03 - അദ്ധ്യായം - 17 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
03 - അദ്ധ്യായം - 17 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

3.17 ഹിരണ്യാക്ഷന്റെ ദിഗ്വിജയം.

ഓം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  
അദ്ധ്യായം - 17

​മൈത്രേയൻ പറഞു: "വിദുരരേ!, നാലുദിശകളിൽനിന്നും വന്നടുത്ത് പ്രപഞ്ചത്തെ മുഴുവൻ ഘോരമായ അന്തകാരത്തിലാഴ്ത്തിയ ആ ഇരുട്ടിന്റെ പരമാർത്ഥം വിഷ്ണുസംഭവനായ ബ്രഹ്മദേവനിൽ നിന്നു ഗ്രഹിച്ചതോടെ ദേവന്മാരുടെ ഭയം തെല്ലൊന്നു ശമിച്ചു. ഭഗവാൻ ഹരി അവതരിക്കുമെന്നും, തങളുടെ ദുഃഖത്തിന് അറുതിവരുമെന്നുമുള്ള ദൃഡമായ വിശ്വാസത്തോടുകൂടി അവർ സ്വന്തം സ്വന്തം ലോകങളിലേക്ക് തിരിച്ചുപോയി. ദിതിയാകട്ടെ, ഭർത്താവ് കശ്യപപ്രജാപതിയുടെ പ്രവചനമനുസരിച്ചു, ദേവതാദ്വേഷികളായി പിറക്കാൻ പോകുന്ന സ്വന്തം മക്കളെ തീർത്തും നൂറ് വർഷക്കാലം തന്റെ ഗർഭപാത്രത്തിൽതന്നെ അടക്കിവച്ച്, ഒടുവിൽ നൂറ് ആണ്ട് തികഞവേളയിൽ അവർക്ക് ജന്മം നൽകി. അവരുടെ ജനനസമയത്ത്, സ്വർല്ലോകത്തിലും, ഭൂലോകത്തിലും, അവയ്ക്കിടയിലായും, അത്യന്തം ആശ്ചര്യജനകവും, ഭയാനകവുമായ ഒട്ടനവധി അസ്വാസ്ഥ്യസംഭവങളുണ്ടായി. ഭൂമിയിൽ കൊടുമുടികൾ ഇളകിയാടി ഭൂചലങളുണ്ടായി. മറ്റുഗ്രഹങളിൽനിന്നും ഉൽക്കകളുടെ പ്രവാഹവും, അഗ്നിസ്രാവവുമുണ്ടായി. അശുഭങളായ ഗ്രഹങൾ പലതും പുതുതായി രൂപംകൊണ്ടു. ഇടിമിന്നലും പേമാരിയും തുടങി സകലമാന ദുർന്നിമിത്തങളും പ്രപഞ്ചത്തിലുടനീളം കാണപ്പെട്ടു. കനത്ത ചുഴലിക്കാറ്റുകൾ അത്യുഗ്രശബ്ദത്തിൽ ചൂളം വിളിച്ചുകൊണ്ട് കൂട്ടത്തോടെ അന്തരീക്ഷത്തിൽ ആഞടിച്ചുകൊണ്ട് പൊടിപറത്തി ആകാശത്തെ അപ്പടെ മലിനമാക്കി. കലാപകാരികളെന്നോണം വീശിയടിക്കുന്ന ആ കൊടുങ്കാറ്റിൽ ഭീമാകാരമായ വൃഷങൾ പൊലും പിഴുതെറിയപ്പെട്ടു. സ്വർഗ്ഗീയസൗന്ദര്യത്തെ വിളിച്ചോതിയിരുന്ന ജ്യോതിർഗോ‌ളങളെല്ലാം മേഘക്കൂട്ടങളാൽ സമാവൃതമായി മറഞുപോയി. ഏതോ ആസുരശക്തി അത്യുച്ഛത്തിൽ അട്ടഹസിക്കുമാറ് ഇടിമിന്നലുകൾ പരിഹസിച്ചു. നാനാദിശകളിലും ഘോരമായ ഇരുട്ടുപരന്നു പ്രപഞ്ചസർവ്വം അവ്യക്തമായി. സമുദ്രങൾ ഭയാനകമായി തിരയിളക്കി. ഹൃദയത്തിലുരുകുന്ന ഏതോ തീരാദുഃഖത്തെ വിളിച്ചോതുവണ്ണം അവർ അലമുറയിട്ടു. ദീനരായ അവരുടെ അടിത്തട്ടിൽ ജലജീവികൾ കലഹമുണ്ടാക്കിത്തുടങി. നദികൾ തുടങിയ ജലരാശികൾ അത്യുഗ്രവേഗം ഇളകിമറിഞു. താമരകൾ കരിഞുണങി കൊഴിഞുവീണു. മഞിൻകൂട്ടങൾ സൂര്യചന്ദ്രന്മാരെ ഇടക്കിടെ മറച്ചുകൊണ്ടിരുന്നു. കൊടുമുടികളിൽനിന്നും ഗുഹകളിൽനിന്നും ഉഗ്രരഥങൾ കടകടശബ്ദത്തോടെ ഇറങിവരുമ്പോലെ ഇടിമിന്നലുകളുണ്ടായി.

ഉൾഗ്രാമങളിൽ പെൺനരികൾ ദുശ്ശകുനസൂചകമായി അത്യുച്ഛത്തിൽ ഓരിയിട്ടു. അവർ വായിലൂടെ അഗ്നിയെ ചർദ്ദിക്കുവാൻ തുടങി. കുറുക്കന്മാരും മൂങകളും അവരോടൊപ്പം ചേർന്ന് ഭീതിയേറുന്നതരത്തിൽ കൂക്കിവിളിച്ചു. നായ്ക്കൾ കഴുത്തുയർത്തിപ്പിടിച്ചുകൊണ്ട് ആകാശത്തേക്കുനോക്കി വ്യത്യസ്ഥഭാവങളിൽ നിലവിളിച്ചു. വിദുരരേ!, കഴുതകൾ കൂട്ടത്തോടെ അലമുറയിട്ടുകൊണ്ടും, പരുക്കൻ കുളമ്പുകളാൽ നിലം കുത്തിപ്പൊളിച്ചുകൊണ്ടും തലങും വിലങുമോടിയപ്പോൾ, അവരുടെ ആക്രന്ദനത്തിൽ ഭയചകിതരായി കിളികൾ കൂക്കിവിളിച്ചുകൊണ്ട് കൂടുകളിൽനിന്നും പറന്നുയരുകയും, കന്നുകാലികൾ ആർത്തനാദം കേട്ട് പേടിച്ചരണ്ട് കാട്ടിലും തൊഴുത്തിലുമെല്ലാം മലമൂത്രവിസർജ്ജനം ചെയ്യുകയുംചെയ്തു. ഭയവിഹ്വലരായ പശുക്കൾ പാലിനുപകരം ചോര ചുരന്നു. മേഘങൾ മഴയ്ക്കുപകരം ചലവും. ക്ഷേത്രങളിൽ മൂർത്തികൾ കണ്ണീരൊഴുക്കിത്തുടങി. മരങൾ നിശബ്ദരായി കടപുഴകിവീണു. ആപത്ക്കാരികളായ കുജൻ, ശനി, മുതലായ ഗ്രഹങൾ, ബുധൻ, വ്യാഴം, വെള്ളി തുടങിയ ശുഭോദർക്കങളായ ഗ്രഹങളേക്കാളും, മറ്റു മംഗളകരമായ തേജഃപുഞ്ജങളേക്കാളും തെളിമയാർന്നുകണ്ടു. ഗ്രഹങൾ തമ്മിൽ കൂട്ടിയിടിച്ചു ആകശത്തിൽ വിസ്ഫോടനങളുണ്ടായി.

ഈവിധം ഭയാനകങളായ ദുഃശ്ശകുനങൾ കണ്ട് ബ്രഹ്മാത്മ്ജന്മാരായ സനാകദികുമാരന്മാരൊഴികെ പ്രപഞ്ചത്തിലെ സർവ്വഭൂതങളും കിടുങിവിറച്ചു. ദിതിയുടെ ഗർഭത്തിലൂടെ ജയവിജയന്മാരുടെ വരവിനെ അറിയാമായിരുന്ന സനത്കുമാരന്മാരെ മാറ്റി നിറുത്തിയാൽ മറ്റെല്ലാവരും തഥവസ്ഥയുടെ രഹസ്യത്തെ അറിയാതെ പകരം, പ്രളയം അടുത്തിരിക്കുന്നുവെന്ന അജ്ഞതയിൽ പ്രാണഭയംകൊണ്ട് വീർപ്പുമുട്ടി.

വിദുരരേ!, സൃഷ്ടിയുടെ തുടക്കത്തിൽ ജന്മമെടുത്ത ഈ അസുരന്മാരുടെ ഉരുക്കുശരീരം പിറന്നയുടൻതന്നെ അസാധരണമാംവിധം രണ്ടുപർവ്വതങൾപോലെ വളർന്നുയർന്നു. കിരീടമകുടം കൊണ്ട് അംബരത്തെ ചുംബിക്കുവാനെന്നോണം ആ അത്ഭുശരീരങൾ മുകളിലേക്കുയർന്ന് നാനാദിക്കുകളും മറച്ചു. അവർ ഓരോ അടി ചലിക്കുമ്പോഴും ഭൂമി അടിമുടി പ്രകമ്പനം കൊണ്ടു. അവരുടെ കൈത്തണ്ടകളിൽ കങ്കണങൾ തിളങി. കച്ചകെട്ടി മനോഹരമാക്കിയ ആ അരക്കെട്ടിന്റെ വ്യാപതതയിൽ സൂര്യൻ പോലും മറഞുപോയി.

ആ സമയം കശ്യപപ്രജാപതി തന്റെ മക്കൾക്ക് നാമകരണം ചെയ്തു. ദിതിയുടെ ജഠരത്തിൽ നിന്നും ആദ്യം പുറത്തുവന്ന പുത്രനെ ഹിരണ്യാക്ഷനെന്നും, അവൾ തന്റെ ഗർഭത്തിൽ ആദ്യം ധാരണം ചെയ്ത പുത്രനെ ഹിരണ്യകശിപുവെന്നും വിളിച്ചു. ബ്രഹ്മദേവനിൽ നിന്നും നേടിയ അസാധാരണമായ ഒരു വരബലത്തിൽ ഒന്നാമൻ ഹിരണ്യകശിപുവിന് മൂലോകങളിലും അന്തകനില്ലാതായി. അതിൽ അവൻ അത്യന്തം അഹങ്കരിച്ച് നിർഭയനായി ത്രൈലോകങളെ തന്റെ കാൽചുവട്ടിലാക്കി. രണ്ടാമൻ ഹിർണ്യാക്ഷൻ ജ്യേഷ്ഠന്റെ സകല ദുഃഷ്കർമ്മങൾക്കും സാക്ഷിയും, സഹായിയുമായി നിന്നു. അവൻ ഒരു ഗദയും തോളിലേന്തി പ്രപഞ്ചശക്തികളെ മുഴുവൻ യുദ്ധത്തിനായി വെല്ലുവിളിച്ചുകൊണ്ടുനടന്നു. ഭീമാകാരമായ ഒരു പൂമാലയണിഞ്, തോളിൽ അതിബൃഹത്തായ തന്റെ ഗദയും പിടിച്ച്, അടക്കനാവാത്തെ ക്രോധഭാവത്തോടുകൂടി ഹിരണ്യാക്ഷൻ നടക്കുമ്പോഴെല്ലാം, അവൻ ധരിച്ചിരുന്ന സ്വർണ്ണകാൽചിലമ്പിന്റെ ആക്രമണധ്വനി അവിടമാകെ പരന്നു. അവന്റെ മനസ്സിന്റേയും ശരീരത്തിന്റേയും ശക്തിയും, അവന് ദത്തമായ വരത്തിന്റെ ദിവ്യതയും ചേർന്ന് ആ ആസൂരീശക്തിക്ക് മാറ്റുകൂട്ടി. ഒരിടത്തും അവന് മൃത്യുഭയമുണ്ടായിരുന്നില്ല. ആരും അവനെ ശിക്ഷിക്കുവാനുമുണ്ടായിരുന്നില്ല. ഹിരണ്യാക്ഷനെ കാണുന്നമാത്രയിൽ തന്നെ, ഗരുഡനെ പേടിച്ച് ഉരഗങൾ പൊത്തിലൊളിക്കുന്നതുപോലെ, ദേവന്മാർ പേടിച്ചൊളിക്കുവാൻ തുടങി.

അധികാരം തന്റെ ഉള്ളംകൈയ്യിലിട്ടമ്മാനമാടിയിരുന്ന ഇന്ദ്രനേയും കൂട്ടരേയും വെളിയിൽ കാണാതായ അവസ്ഥയിൽ, തന്റെ ശക്തി‌ക്കു‌മുന്നിൽ തോറ്റോടിയ ദേവന്മാരെ വെല്ലുവിളിച്ചുകൊണ്ട് ആ ദൈത്യേന്ദ്രൻ അത്യുച്ഛത്തിൽ അലറി. സ്വർഗ്ഗലോകം മുഴുവൻ ദേവന്മാരെയന്വേഷിച്ചു കണ്ടുകിട്ടാതെ, ഹിരണ്യാക്ഷൻ ക്രോധോന്മത്തനായ ഗജേന്ദ്രനെപ്പോലെ ഗർജ്ജിച്ചുകൊണ്ട് സമുദ്രത്തിന്റെ അഗാധതയിലേക്ക് നീർക്കുഴിയിട്ടു നീന്തിക്കളിച്ചു. തങൾക്കെതിരെ വരുന്ന ഭീമകായനായ രാക്ഷസവീരനെക്കണ്ട് വരുണദേവന്റെ സൈന്യമായ ജലജീവികൾ ഭീതിയോടെ ക്ഷണത്തിൽതന്നെ ജീവനുംകൊണ്ട് നീന്തിയൊളിച്ചു. വർഷങളോളം ജലത്തിന്റെ അത്യാഴത്തിൽ ചുറ്റിത്തിരിഞ്, ഒടുവിൽ തന്റെ മഹാഗദകൊണ്ട് കൂറ്റൻ തിരകളെ ഇടിച്ചുതകർത്ത് ഹിരണ്യാക്ഷൻ വരുണന്റെ രാജധാനിയായ വിഭാവരിയിലെത്തി.

വിഭാവരി അനേകകോടി ജലജീവരാശികളുടെ അധിപനായ വരുണദേവന്റെ വാസസ്ഥലമാണ്. അവിടെയാണ് സാധാരണയായി രാക്ഷസന്മാരും താമസിക്കുന്നത്. അവിടെയെത്തി ഒരു നീചജന്മത്തെപ്പോലെ ഹിരണ്യാക്ഷൻ വരുണന്റെ കാൽക്കൽ വീണ്. അതിരറ്റ ഗർവ്വത്തിൽ, പരിഹാസഭാവത്തോടെ ഹിരണ്യാക്ഷൻ വരുണദേവനെ യുദ്ധത്തിന് വിളിച്ചു.

ഹിരണ്യാക്ഷൻ പറഞു: "ഹേ ജലാധിപതേ!, എനിക്ക് യുദ്ധം തരൂ. അങ് ഒരു ലോകത്തിന്റെ മുഴുവനും നാഥനാണ്. കീർത്തിമാനുമാണ്. അഹങ്കാരികളും, ധിക്കാരികളുമായ എത്രയോ യോദ്ധാക്കളെയാണങ് തകർത്തുകളഞത്!. എത്രയോ ശക്തി‌മാന്മാരയ ദൈത്യന്മാരേയും ദാനവന്മാരേയും കൊന്ന്, ദേവന്മാർക്കുവേണ്ടി അങൊരിക്കൽ രാജസൂയമഹായാഗം നടത്തിയവനാണ്!".

മൈത്രേയൻ പറഞു: "വിദുരരേ!, അങനെ ഒരു പൊങച്ചക്കാരൻ ശത്രുവിന്റെ പരിഹാസത്തിന് ഇരയാകേണ്ടിവന്ന വരുണദേവനിൽ അടക്കാനാകാത്ത കോപമുടലെടുത്തു. പക്ഷേ ഉചിതമായ കാരണത്താൽ പൊന്തിവന്ന ക്രോധത്തെ അദ്ദേഹം തന്റെ ഉള്ളിലൊതുക്കി. "വൃദ്ധനായ താൻ യുദ്ധത്തിനില്ലെന്നും, ദൈത്യേന്ദ്രനായ നിന്റെ നൈപുണ്യം യുദ്ധത്തിൽ കീർത്തനയോഗ്യമാണെന്നും, അങനെയുള്ള നിന്നോട് യുദ്ധം ചെയ്യുവാൻ, നിന്നെപ്പോലുള്ള ദാനവേന്ദ്രന്മാർ പോലും പുകഴ്ത്തുന്ന ഭഗവാൻ മഹാവിഷ്ണു മാത്രമേ യോഗ്യനായിയുള്ളൂവെന്നും വരുണൻ ഹിരണ്യാക്ഷനോട് പറഞു. മാത്രമല്ലാ, അവനെ കണ്ടുമുട്ടുന്നതോടെ നിന്റെ സകല ഗർവ്വവും തീർന്ന് യുദ്ധക്കളത്തിൽ നായ്ക്കൾക്കുനടുവിൽ നീ നിലം പതിക്കുമെന്നും, അതോടെ നീ കാലപുരം പൂകുമെന്നും, നിന്നെപ്പോലുള്ള വഞ്ചകന്മാരെ ഉന്മൂലനാശം വരുത്തി, സാധുക്കൾക്ക് സൗഖ്യം പകരുവാൻ വേണ്ടിയാണ് ആ പരമപുരുഷൻ കാലാകാലങളിൽ വരാഹം പോലുള്ള അവതാര‌ങളെടുക്കുന്നതെന്നും വരുണൻ ആ രാക്ഷസവീരനോടുപറഞു.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനേഴാമധ്യായം സമാപിച്ചു.

ഓം തത് സത്