2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

3.23 ദേവഹൂതിയുടെ വിലാപം.

ഓം
ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 23 (ദേവഹൂതിയുടെ വിലാപം)


​സ്വായംഭുവമനു തന്റെ മകളായ ദേവഹൂതിയെ കർദ്ദമമഹാമുനിക്ക് വിവാഹം ചെയ്തുകൊടുത്തതിനുശേഷം അദ്ദേഹം പത്നിയോടും പരിവാരങളോടുമൊപ്പം ദുഖിതനായി തന്റെ പട്ടണമായ ബർഹിസ്മതിയിലേക്ക് തിരിച്ചു. തികഞ ജിജ്ഞാസ്സുവായി ശ്രദ്ധയോടെ ശ്രവണം ചെയ്തുകൊണ്ട് തന്റെ മുന്നിലിരിക്കുന്ന വിദുരരോട് സ്വായംഭുവമനുവിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ച് മൈത്രേയമുനി പറഞുതുടങി: "വിദുരരേ!, വിവാഹാനന്തരം, ഭവാനി പരമേശ്വരനെ സേവിക്കുന്നതുപോലെ, സാധ്വീമണീയായ ദേവഹൂതി തന്റെ പ്രിയതമനായ കർദ്ദമമുനിയെ സ്നേഹപൂർവ്വം പരിചരിച്ചു. ആധരവോടെ, ആത്മസംയമനത്തോടെ, മാധുര്യവചസ്സുകളോടെ അവൾ അദ്ദേഹത്തെ അഗാധമായി സ്നേഹിച്ചു. കാമം, ഗർവ്വം, അസൂയ, അത്യാഗ്രഹം, അഹങ്കാരം ഇത്യാദി ദുർഗ്ഗുണങൾ ദൂരത്തെറിഞ് തികഞ വിവേകത്തോടും ശുഷ്കാന്തിയോടുംകൂടി അവൾ വളരെ പെട്ടെന്നുതന്നെ തന്റെ സ്വാമിയുടെ ഹൃദയത്തിൽ ഇടം നേടി.

കാലങൾ ഒരുപാട് കടന്നുപോയി. മനുപുത്രിയായ ദേവഹൂതി ഋഷികളിൽ അത്യുത്തമനായ കർദ്ദമരിൽ അതീവതരം ഭർത്തൃഭക്തിയുള്ളവളായി ജീവിച്ചു. ദൈവാധീനത്തേക്കാളധികം തന്റെ ഭർത്താവിന്റെ അനുഗ്രഹമായിരുന്നു അവളിച്ഛിച്ചിരുന്നത്. കാലാകാലങളായി ആചരിച്ചുവരുന്ന വൃതാനുഷ്ഠാനങളുടെ പാരമ്യതയിൽ ദേവഹൂതി ശാരീരികമായി തളർന്നുമെലിഞു. അത് കണ്ടറിഞ കർദ്ദമമുനിയുടെ ഹൃദത്തിൽ പതിവൃതയായ തന്റെ ജീവിതസഖിയോടുള്ള കാരുണ്യം വഴിഞൊഴുകി.  ഇടറിയ നാദത്തിൽ അദ്ദേഹം അവളോട് പറഞു: "പ്രിയേ!, നിന്റെ ഭർത്തൃസ്നേഹത്തിലും, പാതിവൃത്യത്തിലും നാം എന്തെന്നില്ലാത്ത സന്തോഷമാണനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതൊരു പ്രാണിക്കും തന്റെ ശരീരം വളരെ പ്രീയമുള്ളതായിരിക്കും. പക്ഷേ നീയാകട്ടെ, അതിനെ അവഗണിച്ചുകൊണ്ട് സദാ നമ്മുടെ സന്തോഷത്തിനുവേണ്ടിമാത്രം ജീവിക്കുന്നു. ഈ സത്യം എന്നെ വല്ലാതെ അമ്പരപ്പിക്കുകയാണ്. തപോധിഷ്ഠിതമായ ജീവിതംകൊണ്ട് നേടേണ്ടതായ ഭഗവത് സാക്ഷാത്കാരത്തെ നാം ഇതിനകം നേടിക്കഴിഞിരിക്കുന്നു. നിനക്കവയൊക്കെ അന്യമാണെങ്കിലും, സദാകാലവും നമ്മെ പരിചരിച്ച് നമ്മോടൊപ്പം കഴിഞതിനാൽ ഭയദുഃഖവിനാശനകരമായ ആ അനുഗ്രഹങളെ അവരുദ്ധാനദൃഷ്ടിയിലൂടെ നാം നിന്നിൽ ചൊരിയുവാൻ പോകുകയാണ്. അതിമനോഹരമായ അവയോരോന്നും ഒന്നൊഴിയാതെ നീ കണ്ടുക്കൊള്ളുക. പ്രിയേ!, ഭഗവതനുഗ്രഹമാകുന്ന ഇതിനോട് യാതൊരുവിധമായ വിഷയസുഖങളേയും തുലനം ചെയ്യുവാൻ സാധ്യമല്ല. സകല ഭൗതികസുഖഭോഗങളും കാരണപുരുഷനായ അവന്റെ നയനചലനങൾക്കുവിധേയമായി ഇല്ലാതെയാകുവാൻ ക്ഷണനേരംപോലും അധികമാകുന്നു. എന്നാൽ ആഭിജാതനൃപോത്തമന്മാർക്കുപോലും അതിവേഗം ലഭ്യമല്ലാത്തത്ര സൗഭാഗ്യങളാണ് പാതിവൃത്യധർമ്മാചരണത്തിലൂടെ നീ അനുഭവിക്കുവാൻ പോകുന്നത്".

മൈത്രേയൻ പറഞു: "വിദുരരേ!, തപോധനനായ തന്റെ പ്രിയതമനിൽനിന്നും കാരുണ്യരസമൊഴുകുന്ന ഈ വാക്കുകൾ കേട്ടയുടൻ ദേവഹൂതിയുടെ ഹൃദയത്തിൽ എന്തെന്നില്ലാത്ത സംതൃപ്തിയുളവായി. നാണത്തിൽ മുങിയ നയനങളോടെ, വിറയാർന്ന ചുണ്ടുകളോടെ അവൾ അദ്ദേഹത്തോട് പറഞു: "പ്രാണനാഥാ!, അങ് യോഗമായാദേവിയുടെ കാരുണ്യത്താൽ അനുഗ്രഹീതനാണ്. അവിടുത്തെ തപോബലം കൊണ്ട് അങ് ഭഗവാൻ ഹരിയെ സാക്ഷാത്കരിച്ചതായും ഈയുള്ളവളറിയുന്നു. പക്ഷേ, അങയുടെ ജീവിതത്തിന് ഒരു ലക്ഷ്യം കൂടി ബാക്കിയുണ്ട്. അവിടുന്ന് ഒരിക്കൽ ഈയുള്ളവൾക്കൊരു പ്രത്യാശ തന്നിരുന്നു. അങയുടെ അംഗസംഗം ഇവൾക്ക് പ്രാപ്തമാകുമെന്നും, അതിലൂടെ ഇവളിൽ പുത്രഭാഗ്യമുണ്ടാകുമെന്നും. പതിവൃതയായ ഒരു നാരിക്ക് പുത്രഭാഗ്യമാണ് ലോകത്തിൽ സർവ്വപ്രധാനമായിയുള്ളത്. ഹേ ദേവാ!, അങയെ എല്ലാവിധത്തിലും പ്രാപിക്കുവാനുള്ള വികാരപാരമ്യതയിൽ ജീവിച്ച് എന്റെ ശരീരം നന്നേ ക്ഷയിച്ചുപോയിരിക്കുന്നു. ഇതിനെ അങേയ്ക്കുവേണ്ടി ഉദ്ദ്വീപിപ്പിക്കുന്നതിലേക്ക് വേദോക്തങളായി യാതൊന്നുണ്ടോ, അതെല്ലാം അനുഷ്ഠിക്കുവാൻ ഞാൻ അങയോട് പ്രാർത്ഥിക്കുകയാണ്. മാത്രമല്ലാ, അതിനനുയോജ്യമായ ഒരു ഭവനത്തെക്കുറിച്ചും നമുക്ക് അലോചിക്കേണ്ടിയിരിക്കുന്നു."

മൈത്രേയൻ തുടർന്നു: "ഹേ ഭാരതാ!, പ്രിയതമയുടെ മനോഗതം കേട്ടമാത്രയിൽതന്നെ, അവൾക്ക് പ്രിയം ചെയ്യുവാനായി കർദ്ദമൻ തന്റെ യോഗമായയിലൂടെ തങളുടെ ഇംഗിതത്തിനനുസരണം പ്രയാണം ചെയ്യുന്ന ഒരു ദിവ്യവിമാനം സൃഷ്ടിച്ചു. സർവ്വാഭീഷ്ടപ്രദായകമായ ആ ദിവ്യയാനങൾക്കുചുറ്റും പല നിറത്തിലും തരത്തിലുമുള്ള വിശേഷരത്നങൾ പതിപ്പിച്ചിരുന്നു. ദിവ്യശിലകളിൽ കൊത്തിയുണ്ടാക്കിയ അതിന്റെ തൂണുകൾ അത്യന്തം മനോഹരമായിരുന്നു. കാലമേറുന്തോറും അതിലെ ഐശ്വര്യങൾ വർദ്ധിച്ചുവരുന്നതും ആ ദിവ്യവിമാനത്തിന്റെ പ്രത്യേകതകളിലൊന്നായിരുന്നു. കൊടിത്തോരണങൾ ചാർത്തി, മധുപന്മാർ വട്ടമിട്ടുപറന്ന്, മധുവൂറുന്ന പുഷ്പമാല്യങളാൽ സുശോഭിതമായി, പട്ടുവസ്ത്രങളും ചിത്രകംബളങളും കൊണ്ട് അലംകൃതമായി ആ ദിവ്യയാനം സർവ്വഋതുക്കളിലും ആഡംബരപൂർവ്വം ആകാശത്തിൽ വിളങി. ആ വിമാനമന്ദിരത്തിലെ മൂന്നു നിലകളിലുമുള്ള മുറികൾ പ്രത്യേകം പ്രത്യേകം ശയ്യകളാലും, വിശറികൾ സ്ഥാപിച്ച ആസനങളാലും മറ്റും സജ്ജീകൃതമായിരുന്നു. ഭിത്തികളിൽ അങിങായി കൊത്തുവേലകൾ ചെയ്തും, നിലമാകട്ടെ വിവിധയിനം മുത്തുകളാലും പവിങ്ങളാലും പാകി മനോഹരമാക്കിയിരിന്നു. പ്രവേശനദ്വാരത്തിലും ഉമ്മറപ്പടിയിലുമെല്ലാം പവിഴം നിരത്തിയലങ്കരിച്ചിരുന്നു. കവാടത്തിൽ വ്യത്യസ്ഥവർണ്ണങളിൽ രത്നങൾ പതിപ്പിച്ചിരുന്നു. ഗോപുരാഗ്രത്തിൽ ഇന്ദ്രനീലം കൊണ്ട് താഴികക്കുടം നിർമ്മിച്ച് നാട്ടിയിരുന്നു. ചുമരിൽ ചാർത്തിയിരുന്ന മാണിക്യകല്ലുകൾ വിടർന്നുതെളിഞ ചക്ഷുക്കളെപ്പോലെ തോന്നിക്കുമായിരുന്നു. സ്വർണ്ണനിർമ്മിതമായ പടിവാതിലുകളും വെൺകൊറ്റക്കുടവിതാനങളും ആ ദിവ്യയാനത്തെ മനോഹാരിതയുടെ പരമകാഷ്ഠയിലേക്കെടുത്തുയർത്തി.

വിദുരരേ!, അവിടം ഇണപ്രാവുകളുടേയും ഇണയരയന്നങളുടേയും ഒരു സമുച്ചയമായിരുന്നു. അങിങായി കൊത്തിവച്ചിട്ടുള്ള ജീവൻ തുടിക്കുന്ന അരയന്നങളുടെയും പ്രാവുകളുടേയും മുകളിലുതിർന്നുകയറി ജീവനുള്ളവയെന്ന് തെറ്റിദ്ധരിച്ച് അവ ഈ പ്രതിമകളോടൊപ്പം കളിക്കുവാൻ ശ്രമിക്കുമായിരുന്നു. ഇവയുടെ കൂജനങളാൽ മുഖരിതമായിരുന്നു അവിടം. അരമന, ക്രീഡാസ്ഥലങൾ, വിശ്രമമുറികൾ, ശയനമുറികൾ, പ്രാങ്കണം, അങ്കണം, ഇവയോരോന്നും കണ്ട് കർദ്ദമൻപോലും അത്ഭുതപാരവശ്യം കൊണ്ടു.

വിദുരരേ!, പക്ഷേ, ഇത്ര മനോഹരമായൊരു സൗധത്തിനുമുന്നിൽ ദുഃഖിതയായിനിൽക്കുന്ന ദേവഹൂതിയെ കണ്ടപ്പോൾ എല്ലാമറിയുന്ന കർദ്ദമമുനിക്ക് അവളുടെ മനോഗതവും അറിയുവാൻ കഴിഞു. അദ്ദേഹം അവളോട് മൊഴിഞു: "ദേവീ!, നീയെന്തിന് ദുഃഖിതയായിരിക്കുന്നു?. ഭഗവാൻ ഹരിയാൽ നിർമ്മിതവും, സർവ്വാഭീഷ്ടപ്രധായകവുമായ ബിന്ദുസരോവരത്തിൽ കുളിച്ചുവന്ന് ഈ ദിവ്യവിമാനത്തിലേറിയാലും."

മത്രേയൻ തുടർന്നു: "വിദുരരേ!, തന്റെ മുഷിഞ വസ്ത്രങളും, കെട്ടുപിണഞ മുടിയിഴകളും കണ്ടപ്പോൾ ദേവഹൂതിക്ക് മനസ്സിലായി കർദ്ദമൻ പറഞത് സത്യമാണെന്ന്. ശരീരമാസകലം വൈവർണ്ണ്യമായതവൾ കണ്ടറിഞു. ഒട്ടും വൈകാതെ പുണ്യവതിയായ സരസ്വതീനദീജലത്താലുണ്ടായ ബിന്ദുസരോവരത്തിൽ ദേവഹൂതി മുങിത്താണു. വിദുരരേ!, ജലത്തിൽനിന്നും മുങിനിവർന്ന ദേവഹൂതി അവിടെ അത്ഭുതകരമായ ഒരു കാഴ്ചകണ്ടു. അതാ സരോവരത്തിനുള്ളിലെ ഒരു ഗൃഹത്തിൽ യൗവ്വനയുക്തകളും, താമരയുടെ മണം വഴിയുന്നവരുമായ ആയിരം സുന്ദരയുവതികൾ തന്നെ നോക്കിനിൽക്കുന്നു. ദേവഹൂതിയെ കണ്ടതും ആ കന്യകമാൻ തൊഴുകൈകളോടെ അവളുടെ മുന്നിൽ വന്നുനിന്നുകൊണ്ട് പറഞു: "ഹേ ദേവീ!, ഞങൾ അവിടുത്തെ ദാസിമാരാണ്. അവിടുത്തേക്കായി ഞങളെന്തുചെയ്യണമെന്ന് അരുളിചെയ്താലും."

മൈത്രേയൻ പറഞു: "വിദുരരേ!, ദേവഹൂതിയുടെ മനോഗതം മനസ്സിലാക്കി, സുഗന്ധപൂരിതമായ എണ്ണയും, കുഴമ്പും തേച്ച് കുളിപ്പിച്ച്, പുതുപുത്തൻ പട്ടുവസ്ത്രങളുടുപ്പിച്ച് അവളെ ആ സുന്ദരിമാർ അന്തഃപുരത്തിലേക്കാനയിച്ചു. പിന്നീടവർ അവളെ തിളക്കമാർന്ന വർണ്ണാഭരങളണിയിച്ചു. സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങളും ആസവപാനീയങളും നൽകി അവർ അവളുടെ ക്ഷ്ത്തൃഡാദികൾ തീർത്തു. തുടർന്ന് ദേവഹൂതി തന്നെ ഒരു നിർമ്മലദർപ്പണത്തിൽ ദർശിച്ചു. തന്റെ മംഗളവേഷഭൂഷാദികൾ കണ്ട് അവൾ ആശ്ചര്യഭരിതയായി. തന്റെ സർവ്വാഭരണവിഭൂഷിതവിഗ്രഹം കണ്ട് അവൾ ആ സൗന്ദര്യത്തിൽ അഭിമാനം കൊണ്ടു. വശ്യതയാർന്ന ഓരോ അംഗങളിലും അവൾ അനുചിതമായ ആഭരണങളെടുത്തണിഞു.

ആ നിൽപ്പിൽ ദേവഹൂതി തന്റെ പ്രാണനാഥനെ കാണുവാനാഗ്രഹിച്ചു. അത്ഭുതമെന്നുപറയട്ടെ, വിദുരരേ!, ഝടുതിയിൽ അവളറിയാതെതന്നെ തന്റെ ആയിരം അന്തഃപുരദാസിമാരോടൊപ്പം ഋഷിപുംഗവനായ കർദ്ദമപ്രജാപതിയുടെ മുന്നിലെത്തപ്പെട്ടു. അദ്ദേഹത്തിന്റെ യോഗവൈഭവം പാർത്ത് അവൾ അത്ഭുതപാരവശ്യത്തോടെ ഇളക്കമറ്റുനിന്നു. കുളിച്ച്, ദിവ്യാംബരങളിഞ്, സർവ്വാഭരണവിഭൂഷിതയായി തന്റെ മുന്നിൽ ആയിരം സുന്ദരദാസിമാർക്കുനടുവിൽ സ്തബ്ദയായിനിൽക്കുന്ന ദേവഹൂതിയിൽ കർദ്ദമൻ മുമ്പെങും കണ്ടിട്ടില്ലാത്ത ഒരു സ്ത്രീസൗന്ദര്യം കണ്ടറിഞു. ഹൃദയത്തിൽ അദ്ദേഹത്തിനവളോടുള്ള പ്രിയം ഊറിനിറഞു. അല്ലയോ അനഘനായ വിദുരരേ!, കർദ്ദമമുനി ദേവഹൂതിയുടെ കൈപിടിച്ച് അവളെ തന്റെ ദിവ്യസൗധത്തിലിരുത്തി. ആയിരം ഗന്ധർവ്വസുന്ദരിമാർക്കുനടുവിൽ തന്റെ പ്രാണപ്രിയയോടൊപ്പം ആ അത്ഭുതസൗധത്തിൽ വിഹരിക്കുമ്പോഴും തന്റെ മഹികൾക്ക് അല്പംപോലും ച്യുതിവരാതെ കർദ്ദമമുനി യതചിത്തനായിതന്നെയിരുന്നു. രാത്രിയിൽ, വിരിയുവാൻ വെമ്പുന്ന ആമ്പൽകതിർനിരകളെപ്പോലെ തോന്നിക്കുന്ന നക്ഷത്രങൾക്കുനടുവിൽ ആകാശത്തിൽ വിരാജമാനനായ പൂർണ്ണചന്ദ്രനെപ്പോലെ അദ്ദേഹം അഴകാർന്ന് പരിലസിച്ചു.

ഹേ ഭാരതാ!, ആ ദിവ്യവിമാനത്തിൽ കയറി അദ്ദേഹം അവരേയും വഹിച്ചുകൊണ്ട് മേരുപർവ്വതത്തിന്റെ താഴ്‌വരകളിലൂടെ സഞ്ചരിച്ചു. കുളിരും മണവും വഹിച്ചുകൊണ്ട് ഇളംമാരുതൻ വികാരപരവശനായി അവർക്കുചുറ്റും വീശി. അവിടെയായിരുന്നു ധനപതിയായ കുബേരൻ അപ്സരസ്സുകളോടും, ഗന്ധർവ്വന്മാരോടുമൊപ്പം ഇടവേളകളിൽ പ്രകൃതിസൗന്ദര്യമാസ്വദിക്കുന്നത്. കർദ്ദമനും തന്റെ ധർമ്മപത്നിയോടും അവളുടെ സഖികളായ ആയിരം ഗന്ധർവ്വകന്യകമാരോടുമൊപ്പം അനേകം സംവത്സരം അവിടെ താമസിച്ചു. കൂടാതെ അവർ വൈശ്രംഭകം, സുരസനം, നന്ദനം, പുഷ്പഭദ്രകം, ചൈത്രരത്ത്യം എന്നീ ഉദ്യാനങളും, പോരാതെ, മാനസസരോവരപൊയ്കയും ചുറ്റിനടന്നാസ്വദിച്ചു. അദ്ദേഹം അവരേയും കൊണ്ട് ആകാശവീഥിയിലൂടെ അത്യന്തവേഗത്തിൽ ദേവഗണങളുടെ വിമാനനിരകളെപ്പോലും പിന്നിലാക്കിക്കൊണ്ട് പറന്നുയർന്നു. വിദുരരേ!, ഒന്നോർത്താൽ വ്യസനാന്തകനും തീർത്ഥപാദനുമായ ഭഗവവാൻ ഹരിയുടെ ചരണാരവിന്ദങളിൽ അഭയം തേടിയിട്ടുള്ളവന് എന്താണിവിടെ അസാധ്യമായുള്ളത്?.

ഹേ ഭാരതാ!, ദേവഹൂതിയോടൊപ്പം ഭൂഗോളം ചുറ്റിസഞ്ചരിച്ച് അത്യത്ഭുതങളായ ദൃശ്യപരമ്പരകളെ അവൾക്കു സമ്മാനിച്ചാനന്ദിപ്പിച്ചതിനുശേഷം കർദ്ദമൻ തന്റെ ആശ്രമത്തിൽ തിരിച്ചെത്തി. ദേവഹൂതിയുടെ ആഗ്രഹം പുത്രലാഭമായിരുന്നു. അവളുടെ ആഗ്രഹസാധ്യത്തിനുവേണ്ടി കർദ്ദമമുനി സ്വയം ഒമ്പത് രൂപങൾ സ്വീകരിച്ചുകൊണ്ട് അവളെ രഞ്ജിപ്പിച്ചു. അങനെ നീണ്ട അനേകവർഷങൾ തപോധനനായ കർദ്ദമന് നിമിഷസമാനമായിരുന്നു. കാലം പോയതറിയാതെ ആ ദമ്പതിമാർ മൈഥുനലീലകളിലാണ്ട് ജീവിതത്തെ അതിന്റെ പരമകാഷ്ഠയിൽ ആസ്വദിച്ചു. കർദ്ദമന്റെ യോഗബലത്താൽ രതിലീലകളിൽ മുഴുകിയ അവരുടെ നൂറ് ശരത്കാലങൾ അല്പസമയമെന്നതുപോലെ കടന്നുപോയി. തന്റെ അർത്ഥശരീരം അവൾക്കായി സമ്മാനിച്ചുകൊണ്ട് ഒമ്പതായിപ്പിരിഞ ഓരോ രൂപങളിലൂടെയും സർവ്വസങ്കല്പവിത്തായ കർദ്ദമൻ ദേവഹൂതിയിൽ ഒമ്പത് കുട്ടികളുടെ രേതസ്സിനെ നിറച്ചു. അന്നുതന്നെ ദേവഹൂതി രക്തവർണ്ണാരവിന്ദപരിമളം പരത്തുന്ന സർവ്വാംഗ സുന്ദരികളായ ഒൻപതു പുത്രിമാർക്ക് ജന്മം നൽകി.

പറഞുറപ്പിച്ചതുപോലെ ഗൃഹസ്ഥാശ്രമജീവിതം അവസാനിപ്പിച്ച്, ദേവഹൂതിയെ വിട്ടുപിരിഞ്, ആശ്രമത്തിൽനിന്നും പുറപ്പെടുവാനാരംഭിച്ചപ്പോൾ, തന്റെ പ്രിയതമനെനോക്കി അവൾ ഉള്ളിലുരുകുന്ന ദുഃഖം കടിച്ചമർത്തി പുറമേക്ക് സൗമ്യമായി ഒന്നു പുഞ്ചിരിച്ചു. കാൽനഖംകൊണ്ട് മണ്ണിൽ കളം വരച്ച്, നമ്രശിരസ്ക്കയായിനിന്ന് കവിൾത്തടങളിലൂടെയൊഴുകിയ കണ്ണുനീർ മറച്ച് അവൾ കണ്ഠമിടറി ലളിതമായി തന്റെ പതിയോട് പറഞു. :"പ്രാണനാഥാ!, അങെന്റെ പിതാവിനോട് സത്യം ചെയ്തതുപോലെതന്നെ ഞാനാഗ്രഹിച്ചത് മുഴുവനും തന്ന് എന്നെ അനുഗ്രഹിച്ചിരിക്കുന്നു. പക്ഷേ, ദേവാ!, ഒരു ഭയം ഇപ്പോഴും അടിയനിൽ ബാക്കിനിൽക്കുകയാണ്. അങെനിക്ക് സമ്മാനിച്ച ഈ ഒമ്പത് പുത്രിമാരും അവരുടെ വിവാഹം കഴിയുന്നതോടെ തങളുടെ ഭർത്തൃഗൃഹത്തിലേക്ക് പോകും. അങിന്ന് പൂർണ്ണവിരക്തനായി, സന്ന്യാസിയായി ഈ ആശ്രമമുപേക്ഷിച്ചിറങി പുറപ്പെട്ടാൽ പിന്നീടെന്നെ സമാശ്വസിപ്പിക്കുവാൻ ഇവിടെ ആരാണുള്ളത്?. ഒന്നോർത്താൽ ഇക്കാലമത്രയും നമ്മൾ കേവലം ഇന്ദ്രിയസുഖങളിൽ അനുരക്തരായി, വേണ്ടതായ ഭഗവത്തത്വജ്ഞാനാർജ്ജനം  ചെയ്യാതെ നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുകയായിരുന്നു. വിഷയാനുഭവങളിലുള്ള എന്റെ ത്വരയെ പൂർത്തീകരിക്കുവാനുള്ള തത്രപ്പാടിൽ മോക്ഷസാധകമായി അങയുടെ അദ്ധ്യാത്മികസത്തയ്ക്കുനേരേ ഞാൻ വിമുഖയായിനിന്നു. പകരം, അങയെ ഒരു സാധാരണ ഭർത്താവിനെയെന്നപോലെ ഞാൻ സ്നേഹിച്ചു. എന്നിരുന്നാലും, ആ സ്നേഹം എനിക്കനുഗ്രഹമായി ഭവിച്ച്, എന്നിലെ ഭയം തീർക്കുമാറകട്ടെ എന്ന് ഞാൻ ആഗ്രഹിച്ചുപോകുകയാണ്. ഇന്ദ്രിയസുഖാനുഭത്തോട് സംഗം വച്ചുകൊണ്ടുള്ള ഈ നെട്ടോട്ടമാണ് എന്റെ ജീവനെ ഈ സംസാരത്തിൽ ബന്ധനസ്ഥമാക്കിയത്. പക്ഷേ ആ സംഗം, ഒരുപക്ഷേ അത് അജ്ഞാനത്തോടെ അനുഷ്ഠിക്കപ്പെട്ടതായാൽപ്പോലും, അങയെപ്പോലുള്ളൊരു ഒരു വിശുദ്ധാത്മാവിനോട് ചേർന്നതാകുമ്പോൾ, അത് മുക്തിക്ക് കാരണമായിത്തീരുന്നു. ഹേ പ്രാണനാഥാ!, യാതൊരുവന്റെ ജീവിതമാണോ തീർത്തും ധർമ്മത്തിലധിഷ്ഠിതമല്ലാതെയുള്ളത്, യാതൊവന്റെ ധർമ്മാനുഷ്ഠാനമാണോ മോക്ഷസാധനയായിട്ടുള്ളതല്ലാത്തത്, യാതൊരുവന്റെ അദ്ധ്യാത്മസാധനയാണോ ആ തീർത്ഥപാദന്റെ പാദാരവിന്ദഭക്തിരസത്തിൽ നിമഗ്നമല്ലാത്തത്, അവൻ ജീവിച്ചിരിക്കുന്നതും ജഡതുല്യനായിട്ടാണ്. ഭഗവാനേ!, ഞാൻ ആ ലീലാകരന്റെ മറികടക്കുവാൻ കഴിയാത്ത മഹാമായയാൽ വഞ്ചിക്കപെട്ടിരിക്കുന്നുവെന്ന സത്യം എന്നിൽ ദൃഡമായിരിക്കുന്നു, കാരണം, അങയോടൊപ്പം ഇത്രനാൾ കഴിഞിട്ടും, മോക്ഷസാധകമായ ആ പരമസത്യത്തെ ഗ്രഹിക്കാതെ ഞാൻ അജ്ഞാനിയായിത്തന്നെ നിലകൊള്ളുകയാണ്".

ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തിമൂന്നാമധ്യായം സമാപിച്ചു.

ഓം തത് സത്.








srimad bhagavatham, lamentation of devahuti, vidura-maitreya samvaadam, the talk between vidura and maitreya

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ