വിദുരൻ മൈത്രേയരോട് ചോദിച്ചു: "ഹേ ആരധ്യനായ മഹാമുനേ!, സ്വായംഭുവമനുവിന്റെ പരമ്പരയുടെ മഹത്വത്തെക്കുറിച്ച് ഞാൻ ഏറെ കേട്ടിരിക്കുന്നു. ആ പരമ്പരയെക്കുറിച്ച് അടിയനെ അവിടുത്തെ കരുണയാൽ ബോധവാനാക്കിയാലും. അദ്ദേഹത്തിന് പ്രിയവ്രതൻ, ഉത്താനപാദൻ എന്നീ രണ്ട് സത്പുത്രന്മാരുണ്ടായിരുന്നുവെന്നും അവർ സപ്തദ്വീപുകൾ ചേർന്ന തങളുടെ രാജ്യത്തിൽ ധർമ്മാധിഷ്ഠിതമായ ഉത്തമഭരണം കാഴ്ചവച്ചിരുന്നുമെന്നുമാണ് ഞങൾ കേട്ടിട്ടുള്ളത്. ഹേ അനഘനായ ബ്രാഹ്മണശ്രേഷ്ഠാ!, സ്വായംഭുവമനുവിന് ദേവഹൂതി എന്ന ഒരു പുത്രിയുണ്ടായതായും, അവൾ കർദ്ദമപ്രജാപതിയെ വിവാഹം കഴിച്ചതായുമൊക്കെ അങ് മുമ്പ് പറഞിട്ടിണ്ടു. അഷ്ടാംഗയോഗസിദ്ധിയിൽ അഗ്രഗണ്യനായ കർദ്ദമമുനി അവളിൽ എത്ര കുട്ടികൾക്കാണ് ജന്മം നൽകിയത്? കൂടാതെ, രുചിമുനിയും ദക്ഷപ്രജാപതിയുമെല്ലാം മനുപുത്രിമാരായ തങളുടെ ഭാര്യമാരോടൊപ്പം ചേർന്ന് പ്രജാവർദ്ധനം നടത്തിയതിന്റെ വൃത്താന്തം ഗ്രഹിക്കുവാൻ അടിയൻ നന്നേ ആഗ്രഹിക്കുകയാണ്.
ജിജ്ഞാസുവായ വിദുരന്റെ ചോദ്യങൾക്ക് മൈത്രേയമഹാമുനി ഉത്തരം നൽകുവാനായി ഇപ്രകാരം പറഞു: "വിദുരരേ!, ബ്രഹ്മദേവന്റെ ഉപദേശം സ്വീകരിച്ച് പ്രജാവർദ്ധനം ചെയ്യുവാനാരംഭിക്കുന്നതിനുമുമ്പ് ആരാധ്യനായ കർദ്ദമമുനി സരസ്വതീനദിയുടെ തീരത്തെത്തി പതിനായിരം വർഷക്കാലം തീവ്രതപസ്സനുഷ്ഠിച്ചു. ഇക്കാലമത്രയും കർദ്ദമമുനി സമാധിയുക്തനായി ഭക്തിയോഗംകൊണ്ട് പ്രപന്നപാലകനായ ഭഗവാൻ ഹരിയെ സമ്പ്രീതനാക്കി. തുടർന്ന്, കൃതയുഗത്തിൽ വേദവേദ്യനായ അരവിന്ദാക്ഷൻ, ഹരി തന്റെ ദിവ്യദർശനമരുളിക്കൊണ്ട് കർദ്ദമമുനിയിൽ സമ്പ്രീതനായി. സൂര്യതേജസ്സോടെ, വെള്ളത്താമരയും ആമ്പൽപ്പൂവുംകൊണ്ട് കോർത്തിണക്കിയ വനമാലയണിഞ്, തിളങുന്ന മഞപ്പട്ടുടുത്ത്, ചുരുൾമുടി ശോഭിക്കുന്ന പത്മാനനത്തോടെ, തന്റെ മുന്നിൽ നിൽക്കുന്ന വിരാജമാനമായ ഭഗവദ്രൂപം കണ്ട് കർദ്ദമമുനി ആശ്ചര്യപ്പെട്ടു. കനകകിരീടകുണ്ഡലാദ്യങളാൽ പരിശോഭിച്ച്, ചതുഭുജങളിൽ ശംഖചക്രഗദാപത്മങൾ പിടിച്ച്, ഭക്തഹൃദയങളെ കീഴടക്കുന്ന ആ കാരുണ്യമൂർത്തി കർദ്ദമനെ നോക്കി പുഞ്ചിരിതൂകി. ചരണാംബുജങൾ ഗരുഡോപരിവച്ച്, കഴുത്തിൽ കൗസ്തുഭശ്രീമണിയോടെ ഭവാൻ ഹരി ആകാശദേശത്ത് വിളങിനിന്നു. ഭഗവാനെ നേരിൽ കണ്ട കർദ്ദമമുനിയിൽ അതിരറ്റ ആത്മാനന്ദമുളവായി. അദ്ദേഹം സാഷ്ടാംഗം വീണ് ഭഗവത് പാദാരവിന്ദങളിൽ നമസ്ക്കാരമർപ്പിച്ചു. ഭഗവത് പ്രേമത്താൽ ആർദ്രമായ ഹൃദയത്തോടെ, തൊഴുകൈയ്യോടെ, കർദ്ദമൻ ഭഗവാനെ സ്തുതിച്ചു.
കർദ്ദമമുനി പറഞു: "ഭഗവാനേ!, സകലഭൂതങൾക്കും സർവ്വകാരണമായ അവിടുത്തെ ഈ അദ്ധ്യാത്മരൂപദർശനത്തിലൂടെ അടിയന്റെ കണ്ണുകൾക്കിതാ പുണ്യം സിദ്ധിച്ചിരിക്കുന്നു. ജന്മജന്മാന്തരങളായി യോഗസാധകൾ അനുഷ്ഠിച്ച് കാത്തിരിക്കുന്ന ഋഷീശ്വരന്മാക്കുപോലും സിദ്ധിക്കാത്തതാണ് ഈ പുണ്യദർശനം. സംസാരസാഗരം മറികടക്കുവാനുള്ള ഒരേയൊരു നൗക അവിടുത്തെ ഈ തൃച്ചേവടികൾ മാത്രമാണ്. അവിടുത്തെ മായയിൽ മുങി വിവേകം നഷ്ടമായ മനുഷ്യർ, നരകത്തിലും ലഭ്യമായ തുച്ഛലാഭത്തിനുവേണ്ടിയും ഈ പദതളിരിണകളെ പൂജിക്കാറുണ്ട്. അവർക്കുപോലും സർവ്വാഭീഷ്ടങളെ പ്രദാനം ചെയ്യുന്ന പരമകാരുണ്യവാനാണ് അങ്. അതുകൊണ്ട്, ഭഗവാനേ ഞാൻ അങയോടർത്ഥിക്കുകയാണ്, ഗൃഹസ്ഥാശ്രമജീവിതത്തിനോടുള്ള ഈയുള്ളവന്റെ ആഗ്രഹനിവൃത്തിക്കുവേണ്ടി അടിയനോടൊപ്പം നിൽക്കുന്ന സമാനശീലയായ ഒരു പത്നിയെ ലഭിക്കുവാൻ സർവ്വാഭീഷ്ടപ്രദായകനായ അവിടുന്ന് അനുഗ്രഹിക്കുമാറാകണം. അഖിലജഗത്തിന്റേയും ഗുരുവും നാഥനുമായ അവിടുത്തെ കൈകളിലെ കളിപ്പാവകളായ സകലജീവന്മാരും തങളുടെ ആഗ്രഹങളെ യാഥാർത്യമാക്കുന്നതിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരുടെ നിരയിൽ നിന്നുകൊണ്ട് ഈയുള്ളവനും കാലപുരുഷനായ അങയെ നമസ്ക്കരിക്കുന്നു. മൃഗതുല്യമതികളായിക്കൊണ്ട് തുച്ഛമായ ഭൗതികവിഷങളിൽ ആസക്തിവയ്ക്കാതെ, പരസ്പരം അങയുടെ മഹിമകളെ ശ്രവിച്ചും കീർത്തിച്ചും അങയുടെ ചരണാതപത്രത്തിൽ ആശ്രയം തേടുന്ന സത്തുക്കൾ, താൻ ഈ ശരീരത്തിനടിമയല്ലെന്ന ഉറച്ച വിശ്വാസത്തോടുകൂടി പരമസായൂജ്യമടയുന്നു. അങയുടെ കാലചക്രം അയനങളായും, പക്ഷങളായും, മാസങളായും, ദിവസങളായും, അതിവേഗം ചുറ്റി ഈ സർവ്വപ്രപഞ്ചസൃഷ്ടികളുടേയും ആയുസ്സിനെ ഹരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അവിടുത്തെ ഭക്തന്മാരെയാകട്ടെ, അത് സ്പർശിക്കാതെ കടന്നുപോകുകയും ചെയ്യുന്നു. ജഗത്സർവ്വം അങിൽനിന്നുമുടലെടുത്തിരിക്കുന്നു. അങിച്ഛിച്ചപ്പോൾ അവിടുത്തെ യോഗമായകൊണ്ട് അവിടുന്നുതന്നെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുപരിപാലിക്കുന്നു. അവിടുത്തെ ഇച്ഛയാൽതന്നെ അവ അങയിൽ ലയിക്കുകയും ചെയ്യുന്നു. ചിലന്തി വലകെട്ടിയഴിക്കുന്നതുപോലെ സൃഷ്ടിസ്ഥിതിസംഹാരാദിക്രമങൾ ഇവിടെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. സർവ്വതിലും അനാസക്തി വച്ചുകൊണ്ട്, ഞങളുടെ സുഖത്തിനുവേണ്ടിമാത്രം അങ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുപരിപാലിക്കുന്നു. ഇപ്പോഴിതാ വനമാലയും, തുളസീപത്രങളുമണിഞ അവിടുത്തെ അദ്ധ്യാത്മരൂപദർശനവും ഈയുള്ളവന് പ്രാപ്തമായി.
പ്രഭോ!, അങയുടെ കാരുണ്യവർഷത്തിനായിമാത്രം ഞാൻ അവിടുത്തോട് പ്രാർത്ഥിക്കുകയാണ്. നമനീയവും, സർവ്വകാമഫലപ്രദായകവുമായ അവിടുത്തെ കാൽത്തളിരിണകളിൽ അടിയിനിതാ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു. അനുഭവിക്കുന്തോറും ഭൗതികവിഷങളിൽ അനാസക്തരായി അവിടുത്തെ തൃച്ചേവടിയിൽ തിരികെ രമിക്കുവാൻ തക്കവണ്ണം അങ് ഈ വിഷയങളോരോന്നും അവിടുത്തെ യോഗമായയാൽ നിർമ്മിച്ച് ഞങൾ ജീവഭൂതങൾക്ക് യഥേഷ്ടം തന്നരുളിയിരിക്കുന്നു. അങനെയുള്ള പരമാത്മവസ്തുവായ അങയുടെ പാദാരവിന്ദത്തിൽ അടിയന്റെ സാഷ്ടാംഗപ്രണാമം".
മൈത്രേയൻ തുടർന്നു: "വിദുരരേ!, കർദ്ദമമുനിയുടെ സ്തുതിയെ ഭഗവാൻ ഹൃദയം കൊണ്ടു സ്വീകരിച്ചു. മുനിയിൽ സമ്പ്രീതനായ ഭഗവാന്റെ മറുപടി അമൃതം പോലെ കർദ്ദമമുനിയുടെ ഹൃദയസ്ഥാനത്തേക്കൊഴുകിയിറങി. ഭഗവാൻ മന്ദഹസിച്ചുകൊണ്ട് പറഞു: "കർദ്ദമമുനേ!, ഭവാന്റെ അഭിലാഷം നാം മുന്നമേ അറിഞിരിക്കുന്നു. അങെന്തിനുവേണ്ടിയാണോ നമ്മെ ധ്യാനിച്ചത്, അതിനുള്ള അനുഗ്രഹം ചൊരിയുവാൻ നാം സ്വയമേവ സന്നദ്ധനാണ്. പ്രിയഋഷേ!, അങയെപ്പോലെ, സർവ്വവും ത്യജിച്ച് നമ്മിൽ ശരണാഗതിചെയ്യുന്നവർക്ക് ഈ പ്രപഞ്ചത്തിൽ യാതൊരു പീഡയും ഉണ്ടാകുവാൻ വഴിയില്ല.
വിധാതാവിന്റെ പുത്രൻ, കീർത്തിമായ സാമ്രാട്ട് സ്വായംഭുവമനു ബ്രഹ്മാവർത്തമെന്ന ലോകത്തിലധിഷ്ഠിതനായി സപ്തസാഗരത്തേയും പരിപാലിക്കുന്നു. ഹേ ബ്രാഹ്മണോത്തമാ!, പ്രസിദ്ധനും ധർമ്മകോവിദനുമായ ആ രാജഋഷി മറ്റേന്നാൾ തന്റെ റാണി ശതരൂപയോടൊപ്പം ഭവാനെക്കാണുവാനുള്ള അഭിലാഷത്തോടെ ഇവിടെയെത്തുന്നതാണ്. അവർക്ക് അസിതാപാംഗിയായ ഒരു സുന്ദരപുത്രിയുണ്ട്. സത്സ്വഭാവിയായ അവൾ അങേയ്ക്കനുരൂപയും, കല്യാണപ്രായമെത്തിയ സുന്ദരയുവതിയുമാണ്. തങളുടെ മകൾക്കനുരൂപനായ ഒരു ഭർത്താവിനെത്തേടിയലയുന്ന ആ ദമ്പതിമാർ തങളുടെ മകളെ സർവ്വഗുണസമ്പന്നനായ അങേയ്ക്ക് വിവാഹം ചെയ്തുതരുവാൻ സമ്മതം പ്രകടിപ്പിക്കും. ഹേ ധന്യനായ മുനേ!, അങിത്രകാലം മനസ്സിൽകൊണ്ടുനടന്ന സ്ത്രീസൗന്ദര്യത്തെ അങ് അവളിൽ കാണുകയും, പെട്ടെന്നുതന്നെ അവൾ അങയുടേതാകുകയും ചെയ്യും. അതില്പരം അവൾ അങയെ സേവിച്ച് അങയുടെ ഹൃദയകുഞ്ജത്തിൽ വസിക്കുന്നതാണ്. ഒരിക്കൽ നിങളുടെ ദാമ്പത്യജീവിതം ആരംഭിക്കുന്നതോടെ അവൾ അങയുടെ ഒമ്പത് പുത്രിമാർക്ക് ജന്മം നൽകും. കാലാന്തരത്തിൽ യൗവ്വനയുക്തരാകുന്ന അവരെ ഋഷിവര്യന്മാർ പാണിഗ്രഹണം ചെയ്തു അവരിൽ അനേകം പ്രജകളെ സൃഷ്ടിക്കും. അങനെ നമ്മുടെ ആദേശം സാത്ക്ഷാത്ക്കരിച്ച്, സകലകർമ്മങളും നമ്മിലർപ്പിച്ച് നമ്മെ ആരാധിച്ച്, ചിത്തം ശുദ്ധമാക്കി, ഒടുവിൽ ഭവാൻ നമ്മിൽ സായൂജ്യമടയുകയും ചെയ്യും. സകലഭൂതങളിലും കാരുണ്യാവാനായി ആങ് ആത്യന്തികമായ മോക്ഷപദത്തെ പ്രാപിക്കും. സർവ്വഭൂതങൾക്കും സംരക്ഷകനായി ജീവിക്കുന്ന ഭവാൻ അങയോടെപ്പം സകലഭൂതങളും നമ്മിൽ കുടികൊള്ളുന്നുവെന്ന സത്യത്തെ അറിയുകയും, അതേസമയംതന്നെ നാം അങയുടെ ഹൃദയകമലത്തിൽ വസിക്കുന്നുവെന്ന അദ്ധ്യാത്മികതത്വത്തെ ദർശിച്ചറിയുകയും ചെയ്യും.ഒമ്പത് പുത്രിമാർക്കൊപ്പം, ദേവഹൂതിയിൽ ഭവാന്റെ പുത്രനായി നാംതന്നെ അവതരിച്ച് അവൾക്ക് ആത്മതത്വത്തെ ഉപദേശിക്കുകയും, അതുവഴി അവൾ മോക്ഷം നേടി നമ്മിൽ തിരിച്ചെത്തുകയും ചെയ്യുന്നതാണ്.
മൈത്രേയൻ തുടർന്നു: "വിദുരരേ!, ഭഗവാൻ നാരായണൻ കർദ്ദമമുനിയോട് ഇപ്രകാരം അരുളിചെയ്തതിനുശേഷം സരസ്വതീനദിയാൽ ചുറ്റപ്പെട്ട ബിന്ദുസരോവരത്തിൽ നിന്നും അപ്രത്യക്ഷനായി. തന്റെ കണ്മുന്നിൽ നിന്നും മറഞ് വൈകുണ്ഠദേശത്തേക്ക് യാത്രയാകുന്ന ഭഗവാനെ നോക്കിനിൽക്കുമ്പോൾ, കർദ്ദമമുനി കേട്ടത് ഗരുഡന്റെ ചിറകടിയിലൂടെയുതിർന്നുവീഴുന്ന സാമവേദമന്ത്രധ്വനികളായിരുന്നു.
ഭഗവാൻ അപ്രത്യക്ഷനായതിനുശേഷം കർദ്ദമമുനി, സ്വായംഭുവമനു തന്റെ ധർമ്മപത്നി ശതരൂപയോടും, മകൾ ദേവഹൂതിയോടുമൊപ്പം ആഗതനാകുന്ന ധന്യമുഹൂർത്തവും കാത്ത് ബിന്ദുസരോവരത്തിന്റെ തീരത്തുതന്നെ താമസിച്ചു. സ്വായഭുവമനുവാകട്ടെ, ഭാര്യാപുത്രീസമേതനായി രത്നങൾ പതിപ്പിച്ച ഒരു സ്വർണ്ണരഥത്തിൽ ആരൂഡനായി ഭൂമിയിലുടനീളം സഞ്ചരിച്ചു. ഒടുവിൽ, ഭഗവാൻ അരുളിചെയ്തതുപോലെതന്നെ കർദ്ദമമുനിയുടെ വൃതം അവസാനിക്കുന്നദിവസം ആ മുനികുടുംബം, കർദ്ദമാശ്രമത്തിലെത്തി.
സരസ്വതീനദിയിലെ ജലം കരകവിഞ് ബിന്ദുസരോവരത്തിലേക്കൊഴുകിയ ഓരോതുള്ളിയും അമൃതം പോലെ മധുരിതമായിരുന്നു. അതിനൊരു കാരണവുമുണ്ടത്രേ. കർദ്ദമമുനിയുടെ മുന്നിൽ പ്രത്യക്ഷനായ ഭഗവാൻ തന്റെ ഭക്തന്റെ അനുപമമായ പ്രേമം കണ്ട് തിരുനയനങളിലൂടെയൊഴുക്കിയ അശ്രുകണങൾ ആ സരസ്സിൽ വീണു ലയിക്കുകയുണ്ടായി. ആ പൊയ്ക അന്നുമുതൽ കർദ്ദമന്റെ ആശ്രമത്തിന് തുണയായി അതിലൂടെയൊഴുകി. അതിന്റെ തീരങളിലുടനീളം ഫലപുഷ്പങൾ വാരിക്കോരിച്ചൊരിഞുകൊണ്ട് വൃഷലതാതിൽ തിങിവളർന്നുനിന്നു. വനങളുടേയും ഉപവനങളുടേയും മാസ്മരസൗന്ദര്യം അലതല്ലുന്ന ആ തീരം നല്ല മൃഗങൾക്കും പറവകൾക്കും ആവാസകേന്ദ്രമായി മാറി. ആനന്ദാതിരേകത്താലുള്ള പക്ഷികളുടെ കളകൂജനങളാൽ അവിടം മാറ്റൊലികൊണ്ടു. ആനന്ദമദോന്മത്തരായ വണ്ടുകൾ അവിടമാകെ ചുറ്റിപറന്നു. മയിലുകൾ ആനന്ദനൃത്തമാടി. കോകിലങൾ അന്യോന്യം മാടിവിളിച്ചു. കദംബം, ചെമ്പകം, മുതലായ പൂത്തുലഞ മരങളാലും, ചക്രവാഗം, അരയന്നം ആദിയായ പക്ഷികളുടെ നിസ്വനങളാലും ബിന്ദുസരോവരം മനോഹരിയായി അണിഞൊരുങിനിന്നു. അതിന്റെ തീരത്തുകൂടി ആനകളും, കുരങുകളും, സിംഹങളുമെല്ലാം ഭയലേശമില്ലാതെ സ്വതന്ത്രമായി മദിച്ചുനടന്നു.
വിദുരരേ! ഇങനെ അതിമനോഹരിയായ ബിന്ദുസരോവരത്തിന്റെ തീരത്ത് കെട്ടിയുണ്ടാക്കിയിട്ടുള്ള കർദ്ദമമുനിയുടെ പർണ്ണശാലയ്ക്കടുത്ത് സ്വായഭുവമനുവിന്റെ രഥം വന്നുനിന്നു. യാഗാഗ്നിയിലേക്ക് ദ്രവ്യങൾ ഹോമിക്കുകയായിരുന്ന കർദ്ദമമുനിയെ മനു ദൂരത്തുനിന്നുതന്നെ കണ്ടു. അദ്ദേഹം തന്റെ ഭാര്യയോടും മകളോടുമൊപ്പം മുനിയുടെയടുത്തേക്ക് നടനന്നടുത്തു. ഭഗവാൻ ഹരിയുടെ ദർശനസൗഭാഗ്യവും, അമൃതവാണികളും കൊണ്ട് കർദ്ദമൻ സർവ്വൈശ്വര്യയുക്തമായി കാണപ്പെട്ടു. പത്മദളായതലോചനത്തോടും, ജടിലമായ കേശഭാരത്തോടും, ജീർണ്ണവസ്ത്രധാരിയായും, കർദ്ദമമുനി അത്യധികം ശോഭിച്ചു. മലിനാംബരനെങ്കിലും മുത്തുപോലെ വിദ്യോതമാനവും, തപസ്സാൽ പക്വവുമായിരുന്നു ആ താപസ്സശ്രേഷ്ടന്റെ ശരീരം. ചക്രവർത്തിയായ സ്വായംഭുവമനു കുടുംബസമേതം തന്റെ ഉടജാങ്കണത്തിലെത്തിയതുകണ്ട് കർദ്ദമമുനി എഴുന്നേറ്റുവന്ന് ആദരപൂർവ്വം അദ്ദേഹത്തെ സ്വാഗതം ചെയ്തു. പർണ്ണശാലയിൽ കടന്നിരുന്ന ആദിരാജൻ അല്പസമയം മൗനം പാലിച്ചു.
എന്നാൽ ഭഗവാന്റെ ഉപദേശങളെ സ്മരിച്ചുകൊണ്ട് കർദ്ദമൻ മാധുര്യമേറുന്ന വാക്കുകളാൽ സ്വായഭുവമനുവിനോട് പറഞു: "ഹേ ഭഗവൻ!, അങയുടെ ലോകസഞ്ചാരം സത്തുക്കളെ സംരക്ഷിക്കുവാനും, അസത്തുക്കളെ വധിക്കുവാനുമാണെന്ന് നിസംശയം നാം മനസ്സിലാക്കുന്നു. കാരണം അങ് ഭഗവാൻ ഹരിയുടെ അത്ഭുതവീര്യത്തെ സദാ ഉള്ളിൽ കൊണ്ടുനടക്കുന്നവനാണല്ലോ!. ആവശ്യാനുസരണം അങ് സൂര്യചന്ദ്രന്മാരുടേയും, അഗ്നിയുടേയും, ഇന്ദ്രന്റേയും, വായുവിന്റേയും, യമരാജന്റേയും, ധർമ്മരാജന്റേയും, വരുണന്റേയും എന്നുവേണ്ടാ, സകലദേവതകളുടേയും പ്രതീകമായി വർത്തിക്കുന്നു. അങ് സ്വയമേവ ഭഗവാൻ വിഷ്ണു തന്നെയാണ്. അങ് ഉചിതമായ സമയത്ത്, അങയുടെ പ്രഭാവത്താലും, ഹരിദത്തമായ അത്ഭുതവീര്യത്താലും, വേണ്ടവിധം പ്രവർത്തിക്കാത്തപക്ഷം, ഇവിടെ ആഭാസന്മാരും, ആതതായികളും ചേർന്ന് അവരുടെ ആധിപത്യം സ്ഥാപിക്കും. ഭഗവാൻ ഹരിയാൽ അനുശാസിതങളായ നീതിന്യായവ്യവസ്ഥകളും, വർണ്ണാശ്രമധർമ്മങളുമൊക്കെ തകിടം മറിയും. അങയുടെ ശിക്ഷണം അവിടുന്ന് ഒരുനിമിഷം പപിൻവലിച്ചാൽ ഇവിടെ അധർമ്മം തന്റെ പാത വിരിക്കും. ധനമോഹികളായ മനുഷ്യർ കയറൂരിവിട്ട കാളകളെപ്പോലെ ധനത്തിനുപിറകേ കുതിച്ചുപായും. അധമന്മാർ ഈ ലോകത്തെ അതിതൂർണ്ണം നശിപ്പിക്കും. ഇത്രകണ്ട് പ്രധാനമായ ഒരു സ്ഥാനം അങീപ്രപഞ്ചത്തിൽ വഹിക്കുമ്പോൾ ഈയുള്ളവന്റെ പർണ്ണശാലയിലേക്കുള്ള അങയുടെ ആഗമനോദ്ദേശ്യമറിയുവാൻ നാം ആഗ്രഹിക്കുകയാണ്. എന്തുതന്നെയായാലും അതിനെ ഹൃദയകൊണ്ടുതന്നെ സ്വീകരിക്കുവാൻ അടിയൻ സന്നദ്ധനുമാണ്".
ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം ഇരുപത്തൊന്നാമധ്യായം സമാപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ