതലറിയുക എന്നുള്ളതായിരുന്നു. വിദുരർ ഉത്തമനായ ശ്രീകൃഷ്ണഭക്തനും, ഭഗവാന്റെ ഉത്തമതോഴനുമായിരുന്നു. പരമഭാഗവതനായിരുന്നതിനാൽതന്നെ ഭഗവത്ദ്വേഷികളായ തന്റെ ജ്യേഷ്ഠൻ, ധൃതരാഷ്ട്രരിൽനിന്നും, അദ്ദേഹത്തിന്റെ പുത്രരായ ദുര്യോധനാദികളിൽനിന്നും വളരെ അകന്നായിരുന്നു എന്നെന്നും വിദുരർ ജീവിച്ചിരുന്നത്. വേദവ്യാസന്റെ പുത്രനായ അദ്ദേഹം തന്റെ അച്ഛനെപ്പോലെ തികഞ വിവേകിയും, മഹാപണ്ഡിതനുമായിരുന്നു. ആയതിനാൽ ഭഗവത് പാദങൾ ഹൃദയകുഹരത്തിൽ വച്ചും, അവന്റെ ഭക്തന്മാരോട് സംഘം ചേർന്നും അദ്ദേഹം ജീവിച്ചു.

വളരെയധികം പുണ്യക്ഷേത്രങളിലൂടെ സഞ്ചരിച്ച്, ഭൗതികവിഷങളിൽ അത്യധികം നിസ്പൃഹനായി, വിദുരർ ഒരുനാൾ ഹരിദ്വാരത്തിലെത്തി. അവിടെവച്ച് അദ്ദേഹം തത്വജ്ഞാനിയായ മൈത്രേയമഹാമുനിയെ കണ്ടുമുട്ടുകയും, അദ്ദേഹത്തിൽനിന്നും ഭഗവന്മഹികളൊന്നൊഴിയാതെ കേട്ടുപഠിച്ചതായും ശൗനകാദികൾക്കറിയാമായിരുന്നു. അതുകൊണ്ട് അവർ വിദുരരെക്കുറിച്ച് കൂടുതലറിയുവാൻ മൈത്രേയരോട് വീണ്ടും പ്രാർത്ഥിച്ചു.

ശൗനകാദികൾ ചോദിച്ചു: "ഹേ പണ്ഡിതശ്രേഷ്ഠാ!, ഞങൾ അങേയ്ക്ക് സർവ്വമംഗളങളും നേരുകയാണ്. അങയുടെ തിരുമുഖകമലത്തിൽനിന്നും അമൃതൂറുന്ന ഭഗവത് സത്ചരിത്രങൾ കേട്ട് ഞങളുടെ ഹൃദയമുരുകുകയാണ്. അല്ലെങ്കിൽതന്നെ ഹരികഥാമൃതം നുകർന്നാരാണിവിടെ പരിതൃപ്തനായിട്ടുള്ളത്?".

ഇങനെ ആർദ്രഹൃദയന്മാരായ ശൗനകാദിഋഷീശ്വർന്മാരുടെ ചോദ്യങൾക്ക് മറുപടിയായി രോമഹർഷണപുത്രൻ, സൂതമഹർഷി ഭഗവത് കഥാമൃതസാഗരത്തിൽ നിമഗ്നമായിരുന്നുകൊണ്ട് പറഞുതുടങി: "ഹേ ഋഷിവര്യന്മാരേ!, ഇനി ഞാൻ പറയാൻ പോകുന്ന വസ്തുതകൾ നിങൾ ശ്രദ്ധയോടും ഭക്തിയോടും കേട്ടുകൊള്ളുക. ഭഗവാൻ നാരായണൻ തന്റെ യോഗമായാശക്തിയുടെ വൈഭവത്താൽ സൂകരവേഷത്തിലവതീർണ്ണനായി, ഭൂമീദേവിയെ സമുദ്രത്തിന്റെ അഗാധതയിൽനിന്നുമുയർത്തി, അവളെ നിജസ്ഥാനത്തിയ വൃത്താന്തവും, ഹിരണ്യാക്ഷനെന്ന ആസുരശക്തിയെ വളരെ നിസ്സാരമായി കാലപുരിക്കയച്ച സംഭവങളുമടങുന്ന അവന്റെ അദ്ധ്യാത്മലീലകളെല്ലാം മൈത്രേയമുനിയിൽനിന്നും കേട്ടറിഞ് ദിവ്യാനുഭൂതിയെ പ്രാപിച്ച വിദുരർ, ആ പരമാത്മാവിനേക്കുറിച്ച് കൂടുതലറിയുവാൻ മൈത്രേയരോട് വീണ്ടും യാചിച്ചു.

വിദുരർ പറഞു: "ഹേ മഹാപണ്ഡിതാ!, പ്രജാപതികളെ സൃഷ്ടിച്ചതിനുശേഷം, പ്രപഞ്ചസൃഷ്ടിയെ പൂർത്തിയാക്കുന്നതിനായി പിന്നീടെന്തൊക്കെ കർമ്മങളായിരുന്ന് വിധാതാവ് അനുഷ്ഠിച്ചുപോന്നത്?. അദ്ദേഹത്തിന്റെ കല്പനകളെ സ്വീകരിച്ച് മരീചി, സ്വായഭുവമനു, തുടങിയ പ്രജാപതികളെല്ലാം ഏത് പ്രകാരമായിരുന്നു ഇക്കണ്ട സൃഷ്ടികളുടെയെല്ലാം രചനകൾ നിർവ്വഹിച്ചിരുന്നത്?. ഈ കാണുന്ന പ്രപഞ്ചം എങനെയാണിവിടെ നിലവിലുണ്ടായത്?. അവരോരോരുത്തരും സ്വന്തം പത്നിമാരുമായിമാത്രം ഏർപ്പെട്ട് നടത്തിയ സൃഷ്ടികളാണോ, അതോ ഈ പ്രജാപതികൾ  സർവ്വസ്വതന്ത്രമായി നിർമ്മിച്ചിതോ?. അതുമല്ലെങ്കിൽ പിന്നെ ഇവരെല്ലാവരും ചേർന്ന് സംയുക്തമായി വർത്തെടുത്തതാണോ ഈ പ്രപഞ്ചം?"

ദൃശ്യപ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള വിദുരരുടെ സന്ദേഹങൾ തികച്ചും ചിന്തനീയമായിരുന്നു. അനന്തകോടി ചരാചരങളുടെ മഹാസഞ്ചയമാകുന്ന ഈ ബ്രഹ്മാണ്ഡം എങനെ ഉത്ഭവിച്ചുവെന്നും, എന്നുത്ഭവിച്ചുവെന്നും, എവിടെനിന്നുത്ഭവിച്ചെന്നുമൊക്കെയുള്ള സംശയങൾ വിദുരരുടെ ബുദ്ധിയെ നിരന്തരം ഇളക്കിമറിച്ചുകൊണ്ടിരുന്നിരിക്കണം.

അതീവജിജ്ഞാസുവായ വിദുരരോട് മൈത്രേയൻ പറഞു: "വിദുരരേ!, കാലം ഹേതുവായി വിഷ്ണുഭഗവാനിച്ചിച്ചപ്പോൾ സത്വരജസ്തമോഗുണങൾക്ക് പരിണാമങളുണ്ടാകുകയും, തത്ഫലമായി മഹത് എന്ന തത്വം രൂപം കൊള്ളുകയും ചെയ്തു. തുടർന്ന് മഹത് തത്വത്തിൽനിന്ന് ത്രിവിധങളായ അഹങ്കാരമുടലെടുത്തു. അഹങ്കാരത്തിൽ രജോഗുണം അന്യഗുണദ്വയങൾക്കുമേൽ പ്രധാനിയായിനിന്നു. രജോഗുണപ്രധാനിയായ അഹങ്കാരതത്വത്തിൽനിന്നും പഞ്ചഭൂതങൾ ജന്മമെടുത്തു. വെവ്വേറെ നിലകൊണ്ടിരുന്ന ഈ പഞ്ചഭൂതങൾകൊണ്ട് പ്രപഞ്ചനിർമ്മിതി അസാധ്യമായന്നായപ്പോൾ, ഇവ അഞ്ചും, കൂട്ടത്തിൽ ഭഗവത് ചൈത്യന്യവും കലർന്ന് സ്വർണ്ണവർണ്ണത്തിൽ അത്യുജ്ജ്വലമായ ഒരു ഗോളം പ്രത്യക്ഷമായി. ആയിരത്താണ്ടോളം കാലം ഈ ഹേമാണ്ഡം കാരണസമുദ്രത്തിൽ നിർജ്ജീവമായിക്കിടന്നു. അനന്തരം ഭഗവാൻ ഗർഭോദകശായിവിഷ്ണു ഈ അണ്ഡത്തിലേക്ക് പ്രവേശിച്ചു. അനന്തരം അവന്റെ നാഭിയിൽനിന്നും ആയിരം മാർത്താണ്ഡന്മാരുദിച്ചുയരുംവണ്ണം തേജസ്സോടുകൂടി ഒരു താമരപുഷ്പം തളിർത്തുപൊന്തി. വിദുരരേ!, അത് സകലജീവഭൂതങളുടേയും ഉറവിടമായിരുന്നു. അതിൽ നിന്നും ആദ്യമായി അഖിലവീര്യവാനായ ബ്രഹ്മദേവൻ ജനിച്ചു. അദ്ദേഹത്തിന്റെ ഹൃദയകമലത്തിലേക്ക് അത്ഭുതവീര്യത്തോടെ ഗർഭോദകശായിവിഷ്ണുഭഗവാൻ പ്രവേശിക്കുകയും, അതോടെ ഇക്കണ്ട വിശ്വത്തെ മുന്നേപ്പോലെ വിധാതാവ് സൃഷ്ടിക്കുകയും ചെയ്തു.

വിദുരരേ!, ബ്രഹ്മദേവൻ സൃഷ്ടികർമ്മങൾ ധ്രുതഗതിയിലാരംഭിച്ചു. ആദ്യസൃഷ്ടി അദ്ദേഹത്തിന്റെ നിഴലിൽനിന്നുമായിരുന്നു. ജീവഭൂതങൾക്കുള്ളിൽ കുടിയേറിയിരിക്കുന്ന അജ്ഞാനതത്വങളായ താമിശ്രം, അന്ധതാമിശ്രം, തമസ്സ്, മോഹം, മഹാമോഹം എന്നിങനെ അഞ്ചുവിധത്തിൽ അവ അറിയപ്പെട്ടു. ഈ തമോസൃഷ്ടികളിൽ അസന്തുഷ്ടനായ ബ്രഹ്മദേവൻ തമോബദ്ധമായ സ്വശരീരം വിട്ടൊഴിഞു. പക്ഷേ യക്ഷരാക്ഷസാദികൾ ചേർന്ന് ക്ഷുത്തൃഡാദികൾക്ക് കാരണമായ ആ ശരീരത്തെ തുടർന്ന് പരിപാലിച്ചു. വിദുരരേ!, അതു ചെന്നവസാനിച്ചത് ഘോരവിപത്തിലേക്കായിരുന്നു. ബ്രഹ്മദേവനുപേക്ഷിച്ച ശരീരത്തെ സ്വീകരിച്ചതോടെ യക്ഷന്മാരും, രാക്ഷസന്മാരും അസഹനീയമായ വിശപ്പിനും ദഹത്തിനും വശംഗതരായി വിധാതാവിനെത്തന്നെ ഭക്ഷിക്കുവാൻ വക്ത്രപ്രപാടനം ചെയ്തുകൊണ്ട് അദ്ദേഹത്തിനുനേരേ പാഞടുത്തു. അവർ ആർത്തുവിളിച്ചുകൊണ്ടുപറഞു: "വിടരുതിവനെ..... കൊന്നുതിന്നുവിൻ...."

ഭീതിയും ആശങ്കയും നിറഞ സ്വരത്തിൽ ബ്രഹ്മദേവൻ അവരെ ആ ഘോരകർമ്മത്തിൽനിന്നും വിലക്കി: "യക്ഷരാക്ഷസാദികളെ!, നാം നിങളുടെ പിതാവാണ്. നമ്മെ കൊന്ന് പാപം ഭുജിക്കരുത്. പകരം, വിട്ടയയ്ക്കുക!".

തുടന്ന് അദ്ദേഹം സത്വഗുണത്തെ പ്രധാനമാക്കിക്കൊണ്ട് ദേവാധിപന്മാരെ സൃഷ്ടിക്കുകയും, സത്വഗുണപ്രതിരൂപമായ പ്രകാശമാനമായ പകൽ നൽകിക്കൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം തന്റെ പൃഷ്ഠഭാഗത്തുനിന്നും ബ്രഹ്മദേവൻ നിശാചരവർഗ്ഗത്തെ സൃഷ്ടിച്ചു. എന്തിനുപറയാൻ!... സ്വാഭാവികമായും കാമാസക്തരായ അവർ മൈഥുനവേഴ്ചയ്ക്കായി തങളുടെ സൃഷ്ടാവായ ബ്രഹ്മദേവനെതന്നെ സമീപിച്ചു. ആ വിഢിത്വത്തെക്കണ്ട് ആദ്യം വിരിഞ്ചൻ മന്ദഹസിച്ചുവെങ്കിലും, നിർലജ്ജരായി തന്നോടടുത്തുവരുന്ന കാമാർത്തരായ അസുരന്മാരാൽ അപമാനിതനായി അദ്ദേഹം അവിടെനിന്നും പലായനം ചെയ്തു. തതവസരത്തിൽ ശരണം പ്രാപിക്കുവാനായി ഭഗവാൻ നാരായണസ്വാമി മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കിക്കൊണ്ട് വിരിഞ്ചൻ അനാഥരക്ഷകനായ ഹരിയുടെ പാദാരവിന്ദത്തിൽ ആശ്രിതനായി. തന്നിൽ ശരണാഗതി ചെയ്യുന്നവരുടെ സർവ്വാഭീഷ്ടങളും ഒന്നൊഴിയാതെ സാധ്യമാക്കുന്നവനാണ് നാരായണനെന്നും, അവൻ ഭക്തപരിപാലനാർത്ഥം യുഗങൾതോറും അവതരിക്കുന്നുവെന്നുള്ള അറിവും ബ്രഹ്മാവിൽ പണ്ടേതന്നെ സുദൃഡമായിരുന്നു. ആയതിനാൽ അദ്ദേഹം ഭഗവാനോട് ഇപ്രകാരം പ്രാർത്ഥിച്ചു".

ബ്രഹ്മദേവൻ പറഞു: "സർവ്വജ്ഞനായ ഭഗവാനേ!, അങേയ്ക്ക് നമസ്ക്കാരം!. അവിടുത്തെ ആജ്ഞയെ അവലംബിച്ചുകൊണ്ട് ഞാൻതന്നെ ചമച്ച സൃഷ്ടിയിൽനിന്നുമിതാ കാമഭ്രാന്തന്മാരായ കുറെ രാത്രിഞ്ചരന്മാർ ജന്മമെടുത്തിരിക്കുന്നു. മൈഥുനാസക്തരായി എന്നെതന്നെ ആക്രമിക്കുവാൻ പാഞടുക്കുന്ന ആ മഹാപാപികളിൽനിന്നും, ഭഗവാനേ!, അടിയനെ രക്ഷിച്ചരുളിയാലും. ഈ മഹാദുരന്തത്തിൽനിന്നും എന്നെ കരകയറ്റുവാൻ ചരണാശ്രിതജനക്‌ളേശഹാരകനായ അവിടുന്നല്ലാതെ മറ്റൊരുശക്തിയെ അടിയൻ കാണുന്നില്ല. ഈയുള്ളവനെ ആക്രമിക്കുന്നതിലൂടെ യഥാർത്ഥത്തിൽ അവർ പരോക്ഷമായി അങയെയാണ് ദ്വേഷിക്കുന്നത്. അങനെയുള്ളവർക്ക് നേർവഴികാട്ടുവാനും ശക്തൻ അങ് മാത്രമാണ്."

മൈത്രേയൻ പറഞു: വിദുരരേ!, ബ്രഹ്മദേവന്റെ മനോവ്യഥയെ ഭഗവാൻ മനസ്സിലാക്കി. ഉപായമായി, കളങ്കപ്പെട്ടുപോയ ശരീരത്തെ തത്ക്ഷണം ത്യജിക്കുവാൻ കരുണാമയനായ ഭഗവാൻ അദ്ദേഹത്തോടരുളിചെയ്തു. ഭഗവദുപദേശത്തെ ശിരസാവഹിച്ചുകൊണ്ട് ബ്രഹ്മാവ് തന്റെ അശുദ്ധമായ ശരീരം ഉടനടി ത്യജിച്ചു.  ഝടുതിയിൽ ആ ശരീരം സന്ധ്യായാമമായ ഒരു സുന്ദരയുവതിയുടെ രൂപത്തിൽ പുനർജ്ജനിച്ചു. തന്റെ മനോഹരപാദങളിൽ പാദസരധ്വനിയുണർത്തിയും, വശ്യനയനങൾ ചലിപ്പിച്ചും, സ്വർണ്ണാഭരണങളണിഞും, മനം കവരുന്ന പട്ടുടുത്ത അരയിൽ സ്വർണ്ണ അരഞാണമണിഞും അവൾ രജോഗുണയുക്തയായി പരിലസിച്ചു. ഉയർന്നുതടിച്ച കുചങളും, സുന്ദരദന്തങളും, പുഞ്ചിരിയൂറുന്ന് ചെഞ്ചുണ്ടുകളുമെല്ലാ അവളുടെ നിത്യസൗന്ദര്യത്തിന് മാറ്റുകൂട്ടി. വശ്യമാർന്ന താമരനയങളിലൂടെ അവൾ കാമാർത്തരായി നിൽക്കുന്ന ആ നിശാചരന്മാർക്കുനേരേ പ്രേമത്തിന്റെ കൂരമ്പുകളയച്ചു. കറുത്തുനീണ്ട കുറുനിരകൾക്കിടയിൽ നാണത്താൽ മുഖമൊളിപ്പിച്ചുനിൽക്കുന്ന സന്ധ്യയെക്കണ്ടതും, കാമാർത്തിപൂണ്ടുനിൽക്കുന്ന അസുരന്മാരിൽ കാമാഗ്നി ആളിപ്പടർന്നു. ആ സൗന്ദര്യനിധിയെ അവൾ വാനോളം പുകഴ്ത്തി.

"അവർ പറഞു: "ഹാ! എന്തൊരു സൗന്ദര്യം!... എന്തൊരു യുവത്വം!... ഇവളിൽ ആകൃഷ്ടരായി ഇവളോടൊത്തുരമിക്കുവാൻ അക്ഷമരായുള്ള നമ്മളോടൊപ്പം നടക്കുമ്പോൾപോലും ഇവൾ എത്ര തന്ത്രപൂർവ്വമാണ് ഒരു അകാമിയെപ്പോലെ തന്നെ സംയമനം ചെയ്തിരിക്കുന്നത്!... സന്ധ്യയുടെ മൂർത്തരൂപമായ ആ മാദകസുന്ദരിയെനോക്കി കൗശലശാലികളായ രക്ഷോഗണങൾ ബഹുമാനം നടിച്ചുകൊണ്ട് പറഞു: " ഹേ സുന്ദരീ!... ആരാണ് നീ?. ആരുടെ സ്വന്തമാണ് നീ?. എന്തിനുവേണ്ടിയാണ് ഇവിടേക്കുവന്നിരിക്ക്കുന്നത്?. അനുപമസുന്ദരിയായ നീ എന്തിനുവേണ്ടിയാണ് ഹതഭ്യാഗ്യരായ ഞങളെ ഈവിധം ഭ്രമിപ്പിക്കുന്നത്?. നീ ആരായിരുന്നാലും നിന്നെ ഒരുനോക്ക് കാണുവാൻ കഴിഞതുപോലും ഭ്യാഗ്യമായാണ് ഞങൾക്ക് തോന്നുന്നത്. താമരപ്പാദങൾകൊണ്ട് നീയീപന്തുതട്ടിക്കളിക്കുമ്പോൾ അവയുടെ ചലനനൾ കണ്ട് ഞങളുടെ ബുദ്ധി ഭ്രമിച്ചുപോകുകയാണ്. ഹേ സുന്ദരീ!, കുചഭാരത്താൽ നീ തളർന്നതുപോലെ തോന്നുന്നു. ആ മുടികെട്ട് തെല്ലോന്നഴിച്ചിട്ടാലും..."

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഈവിധം വിലപിച്ചുകൊണ്ട് കാമാതുരരായ ആ അസുരവൃന്ദം സന്ധ്യയുടെ അത്യപൂർവ്വമായ സൗന്ദര്യത്തിൽ പ്രലോഭിതരായി, അവളൊരു മൂർഖബുദ്ധിയെന്ന് ദ്ധരിച്ച്, ആ അതിസൗന്ദര്യത്തെ അനുഭവിക്കുവാനുള്ള മൂർച്ഛിതത്വരയോടുകൂടി അവളെ തങളുടെ വശത്താക്കി. ഇതുകണ്ട ബ്രഹ്മദേവൻ അർത്ഥവത്തായി ഒന്നുമന്ദഹസിച്ചു. അനന്തരം, തന്റെ അത്ഭുതവീര്യത്താൽ ഗന്ധർവ്വാപ്സരസ്സുകളെ സൃഷ്ടിച്ചു. അതിമനോഹരമായ ഈ സൃഷ്ടിക്കുശേഷവും മുന്നേപോലെ അദ്ദേഹം തന്റെ വർത്തമാനകളേബരം ത്യജിക്കുകയും, ഗന്ധർവ്വന്മാർ ആഹ്‌ളാദപുരസ്സരം അതേറ്റെടുക്കുകയും ചെയ്തു. പിന്നീട് വിധാതാവ് സ്വീകരിച്ചത് അലസ്സതയുടെ മൂർത്തിമത്ഭാവമായിരുന്നു. അതിൽനിന്നും അദ്ദേഹം ഭൂതപ്രേതപിശാചുക്കളെ സൃഷ്ടിച്ചു. അവരുടെ അഴിച്ചിട്ട കേശഭാരവും, നഗ്നതയും കണ്ട് വിരിഞ്ചൻ കണ്ണുപൊത്തിക്കൊണ്ട് ആ ശരീരവും ഉപേക്ഷിച്ചു. ആലസ്യഭാവത്തോടെ വലിച്ചെറിയപ്പെട്ട ആ ശരീരത്തെ ഭൂതപ്രേതപിശാചുക്കൾ സ്വന്തമാക്കി. അന്നുമുതൽ അശുദ്ധമായ ഏതൊരു ശരീരത്തേയും അവർ ആക്രമിച്ചുതുടങി. ഉറക്കത്തിൽ ഉമിനീരൊഴുക്കുന്നവരുടെ ശരീരങൾ തുടങി ഭ്രാന്തന്മാരുടെ ശരീരങൾ വരെ ഈ ദുർജാതരുടെ ആക്രമണത്തിനുവിധേയമാകുന്നത് ഇക്കാര്യത്തിനുദാഹരണമാണ്.

തുടർന്ന്, തന്റെ അഗണിതമായ വീര്യത്തെ സൃഷ്ടിയുടെ മൂർത്തരൂപത്തിലേക്കെത്തിക്കുവാനുള്ള ആഗ്രഹത്തോടെ വിധാതാവ് തന്റെ പരോക്ഷശരീരത്തിലെ നാഭിയിൽനിന്നും സാധ്യഗണങളേയും പിതൃഗണങളേയും ഉല്പന്നമാക്കി. അവർ സ്വമേധയാ വിരിഞ്ചന്റെ അഗോചരശരീരത്തെ തങളുടെ നിലനില്പിനുവേണ്ടി സ്വായത്തമാക്കി. ഈ അതിസൂക്ഷ്മ ശരീരത്തിലൂടെയത്രേ ദിവ്യന്മാർ തങളുടെ പിതൃക്കൾക്കും സാധ്യന്മാർക്കും ശ്രാദ്ധകാലങളിൽ ബലിതർപ്പണം നടത്തുന്നത്. തുടർന്ന്, ബ്രഹ്മദേവൻ ത്രോധനകലയിലൂടെ സിദ്ധന്മാരേയും വിദ്ധ്യാധരന്മാരേയും സൃഷ്ടിക്കുകയും, അനന്തരം, അന്തർധാനമെന്ന നാമത്തിൽ താനാജ്ജിച്ചെടുത്ത ആ ദിവ്യശരീരത്തെ അവർക്കായി തന്നെ സമർപ്പിക്കുകയും ചെയ്തു.

പിന്നീടൊരിക്കൽ വിരിഞ്ചൻ ജലരാശിയിൽ തന്റെ ശരീരപ്രതിച്ഛായയെ ആരാധനാപാരവശ്യത്തോടെ വീക്ഷിക്കുകയും അതിലൂടെ  കിംപുരുഷകിന്നരാദികളുടെ സൃഷ്ടി നടത്തുകയും ചെയ്തു. കിംപുരുഷന്മാർ ബ്രഹ്മദേവന്റെ ആ നിഴൽരൂപത്തെ പരിഗ്രഹിച്ചു. അതിൽ അത്ഭുതം കൂറിയ അവർ ഇന്നും പ്രഭാതത്തിൽ അദ്ദേഹത്തിന്റെ സാഹസകൃത്യങളെ വർണ്ണിച്ചുപാടുന്നു. അങനെയിരിക്കെ സൃഷ്ടികർമ്മം മന്ദഗതിയിലായിരിക്കുന്നുവെന്ന് ശങ്കിച്ച് വിരിഞ്ചൻ തന്റെ നിലവിലുള്ള ശരീരത്തെ ത്യജിക്കുവാനൊരുമ്പെട്ടു. അനന്തരം നെടുനീളത്തിൽ നീണ്ടുനിവർന്നുകിടന്നുകൊണ്ട് അതൃപ്തഭാവത്തിൽ ആശരീരവും അദ്ദേഹം ഉപേക്ഷിച്ചു. ഹേ വിദുരരേ!, ആ ശരീരത്തിൽനിന്നുമുതിർന്നുവീണ രോമങൾ പാമ്പുകളായി രൂപാന്തരം പ്രാപിച്ചു. മണ്ണിൽ വീണുപുളഞിഴഞുനീങിയ അവയിൽ പലതും ഉഗ്രരൂപികളും വിഷകാരികളുമായ സർപ്പങളും നാഗങളുമായി പരിണമിച്ചു. ഒടുവിൽ, തന്റെ ജീവിതത്തിന്റെ ലക്ഷ്യം ഏതാണ്ട് പൂർത്തിയായെന്നു മനസ്സിലാക്കിയ ആദിദേവൻ തന്റെ മനസ്സിൽനിന്നും മനുക്കളെ സൃഷ്ടിച്ചു. അവരത്രേ ലോകക്ഷേമതല്പരരായി വർത്തിക്കുന്നത്. അവർക്കായി അദ്ദേഹം തന്റെ സ്വന്തം ശരീരത്തെ നൽകി. അങനെ ബ്രഹ്മശരീരം സ്വീകരിച്ചു നിൽക്കുന്ന പ്രജാപതികളായ മനുക്കളെക്കണ്ട് സകലസൃഷ്ടികളും ബ്രഹ്മാവിനെ വാനോളം പ്രശംസിച്ചു.

അവർ പറഞു: "ഹേ വിധാതാവേ!, അങയുടെ സൃഷ്ടികളെല്ലാം അപാരം തന്നെ. എന്ത് ചാരുതയോടെയാണ് അങിവിടെ ഓരോന്നും ചമച്ചുണ്ടാക്കിയിരിക്കുന്നത്!. ആചാരപ്രധാനമായ സർവ്വസ്സ്വവും ഇത്രകണ്ട് മനോഹരമായി അങ് നിർവ്വഹിച്ചുകഴിഞു. ഇനി ഞങളുടെ ഊഴമാണ്. യജ്ഞപ്രധാനമായി ബാക്കിയുള്ളതെല്ലാം അവിടുത്തെ സൃഷ്ടിയോട് കൂട്ടിച്ചേർക്കുവാൻ അങയുടെ അനുഗ്രഹത്തിനായ്ക്കൊണ്ട് ഞങളങയോട് പ്രാർത്ഥിക്കുകയാണ്. ഭക്തികൊണ്ടും, തപസ്സുകൊണ്ടും, യോഗനിഷ്ഠകൊണ്ടും, ഇന്ദ്രിയനിഗ്രഹം കൊണ്ടും ഉദാത്തനായ ഹേ ബ്രഹ്മഋഷേ!, അവിടുന്ന് ഋഷിവര്യന്മാരായ നാല് പുത്രന്മാരെ സൃഷ്ടിച്ചു. അവർ നാല്വർക്കും തന്റെ ശരീരത്തിന്റെ ഓരോ അംശം അങ് പകുത്തുകൊടുക്കുകയും ചെയ്തു. അവരിലൂടെ ഇവിടെ ഇന്നും സമാധി, യോഗം, ഋദ്ധി, തപസ്സ്, വിദ്യ, വിരക്തി എന്നീ വ്രതശുദ്ധികൾ നിലനിന്നുപോരുന്നു".

ഇങനെ, ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപതാമധ്യായം സമാപിച്ചു.

ഓം തത് സത്.




2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

3.19 ഹിരണ്യാക്ഷവധം.

ഓം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 19



​മൈത്രേയൻ പറഞു: "ഹേ ഭാരതപുത്രാ!, വരാഹ-ഹിരണ്യാക്ഷയുദ്ധം കണ്ട് അത്ഭുതപരവശനായ സൃഷ്ടികർത്താവ് ഭഗവന്മഹിമകളെ അങേയറ്റം കീർത്തിച്ചു. നിർവ്യളീകവും അമൃതം പോലെ മാധുര്യപൂർണ്ണവുമായ അദ്ദേഹത്തിന്റെ വാക്കുകളിൽ സമ്പ്രീതനായ ഭഗവാൻ പ്രേമപൂരിതമായ ഒരു പുഞ്ചിരിയോടെ ആ പ്രാർത്ഥന കൈകൊണ്ടു.

ഹിരണ്യാക്ഷന്റെ വിദ്വേഷഭാവവും പ്രകീർത്തിനയോഗ്യമായിരുന്നു. അവൻ ചാടിയുയർന്നു ഭീമാകാരമായ തന്റെ ഗദ ചുഴറ്റി ഭഗവാന്റെനേർക്ക് ഗർവ്വോടെ നിർഭയനായി പാഞടുത്തു. ഹിരണ്യാക്ഷന്റെ താടിയെല്ലുനോക്കി ആഞടിക്കുവാനോങിയ ഭഗവാന്റെ ഗദ, ഹിരണ്യാക്ഷന്റെ തത്തുല്യം ബൃഹത്തായ ഗദയുമായി കൂട്ടിയിടിച്ച് അത്ഭുതാവഹമായ ഒരു ശബ്ദത്തോടെ ആ തൃക്കയ്യിൽ നിന്നും വഴുതിവീണു. ഉജ്ജ്വലദീപ്തിയോടെ അത് കറങിവീഴുന്ന കാശ്ച അതിമനോഹരമായിരുന്നു. വിദുരരേ!, ഇവിടെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു ഹിരണ്യാക്ഷന്റെ പ്രതികരണം. ആയുധം നഷ്ടപ്പെട്ട ഭഗവാനുമേൽ വിജയം കൈവരിക്കുവാൻ സാധ്യതയുണ്ടെന്നുതോന്നിയ ഈ അവസരത്തിൽ അവൻ യുദ്ധധർമ്മത്തിന് പ്രാമുഖ്യം കൊടുത്തു. ഈ സമയം ഭഗവത്പ്രേമികളായ ദേവതകളിൽനിന്നും, ഋഷികളിൽനിന്നും ഒരു ദീർഘനിശ്വാസമുണർന്നു. അവർ അമ്പരപ്പോടെ ആ രംഗം കണ്ടുനിന്നു. ഭഗവാൻ അവന്റെ നീതിബോധത്തെ ഹൃദയംകൊണ്ട് സ്വീകരിച്ചു. അതേസമയംതന്നെ തന്റെ സുദർശനചക്രത്തെ വിരൽതുമ്പിലേക്കാവാഹിക്കുകയും ചെയ്തു. ആ ദിവ്യായുധം വന്ന് ഭഗവാന്റെ വിരൽതുമ്പിൽ ചുഴലുവാൻ തുടങിയ സമയം അനന്തമായ ആകാശത്തിൽ ദേവഗണങൾ വട്ടമിട്ടുനിന്നുകൊണ്ട് പറഞു: "ഹേ നാരായണാ!, നിന്റെ ലീലകൾ മതിയാക്കി ദിതിയുടെ ഈ ദുഷ്ടപുത്രനായ വധിച്ചാലും, അങ് വിജയിക്കട്ടെ പ്രഭോ!, അങ് വിജയിക്കട്ടെ!." രക്തനേത്രങളോടെ, സുദർശനചക്രവുമേന്തിനിന്നരുളുന്ന വരാഹമൂർത്തിയെ കണ്ടതും ഹിരണ്യാക്ഷന്റെ ഇന്ദ്രിയങളും ബുദ്ധിയും ഭ്രമിച്ചു. അവൻ രോഷാകുലനായി പല്ലും ഞെരിച്ച് ഉഗ്രവിഷകാരിയായ ഒരു സർപ്പത്തെപ്പൊലെ ഭഗവാനുനേരേ ചീറിയടുത്തു. ഭയാനകമായ അവന്റെ ദംഷ്ട്രകൾ രക്തനിമഗ്നമാകാ വെമ്പി. "നിന്നെ ഞാനിതാ വധിക്കുവാൻ പോകുന്നു" എന്നാക്രോശിച്ചുകൊണ്ട് ഗദയുമായി അവൻ ഭഗവാനുമേൽ ചാടിവീണു. പണ്ഡിതനായ വിദുരരേ!, ശത്രുവിൽനിന്നും ഒരു കൊടുങ്കാറ്റുപോലെ തനിക്കുനേരേ വന്നടുത്ത ഗദയെ സകലയജ്ഞങളുടെ ഭോക്താവും, സൂകരരൂപിയുമായ ഭഗവാൻ ഇടതുകാൽകൊണ്ട് നിശ്പ്രയാസം തട്ടിയെറിഞു.

"ഹേ അസുരശ്രേഷ്ഠാ!, പോയി നിന്റെ ആയുധമെടുത്തുകൊണ്ടുവരൂ!, കഴിയുമെങ്കിൽ എന്നെ ജയിക്കുവാൻ നോക്കൂ!" എന്നുപറഞുകൊണ്ട് ഭഗവാൻ ആ ദൈത്യേന്ദ്രന്റെ മനസ്സിനെ കൂടുതൽ പ്രക്ഷുബ്ദമാക്കി. എരിതീയിൽ വീഴുന്ന എണ്ണപ്പോലുള്ള ഭഗവാന്റെ വാക്കുകൾ കേട്ട് അപമാനിതനായ ഹിരണ്യാക്ഷൻ അലsrറിക്കൊണ്ട് തന്റെ ഗദ ഭഗവാനുനേരേ ചുഴറ്റിയെറിഞു..  തനിക്കുനേരേ പാഞടുക്കുന്ന ആസുരീകമായ ആ ആയുധത്തെ, ഗരുഡൻ സർപ്പത്തെ റഞ്ചിയെടുക്കുമാറ്, വരാഹമൂർത്തി കടന്നുപിടിച്ചു. പിന്നീട് തിരികെ നൽകിയെങ്കിലും അവഹേളനത്തിന് വിധേയനായി നിരാശനായ ഹിരണ്യാക്ഷൻ അത് സ്വീകരിക്കുവാൻ കൂട്ടാക്കിയില്ല. പകരം അവൻ തീചീറ്റുന്ന ഒരു ത്രിശൂലമെടുത്ത് ഭഗവാനുനേരേ പ്രയോഗിച്ചു. വിപ്രന്മാർക്കുനേരേ ഒരുവൻ ആഭിചാരകർമ്മം ചെയ്യുന്നതുപോലെയായിരുന്നു ഹിരണ്യാക്ഷന്റെ ഈ ആക്രമണം. ഹിരണ്യാക്ഷനെയ്ത ആ ത്രിശൂലം അത്യുജ്ജ്വലമായി കത്തിജ്വലിച്ചുകൊണ്ട് ആകാശത്തേക്ക് പറന്നുയർന്ന്. ഭഗവാൻ തന്റെ സുദർശനചക്രത്തെയയച്ച് ആ ജ്വലിക്കുന്ന ത്രിശൂലം, ഇന്ദ്രൻ ഗരുഡന്റെ ചിറകരിഞുവീഴ്ത്തിയതുപോലെ, കഷണങളായി ഛേദിച്ചെറിഞു. അതുകണ്ട ഹിരണ്യാക്ഷനിൽ ക്രോധം അണപൊട്ടിയൊഴുകി. അവൻ ഭഗവാനുനേരേ ഓടിയടുത്ത് കഴിയുന്നത്ര ശക്തിയിൽ മുഷ്ടിചുരുട്ടി ശ്രീവത്സം ശോഭിക്കുന്ന ആ തിരുമാറിൽ ആഞിടിച്ചു. അനന്തരം അവിടെനിന്നും കടന്നുകളയുകയും ചെയ്തു. ഒരു കരിവീരന്റെ ശരീരത്തിൽ പൂച്ചെണ്ടുകൊണ്ടടിക്കുന്നതുപോലെയായിരുന്നു ഹിരണ്യാക്ഷനിൽനിന്നും ഭഗവാനേറ്റ ആ പ്രഹരം. സർവ്വശക്തനായ നാരായണൻ അണുവിട ചലിക്കാതെ അവിടെത്തന്നെനിന്നു. പലേവിധത്തിലുള്ള യുദ്ധതന്ത്രങളുപയോഗിച്ച് ഹിരണ്യാക്ഷൻ ഭഗവാനോടെതിർത്തുവെങ്കിലും ആ പരമാനന്ദമൂർത്തിയുടെ യോഗമായയെ വെല്ലുവാൻ അവന് സാധിച്ചില്ല. കാഴ്ചക്കാർ ലോകം പ്രളയജലത്തിലാണ്ടുപോകുമോയെന്ന് ചിന്തിച്ച് ഭയന്നു.

ഉഗ്രവേഗത്തിൽ കറങിയടിച്ച ചുഴലിയിൽ പൊടികൾ പറന്ന് അവിടമാകെ ഇരുട്ടുപരത്തി. പാറത്തുണ്ടുകൾ നാനാദിക്കുകളിൽനിന്നും ശരവർഷംപോലെ എടുത്തെറിയപ്പെട്ടു. തേജോഗോളങൾ ആ പൊടിമറയിൽ അപ്രത്യക്ഷമായി. ഇടിയും മിന്നലും ഇടതൂർന്നുണ്ടായിക്കൊണ്ടിരുന്നു. ആകാശത്തുനിന്നും ചലവും, മുടിയും, ചോരയും, അമേധ്യവും, മൂത്രവും, അസ്ഥിയും മുതലായ വിസർജ്ജ്യവസ്തുക്കൾ പൊഴിയാൻ തുടങി. അംബരചുംബികളായ മഹാപർവ്വതങൾ നിരന്നുനിന്നു നാനാതരങളിലുള്ള അസ്ത്രങൾ വിക്ഷേപിച്ചു. ദിക്വസ്ത്രരായ രാക്ഷസവർഗ്ഗങൾ അഴിച്ചിട്ട കേശഭാരത്തോടുകൂടി കൈകളിൽ ത്രിശൂലങളുമായി ഓടിയടുത്തു. ആതതായികളും, ദുഷ്ടരുമായ യക്ഷരക്ഷസ്സുകൾ ആനകളുടെമേലും, രഥങളിലും, കാലാളുകളായും വന്ന് അസഭ്യമായ വാക്കുകൾ പുലമ്പി.

ഹേ അനഘനായ വിദുരരേ!, വരാഹമൂർത്തിയായി അവതരിച്ച് ഉർവ്വിയുടെ വേദന തീർക്കുവാനായി ഹിരണ്യാക്ഷനോട് പടപൊരുതിനിൽക്കുന്ന ഭഗവാൻ ഒടുവിൽ ഈ രക്ഷോഗണങളുടെയെല്ലാം ഐന്ദ്രജാലികമായ പ്രകടനങൾ ഒന്നൊഴിയാതെ ഇല്ലാതാക്കുവാൻ തീരുമാനിച്ചുകൊണ്ട് തന്റെ സർവ്വശക്തമായ സുദർശനം പ്രയോഗിച്ചു.

വിദുരരേ!, ആ സമയം ദിതിയുടെ ഹൃദയത്തിൽ ഒരാളലുണ്ടായി. അവൾ തന്റെ ഭർത്താവായ കശ്യപപ്രജാപതിയുടെ വാക്കുകളെ അനുസ്മരിച്ചു. ആ സ്തനങളിലൂടെ ചോര ചുരന്നു.

അതേസമയം യുദ്ധത്തിൽ തന്റെ സകല അടവുകളും പിഴച്ചുവെന്ന് തീർത്തും ബോധ്യമായപ്പോൾ ഹിരണ്യാക്ഷൻ അവസാനമായി ഒരിക്കൽകൂടി ഭഗവാനുനേരേ ക്രോധാകാരനായി ആർത്തുവിളിച്ചുകൊണ്ട് ഓടിയടുത്തു. ബലിഷ്ഠമായ തന്റെ കരങൾക്കുള്ളിലാക്കി ഭഗവാനെ ഞെരിച്ചുകൊല്ലുവാൻ ആവേശത്തോടെ തിമർത്തുവന്ന ഹിരണ്യാക്ഷൻ തന്റെ കരവലയത്തിന് ബഹിർഭാഗത്തുനിന്നരുളുന്ന ഭഗവാനെക്കണ്ട് ഇളിഭ്യനായി. ഈ അടവും പിഴച്ചതറിഞ് അവൻ ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി ഭഗവാനുനേരേ ഓടിയടുത്തു. അധോക്ഷജനായ ഹരി, പണ്ട് മരുത്പതിയായ ഇന്ദ്രൻ വൃത്രാസുരനെ അടിച്ചുവീഴ്ത്തിയതുപോലെ, ഹിരണ്യാക്ഷന്റെ കർണ്ണമൂലം നോക്കി പ്രഹരിച്ചു. അജിതനായ ഭഗവാനിൽനിന്ന് ഈവിധം പ്രഹരമേറ്റ ഹിരണ്യാക്ഷൻ പരിഭ്രാന്തനായി വട്ടം ചുഴന്ന് നിലം പതിച്ചു. അവന്റെ കണ്ണുകൾ രക്തത്തോടെ പുറത്തേക്കുചാടി. സകലശരീരഭാഗങളും കരചരണങളോടൊപ്പം ഞെരിഞൊടിഞ്, എപ്രകാരമാണോ ഒരു പടുകൂറ്റൻ വൃക്ഷം വേരറ്റ് നിലം പൊത്തുന്നത്, അപ്രകാരം ആ അസുരശ്രേഷ്ഠൻ ചത്തുമലച്ചു.

ഹേ അനഘാ!, ബ്രഹ്മാദിനിർജ്ജരന്മാരും, യോഗീന്ദ്രന്മാരും ആ കാഴ്ചകണ്ട് അത്ഭുതം കൂറി. തകർന്നടിഞുകിടക്കുന്ന ഭീമാകാരനായ ആ ദൈത്യേന്ദ്രന്റെ കരാളവദനം അപ്പോഴും നിറം മങാത്തതിൽ അവർ ആശ്ചര്യഭരിതരായി. അമ്പരപ്പോടെ അവർ പറഞു: "അഹോ ഭാഗ്യം!, എത്ര അനുഗ്രഹീതമായ മരണമാണിവന് ആ കാലപുരുഷൻ വിധിച്ചത്!"

വിദുരരേ!, വിജനമായ സ്ഥലങളിലിരുന്ന് യോഗികൾ വിദേഹമുക്ത്യർത്ഥം ധ്യാനിക്കുന്ന ഭഗവാൻ ഹരിയുടെ ആ പുണ്യശരീരത്തിലെ മുൻകാലുകളുടെ പ്രഹരമേറ്റാണ് ഹിരണ്യാക്ഷന് നിധനം സംഭവിച്ചത്. തകർന്നുവീണ കിടപ്പിൽ ഹിരണ്യാക്ഷൻ കണ്ടത് ആ തിരുമുഖകമലത്തിൽനിന്ന് തനിക്കുനേരേ പൊഴിയുന്ന അമൃതവർഷമായിരുന്നു. ദർശനമാത്രയിൽ അവൻ തന്റെ ശരീരമുപേക്ഷിച്ചു.

ഹേ ഭാരതാ!, ഇങനെ, വൈകുണ്ഠദ്വാരപാലകന്മാരായിരുന്ന ജയവിജയന്മാർക്ക് സനകാദികളിൽനിന്നേറ്റുവാങേണ്ടിവന്ന ശാപകാരണത്താൽ വ്യത്യസ്ഥങളായ കുറെ അസുരയോനികളിൽ ജന്മമെടുക്കേണ്ടിവരുകയും, പിന്നീട് ഭഗവാനിൽ വിദ്വേഷഭാവഭക്തിവച്ചുകൊണ്ട് അവനുമായി പടപൊരുതി കഴിയുന്നത്രവേഗത്തിൽ അവർക്ക് വൈകുണ്ഠലോകത്തിലേക്കുള്ള പുനഃപ്രാപ്തിയുണ്ടാകുകയും ചെയ്തു.

യുദ്ധാവസാനം ദേവന്മാർ ഭഗവാനോട് പറഞു: "ഭഗവാനേ!, അവിടുത്തേക്ക് അനന്തകോടി നമസ്ക്കാരം!. അവിടുന്ന് സകലയജ്ഞങളുടേയും ഭോക്താവാണ്. സത്വഗുണം സ്വീകരിച്ച് വരാഹമൂർത്തിയായി അവതാരമെടുത്തിതാ ഈ ലോകത്തെ രക്ഷിക്കുവാനയി അങ് വീണ്ടും വന്നിരിക്കുന്നു. ഞങൾക്കും സകലലോകത്തിനും തീരാദുഃഖമായിരുന്ന ഈ അസുരരാജാവിനെ അങ് യമപുരിക്കയച്ച് അടിയങളെ രക്ഷിച്ചരുളിയിരിക്കുന്നു. ഇനിമുതൽ ഭയംകൂടാതെ ഞങൾക്കങയെസേവിക്കാമെന്നതിൽ ഞങൾ ആനന്ദിക്കുകയാണ്".

മൈത്രേയൻ തുടർന്നു: "വിദുരരേ!, അങനെ അക്ഷയവിക്രമനായ ഹിരണ്യാക്ഷനെക്കൊന്നതിനുശേഷം ഭഗവാൻ ഹരി തന്റെ ധാമത്തിലേക്ക് തിരിച്ചു. ദേവലോകം പ്രകാശമാനമായി. അവർ അവിടെ അഖണ്ഡോത്സവം കൊണ്ടാടിക്കൊണ്ട് അവർ ഭഗവാനെ അവന്റെ അതുഭുതമഹിമകളാൽ വാഴ്ത്തിസ്തുതിച്ചു. ആ ആദിനാരായണൻ സൂകരവേഷംപൂണ്ട് ഇവിടെ അവതീർണ്ണനായതും, വീരനായ ഹിർണ്യാക്ഷനെ യുദ്ധത്തിൽ വധിച്ചു തന്റെ ലീലകളാടിയതും, ഇവിടെ ധർമ്മം പുനഃസ്ഥാപിച്ചതുമായ അവന്റെ അദ്ധ്യാത്മലീകളെല്ലാം ഞാൻ എന്റെ കാരുണ്യനിധിയായ ഗുരുനാഥനിൽനിന്നും കേട്ടറിഞപ്രകാരംതന്നെ ഭവാനോട് പറഞുകഴിഞു".

നൈമിഷാരണ്യത്തിൽ ശൗനകരോടൊപ്പം കൂടിയിരിക്കുന്ന മുനിപുംഗവന്മാരോടായി സൂതമഹാമുനി പറഞു: "ഹേ ശൗനകാദിമുനിശ്രേഷ്ഠന്മാരേ!, അങനെ ഭക്തോത്തമനായ വിദുരൻ പണ്ഡിതനായ മൈത്രേയരിൽനിന്നും ഭഗവന്മഹിമകളെക്കേട്ട് പരമമായ ആത്മജ്ഞാനനിർവൃതിയിൽ നിമഗ്നനായി. ഉദ്ദാമയശ്ശസ്സോടുകൂടിയ ആ ഉത്തമശ്‌ളോകന്റെ മഹിമാശ്രവണമാത്രയിൽ വിദുരരിലെന്നപോലെ ഏതൊരു മനുഷ്യരിലും അതിരറ്റ ബ്രഹ്മാനന്ദം ഉളവാകുന്നു. ഇങനെയുള്ള മാധവമഹിമകളെപറ്റി എത്ര ചൊന്നാലാണ് തൃപ്തിവരുന്നത്!. ഒരു മൃഗമായിരുന്നിട്ടുകൂടി, ഭഗവത്പദതളിരിൽ ആശ്രിതനായ ഗജേന്ദ്രനെ അതിഘോരനായ നക്രത്തിന്റെ പിടിയിൽനിന്നും നിമിഷമാത്രത്തിൽ ആ കരുണാമയൻ മോചിതനാക്കി. ആ കരിവീരനെ അനുചരിച്ചിരുന്ന പിടിയാനകൾ ഭീതരായി അവനോട് കേണപേക്ഷിച്ചപ്പോൾ, അവർക്കും ആ അത്യാപത്തിൽനിന്നും ഭഗവാൻ രക്ഷയരുളി.

ഏത് ജീവനാണിവിടെ ഇങനെയുള്ള പരമാത്മാവിൽ രതിയുണ്ടാകാത്തത്?. തന്നിൽ അനന്യമായ ശരണാഗതി ചെയ്യുന്നവരിൽ അവൻ അവിളംബം പ്രസാദിക്കുന്നു. എന്നാൽ ദുരാത്മാക്കളിലാകട്ടെ, അവൻ എന്നും ദുരാരാധ്യനായിതന്നെ നിലകൊള്ളുകയും ചെയ്യുന്നു.

ഹേ ധന്യാത്മാക്കളേ!, അത്യത്ഭുതമായി ഭഗവാൻ ആദിനാരായണൻ വിക്രമവീര്യനായ ഹിരണ്യാക്ഷനെ കൊന്ന് ഭൂമിദേവിയെ രക്ഷിച്ച ഈ ചരിതം ഭക്തിയോടെ കേൾക്കുന്നവരും, ശ്രദ്ധയോടെ പഠിക്കുന്നവരും, അതിൽ ഹൃദയാനന്ദപുളകിതരാകുന്നവരുമായ യാതൊരു മനുഷ്യരും, അവരിനി ബ്രഹ്മഹത്യാദിമഹാപാപങൾ ചെയ്ത നീചരാണെങ്കിൽ‌പോലും, ക്ഷണത്തിൽതന്നെ സർവ്വപാപവിമുക്തരായി, അതിഘോരമായ ഈ സംസാരസാഗരത്തെ തരണം ചെയ്യുന്നു. മഹാപുണ്യമായ ഈ ചരിതത്തെ ഹൃദയത്തിലേറ്റുന്ന പുമാന് കീർത്ത്യാദിസർവ്വൈശ്വര്യങളും പ്രാപ്തമാകുന്നു. യുദ്ധഭൂമിയിൽ ഈ പുണ്യചരിതം സകല ഇന്ദ്രിയങളേയും സംയമനം ചെയ്യാനുതകുന്ന ഉത്തമ ആയുധമായി വർത്തിക്കുന്നു. എന്നാൽ ദേഹാവസാനത്തിൽ യാതൊരുവനാണോ ഇതിനെ ശ്രവണം ചെയ്യുന്നത്, ഹേ ശൗനകാ!, അവനാകട്ടെ, അനിവൃത്തമായ പരമഗതിയെ പ്രാപിക്കുന്നു.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പത്തൊമ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്







2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

3.18 ഭഗവാനും ഹിരണ്യാക്ഷനുമായുള്ള യുദ്ധം.


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 18


​മൈത്രേയൻ തുടർന്നു: "വിദുരരേ!, മദാന്തനും അഹങ്കാരിയുമായ ഹിരണ്യാക്ഷൻ എങനെയോ വരുണദേവന്റെ വാക്കുകൾ ചെവിക്കൊണ്ടു. നാരദമുനിയിൽ നിന്നും ഭഗവാൻ വരാഹമൂർത്തിയുടെ  വാസസ്ഥലത്തെക്കുറിച്ചു കേട്ടറിവുള്ള ഹിരണ്യാക്ഷൻ ഉടൻ തന്നെ സമുദ്രത്തിന്റെ ആത്യാഴത്തിലൂടെ ഊളയിട്ട് രസാതലത്തെ ലക്ഷ്യമാക്കി പാഞു. അവിടെ സർവ്വവ്യാപിയായ ഭഗവാൻ ഹരി വരാഹരൂപത്തിൽ തന്റെ തേറ്റമേൽ ഭൂമിയെ ഉയർത്തിപിടിച്ചു നിന്നരുളുന്ന കാഴ്ച ഹിരണ്യാക്ഷൻ കണ്ടു. അഗ്നിയൊഴുകുന്ന കനൽക്കണ്ണിലൂടെ ഭഗവാൻ അവന്റെ പ്രതാപത്തെ ഞൊടിയിടയിൽ ഇല്ലാതെയാക്കി".

ഹിരണ്യാക്ഷൻ അട്ടഹസിച്ചുകൊണ്ട് ഭഗവാനോട് പറഞു: "ഹേ വനഗോചര മൃഗമേ!, ഹേ ദേവന്മാരുടെ ദേവനായ മടയാ!, എന്റെ വാക്കുകളെ നീ ശ്രദ്ധയോടെ കേൾക്കുക. ഈ ഭൂമി, ഇവൾ നിനക്കുള്ളതല്ല. പ്രപഞ്ചകർത്താവ് ഞങൾക്കായി തന്നിട്ടുള്ളതാണിവളെ. നീ ഇവിടെ വന്നതും, ഇവളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും നിന്റെ കഷ്ടകാലം അടുത്തിരിക്കുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കിക്കൊള്ളുക ഹേ മൂഡാ!, നീ പ്രഗത്ഭനായ ഒരിന്ദ്രജാലക്കാരനാണെന്നും, നിന്നെ ആരാണിങോട്ടേക്കയയ്ചതെന്നും, നീ ഒളിച്ചിരുന്നു ഞങളിൽ പലരേയും വകവരുത്തിയതുമെല്ലാം എനിക്ക് നന്നായി അറിയാം. ഇന്ന് ഞാൻ നിന്നെ കാലപുരിക്കയച്ച്, ഞങൾക്കു നഷ്ടപ്പെട്ട എല്ലാ ജീവനേയും സജീവമാക്കി, നീ ഞങൾക്കുചെയ്ത ദ്രോഹങൾക്കോരോന്നിനും എണ്ണിയെണ്ണി പകരം ചോദിക്കുന്നുണ്ടു. എന്റെ ഗദയുടെ പ്രഹരമേറ്റ് തലച്ചോറ് തകർന്ന് നീ നിലംപതിക്കുന്നതോടെ നിനക്ക് ദേവന്മാരും, ഋഷികളും കാലാകാലങളിൽ അർപ്പിച്ചുകൊണ്ടിരിക്കുന്ന യജ്ഞവും, യജ്ഞവിഹിതവുമെല്ലാം, മരങൾ വേരറ്റുവീഴുമ്പോലെ സ്വയമേവ ഇല്ലാതാകും".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ജഗന്നാഥനായ ഭഗവാന്റെ മുഖത്തുനോക്കി ഹിരണ്യാക്ഷൻ പറഞ അസഹ്യമായവാക്കുകളെല്ലാം ആദ്യം കാരുണ്യമൂർത്തി ക്ഷമിക്കുകതന്നെ ചെയ്തു. എന്നാൽ ഇതല്ലാം കേട്ട് ഭൂമീദേവി പേടിച്ചുവിറയ്ക്കാൻ തുടങിയപ്പോൾ ഹരിയുടെ ഭാവം മാറി. പിടിയാനയുമായി ക്രീഡയാടുന്ന ഗജേന്ദ്രൻ തന്റെ പ്രിയതമയെ ഒരു ചീങ്കണ്ണി ഉപദ്രവിക്കാൻ തുനിയുമ്പോൾ പ്രതികരിക്കുവാൻ എഴുന്നേൽക്കുന്നതുപോലെ, തേറ്റമേലേറ്റപ്പെട്ട ധരിത്രിയുമായി ഭഗവാൻ ജലത്തിൽനിന്നും ഉത്ഥാനം ചെയ്തു. ഉടൻതന്നെ, ചീങ്കണ്ണി ആനയെ എന്നതുപോലെ, ഹിരണ്യാക്ഷൻ ഭഗവാനെ പിന്തുടർന്നു. ഹിരണ്യകേശവും, കരാളദംഷ്ട്രയുമുള്ള അവൻ ഭഗവാനെ പോരിനു വിളിച്ചു."

ഇടിമിന്നലിന് സമാനമായ ശബ്ദത്തിൽ അവൻ അലറിക്കൊണ്ട് ഭഗവാനോട് ആക്രോശിച്ചു: "ഹേ ഭീരൂ!, നിനക്ക് നാണമില്ലേ എന്നോട് യുദ്ധം ചെയ്യാതെ ഇവളേയുംകൊണ്ട് ഇവിടെന്നിന്നും കടക്കാൻ?. നാണമില്ലാത്തവന് ലോകത്തിലൊന്നുംതന്നെ നിന്ദ്യമായില്ലെന്നത് എത്രകണ്ട് വാസ്തവമായിരിക്കുന്നു!. അഹോ! ആശ്ചര്യം തന്നെ!"

മൈത്രേയൻ തുടർന്നു: "ഭഗവാൻ ഭൂമിയെ ജലത്തിന്റെ മുകൾപരപ്പിൽ പ്രതിഷ്ഠിച്ചു. ജലത്തിനുമുകളിൽ അവൾക്ക് നിസ്സഹയയായി ഇരിക്കുവാനായി അവൻ തന്റെ മായാശക്തിയെ അവളിൽ വിക്ഷേപിച്ചു. ശത്രു നോക്കിനിൽക്കെ, ബ്രഹ്മാവ് ഭഗവാനെ ശ്‌ളാഘിച്ചു. അമരകൾ ഭഗവാനുമേൽ പുഷ്പവൃഷ്ടിചെയ്തു. പടച്ചട്ട ധരിച്ച്, സർവ്വാഭരണവിഭൂഷിതനായ ഹിരണ്യാക്ഷൻ പരുഷമായ വാക്കുകളാൽ ഭഗവാനെ നിന്ദിച്ചുസംസാരിച്ചുകൊണ്ട് ഗദയുമായി അവന്റെ പിന്നാലെ പാഞു. പക്ഷേ ആ കരുണാമയൻ വളരെ സൗമ്യമായ സ്വരത്തിൽ അവനോട് പറഞു"

ഭഗവാൻ പറഞു: "അതേ!, ഞങൾ വരാഹങൾ ആരണ്യവാസികളാണ്. അതുകൊണ്ടുതന്നെ നിന്നെപ്പോലുള്ള നായ്ക്കൾക്ക് ഞങളെ പേടിക്കേണ്ടിയുമിരിക്കുന്നു. നിന്നെ വേട്ടയാടിപ്പിടിക്കുകയെന്നുള്ളതുതന്നെയാണ് ഞങളുടെ ലക്ഷ്യവും. പക്ഷേ ഒന്ന് നീ അറിയുന്നത് നന്ന്. ഞങൾക്ക് മൃത്യുവിനെ ഒട്ടും ഭയമില്ലാത്തവരാണ്. ആയതിനാൽ നീ ഭൂഷണവും ആയുധവുമാക്കിയിരിക്കുന്ന ഈ നിന്ദാവചനനങൾ ഞങളെ ഏശുകപോലുമില്ല. രസാതലം പിടിച്ചടക്കിയതിൽ ഞങൾ ദേവന്മാർക്ക് യാതൊരുവിധമായ നാണക്കേടോ, പശ്ചാത്താപമോ ഇല്ല. എന്തായാലും, നിന്നെപ്പോലെ ശക്തിമത്തായ ഒരു ശത്രു എന്നെ യുദ്ധത്തിനായി വെല്ലുവിളിച്ച സ്ഥിതിക്ക് എത്രനാൾ പട പൊരുതേണ്ടിവന്നാലും, നിന്നെ കാലപുരിക്കയച്ചേ ഞാൻ ഇവിടെ നിന്നും മടങുന്നുള്ളൂ. നിന്നോടൊപ്പമുള്ള ഈ കാലാൾപടകളുടെ സഹായത്താൽ കഴിയുമെങ്കിൽ നീ എന്നെ വധിച്ചുകൊള്ളുക. അതുവഴി നിനക്ക് നിന്റെ ബന്ധുമിത്രാദികളുടെ കണ്ണീരൊപ്പുകയും ചെയ്യാം. അല്ലാത്തപക്ഷം സ്വന്തം വാക്കിനു വില കൽപ്പിക്കാത്ത നിനക്ക് മൂലോകങളിലും സ്ഥാനമുണ്ടാകുകയില്ല എന്നോർത്തുകൊള്ളുക".

മത്രേയൻ പറഞു: "വിദുരരേ!, ഭഗവാന്റെ വാക്കുകൾ ഹിരണ്യാക്ഷന്റെ മനസ്സിനെ പ്രക്ഷുബ്ദമാക്കി. അവൻ ക്രൂരനായ ഒരു മലമ്പാപ്പിനെപ്പോലെ കോപംകൊണ്ടുവിറച്ചു. ക്രോധം അവന്റെ സകല ഇന്ദ്രിയങളിലൂടേയും മിന്നൽപിണർപോലെ തുളച്ചുകയറി. പ്രതികാരദാഹിയായി ആ ദൈത്യേന്ദ്രൻ ഭഗവാന്റെ മേൽ ചാടിവീണ് തന്റെ ശക്തിമത്തായ ഗദകൊണ്ട് സർവ്വപ്രഹരണായുധനായ ഭഗവാനെ ആഞടിക്കുവാൻ ശ്രമിച്ചു. ഭഗവാൻ ഒരുവശത്തേയ്ക്ക് തെല്ലൊന്ന് ചരിഞു. യോഗാരൂഢനായ ഒരു ഋഷി മൃത്യുവിനെ തടയുന്നതെപ്രകാരമാണോ. അതുപോലെ തന്റെ നെഞ്ചിനുനേരേ വന്ന അതിതീക്ഷണമായ പ്രഹരത്തിൽനിന്നും ഒഴിഞുമാറി. ഉള്ളിൽനിന്നും തിളച്ചുമറിയുന്ന അമർഷത്താൽ പല്ലുഞെരിച്ചുകൊണ്ട് ഹിരണ്യാക്ഷൻ തന്റെ ഗദയും വീശി വീണ്ടും വീണ്ടും ഭഗവാനുനേരേ ഓടിയടുത്തപ്പോൾ, ഭഗവാന് പ്രതികരിക്കാതെ നിവർത്തിയില്ലെന്നായി. ഭഗവാൻ തന്റെ ഗദയാൽ ഹിരണ്യാക്ഷന്റെ വലതുപുരികത്തെ ലക്ഷ്യമാക്കി അടിക്കുവാൻ ശ്രമിച്ചപ്പോൾ, യുദ്ധത്തിൽ കൗശലമുള്ള അസുരേന്ദ്രൻ സൂത്രത്തിൽ ആ പ്രഹരത്തെ ഒഴിവാക്കി.

ഇങനെ പ്രക്ഷുബ്ധമായ മനസ്സോടെ, വിജയം കാംക്ഷിച്ചുകൊണ്ട് ഇരുവരും അതിഘോരമായ തരത്തിൽ യുദ്ധം ചെയ്തു. ഗദകൾകൊണ്ട് ഇരുവരും പരസ്പരം മുറിവേൽപ്പിച്ചു. ചോരയുടെ മണം അവരിലെ മത്സരബുദ്ധിയെ വർദ്ധിപ്പിച്ചു. ഒരു പശുവിനുവേണ്ട് രണ്ട് കാളകൾ തമ്മിൽ പൊരുതുമ്പോലെ, പല തരത്തിലുള്ള കുതന്ത്രങളും, സൂത്രപ്പണികളും, കൗശലങളുമുപയോഗിച്ച് അവർ യുദ്ധം മുന്നോട്ടുകൊണ്ടുപോയി. വിദുരരേ!, വരാഹമൂർത്തിയായ ഭഗവാൻ ഭൂമീദേവിയെ രക്ഷിക്കുവാനായി ഹിരണ്യാക്ഷനോട് ചെയ്ത ഭയാനകമായ ഈ യുദ്ധം കാണാൻ ബ്രഹ്മാവ് തന്റെ അനുയായികളുമായി വേഗംതന്നെ അവിടെയെത്തി. യുദ്ധസ്ഥലത്തെത്തിയ വിരിഞ്ചൻ അവിടുത്തെ കാഴ്ചകൾ കണ്ട് അമ്പരന്നു. ഹിരണ്യാക്ഷന്റെ ശക്തിയിൽ അദ്ദേഹം ആശ്ചര്യം കൊണ്ടു. ഇതുവരെ അവനോടാരും പോരിനായി മുതിരാതിരുന്നതിൽ അതിശയപ്പെടാൻ യാതൊന്നുംതന്നെയില്ലെന്ന സത്യത്തെ ബ്രഹ്മാവ് മനസ്സിലാക്കി".

പിന്നീട് സൂകരവേഷം പൂണ്ട് നിൽക്കുന്ന ഭഗവാൻ നാരായണനോട് വിധതാവ് പറഞു: "ഭഗവാനേ!, അങയിൽ ആശ്രിതരായിരിക്കുന്ന ദേവന്മാരേയും, ബ്രാഹ്മണരേയും, ഗോക്കളേയും നിഷ്കളങ്കരായ മറ്റ് സാധുജനങളേയും ഉപദ്രവിക്കുന്നതിൽ ഇവൻ ആനന്ദം കണ്ടെത്തുന്നു. ഇവൻ ആ പാവങൾക്കൊരു പേടിസ്വപ്നമെന്നോണം അവരുടെ മനഃശാന്തിയെ ഇല്ലാതാക്കിയിരിക്കുന്നു. എന്നിൽനിന്നും വരം നേടിയതിൽപിന്നെ ഈ ദൈത്യേന്ദ്രൻ ലോകമാകെ അലഞുതിരിഞു മറ്റു ശക്തികളെ കാരണംവിനാ യുദ്ധത്തിനായി വെല്ലുവിളിച്ച് തന്റെ ദുഷ്ഃകീർത്തി ലോകമെമ്പാടും പരത്തുന്നു. ഭഗവാനേ!, ക്ഷുദ്രനും, ധിക്കാരിയും, തന്ത്രശാലിയും, ചതിയനുമായ ഇവനോടൊപ്പം കൂടുതൽ ലീലകളാടേണ്ട ആവശ്യമില്ല. സർവ്വജ്ഞനായ അങയെ ഉപദേശിക്കേണ്ട ആവശ്യമില്ലെങ്കിലും അടിയൻ പറയുകയാണ്, ഇവനനുകൂലമായ മുഹൂർത്തമടുക്കുന്നതിനുമുന്നേ ഇവനെ അങ് വകവരുത്തിയാലും. അവിടുത്തെ യോഗമായാൽ അല്പകാര്യമായ ഇവന്റെ വധം നിറവേറാത്തപക്ഷം, ഇവനനുകൂലമായ സമയമടുക്കുമ്പോൾ ഇവൻ പുതിയ തന്ത്രങളുമായി അങയുടെ സമയം വൃഥാവിലാക്കും. നേരം സന്ധ്യയോടടുക്കുവാൻ പോകുന്നു. പരം പുരുഷനായ അങ് ഇവനെ കൊന്ന് ഞങൾ ദേവതകൾക്കുവേണ്ടി വിജയം കൈവരിച്ചാലും. നമുക്ക് മംഗളകരമായ അഭിജിത്ത് മൊഹൂർത്തം ഏതാണ്ട് അവസാനിച്ച മട്ടാണ്. ഹേ ജഗന്നാഥാ!, ഈ ദുഷ്ടനെ യമപുരിക്കയച്ച് ഞങളെ കാത്തുകൊണ്ടാലും പ്രഭോ!.

ഞങൾ ദേവന്മാരുടെ ഭാഗ്യംകൊണ്ട്, ഈ നിശാചരൻ, അങയുടെ കല്പനപോലെ, സ്വയമേവ തന്റെ അന്തകനെ അന്വേഷിച്ചുവന്നിരിക്കുകയാണ്. അവിടുത്തെ പ്രഹരണശക്തിയെ ഇവന് കാട്ടിക്കൊടുക്കുക. ഇവനെ വധിച്ച്, ഇവിടെ ധർമ്മം പുനഃസ്ഥാപിച്ചാലും ഭഗവൻ!.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനെട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്