2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

3.25 ഭക്തിയുടെ മാഹാത്മ്യം (കപിലോപാഖ്യാനം)

ഓം

ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം 25 (ഭക്തിയുടെ മാഹാത്മ്യം)


​ശൗനകൻ സൂതമുനിയോട് പറഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഭഗവാൻ ഹരി, സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വത്തെ മനുഷ്യസമൂഹത്തിന് പ്രദാനം ചെയ്യുവാനായി, കപിലനാമധേയത്തിൽ ദേവഹൂതി-കർദ്ദമദമ്പതിമാർക്ക് പുത്രനായി സ്വയം ആത്മമായയാൽ അവതാരം ചെയ്തു. അഖിലഗുരുക്കൾക്കും ഗുരുവായ, സകലവേദങളുടേയും പരമാർത്ഥമായ, സർവ്വതിനും മേൽ ആരാധ്യനായ അവനെ അവനല്ലാതെ ആർക്കറിയാൻ?... ഞങളെ സംബന്ധിച്ചിടത്തോളം ആ ഉത്തമശ്‌ളോകന്റെ
ഗുണാനുവർണ്ണനത്തെക്കാൾ പരമമായി യാതൊന്നും തന്നെ ഇവിടെയില്ല. അതുകൊണ്ട് സ്വച്ഛന്ദാത്മനായ ആ പരമപുരുഷൻ ഇവിടെ ആടിയിട്ടുള്ള അവന്റെ സകല അദ്ധ്യാത്മലീലകളും ഒന്നൊഴിയാതെ ഞങളോടനുവർണ്ണനം ചെയ്യുവാൻ അങേയ്ക്ക് കൃപയുണ്ടാകണം."

സൂതമുനി പറഞു: "ഋഷികളേ!, വാസുദേവഭക്തോത്തമനായ വിദുരരോട് മൈത്രേയമഹാമുനി വീണ്ടും ഭഗവത് ചരിതങൾ പറഞുതുടങി."

മൈത്രേയൻ പറഞു: "വിദുരരേ!, കർദ്ദമൻ വനത്തിലേക്ക് പൊയ്ക്കഴിഞതിനുശേഷം, കപിലഭഗവാൻ തന്റെ അമ്മയോടൊപ്പം കുറെക്കാലം ബിന്ദുസരോവരതീരത്തുള്ള പിതാവിന്റെ ആശ്രമത്തിൽ താമസിച്ചു. ഒരുദിവസം കപിലഭഗവാൻ ദേവഹൂതിയോടൊപ്പം ആശ്രമത്തിലിക്കുകയായിരുന്ന സമയം, മകനെ അടുത്തുകണ്ട ദേവഹൂതി, വിധാതാവ് പണ്ട് തനിക്കരുളിച്ചെയ്ത വാക്കുകളെ അനുസ്മരിച്ചുകൊണ്ട് തന്റെ പുത്രനോട് ചോദിച്ചു. "ഭഗവാനേ!, ഇക്കണ്ടകാലമെല്ലാം ഭൗതികവിഷങളെ അനുവേലം ചിന്തിച്ചുചിന്തിച്ച്  ഞാൻ അജ്ഞാനത്തിന്റെ അഗാധഗർത്തത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. മകനേ!, നീമാത്രമാണ് ഘോരമായ ഈ അന്തകാരത്തിൽനിന്നും ഈയമ്മയെ കരകയറ്റുവാൻ പ്രാപ്തനായുള്ളത്. കാരണം, നിന്റെ കാരുണ്യമൊന്നുകൊണ്ടുമാത്രം ജന്മജന്മാന്തരങളിലൂടെ ഞാൻ ആർജ്ജിച്ചെടുത്ത എന്റെ അദ്ധ്യാത്മനേത്രമാണ് നീ. ഹേ ഭഗവൻ!, പ്രപഞ്ചത്തിലെ സകലഭൂതങളുടേയും ഉറവിടമായ നീ സൂര്യകിരണങൾ വന്ന് ഇരുട്ടിനെയകറ്റുന്നതുപോലെ, നാനാലോകങളിലുമുള്ള അജ്ഞാനാന്തകാരത്തെ അകറ്റുവാണ് അദ്ധ്യാത്മതേജസ്സുറ്റ് ഇവിടെ അവതീർണ്ണനായിരിക്കുന്നത്. ഹേ ഭഗവൻ!, എന്റെ സ്വരൂപത്തെ മറച്ചിരിക്കുന്ന നിന്റെയീമായയെ നീക്കിയാലും. ശരീരാത്മബോധത്തിൽനിന്ന് ഇനിയുമുണർന്നിട്ടില്ലാത്ത എന്നെ നിന്റെ മഹാമായ വല്ലാതെ മോഹിപ്പിക്കുകയാണ്. ഞാൻ ആ പദമലരിൽ അനന്യശരണം പ്രാപിച്ചിരിക്കുന്നു. ഈ മഹാമോഹത്തിൽനിന്ന് എന്റെ ഉണർത്തുവാനായി നീയൊഴിഞൊരു ശക്തിയെ ഞാൻ കാണുന്നില്ല പ്രഭോ!. സംസാരമാകുന്ന ഈ പാഴ്‌വൃക്ഷത്തെ വെട്ടിവീഴ്ത്തുവാനുതകുന്ന മഹാകുഠാരമാണ് നീ. പ്രകൃതിപുരുഷന്മാരുടെ തത്വത്തെ അറിയുവാൻ ഉത്സാഹിതയായി, പരമപുരുഷനായ നിന്നോട് പ്രാർത്ഥിച്ചുകൊണ്ട് ഈയുള്ളവളിതാ നിന്നെ നമിക്കുന്നു."

മൈത്രേയൻ പറഞു: "ഇങനെ ഉത്തമയായ ഒരു മുമുക്ഷുവിന്റെ ഭാവത്തിൽ, ദുരിതപൂർണ്ണമായ ഘോരസംസാരത്തിൽനിന്നും രക്ഷനേടുവാൻ വെമ്പുന്ന ഹൃദയവുമായി, ആത്മതത്വാർത്ഥം തന്നെ സമീപിച്ച മാതാവിന്റെ ആവശ്യം കപിലഭഗവാൻ സന്തോഷപൂർവ്വം സ്വീകരിച്ചു. നിറഞ പുഞ്ചിരിയോടെ കപിലൻ ദേവഹൂതിക്ക് യോഗികൾ അവലംബിക്കുന്ന ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള ആ വഴി കാണിച്ചുകൊടുത്തു."

കപിലഭഗവാൻ പറഞു: "അമ്മേ!, ജീവാത്മ-പരമാത്മബന്ധത്തെക്കുറിക്കുന്നതും, ജീവഭൂതങളുടെ ആത്യന്തികലക്ഷ്യമായ മോക്ഷത്തെ പ്രദാനം ചെയ്യുന്നതും, സുഖ-ദുഃഖാദിദ്വന്ദങളിൽനിന്നും നിസ്സംഗത്വം സാധിക്കുന്നതുമായ യോഗമാർഗ്ഗമാണ് സകലയോഗമാർഗ്ഗങളിൽവച്ചും ശ്രേഷ്ഠമായുള്ളത്. നിരന്തരാഭ്യാസേന നേടുവാൻ കഴിയുന്നതും, മനുഷ്യജന്മം നേടിയവന് അത്യന്തം ഉപയോഗപ്രദവുമായ ഈ യോഗം പണ്ട് ജ്ഞാനപ്രാപ്തിക്കായി നമ്മെ പ്രാപിച്ച ഋഷികൾക്കായി നാം പ്രദാനം ചെയ്തിരുന്നു. ഇന്നിതാ അമ്മയ്ക്കും ഞാൻ ആ ആത്മതത്വത്തെ പറഞുതരുവാൻ പോകുന്നു.

അമ്മേ!, ചിത്തം ത്രിഗുണങളിൽ മുഴുകികിടപ്പോളം കാലം ഈ ജീവൻ ബന്ധനസ്ഥമായിരിക്കും. എന്നാലത് ആ പരമപുരുഷന്റെ പാദാരവിന്ദങളിൽ സമർപ്പിക്കുന്ന നിമിഷംമുതൽ ഈ ജീവനാകട്ടെ വിഷയങളിൽനിന്ന് മുക്തമായി, പകരം അമൃതാനന്ദത്തെ ആസ്വദിച്ചുതുടങുന്നു. ഞാനെന്നും എന്റേതെന്നുമുള്ള ദേഹാത്മബോധത്തിൽനിന്നുത്ഭവിക്കുന്ന മാലിന്യം നീങുമ്പോൾ, ഹൃദയം ശുദ്ധമായി, കേവലം വിഷയജമായ സുഖദുഃഖാദി ദ്വന്ദവികാരങളെ തരണം ചെയ്യുകയും ചെയ്യുന്നു. അങനെ സ്വയംജ്യോതിസ്വരൂപമായ ജീവൻ, അതിസൂക്ഷ്മമെങ്കിലും, താൻ പ്രകൃതിക്ക് പരനാണെന്നും, അഖണ്ഡിതവും സ്വയംപ്രകാശിതവുമായ നിത്യസത്യമാണെന്നും തിരിച്ചറിയുന്നു. ഇങനെ മുക്തിമാർഗ്ഗത്തിലൂടെ പുരോഗമിക്കുന്ന ഒരു ജീവന് ഭക്തിജ്ഞാനവൈരാഗ്യാദികളിലൂടെ ത്രിഗുണങളിൽ ഉദാസീനഭാവമുണ്ടാകുകയും, അതുവഴി പ്രകൃതിയുടെ പ്രഭാവം ആ ജീവനെ പതുക്കെപതുക്കെ വിട്ടൊഴിയുകയും ചെയ്യുന്നു. അധോക്ഷജനായ ഭഗവാനിൽ അചഞ്ചലമായ ഭക്തിയുണ്ടാകാതിടത്തോളം കാലം, യാതൊരു യോഗിക്കും ബ്രഹ്മസാക്ഷാത്കാരം ഉണ്ടാകുവാൻ വഴിയില്ല. കാരണം, ഭക്തിക്ക് തുല്യമായ മുക്തിമാർഗ്ഗം മറ്റൊന്നില്ലതന്നെ. വിഷങളോടുള്ള സംഗം തന്നെയാണ് ജീവാത്മാവിനെ ദുസ്തരമായ സംസാരത്തോട് കൂട്ടിയിണക്കുന്ന ഒരേയൊരുപാശം. ആ സംഗം ആത്മനിഷ്ഠരായ സാധുക്കളോടാകുന്നപക്ഷം ഈ ജീവന് ആ പരംപൊരുളിലേക്കുള്ള മോക്ഷദ്വാരം തുറന്നുകിട്ടുന്നു. തിതിക്ഷ, സർവ്വഭൂതങളോടും തോന്നുന്ന കരുണ, സൗഹൃദം, അജാതശത്രുത്വം, ശാന്തഭാവം, ഗ്രന്ഥാധ്യയനം തുടങിയ ശീലങളും ഗുണങളുമാണ് സാധുക്കൾക്ക് ഭൂഷണമായുള്ളത്. അങനെയുള്ളവൻ എനിക്കുവേണ്ടി സ്വജനങളേയും, ബന്ധുമിത്രാദികളെപ്പോലും ത്യജിച്ച്, എന്നിൽ ദൃഢമായ ഭക്തിയുള്ളവരായിത്തീരുന്നു. സാധുക്കളായ അവർ സദാസമയവും, എന്റെ മഹിമകളെമാത്രം ചിന്തിച്ച്, എന്നെക്കുറിച്ചുള്ള തപജപധ്യാനാദികളിൽ മുഴുകി ജീവിക്കുന്നു. അതുകൊണ്ട് അവർക്ക് വിഷയങളിൽനിന്നുമുണ്ടാകുന്ന മഹാദുരിതങളെ സഹിക്കേണ്ടിവരുന്നില്ല.

അമ്മേ ഇതാണ് നിസ്സംഗരായ ഭക്തോത്തമന്മാരുടെ ഗുണഗണങൾ. അങനെയുള്ള സാധുക്കളോട് അമ്മയ്ക്കും സംഗമുണ്ടാകണം. അത് വിഷയങളോടുള്ള അമ്മയുടെ ആസക്തിക്ക് അറുതിയുണ്ടാക്കിത്തരുന്നു. അവർ സദാകാലവും ഹരിയുടെ മഹിമകൾ വാഴ്ത്തുന്നവരാകുന്നതുകൊണ്ട്, അവരോട് സംഗം ചേരുന്നതുവഴി കാതിനും ഹൃദയത്തിനും ഒരുപോലെ സംതൃപതിയേകുന്ന ആ ദിവ്യാമൃതം വേണ്ടുവോളം നുകരുവാനുള്ള മഹാഭാഗ്യവും കൈവരുന്നു. അങനെ സത്സംഗത്തിലെത്തി, ഹൃദയത്തിൽ അദ്ധ്യാത്മതത്വത്തിന്റെ വിത്തുപാകിക്കഴിഞാൽ ക്രമേണ അത് അവിടെ വളർന്ന് അദ്ധ്യാത്മസാധനക്ക് പുരോഗതിയുണ്ടാകുകയും, അതുവഴി ജീവന്മാർക്ക് വിഷയങളിൽ നിന്നകന്ന് ബ്രഹ്മത്തിൽ ദൃഢമായ രതിയുണ്ടായാൽ അവിടെനിന്നും ഭക്തിയുടെ തുടക്കവുമാണ്.

അങനെ ഭക്തിയോടുകൂടി ഒരുവൻ ഭഗവാൻ ഹരിയുടെ ലീലകളെ നിരന്തരം അനുസ്മരണം ചെയ്യുന്നതുകൊണ്ട് അവനിൽ ഇന്ദ്രിയസുഖഭോഗങളോടുള്ള താല്പര്യം കുറയുകയും, ക്രമേണ ഇല്ലാതാകുകയും ചെയ്യുന്നു. ലളിതവും മധുരവുമായ ഭക്തിസാധനയിലൂടെ അവന് തന്റെ മനസ്സിനേയും ഇന്ദ്രിയങളേയും സംയമനം ചെയ്യുവാൻ സാധിക്കുന്നു. ത്രിഗുണങളിൽനിന്നകന്ന്, ഹൃദയത്തിൽ അനന്യമായ ഹരിഭക്തി വർദ്ധിപ്പിച്ച്, വിഷങളിൽ വിരാഗം ജനിപ്പിച്ച്, ചിത്തം എന്നിൽതന്നെ സമർപ്പിച്ചുകഴിഞാൻ ആ ജീവൻ ഈ ജന്മത്തിൽതന്നെ പരമാത്മസ്വരൂപനായ എന്നോട് കൂടിച്ചേരുന്നു."

കപിലഭഗവാന്റെ വാക്കുകൾ കേട്ടയുടൻ ദേവഹൂതി ഇങനെ ചോദിച്ചു: "ഭഗവാനേ!, ഏറ്റവും ഉചിതമായ യാതൊരു ഭക്തിമാർഗ്ഗമാണോ വളരെപ്പെട്ടന്നുതന്നെ പരമനിർവ്വാണപദത്തെ സംഭവ്യമാകുന്നത്, ആ യോഗത്തെ എനിക്ക് പറഞുതന്നാലും. ഹേ നിർവ്വാണാത്മൻ!, അങിപ്പോൾ എനിക്കുപദേശിച്ച ഈ യോഗമാർഗ്ഗം തികച്ചും ഭൗതികവിഷയങളെ അപ്പാടെ പരിത്യജിച്ച് സർവ്വയോഗങളുടേയും ഈശ്വരനായ ഭഗവാൻ ഹരിയുടെ തൃപ്പാദകമലത്തിൽ എന്നെന്നേയ്ക്കുമായി കൂടിച്ചേരുവാനുള്ള ഉപാധിപകളിലൊന്നാണ്. സത്യദാർശനികമായ ആ യോഗമാർഗ്ഗത്തെക്കുറിച്ച് ഇനിയുമറിയുവാൻ ഞാനാഗ്രഹിക്കുകയാണ്. ഞങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അദ്ധ്യാത്മതത്വം ഉൾക്കൊള്ളുകയെന്നത് തികച്ചും ദുഷ്ക്കരമായ  കാര്യമാണെന്നറിയുമ്പോഴും, മകനേ! ഞാൻ നിന്നോടു പ്രാത്ഥിക്കുകയാണ്, നിന്റെ കാരുണ്യമുണ്ടെങ്കിൽ ഒരു സ്ത്രീയായ എനിക്കും ആ മഹാഭാഗ്യം സിദ്ധിക്കുമെന്ന് ഞാൻ അടിയുറച്ചുവിശ്വസിക്കുന്നു."

മൈത്രേയൻ പറഞു: "വിദുരരേ!, മാതാദേവഹൂതിയുടെ വാത്സല്യവും, ജിജ്ഞാസ്സയും നിറഞ നിവേദനം കേട്ടയുടൻ കപിലഭഗവാനിൽ അതിരറ്റ മാതൃസ്നേഹമുണർന്നു. അദ്ദേഹം കാരുണാവഹമായ ഒരു നറുപുഞ്ചിരിയോടുകൂടി, ഭക്തിയും, യോഗവും പരസ്പരപൂരകങളായ സാംഖ്യയോഗതത്വത്തെ, തന്റെ മാതാവിനായി ഉപദേശിക്കുവാൻ തുടങി."

കപിലഭഗവാൻ പറഞു: "അമ്മേ!, ഇന്ദ്രിയളോരോന്നും ഓരോ ദേവതകളെ പ്രതിനിധാനംചെയ്യുന്നു. ഈ ഇന്ദ്രിയങളുടെ സ്വാഭാവികമായ പ്രവണതയെന്നത്, വേദങളാൽ അനുശാസിതങളായ കർമ്മങളിൽ നിത്യനിരന്തരമായി നിരതമാകുകയെൻനുള്ളതാണ്. അതുപോലെ ഇന്ദ്രിയങളുടെ കേന്ദ്രബിന്ദുവാകുന്ന മനസ്സും ഒരീശ്വരന്റെ പ്രാധിനിത്യം സ്വീകരിച്ചുച്ചുകൊണ്ട് വർത്തിക്കുന്നു. ആ സർവ്വേശ്വരൻ സകലതിനും ഈശ്വരനായ ഭഗവാൻ ഹരിതന്നെയാണ്. മനസ്സെന്ന ഈവസ്തു സ്വയമേവ സേവനതല്പരമാണ്. ആ സേവനം ഭഗവാൻ ഹരിയുടെ തൃപ്പാദഭക്തിയിലാകുമ്പോൾ അത് ആത്മസാക്ഷാത്ക്കാരത്തിനും മേലെയുള്ള ഒരു അദ്ധ്യാത്മികാനുഭൂതിയായി പരിണമിക്കുന്നു. അമ്മേ!, ജഠരാഗ്നി, ജീവഭൂതങൾ കഴിക്കുന്ന അന്നത്തെമുഴുവൻ ഒന്നൊഴിയാതെ ദഹിപ്പിക്കുന്നതുപോലെ, ഭഗവത്ഭക്തിയാകട്ടെ, ഒന്നും ചെയ്യാതെതന്നെ അവരുടെ ഓരോ കോശവും ആ പരമാത്മാവിൽ അലിയിച്ചുചേർക്കുന്നു. നമ്മുടെ പാദഭക്തിയിൽ രമിച്ചുകഴിയുന്ന ഏതൊരു ഭക്തനും ആ പരമാനന്ദത്തെവിട്ട് നമ്മെ പ്രാപിക്കുവാൻപോലും ആഗ്രഹിക്കാറില്ല. അവർ സദാകാലവും നമ്മുടെ മഹിമകളെ കീത്തിച്ചുകൊണ്ട് ആ ഭക്തിരസവുംനുകർന്നു അതിൽനിന്നുതിരുന്ന ആത്മരതിയിൽ കഴിയുന്നു. അമ്മേ!, പുഞ്ചിരിയൊഴുകുന്ന നമ്മുടെ മുഖപത്മത്തെ കാണുവാനായി നമ്മുടെ ഭക്തന്മാർ എന്നും കൊതിപൂണ്ടുകഴിയുന്നവരാണ്. ആ സമയം അവരുടെ നേത്രങൾക്ക് ഉദയസൂര്യന്റെ ദീപ്തിയും പ്രഭയുമാണുള്ളത്. അവർ എപ്പോഴും സർവ്വാഭീഷ്ടപ്രദായകമായ നമ്മുടെ പലേ അവതാരരൂപങളെ കാണുവാനും, അങനെയുള്ള നമ്മുടെ മഹിമകളെ വാനോളം പുകഴ്ത്തുവാനുമുള്ള ത്വരയിൽ നൃത്തം കുതിച്ചുകൊണ്ടേയിരിക്കുന്നു. പുഞ്ചിരിവഴിയുന്ന, അത്യാകർഷകമായ നമ്മുടെ രൂപം കാണുന്നമാത്രയിൽ, നമ്മുടെ ഒരിറ്റുശബ്ദം കേൾക്കുന്നമാത്രയിൽ, അവർ സർവ്വവും വിസ്മരിച്ചുപോകുന്നു. അവരുടെ മനസ്സ് മറ്റുള്ള സകലവിഷങളിൽനിന്നുമകന്ന് നമ്മുടെ പാദാരവിന്ദത്തിൽ ഉറയ്ക്കുന്നു. ആ സമയം, അവരിച്ഛിക്കാതെതന്നെ നമ്മുടെ പരമകാരുണ്യമായ ആത്മസാക്ഷാത്ക്കാരം അവർക്കനുഭവയോഗ്യമാകുന്നു. ആസമയം, നമ്മിൽ പൂർണ്ണമായും നിമഗ്നരായ നമ്മുടെ ഭക്തോത്തമന്മാരാകട്ടെ, സത്യലോകികൾക്കുമാത്രം ലഭ്യമായ വിഭൂതികളിൽപ്പോലും ഭ്രമിക്കുന്നില്ല. യോഗികൾക്കുമാത്രം സാധ്യമായ അഷ്ടാംഗയോഗസിദ്ധിയിലും അവർ കാംക്ഷിക്കുന്നില്ല. എന്തിനുപറയാൻ, നമ്മുടെ സ്വധാമമായ വൈകുണ്ഠപ്രാപ്തിപോലും അവർ ആഗ്രഹിക്കുന്നില്ല. അങനെയെന്നാലും, പരമമായ ആ അദ്ധ്യാത്മികാനുഭൂതിയെ ആഗ്രഹിക്കാതെതന്നെ അവർ അനുവേലം നുകർന്നുകൊണ്ടേയിരിക്കുന്നു. അമ്മേ!, ഇങനെ അനുഭവവേദ്യമാകന്ന ആ ആത്മാനന്ദം അവർക്കൊരിക്കലും നഷ്ടമാകുന്നില്ല. കാലം കൊണ്ടും, ആയുധം കൊണ്ടും അതിന് ഹാനിസംഭവിക്കുന്നില്ല. കാരണം, അവർ നമ്മെ സുഹൃത്തായും, ബന്ധുവായും, പുത്രനായും, ഗുരുവായും, ഈശ്വരനായും കണ്ട് തങളുടെ ഹൃദയകുഹരങളിൽ വച്ചാരാധിക്കുന്നു. സ്വന്തമായതൊന്നിനേയും മനുഷ്യൻ മറ്റാർക്കും വിട്ടുകൊടുക്കാത്തതുപോലെ അവർ നമ്മെ സ്വന്തമായി കണ്ട് ഹൃദയംകൊണ്ട് സ്നേഹിക്കുന്നു. വിശ്വവ്യാപിയായ നമ്മെ അവർ അചഞ്ചലമായ ഭക്തിയോടെ പൂജിക്കുന്നു. അതിലൂടെ അവരാർജ്ജിക്കുന്ന ആത്മാനന്ദത്തിൽ, സ്വർഗ്ഗലോകപ്രാപ്തിക്കുവേണ്ടിയോ, ധനം, കുട്ടികൾ, പശുക്കൾ, പാർപ്പിടം എന്നീ ഭൗതികവസ്തുക്കളിൽ അനുരക്തരായി ഇഹലോകത്തിൽതന്നെ സന്തോഷത്തോടെ ജീവിക്കുവാനോ അവർ അഭിലഷിക്കുന്നില്ല. കേവലം ശാരീരികമായ ഈവക ചിന്തകൾ അവരറിയാതെതന്നെ അവർക്ക് നഷ്ടമാകുന്നു. കാരണം, നമ്മുടെ ഭക്തോത്തമന്മാരെ നാം ജനനമരണസംസാരാബ്ധിയിൽ നിന്നും കൈപിടിച്ചുയർത്തി മറുകരയെത്തിക്കുന്നു. അമ്മേ!, നമ്മുടെ ചരണാരവിന്ദത്തിൽ അഭയം പ്രാപിക്കാതുള്ളകാലത്തോളം ഒരു ജീവന് ജനിമൃതികളാകുന്ന തീവ്രഭയത്തിൽ നിന്നും മുക്തനാകുവാൻ സാധ്യമല്ല. കാരണം, സർവ്വാന്തര്യാമിയുമായ നാം മാത്രമാണ് ഇവിടെ സകലഭൂതങൾക്കും പരമകാരണായുള്ളത്. നമ്മെ ഭയന്നിട്ടാണ് കാറ്റ് ചലിക്കുന്നതും, സൂര്യൻ തിളങുന്നതും, അഗ്നി ജ്വലിക്കുന്നതും, മൃത്യു നിരന്തരം തന്റെ ധർമ്മമാചരിച്ചുകൊണ്ട് വിഹരിക്കുന്നതുമെല്ലാം. ജ്ഞാനവൈരാഗ്യയുക്തരായ യോഗികൾ ലോകസംഗ്രഹാർത്ഥം നമ്മുടെ പാദമൂലം ഭജിക്കുന്നു. അവർ നിരന്തരം നമ്മുടെ ധാമത്തിലേക്ക് ഭയലേശം കൂടാതെ കടന്നുവരികയും പോകുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇങനെ മനസ്സിനെ ഭഗവത്പാദാരവിന്ദങളിലർപ്പിച്ച് അവർ അഖണ്ഡിതമായി ഭക്തിരസം നുകർന്നുകൊണ്ടേയിരിക്കുന്നു. അതുമാത്രമാണ് ആ ഭഗവത്ധാമത്തിലേക്കെത്തിച്ചേരുവാനുള്ള ഏകമാർഗ്ഗവും.
ഓം തത് സത്

ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു.
importance of bhakthi, devotion lord kapila explains sankhyayoga to His mother dEvahUTi. vidura-maitrEya samvAdam.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ