ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം അദ്ധ്യായം - 24 (കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം)
ഗൃഹസ്ഥാശ്രമജീവിതം പൂർത്തിയാക്കിയതിനുശേഷം, കർദ്ദമമുനി തന്റെ ധർമ്മപത്നിയായ ദേവഹൂതിയേയും, ബിന്ദുസരോവരതീരത്തിൽ താൻ കെട്ടിയുണ്ടാക്കിയ ആശ്രമവുമുപേക്ഷിച്ച് ബ്രഹ്മസാക്ഷാത്ക്കാരത്തെത്തേടി പുറപ്പെടുവാനൊരുങിയപ്പോൾ, ദേവഹൂതിയുടെ ഹൃദയത്തിൽനിന്നുതിർന്നുവീണ കണ്ണുനീർതുള്ളികൾ അദ്ദേഹത്തെ ഒരുനിമിഷനേരത്തേക്ക് വിലക്കി. ഇത്രനാളും ഭൗതികവിഷയങളിൽ വ്യാപരിച്ച്, നേടേണ്ടത് നേടാതെ, തനിക്ക് സ്വായത്തമായ അമൂല്യസമയത്തെ പാഴാക്കിയെന്നും, സർവ്വജ്ഞനായ കർദ്ദമരോടൊപ്പം ഏറെനാൾ കഴിഞുവെങ്കിലും ആത്മതത്വം തനിക്കിന്നും അലബ്ദമാണെന്നുമുള്ള പരമാർത്ഥം അവളെ ദുഃഖത്തിലാഴ്ത്തി. കർദ്ദമൻ കുറെക്കാലംകൂടി ഭാര്യാസമേതം ആശ്രമത്തിൽതന്നെ താമസിച്ചു. തുടർന്നുണ്ടായ സംഭവങൾ മൈത്രേയമഹാമുനി വിദുരരോട് പറയുന്നു.
മൈത്രേയൻ പറഞു: "ഹേ അനഘനായ ഭാരതാ!, ഭഗവാന്റെ തിരുവായ്മൊഴിയെ സ്മരിച്ചുകൊണ്ട്, വേദവാദിനിയായി തന്റെ മുന്നിൽ നിൽക്കുന്ന സ്വായംഭുവപുത്രിയോട് കാരുണ്യം വഴിയുന്ന വാക്കുകളിൽ കർദ്ദമമുനി പറഞു: "ഹേ കീർത്തിതയായ രാജപുത്രി!, ഭവതി ഖേദിക്കാതിരിക്കുക. അക്ഷരനായ ഭഗവാൻ ഹരി നിന്റെ ഗർഭത്തിൽ വന്നുപിറക്കുവാൻ സമയമായിരിക്കുന്നു. ദേവീ!, നീ കഠിനമായ വ്രതങളനുഷ്ഠിച്ചവളാണ്. ആത്മനിയന്ത്രണം ചെയ്തവളാണ്. ധാർമ്മികപരിജ്ഞാനമുള്ളവളാണ്. തപജപധ്യാനദാനാദികളാൽ ഭഗവാൻ ഹരിയിൽ മനസ്സുറപ്പിച്ചവളാണ്. അതുകൊണ്ടുതന്നെ ആ കരുണാമയൻ നിന്നെ ഒരിക്കലും കൈവിടുകയില്ല. നിന്നാൽ ആരാധ്യനായ ഹരി നിന്റെ മാത്രമല്ലാ, എന്റെ യശസ്സിനേയും ലോകമെമ്പാടും പരത്തും. അവൻ എന്നിലൂടെ നിന്റെ പുത്രനായി അവതരിച്ച്, നിന്നെ ആത്മതത്വം പഠിപ്പിച്ച്, ഹൃദയഗ്രന്ഥി ഭേദിച്ച് അവന്റെ ധാമഗമനത്തിന് പാത്രീഭൂതയാക്കുകയും ചെയ്യും".
മൈത്രേയൻ തുടർന്നു: "വിദുരരേ!, കർദ്ദമപ്രജാപതിയുടെ ഉപദേശവചസ്സുകൾ ദേവഹൂതിക്കെന്നും അവസാനവാക്കുകളായിരുന്നു. ആയതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾ അവൾക്കന്നും അമൃതംപോലെ തോന്നി. അവൾ അന്നുമുതൽ സർവ്വഭൂതാശയസ്ഥിതനും ജഗദീശ്വരുനുമായ ഭഗവാൻ ഹരിയുടെ പാദാരവിന്ദങളിൽ അഭയം തേടി. അങനെ വർഷങൾക്കുശേഷം, വിറകിൽ നിന്നും അഗ്നി പ്രത്യക്ഷമാകുന്നതുപോലെ, കർദ്ദമന്റെ വീര്യത്തിലൂടെ ഭഗവാൻ മധുസൂദനൻ ദേവഹൂതിയുടെ ജഠരത്തിൽ വന്നവതാരം കൊണ്ടു. ആ സമയം, ദേവകൾ വർഷരൂപത്തിൽ ആകാശത്തിൽ സംഗീതമഴപൊഴിച്ചു. ഗന്ധർവ്വന്മർ ഭഗവന്മഹിമകളെ ആലാപനം ചെയ്തു. അപ്സരസുന്ദരിമാർ അംബരവീഥിയിൽ ആനന്ദനൃതത്തിർത്തു. ഭഗവാന്റെ അവതാരത്തിൽ പരിതുഷ്ടരായി ആകാശവീഥിയിലോടിക്കളിച്ചുകൊണ്ട് ദേവതകൾ പുഷ്പവൃഷ്ടി ചൊരിഞു. ജലരാശികൾ കുലംകുത്തിയൊഴുകി. പ്രകൃതിയിൽ സർവ്വഭൂതങളുടേയും ഹൃദയം ആനന്ദത്താൽ നിറഞൊഴുകി. അക്കാലം ബ്രഹ്മദേവൻ മരീചിമുനിയോടൊപ്പം സരസ്വതീനദിയാൽ ചുറ്റപ്പെട്ട ബിന്ദുസരോവരത്തിലെ കർദ്ദമാശ്രമത്തിലെത്തി.
അല്ലയോ ശത്രുനാശകാ!, ദേവഹൂതിക്ക് സാംഖ്യയോഗമാകുന്ന ബ്രഹ്മതത്വത്തെ പ്രദാനം ചെയ്തനുഗ്രഹിക്കുവാൻ ഭഗവാൻ ഹരി സത്വഗുണപ്രധാനനായി തന്റെ അംശാവതാരമായി ദേവഹൂതിയുടെ ഗർഭത്തിൽ അവളുടെ പുത്രനായി വന്നവതീർണ്ണനാകുവാൻപോകുന്ന വിവരം, സർവ്വജ്ഞനും സ്വയംഭുവുമായ വിരിഞ്ചനറിയാമായിരുന്നു. ഭഗവതവതാരോദ്ദേശ്യം മനസ്സിലാക്കി അവനെ നന്ദിതഹൃദയനായി ബ്രഹ്മാവ് സ്തുതിച്ചു. അനന്തരം അദ്ദേഹം കർദ്ദമനോടും ദേവഹൂതിയോടുമായി ഇപ്രകാരം പറഞു."
ബ്രഹ്മദേവൻ പറഞു: "മകനേ!, എന്റെ ഉപദേശങൾ നീ നിർവ്യളീകതയോടെ സ്വീകരിച്ചുകൊണ്ട് ഞാനാഗ്രഹിച്ചതെല്ലാം നീ അവ്വണ്ണംതന്നെയനുഷ്ഠിച്ച് എന്നെ ആദരിച്ചിരിക്കുന്നു. അതിൽ ഞാൻ സന്തുഷ്ടനാണ്. ഒരു പുത്രൻ തന്റെ പിതാവിന്റെ ആജ്ഞയെ ഇപ്രകാരംതന്നെയാണ് ആചരിക്കേണ്ടതും. പിതാവിന്റേയും ഗുരുവിന്റേയും ആജ്ഞയെ ആദരവോടെ നിറവേറ്റുന്നത് ഉത്തമരായ മക്കളുടേയും ശിശ്യരുടേയും സാമൂഹികവും സാംസ്കാരികവുമായ കടമയാണ്. സുന്ദരിമാരായ നിന്റെ ഈ പുത്രികളും തങളുടെ പിതാവിന്റെ ഗുണഗണങൾ അപ്പാടെ നേടിയവരാണ്. ഇവരിലൂടെ നിന്റെ പരമ്പര അനേകകോടികളായി വർദ്ധിക്കുമാറാകട്ടെ!. കുഞേ!, ഇനി നീ ഇവരെ മാംഗല്യവിധിപ്രകാരം ഇവരുടെ ഇഷ്ടാനിഷ്ടങളെ മാനിച്ചുകൊണ്ട് അനുയോജ്യരായ ഋഷിവര്യന്മാർക്ക് വിവാഹം ചെയ്തുകൊടുക്കുക. അങനെ നിന്റെ യശസ്സും കീർത്തിയും ഈ ലോകം മുഴുവൻ വ്യാപിക്കട്ടെ!. കർദ്ദമാ!, സകലഭൂതങൾക്കും സർവ്വാഭീഷ്ടങളും പ്രധാനം ചെയ്യുന്ന പരമപുരുഷൻ തന്റെ യോഗമായയാൽ കപിലദേവനായി ദേവഹൂതിയിലൂടെ അവതീർണ്ണനാകുവാൻ പോകുന്നവിവരം നാം അറിഞുകഴിഞു. ഹിരണ്യകേശനും, പത്മാക്ഷനും, അരവിന്ദപാദനുമായ കപിലഭഗവാൻ ജ്ഞാനവിജ്ഞാനയോഗമാർഗ്ഗത്തിലൂടെ, കർമ്മത്തിൽ മാത്രം അത്യാസക്തരായവർക്ക് അതിൽനിന്നുമുള്ള മുക്തിമാർഗ്ഗം ഉപദേശിച്ച് അവരെ അനുഗ്രഹിക്കുന്നതാണ്".
മൈത്രേയൻ പറഞു: "വിദുരരേ!, വിധാതാവ് പിന്നീട് ദേവഹൂതിയോടായി അരുളിച്ചെയ്തു: "മകളേ!, കൈടഭാർദനനായ ഭഗവാൻ ഹരി നിന്റെ ജഠരത്തിൽ വന്നുദിച്ചിരിക്കുന്നു. അവൻ നിന്നെ നിന്റെ സകല സംശയങളും അവിദ്യയും തീർത്ത് രക്ഷിക്കുന്നതാണ്. മാത്രമല്ലാ, ആ കരുണാമയൻ ലോകത്തിലുടനീളം സഞ്ചരിച്ച് മനുഷ്യരുടെ അജ്ഞതയെ അകറ്റി അവരുടെ ഹൃദയത്തിൽ അദ്ധ്യാത്മജ്ഞാനദീപം കൊളുത്തി അവരെ അനുഗ്രഹിക്കുകയും ചെയ്യും. അവൻ സിദ്ധപുരുഷന്മാരുടെ ഈശ്വരനായിരിക്കും. കൂടാതെ അവൻ സാംഖ്യശാസ്ത്രത്തിന്റെ ആചര്യനായി ലോകമെമ്പാടും പുകഴ്കൊള്ളുകയും, അതിലൂടെ അല്ലയോ മാനവീ!, നിന്റെ യശ്ശസ്സും, കീർത്തിയും പ്രപഞ്ചത്തിലാകമാനം വ്യാപിക്കുകയും ചെയ്യും".
മൈത്രേയൻ തുടർന്നു: "ഹേ ഭാരതാ!, അങനെ കർദ്ദമരേയും, ദേവഹൂതിയേയും അനുഗ്രഹിച്ചതിനുശേഷം ജഗത്പിതാവായ ബ്രഹ്മദേവൻ സനകാദികളോടും, ബ്രഹ്മഋഷി നാരദരോടുമൊപ്പം, തന്റെ ഹംസവാഹനത്തിൽ ത്രിധാമപരമമായ സ്വസ്ഥാനത്തേക്ക് യാത്രയായി. തുടർന്ന് ബ്രഹ്മദേവന്റെ ആജ്ഞയനുസരിച്ച് കർദ്ദമൻ തന്റെ പുത്രിമാരെ ശ്രേഷ്ഠന്മാരായ ഒമ്പത് പ്രജാപതിഋഷിവര്യന്മാർക്ക് മാംഗല്യം കഴിച്ചുനൽകി. കലയെ മരീചിക്കും, അനസൂയയെ അത്രിമുനിക്കും, ശ്രദ്ധയെ അംഗിരസ്സിനും, ഹവിർഭുവിനെ പുലസ്ത്യനും, ഗതിയെ പുലഹനും, ക്രിയയെ ക്രതുവിനും, ഖ്യാതിയെ ഭൃഗുവിനും, അരുന്ധതിയെ വസിഷ്ഠനും, പിന്നെ യജ്ഞസാധകയായ ശാന്തിയെ അത്ഥർവ്വനും കർദ്ദമമുനി കൈപിടിച്ചേൽപ്പിച്ചു. അങനെ ശ്രേഷ്ഠബ്രാഹ്മണർക്ക് തന്റെ പെൺകുട്ടികളെ വിവാഹം ചെയ്തുകൊടുത്തതിനുശേഷം അവർക്ക് തുണയായി കർദ്ദമമുനി അവരോടൊപ്പം കഴിയുകയും ചെയ്തു. വിദുരരേ!, വിവാഹാനന്തരം ആ ബ്രാഹ്മണർ കർദ്ദമരോട് യാത്രപറഞ്, തങളുടെ പത്നിമാരോടൊപ്പം സന്തോഷപൂർവ്വം അവരവരുടെ ആശ്രമങളിലേക്ക് യാത്രയായി.
അനന്തരം, തന്റെ പുത്രനായി ദേവാദിദേവൻ മഹാവിഷ്ണു അവതരിക്കുവാൻ പോകുന്നുവെന്നറിഞ കർദ്ദമമുനി ശാന്തമായ ഒരു സ്ഥാനത്ത് ചെന്നിരുന്ന് ആ പരമപുരുഷനെ ധ്യാനിക്കുവാൻ തുടങി. ധ്യാനത്തിൽനിന്നുണർന്ന് അദ്ദേഹം ആരോടെന്നില്ലാതെ ജല്പനം ചെയ്തു. "അഹോ!, എത്രകാലങളായി ഇവിടെ മനുഷ്യർ തങളുടെ പ്രാരബ്ദഭാരങൾ ചുമന്നുകൊണ്ട് അലഞുതിരിയുന്നു. സമാധാനം!, അവനവതരിക്കുവാൻ പോകുന്നുവല്ലോ!. ജന്മജന്മാന്തരങളായി യോഗീശ്വരന്മാർപോലും ശൂന്യസ്ഥലങളിൽ യോഗസമധിസ്ഥാരായിരുന്നുകൊണ്ട് ആ പദമലരിണയെ ഒരുനോക്കുകാണുവാൻ കൊതിക്കുന്നു. അങനെയുള്ള ആ ഭക്തവത്സലനാണോ അലംഭാവിതരായ ഞങളുടെ വീട്ടിൽ എന്റെ മകനായി പിറക്കുവാൻ പോകുന്നത്?. അത്ഭുതം തന്നെ!". ഭഗവാനേ!, നീ എന്നും ഭക്തപരിപാലകൻ തന്നെയാണ്. നീ എന്നും സത്യപാലകനാണ്. അതുകൊണ്ടാണല്ലോ അവിടുത്തെ വാക്കിനെ സത്യമാക്കിക്കൊണ്ട് ഈയുള്ളവന്റെ ഗൃഹത്തിൽ വന്ന് പിറക്കുവാൻ പോകുന്നതും, ഞങൾക്ക് അവിടുത്തെ തത്വമേകി അതിഘോരമായ സംസൃതിയിൽനിന്നും ഞങളെ മുക്തമാക്കുവാൻ ശ്രമിക്കുന്നതും. അരൂപനായ നിന്നെ ആരാദിക്കുന്നവർക്ക്, അവർ അഹോരാത്രം കാണുന്നതെല്ലാം അവിടുത്തെ കോമളരൂപമാക്കിക്കൊണ്ട് നീ അവർക്ക് ആനന്ദം പകരുന്നു. ഭഗവാനേ!, അവിടുത്തെ പാദാരവിന്ദങൾ മാത്രമാണിവിടെ ജിജ്ഞാസ്സുക്കളായുള്ള ഋഷീശ്വരന്മാരാൽ ആരാധനായോഗ്യമായുള്ളത്. ഐശ്വര്യയുക്തനും, പരമവിരക്തനും, യശസ്സുറ്റവനും, അവബോധസ്വരൂപനും, വീര്യവാനും, ശ്രീമാനുമായ അങയുടെ ആ പാദാരവിന്ദങളിൽ ഞാനിതാ അഭയം പ്രാപിക്കുന്നു. പരമപ്രധാനനും, അദ്ധ്യാത്മസ്വരൂപനും, ജഗത്ക്കരണനും, കാലസ്വരൂപനും, ഗുണസ്വരൂപനും, സർവ്വലോകപരിപാലകനും, സാർവ്വഭൗമശക്തിമാനും, തന്റെ യോഗമായയാൽ ജഗത്സർവ്വത്തെ തന്നിൽ തന്നെയടക്കുന്നവനുമായ നിന്റെ പദതളിരിണയിൽ എന്റെ പ്രണാമം. പരമപ്രധാനനും, സകലചരാചരകാരണനും, കാലവും, കവിയും, സർവ്വലോകപാലകനും, സൃഷ്ടിസ്ഥിതിസംഹാരാദിളെ തന്റെ യോഗമായയാൽ ധരിക്കുന്ന സർവ്വശക്തനുമായ അങ് ഇതാ കപിലനാമധേയത്തിൽ എന്റെ പുത്രനായി പിറക്കുവാൻപോകുന്നു. അവന്റെ പാദമലരിൽ ഞാൻ അഭയം തേടുന്നു.
ഹേ ജഗത്ക്കാരണനായ നാരായണാ!, ഇന്ന് ഞാൻ അങയോടൊരുവരം ചോദിക്കുകയാണ്. അവിടുത്തെ കൃപയാൽ എന്റെ കടമകളെ ഞാൻ നിറവേറ്റിയിരിക്കുന്നു. മാത്രമല്ലാ, എന്റെ സകല ആഗ്രഹങളും ഞാൻ അനുഭവിച്ചറിഞ് സാധൂകരിക്കുകയും, അവയെ അവയുടെ ഉത്ഭവസ്ഥാനത്തുതന്നെ അടക്കുകയും ചെയ്തിരിക്കുന്നു. ഇനി അടിയന് വേണ്ടത്, ഈ ഗൃഹസ്ഥാശ്രമജീവിതത്തിൽ നിന്നും വിരമിച്ച്, അവിടുത്തെ അദ്ധ്യാത്മാനുഭൂതിയെ അനുവേലം ഹൃദയത്തിലേറ്റി, സകലദുഃഖങളും മറന്ന്, ഉലകം മുഴുവൻ അവിടുത്തെ ഗുണഗാനങളും പാടിക്കൊണ്ട് ചുറ്റിസഞ്ചരിക്കണം".
ശ്രീഭഗവാൻ പറഞു: "ഹേ മഹാമുനേ!, സ്മൃതികളിലൂടെയായാലും, പ്രത്യക്ഷഭാവത്തിലായാലും, നാം ചൊന്നതെല്ലാം പരമസത്യവും, അവയെല്ലാം ആധികാരികമായിത്തന്നെ മനുഷ്യൻ ഉൾക്കൊള്ളേണ്ടവയുമാണ്. അതേവിധം അങേയ്ക്ക് തന്ന വാക്കിനെ സാക്ഷാത്കരിക്കുവാനായി നാമിതാ അങയുടെ പുത്രനായി അവതരിക്കുവാൻ പോകുന്നു. നമ്മുടെ ഈ അവതാരലക്ഷ്യം പ്രത്യേകിച്ചും ആത്മദർശനതത്വമായ സാംഖ്യശാസ്ത്രത്തെ മുമുക്ഷുക്കൾക്ക് പ്രദാനം ചെയ്യുകയെന്നുള്ളതാണ്. മനസ്സിനും ബുദ്ധിക്കും ഗ്രഹിക്കുവാൻ അത്യന്തം ദുസ്തരമായ ഈ ദർശനം കാലാന്തരത്തിൽ നഷ്ടപ്പെട്ടുപോയ അമൂല്യമായ ഒരു അദ്ധ്യാത്മനിധിയാണ്. ഈ ശാസ്ത്രത്തെ സമൂഹത്തിനുമുന്നിൽ പുനഃരവതരിപ്പിക്കുവാൻവേണ്ടിമാത്രമാണ് നാം അങയുടെ പുത്രരൂപേണ ഇവിടെ അവതീർണ്ണനാകുവാൻ പോകുന്നത്. ഹേ മുനേ!, സർവ്വതും എന്നിൽ സമർപ്പിച്ചുകൊണ്ട്, അങാഗ്രഹിക്കുംവണ്ണംതന്നെ ഇറങി പുറപ്പെട്ടുകൊള്ളുക. ദുസ്തരമായ മരണഭയത്തെ ജയിച്ച് അമൃതത്വത്തിനുവേണ്ടി നമ്മെ ഭജിച്ചുകൊള്ളുക. മുനേ!, സകലഹൃദയകുഹരങളിലും സ്വയംജ്യോതിസ്വരൂപമായി കുടികൊള്ളുന്ന നമ്മെ അങേയ്ക്ക് അങയുടെ ഹൃദയപത്മത്തിൽതന്നെ ദർശിക്കുവാനാകും. ആ സമയം അങ് ശോകവും ഭയവുമറ്റ അദ്ധ്യാത്മികാനുഭൂതിയുടെ നിറവിലായിരിക്കുകയും ചെയ്യും. മാതാവിനും നാം ഈ അദ്ധ്യാത്മജ്ഞാനത്തെ പ്രദാനം ചെയ്ത് അവളുടെ സകലകർമ്മബന്ധങളും നിശ്ശേഷം തീർത്ത്, അവളെ ആത്മസാക്ഷാത്കാരത്തിന് പാത്രീഭൂതയാക്കുകയും ചെയ്യും."
മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ ഭഗവാന്റെ സ്വാന്തനവചസ്സുകൾ കേട്ട് സംപ്രീതനായി, സംതൃപ്തമാനസനായി കർദ്ദമപ്രജാപതി വനത്തിലേക്ക് പുറപ്പെട്ടു. മൗനവ്രതം സ്വീകരിച്ചുകൊണ്ട്, സർവ്വസംഗപരിത്യാഗിയായി, അഗ്നിയും ഗൃഹവുമുപേക്ഷിച്ച്, അനുസ്യൂതം ഭഗവത്സ്മൃതിയിലാണ്ടുകൊണ്ട്, കർദ്ദമമുനി ഭൂലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. കാര്യകാരണങൾക്ക് പരനായ, ത്രിഗുണങൾക്കധീതനായ, ത്രിഗുണങളുടെ സർവ്വകാരണനായ, ഭക്തിഗമ്യനായ, ആ പരമപൂരുഷനിൽ മനസ്സുറപ്പിച്ച്, കർദ്ദമമുനി കാലങൾ കഴിച്ചു. ക്രമേണ അദ്ദേഹം ദേഹാത്മബോധത്തിൽ നിന്ന് മുക്തനായി, നിരഹങ്കാരനായി, ഭൗതികവിഷയങൾക്ക് ദൂരത്തുനിന്നുപോലും തീണ്ടുവാൻ സധ്യമല്ലാത്ത ബ്രഹ്മവസ്തുവായി പരിണമിച്ചു. തന്നിൽനിന്നന്യമായി യാതൊന്നും തന്നെ ഇവിടെയില്ല എന്ന പരമബോധത്തോടുകൂടി സകലചരാചരങളേയും തന്റെയുള്ളിൽതന്നെ ദർശിച്ചറിഞ്, ധീരനായി, ദ്വന്ദ്വാധീതനായി, അലയടിക്കുന്ന തിരകൾക്ക് നടുവിലും സമുദ്രം അകമേ ശാന്തമായിരിക്കുന്നതുപോലെ, സകലവിഷയങൾക്കുനടുവിലും പ്രശാന്തമാനസനായി സദാ കേവലം ആത്മാനന്ദത്തിൽ അദ്ദേഹം രമിച്ചു. സകലജീവഭൂതങളിലും കുടികൊള്ളുന്ന സർവ്വജ്ഞനായ വാസുദേവനിൽ പരമമായ ഭക്തിവച്ചുകൊണ്ട്, സർവ്വബന്ധനങളിൽനിന്നും മുക്തനായി നിത്യവും പരമവുമായ ആത്മവസ്തുവിൽ കർദ്ദമൻ ലയിച്ചുചേർന്നു. അവിടെ, സർവ്വചരാചരങളിൽ കുടികൊള്ളുന്ന പരമാത്മാവിനേയും, അവനിൽ നിലകൊള്ളുന്ന സകലചരാചങളേയും അദ്ദേഹം ഒരുപോലെകണ്ടറിഞു. രാഗദ്വേഷങളകന്ന് സർവ്വത്തിൽനിന്നും വിമുക്തനായി, ഭഗവാന്റെ ഭക്തോത്തമനായിക്കൊണ്ട്, കർദ്ദമപ്രജാപതി പരമനിർവ്വാണപദത്തിലേക്ക് കുതിച്ചുയർന്നു."
ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം ഇരുപത്തിനാലാമധ്യായം സമാപിച്ചു.
srimad bhagavatham, realization of kardama, kardama muniyude moksham, vidura-maitreya samvaadam, talk between vidura and maitreya,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ