ഓം
ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം അദ്ധ്യായം - 18
മൈത്രേയൻ തുടർന്നു: "വിദുരരേ!, മദാന്തനും അഹങ്കാരിയുമായ ഹിരണ്യാക്ഷൻ എങനെയോ വരുണദേവന്റെ വാക്കുകൾ ചെവിക്കൊണ്ടു. നാരദമുനിയിൽ നിന്നും ഭഗവാൻ വരാഹമൂർത്തിയുടെ വാസസ്ഥലത്തെക്കുറിച്ചു കേട്ടറിവുള്ള ഹിരണ്യാക്ഷൻ ഉടൻ തന്നെ സമുദ്രത്തിന്റെ ആത്യാഴത്തിലൂടെ ഊളയിട്ട് രസാതലത്തെ ലക്ഷ്യമാക്കി പാഞു. അവിടെ സർവ്വവ്യാപിയായ ഭഗവാൻ ഹരി വരാഹരൂപത്തിൽ തന്റെ തേറ്റമേൽ ഭൂമിയെ ഉയർത്തിപിടിച്ചു നിന്നരുളുന്ന കാഴ്ച ഹിരണ്യാക്ഷൻ കണ്ടു. അഗ്നിയൊഴുകുന്ന കനൽക്കണ്ണിലൂടെ ഭഗവാൻ അവന്റെ പ്രതാപത്തെ ഞൊടിയിടയിൽ ഇല്ലാതെയാക്കി".
ഹിരണ്യാക്ഷൻ അട്ടഹസിച്ചുകൊണ്ട് ഭഗവാനോട് പറഞു: "ഹേ വനഗോചര മൃഗമേ!, ഹേ ദേവന്മാരുടെ ദേവനായ മടയാ!, എന്റെ വാക്കുകളെ നീ ശ്രദ്ധയോടെ കേൾക്കുക. ഈ ഭൂമി, ഇവൾ നിനക്കുള്ളതല്ല. പ്രപഞ്ചകർത്താവ് ഞങൾക്കായി തന്നിട്ടുള്ളതാണിവളെ. നീ ഇവിടെ വന്നതും, ഇവളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും നിന്റെ കഷ്ടകാലം അടുത്തിരിക്കുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കിക്കൊള്ളുക ഹേ മൂഡാ!, നീ പ്രഗത്ഭനായ ഒരിന്ദ്രജാലക്കാരനാണെന്നും, നിന്നെ ആരാണിങോട്ടേക്കയയ്ചതെന്നും, നീ ഒളിച്ചിരുന്നു ഞങളിൽ പലരേയും വകവരുത്തിയതുമെല്ലാം എനിക്ക് നന്നായി അറിയാം. ഇന്ന് ഞാൻ നിന്നെ കാലപുരിക്കയച്ച്, ഞങൾക്കു നഷ്ടപ്പെട്ട എല്ലാ ജീവനേയും സജീവമാക്കി, നീ ഞങൾക്കുചെയ്ത ദ്രോഹങൾക്കോരോന്നിനും എണ്ണിയെണ്ണി പകരം ചോദിക്കുന്നുണ്ടു. എന്റെ ഗദയുടെ പ്രഹരമേറ്റ് തലച്ചോറ് തകർന്ന് നീ നിലംപതിക്കുന്നതോടെ നിനക്ക് ദേവന്മാരും, ഋഷികളും കാലാകാലങളിൽ അർപ്പിച്ചുകൊണ്ടിരിക്കുന്ന യജ്ഞവും, യജ്ഞവിഹിതവുമെല്ലാം, മരങൾ വേരറ്റുവീഴുമ്പോലെ സ്വയമേവ ഇല്ലാതാകും".
മൈത്രേയൻ തുടർന്നു: "വിദുരരേ!, ജഗന്നാഥനായ ഭഗവാന്റെ മുഖത്തുനോക്കി ഹിരണ്യാക്ഷൻ പറഞ അസഹ്യമായവാക്കുകളെല്ലാം ആദ്യം കാരുണ്യമൂർത്തി ക്ഷമിക്കുകതന്നെ ചെയ്തു. എന്നാൽ ഇതല്ലാം കേട്ട് ഭൂമീദേവി പേടിച്ചുവിറയ്ക്കാൻ തുടങിയപ്പോൾ ഹരിയുടെ ഭാവം മാറി. പിടിയാനയുമായി ക്രീഡയാടുന്ന ഗജേന്ദ്രൻ തന്റെ പ്രിയതമയെ ഒരു ചീങ്കണ്ണി ഉപദ്രവിക്കാൻ തുനിയുമ്പോൾ പ്രതികരിക്കുവാൻ എഴുന്നേൽക്കുന്നതുപോലെ, തേറ്റമേലേറ്റപ്പെട്ട ധരിത്രിയുമായി ഭഗവാൻ ജലത്തിൽനിന്നും ഉത്ഥാനം ചെയ്തു. ഉടൻതന്നെ, ചീങ്കണ്ണി ആനയെ എന്നതുപോലെ, ഹിരണ്യാക്ഷൻ ഭഗവാനെ പിന്തുടർന്നു. ഹിരണ്യകേശവും, കരാളദംഷ്ട്രയുമുള്ള അവൻ ഭഗവാനെ പോരിനു വിളിച്ചു."
ഇടിമിന്നലിന് സമാനമായ ശബ്ദത്തിൽ അവൻ അലറിക്കൊണ്ട് ഭഗവാനോട് ആക്രോശിച്ചു: "ഹേ ഭീരൂ!, നിനക്ക് നാണമില്ലേ എന്നോട് യുദ്ധം ചെയ്യാതെ ഇവളേയുംകൊണ്ട് ഇവിടെന്നിന്നും കടക്കാൻ?. നാണമില്ലാത്തവന് ലോകത്തിലൊന്നുംതന്നെ നിന്ദ്യമായില്ലെന്നത് എത്രകണ്ട് വാസ്തവമായിരിക്കുന്നു!. അഹോ! ആശ്ചര്യം തന്നെ!"
മൈത്രേയൻ തുടർന്നു: "ഭഗവാൻ ഭൂമിയെ ജലത്തിന്റെ മുകൾപരപ്പിൽ പ്രതിഷ്ഠിച്ചു. ജലത്തിനുമുകളിൽ അവൾക്ക് നിസ്സഹയയായി ഇരിക്കുവാനായി അവൻ തന്റെ മായാശക്തിയെ അവളിൽ വിക്ഷേപിച്ചു. ശത്രു നോക്കിനിൽക്കെ, ബ്രഹ്മാവ് ഭഗവാനെ ശ്‌ളാഘിച്ചു. അമരകൾ ഭഗവാനുമേൽ പുഷ്പവൃഷ്ടിചെയ്തു. പടച്ചട്ട ധരിച്ച്, സർവ്വാഭരണവിഭൂഷിതനായ ഹിരണ്യാക്ഷൻ പരുഷമായ വാക്കുകളാൽ ഭഗവാനെ നിന്ദിച്ചുസംസാരിച്ചുകൊണ്ട് ഗദയുമായി അവന്റെ പിന്നാലെ പാഞു. പക്ഷേ ആ കരുണാമയൻ വളരെ സൗമ്യമായ സ്വരത്തിൽ അവനോട് പറഞു"
ഭഗവാൻ പറഞു: "അതേ!, ഞങൾ വരാഹങൾ ആരണ്യവാസികളാണ്. അതുകൊണ്ടുതന്നെ നിന്നെപ്പോലുള്ള നായ്ക്കൾക്ക് ഞങളെ പേടിക്കേണ്ടിയുമിരിക്കുന്നു. നിന്നെ വേട്ടയാടിപ്പിടിക്കുകയെന്നുള്ളതുതന്നെയാണ് ഞങളുടെ ലക്ഷ്യവും. പക്ഷേ ഒന്ന് നീ അറിയുന്നത് നന്ന്. ഞങൾക്ക് മൃത്യുവിനെ ഒട്ടും ഭയമില്ലാത്തവരാണ്. ആയതിനാൽ നീ ഭൂഷണവും ആയുധവുമാക്കിയിരിക്കുന്ന ഈ നിന്ദാവചനനങൾ ഞങളെ ഏശുകപോലുമില്ല. രസാതലം പിടിച്ചടക്കിയതിൽ ഞങൾ ദേവന്മാർക്ക് യാതൊരുവിധമായ നാണക്കേടോ, പശ്ചാത്താപമോ ഇല്ല. എന്തായാലും, നിന്നെപ്പോലെ ശക്തിമത്തായ ഒരു ശത്രു എന്നെ യുദ്ധത്തിനായി വെല്ലുവിളിച്ച സ്ഥിതിക്ക് എത്രനാൾ പട പൊരുതേണ്ടിവന്നാലും, നിന്നെ കാലപുരിക്കയച്ചേ ഞാൻ ഇവിടെ നിന്നും മടങുന്നുള്ളൂ. നിന്നോടൊപ്പമുള്ള ഈ കാലാൾപടകളുടെ സഹായത്താൽ കഴിയുമെങ്കിൽ നീ എന്നെ വധിച്ചുകൊള്ളുക. അതുവഴി നിനക്ക് നിന്റെ ബന്ധുമിത്രാദികളുടെ കണ്ണീരൊപ്പുകയും ചെയ്യാം. അല്ലാത്തപക്ഷം സ്വന്തം വാക്കിനു വില കൽപ്പിക്കാത്ത നിനക്ക് മൂലോകങളിലും സ്ഥാനമുണ്ടാകുകയില്ല എന്നോർത്തുകൊള്ളുക".
മത്രേയൻ പറഞു: "വിദുരരേ!, ഭഗവാന്റെ വാക്കുകൾ ഹിരണ്യാക്ഷന്റെ മനസ്സിനെ പ്രക്ഷുബ്ദമാക്കി. അവൻ ക്രൂരനായ ഒരു മലമ്പാപ്പിനെപ്പോലെ കോപംകൊണ്ടുവിറച്ചു. ക്രോധം അവന്റെ സകല ഇന്ദ്രിയങളിലൂടേയും മിന്നൽപിണർപോലെ തുളച്ചുകയറി. പ്രതികാരദാഹിയായി ആ ദൈത്യേന്ദ്രൻ ഭഗവാന്റെ മേൽ ചാടിവീണ് തന്റെ ശക്തിമത്തായ ഗദകൊണ്ട് സർവ്വപ്രഹരണായുധനായ ഭഗവാനെ ആഞടിക്കുവാൻ ശ്രമിച്ചു. ഭഗവാൻ ഒരുവശത്തേയ്ക്ക് തെല്ലൊന്ന് ചരിഞു. യോഗാരൂഢനായ ഒരു ഋഷി മൃത്യുവിനെ തടയുന്നതെപ്രകാരമാണോ. അതുപോലെ തന്റെ നെഞ്ചിനുനേരേ വന്ന അതിതീക്ഷണമായ പ്രഹരത്തിൽനിന്നും ഒഴിഞുമാറി. ഉള്ളിൽനിന്നും തിളച്ചുമറിയുന്ന അമർഷത്താൽ പല്ലുഞെരിച്ചുകൊണ്ട് ഹിരണ്യാക്ഷൻ തന്റെ ഗദയും വീശി വീണ്ടും വീണ്ടും ഭഗവാനുനേരേ ഓടിയടുത്തപ്പോൾ, ഭഗവാന് പ്രതികരിക്കാതെ നിവർത്തിയില്ലെന്നായി. ഭഗവാൻ തന്റെ ഗദയാൽ ഹിരണ്യാക്ഷന്റെ വലതുപുരികത്തെ ലക്ഷ്യമാക്കി അടിക്കുവാൻ ശ്രമിച്ചപ്പോൾ, യുദ്ധത്തിൽ കൗശലമുള്ള അസുരേന്ദ്രൻ സൂത്രത്തിൽ ആ പ്രഹരത്തെ ഒഴിവാക്കി.
ഇങനെ പ്രക്ഷുബ്ധമായ മനസ്സോടെ, വിജയം കാംക്ഷിച്ചുകൊണ്ട് ഇരുവരും അതിഘോരമായ തരത്തിൽ യുദ്ധം ചെയ്തു. ഗദകൾകൊണ്ട് ഇരുവരും പരസ്പരം മുറിവേൽപ്പിച്ചു. ചോരയുടെ മണം അവരിലെ മത്സരബുദ്ധിയെ വർദ്ധിപ്പിച്ചു. ഒരു പശുവിനുവേണ്ട് രണ്ട് കാളകൾ തമ്മിൽ പൊരുതുമ്പോലെ, പല തരത്തിലുള്ള കുതന്ത്രങളും, സൂത്രപ്പണികളും, കൗശലങളുമുപയോഗിച്ച് അവർ യുദ്ധം മുന്നോട്ടുകൊണ്ടുപോയി. വിദുരരേ!, വരാഹമൂർത്തിയായ ഭഗവാൻ ഭൂമീദേവിയെ രക്ഷിക്കുവാനായി ഹിരണ്യാക്ഷനോട് ചെയ്ത ഭയാനകമായ ഈ യുദ്ധം കാണാൻ ബ്രഹ്മാവ് തന്റെ അനുയായികളുമായി വേഗംതന്നെ അവിടെയെത്തി. യുദ്ധസ്ഥലത്തെത്തിയ വിരിഞ്ചൻ അവിടുത്തെ കാഴ്ചകൾ കണ്ട് അമ്പരന്നു. ഹിരണ്യാക്ഷന്റെ ശക്തിയിൽ അദ്ദേഹം ആശ്ചര്യം കൊണ്ടു. ഇതുവരെ അവനോടാരും പോരിനായി മുതിരാതിരുന്നതിൽ അതിശയപ്പെടാൻ യാതൊന്നുംതന്നെയില്ലെന്ന സത്യത്തെ ബ്രഹ്മാവ് മനസ്സിലാക്കി".
പിന്നീട് സൂകരവേഷം പൂണ്ട് നിൽക്കുന്ന ഭഗവാൻ നാരായണനോട് വിധതാവ് പറഞു: "ഭഗവാനേ!, അങയിൽ ആശ്രിതരായിരിക്കുന്ന ദേവന്മാരേയും, ബ്രാഹ്മണരേയും, ഗോക്കളേയും നിഷ്കളങ്കരായ മറ്റ് സാധുജനങളേയും ഉപദ്രവിക്കുന്നതിൽ ഇവൻ ആനന്ദം കണ്ടെത്തുന്നു. ഇവൻ ആ പാവങൾക്കൊരു പേടിസ്വപ്നമെന്നോണം അവരുടെ മനഃശാന്തിയെ ഇല്ലാതാക്കിയിരിക്കുന്നു. എന്നിൽനിന്നും വരം നേടിയതിൽപിന്നെ ഈ ദൈത്യേന്ദ്രൻ ലോകമാകെ അലഞുതിരിഞു മറ്റു ശക്തികളെ കാരണംവിനാ യുദ്ധത്തിനായി വെല്ലുവിളിച്ച് തന്റെ ദുഷ്ഃകീർത്തി ലോകമെമ്പാടും പരത്തുന്നു. ഭഗവാനേ!, ക്ഷുദ്രനും, ധിക്കാരിയും, തന്ത്രശാലിയും, ചതിയനുമായ ഇവനോടൊപ്പം കൂടുതൽ ലീലകളാടേണ്ട ആവശ്യമില്ല. സർവ്വജ്ഞനായ അങയെ ഉപദേശിക്കേണ്ട ആവശ്യമില്ലെങ്കിലും അടിയൻ പറയുകയാണ്, ഇവനനുകൂലമായ മുഹൂർത്തമടുക്കുന്നതിനുമുന്നേ ഇവനെ അങ് വകവരുത്തിയാലും. അവിടുത്തെ യോഗമായാൽ അല്പകാര്യമായ ഇവന്റെ വധം നിറവേറാത്തപക്ഷം, ഇവനനുകൂലമായ സമയമടുക്കുമ്പോൾ ഇവൻ പുതിയ തന്ത്രങളുമായി അങയുടെ സമയം വൃഥാവിലാക്കും. നേരം സന്ധ്യയോടടുക്കുവാൻ പോകുന്നു. പരം പുരുഷനായ അങ് ഇവനെ കൊന്ന് ഞങൾ ദേവതകൾക്കുവേണ്ടി വിജയം കൈവരിച്ചാലും. നമുക്ക് മംഗളകരമായ അഭിജിത്ത് മൊഹൂർത്തം ഏതാണ്ട് അവസാനിച്ച മട്ടാണ്. ഹേ ജഗന്നാഥാ!, ഈ ദുഷ്ടനെ യമപുരിക്കയച്ച് ഞങളെ കാത്തുകൊണ്ടാലും പ്രഭോ!.
ഞങൾ ദേവന്മാരുടെ ഭാഗ്യംകൊണ്ട്, ഈ നിശാചരൻ, അങയുടെ കല്പനപോലെ, സ്വയമേവ തന്റെ അന്തകനെ അന്വേഷിച്ചുവന്നിരിക്കുകയാണ്. അവിടുത്തെ പ്രഹരണശക്തിയെ ഇവന് കാട്ടിക്കൊടുക്കുക. ഇവനെ വധിച്ച്, ഇവിടെ ധർമ്മം പുനഃസ്ഥാപിച്ചാലും ഭഗവൻ!.
ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം പതിനെട്ടാമധ്യായം സമാപിച്ചു.