chapter-19 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chapter-19 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

3.19 ഹിരണ്യാക്ഷവധം.

ഓം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 19



​മൈത്രേയൻ പറഞു: "ഹേ ഭാരതപുത്രാ!, വരാഹ-ഹിരണ്യാക്ഷയുദ്ധം കണ്ട് അത്ഭുതപരവശനായ സൃഷ്ടികർത്താവ് ഭഗവന്മഹിമകളെ അങേയറ്റം കീർത്തിച്ചു. നിർവ്യളീകവും അമൃതം പോലെ മാധുര്യപൂർണ്ണവുമായ അദ്ദേഹത്തിന്റെ വാക്കുകളിൽ സമ്പ്രീതനായ ഭഗവാൻ പ്രേമപൂരിതമായ ഒരു പുഞ്ചിരിയോടെ ആ പ്രാർത്ഥന കൈകൊണ്ടു.

ഹിരണ്യാക്ഷന്റെ വിദ്വേഷഭാവവും പ്രകീർത്തിനയോഗ്യമായിരുന്നു. അവൻ ചാടിയുയർന്നു ഭീമാകാരമായ തന്റെ ഗദ ചുഴറ്റി ഭഗവാന്റെനേർക്ക് ഗർവ്വോടെ നിർഭയനായി പാഞടുത്തു. ഹിരണ്യാക്ഷന്റെ താടിയെല്ലുനോക്കി ആഞടിക്കുവാനോങിയ ഭഗവാന്റെ ഗദ, ഹിരണ്യാക്ഷന്റെ തത്തുല്യം ബൃഹത്തായ ഗദയുമായി കൂട്ടിയിടിച്ച് അത്ഭുതാവഹമായ ഒരു ശബ്ദത്തോടെ ആ തൃക്കയ്യിൽ നിന്നും വഴുതിവീണു. ഉജ്ജ്വലദീപ്തിയോടെ അത് കറങിവീഴുന്ന കാശ്ച അതിമനോഹരമായിരുന്നു. വിദുരരേ!, ഇവിടെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു ഹിരണ്യാക്ഷന്റെ പ്രതികരണം. ആയുധം നഷ്ടപ്പെട്ട ഭഗവാനുമേൽ വിജയം കൈവരിക്കുവാൻ സാധ്യതയുണ്ടെന്നുതോന്നിയ ഈ അവസരത്തിൽ അവൻ യുദ്ധധർമ്മത്തിന് പ്രാമുഖ്യം കൊടുത്തു. ഈ സമയം ഭഗവത്പ്രേമികളായ ദേവതകളിൽനിന്നും, ഋഷികളിൽനിന്നും ഒരു ദീർഘനിശ്വാസമുണർന്നു. അവർ അമ്പരപ്പോടെ ആ രംഗം കണ്ടുനിന്നു. ഭഗവാൻ അവന്റെ നീതിബോധത്തെ ഹൃദയംകൊണ്ട് സ്വീകരിച്ചു. അതേസമയംതന്നെ തന്റെ സുദർശനചക്രത്തെ വിരൽതുമ്പിലേക്കാവാഹിക്കുകയും ചെയ്തു. ആ ദിവ്യായുധം വന്ന് ഭഗവാന്റെ വിരൽതുമ്പിൽ ചുഴലുവാൻ തുടങിയ സമയം അനന്തമായ ആകാശത്തിൽ ദേവഗണങൾ വട്ടമിട്ടുനിന്നുകൊണ്ട് പറഞു: "ഹേ നാരായണാ!, നിന്റെ ലീലകൾ മതിയാക്കി ദിതിയുടെ ഈ ദുഷ്ടപുത്രനായ വധിച്ചാലും, അങ് വിജയിക്കട്ടെ പ്രഭോ!, അങ് വിജയിക്കട്ടെ!." രക്തനേത്രങളോടെ, സുദർശനചക്രവുമേന്തിനിന്നരുളുന്ന വരാഹമൂർത്തിയെ കണ്ടതും ഹിരണ്യാക്ഷന്റെ ഇന്ദ്രിയങളും ബുദ്ധിയും ഭ്രമിച്ചു. അവൻ രോഷാകുലനായി പല്ലും ഞെരിച്ച് ഉഗ്രവിഷകാരിയായ ഒരു സർപ്പത്തെപ്പൊലെ ഭഗവാനുനേരേ ചീറിയടുത്തു. ഭയാനകമായ അവന്റെ ദംഷ്ട്രകൾ രക്തനിമഗ്നമാകാ വെമ്പി. "നിന്നെ ഞാനിതാ വധിക്കുവാൻ പോകുന്നു" എന്നാക്രോശിച്ചുകൊണ്ട് ഗദയുമായി അവൻ ഭഗവാനുമേൽ ചാടിവീണു. പണ്ഡിതനായ വിദുരരേ!, ശത്രുവിൽനിന്നും ഒരു കൊടുങ്കാറ്റുപോലെ തനിക്കുനേരേ വന്നടുത്ത ഗദയെ സകലയജ്ഞങളുടെ ഭോക്താവും, സൂകരരൂപിയുമായ ഭഗവാൻ ഇടതുകാൽകൊണ്ട് നിശ്പ്രയാസം തട്ടിയെറിഞു.

"ഹേ അസുരശ്രേഷ്ഠാ!, പോയി നിന്റെ ആയുധമെടുത്തുകൊണ്ടുവരൂ!, കഴിയുമെങ്കിൽ എന്നെ ജയിക്കുവാൻ നോക്കൂ!" എന്നുപറഞുകൊണ്ട് ഭഗവാൻ ആ ദൈത്യേന്ദ്രന്റെ മനസ്സിനെ കൂടുതൽ പ്രക്ഷുബ്ദമാക്കി. എരിതീയിൽ വീഴുന്ന എണ്ണപ്പോലുള്ള ഭഗവാന്റെ വാക്കുകൾ കേട്ട് അപമാനിതനായ ഹിരണ്യാക്ഷൻ അലsrറിക്കൊണ്ട് തന്റെ ഗദ ഭഗവാനുനേരേ ചുഴറ്റിയെറിഞു..  തനിക്കുനേരേ പാഞടുക്കുന്ന ആസുരീകമായ ആ ആയുധത്തെ, ഗരുഡൻ സർപ്പത്തെ റഞ്ചിയെടുക്കുമാറ്, വരാഹമൂർത്തി കടന്നുപിടിച്ചു. പിന്നീട് തിരികെ നൽകിയെങ്കിലും അവഹേളനത്തിന് വിധേയനായി നിരാശനായ ഹിരണ്യാക്ഷൻ അത് സ്വീകരിക്കുവാൻ കൂട്ടാക്കിയില്ല. പകരം അവൻ തീചീറ്റുന്ന ഒരു ത്രിശൂലമെടുത്ത് ഭഗവാനുനേരേ പ്രയോഗിച്ചു. വിപ്രന്മാർക്കുനേരേ ഒരുവൻ ആഭിചാരകർമ്മം ചെയ്യുന്നതുപോലെയായിരുന്നു ഹിരണ്യാക്ഷന്റെ ഈ ആക്രമണം. ഹിരണ്യാക്ഷനെയ്ത ആ ത്രിശൂലം അത്യുജ്ജ്വലമായി കത്തിജ്വലിച്ചുകൊണ്ട് ആകാശത്തേക്ക് പറന്നുയർന്ന്. ഭഗവാൻ തന്റെ സുദർശനചക്രത്തെയയച്ച് ആ ജ്വലിക്കുന്ന ത്രിശൂലം, ഇന്ദ്രൻ ഗരുഡന്റെ ചിറകരിഞുവീഴ്ത്തിയതുപോലെ, കഷണങളായി ഛേദിച്ചെറിഞു. അതുകണ്ട ഹിരണ്യാക്ഷനിൽ ക്രോധം അണപൊട്ടിയൊഴുകി. അവൻ ഭഗവാനുനേരേ ഓടിയടുത്ത് കഴിയുന്നത്ര ശക്തിയിൽ മുഷ്ടിചുരുട്ടി ശ്രീവത്സം ശോഭിക്കുന്ന ആ തിരുമാറിൽ ആഞിടിച്ചു. അനന്തരം അവിടെനിന്നും കടന്നുകളയുകയും ചെയ്തു. ഒരു കരിവീരന്റെ ശരീരത്തിൽ പൂച്ചെണ്ടുകൊണ്ടടിക്കുന്നതുപോലെയായിരുന്നു ഹിരണ്യാക്ഷനിൽനിന്നും ഭഗവാനേറ്റ ആ പ്രഹരം. സർവ്വശക്തനായ നാരായണൻ അണുവിട ചലിക്കാതെ അവിടെത്തന്നെനിന്നു. പലേവിധത്തിലുള്ള യുദ്ധതന്ത്രങളുപയോഗിച്ച് ഹിരണ്യാക്ഷൻ ഭഗവാനോടെതിർത്തുവെങ്കിലും ആ പരമാനന്ദമൂർത്തിയുടെ യോഗമായയെ വെല്ലുവാൻ അവന് സാധിച്ചില്ല. കാഴ്ചക്കാർ ലോകം പ്രളയജലത്തിലാണ്ടുപോകുമോയെന്ന് ചിന്തിച്ച് ഭയന്നു.

ഉഗ്രവേഗത്തിൽ കറങിയടിച്ച ചുഴലിയിൽ പൊടികൾ പറന്ന് അവിടമാകെ ഇരുട്ടുപരത്തി. പാറത്തുണ്ടുകൾ നാനാദിക്കുകളിൽനിന്നും ശരവർഷംപോലെ എടുത്തെറിയപ്പെട്ടു. തേജോഗോളങൾ ആ പൊടിമറയിൽ അപ്രത്യക്ഷമായി. ഇടിയും മിന്നലും ഇടതൂർന്നുണ്ടായിക്കൊണ്ടിരുന്നു. ആകാശത്തുനിന്നും ചലവും, മുടിയും, ചോരയും, അമേധ്യവും, മൂത്രവും, അസ്ഥിയും മുതലായ വിസർജ്ജ്യവസ്തുക്കൾ പൊഴിയാൻ തുടങി. അംബരചുംബികളായ മഹാപർവ്വതങൾ നിരന്നുനിന്നു നാനാതരങളിലുള്ള അസ്ത്രങൾ വിക്ഷേപിച്ചു. ദിക്വസ്ത്രരായ രാക്ഷസവർഗ്ഗങൾ അഴിച്ചിട്ട കേശഭാരത്തോടുകൂടി കൈകളിൽ ത്രിശൂലങളുമായി ഓടിയടുത്തു. ആതതായികളും, ദുഷ്ടരുമായ യക്ഷരക്ഷസ്സുകൾ ആനകളുടെമേലും, രഥങളിലും, കാലാളുകളായും വന്ന് അസഭ്യമായ വാക്കുകൾ പുലമ്പി.

ഹേ അനഘനായ വിദുരരേ!, വരാഹമൂർത്തിയായി അവതരിച്ച് ഉർവ്വിയുടെ വേദന തീർക്കുവാനായി ഹിരണ്യാക്ഷനോട് പടപൊരുതിനിൽക്കുന്ന ഭഗവാൻ ഒടുവിൽ ഈ രക്ഷോഗണങളുടെയെല്ലാം ഐന്ദ്രജാലികമായ പ്രകടനങൾ ഒന്നൊഴിയാതെ ഇല്ലാതാക്കുവാൻ തീരുമാനിച്ചുകൊണ്ട് തന്റെ സർവ്വശക്തമായ സുദർശനം പ്രയോഗിച്ചു.

വിദുരരേ!, ആ സമയം ദിതിയുടെ ഹൃദയത്തിൽ ഒരാളലുണ്ടായി. അവൾ തന്റെ ഭർത്താവായ കശ്യപപ്രജാപതിയുടെ വാക്കുകളെ അനുസ്മരിച്ചു. ആ സ്തനങളിലൂടെ ചോര ചുരന്നു.

അതേസമയം യുദ്ധത്തിൽ തന്റെ സകല അടവുകളും പിഴച്ചുവെന്ന് തീർത്തും ബോധ്യമായപ്പോൾ ഹിരണ്യാക്ഷൻ അവസാനമായി ഒരിക്കൽകൂടി ഭഗവാനുനേരേ ക്രോധാകാരനായി ആർത്തുവിളിച്ചുകൊണ്ട് ഓടിയടുത്തു. ബലിഷ്ഠമായ തന്റെ കരങൾക്കുള്ളിലാക്കി ഭഗവാനെ ഞെരിച്ചുകൊല്ലുവാൻ ആവേശത്തോടെ തിമർത്തുവന്ന ഹിരണ്യാക്ഷൻ തന്റെ കരവലയത്തിന് ബഹിർഭാഗത്തുനിന്നരുളുന്ന ഭഗവാനെക്കണ്ട് ഇളിഭ്യനായി. ഈ അടവും പിഴച്ചതറിഞ് അവൻ ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി ഭഗവാനുനേരേ ഓടിയടുത്തു. അധോക്ഷജനായ ഹരി, പണ്ട് മരുത്പതിയായ ഇന്ദ്രൻ വൃത്രാസുരനെ അടിച്ചുവീഴ്ത്തിയതുപോലെ, ഹിരണ്യാക്ഷന്റെ കർണ്ണമൂലം നോക്കി പ്രഹരിച്ചു. അജിതനായ ഭഗവാനിൽനിന്ന് ഈവിധം പ്രഹരമേറ്റ ഹിരണ്യാക്ഷൻ പരിഭ്രാന്തനായി വട്ടം ചുഴന്ന് നിലം പതിച്ചു. അവന്റെ കണ്ണുകൾ രക്തത്തോടെ പുറത്തേക്കുചാടി. സകലശരീരഭാഗങളും കരചരണങളോടൊപ്പം ഞെരിഞൊടിഞ്, എപ്രകാരമാണോ ഒരു പടുകൂറ്റൻ വൃക്ഷം വേരറ്റ് നിലം പൊത്തുന്നത്, അപ്രകാരം ആ അസുരശ്രേഷ്ഠൻ ചത്തുമലച്ചു.

ഹേ അനഘാ!, ബ്രഹ്മാദിനിർജ്ജരന്മാരും, യോഗീന്ദ്രന്മാരും ആ കാഴ്ചകണ്ട് അത്ഭുതം കൂറി. തകർന്നടിഞുകിടക്കുന്ന ഭീമാകാരനായ ആ ദൈത്യേന്ദ്രന്റെ കരാളവദനം അപ്പോഴും നിറം മങാത്തതിൽ അവർ ആശ്ചര്യഭരിതരായി. അമ്പരപ്പോടെ അവർ പറഞു: "അഹോ ഭാഗ്യം!, എത്ര അനുഗ്രഹീതമായ മരണമാണിവന് ആ കാലപുരുഷൻ വിധിച്ചത്!"

വിദുരരേ!, വിജനമായ സ്ഥലങളിലിരുന്ന് യോഗികൾ വിദേഹമുക്ത്യർത്ഥം ധ്യാനിക്കുന്ന ഭഗവാൻ ഹരിയുടെ ആ പുണ്യശരീരത്തിലെ മുൻകാലുകളുടെ പ്രഹരമേറ്റാണ് ഹിരണ്യാക്ഷന് നിധനം സംഭവിച്ചത്. തകർന്നുവീണ കിടപ്പിൽ ഹിരണ്യാക്ഷൻ കണ്ടത് ആ തിരുമുഖകമലത്തിൽനിന്ന് തനിക്കുനേരേ പൊഴിയുന്ന അമൃതവർഷമായിരുന്നു. ദർശനമാത്രയിൽ അവൻ തന്റെ ശരീരമുപേക്ഷിച്ചു.

ഹേ ഭാരതാ!, ഇങനെ, വൈകുണ്ഠദ്വാരപാലകന്മാരായിരുന്ന ജയവിജയന്മാർക്ക് സനകാദികളിൽനിന്നേറ്റുവാങേണ്ടിവന്ന ശാപകാരണത്താൽ വ്യത്യസ്ഥങളായ കുറെ അസുരയോനികളിൽ ജന്മമെടുക്കേണ്ടിവരുകയും, പിന്നീട് ഭഗവാനിൽ വിദ്വേഷഭാവഭക്തിവച്ചുകൊണ്ട് അവനുമായി പടപൊരുതി കഴിയുന്നത്രവേഗത്തിൽ അവർക്ക് വൈകുണ്ഠലോകത്തിലേക്കുള്ള പുനഃപ്രാപ്തിയുണ്ടാകുകയും ചെയ്തു.

യുദ്ധാവസാനം ദേവന്മാർ ഭഗവാനോട് പറഞു: "ഭഗവാനേ!, അവിടുത്തേക്ക് അനന്തകോടി നമസ്ക്കാരം!. അവിടുന്ന് സകലയജ്ഞങളുടേയും ഭോക്താവാണ്. സത്വഗുണം സ്വീകരിച്ച് വരാഹമൂർത്തിയായി അവതാരമെടുത്തിതാ ഈ ലോകത്തെ രക്ഷിക്കുവാനയി അങ് വീണ്ടും വന്നിരിക്കുന്നു. ഞങൾക്കും സകലലോകത്തിനും തീരാദുഃഖമായിരുന്ന ഈ അസുരരാജാവിനെ അങ് യമപുരിക്കയച്ച് അടിയങളെ രക്ഷിച്ചരുളിയിരിക്കുന്നു. ഇനിമുതൽ ഭയംകൂടാതെ ഞങൾക്കങയെസേവിക്കാമെന്നതിൽ ഞങൾ ആനന്ദിക്കുകയാണ്".

മൈത്രേയൻ തുടർന്നു: "വിദുരരേ!, അങനെ അക്ഷയവിക്രമനായ ഹിരണ്യാക്ഷനെക്കൊന്നതിനുശേഷം ഭഗവാൻ ഹരി തന്റെ ധാമത്തിലേക്ക് തിരിച്ചു. ദേവലോകം പ്രകാശമാനമായി. അവർ അവിടെ അഖണ്ഡോത്സവം കൊണ്ടാടിക്കൊണ്ട് അവർ ഭഗവാനെ അവന്റെ അതുഭുതമഹിമകളാൽ വാഴ്ത്തിസ്തുതിച്ചു. ആ ആദിനാരായണൻ സൂകരവേഷംപൂണ്ട് ഇവിടെ അവതീർണ്ണനായതും, വീരനായ ഹിർണ്യാക്ഷനെ യുദ്ധത്തിൽ വധിച്ചു തന്റെ ലീലകളാടിയതും, ഇവിടെ ധർമ്മം പുനഃസ്ഥാപിച്ചതുമായ അവന്റെ അദ്ധ്യാത്മലീകളെല്ലാം ഞാൻ എന്റെ കാരുണ്യനിധിയായ ഗുരുനാഥനിൽനിന്നും കേട്ടറിഞപ്രകാരംതന്നെ ഭവാനോട് പറഞുകഴിഞു".

നൈമിഷാരണ്യത്തിൽ ശൗനകരോടൊപ്പം കൂടിയിരിക്കുന്ന മുനിപുംഗവന്മാരോടായി സൂതമഹാമുനി പറഞു: "ഹേ ശൗനകാദിമുനിശ്രേഷ്ഠന്മാരേ!, അങനെ ഭക്തോത്തമനായ വിദുരൻ പണ്ഡിതനായ മൈത്രേയരിൽനിന്നും ഭഗവന്മഹിമകളെക്കേട്ട് പരമമായ ആത്മജ്ഞാനനിർവൃതിയിൽ നിമഗ്നനായി. ഉദ്ദാമയശ്ശസ്സോടുകൂടിയ ആ ഉത്തമശ്‌ളോകന്റെ മഹിമാശ്രവണമാത്രയിൽ വിദുരരിലെന്നപോലെ ഏതൊരു മനുഷ്യരിലും അതിരറ്റ ബ്രഹ്മാനന്ദം ഉളവാകുന്നു. ഇങനെയുള്ള മാധവമഹിമകളെപറ്റി എത്ര ചൊന്നാലാണ് തൃപ്തിവരുന്നത്!. ഒരു മൃഗമായിരുന്നിട്ടുകൂടി, ഭഗവത്പദതളിരിൽ ആശ്രിതനായ ഗജേന്ദ്രനെ അതിഘോരനായ നക്രത്തിന്റെ പിടിയിൽനിന്നും നിമിഷമാത്രത്തിൽ ആ കരുണാമയൻ മോചിതനാക്കി. ആ കരിവീരനെ അനുചരിച്ചിരുന്ന പിടിയാനകൾ ഭീതരായി അവനോട് കേണപേക്ഷിച്ചപ്പോൾ, അവർക്കും ആ അത്യാപത്തിൽനിന്നും ഭഗവാൻ രക്ഷയരുളി.

ഏത് ജീവനാണിവിടെ ഇങനെയുള്ള പരമാത്മാവിൽ രതിയുണ്ടാകാത്തത്?. തന്നിൽ അനന്യമായ ശരണാഗതി ചെയ്യുന്നവരിൽ അവൻ അവിളംബം പ്രസാദിക്കുന്നു. എന്നാൽ ദുരാത്മാക്കളിലാകട്ടെ, അവൻ എന്നും ദുരാരാധ്യനായിതന്നെ നിലകൊള്ളുകയും ചെയ്യുന്നു.

ഹേ ധന്യാത്മാക്കളേ!, അത്യത്ഭുതമായി ഭഗവാൻ ആദിനാരായണൻ വിക്രമവീര്യനായ ഹിരണ്യാക്ഷനെ കൊന്ന് ഭൂമിദേവിയെ രക്ഷിച്ച ഈ ചരിതം ഭക്തിയോടെ കേൾക്കുന്നവരും, ശ്രദ്ധയോടെ പഠിക്കുന്നവരും, അതിൽ ഹൃദയാനന്ദപുളകിതരാകുന്നവരുമായ യാതൊരു മനുഷ്യരും, അവരിനി ബ്രഹ്മഹത്യാദിമഹാപാപങൾ ചെയ്ത നീചരാണെങ്കിൽ‌പോലും, ക്ഷണത്തിൽതന്നെ സർവ്വപാപവിമുക്തരായി, അതിഘോരമായ ഈ സംസാരസാഗരത്തെ തരണം ചെയ്യുന്നു. മഹാപുണ്യമായ ഈ ചരിതത്തെ ഹൃദയത്തിലേറ്റുന്ന പുമാന് കീർത്ത്യാദിസർവ്വൈശ്വര്യങളും പ്രാപ്തമാകുന്നു. യുദ്ധഭൂമിയിൽ ഈ പുണ്യചരിതം സകല ഇന്ദ്രിയങളേയും സംയമനം ചെയ്യാനുതകുന്ന ഉത്തമ ആയുധമായി വർത്തിക്കുന്നു. എന്നാൽ ദേഹാവസാനത്തിൽ യാതൊരുവനാണോ ഇതിനെ ശ്രവണം ചെയ്യുന്നത്, ഹേ ശൗനകാ!, അവനാകട്ടെ, അനിവൃത്തമായ പരമഗതിയെ പ്രാപിക്കുന്നു.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പത്തൊമ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്